ഏട്ടൻ ഒരു പാവമാണെടീ.. എന്നോടും മക്കളോടും ഏട്ടന് അത്രക്ക് ഇഷ്ടമാണ്.. ഞാനൊരിക്കലും ഏട്ടനു ചേർന്ന പെണ്ണല്ല……

മായാതെ

Story written by Shafia Shamsudheen

“ഒരുപാട് നേരമായല്ലോ മായേ നീ ഈ തിരയെണ്ണാൻ തുടങ്ങിയിട്ട്….. ഇനി മതി.. വാ നമുക്ക് പോവാം…?”

പാറി പറന്ന നീളൻ മുടി മാ റിലേക്കു ചേർത്തൊതുക്കി കടലിലേക്ക് കണ്ണുംനട്ട് ഇരിക്കുന്ന മായയെ ഒന്ന് നോക്കി കൊണ്ട് അഞ്ജു ചോദിച്ചു..

“അഞ്ജൂ… നീ അവിടെ ഇരിക്ക്… എനിക്ക് ഒന്ന് മനസ്സ് തുറന്ന് സംസാരിക്കണം…”

മായ അവളെ നോക്കാതെ അത് പറഞ്ഞപ്പോൾ അഞ്ജു അവൾക്കരികിലായി ഇരുന്നു.

“നിനക്കെന്തു പറ്റിയെടീ മായേ..? രണ്ടു മൂന്നു ദിവസമായിട്ട് ഞാൻ ഫോൺ വിളിച്ചാൽ പോലും നീ ശെരിക്ക് സംസാരിക്കുന്നില്ലല്ലോ..?

മായ കരയാൻ തുടങ്ങിയപ്പോൾ അഞ്ജു അങ്ങോട്ടുമിങ്ങോട്ടും നോക്കി അവളെ വിലക്കി..

“എന്താ നിന്റെ പ്രശ്നം..? എന്നോട് പറയൂ.. മഹേഷേട്ടനുമായി എന്തെങ്കിലും…?”

ഒഴുകി വന്ന കണ്ണുനീർ മറ്റാരും കാണാതിരിക്കാൻ പാടുപെട്ട് കൊണ്ട് മായ പറഞ്ഞു തുടങ്ങി…

“ഏട്ടൻ ഒരു പാവമാണെടീ.. എന്നോടും മക്കളോടും ഏട്ടന് അത്രക്ക് ഇഷ്ടമാണ്.. ഞാനൊരിക്കലും ഏട്ടനു ചേർന്ന പെണ്ണല്ല.. എത്ര ശ്രമിച്ചിട്ടും ഏട്ടൻ ആഗ്രഹിക്കുന്ന ഒരു പെണ്ണാവാൻ എനിക്ക് കഴിഞ്ഞിട്ടുമില്ല.. ഞാൻ സ്വാർത്ഥയാണ്… എന്നെ കുറിച്ചു മാത്രം ചിന്തിക്കുന്ന സ്വാർത്ഥ..” അതു പറഞ്ഞ് അവൾ പൊട്ടിക്കരയാൻ തുടങ്ങിയപ്പോൾ അഞ്ജു അവളെ സമാധാനിപ്പിച്ചു..

“അതൊക്കെ നിന്റെ തോന്നലുകൾ അല്ലേ.. എന്താ മഹേഷേട്ടൻ അങ്ങനെ വല്ലതും പറഞ്ഞോ..? നീ ഒരു പൊട്ടി പെണ്ണ്.. വേണ്ടാത്ത ഓരോന്നൊക്കെ ചിന്തിച്ചു കൂട്ടി മനസ്സമാധാനം കളയുന്നു.. മഹേഷേട്ടനെയും നിന്നെയും മക്കളെയും എപ്പോഴും നല്ല സന്തോഷത്തിലേ ഞാൻ കണ്ടിട്ടുള്ളു.. ഒക്കെ നിന്റെ തോന്നലുകളാണ്…”

“അതെന്റെ മഹേഷേട്ടന്റെ നന്മയാണ് അഞ്ജു…

നിനക്കറിയോ… ആ മഹേഷേട്ടൻ ഇപ്പോ എന്നോടൊന്ന് സംസാരിക്കുന്നു പോലുമില്ല… കുറ്റപ്പെടുത്തിയെങ്കിലും എന്തെങ്കിലും ഒന്ന് പറഞ്ഞിരു ന്നെങ്കിൽ……..

പക്ഷേ ഏട്ടനാണ് ശെരി… ഞാനായിരുന്നു തെറ്റ്…”

മായ വീണ്ടും കരയാൻ തുടങ്ങിയപ്പോൾ അഞ്ജു അവളെ ചേർത്തു പിടിച്ചെണീപ്പിച്ചു പതിയെ പറഞ്ഞു.. “വാ നമുക്കല്പം നടക്കാം… ആളുകൾ ശ്രദ്ധിക്കുന്നു..”

കാലുകളെ ചുംബിക്കാൻ കടൽത്തിരകളെ അനുവദിക്കാതെ… കാലടിപ്പാടുകൾ ഓരോന്നും മണ്ണിൽ പതിപ്പിച്ച്… കടൽക്കാറ്റിന്റെ സുഖശീതളിമ ഏറ്റുവാങ്ങി അവർ നടന്നു…

അതിനോടൊപ്പം മായ അവളുടെ ഹൃദയവേദന അഞ്ജുവിനോട് പങ്കു വെക്കുകയായിരുന്നു..

ഒരു പഴയ തറവാട്ടിലെ നാലുമക്കളിൽ രണ്ടാമത്തേതായിരുന്നു മായ… മൂത്ത സഹോദരൻ ഭാര്യയോടൊപ്പം വിദേശത്താണ്…. ആൾക്ക് വീടിനോടും വീട്ടുകാരോടും ഉത്തരവാദിത്തം അല്പം കുറവാണ്..

പിന്നെ ഇരട്ടകളായ അനിയൻ മനുവും അനിയത്തി മാളുവും..

മായയുടെ വിവാഹം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ മരണപ്പെട്ടു.. അതിനുശേഷം വീട്ടിലെ കാര്യങ്ങൾക്ക് ബുദ്ധിമുട്ട് ആയി തുടങ്ങി…

അമ്മയുടെ കഷ്ടപ്പാടിനോടുള്ള സഹോദരന്റെയും കുടുംബത്തിന്റെയും നിസ്സഹകരണം കണ്ടപ്പോഴാണ് അന്ന് അവൾ മഹേഷിനോട് ചോദിച്ച്, അയാളുടെ കയ്യിൽ നിന്നും കുറച്ചു ക്യാഷ് വാങ്ങി വീട്ടിലെ കാര്യങ്ങൾ നോക്കാൻ തുടങ്ങിയത്…

അമ്മയുടെയും മനുവിന്റെയും മാളുവിന്റെയും സന്തോഷം കണ്ടപ്പോൾ പിന്നെ മായ അതൊരു പതിവാക്കുകയായിരുന്നു..

ഓരോ ആവശ്യങ്ങൾക്കും മഹേഷിനോട് ചോദിച്ചും അല്ലാതെയും അവൾ വാങ്ങി കൊണ്ടിരുന്നു… അപ്പോഴൊന്നും ഭർത്താവിന്റെ കയ്യിൽ ഉണ്ടെന്നോ ഇല്ലെന്നോ അവൾ ചിന്തിച്ചില്ല… വീട്ടുകാരുടെ സന്തോഷം.. അതു മാത്രമായിരുന്നു അവളുടെ മനസ്സിൽ…

അങ്ങനെ വർഷങ്ങൾ കടന്നു പോയി… മായക്കും മഹേഷിനും രണ്ട് കുഞ്ഞുങ്ങളായി …

മായയുടെ വീട്ടിലെ ചെറിയ ചെറിയ ആവശ്യങ്ങൾ പിന്നെ വലിയ പണച്ചെലവു കളിലേക്ക് വഴിമാറി.. മനുവിന്റെയും മാളുവിന്റെയും വിദ്യാഭ്യാസവും ആ വീട്ടിൽ ഉണ്ടാവുന്ന മറ്റു ഭാരിച്ച ആവശ്യങ്ങളുമെല്ലാം മഹേഷിന്റെ തലയിലായി…

ഒരു പ്രൈവറ്റ് കമ്പനിയിൽ തരക്കേടില്ലാത്ത ശമ്പളമുള്ള ജോലി ആയിരുന്നിട്ട് കൂടെ.. തന്റെ വരുമാനത്തിലേക്ക്… കൂടിക്കൂടി വരുന്ന ചിലവിനെ ഒതുക്കാൻ അയാൾ ഒരുപാട് ഒതുങ്ങി…

ഇതുമൂലം മഹേഷിന് മക്കളുടെ സന്തോഷങ്ങൾക്ക് പലപ്പോഴും പിശുക്ക് കാണിക്കേണ്ടി വന്നു..

ഭാര്യയോട് അതിനെ കുറിച്ച് പരാതി പറയാൻ തുടങ്ങുമ്പോഴൊക്കെ അയാൾ നിസ്സഹായനാവുകയായിരുന്നു… അവളോട്‌ അത്രക്ക് സ്നേഹമായിരുന്നു മഹേഷിന്… അവളുടെ മുഖത്തെ സന്തോഷത്തിന് മങ്ങൽ ഏൽക്കുന്നത് അയാൾക്ക് സഹിക്കാനാവുമായിരുന്നില്ല…

പക്ഷേ മായ ഒരിക്കലും മഹേഷിന്റെ വിഷമങ്ങളോ ജോലി പ്രശ്നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഒന്നും ചിന്തിച്ചിരുന്നില്ല..

അമ്മയും സഹോദരങ്ങളും ആവശ്യപ്പെടുമ്പോഴും അല്ലാതെയും അവൾ അവർക്ക് പണവുമായി കൂടെ ഉണ്ടാകുമായിരുന്നു…

മനുവിന്റെയും മാളുവിന്റെയും പഠനം കഴിഞ്ഞു… മനുവിനെ വിദേശത്തേക്ക് ജോലിക്ക് അയക്കാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നു..

അതിനിടയിൽ മായയുടെ വീട്ടിൽ ഒരു വലിയ തുക ബാധ്യത ഉണ്ടെന്നും അതിനു ലക്ഷങ്ങളുടെ ആവശ്യം ഉണ്ടെന്നും പറഞ്ഞു മായ മഹേഷിനോട് കെഞ്ചാൻ തുടങ്ങി… അയാളുടെ എതിർപ്പിനെ വക വെക്കാതെ അവൾ അതുതന്നെ ആവർത്തിച്ചു കൊണ്ടിരുന്നപ്പോൾ അയാൾക്ക് തള്ളിക്കളയാനായില്ല…

അവൾ പറഞ്ഞ തുകയ്ക്കുള്ള ലോൺ സംഘടിപ്പിക്കാൻ അയാൾ നെട്ടോട്ടമോടി..

ഒടുവിൽ തന്റെ അമ്മ ആവശ്യപ്പെട്ട തുകയുമായി മഹേഷിനും മക്കൾക്കുമൊപ്പം വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അത്രക്കധികം സന്തോഷവതിയായിരുന്നു മായ…

അമ്മയും സഹോദരങ്ങളും അവരെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു..

അധികം വൈകാതെ മനു വിദേശത്തേക്ക് പറന്നു… നല്ലൊരു ജോലിയിൽ പ്രവേശിച്ചു…

അതിനു ശേഷമാണ് കൊറോണക്കാലം തുടങ്ങിയത്.. മഹേഷിന്റെ ജോലിയെയും ശമ്പളത്തെയും അത് സാരമായി ബാധിച്ചു.. ആദ്യ കുറച്ചുകാലം ലോൺ അടക്കാൻ കടം വാങ്ങി അയാൾ കഷ്ടപ്പെട്ടു… പിന്നെ പിന്നെ അയാളെ കൊണ്ട് അതിനും കഴിയാതെയായി..

കുടിശ്ശിക കൂടിക്കൂടി വന്നു… എന്തു ചെയ്യണമെന്നറിയാതെ അയാൾ അസ്വസ്ഥനായി… ജപ്തിയുടെ മുന്നറിയിപ്പുമായി ബാങ്കിൽ നിന്നും ആളുകളെത്തിയപ്പോഴാണ് മായ അതിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കുന്നത്…

“ഇത്രക്കും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ മഹേഷേട്ടാ… ഞാനൊന്നും അറിഞ്ഞില്ലല്ലോ….?”

അവളുടെ ചോദ്യത്തിന് അയാൾ നിർവികാരനായി മറുപടി പറഞ്ഞു.. “നീ അതൊന്നും അറിയാൻ ശ്രമിച്ചിട്ടില്ലല്ലോ…”

“എന്നോട് ക്ഷമിക്ക് മഹേഷേട്ടാ… ഏട്ടൻ ഒട്ടും വിഷമിക്കണ്ട… ഞാൻ അമ്മയോട് പറഞ്ഞു അവിടെ അമ്മയുടെ പേരിലുള്ള വസ്തുവിൽ ഒരു ലോൺ എടുപ്പിച്ചു നമ്മുടെ ക്യാഷ് പെട്ടെന്ന് തിരിച്ചു തരാൻ പറയാം… മനു പോയിട്ട് ഇപ്പൊ നല്ല ജോലിയുണ്ട്… അതുകൊണ്ട് അമ്മയ്ക്കും അത് കേൾക്കുമ്പോൾ എതിർപ്പുണ്ടാവില്ല… നമുക്കിപ്പോ തന്നെ പോവാം… ഞാനിപ്പോ റെഡിയായി വരാം…” അവൾ ആത്മവിശ്വാസത്തോടെ അയാളെ സമാധാനിപ്പിച്ചു…

അവർ അവളുടെ വീട്ടിലെത്തുമ്പോൾ മുൻപത്തെ പോലെ ഒരു സ്വീകരണം ഇല്ലായിരുന്നു…. മഹേഷും മക്കളും ടീവി ഓൺ ചെയ്ത് സോഫയിൽ ഇരുന്നു…

മായ എന്നത്തേയും പോലെ ഒരുപാട് സന്തോഷത്തോടെ അമ്മയെ ചേർത്തുപിടിച്ച് അടുക്കളയിലേക്ക് നടന്നു…

ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്ത് അതിലേക്ക് നാരങ്ങ പിഴിഞ്ഞ് കൊണ്ടിരുന്ന അമ്മയെ നോക്കി മായ പറഞ്ഞു….

“അമ്മാ… അന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ കൊണ്ടുവന്നു തന്ന ആ വലിയ തുക മഹേഷേട്ടൻ ബാങ്കിൽ നിന്നും കടമെടുത്തതായിരുന്നു… ശമ്പളം പകുതിയായി കുറഞ്ഞപ്പോ ഏട്ടനെ കൊണ്ട് അത് അടക്കാനാവുന്നില്ല… അമ്മ മനുവിനോട് പറഞ്ഞ് ആ ലോൺ ഇനി അവനോടു അടക്കാൻ പറയണം…”

കേട്ടതൊന്നും ഇഷ്ടപ്പെടാത്ത മട്ടിൽ അമ്മ മറുപടി പറഞ്ഞു… “മനുവിനോടോ..? നിനക്കറിയില്ലേ മായേ… അവൻ പോയിട്ട് അത്രക്ക് കാലങ്ങൾ ഒന്നും ആയില്ലല്ലോ..? എന്റെ മോനൊന്ന് പച്ച പിടിക്കട്ടെ… എന്നിട്ടാലോചിക്കാം…”

അമ്മയുടെ പ്രതികരണം കണ്ട് അല്പം ഉറക്കെ തന്നെ അവൾ ചോദിച്ചു… “അമ്മയെന്താ ഈ പറയുന്നത്..? അവിടെ വീട് ജപ്തി ചെയ്യാൻ പോകുവാ… അതിനു മുൻപ് എന്തെങ്കിലും ചെയ്യണം… അല്ലെങ്കിൽ പിന്നെ അമ്മ ഒരു കാര്യം ചെയ്യ്… അമ്മേടെ ആ വസ്തു വിറ്റിട്ടോ പണയം വെച്ചിട്ടോ എനിക്കല്പം പൈസ താ…”

ഇത്കേട്ടതും പുച്ഛത്തോടെ അമ്മ മകളെയൊന്ന് നോക്കി… “എന്റെ വസ്തു വിറ്റ് നിനക്കോ… കൊള്ളാലോ നിന്റെ ഉള്ളിരിപ്പ്… നിന്നെയൊക്കെ കെട്ടിച്ചു വിടുമ്പോൾ തന്നത് തന്നെ ധാരാളം… പിന്നെ നിന്റെയൊക്കെ കെട്ട്യോന്റെ പിടിപ്പുകേടിന് ഞാൻ എന്തിനു പ്രായശ്ചിത്തം ചെയ്യണം..?”

തല കറങ്ങുന്നതു പോലെ തോന്നി മായക്ക്.. വീഴാതിരിക്കാൻ അവൾ ചുമരിൽ പിടിച്ചു നിന്നു…

കാറിന്റെ നീട്ടിയുള്ള ഹോണടി കേട്ട് അവൾ അടുക്കളയിൽ നിന്നും യാന്ത്രികമായി നടന്നു…

വണ്ടിയുടെ ഡോർ തുറന്നു പുറകിൽ കയറിയിരുന്നു.. സ്ഥലകാലബോധം നഷ്ടപ്പെട്ട പോലെ…

തന്റെ ഇത്രയും കാലത്തെ ജീവിതമാണ്.. വിശ്വാസമാണ്.. സ്നേഹമാണ്.. ആത്മാർത്ഥതയാണ്.. തകർന്ന് തരിപ്പണമായിരിക്കുന്നത്…

ഇത്രയും കാലം എല്ലാം മറന്ന്.. മഹേഷേട്ടനെയും മക്കളെ പോലും മറന്നു താൻ സ്നേഹിച്ച തന്റെ അമ്മയെയാണോ താനീ കണ്ടത്..??

മക്കളെ കാണാൻ തോന്നുന്നു എന്ന് പറഞ്ഞു വാശി പിടിച്ച് തന്റെ അനിയത്തി ഒന്ന് ഫോൺ ചെയ്യുമ്പോഴേക്കും മറ്റൊന്നും നോക്കാതെ മഹേഷേട്ടനെ കൊണ്ട് ഇത്രയും ദൂരം ഡ്രൈവ് ചെയ്യിച്ച് മക്കളെയും കൊണ്ട് ഓടി വരുമായിരുന്നു താൻ.. ആ മക്കളെ കണ്ടിട്ട് അവൾ മുറിയിൽ നിന്നും ഒന്നിറങ്ങി വന്നുപോലും ഇല്ലല്ലോ…..

ഒരു തുള്ളി കണ്ണുനീർ പോലുമില്ലാതെ.. ചിന്തകൾ വന്നു നിറഞ്ഞിട്ടും ഒന്നും ചിന്തിക്കാനാവാതെ എങ്ങോട്ടെന്നില്ലാതെ ദൃഷ്ടിയൂന്നി അവൾ ഇരുന്നു… മഹേഷ്‌ നിശബ്ദനായി ഡ്രൈവ് ചെയ്യുകയായിരുന്നു…

വീട്ടിലെത്തിയിട്ടും ആരും ഒന്നും സംസാരിച്ചില്ല… മഹേഷിന്റെ ആ മൗനം തന്നെയായിരുന്നു അവളെ ഏറെ സങ്കടപ്പെടുത്തിയത്… അടുത്തേക്ക് പോവാൻ പോലും അവൾ ഭയന്നു..

മനസ്സ് തുറന്നു എല്ലാം പറഞ്ഞൊന്നു പൊട്ടിക്കരയാനാണ് അവൾ ഒരേയൊരു ആത്മസുഹൃത്തായ അഞ്ജുവിനെ വിളിച്ച് പുറത്തേക്ക് പോയത്…

എല്ലാം അവളോട്‌ തുറന്നു പറഞ്ഞ മായ ഏങ്ങലോടെ സാരിത്തലപ്പു കൊണ്ട് മുഖമൊന്നമർത്തി തുടച്ചു…

പക്ഷേ അഞ്ജുവിന്റെ സമാധാനിപ്പിക്കൽ ഒന്നും ആർത്തലച്ചിരുന്ന അവളുടെ മനസ്സിനെ ശാന്തമാക്കിയില്ല…

സമയം വൈകിയതിനാൽ അഞ്ജു മായയുമായി വീട്ടിലേക്ക് തിരിച്ചു… സിറ്റൗട്ടിൽ മഹേഷ്‌ ഇരിപ്പുണ്ടായിരുന്നു… കരഞ്ഞു വീർത്ത മുഖത്തോടെ തല താഴ്ത്തി പിടിച്ച് മായ അകത്തേക്ക് കയറി…

അഞ്ജു മഹേഷിനോട് മായയ്ക്കു വേണ്ടി സംസാരിച്ചു… അവളുടെ ഉള്ളിൽ നിറയെ കുറ്റബോധമുണ്ടെന്നും അവളോട് ക്ഷമിക്കണമെന്നും അപേക്ഷിച്ചപ്പോൾ… “എനിക്കവളോട് ദേഷ്യമൊന്നുമില്ല അഞ്ജു..” എന്ന് മഹേഷ്‌ പറഞ്ഞതും അഞ്ജു മായയെ വിളിച്ച് മഹേഷിന്റെ അരികിലേക്ക് ചേർത്തു നിർത്തി… “ഇനി രണ്ടു പേരും ഒന്ന് കെട്ടി പ്പിടിച്ചോളൂ… ഞാൻ പോട്ടെ…” എന്ന് പറഞ്ഞു ചിരിയോടെ അവൾ തന്റെ സ്കൂട്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു…

മായ പെട്ടെന്ന് മഹേഷിന്റെ കാലിൽ വീണു കരയാൻ തുടങ്ങി… “എന്നോട് ക്ഷമിക്ക് മഹേഷേട്ടാ… ഞാൻ കാരണമാണ് എല്ലാം… എനിക്കും മക്കൾക്കും വേണ്ടി മാത്രം ജീവിക്കുന്ന മഹേഷേട്ടനെ ഒരു നിമിഷം പോലും ഞാൻ ഓർത്തില്ല…”

മഹേഷ്‌ അവളെ പിടിച്ചെഴുന്നേൽപ്പിച്ചപ്പോൾ അവൾ മഹേഷിനെ നോക്കി പറഞ്ഞു…

“ഇല്ല മഹേഷേട്ടാ… ഇത്രയും വലിയ കടബാധ്യതക്ക് ഇതൊന്നും ഒന്നുമാവില്ല എന്നറിയാം… പക്ഷേ ഈ താലിമാലയും വളകളും വിറ്റ് കിട്ടുന്ന പൈസ മഹേഷേട്ടൻ ബാങ്കിൽ അടക്കണം..

അഞ്ജുവിന്റെ ഓഫിസിൽ എക്കൗണ്ട്സിൽ ഒരു വേക്കൻസി ഉണ്ടെന്ന് പറഞ്ഞു… അവൾ എനിക്ക് വേണ്ടി മാനേജരോട് സംസാരിക്കാമെന്ന് ഏറ്റിട്ടുണ്ട്… എന്നെക്കൊണ്ടായത് പോലെ ഞാനും കൂടെ നിൽക്കാം മഹേഷേട്ടാ….” അവൾ കണ്ണീരോടെ അയാൾക്ക് മുൻപിൽ കൈകൾ കൂപ്പി നിന്നു…

മഹേഷ്‌ അവളെ ഇറുകെ പുണർന്നു… നെറുകയിൽ ചും ബിച്ചു… “നീ ജോലിക്കൊന്നും പോയി കഷ്ടപ്പെടണ്ട മോളേ… സാരല്ല്യ… എല്ലാം ഒരു ദുസ്വപ്നം പോലെ മറക്കാം നമുക്ക്… നിനക്ക് ഒരു തിരിച്ചറിവ് വന്നല്ലോ… എനിക്കതു കണ്ടാൽ മതി… ഇനി നമ്മുടെ ജീവിതം തിരിച്ചു പിടിക്കാൻ എനിക്കറിയാം… ഈ വീട് എനിക്ക് നഷ്ടപ്പെടുത്താനാവില്ല.. അതുകൊണ്ട് തന്നെ നമ്മുടെ വീടിന്റെ പിൻഭാഗത്തുള്ള കുറച്ചു സ്ഥലം വിൽക്കാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്.. അതുടനെ ശെരിയാവും.. നീ വിഷമിക്കണ്ട..”

****************

പ്രശ്നങ്ങളൊഴിഞ്ഞു സമാധാനത്തോടെ അവർ ജീവിതം ആരംഭിച്ചിട്ട് ആറു മാസങ്ങൾ കഴിഞ്ഞു.. വീട്ടിൽ നിന്നും മായയെ അന്വേഷിച്ച് ആരും വിളിക്കാറുമില്ല… അവൾ ആരെയും തിരിച്ചന്വേഷിക്കാറുമില്ല…

തികച്ചും സന്തോഷം നിറഞ്ഞ ജീവിതം…

അങ്ങനെ ഒരു ദിവസം ജോലി കഴിഞ്ഞു വന്ന മഹേഷിന്റടുത്തേക്ക് ചായയുമായി വന്ന മായയുടെ മുഖത്ത് പതിവിൽ കവിഞ്ഞ സന്തോഷം… അവൻ കാര്യം തിരക്കി… “അത് പിന്നെ മഹേഷേട്ടാ… ഇന്ന് അമ്മ വിളിച്ചിരുന്നു….”

ഒട്ടും തൃപ്തിയില്ലാതെ മഹേഷ്‌ ചോദിച്ചു… “ഹും.. എന്തിന്…? എന്തെങ്കിലും ആവശ്യം കാണും…”

“ഒന്നുമില്ല മഹേഷേട്ടാ… ഒരു സന്തോഷവാർത്ത പറയാനാ… നമ്മുടെ മാളുവിന്റെ വിവാഹമാണ്… ക്ഷണിക്കാൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞു..”

“ഓഹ്.. ആയ്ക്കോട്ടെ … ക്ഷണിക്കാൻ വന്നോട്ടെ… അതിനിപ്പോ എന്താ..?”
മഹേഷ്‌ അലസനായി പറഞ്ഞു..

“ആ.. ഞാനും പറഞ്ഞിട്ടുണ്ട് മാളുവിനെയും കൂട്ടി എത്രയും പെട്ടെന്ന് വരാൻ… എനിക്കവരെ കാണാൻ ധൃതി തോന്നുന്നു മഹേഷേട്ടാ…”

“പിന്നേ… അതില്ലേ മഹേഷേട്ടാ…”

അയാൾ മറുപടി ഒന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ അവൾ വീണ്ടും വിളിച്ചു…… “മഹേഷേട്ടാ…”

“ആ.. എന്താ…?”

“നമ്മൾ മാളുവിന്‌ എന്താ സമ്മാനം കൊടുക്കുന്നത്…? എല്ലാവരും ചോദിക്കില്ലേ… ചേച്ചിയുടെ വക എന്താ കൊടുക്കുന്നെ എന്ന്…. നമ്മൾ ഒരു 20പവൻ എങ്കിലും കൊടുത്തില്ലെങ്കിൽ മോശമല്ലേ മഹേഷേട്ടാ… അത് മതിയോ..? മോശവോ..??”

ഇരുന്നിടത്തു നിന്ന് എണീറ്റ അയാളുടെ കൈകൾ അവളുടെ കവിളിൽ ആഞ്ഞു പതിച്ചു.. “മാളുവിന് സമ്മാനമായി ദാ ഇത് കൊണ്ടുപോയി കൊടുക്ക്… പിന്നെ അവളുടെ ബിരുദം നിന്റെ സമ്മാനമാണ്… അവൾ ആഴ്ചതോറും ബ്യൂട്ടി പാർലറിൽ പോയി 2000രൂപ കൊടുത്ത് ഉണ്ടാക്കി വെച്ചിരിക്കുന്ന ആ തൊലിവെളുപ്പ് നിന്റെ സമ്മാനമാണ്.. പിന്നെയെന്തൊക്കെയാണെന്ന് മോൾക്ക് അറിയാല്ലോ… എന്നെ കൊണ്ട് കണക്ക് പറയിപ്പിക്കണ്ട… സമ്മാനങ്ങൾ ഒരുപാടുള്ളത് കൊണ്ട് എനിക്കും നിനക്കും മറ്റാരേക്കാളും അവകാശത്തോടെ പോയി വിവാഹം കൂടാം.. അതോർത്തു നീ വിഷമിക്കണ്ട…”

അല്പം ശബ്ദമുയർത്തി അയാളത് പറഞ്ഞു തീർക്കുമ്പോൾ ആണ് തുറന്നിട്ട വാതിലിലൂടെ അഞ്ജു അകത്തേക്ക് കയറി വന്നത്…

തലയുയർത്താതിരിക്കുന്ന മായയെ നോക്കി അഞ്ജു പറഞ്ഞു… “ഞാനെല്ലാം കേട്ടു മഹേഷേട്ടാ… ഇത് നിങ്ങൾ മുൻപേ ചെയ്യേണ്ടതായിരുന്നു…”

“എടീ മായേ… ജീവിതം അനുഭവം കൊണ്ട് പഠിക്കാത്തവർ പമ്പര വിഡ്ഢികളാ… നല്ല മനസ്സൊക്കെ നല്ലതു തന്നെ… പക്ഷേ ആ നല്ല മനസ്സിനെ മറ്റുള്ളവർ ചൂഷണം ചെയ്യുമ്പോൾ അതിന് നമ്മൾ നിന്നു കൊടുക്കരുത്… അത് അച്ഛനായാലും അമ്മയായാലും ഭർത്താവായാലും ഭാര്യയായാലും ഈ ഞാൻ ആയാലും…”

അഞ്ജു അതും പറഞ്ഞ് തിരിച്ചിറങ്ങി പോവുമ്പോൾ “ഇനിയെങ്കിലും മായക്ക് നല്ല ബുദ്ധി തോന്നണേ…” എന്ന് പ്രാർത്ഥിക്കുകയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *