ഫങ്ഷൻ നടക്കുന്നിടത്തു എന്തൊക്ക പാകപ്പിഴകൾ സംഭവിച്ചാലും അതെല്ലാം വിളമ്പാൻ വന്നവരുടെയും, വിളമ്പല് ക്യാപ്റ്റന്ടെയും കുറ്റം മാത്രമാണെന്ന് …….

Story written by Sai Bro

“നീയിപ്പോഴും ആ വിളമ്പല് പണിക്ക് തന്നെയാണല്ലേ പോണേ..? “

വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നതാണ് ഈ ചോദ്യം..

അതേ.., എന്റെ ജോലി ചോറും കറിയും വിളമ്പുക എന്നത് തന്നെയാണ്.. വർഷങ്ങളായി പലനാടുകളിൽ പലപല വിശേഷങ്ങക്ക് ഞാൻ വിളമ്പികൊണ്ടേയിരിക്കുന്നു.. ഇപ്പൊ ‘വിളമ്പാൻവന്നവർ’ എന്ന പേരിന് ചെറിയൊരു വ്യത്യാസമൊക്കെ ആയിട്ടുണ്ട്.. ന്യൂ ജെൻ പേര് ‘കാറ്ററിങ് ‘ എന്നല്ലേ..?അങ്ങനെയെങ്കിൽ ഞാനുമൊരുമൊരു “കാറ്ററിങ് പണിക്കാരൻ തന്നെ “

പണ്ട് പ്ലസ് ടു കഴിഞ്ഞു എന്ത് ചെയ്യണമെന്ന് അറിയാതെ അപ്പുറത്തെ പറമ്പിലെ കശുവണ്ടിയും, അടക്കയും മോട്ടിച്ചു നടക്കുന്ന സമയത്ത് അമ്മ സ്വന്തം കയ്യിലെ സ്വർണവള ഊരി വിറ്റാണ് എന്നെ ഹോട്ടൽമാനേജ്മെന്റ് പഠിപ്പിച്ചത്.. ആ പഠിപ്പും, ട്രെയിനിങ്ങും കഴിഞ്ഞപ്പോഴേക്കും വീട്ടിൽ നല്ലനിലക്ക് ദാരിദ്ര്യം ആയോണ്ട് ഞാൻ പെട്ടെന്ന്തന്നെ ഒരു ജോലി അന്വേഷിച്ചു.. അങ്ങനെ കിട്ടീതാണ് കാറ്ററിങ് സ്ഥാപനത്തിലെ ‘വിളമ്പല്കാരുടെ ക്യാപ്റ്റൻ ‘ എന്ന ജോലി..

സത്യത്തിൽ ‘ക്യാപ്റ്റൻ’ എന്നപേര് മാത്രേ ഉണ്ടായിരുന്നുള്ളു.. ആ സ്ഥാപനത്തിലെ ഒരുവിധം ജോലികളൊക്ക മ്മളെകൊണ്ട് മുതലാളിമാർ അന്ന് എടുപ്പിച്ചിട്ടുണ്ട്.. നിങ്ങൾക്കറിയോ സുഹൃത്തുക്കളെ ഒരു വല്യക്കാട്ടി ‘501ബാർ സോപ്പ് ‘ഒരൊറ്റ ദിവസം കൊണ്ട് അലിയിച്ചു കളഞ്ഞിട്ടുണ്ട് ഈ ഞാൻ..

മനസിലായില്ലാലെ..?

‘ഒരു പകല് മുഴുവനും അലക്കുകല്ലിൽ കുത്തിപിടിച്ചു അലക്കിയാൽ “501ബാർ ” അല്ല “1001ബാർ ” സോപ്പ് വരെ തീരും..’ അന്ന് രാത്രി നടുവേദനകാരണം ബാത്റൂമിൽ കയറി വെള്ളം തുറന്ന് വിട്ട് ഉറക്കെ കരഞ്ഞത് ഇപ്പോഴും ഓർമയുണ്ട്.. ! ന്നാലും എനിക്ക് ഇഷ്ടമായിരുന്നു ആ ക്യാപ്റ്റൻ ജോലി.. കാരണം പണിയുള്ള ദിവസങ്ങളിൽ ഇറച്ചിയും മീനുംകൂട്ടി നല്ല പിടി പിടിക്കാം..

അങ്ങനെ കണ്ടനാട്ടിലെ കല്യാണങ്ങൾക്കൊക്കെ വിളമ്പികൊടുക്കുമ്പോഴാണ് ഞാൻ ഓരോരോ വ്യക്തിത്യങ്ങളെ മനസിലാക്കുന്നത്… പരമ്പരാഗത പണക്കാർ, പുതുപണക്കാർ, സാധാരണക്കാർ, പാവപ്പെട്ടവർ.. ഇത്തരക്കാർക്കെല്ലാവർക്കും ഞാൻ വിളമ്പിയിട്ടുണ്ട്..

വിളമ്പാൻ വരുന്നവന്റെ കുഞ്ഞുതെറ്റുകൾ കണ്ടുപിടിച്ചു അവന്റെ തന്തക്ക് വിളിക്കുന്നവരെയും, “മക്കൾക്ക് ചായ തരട്ടെ,?” എന്ന് ചോദിക്കുന്നവരെയും, “ക്ഷീണിച്ചെങ്കിൽ ഉമ്മറത്ത് കയറി ഇരുന്നോളു,ഫാൻ ഇട്ട് തരാം” എന്ന് പറയുന്നവരെയും.. പണി കഴിഞ്ഞു പോകുമ്പോൾ ബാഗ് തപ്പി ഇറച്ചിയും മീനും പൊതിഞ്ഞെടുത്തിട്ടില്ല എന്ന് ഉറപ്പ് വരുത്തുന്ന വീട്ടുകാരെയും ഇതിനിടയിൽ ഞാൻ കണ്ടിട്ടുണ്ട്..

നാലര മണിവരെ ചെറുക്കനും പെണ്ണും ഭക്ഷണം കഴിക്കുന്നതും കാത്ത്, അവർക്കും ബന്ധുക്കൾക്കും വിളമ്പികൊടുത്ത് അവസാനം എന്തെങ്കിലും കഴിക്കാൻ വേണ്ടി പ്ലേറ്റ് എടുക്കുമ്പോൾ.. “ഓ.. ഇത്രനേരം ഇതിന്റെയൊക്കെ ഇടയിൽ നിന്ന് ഈ മണവും ശ്വസിച്ചു നിങ്ങളുടെ വിശപ്പൊക്കെ മാറിയിട്ടുണ്ടാകും അല്ലേ..? വൈകീട്ടും വീട്ടിൽ കുറച്ചാളുകൾ കാണും.. ബാക്കിയുള്ളതെല്ലാം അടുക്കളയിലേക്ക് എടുത്തുവെച്ചേക്ക്.. ” എന്ന് പറയുന്നവരുടെ മുഖത്തുനോക്കി ഒരു വാടിയ ചിരി ചിരിക്കാനെ എന്നെപോലുള്ളവർക്ക് കഴിയൂ.. കാരണം വിളമ്പാൻ വരുന്നവർ അതിഥികളെ ദൈവത്തെപോലെ കാണണം എന്നാണ് കാറ്ററിങ് മുതലാളി പറഞ്ഞിരിക്കുന്നത്.. ഞങ്ങൾ കാരണം സ്ഥാപനത്തിന്റെ പേര് പൊയ്കൂടാ.. പരിപാടി കഴിഞ്ഞ് ബില്ല് ഒട്ടും കുറയാതെ കിട്ടുകയും വേണം..

മീൻകറി വിളമ്പിയപ്പോൾ ഇത്തിരി ഷർട്ടിൽ വീണതിന് വിളമ്പിയ പയ്യനെകൊണ്ട് ആ ഷർട്ട്‌ കഴുകിച്ചു മേടിച്ചവരെയും കണ്ടിട്ടുണ്ട് ഞാൻ.. ഭക്ഷണം തീർന്നാൽ കാറ്ററിങ് മുതലാളിയോട് സംസാരിക്കാൻ നിക്കാതെ, അവിടെ വിളമ്പാൻ വന്ന പയ്യന്റെ കോളറിന് കുത്തിപിടിച്ചു ഭീഷിണിപെടുത്തുന്ന വീട്ടുകാരും ഒരുപാട് ഉണ്ടായിട്ടുണ്ട്…

ഫങ്ഷൻ നടക്കുന്നിടത്തു എന്തൊക്ക പാകപ്പിഴകൾ സംഭവിച്ചാലും അതെല്ലാം വിളമ്പാൻ വന്നവരുടെയും, വിളമ്പല് ക്യാപ്റ്റന്ടെയും കുറ്റം മാത്രമാണെന്ന് പറയുന്നത് കാറ്ററിങ് മുതലാളിമാരും കുറവല്ല…

അതങ്ങനെയാണ്.. കാറ്ററിങ് എന്നത് ഒരു സിനിമപോലെയാണെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്.. ഞങ്ങൾ വിളമ്പാൻ വരുന്നവരാണ് തിരശീലക്ക്‌ മുന്നിലുള്ളത്.. മുതലാളിയും, പാകം ചെയ്യുന്നവരുമെല്ലാം അണിയറപ്രവർത്തകർ.. ഭക്ഷണം മോശമായാലോ, തികയാതെ വന്നാലോ, തിരശീലക്ക്‌ മുൻപിലുള്ള വിളമ്പാൻവന്നവരാണ് തെറ്റുകാർ.. അവർക്കാണ് കല്ലേറും തെറിവിളിയും.. ,ചിലപ്പോൾ അവസാനം വീട്ടുകാരുമായുള്ള സന്ധിസംഭാഷണത്തിനൊടുവിൽ കാറ്ററിങ് മുതലാളി ഇങ്ങനെ ഒരു ഡയലോഗ് കാച്ചി സ്വയം ന്യായീകരിക്കും.. ” ആ വിളമ്പാൻവന്നവർ ശരിയല്ല, വെറുതെ വാരിക്കോരി വിളമ്പി ഭക്ഷണം വേസ്റ്റ് ആക്കിയതുകൊണ്ടാണ് കറി തികയാതിരുന്നത് “..

എല്ലാ മുതലാളിമാരും, എല്ലാ വീട്ടുകാരും ഇങ്ങനെയാണെന്ന് ഞാനൊരിക്കലും പറയില്ല, പക്ഷെ ഇത്തരക്കാർ ഒത്തിരിയുണ്ട് ഈ സമൂഹത്തിൽ..

ഈയിടക്ക് എന്റെകൂടെ പണിയെടുക്കുന്ന സുഹൃത്ത് അവന്റെ ജോലി ഫേസ്ബുക്കിൽ ‘പരിഷ്കരിച്ചു’ എഴുതിയത് ഞാൻ വായിക്കുകയുണ്ടായി..

” Working at an wedding company “

ഈ പണിയെ അങ്ങനെയും പറയാം എന്ന് എനിക്കപ്പോഴാണ് മനസിലായത്..
എന്തൊക്കെയായാലും ഞാൻ പഠിച്ച പണി, എനിക്കറിയാവുന്ന ജോലി ഞാൻ ആരുടെ മുൻപിലും തുറന്ന് പറയും.. എനിക്കതിലൊരു നാണക്കേടും തോന്നുന്നില്ല.. ഒന്നൂല്യെലും എന്റെ ജോലി എനിക്ക് ടോപ്പാണ് ഹേ.. !

എല്ലാത്തരം ജോലിയിലുമുണ്ട് ഇത്തരം ബുദ്ധിമുട്ടുകൾ.. എങ്കിലും ഞങ്ങൾ വിളമ്പല്കാരുടെ വിഷമങ്ങൾ അധികം ആരും അറിയുന്നുണ്ടാവില്ല..അത് കൊണ്ട് എഴുതിയതാണീ കുറിപ്പ്..

സ്നേഹത്തോടെ ഒരു വിളമ്പല്കാരൻ..

Sai Bro.

Related Posts

Leave a Reply

Your email address will not be published. Required fields are marked *