എന്തുപറ്റി ദീപു എന്താ കാര്യം.. നിങ്ങളെന്നെ കൂടെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ.. മീരയും മോനുമെവിടെ.

ദാമ്പത്യം….

Story written by Aswathy Joy Arakkal

അച്ചുവിന്റെ സ്കൂളിൽ പേരെന്റ്സ് മീറ്റിംഗ് ആയതു കൊണ്ട് ഹാഫ് ഡേയ് ലീവുമെടുത്തു കോളേജിൽ നിന്നിറങ്ങാൻ നിൽക്കുമ്പോളാണ് സുധമ്മായിയുടെ ഫോൺ കോൾ… അച്ഛന്റെ ഒരേ ഒരു പെങ്ങളാണ്.. മോളായ ദീപേച്ചി വിദേശത്തു ആയതു കൊണ്ട് എന്തിനും ഏതിനും അമ്മായിക്ക് ആശ്രയം ഞാനാണ്.. ഞാനെന്നു പറഞ്ഞാൽ പ്രവീണ… ഇവിടെ SB കോളേജിൽ മലയാളം അദ്ധ്യാപിക.. ഭർത്താവ് ഹരിയേട്ടൻ ഇറിഗേഷൻ ഡിപ്പാർട്മെന്റിലാണ്. ഒരേയൊരു പുത്രൻ ആരവ് എന്ന അച്ചു നാലാം ക്ലാസ്സിൽ പഠിക്കുന്നു..

ആലോചിച്ചു സമയം കളയാതെ ഞാൻ കോൾ അറ്റൻഡ് ചെയ്തു

“ഹലോ.. അമ്മായി.. “
.
“വീണമോളെ… ” തളർച്ചയോടെ അമ്മായി വിളിച്ചു.

ഇടറിയ ആ വിളിയിൽ എന്തോ പന്തികേടെനിക്ക് തോന്നി..

“എന്തുപറ്റി അമ്മായി.. “സ്വല്പം പരിഭ്രമത്തോടെ ഞാൻ ചോദിച്ചു.

“ഫോണിലുടെ പറഞ്ഞാൽ ശെരിയാകില്ല.. മോളൊന്ന് ഇവിടേക്ക് വരോ.. ” പറ്റുവാണെങ്കിൽ ഇപ്പോൾ തന്നെ..

പരിഭ്രമിച്ചു വിളിക്കുന്ന അമ്മായിയോട് തിരക്കിലാണെന്നു പറയാൻ എനിക്ക് തോന്നിയില്ല..മാത്രല്ല ഒരു അത്യാവശ്യമില്ലാതെ അമ്മായി അങ്ങനെ വിളിച്ചു ബുദ്ധിമുട്ടിക്കാറുമില്ല..

ഹരിയേട്ടനെ വിളിച്ചു സ്കൂളിലേക്ക് പോകാൻ ഏൽപ്പിച്ച ശേഷം ഞാൻ ശ്രീരാഗത്തിലേക്കു പുറപ്പെട്ടു.. എന്തായിരിക്കും കാര്യമെന്ന് ഓർത്തു ഒരു സ്വസ്ഥതയും കിട്ടിയില്ല.. അമ്മായിയുടെ മോൻ ദീപു ഗൾഫിൽ നിന്നു ലീവിനെത്തിയിട്ടുണ്ട്… കുഞ്ഞുണ്ടായി അൻപത്തി ആറു ദിവസം ആയപ്പോഴേക്കും ദീപുവിന് ലീവ് കുറവായതു കൊണ്ട് ചടങ്ങുകളൊക്കെ നടത്തി ഭാര്യയായ മീരയെയും, മോനെയും ശ്രീരാഗത്തിലേക്കു കൊണ്ട് വന്നു. ഇപ്പോൾ ഒരാഴ്ച ആകുന്നെ ഉള്ളു..

ഇനി കുഞ്ഞിനെന്തെങ്കിലും.. എന്റെ ഉള്ളൊന്നു പിടച്ചു..

എങ്ങനെയൊക്കെയോ ഒരുവിധം ശ്രീരാഗത്തിൽ എത്തി… ഓട്ടോയിൽ നിന്നു ഇറങ്ങിയതും അമ്മായി ഓടി വന്നു എന്നെ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി.. അവിടെ ദീപുവും ഉണ്ടായിരുന്നു.. രണ്ടുപേരുടെയും മുഖത്ത് പരിഭ്രമം വ്യക്തമായിരുന്നു..

“എന്തുപറ്റി ദീപു എന്താ കാര്യം.. നിങ്ങളെന്നെ കൂടെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ.. മീരയും മോനുമെവിടെ.. ” ക്ഷമ നശിച്ചു ഞാൻ ചോദിച്ചു.

അതിനു ഉത്തരം തന്നത് അമ്മായിയാണ്..

“എന്റെ മോളെ നമുക്ക് ചതി പറ്റിയെടി.. അവൾക്കു അവളുടെ അമ്മയുടെ അതേ അസുഖം തന്നെയാ.. ഭ്രാന്ത്..”

(മീരയുടെ അമ്മക്ക് ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും, അതു മറച്ചു വെച്ചാണ് കല്യാണം നടത്തിയത് എന്നും ഒക്കെ പറഞ്ഞൊരു പ്രശ്നം തുടക്കത്തിൽ ഉണ്ടായിരുന്നു.. കാര്യമായിട്ടൊന്നും ഉള്ളതായി കാഴ്ചയിൽ എനിക്ക് തോന്നിയിട്ടില്ല )

“എന്താ അമ്മായി പറയണേ.. അവൾക്കൊരു കുഴപ്പവും ഇല്ല. നിങ്ങളോരോന്നു പറഞ്ഞുണ്ടാക്കാതിരുന്നാ മതി. “ഞാൻ പ്രതിരോധിച്ചു.

“അതേടി… ഇപ്പൊ ഒരാഴ്ച ആയില്ലേ അവളും, കുഞ്ഞും വന്നിട്ടു.. വന്നപ്പോൾ തൊട്ടു അവൾക്കൊരു മാറ്റമുണ്ട് . മര്യാദക്ക് ഒന്നും കഴിക്കില്ല, ഉറക്കമില്ല… കുളിച്ചു വൃത്തിക്കൊന്നു നടക്കില്ല… കുഞ്ഞിനെ ശ്രദ്ധയില്ല.. വല്ലാതെ കരയുമ്പോൾ ആ പൊടികുഞ്ഞിനോടു അവൾ ദേഷ്യപ്പെടുന്നു.. അതിനോട് ദേഷ്യപ്പെട്ടാൽ അതിനെന്തു അറിയാനാ.. ഇതിനൊക്കെ ഭ്രാന്തെന്നല്ലാതെ വേറെന്തു പറയാനാ.. ” അമ്മായി പറഞ്ഞു.

അപ്പോഴേക്കും ദീപു ഇടപെട്ടു… “സത്യാ വീണേച്ചി.. ഞാനൊന്നു അടുത്തു ചെല്ലുന്നതു പോലും അവൾക്കിഷ്ട്ടല്ലാ. എപ്പോഴും ദേഷ്യം… രാവിലെ കുഞ്ഞു കരഞ്ഞിട്ടും ശ്രദ്ധിക്കാതെ കണ്ടപ്പോൾ ദേഷ്യവും, സങ്കടവും സഹിക്കാതെ ഞാൻ വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു.. “

“അപ്പോൾ റൂമിൽ കയറി ഇരുപ്പു തുടങ്ങിയതാ ..പിന്നെ എത്ര വിളിച്ചിട്ടും ഭക്ഷണം കഴിക്കാൻ കൂടെ വന്നിട്ടില്ല.. ഒറ്റ ഇരിപ്പാ…എന്തെങ്കിലും ചോദിച്ചാൽ തുറിച്ചു നോക്കും. “

“കുഞ്ഞിന് പാല് കൊടുക്കാനുള്ളതല്ലേ മോളെ… ഇങ്ങനെ ഒന്നും കഴിക്കാതിരുന്നാലെങ്ങനെയാ.. ” അമ്മായി ചോദിച്ചു.

“അവളുടെ വിചാരം അവളാ ലോകത്തു ആദ്യായി പ്രസവിക്കുന്നെന്നാ.. വീണേച്ചിയും, ദീപേച്ചിയും ഒക്കെ ഇത് കഴിഞ്ഞതല്ലേ.. അവൾക്കു മാത്രാ പ്രശ്നം. ” ദീപു പറഞ്ഞു.

“അതാ പറഞ്ഞേ അവളുടെ അമ്മയുടെ അതേ പ്രക്രതാണ് എന്നു.. അമ്മായി ഇടയിൽ കയറി.

അമ്മായി ഒന്ന് നിർത്തുന്നുണ്ടോ .. ഞാൻ എണിറ്റു മീരയുടെ അടുത്തേക്ക് ചെന്നു.

ചെല്ലുമ്പോൾ കുഞ്ഞു ഉറക്കത്തിലാണ്.. ലക്ഷ്യമില്ലാതെ എങ്ങോട്ടോ നോക്കി മീര ഇരിപ്പുണ്ട്..

ഞാൻ പതുക്കെ അവളുടെ അരികത്തു ചെന്നിരുന്നു.

മോളെ.. അവളുടെ മുടിയിൽ തലോടി കൊണ്ട്‌ ഞാൻ വിളിച്ചു.

എന്തിനാ.. എന്നെ ഉപദേശിക്കാനും, ശകാരിക്കാനുമാണോ വീണേച്ചിയും വന്നത്. എനിക്കൊന്നും കേൾക്കണ്ട. എന്റെ കൈ തട്ടി കൊണ്ടവൾ പറഞ്ഞു.

നിസ്സംഗമായിരുന്നു അവളുടെ മുഖം.. എന്തൊക്കെയോ സങ്കടങ്ങൾ പ്രതിഫലിച്ചു നിക്കുന്ന പോലെ.

വീണേച്ചി ഉപദേശിക്കാനും ,ചീ ത്ത പറയാനുമൊന്നും വന്നതല്ല കുട്ടി.. മോളേയും, കുഞ്ഞിനേയും ഒന്നു കണ്ടിട്ട് പോകാച്ചു കേറീതാ…

ചേച്ചി നുണ പറയണ്ട. അമ്മയും, മോനും കൂടെ വിളിച്ചു വരുത്തിയതാ എന്നു എനിക്കറിയാം.

അതെന്തെങ്കിലും ആകട്ടെ കുട്ടി..

എന്തു കോലാ എന്റെ മോളെ ഇതു . എന്താ മോൾക്കിത്ര വിഷമം അവളെ തലോടി കൊണ്ട് ഞാൻ ചോദിച്ചു ..

ഒരു തലോടലിനോ, കരുതലിനോ കാത്തിരുന്ന പോലെ അവൾ സാവധാനം എന്റെ തോളിലേക്ക് ചാഞ്ഞു.. അവളുടെ കണ്ണുകൾ നിറഞൊഴുകി കൊണ്ടേ ഇരുന്നു..

എറെനേരത്തെ മൗനത്തിനു ശേഷം അവൾ മനസ്സു തുറന്നു സംസാരിച്ചു.. സങ്കടങ്ങളും പരിഭവങ്ങളും പങ്കു വെച്ചു.. ചിരിച്ചു… ഞാൻ പറഞ്ഞതൊക്കെ അവളൊരു കുഞ്ഞിനെ പോലെ അനുസരിച്ചു.. കുളിച്ചു.. കുഞ്ഞു ഉണർന്നപ്പോൾ അവനെ കുറെ നേരം കളിപ്പിച്ചു വീണ്ടും മോനെ ഉറക്കി.. അവൾ ഉറങ്ങുന്നതുവരെ ഞാനൊപ്പമിരുന്നു.. പുതിയൊരു ഉന്മേഷം അവളിൽ ഉണ്ടായതു പോലെ… ചാരാനൊരു തോൾ മാത്രമായിരുന്നു അവൾക്കു വേണ്ടിയിരുന്നതെന്നു എനിക്ക് തോന്നി…

പതുക്കെ റൂമിൽ നിന്നിറങ്ങി ഞാൻ അമ്മായിയുടെയും, ദീപുവിന്റെയും അടുത്തേക്ക് ചെന്നു..

രണ്ടുമക്കളെ പ്രസവിച്ചു വളർത്തിയിട്ടും, ദീപേച്ചിയുടെ രണ്ടു പ്രസവം നോക്കിയിട്ടും ഒന്നും മനസ്സിലാക്കാതെ മനുഷ്യത്വം ഇല്ലാതെ പെരുമാറുന്ന അമ്മായിയോട് എനിക്കൊന്നും പറയാനില്ല..

ദീപു എനിക്ക് നിന്നോടാണ് സംസാരിക്കാനുള്ളത്… മീരക്ക് നീയും, നിന്റെ അമ്മയും പറയുന്ന തരത്തിൽ യാതൊരു പ്രശ്നവും ഇല്ല.. ഇത് പ്രസവശേഷം മിക്ക സ്ത്രീകളും കടന്നു പോകുന്നൊരു അവസ്ഥയാണ്… പോസ്റ്റ്‌പാർട്ടം ബ്ലൂംസ്/ഡിപ്രെഷൻ എന്ന അവസ്ഥ .. ഗർഭധാരണവും, പ്രസവവും കഴിയുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും, കുഞ്ഞുണ്ടായ ശേഷമുള്ള ഉറക്കക്കുറവും, ജോലിഭാരവും, ടെൻഷനും,അമിതമായി ശരീരഭാരം കൂടുന്നതിലുള്ള ഉത്കണ്ഠയും, കുഞ്ഞിനെ കുറിച്ചോർത്തുള്ള ടെൻഷനും എല്ലാം ചേർന്നു ഇമോഷണലായും, ഫിസിക്കൽ ആയും വീക് ആകുന്ന അവസ്ഥ..

നീ പറഞ്ഞ ഉറക്ക കുറവും, ദേഷ്യവും, ഡിപ്രെഷനുമൊക്കെ ഇതിന്റെ ലക്ഷണങ്ങൾ ആണ്… വഴക്കും, ഉപദേശവും ഒന്നുമല്ല ഇവിടെ ആവശ്യം… നിങ്ങളുടെയൊക്കെ പ്രത്യേകിച്ചു നിന്റെ സ്നേഹപൂര്ണമായൊരു തലോടലും , കരുതലുമൊക്കെ ആണ്…

പ്രത്യേകിച്ച് അവളുടെ അമ്മക്കങ്ങനെ ഒരു വിഷമം ഉള്ളത് കൊണ്ട് അവൾ ക്കൊന്നു സങ്കടങ്ങൾ ഷെയർ ചെയ്യാൻ കുടെ ആരുമില്ല.. സംഭവിക്കാനുള്ള തൊക്കെ സംഭവിച്ചു. ഇനിയും അതിന്റെ പേരിൽ കുറ്റപ്പെടുത്തി നിങ്ങളുടെ സന്തോഷങ്ങൾ നശിപ്പിച്ചിട്ടെന്തു കാര്യം..

ഒപ്പം നിന്റെ അമ്മയെ പോലയും, ചേച്ചിയെ പോലെയും പെരുമാറണം അവളെന്നെ നിന്റെ ആഗ്രഹം തന്നെ തെറ്റാണു .. ഓരോരുത്തരും വെവ്വേറെ വ്യക്തിത്വങ്ങൾ അല്ലേ.. അതുകൊണ്ട് കമ്പാരിസൺ കൊണ്ടെന്താ കാര്യം.. നീയിങ്ങനെ താരാദമ്യപ്പെടുത്തി സംസാരിക്കുന്നതു അവളിലെ ആത്മവിശ്വാസത്തെ തകർക്കും.. അതു നിങ്ങളെ തമ്മിൽ അകറ്റുകയെ ഉള്ളു…

നിന്റെ കുഞ്ഞിനെയാണ് അവൾ ഉദരത്തിൽ പേറിയതും , നൊന്തു പ്രസവിച്ചതും അതുകൊണ്ട് അവൾക്കെല്ലാ സപ്പോർട്ടും കൊടുക്കേണ്ടത് നീയാണ്… ശ്രദ്ധിച്ചില്ലെങ്കിൽ ആത്മഹത്യയിലേക്കും , വിഷാദ രോഗത്തിലേക്കും എത്താവുന്ന അവസ്ഥയാണിത്..

നിങ്ങളുടെയൊക്കെ സ്നേഹപൂർണമായൊരു കരുതലോ, ഇടപെടലോ മതി അവൾക്കു.. ഞാൻ അവൾക്കായി ഒന്നും ചെയ്തില്ല.. കുറച്ചു നേരം ഒപ്പമിരുന്നു.. അവളെ കേൾക്കാൻ തയ്യാറായി.. അത്രമാത്രം. അതു അവളിൽ എന്തു മാറ്റമുണ്ടാക്കിയെന്നു നിനക്കറിയോ…

“നീയൊന്നു മനസ്സിലാക്കിക്കോ ചില സമയത്തു വലിയ വലിയ ഉപദേശങ്ങളെക്കാളും, ശകാരങ്ങളെക്കാളും ഒക്കെ ആവശ്യം സങ്കടങ്ങൾ കേൾക്കാനൊരു മനസ്സാണ്… ഹൃദയ ഭാരം പങ്കിടാനൊരു അത്താണിയാണ്.. സ്നേഹിക്കാനൊരു ഹൃദയമാണ്.. നീയത് ആവണം… നിങ്ങൾക്ക് പരസ്പരം അങ്ങനെയാകാൻ സാധിക്കണം.. “

“കുറ്റപെടുത്താൻ എളുപ്പമാണ് മോനെ… ഒപ്പം നിൽക്കാനാണ് ബുദ്ധിമുട്ടു.. പരസ്പരം മനസ്സിലാക്കിയുള്ള ആ ഒപ്പം നിൽക്കലാണ് ദാമ്പത്യത്തിന്റെ അടിസ്ഥാനം. എന്തായാലും നിങ്ങള് രണ്ടാളും ഒരുമിച്ചു ഒരു കൗൺസിലിങ്ങിനു പോകണം… പരസ്പരം ഒന്നുടെ മനസ്സിലാക്കാൻ രണ്ടാൾക്കും അതു നല്ലതാ… “

“ഇനിയെന്തിനാ പൊന്നേച്ചി വേറെ കൗൺസിലിങ്..ഇപ്പൊ തന്നെ ഒരു പ്രഭാഷണം കേട്ട പോലെയായി എന്റെ പൊന്നോ… ” എന്നു പറഞ്ഞു എന്റെ കവിളിലൊരു ഉമ്മയും തന്നവൻ മീരയുടെയും, കുഞ്ഞിന്റെയും അരികിലേക്കായി റൂമിലേക്ക്‌ നടക്കുമ്പോൾ കുറ്റബോധം കൊണ്ട് അമ്മായിയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…

Note…

പോസ്റ്റ്പാർട്ടം / പെരിപാർട്ടം ഡിപ്രെഷൻ…

പ്രസവാനന്തരം പൊതുവേ സ്ത്രീകളിൽ കണ്ടു വരുന്ന ഒരു തരം മാനസിക അവസ്ഥയാണ് പോസ്റ്റുപാർട്ടം ഡിപ്രെഷൻ. ചില സ്ത്രീകളിൽ ഇത് ഗർഭാവസ്ഥ മുതൽ തന്നെ കണ്ടു വരാറുണ്ട്. അത്തരത്തിൽ ഗർഭാവസ്ഥയിലോ പ്രസവത്തോട് അനുബന്ധിച്ചോ ഉണ്ടാകുന്ന വിഷാദാവസ്ഥയാണ് പെരിപാർട്ടം ഡിപ്രഷൻ എന്നറിയപ്പെടുന്നത്.. പ്രസവത്തോടനുബന്ധിച്ച് ഏഴിൽ ഒരാൾക്ക് എന്ന കണക്കിൽ ഉണ്ടാകാറുണ്ട് എന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഗർഭാവസ്ഥയും പ്രസവവും സ്ത്രീകളിൽ ജീവ ശാസ്ത്രപരമായും, വൈകാരികമായും, സാമൂഹികമായും മാറ്റങ്ങൾ ഉണ്ടാക്കുവാൻ സാധ്യതയുണ്ട്. ഇവയൊക്കെ ഇത്തരമൊരു അവസ്ഥയിലേക്ക് നയിക്കാനിടയുള്ള ഘടകങ്ങൾ ആണ് .

ലക്ഷണങ്ങൾ…

a) മാന്ദ്യം അല്ലെങ്കിൽ ക്ഷീണം അനുഭവപ്പെടുക b) ദുഃഖിതയായി കാണപ്പെടുക, നിസ്സഹായാവസ്ഥ, പ്രതീക്ഷയില്ലാതാകുക.. c)ഉറക്ക കൂടുതലോ/ ഉറക്ക കുറവോ അനുഭവപ്പെടുക. d)വിശപ്പിലുണ്ടാകുന്ന മാറ്റങ്ങൾ. e)ഏകാഗ്രത നഷ്ടപ്പെടുക, മനോവിഭ്രമം അനുഭവപ്പെടുക. f)ഒരു കാരണവും ഇല്ലാതെയുള്ള കരച്ചിൽ g)കുട്ടിയെ ശ്രദ്ധിക്കാതിരിക്കുക, കുട്ടിയോട് മാനസികമായി അടുപ്പം കാണിക്കാതിരിക്കുക, കുട്ടിയെക്കുറിച്ച് കൂടുതൽ ഉത്കണ്ഠപ്പെടുക. h)താൻ ഒരു നല്ല അമ്മയല്ല എന്ന തോന്നൽ ഉണ്ടാകുക

എപ്പോഴാണ് ചികിത്സ തേടേണ്ടത്?

• മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ രണ്ടാഴ്ചയിലധികം
അനുഭവപ്പെടുകയാണെങ്കിൽ.

• ആത്മഹത്യ പ്രവണതയോ, കുട്ടിയെ ഉപദ്രവിക്കാനുള്ള പ്രവണതയോ ഉണ്ടാകുക.

• വിഷാദ അവസ്ഥ അതി സങ്കീർണം ആകുക.

• നിത്യജീവിതത്തിലും കുട്ടിയെ പരിചരിക്കുന്നതിലും അതിയായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുക.

ചികിത്സ:

മറ്റ് വിഷാദ രോഗങ്ങളെ പോലെ തന്നെ പെരിപാർട്ടം/പോസ്റ്റ്പാർട്ടം ഡിപ്രെഷനും സൈക്കോതെറാപ്പി ( Talk Therapy), മരുന്നു ചികിത്സ, ജീവിത ശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ, സോഷ്യൽ സപ്പോർട്ട് എന്നിവ വഴിയോ ഇവയുടെ കോമ്പിനേഷൻ വഴിയോ ചികിത്സിക്കാവുന്നതാണ്.

നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?

• പാർട്ണർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെ ഭാഗത്ത്‌ നിന്നുള്ള സഹായ സഹകരങ്ങൾ ഒരു പരിധി വരെ ഈ അവസ്ഥക്ക് മാറ്റം ഉണ്ടാക്കാം

• ലക്ഷണങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കുകയും അത് കാണപ്പെടുകയാണെങ്കിൽ വിദഗ്ദ്ധ സഹായം ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യുക.

• അവരുടെ പരിഭവങ്ങളും വിശേഷങ്ങളും കേൾക്കുകയും അവരോടൊപ്പം സമയം ചിലവിടുകയും ചെയ്യുക.

• അവർ ഒറ്റയ്ക്കല്ല എന്നും , എന്ത് സഹായത്തിനും ഒപ്പം ഉണ്ടാകും എന്നും ഉറപ്പുവരുത്തുക.

• കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നതിനും വീട്ടിലെ മറ്റു ജോലികൾ ചെയ്യുന്നതിനും സഹായിക്കുക

• നല്ല രീതിയിൽ ഉള്ള വിശ്രമം കിട്ടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക (കുഞ്ഞുറങ്ങുമ്പോൾ അമ്മയും ഉറങ്ങാൻ പ്രോത്സാഹിപ്പിക്കുക).

• കുറ്റപ്പെടുത്തലുകളും ദേഷ്യപെടലും പരമാവധി ഒഴിവാക്കുക.

ശ്രദ്ധിക്കാതിരുന്നാൽ ആത്മഹത്യവരെ എത്തുന്ന പോസ്റ്റുപാർട്ടം സൈക്കോസിസ് എന്ന അവസ്ഥ വരെ ചിലരിലെങ്കിലും ഉണ്ടാകാറുണ്ട്.. കുഞ്ഞിനെ കൊന്നു അമ്മ ആത്മഹത്യ ചെയ്തു എന്ന വാർത്തകൾ മാധ്യമങ്ങളിൽ ഇടയ്ക്കും മുറയ്ക്കും പ്രത്യക്ഷപ്പെടാറുണ്ടല്ലോ… ഈ അവസ്ഥയെപ്പറ്റി ചിലർക്കെങ്കിലും അറിയാത്തതു കൊണ്ടും പ്രശ്നങ്ങൾ വഷളാകാറുണ്ട്…

(PMS നെ കുറിച്ചു ഞാൻ എഴുതിയ സ്റ്റോറി വായിച്ച ശേഷം പലരും എഴുതാൻ ആവശ്യപ്പെട്ട ഒരു ടോപ്പിക്ക് ആണ് ഇത്.. സ്റ്റോറി മുന്നേ എഴുതിയതാണ് ഒപ്പം പോസ്റ്റുപാർട്ടം ഡിപ്രെഷനെ പറ്റിയൊരു നോട്ടും ചേർക്കുന്നു.. )

Related Posts

Leave a Reply

Your email address will not be published. Required fields are marked *