ഒരു പത്തു വർഷത്തിനു ശേഷവും ഇപ്പോഴുള്ള ഈയൊരിഷ്ടം അന്നും നിനക്കെന്നോടുണ്ടെങ്കിൽ അന്നും നീ അവിവാഹിത ആണെങ്കിൽ തീർച്ചയായും……..

Story written by Pratheesh

” ഒരു പത്തു വർഷത്തിനു ശേഷവും ഇപ്പോഴുള്ള ഈയൊരിഷ്ടം അന്നും നിനക്കെന്നോടുണ്ടെങ്കിൽ അന്നും നീ അവിവാഹിത ആണെങ്കിൽ തീർച്ചയായും അന്നു ഞാൻ നിന്നെ എന്റെ ജീവിതത്തിലേക്ക് സ്വീകരിക്കാം. “

മിഴിവ് വരേണ്യയോട്അ വസാനമായി പറഞ്ഞ വാക്കുകൾ അതായിരുന്നു, ട്രെയിനിലിരുന്ന് പഴയ കേളേജിലേക്കുള്ള യാത്രയിൽ അവൾ ഒാർക്കുക യായിരുന്നു ആ കഴിഞ്ഞ കാലം !

ആ പത്തു വർഷം തികയുന്ന ദിവസമായിരുന്നു അന്ന് ! കഴിഞ്ഞ പത്തു വർഷമായി സ്നേഹിക്കാൻ ഉള്ളിൽ ഒരാളുണ്ടായിട്ടും ഹൃദയം നിറഞ്ഞ് സ്നേഹിക്കാൻ കഴിയാതെ, ആ ശബ്ദമൊന്നു കേൾക്കാതെ, ഒരിക്കൽ പോലും ഒന്നു കാണാനാവാതെ, സ്വപ്നങ്ങൾക്കു പോലും നിറങ്ങളില്ലാതെ, അവന്റെ ഒാർമ്മളിൽ പോലും താൻ ഉണ്ടാവാതെ പോകുമോ എന്നു ഭയപ്പെട്ട്, ആഗ്രഹങ്ങളിൽ പോലും അവകാശങ്ങളില്ലാതെ, ഇനി ഒരിക്കൽ കൂടി കാണുമോ എന്നു പോലും ഉറപ്പില്ലാതെ, എല്ലാം ഒാർമ്മകളിൽ നിന്നു മാത്രം ചികഞ്ഞെടുത്തു ഒാർമിക്കേണ്ടി വന്ന പത്തു വർഷങ്ങൾ കടന്നു പോയിരിക്കുന്നു, എന്നിട്ടും അവൾക്കിപ്പോഴും ഉറപ്പൊന്നുമില്ല അവളെയീം കാത്ത് അവനവിടെ ഉണ്ടാവുമെന്ന്,

കാരണം മിഴവ് വരേണ്യയോടു അവനു വേണ്ടി അത്രയും കാലം കാത്തിരിക്കാൻ കഴിയുമോ എന്ന തരത്തിൽ അതു പറഞ്ഞപ്പോൾ കാത്തിരിക്കാമെന്ന് അവൾ അവനോട് പറഞ്ഞിട്ടില്ല,

പകരം ആ സമയം നിശബ്ദമായി അവനെ നോക്കുകയും മൗനമായി സ്വയം അതിനു സാധിക്കുമെന്ന രീതിയിൽ മനസിലവൾ അതുറപ്പിക്കുകയും മാത്രമായിരുന്നു അപ്പോൾ ചെയ്തത്,

അവനോട് അവൾക്കു വേണ്ടി കാത്തിരിക്കണമെന്നോ, അവൾ അവനു വേണ്ടി കാത്തിരിക്കുമെന്നോ പോലും അവർ പരസ്പരം പറഞ്ഞിട്ടില്ല !

എല്ലാം അവിടെ മൗനത്തിന്റെ ഭാഷയിൽ അവസാനിപ്പിക്കുകയായിരുന്നു , വരേണ്യ അവിടെ വെച്ച് ആകെ ഒാർമ്മിച്ചത് ആ ദിവസവും തിയ്യതിയും മാത്രമായിരുന്നു,

അതു കൊണ്ടു തന്നെ ഇന്നവളെ കാത്തവൻ അവിടെയുണ്ടാകുമെന്ന് അവൾക്കൊരുറപ്പുമില്ലായിരുന്നു, അവർ അവസാനമായി സംസാരിച്ച അതേ സ്ഥലത്തു തന്നെയാണോ ഈ പത്തു വർഷത്തിനു ശേഷവും വീണ്ടും കണ്ടുമുട്ടേണ്ടതെന്നു പോലും അവൾക്കു നിശ്ചയമില്ലായിരുന്നു, അന്നതു ചോദിച്ചതുമില്ല,

എന്നാലും അവസാനമായി കണ്ടു പിരിഞ്ഞ ആ സ്ഥലത്തു തന്നെ മിഴിവിനായി ഒരുവട്ടം കൂടി കാത്തു നിൽക്കാമെന്നവൾ തീരുമാനിക്കുകയായിരുന്നു,

അങ്ങിനെ ഉറപ്പില്ലാത്ത ആ മോഹവും ആ സ്ഥലവും തേടി അവളുടെ യാത്ര ആരംഭിച്ചു, വരേണ്യക്കറിയാം ചിലപ്പോൾ അവന്റെ വിവാഹം തന്നെ കഴിഞ്ഞിട്ടുണ്ടാവാമെന്നും, പുതിയ കുടുംബവും, ഇണയും, കുട്ടികളുമൊക്കെ ആയിട്ടുണ്ടാവാമെന്നും,

എന്നാൽ അവളെ സംബന്ധിച്ച്മ നസിലവനു കൊടുത്ത ആ വാക്കു പാലിച്ചിരിക്കുന്നു എന്നു സ്വയം ആശ്വസിക്കാനായിട്ടാണെങ്കിലും ആ വരവ് അവൾക്ക് ഒരത്യാവശ്യമായിരുന്നു,

കണ്ണകന്നാൽ മനസ്സകന്നു എന്നു പറയും, എന്നാലിവിടെ വെറും അകൽച്ചയല്ല വർഷങ്ങളുടെ ഇടവേളയാണ് ഉണ്ടായിട്ടുള്ളത്, ചിലപ്പോൾ അന്നു പറഞ്ഞതു പോലും ഇന്നവൻ ഒാർമ്മിക്കുന്നുണ്ടാവണമെന്നില്ല എന്നും വരേണ്യക്കറിയാം,

ഇനി കോളേജെത്താൻ ഒരു മണിക്കൂർ കൂടി മാത്രം അവശേഷിക്കുന്നു ഒാർമ്മകൾ വീണ്ടും അവളിൽ ആ പ്രണയാർദ്രമായ കാലഘട്ടത്തിന്റെ വസന്തം തീർത്തു,

വരേണ്യ അന്നവളുടെ പിറന്നാളായതു കൊണ്ടു അമ്പലത്തിൽ പോയതായിരുന്നു, പ്രാർത്ഥനകൾക്കു ശേഷം പുറത്തേക്കിറങ്ങിയ ആ സമയത്താണ് ചെറുതായി മഴ പെയ്തത് അതാണ് ഒന്നവിടെ തന്നെ നിന്നത് അന്നേരമാണ് മിഴിവിനെ വരേണ്യ ആദ്യമായി കാണുന്നത് അതിനും ഒരു കാരണമുണ്ടായിരുന്നു അവളുടെ പുറകിൽ നിന്ന രണ്ടുപേരുടെ സംഭാഷണത്തിൽ അവനെ കുറിച്ച് പറഞ്ഞ രണ്ടു വാക്കുകൾ അതാണവളും അവനെ ശ്രദ്ധിക്കാൻ കാരണമായത് !

അവർ പറഞ്ഞു ” സ്ഥിരമായി അമ്പലത്തിൽ വന്നു കൊണ്ടിരുന്ന ഒരുത്തനാണ് ഇപ്പോഴവനെ ഈ വഴിക്കേ കാണാനില്ല അവനെന്തോ പറ്റിയിട്ടുണ്ട് ” അവരുടെ വാക്കുകളിലൂടെ അവളിലേക്ക് കടന്ന വന്ന ഒരു കൗതുകം അതായിരുന്നു അവളുടെയും ശ്രദ്ധയിലേക്ക് അവനെയും ക്ഷണിച്ചു വരുത്തിയത് !

അവനാണേൽ അവർ പറഞ്ഞതു പോലെ ആ അമ്പലത്തിലേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ അവൾക്കും അവർക്കും മുന്നിലൂടെ കടന്നു പോവുകയും ചെയ്തു,

പിന്നീടവനെ അവൾ പഠിച്ചിരുന്ന കോളേജിൽ വെച്ചും കണ്ടു വീണ്ടും അവനെ കാണാൻ ഇടയായതിലും അവനിലെന്തോ ദുരൂഹതയുണ്ടെന്നു തോന്നിയതിലും ഉണ്ടായ ഒരാകർഷണം അതായിരുന്നു അവനോടു തോന്നിയ ആദ്യത്തെ ഇഷ്ടം പിന്നീടെപ്പഴോ അതവനോടുള്ള അടങ്ങാത്ത ഇഷ്ടമായതു ഉള്ളിൽ വളർന്നു,

ആ നിമിഷം മുതൽ തോന്നി തുടങ്ങിയ ഇഷ്ടം പിന്നെ പുഴയും കായലും കടന്നു ഒരു കടലായതു മാറി, എന്നാലവിടെ പഠിച്ച മൂന്നു വർഷവും അവനോടതു പറയാനാവാതെ തുടങ്ങിയയിടത്തു തന്നെ അതു നിന്നു, ഉള്ളിൽ തീവ്രതയോടെ രൂപപ്പെട്ട ഇഷ്ടം അത്ര തന്നെ തീവ്രതയോടെ വാക്കുകളായി മാത്രം പുറത്തേക്ക് വന്നില്ല,

ഒന്നും പറയാനാവാതെ അങ്ങിനെ ആ മൂന്നു വർഷവും കടന്നു പോയി, അതിനിടയിലും ആ മൂന്നു വർഷങ്ങളിലും അവനെ ഇഷ്ടമാണെന്നതിന് അവനു മനസിലാവും വിധം ഒരുപടി സൂചനകൾ നൽകിയെങ്കിലും അതെല്ലാം അവനും കണ്ടില്ലെന്നു നടിച്ചു,

അവസാനം കോളേജിലെ അവസാനനാളിൽ ഇനിയൊരവസരം ഇല്ലെന്നു കണ്ടാണ് അവനോട് അവൾ അവളുടെ ഇഷ്ടം തുറന്നു പറഞ്ഞത്, എന്നാലവന് അവളെ വിശ്വാസമില്ലെന്നു പറഞ്ഞു, ഹൃദയം മുറിയുന്ന വേദനയോടെയായിരുന്നു അവന്റ ആ വാക്കുകൾ അവളുടെ കാതിൽ ചെന്നു പതിച്ചത്, എത്രയോ കഷ്ടപ്പെട്ടാണ് ഇഷ്ടം പറഞ്ഞതെങ്കിലും അവളുടെ ആ കഷ്ടപ്പാടിന് അവൻ ലവലേശം പോലും പ്രാധാന്യം നൽകിയതുമില്ല,

അതെല്ലാം കേട്ട് എല്ലാം അവിടെ അവസാനച്ചെന്ന ചിന്തയിൽ നെഞ്ചുലയുന്ന വേദനയോടെ തിരിച്ചു പോകാൻ തുടങ്ങിയ അവളെ പിന്നെയും തിരിച്ചു വിളിച്ചു കൊണ്ടവൻ അതിന്റെ കാരണവും അവളോടു പറഞ്ഞു,

അവനോടൊപ്പം എപ്പോഴും കൂട്ടുണ്ടായിരുന്ന അവന്റെ ഉറ്റ സുഹൃത്ത് ജീവനായി കണ്ടു സ്നേഹിച്ച പെണ്ണ് അവനെ വിട്ട് മറ്റൊരാളെ വിവാഹം കഴിച്ചു പോയെന്നും അതു പക്ഷേ അവന്റെ സുഹൃത്തിനത് താങ്ങാനായില്ലന്നും, ആ സുഹൃത്ത് തന്റെ പ്രണയിനിയുടെ ചതിയിൽ മനം നൊന്ത് കോളേജിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മ രിച്ചു എന്നും പറഞ്ഞതോടെ അവൾക്കെല്ലാം മനസിലായി !

ആ സംഭവത്തോടെയാണ് അവന് ഒരു പെണ്ണിനേയും വിശ്വാസമില്ലാതായെന്നും സ്ഥിരമായി അമ്പലത്തിൽ പോയിരുന്ന അവൻ സുഹൃത്തിന്റെ നിര്യാണത്തിലും ആ വേദനയിലും അടിമപ്പെട്ട് ഈശ്വരനോടു പോലും ദേഷ്യം വെച്ചു പുലർത്തുക യാണെന്നും അവൾക്കു മനസിലായി,

അതു കൊണ്ടു തന്നെ ഇനി അവനോടു തന്റെ സ്നേഹത്തെ പറ്റി പറഞ്ഞിട്ടു കാര്യമല്ലെന്നു മനസിലാക്കി അവനെ വിട്ടു പോരാൻ ശ്രമിച്ചതും അവൻ പിന്നെയും അവളെ വിളിച്ചു,

തുടർന്ന് കഴിഞ്ഞ മൂന്നു വർഷമായി സ്നേഹത്തിന്റെ വെള്ളിനൂലിൽ കോർത്ത ഇഷ്ടവുമായി അവനു പിന്നാലെ നടന്ന അവൾക്ക് ഒരവസരമെന്നോണം, അവനെ അത്ര കണ്ട് ഇഷ്ടപ്പെടാൻ എന്താണു കാരണമെന്നു പറയാമോ എന്നവളോടു അവൻ ചോദിച്ചു,

അതിനുത്തരമായി അവളവനോടു പറഞ്ഞു,

ഈ ചോദ്യത്തിനു വളരെ വ്യക്തമായൊരു ഉത്തരം തരാൻ എനിക്കറിയില്ല എന്നാൽ എന്റെ മനസിലുള്ള ചില കാര്യങ്ങൾ ഞാൻ പറയാം,

ഈ മൂന്നു വർഷവും പൂവിനു ചുറ്റും വട്ടമിട്ടു പറക്കുന്ന ഒരു പൂമ്പാറ്റയേ പോലെ നിങ്ങൾക്കു മുന്നിലും പിന്നിലുമായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നത്നി ങ്ങളെ മറക്കാനല്ല, ഇഷ്ടപ്പെടാനായിരുന്നു,

നിങ്ങൾക്കൊരാവശ്യം എന്ന നിലക്ക് എനിക്ക് നിങ്ങൾക്കു വേണ്ടി എന്നും ജീവിക്കാനാവും, കാരണം എന്റെ അകത്തുള്ള എന്തോ ഒന്നുമായി നിങ്ങളെപ്പോഴും കണക്റ്റ് ചെയ്യുന്നുണ്ട് !

പലരും എന്നോട് പറയാറുണ്ട് ഞാൻ സുന്ദരിയാണെന്ന് ഞാനത് കാര്യമാക്കാറില്ല എന്നാലും മനസിലുണ്ടായിരുന്നു എപ്പോഴെങ്കിലും ഇഷ്ടമുള്ള ഒരാളെ കണ്ടുമുട്ടുമ്പോൾ അവർ ഈ സൗന്ദര്യമെന്നു പറയുന്നത് ചിലപ്പോൾ എനിക്ക് ഉപകാരപ്പെട്ടേക്കാമെന്ന്, എന്നാലിന്ന് എനിക്കറിയാം “സൗന്ദര്യം എല്ലാ വാതിലുകളുടെയും താക്കോലല്ലായെന്ന് ! “

ഞാൻ ജീവനോടെ ഇരിക്കുന്നതിൽ എനിക്കു മതിപ്പു തോന്നിയ ഒന്ന് ഞാൻ നിങ്ങളെ സ്നേഹിക്കുന്നുണ്ട് എന്നതിലാണ് !

നിങ്ങളാൽ സ്നേഹിക്കപ്പെടുക അസാധ്യമാണെന്ന് ഒരു കൂട്ടുകാരി എന്നോടു പറഞ്ഞു, എന്നാൽ അസാധ്യമെന്നത് ഒരു അഭിപ്രായം മാത്രമാണെന്നും മാറ്റമല്ലാത്ത വസ്തുതയല്ലെന്നും എനിക്കറിയാം,

സ്നേഹം വിശ്വസം വഞ്ചന ഇവ മൂന്നും ഒരുപോലെയാണ് കാണപ്പെടുക എന്നാൽ നമ്മുടെ പ്രഥമ മുൻഗണന എന്തിനാണോ അതായിരിക്കും നമ്മളിൽ വളരുക,

നിങ്ങളെ സ്നേഹിക്കുക വഴി ചിലപ്പോൾ ഒരിക്കലും ഉണങ്ങാത്ത മുറിവുകളാവും എനിക്കു ലഭിക്കുക എന്നാലും പിന്നീടെപ്പോഴും ഒന്നു പറയാമായിരുന്നു എന്ന ചിന്തയാവും ജീവിതകാലം മുഴുവൻ എന്നെ കാർന്നു തിന്നുക അതിനേക്കാൾ നിങ്ങൾക്കെന്നെ ഇഷ്ടമായില്ല എന്ന വേദനയേ ഉള്ളിൽ സൂക്ഷിക്കാനാണ് എനിക്കിഷ്ടം !

ദൈവം നേരിൽ പ്രത്യക്ഷപ്പെട്ട് എന്തു വരമാണു വേണ്ടതെന്നു ചോദിച്ചാൽ പോലും ഞാൻ പറയും, എന്റെ വിരലിൽ നിങ്ങളുടെ പേരെഴുതി ചേർത്ത ഒരു മോതിരം മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളുയെന്ന് !

ഒരാളോട് പ്രണയം തോന്നാൻ ഏതൊരാൾക്കും വെറും മൂന്ന് നിമിഷങ്ങൾ മാത്രം മതിയെന്നിരിക്കേ ഒരു തരി ചെമ്പില്ലാതെ തനി സ്വർണ്ണത്തിൽ വിളക്കി ചേർത്തത്ത സ്നേഹം കൊണ്ടാണ് ഞാൻ നിങ്ങളെ സ്നേഹിക്കുന്നത് !

ഞാൻ നിങ്ങളോടുള്ള എന്റെ ഇഷ്ടം സൂക്ഷിച്ചിരിക്കുന്നത് എന്റെ ഹൃദയ മിടിപ്പുകളിലാണ് ആ ഇഷ്ടം ഇല്ലാതെയാവണമെങ്കിൽ എന്റെ ഹൃദയമിടിപ്പുകൾ ഇല്ലാതെയാവണം അന്നു ഞാനും ഉണ്ടാവുകയില്ല,

നിങ്ങൾ ഇല്ലാതെ ഞാനൊരു നൂറു വർഷം ജീവിച്ചാലും ഞാൻ സന്തോഷവതി ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, നിങ്ങളാണ് എന്റെ മനസ്, നിങ്ങളാണ് എന്റെ ഹൃദയം ! നിങ്ങളാണ് എന്റെ ആവശ്യങ്ങളുടെ സ്വരം !

ഞാനാകുന്ന ഊഷ്മളത എപ്പോഴും നിങ്ങൾക്കനുഭവപ്പെടാൻ പ്രാർത്ഥിക്കാൻ മാത്രമേ എനിക്കാവൂ !

അവൾക്കുള്ളിലെ എല്ലാ നിസഹായാവസ്ഥയും അവൾ പറഞ്ഞ അവസാന വാക്കുകളിൽ പ്രകടമായിരുന്നു അതു കൊണ്ടാണ് അവൻ ആ പത്തു വർഷത്തിന്റെ ഒരവസരം കൂടി അവൾക്കു മുന്നിലെക്ക് നീട്ടി വെച്ചു കൊടുത്തത് !

ഇത്രയും കാലം ഒരു വാക്കു പോലും പറയാതെ ഇപ്പോൾ ഇത്രയധികം കാര്യങ്ങൾ ഒന്നിച്ചു പറയാൻ അവൾക്കായത് എങ്ങിനെയെന്നു ചോദിച്ചാൽ തന്റെ മുന്നിൽ ഇതു പോലെ ഇനിയൊരവസരം ഉണ്ടാവില്ലെന്ന് അവളെക്കാൾ നന്നായി അവളുടെ ഉൾമനസ്സിനറിയാവുന്നതു കൊണ്ട് അവളെ മറികടന്ന് ഉൾമനസ്സവിടെ പ്രവർത്തനസജ്ജമായി എന്നെ പറയാനവൂ,

പഴയ ഒാർമ്മകളിൽ നിന്നു അവൾ തിരിച്ചു വരുമ്പോൾ അവൾക്കിറങ്ങാനുള്ള സ്റ്റേഷനെത്തിയിരുന്നു, സ്റ്റേഷനിലിറങ്ങി ഒരു ഒാട്ടോ പിടിച്ചവൾ കോളേജിലെത്തി !

വർഷങ്ങൾ ഒരുപാട് മാറ്റം ആ കോളജിനു വരുത്തിയിട്ടുണ്ടെങ്കിലും അവിടെത്തെ കാറ്റിന് ഇപ്പോഴും പഴയഗന്ധം തന്നെയായിരുന്നു,

അവൾ പതിയെ പതിയെ അവന്റെ ഒാർമ്മകൾ നിലനിൽക്കുന്ന ഇടങ്ങളെല്ലാം തേടി അവിടെ അലഞ്ഞു, പണ്ടുള്ളതിൽ മരങ്ങൾ മാത്രമണ് വളർച്ച ഒഴിച്ച് മറ്റു മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്നതെന്നവൾക്കു തോന്നി,

അവനും അവളും അവസാനമായി സംസാരിച്ചു നിന്ന സ്ഥലത്തെത്തിയപ്പോൾ അതുവരെയില്ലാത്ത എന്തോ അനുഭൂതി അപ്പോൾ അവളെ തഴുകാൻ തുടങ്ങി, ഏതോ മായാപ്രപഞ്ചത്തിലെന്നപ്പോലെ ആ പഴയ കോളേജുകുമാരിയായി ഒരു നിമഷം പിന്നെയും അവൾ മാറി !

എന്നാൽ സമയം കുറച്ചൊക്കെ കടന്നു പോയിട്ടും എവിടെയും അവനെ മാത്രം കണ്ടില്ലാ എന്നാലും അവിടെ അടുത്തു കണ്ട ഒരു ബെഞ്ചിലിരിക്കാൻ അവൾ തീരുമാനിച്ചു തിരിച്ചു പോക്കിനുള്ള ട്രെയിന് ഇനിയും നാലു മണിക്കൂറിന്റെ സമയം കൂടി അവശേഷിക്കുന്നുണ്ട് !

അതിനുള്ളിൽ അവൻ വരുമെന്ന പ്രതീക്ഷയിൽ അവൾ അവൻ വരാൻ സാധ്യതയുള്ള ദിക്കിലേക്ക് മിഴിനട്ട് അവിടിരുന്നു,

പക്ഷെ സമയം ഏറെ ചെന്നിട്ടും അവന്മാത്രം വന്നില്ല, സമയം ചെല്ലുന്തോറും അവളുടെ പേടിയും ആധിയും വർദ്ധിച്ചു കൊണ്ടെയിരുന്നു,

ഒരോ സമയവും വാച്ചു നോക്കുന്തോറും അവൾക്ക് സങ്കടം കൂടി കൂടി വന്നു, അവനിനി വരാതിരിക്കുമോ ? അവളോടു പറഞ്ഞതെല്ലാം അവൻ മറന്നിരിക്കുമോ ? അവനെന്തെങ്കിലും ആപത്ത് സംഭവിച്ചിരിക്കുമോ ? ഒരു നൂറുകൂട്ടം ചോദ്യങ്ങൾ ഈ സമയത്തിനുള്ളിൽ അവളിലൂടെ കടന്നു പോയി,

സമയം ഒരുപാടു കഴിഞ്ഞതൊടെ പത്തു വർഷത്തെ കാത്തിരിപ്പ് വെറുതെ യാവുകയാണെന്ന് അവൾക്കും തോന്നി തുടങ്ങി, ഒന്നിനും ഇനിയൊരവസരം കൂടി അവശേഷിക്കുന്നില്ലെന്നത് അവളുടെ സങ്കടങ്ങളുടെ ആഴം കൂട്ടി, മൂന്നു മണിക്കൂറോളം കടന്നു പോയതവൾ അറിഞ്ഞതു കൂടിയില്ല,

മനസ്സ് തിരിച്ചു പോക്കിനുള്ള തയ്യാറെടുപ്പ് നടത്താൻ തുടങ്ങിയതോടെ അവളുടെ ആധി പിന്നെയും വർദ്ധിച്ചു, അതോടെ ഉള്ളിലെ സങ്കടങ്ങളെല്ലാം ഒന്നു കരഞ്ഞു തീർത്തു മടങ്ങാം എന്നു കരുതി കൊണ്ടവൾ തല താഴ്ത്തി കൈ കൊണ്ട് മുഖത്തിനു താങ്ങു കൊടുത്ത്ദു :ഖിതയായി ഇരുന്നതും,

പെട്ടന്ന് അവളുടെ ചുമലിനു മേൽ ഒരു കൈവന്നു പതിച്ചു ഞെട്ടി തിരിഞ്ഞവൾ പുറകിലേക്കു നോക്കിയതും ഒരു പെൺകുട്ടി !

അവൾ ആ പെൺകുട്ടിയേ നോക്കവേ ആ കുട്ടി അവൾക്കു മുന്നിലേക്ക് കടന്നു വന്നു കൊണ്ട് അവളുടെ പേരു ചോദിച്ചു അവൾ പേരു പറഞ്ഞതും കൈയ്യിലെ ഒരു ബോക്ക്സ് ആ പെൺകുട്ടി അവൾക്കു നേരെ നീട്ടി,

അവൾ അതു വാങ്ങവേ അതെന്താണെന്നു ചോദിച്ചിട്ടും ആ പെൺകുട്ടി ഒന്നും പറയാതെ ഒന്നു ചിരിക്കുക മാത്രമാണ് ചെയ്തത് തുടർന്നാ പെൺകുട്ടി ആ ബോക്സ് അവൾക്കു കൊടുത്ത് വേഗത്തിൽ മടങ്ങി പോകുകയും ചെയ്തു !

അവൾക്കൊന്നും മനസിലായില്ല, എങ്കിലും അവളാ ബോക്സു തുറന്നതും അതിലൊരു കടലാസും മറ്റൊരു ചെറിയ ബോക്സും ഉണ്ടായിരുന്നു അവൾ ആ കടലാസു നിവർത്തിയതും അതിലിങ്ങനെ എഴുതിയിരുന്നു,

” ഒരു പത്തു വർഷത്തിനു ശേഷവും ഇപ്പോഴുള്ള ഈയൊരിഷ്ടം അന്നും നിനക്കെന്നോടുണ്ടെങ്കിൽ അന്നും നീ അവിവാഹിത ആണെങ്കിൽ തീർച്ചയായും അന്നു ഞാൻ നിന്നെ എന്റെ ജീവിതത്തിലേക്ക് സ്വീകരിക്കാം ! “

ആ ചെറിയ ബോക്സ് തുറക്കുക !

ആശ്ചര്യം പേറി അവളാ ബോക്സ് തുറന്നതും അതിൽ കണ്ടത്ഒ രു താലി മാലയായിരുന്നു “

അതു കണ്ടതും സന്തോഷവും കണ്ണീരും ഒരേ സമയം അവളിൽ നിറഞ്ഞൊഴുകി, ആ സമയം അവൾ വേവലാധിപ്പെട്ടു ചുറ്റും നോക്കിയതും കുറച്ചകലെയായി വരേണ്യയേ നോക്കി മിഴിവും നിൽക്കുന്നുണ്ടായിരുന്നു,

പിരിഞ്ഞിരിക്കുമ്പോൾ തോന്നിയ വിഷമവും സങ്കടങ്ങളുമെല്ലാം നേരിൽ കാണുമ്പോൾ അലിഞ്ഞില്ലാതാവുമെന്ന് അവനെ കണ്ട ആ നിമിഷം തന്നെ അവൾക്കു മനസിലായി,

അവനെ കണ്ടതും അവിടുന്നെഴുന്നേൽക്കണമെന്നും അവനരുകിലേക്ക് ഒാടിച്ചെല്ലണമെന്നും അവൾക്കുണ്ടായിരുന്നെങ്കിലും അതിനൊന്നിനും അവൾക്കു സാധിക്കാത്തവിധം ഒന്നനങ്ങാൻ പോലും അവൾക്കു കഴിഞ്ഞില്ല, അവനെ കണ്ട ആ നിമഷം തോട്ട് അവളുടെ കൈകാലുകളൊന്നും ചലിക്കുന്നുണ്ടായിരുന്നില്ല എല്ലാം ചലനമറ്റ പോലെയായി ആ നിമഷങ്ങളിൽ,

അവളുടെ അവസ്ഥ മനസിലാക്കിയ മിഴിവ് ഒരു പുഞ്ചിരിയോടെ അവൾക്കരുകിലേക്ക് നടന്നു വന്നു അവളോടു ചേർന്നിരുന്നു കൊണ്ട് അവളെ ചേർത്തു പിടിച്ചതും അതേ കണ്ണീരോടെ അവളവന്റെ തോളിലേക്ക് ചാഞ്ഞു,

അവൾക്കൊന്നും സംസാരിക്കാൻ പോലും ആവുമായിരുന്നില്ല, അവളുടെ കണ്ണീർ അടർന്നു വീണവന്റെ ഷർട്ട് കുതിർന്നു, ആ സമയം അവൻ അവളുടെ കാതിൽ പറഞ്ഞു ” ഇനി ഒരിക്കലും തനിച്ചാക്കില്ലായെന്ന് ” !അതു കൂടി കേട്ടതോടെ അവൾ നിർവൃതിയോടെ കണ്ണുകളടച്ചു !

തിരിച്ചവളുടെ യാത്രയിൽ അവനും അവളുടെ കൂടെയുണ്ടായിരുന്നു, ആ യാത്രക്കിടയിൽ ആദ്യമായി അവൾ അവനോടു ചോദിച്ചു,

എന്നെ നിങ്ങൾ അത്രയേറെ സ്നേഹിക്കുന്നുണ്ടോയെന്ന് ? അതിനവൻ പറഞ്ഞു,

നമുക്ക് വേണ്ടതു മാത്രം മനസിൽ സൂക്ഷിച്ചിട്ട് ബാക്കിയുള്ളതെല്ലാം മറന്നു കളയാനുള്ള ഒരു കഴിവ് എനിക്കുണ്ടായിരുന്നെങ്കിൽ എന്റെയുള്ളിൽ നീ മാത്രമേ ഉണ്ടാവുകയുള്ളൂയെന്ന് !

അതു കേട്ടതും അവളവനെ ചേർത്തു പിടിച്ചു,

തുടർന്ന് അവനും അവളോടു ചോദിച്ചു,

ഈ കാലമത്രയും ഞാൻ നിനക്കു വേണ്ടി കാത്തിരിക്കും എന്നു നിനക്കെന്തായിരുന്നു ഇത്ര ഉറപ്പെന്ന് ?

അതിനവൾ പറഞ്ഞു,

” കാത്തിരിക്കാൻ നിങ്ങളും തയ്യാറല്ലായിരുന്നെങ്കിൽ നിങ്ങളൊരിക്കലും എന്നോടും കാത്തിരിക്കാൻ പറയില്ലായിരുന്നു എന്നു വിശ്വസിക്കാനാണു ഞാനെപ്പോഴും ശ്രമിച്ചത്,

എനിക്കറിയാമായിരുന്നു ജീവിതം എപ്പോഴും നമ്മളിലുള്ള സദ്ഗുണങ്ങളെയാണ് പരീക്ഷക്കുകയെന്ന് ! “

അതു കേട്ടതും അവനവളെ ഒന്നു കൂടി ചേർത്തുപ്പിടിച്ചു !

ചില പ്രണയങ്ങൾ അങ്ങിനെയാണ് ഹൃദയത്തിന്റെ കവാടം തുറന്നുവെച്ച് ചിലർ പ്രണയിക്കുമ്പോൾ കാലത്തിന്റെ കുത്തൊഴുക്കിലും പ്രഭ നഷ്ടപ്പെടാത്ത പ്രണയമായതു മാറും !

വേണ്ടന്നു വെക്കാനും വേർപിരിയാനും എളുപ്പമാണ് എന്നാൽ എല്ലാം അവസാനിക്കുമ്പോൾ ആർക്കാണതു കൂടുതൽ വേദനിക്കുകയെന്നത് ഒന്നു പരസ്പരം മനസിലാക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ നമ്മളെ സ്നേഹിക്കുന്നവരെ നഷ്ടപ്പെടുത്താതിരിക്കാൻ നമുക്കും കഴിഞ്ഞേക്കും !

Related Posts

Leave a Reply

Your email address will not be published. Required fields are marked *