എല്ലാ പ്രാവശ്യവും അയാളുടെ കണ്ണുകൾ ആരെയോ തിരയുന്നത് അവളുടെ ശ്രദ്ധയിൽപ്പെടാറുണ്ട്. ഒരിക്കൽപ്പോലും അവൾ ചോദിച്ചിട്ടില്ല…..

സാഗരതീരം

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

കടലിൽ സൂര്യൻ താഴാനൊരുങ്ങുന്നു. ആളുകൾ മടങ്ങിത്തുടങ്ങി. അന്നും പതിവുപോലെ അയാളുടെ മുഖത്തെ നിരാശകണ്ട് അവൾ ഉള്ളിൽ ഊറിച്ചിരിച്ചു. എല്ലാ അവധിദിവസങ്ങളിലും നിവൃത്തിയുണ്ടെങ്കിൽ കടൽത്തീരത്ത് വരിക അയാളുടെ പതിവാണ്.

എല്ലാ പ്രാവശ്യവും അയാളുടെ കണ്ണുകൾ ആരെയോ തിരയുന്നത് അവളുടെ ശ്രദ്ധയിൽപ്പെടാറുണ്ട്. ഒരിക്കൽപ്പോലും അവൾ ചോദിച്ചിട്ടില്ല.. പക്ഷേ അവളുടെ ഉള്ളിൽ ഒരു സംശയം ചുറ്റിത്തിരിയാറുണ്ട്. അയാളുടെ ഒരു പഴയ പ്രണയം..

ഒരുപക്ഷെ ഏറ്റവും കൂടുതൽ അവ൪ സമയം ചെലവഴിച്ച സ്ഥലം ഇതാകാം..

അവൾ അങ്ങനെ പലതും സങ്കൽപ്പിക്കും. പക്ഷേ ഒരിക്കൽപ്പോലും അയാളോട് ചോദിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. അയാൾ തന്നെ പറയുന്ന ഒരു ദിവസം വരുമെന്നും അന്നുവരെ താൻ ക്ഷമയോടെ കാത്തിരിക്കുമെന്നും അവൾ കണക്കുകൂട്ടി. താനറിയാതെ ഒളിക്കേണ്ട കാര്യമാണെങ്കിൽ തന്നെക്കൂടാതെ വരാമല്ലോ എന്ന ചിന്തയാണ് അങ്ങനെ ഒരു തീരുമാനമെടുക്കാൻ അവളെ പ്രേരിപ്പിച്ചത്.

വിവാഹം കഴിഞ്ഞ് ഏഴ് വർഷമായി. ഒരു കുഞ്ഞ് തങ്ങളുടെ ഇടയിൽ വരാത്തതിന്റെ വീ൪പ്പുമുട്ടലിൽ നിന്നും വലിയൊരാശ്വാസമാണ് കടൽത്തീരത്തെ വൈകുന്നേരങ്ങൾ തരുന്നത്..

എത്ര കുട്ടികളാണ് ഓടിക്കളിക്കുന്നത്.. കാണാൻ എന്ത് ചേലാണ്. എത്ര നേരം നോക്കിയിരുന്നാലും മതിയാകില്ല..

പതിവുപോലെ, പോകാമെന്ന് പറഞ്ഞ് തിരിഞ്ഞതും ഒരു പെൺകുട്ടി വന്ന് അയാളുടെ മുണ്ടിൽ പിടിച്ച് ചോദിച്ചു:

ചേട്ടാ, എന്നെ ഓ൪മ്മയുണ്ടോ?

അയാൾ അവളെയാണ് കാത്തിരുന്നത് എന്നവണ്ണം ആവേശത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു:

മണിവ൪ണ്ണിനിയല്ലേ നീ?

അതേ ചേട്ടാ.. കാശ് ഇതുവരെ ശരിയായില്ല.. അതുകൊണ്ടാ…

അയാൾ മുഴുവൻ പറയാൻ സമ്മതിക്കാതെ അവളെ ചേ൪ത്തുപിടിച്ചുകൊണ്ട് പറഞ്ഞു:

അതൊന്നും സാരമില്ല.. എനിക്ക് ആ പണം വേണ്ട..

നിന്റെ അമ്മയ്ക്ക് എങ്ങനെയുണ്ട്?

അമ്മ മരിച്ചു പോയി ചേട്ടാ…

അവൾ വാക്കുകൾ കിട്ടാതെ വിതുമ്പി.

നീ ഇപ്പോൾ ആരുടെകൂടെയാണ് താമസം?

ആരുമില്ല.. ചിലപ്പോൾ അടുത്ത വീട്ടിൽ പോയി കിടക്കും. അവിടെയും ഓരോ പ്രശ്നങ്ങളാ..

അപ്പോൾ നിന്റെ കാര്യങ്ങളൊക്കെ ?

ഞാൻ കടല വിൽക്കാൻ പോകും..

അവൾ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.

നീയെന്തെങ്കിലും കഴിച്ചോ?

അവളുടെ വാടിത്തള൪ന്ന മുഖം പിടിച്ചുകൊണ്ട് അയാൾ ചോദിച്ചു.

അവൾ ഇല്ലെന്ന് തലയാട്ടി.

അയാൾ വേഗംതന്നെ അടുത്തുള്ള കടയിൽനിന്ന് പലഹാരങ്ങൾ വാങ്ങിക്കൊണ്ടുവന്ന് അവൾക്ക് കൊടുത്തു.

അവളത് ആ൪ത്തിയോടെ കഴിക്കുന്നത് അവ൪ രണ്ടുപേരും നോക്കിനിന്നു.

ചേട്ടന്റെ പണം ഞാൻ വേഗംതന്നെ തരാം.

അവൾ കുറ്റബോധത്തോടെ പറഞ്ഞു.

അയാൾ പറഞ്ഞു:

എനിക്ക് പണമൊന്നും വേണ്ട.. പകരം നീ എന്റെ കൂടെ വന്നാൽമതി.. എന്റെ മകളായിട്ട്.

ആ‌ കുട്ടിയുടെ കണ്ണിൽ അത്ഭുതവും സങ്കടവും സമ്മിശ്രമായി നിറഞ്ഞുകവിഞ്ഞു.

അയാൾ ആ കൈകൾ പിടിച്ച് ഭാര്യയുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു:

ഇനിയിവളാണ് നമ്മുടെ മകൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *