എന്റെ പൊന്നോ ഞാനോ പെട്ടു നീയെങ്കിലും രക്ഷപ്പെട്ടോട്ടെന്ന് കരുതി പറയുവാ..ഇങ്ങോട്ടൊന്നും വന്നേക്കല്ലെന്ന്. ശ്ശെടാ നാല് ദിവസം മുന്നേ വരെ എന്നാ സുഖവാടാ ഇവിടെ…….

Story written by Adam John

നാട്ടിൽ പണിയൊന്നും ശരിയാവാത്തോണ്ട് ചങ്ക് നേരെ ഗൾഫിലോട്ട് ഫ്ലൈറ്റ് കയറി. ഏതോ അറബിയുടെ ഡ്രൈവറായിട്ട് ജോലി കിട്ടിയതൊക്കെ അവൻ വിളിച്ചപ്പോ പറഞ്ഞാരുന്നേ.Nജോലിയെ പറ്റിയും ഗൾഫിലെ സുഖ ലോലുപതയെ പറ്റിയുവോക്കെ ഇടക്കിടെ അവൻ പറയുന്നത് കേട്ടപ്പോ എന്റെയുള്ളിലും ഒരു പൊടിക്ക് മോഹവുദിച്ചു. ഗൾഫിലൊട്ടൊന്നു പോയാലോന്നായി ചിന്ത. എനിക്ക് മാത്രവല്ല ശരാശരി മലയാളിയുടെ ചിന്തയാണ്. ഒരാള് പച്ച പിടിച്ചു കാണുമ്പോ അയാളെ പോലാവണവെന്ന ചിന്ത കാണത്തില്ലായോ. അതാന്നെ.

അങ്ങനെ ഒരിക്കൽ ചങ്കിനോടിക്കാര്യം പറഞ്ഞപ്പോ അവൻ പറയുവാ. എന്റെ പൊന്നോ ഞാനോ പെട്ടു നീയെങ്കിലും രക്ഷപ്പെട്ടോട്ടെന്ന് കരുതി പറയുവാ..ഇങ്ങോട്ടൊന്നും വന്നേക്കല്ലെന്ന്. ശ്ശെടാ നാല് ദിവസം മുന്നേ വരെ എന്നാ സുഖവാടാ ഇവിടെ. അടിച്ചുപൊളിക്കുവാ എന്നൊക്കെ പറഞ്ഞോണ്ടിരുന്നവനാ ഒറ്റയടിക്ക് കോമെഡി റോളുകളിൽ നിന്ന് സുരാജ് മാറിയ കൂട്ട് സീരിയസ് റോളിലോട്ട് മാറിയെക്കുന്നെ. അതോടെ തളിർത്തു തുടങ്ങിയ എന്റെ ഗൾഫ് മോഹങ്ങൾ വാടിക്കരിഞ്ഞെന്ന് പറയേണ്ട കാര്യവില്ലല്ലോ.

അങ്ങനിരിക്കെ ഒരു ദിവസം രാവിലെ പതിവ് പോലെ കേരളീയ ഭക്ഷണവായ ദോശയും കടലക്കറിയും കഴിക്കുന്നതിനോടൊപ്പം കേരളീയ വീട്ടമ്മമാരുടെ തനത് കലാ രൂപവായ നിനക്ക് വല്ല പണിക്കും പൊക്കൂടെ ചെർക്കാ ന്നുള്ള അമ്മച്ചിയുടെ ആട്ടും കൂടി കേട്ടോണ്ടിരിക്കുമ്പോഴാണൊരു കാൾ വരുന്നേ. കൂടേ പഠിച്ച വേറൊരു ചങ്കാണ്. എന്ത് കുരിശാന്നാവൊ എന്നോർത്ത് കാളെടുത്തപ്പോ അവൻ പറയുവാ ഗൾഫിലോട്ട് ഒരു ചാൻസുണ്ട്. ഒന്ന് ട്രൈ ചെയ്യുന്നൊന്ന്.

ശ്ശൊ. ഒരു നിമിഷം അവനെ തെറ്റിദ്ധരിച്ചു പോയതിൽ കുറ്റബോധം തോന്നിപ്പോയി. ഫ്രീ ടിക്കറ്റും കുറച്ചും കാശും കയ്യിലോട്ട് വെച്ചു തരും. ചുമ്മാ ഒന്ന് പോയേച്ചും വന്നേച്ചാ മതിയെന്നൂടെ കേട്ടപ്പോ മനസ്സിൽ ലഡു പൊട്ടി. ദ്രോഹി ഇച്ഛിച്ചതും ഗൾഫ് ചങ്ക് കല്പിച്ചതും ഗൾഫ്ന്ന് പറഞ്ഞപോലായി കാര്യങ്ങൾ. ദ്രോഹിയെന്നത് അമ്മച്ചി സ്നേഹ പൂർവം എന്നെ വിളിക്കുന്നതാന്നെ. എന്ന് വെച്ച് എനിക്കതിന്റെ ജാഡയൊന്നുവില്ല താനും.

കാര്യം അവനാളൊരു ഉടായിപ്പ് ആന്നേലും നല്ലൊരു ഓഫർ വന്നപ്പോ എന്നെ ഓർത്ത് വിളിച്ചല്ലോ. അറിയാതെ കണ്ണ് നിറഞ്ഞെന്നെ. കടലക്കറിക്ക് എരിവ് കൂടിയതാണോന്ന് ഓർത്താവും അമ്മച്ചി ഗ്ലാസിലോട്ട്വെ ള്ളവൊഴിക്കുന്നുണ്ടാരുന്നു. കാൾ കട്ട് ചെയ്ത ശേഷം ഞാൻ പുച്ഛത്തോടെ കടലക്കറിയെ നോക്കി. ദോശയെ നോക്കി. കഴുവാൻ പോലും അവസരം കൊടുക്കാതെ പ്ലേറ്റ് വടിച്ചെടുത്ത് വൃത്തിയാക്കുന്ന ചെറുക്കന് ഇതെന്നാ പറ്റിയെന്ന മട്ടിൽ അമ്മച്ചി എന്നേം നോക്കി. വിജയിയുടെ ഭാവത്തോടെ അമ്മച്ചിയെ നോക്കി ഇനി തൊട്ട് അങ്കം അങ്ങ് ഗൾഫിലാണെന്ന് പറഞ്ഞപ്പോ അമ്മച്ചി വിഷമിക്കുവെന്നാ ഞാൻ കരുതി‌െയെ. മക്കള് കൺവെട്ടത്തൂന്ന് മാറുമ്പോ പെറ്റ വയറിന് സഹിക്കത്തില്ലെന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ. അതൊക്കെ ചുമ്മാതാന്നെ.

എങ്ങനേലും ഒന്ന് പൊയ്ക്കിട്ടിയാ മതിയെന്നെ. അഞ്ച് ദോശ കുറച്ചു ചുട്ടാൽ മതിയെന്നാരുന്നു അമ്മച്ചിയുടെ മറുപടി. ഇങ്ങനേം ഉണ്ടാവൊ അമ്മച്ചിമാര്. അവിടെ ചെന്ന് പണിയൊന്നും ശരിയായില്ല തിരിച്ചു വരുവാ എന്നും പറഞ്ഞോണ്ട് ടിക്കറ്റ് കാശ് ചോദിച്ചേച്ച് വിളിക്കാൻ നിക്കണ്ട. കാൽ കാശ് ഞാൻ തരത്തില്ല എന്നെ അപ്പച്ചൻ പറഞ്ഞുള്ളൂ. അല്ലേലും ആർക്ക് വേണം അങ്ങേരുടെ കാശ്. ഇനിയങ്ങോട്ട് ദിർഹത്തിന്റെ കളികളാണ് കളിക്കാൻ പോണെ.

എറണാകുളത്തെവിടെയോ ഒരു ഹോട്ടലിൽ ആണ് ഇന്റർവ്യൂ എന്നും കാലത്ത് പതിനൊന്ന് മണി ആവുമ്പഴേക്കും അവിടെത്തിക്കോണം എന്നും ചങ്ക് പറഞ്ഞാരുന്നു. ഞാൻ ഒമ്പതിനെ അവിടെത്തി. ഏകദേശം പത്ത് പത്തര ആയപ്പോഴേക്കും കുറച്ചു പേരൂടെ എത്തിയാരുന്നു. ഇത്തിരി കഴിഞ്ഞേച്ച് ഒന്ന് രണ്ട് പേര് അകത്തോട്ട് കേറിപ്പോയി. അവരാരിക്കും ഇന്റർവ്യൂ നടത്താൻ പോണെ. ഞാൻ മനസ്സിലൂഹിച്ചു.

ഓരോരുത്തരെയായി വിളിക്കാൻ തുടങ്ങിയപ്പോ ഞാനിരുന്നിടത്തൂന്ന് എഴുന്നേൽക്കാൻ നോക്കിയതാരുന്നേ. അപ്പോഴുണ്ടല്ലോ തൊട്ടടുത്തിരുന്ന യാളെന്നെയൊരു നോട്ടം. ശ്ശെടാ അങ്ങരുടെ നോട്ടം കണ്ടാൽ തോന്നും ഞാനയാളുടെ വയറ്റിലോട്ടാണ് കേറി പോവുന്നെന്ന്. സ്വല്പം ആരോഗ്യവുണ്ടെന്ന് കരുതി ഇങ്ങനെ അഹങ്കരിക്കാവൊ. എന്താന്നെലും റിസ്‌ക്കെടുക്കേണ്ടെന്ന് കരുതി ഞാനവിടെ തന്നെ ഇരുന്നു. വേറൊന്നും കൊണ്ടല്ല ആ കൈവെച്ചോണ്ട് ഒരെണ്ണം കിട്ടിയാൽ പെറുക്കിയെടുക്കാൻ പോലും ഒന്നും ബാക്കി കാണുകേല.
ഗൾഫിലോട്ട് ഒന്ന് എത്തിക്കോട്ടെ. ഈത്തപ്പഴവും ബദാമും ഒക്കെ തിന്നോണ്ട് ഈ മേനിയോന്ന് പുഷ്ഠിപ്പെടുത്തണം. എന്നിട്ട് വേണം തിന്നതൊക്കെ എവിടെക്കാ പോവുന്നെന്ന് ദൈവം തമ്പുരാനറിയാം എന്ന് പറഞ്ഞോണ്ട് ബോഡി ഷേമിങ് നടത്തുന്ന അമ്മച്ചിയുടെ മുന്നിലൂടെ നെഞ്ചു വിരിച്ചോണ്ട് നടക്കാൻ.

ആലോചിച്ചിരിക്കുന്നതിനിടയിൽ വിളിവന്നു. ഞാൻ ചാടിയെഴുന്നേറ്റ് അകത്തോട്ടേക്ക് ചെന്നു..എന്നെ കണ്ടപാടെ അവമ്മാർക്കൊരു പുച്ഛം. ലുക്കിൽ അല്ല കാര്യം വർക്കിലാണ് എന്നൊക്കെ പറയണം എന്നുണ്ടാരുന്നേലും ഇന്റർവ്യൂ അല്ലായോ. അതോണ്ട് ഞാനൊന്നും മിണ്ടീല. ഒടുക്കം കറിക്കരക്കാൻ വേണ്ടി തേങ്ങയെടുത്ത് അമ്മച്ചി കുലുക്കി നോക്കുന്ന കൂട്ട് കൂട്ടത്തിലൊരുത്തൻ എന്നെ തിരിച്ചും മറിച്ചുവൊക്കെ നോക്കിയേച്ച് പറയുവാ ഞാൻ റിജെക്റ്റഡ് ആണെന്ന്. എന്നാ പറയാനാ. നിരാശയോടെ തിരികെയിറങ്ങി ചങ്കിനെ വിളിച്ചപ്പോ അവൻ വിഷമിക്കണ്ടെടാ ഒന്നൂടെ ട്രൈ ചെയ്യട്ടെ എന്നൊക്കെ പറഞ്ഞേച്ച് ആശ്വസിപ്പിച്ചപ്പോ നേരിയ സമാധാനം കിട്ടിയേലും അതിനധികം ആയുസ്സൊന്നും ദൈവം തമ്പുരാൻ കൊടുത്തീല.

ഇത്തിരി കഴിഞ്ഞപ്പ അവൻ വിളിച്ചേച്ച് പറയുവാ നിന്റെ സൈസ് വെച്ചോണ്ട് ഒരു പവൻ സ്വർണം പോലും ഇങ്ങോട്ടേക്ക് കൊണ്ട് വരാൻ ഒക്കുകേല അതോണ്ടാ റിജെക്റ്റ് ആയെന്ന്. എനിക്കൊന്നും മനസ്സിലായീലെന്നെ. അപ്പോഴാ ആ ദ്രോഹി കാര്യങ്ങൾ വിശദീകരിക്കുന്നെ. എന്നെ വെച്ചോണ്ട് സ്വർണം ക ടത്താനുള്ള പരിപാടി ആരുന്നെന്നെ.

ആരുടെയോ പ്രാർത്ഥന അല്ല തിന്നതൊന്നും ശരീരത്തിന് പിടിക്കാത്തോണ്ടുള്ള ഗുണം. അല്ലേൽ ഞാനും വൈറലായേനെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *