എന്തെന്നാലും. അനിയന്റെ കല്യാണം കഴിഞ്ഞെപ്പിന്നെ വീട്ടിൽ നിൽക്കാൻ ഒരു നിവർത്തിയുമില്ലന്ന് കണ്ടപ്പൊഴാ ക ള്ളുകുടിയനാണെന്നറിഞ്ഞോണ്ട് തന്നെ……

മൂന്ന് പെണ്ണുങ്ങൾ

Story written by Sindhu Appukuttan

  1. വിജയശ്രീ

എന്തൊരു കോലമാ വിജയേ. നിന്റെ പ്രേതമാണോയിത്. കണ്ടിട്ട് തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ

“ജീവിക്കാനുള്ള നെട്ടോട്ടമാ പെണ്ണേ.രാപകലില്ലാതെ. വിശ്രമം എന്തെന്നറിയാതെ. അപ്പൊ ശരീരം ഇങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളു.മനസ്സിന്റെ കാര്യം പറയാനുമില്ല.

ഉം… എന്നാലും.

എന്തെന്നാലും. അനിയന്റെ കല്യാണം കഴിഞ്ഞെപ്പിന്നെ വീട്ടിൽ നിൽക്കാൻ ഒരു നിവർത്തിയുമില്ലന്ന് കണ്ടപ്പൊഴാ ക ള്ളുകുടിയനാണെന്നറിഞ്ഞോണ്ട് തന്നെ ഈ കല്യാണത്തിന് സമ്മതിച്ചത്. വയസ്സ് മുപ്പത്തഞ്ച് ആയില്ലായിരുന്നോ അപ്പോഴേക്കും.മൂത്ത ചേച്ചിമാരുടെ പെണ്മക്കളെവരെ കെട്ടിച്ചു. എന്നിട്ടും വീട്ടിലിങ്ങനെ കെട്ടാമങ്കയായ് നിൽക്കുന്നതിന്റെ സങ്കടം പറഞ്ഞറിയിക്കാൻ വയ്യായിരുന്നു.

സത്യം പറഞ്ഞാ കല്യാണം കഴിച്ചില്ലെങ്കിലും ഉള്ള പണിയെടുത്തു ജീവിക്കണം ന്നായിരുന്നു മോഹം. പക്ഷേ അനിയൻ കെട്ടിക്കൊണ്ടുവന്നവൾക്ക് എന്നെ കണ്ണെടുത്താ കണ്ടൂടാ.വെളുപ്പിന് ഉണർന്ന് വീട്ടിലെ പണികളൊക്കെ പകുതിയും തീർത്തു വെച്ചിട്ടാ കമ്പനിയിൽ പോയിരുന്നേ. വൈകിട്ട് ജോലി കഴിഞ്ഞു തളർന്നു വന്നാലും എന്തെങ്കിലുമൊക്കെ ജോലി അവൾ ബാക്കി വെച്ചിട്ടുണ്ടാകും. ഒരു പരാതിയുമില്ലാതെ അതും ചെയ്തു തീർത്തിട്ടെ ഉറങ്ങാൻ പോകാറുള്ളു. എന്നിട്ടും ഈ പഴിചാരലും, പ്രാക്കും മാത്രം അവള് തിരിച്ചു തന്നു. അച്ഛനും അമ്മയും ഒന്നും മിണ്ടില്ല. അവള് അവരുടേം വായടപ്പിച്ചു അനിയനെക്കൊണ്ട്.

വല്ല രണ്ടാംകെട്ടുകാരെയും കണ്ടുപിടിച്ച് ഇവിടുന്ന് ഇറക്കിവിടാൻ നോക്കിക്കൂടെയെന്ന് ഇടയ്ക്കിടെ അവൾ അമ്മയോട് കലഹിക്കുന്നത് ഞാനും കാണുന്നുണ്ടായിരുന്നു.

അങ്ങനെയിരിക്കേ കുഞ്ഞുമോൻ ചേട്ടന്റെ ആലോചന വന്നു. എന്റെ അതേ പ്രായം തന്നെ. കൂലിപ്പണിക്ക് പോയി കിട്ടുന്നതിൽ പാതിയും ഷാ പ്പിൽ കൊടുത്തു തീർക്കുന്ന സ്വഭാവമാണെന്ന് അങ്ങേരുടെ അയൽവക്കത്തുള്ള എന്റെ കൂട്ടുകാരികൾ പറഞ്ഞു. എങ്കിലും എന്റെ മനസ്സിലൊരു തോന്നൽ കല്യാണം കഴിഞ്ഞാ ഒക്കെ നേരെയാക്കിയെടുക്കാം ന്ന്. എന്നിട്ടെവിടെ. ക ള്ള്കുടി ഇരട്ടിയായതല്ലാതെ ഒരു കുറവുമില്ല.അതിന്റ്റിടയിലേക്ക് രണ്ടു പിള്ളേരും വന്നു.

ഒരു ദിവസം രാവിലെ പതിവ്സമയമായിട്ടും എണീക്കാതെ കിടക്കുന്ന കണ്ടിട്ട് ചെന്ന് നോക്കിതാ മുഖമൊക്കെ ഒരു വശത്തോട്ട് കോടി, കയ്യും കാലും അനക്കാൻ വയ്യാതെ കണ്ണും തള്ളി കിടക്കുന്നു.

പിന്നെയങ്ങോട്ട് ആശുപത്രിയിൽ നിന്നും ഇറങ്ങാൻ നേരമുണ്ടായിട്ടില്ല. ഒരുവശം മുഴുവൻ തളർന്നു പോയി. സ്വബോധം നഷ്ടപ്പെട്ടു. മക്കളെപ്പോലും തിരിച്ചറിയില്ല. കഞ്ഞി കൊടുക്കാനും, മേല് തുടച്ച് തുണിമാറ്റാനുമൊക്കെ ചെല്ലുമ്പോ, കുഴഞ്ഞ നാവുകൊണ്ട് അവ്യക്തമായി എന്നോട് ചോദിക്കും ആരാന്ന്.

അതു കേൾക്കുമ്പോ നെഞ്ചു പിടഞ്ഞു പോകും. ചിലപ്പോൾ എന്നെ നോക്കിക്കിടന്നു കണ്ണീരൊഴുക്കും. എന്താന്ന് അറിയില്ല, ഓടിച്ചാടി നടന്ന സമയത്ത് ക ള്ളും കുടിച്ചുവന്ന് ഒരുപാട് ഉ പദ്രവിച്ചിട്ടുണ്ട്. എന്നാലും ഈ കിടപ്പ് കാണുമ്പോ ശപിക്കാനൊന്നും തോന്നിയിട്ടില്ല ഇതുവരെ.

എന്നെക്കൊണ്ട് ആവും വരെ അങ്ങേരെ നോക്കണം. പിള്ളേരുടെ കാര്യോം നോക്കണ്ടേ. അവരോരു പ്രാപ്തിയാകുമ്പോഴേക്കും എന്റെ നടുവൊടിയും. എന്നാലും എല്ലാം ചെയ്തല്ലേ പറ്റൂ.

ജീവിതത്തിൽ തോറ്റു തൊപ്പിയിടാൻ വേണ്ടിയിട്ടായിരിക്കും അച്ഛനുമമ്മയും വിജയശ്രീ ന്ന് തന്നെ പേരിട്ടത്.

ഞാൻ പോട്ടേ ട്ടാ. ഇപ്പൊ മൂന്ന് വീട്ടിൽ ജോലിയുണ്ട് രണ്ടു മണിക്കൂർ വീതം. അത് തീർത്തു ചെന്നിട്ട് വേണം അങ്ങേരെയൊന്നു കുളിപ്പിച്ച് വല്ലതും കൊടുക്കാൻ.

2.. അഞ്ജിത

സത്യം പറഞ്ഞാ എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല എന്റെ ലൈഫ് ഇങ്ങനെയൊക്കെ ആയെന്ന്. എന്തുമാത്രം സ്വപ്നം കണ്ടതാ ജീവിതത്തെ ക്കുറിച്ച്.ജിനേഷ് മരിച്ചിട്ട് കൊല്ലം നാല് കഴിഞ്ഞു. മോന് രണ്ടു വയസ്സുള്ളപ്പോഴാ അവൻ പോയെ. മോനിപ്പോ ആറുവയസ്സ് കഴിഞ്ഞു.പാവം ന്റെ മോൻ അച്ഛന്റെ സ്നേഹമറിയാതെ വളരാനാ അതിന്റെ വിധി.

മൂന്നേട്ടൻമാരുടെ ഒരേയൊരു പെങ്ങൾ എന്നും പറഞ്ഞ് നീ പോലും എന്ത്മാത്രം അസൂയപെട്ടിരിക്കുന്നു എന്നോട്.

ഏട്ടൻമാർ ആദ്യമേതന്നെ അവരുടെ ജീവിതം സേഫാക്കി. അച്ഛൻ ഒരിക്കലും വിചാരിച്ചില്ല അങ്ങനെയൊരു ച തി അവരെന്നോട് ചെയ്യുമെന്ന്. മൂന്നും പെണ്ണ് വീട്ടിൽ തന്നെ താമസവും തുടങ്ങിയപ്പോ അച്ഛൻ പിന്നെയൊന്നും നോക്കിയില്ല. ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റ്, എന്റെ കല്യാണം നടത്തി. പറമ്പിന്റെ മൂലയിൽ ഇത്തിരി സ്ഥലം ഒഴിച്ചിട്ട് അവിടെയൊരു കൂരവെച്ച് അച്ഛനുമമ്മയും അവിടെ കൂടി.

കല്യാണം കഴിഞ്ഞു ഒരു മാസം കൊണ്ടുതന്നെ ജിനേഷ് തനി സ്വഭാവം പുറത്തെടുത്തു. ക ള്ളും ക ഞ്ചാവും പെ ണ്ണുമായിരുന്നു അവന്റെ ലോകം. അത് കിട്ടാൻ എന്തും ചെയ്യുന്നൊരു വൃ ത്തികെട്ടവൻ. പല രാത്രികളിലും അവന്റെ പേ ക്കു ത്തുകൾ കഴിയുമ്പോ എന്റെ ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകും. പേടിച്ചു വിറച്ച് കട്ടിലീനടിയിലേക്ക് നൂണ്ട് കയറി കിടക്കും ഞാൻ.

എന്നിട്ടും ഒരുറക്കം കഴിഞ്ഞു എണീക്കുമ്പോ അവനെന്നെ കാലിൽ പിടിച്ചു വലിച്ച് പുറത്തിട്ട് വീണ്ടുമെന്നിലേക്ക് ആഴ്ന്നിറങ്ങും.

മോനെ പ്രഗ്നന്റായിരുന്നപ്പോഴും അ വനെന്നോട് കാട്ടിക്കൂട്ടിയ ക്രൂ രതകൾ ഓർക്കുമ്പോ ഇപ്പോഴും ഒരു വിറയലാ.

അച്ഛനോടും അമ്മയോടും ഇതൊന്നും പറഞ്ഞതേയില്ല.

പ്രസവത്തിന് ഞാൻ വീട്ടിലേക്കു പോയി.കുറച്ചു നാൾ മനസ്സമാധാനം കിട്ടുമെന്നാ കരുതിയെ. എനിക്കതു വിധിച്ചിട്ടില്ലാത്തത്കൊണ്ട് അവൻ അവിടെയും വന്നു ഓരോ പ്രശ്നമുണ്ടാക്കി. അച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വർണം മുഴുവൻ അവൻ കൊണ്ടുപോയി വിറ്റ് തുലച്ചു. അവസാനം കെട്ടുതാലി പൊട്ടിച്ചോണ്ട് പോകാൻ വീട്ടിൽ കയറി വന്നു. അന്നാ അച്ഛനും അമ്മയും ഇതൊക്കെ അറിയുന്നത്.

പിന്നെ അവന്റെ കൂടെ എന്നെ വിട്ടില്ല. ആയിടെ അച്ഛന്റെ കഴുത്തിലൊരു മുഴ വന്നു.ആദ്യമൊന്നും ഹോസ്പിറ്റലിൽ പോകാൻ അച്ഛൻ സമ്മതിച്ചില്ല. പിന്നെ തീരെ വയ്യാതായപ്പോഴാ ഡോക്ടറെ കണ്ടത്. അപ്പോഴേക്കും ക്യാൻസർ അച്ഛനെ കാർന്നു തിന്നു കഴിയാറായിരുന്നു.

അച്ഛൻ പോയതോടെ അമ്മയും കിടപ്പിലായി. പിന്നെ ഞാനൊരു ജോലി അന്വേഷിച്ചു കുറെ അലഞ്ഞു. പത്തിൽ തോറ്റ എനിക്കെന്ത് ജോലി കിട്ടാൻ.

കുറച്ചു നാൾ തൊട്ടടുത്ത വീട്ടിലെ വയസ്സായ ഒരമ്മയേ നോക്കാൻ നിന്നു. പിന്നെ അതൊരു ജോലിയായി. അവിടുന്ന് ഇറങ്ങിയപ്പോ വേറൊരിടത്തു നിന്നു. അങ്ങനെയിപ്പോ മാറി മാറി ഓരോയിടത്തു അലഞ്ഞു നടക്കുന്നു.

അതിനിടെ ജിനേഷ് മരിച്ചു. റോഡിൽ വെച്ച് ആരോടോ വഴക്കുണ്ടാക്കി. ഉ ന്തും ത ള്ളുമൊക്കെയായി. അ വൻ റോഡിൽ ത ലയി ടിച്ചു വീ ണു.

ഞാൻ കാണാൻ പോലും പോയില്ല. അത്രക്കും വെറുത്തു പോയിരുന്നു .മോൻ ഇടക്ക് ചോദിക്കും അച്ഛനെക്കുറിച്ച്. മരിച്ചുന്ന് മാത്രം പറഞ്ഞിട്ടുള്ളു. വേറൊന്നും പറഞ്ഞു കൊടുത്ത് അവന്റെ മനസ്സിൽ അച്ഛനോട് വെറുപ്പ് തോന്നിപ്പിക്കേണ്ട എന്ന് വിചാരിച്ചു.

ഇപ്പോഴത്തെ പ്രശ്നം ഇതൊന്നുമല്ല . ഒറ്റക്കായിപ്പോയവളുടെ സങ്കടം എന്തെന്നറിയാതെ വെറും പെണ്ണുടൽ മാത്രമായി കാണുന്ന പകൽ മാന്യൻമാരുടെ സഹതാപനോട്ടങ്ങളും, സഹായഹസ്തങ്ങളും കണ്ട് മടുത്തു.

ഈയിടെ ഒരമ്മയെ നോക്കാൻ പോയി. അവരുടെ കെട്ട്യോൻ ഒരു തൊണ്ണൂറു കാരൻ, നീയൊന്ന് സ ഹകരിച്ചാൽ സാലറി കൂടാതെ പതിനായിരം വേറെ തരാം ന്ന് ഒരോഫർ. എന്റെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ട് ആ തെ ണ്ടിക്ക്. എന്നിട്ടും…. പ ട്ടിക്കുണ്ടായ നാ റി.

പ്രായമൊന്നും നോക്കിയില്ല. കൊടുത്തു ക രണത്തുതന്നെ.

ഇപ്പോ ഒരു ശല്യവുമില്ല. തനിച്ചാകുമ്പോ ഒരു ധൈര്യമാ. ഇനിയങ്ങോട്ട് ഒറ്റക്കു തന്നെ എല്ലാം നേടണമെന്ന വാശി.

ഇനിയൊരു വീടുണ്ടാക്കണം. ജിനേഷ് പോയെപ്പിന്നെ അമ്മ ഒരു ദിവസം എന്നെ കാണാൻ വന്നിരുന്നു. ജിനേഷിന്റെ വീതം വിറ്റ തുക മോന്റെ പേരിൽ സേവ് ചെയ്തിട്ടുണ്ട് എന്ന് പറയാൻ. അതിന്റെ കൂടെ കുറച്ചു പൈസ കൂടി ഉണ്ടായാലേ വീടിനുള്ളത് തികയൂ. ഇവിടെയിപ്പോ ഈ ഇത്തിരി മണ്ണിന്റെ അവകാശം ഏട്ടൻമാര് കയ്യിട്ടു വാരാൻ കടിപിടി കൂടി നടക്കാ.

മീനു, നിനക്ക് സുഖമാണോ.പഴയ അഞ്ജിതയുടെയും മീനുവിന്റെയും വൈകുന്നേരങ്ങളിലെ അമ്പലത്തിൽ പോക്കും , വായനശാലയിൽ കയറി സമയം കളയുന്നതുമൊക്കെ ഇടയ്ക്കിടെ ഞാൻ ഓർക്കാറുണ്ട്. എന്തുമാത്രം പ്രതീക്ഷികളായിരുന്നു അന്നൊക്കെ ജീവിതത്തെക്കുറിച്ച്. വായിച്ചു കൂട്ടുന്ന കഥകളിലെപ്പോലെ അടിപൊളി പ്രണയമൊക്കെ കൂടിച്ചേർന്നുള്ളൊരു ജീവിതം. പക്ഷേ കിട്ടിയതോ…

നിശബ്ദത തളം കെട്ടിയ ഏതാനും നിമിഷങ്ങൾ കടന്നു പോയി. എന്റെയും അവളുടെയും നെടുവീർപ്പുകൾ ഇടയ്ക്കിടെ ഒരു മർമ്മരമുതിർത്തു.

ഞാനിനി പിന്നെ വിളിക്കാട്ടോ. ഉറക്കം വരുന്നെടി. ഗൂഡ്‌നെറ്റ്.

ഓക്കേ ഡീ… ഗൂഡ്‌നൈറ്റ്.

3.. സുസ്മിത

എന്റെ ചേച്ചിപ്പെണ്ണേ എനിക്കിനിയും ജീവിക്കണം. മുരളിയുടെ കൂടെ. ഒരുപാട്കാലം. ഞങ്ങളുടെ ലൈഫ് കണ്ടിട്ട് ദൈവത്തിനും അസൂയയായിക്കാണും. അതാ ഇത്ര പെട്ടന്ന് ഞാനിങ്ങനെ വീണു പോയെ.ഓരോ കീമോ കഴിയുമ്പോഴും ഞാനിങ്ങനെ വിരലെണ്ണും ഇനി പത്തെണ്ണം കൂടി, ഇനി ഒൻപതെണ്ണം കൂടി. അതുകൂടി കഴിഞ്ഞാ ഞാൻ എണീറ്റ് നടക്കുമെന്നു തന്നെ വിശ്വസിച്ചു. മുടിയൊന്നും വേണ്ട. തലയിൽ ഒരു തുണിയിട്ട് പഴയപോലെ ഞാൻ ജോലിക്ക് പോകുമെന്ന് എന്നോട് തന്നെ വാക്ക് പറഞ്ഞു. എന്നിട്ടും…….

പേരിനെ അന്വർത്ഥമാക്കുംവിധം ഒരിക്കൽപ്പോലും ചിരിച്ചു കൊണ്ടല്ലാതെ കണ്ടിട്ടില്ലാത്ത മുഖം വേദനകൊണ്ട് ചുളിഞ്ഞും, കണ്ണീരിൽ കുതിർന്നും കാണേണ്ടിവന്നപ്പോൾ എന്റെയുള്ളിൽ വല്ലാത്തൊരു വിങ്ങൽ മുളപൊട്ടി.

ഞാൻ പോയാപ്പിന്നെ മുരളിക്ക് ആരാ ഉള്ളത്. അവിടെ അമ്മക്ക് അവനെ കണ്ണെടുത്താ കണ്ടൂടാ. നൊന്തുപെറ്റ മക്കളോട് ഇങ്ങനെ പക്ഷഭേദം കാണിക്കാൻ അമ്മമാർക്ക് കഴിയോ. അനിയനോടും, പെണ്മക്കളോടും മാത്രേ അവർക്ക് സ്നേഹമുള്ളു. ഞങ്ങൾ വല്ലപ്പോഴുമൊന്നു കയറിച്ചെല്ലുമ്പോൾ പോലും അവരൊന്നു ചിരിച്ചിട്ട്പോലുമില്ല എന്നോട്.

കുഞ്ഞുന്നാളിൽ അനുഭവിച്ച സങ്കടങ്ങളെല്ലാം എണ്ണിയെണ്ണി പറഞ്ഞ് വാവിട്ട് കരഞ്ഞിട്ടുണ്ട് എന്റെ മടിയിൽ കിടന്ന്. അപ്പോഴൊക്കെ ഞാൻ പറയും ഇനിയെന്നും കൂടെ ഞാനില്ലേ കണ്ണാന്ന്.ഒരിക്കലും നിന്നെ തനിച്ചാക്കില്ല ന്ന്. പക്ഷേ ആ വാക്ക് പാലിക്കാനെനിക്ക് കഴിഞ്ഞില്ലല്ലോ ചേച്ചി. വെറും രണ്ടേ രണ്ടുവർഷം, ഒരു ജന്മം കൊണ്ട് കൊടുക്കാവുന്നത്ര സ്നേഹം കൊടുത്തിട്ട് തനിച്ചാക്കി പോവാനായിരുന്നു വിധി എന്റെ കയ്യിൽ അവനെ വെച്ചു തന്നത്.

എനിക്ക് മരിക്കണ്ട ചേച്ചി. എനിക്കെന്റെ മുരളിയെ തനിച്ചാക്കി പോകണ്ട ചേച്ചി.ഏങ്ങലടികൾക്കൊപ്പം തെറിച്ചു വീഴുന്ന വാക്കുകൾ കണ്ണിലൊരു നീറ്റൽ പടർത്തി.

കണ്ണുനീരൊഴുകിയിറങ്ങുന്ന മുഖത്തേക്ക് നോക്കുവാനാകാതെ മിഴിപൂട്ടി, മുടിയില്ലാത്ത തലയിൽ പതിയെ തലോടി ഞാനിരുന്നു. മറുവാക്കുകൾ നഷ്ടമായ ഒരുവളുടെ നിസ്സഹായതയോടെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *