ഓരോ സംഭവവും കണ്മുന്നിൽ നടക്കുന്ന പോലെ പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒരു……

ചൂണ്ട

എഴുത്ത്:-ഇർഷാദ് കെ ടി

ഇന്ന് അലാറം പതിവിലും നേരത്തിൽ അലറിക്കരയാൻ തുടങ്ങിയോ? ഉറക്കം പൂർണ്ണമായിട്ടില്ലെന്ന തോന്നലിൽ ദിവസവും തനിക്കിത് തന്നെയാണല്ലോ തോന്നാറുള്ളത്.ഇച്ഛാഭംഗം സംഭവിച്ചവനെപ്പോലെ അർജ്ജുൻ ഭിത്തിയിലേക്കുള്ള ക്ലോക്കിൽ നോക്കി.സമയം 10 മണി കഴിഞ്ഞിരിക്കുന്നു. മെല്ലെയെഴുന്നേറ്റ് അടുക്കളയിൽ പോയി ഒരു ചായയിട്ട് ഊതിയൂതിക്കുടിച്ചു കൊണ്ട് വാതിൽ തുറന്നു പുറത്തേക്കിറങ്ങി.തറയിൽ കിടക്കുന്ന പത്രം മറിച്ചു നോക്കുന്നതിനിടയിൽ വ്യത്യസ്തമായ ഒരു പരസ്യത്തിൽ അർജുന്റെ കണ്ണുകളുടക്കി. അതൊരു സ്ഥാപനത്തിലേക്കുള്ള ജോലി ഒഴിവിനെ ക്കുറിച്ചുള്ളതായിരുന്നു.

‘പുസ്തക വായനക്കായി നല്ല സ്വരത്തിൽ വായിക്കാനറിയുന്ന ആളെയാവശ്യമുണ്ട്.!’

വിചിത്രമായിരിക്കുന്നു!

അർജ്ജുൻ എഴുന്നേറ്റു മൊബൈലെടുത്തു നമ്പർ ഡയൽ ചെയ്തു. ഫോണെടുത്തയുടനെ

“മഞ്ചേരി ജസീല ജംഗ്ഷനിലുള്ള ഗ്രീൻ പൈനാപ്പിൾ ടെക്നോളജി എന്ന ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയിൽ നാളെ രാവിലെ കൃത്യം 10.00 മണിക്ക് എത്തിച്ചേരുക “

ഇത്ര മാത്രം പറഞ്ഞ് മറുതലക്കൽ ഫോൺ വെച്ചു.

എന്തൊരു തരം മനുഷ്യൻ! ഒന്നും അങ്ങോട്ട് ചോദിക്കാനോ പറയാനോ ഒരവസരം പോലും തന്നില്ല. ചിലപ്പോൾ തിരക്കായത് കൊണ്ടാവും.ഏതായാലും നാളെ പോയി നോക്കാം. അന്ന് മുഴുവൻ വിചിത്രമായ ആ ജോലിയെ കുറിച്ചായിരുന്നു അർജുന്റെ ചിന്തകൾ.

പിറ്റേന്ന് രാവിലെ എഴുന്നേറ്റു കുളിച്ചു റെഡിയായി നല്ല വൃത്തിയായി വസ്ത്രം ധരിച്ചു മഞ്ചേരിയിലുള്ള ഗ്രീൻ പൈനാപ്പിൾ ടെക്നോളജീസ് ലക്ഷ്യമാക്കി യാത്ര തിരിച്ചു. ടൗണിന്റെ ഹൃദയ ഭാഗത്തു തന്നെയുള്ള ഓഫീസ് കണ്ടുപിടിക്കാൻ അത്ര ബുദ്ധിമുട്ടേണ്ടി വന്നില്ല. ഓഫീസിന്റെ ചില്ലു വാതിലിൽ ഗ്രീൻ പൈനാപ്പിൾ ലോഗോ വലിയ അക്ഷരങ്ങളിൽ ഒട്ടിച്ചു വെച്ചതായി കാണാം. വാതിൽ തുറന്നു അകത്തേക്ക് പ്രവേശിച്ചതും റിസെപ്ഷനിലുള്ള സുന്ദരിയായ യുവതി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഇന്റർവ്യൂന് വന്നതാണോ?” അർജുൻ തലയാട്ടി.

“അതെ “

അവൾ ഇടതു ഭാഗത്തുള്ള കസേരകളിലേക്ക് കൈചൂണ്ടി.

“ഇരിക്കൂട്ടോ. “

കസേരയിൽ കയറിയിരുന്ന അർജ്ജുൻ ചുറ്റുപാടും കണ്ണോടിച്ചു. എതിർവശത്തുള്ള ചുമരിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടറിനരികെ വേട്ടക്കാരനെപ്പോലെ ഒരു പല്ലി തന്റെ തൊട്ടടുത്തുള്ള പാറ്റയുടെ അടുത്തേക്ക് പതിയെ നീങ്ങിക്കൊണ്ടിരിക്കുന്നു. തൊട്ടടുത്തുള്ള അപകടം മനസ്സിലായ പാറ്റ രക്ഷപ്പെടാനൊരുങ്ങിയതും ഒറ്റക്കുതിപ്പിന് പല്ലി അതിനെ വായ്ക്കുള്ളിലാക്കി.എന്തൊരു ക്രൂരമായ ലോകം. വേട്ടക്കാരന്റെ നീതി.

“സാർ വിളിക്കുന്നുണ്ട്. അകത്തേക്ക് ചെന്നോളൂ “

ആ യുവതിയുടെ വിളി അർജുനെ ചിന്തകളിൽ നിന്നുണർത്തി. റീസെപ്ഷനിസ്റ്റിന്റെ മുഖത്തേക്ക് നന്ദി സൂചകമായി നോക്കിയ ശേഷം അർജുൻ വലതു വശത്തുള്ള വലിയ കേബിനിലേക്ക് പ്രവേശിച്ചു. ആ വലിയ മുറിയിൽ കമ്പ്യൂട്ടർ സ്ക്രീനിനു എതിർവശത്തായി ആഗതന്റെ വരവ് പ്രതീക്ഷിച്ചു കൊണ്ട് വൃത്തിയായി വസ്ത്രം ധരിച്ച ഒരു മനുഷ്യൻ ഇരിക്കുന്നുണ്ടായിരുന്നു. കരുത്തുറ്റ ശരീരം .ഏകദേശം 40 വയസ്സിനടുത്തു പ്രായമുണ്ടാവും . തന്റെ കട്ടിമീശയും താടിയും തടവിക്കൊണ്ട് അയാൾ അർജുനോട് ഇരിക്കാൻ പറഞ്ഞു.അവന്റെ കയ്യിലുള്ള ബയോഡാറ്റ വാങ്ങി പരിശോധിച്ചതിന് ശേഷം അയാളവനെ കണ്ണുയർത്തി നോക്കി.

“ഞാൻ ജീവൻ. ജീവൻ ജേക്കബ്.അർജുന് വായന ഇഷ്ടമാണോ?”

ഒട്ടും ആലോചിക്കാതെ അർജുൻ തലയാട്ടി .

“അതെ. സർ “

ബയോഡാറ്റ ഉയർത്തിക്കാണിച്ചു കൊണ്ട് ജീവൻ ജേക്കബ് ചോദിച്ചു.

“അർജുന്റെ കുടുംബം?? അച്ഛന്റെയും അമ്മയുടെയും പേരുകൾ ഇതിൽ കാണുന്നില്ല “.

അർജുൻ ഉടൻ തന്നെ മറുപടി പറഞ്ഞു.

“സത്യം പറഞ്ഞാൽ കുടുംബം എന്ന് പറയാൻ എനിക്കാരുമില്ല. ഒരു അനാഥാലയത്തിലാണ് പഠിച്ചതും വളർന്നതുമെല്ലാം. പല സ്ഥലങ്ങളിലായി പല പല ജോലികൾ ചെയ്തു ജീവിക്കുന്നത് കാരണം സ്ഥിരമായി സുഹൃത്തുക്കളുമില്ല.”

ജീവൻ ജേക്കബ് ബയോഡാറ്റ തല്ക്കാലം മേശപ്പുറത്തു വെച്ചു.

“ആദ്യം നമുക്കൊരു ടെസ്റ്റ് നടത്താം .ഈ പുസ്തകത്തിലെ നാല്പത്തിയഞ്ചാമത്തെ പേജ് മുതൽ ഒന്ന് വായിച്ചു കേൾപ്പിക്കൂ “

അയാൾ മേശപ്പുറത്തു തന്റെയടുത്തേക്ക് നീക്കി വെച്ച പുസ്തകം സ്വല്പം പരിഭ്രമത്തോടെ അർജുൻ കയ്യിലെടുത്തു.പുസ്തകത്തിന്റെ താളുകൾ മറിക്കുമ്പോൾ അർജുന്റെ കൈ ചെറുതായിട്ട് വിറക്കുന്നുണ്ടായിരുന്നു. നാല്പത്തിയഞ്ചാം പേജിലെത്തിയതും അർജുൻ ശ്വാസം ഒന്ന് ഉള്ളിലേക്കെടുത്തു വലിച്ചു വിട്ടു.ഒരച്ഛനും മകനും തമ്മിലുള്ള വികാര നിർഭരമായ ഒരു സംഭാഷണ രംഗമായിരുന്നു ആ പേജിൽ. ആ വികാരങ്ങൾ തന്നിലേക്കുൾക്കൊണ്ട് അർജുൻ താളത്തിൽ ആ പുസ്തകം വായിക്കാനാരംഭിച്ചു.രണ്ടു പേജുകൾ വായിച്ചു കഴിഞ്ഞിട്ടും എതിർ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും കാണാത്തതിനാൽ മെല്ലെയവൻ ഇടംകണ്ണിട്ട് ജീവൻ ജേക്കബിനെ നോക്കി.രണ്ടു കണ്ണുകളുമടച്ചു വായനയിൽ മുഴുകിയിരിക്കുന്ന അയാളെ കണ്ടതും അർജുൻ വായന നിർത്തി.

“ഇത്ര മതിയോ സാർ “.

ഇച്ഛാഭംഗം സംഭവിച്ചവനെപ്പോലെ ജീവൻ ജേക്കബ് കണ്ണുകളുയർത്തി നോക്കി.

“കൊള്ളാം. ഇത് പോലെ വായിക്കണം. ഇന്ന് തന്നെ നിനക്ക് ജോലിയിൽ പ്രവേശിക്കാം. 25000 രൂപ ശമ്പളം തരും. അർജുന്റെ ശരിക്കുള്ള സ്വദേശം എവിടെയാണ് ??”

സന്തോഷത്തോടെ അർജുൻ തലയാട്ടി.

“താങ്ക്സ് സാർ. എന്റെ സ്വദേശം ഇടുക്കിയിലെ തൊടുപുഴയാണ് . ഞാനിവിടെ മലപ്പുറത്തുള്ള പുതിയ പെട്രോൾ പമ്പിൽ ജോലിക്കായി വന്നതായിരുന്നു . പക്ഷെ എന്തോ ലീഗൽ പ്രശ്നങ്ങളുള്ളത് കൊണ്ട് സ്ഥാപനം ഇത് വരെ തുറന്നിട്ടില്ല. താമസത്തിന് തല്ക്കാലം ഒരു ഒറ്റമുറിയെടുത്തിട്ടുണ്ട്. അവിടെ ഞാനൊറ്റക്കാണ് താമസം.ജോലി റെഡിയാവാതെ എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പഴാണ് ഈ പരസ്യം കാണുന്നത്. .”

അർജുൻ ഓഫീസ് മുഴുവനായി കണ്ണോടിച്ചു നോക്കി. ഒരു റെക്കോർഡിങ് സ്റ്റുഡിയോ ഈ ഓഫീസിൽ ഉള്ളതായി തോന്നുന്നില്ല.ഇവിടെയെവിടെയാവും തന്റെ ഇരിപ്പിടം ? അവന്റെ ഉള്ളിലുള്ളത് മനസ്സിലാക്കിയ ജീവൻ അർജുനെ നോക്കിക്കൊണ്ട് പറഞ്ഞു.

“ജോലിസ്ഥലം ഇതല്ല. എന്റെ വീട്ടിലാണ്. താമസ സൗകര്യവും ഞാൻ അറേഞ്ച് ചെയ്യാം “

“വീട്ടിലോ?”

അർജുൻ ആശ്ചര്യപ്പെട്ടു.

“ബാക്കി കാര്യങ്ങളെല്ലാം അവിടെയെത്തിയിട്ട് പറയാം. അർജുൻ ബസ്റ്റാന്റിന്റെ പുറകുവശത്തുള്ള മിൽമാ ബൂത്തിനടുത്തു നിന്നാൽ മതി. ഞാൻ വന്ന് പിക്ക് ചെയ്യാം . ഒരു 10 മിനിറ്റ് .”

ഇതെന്തായിങ്ങനെയൊരു ജോലി?എന്തിനാണയാൾ തന്നോട് ബസ്റ്റാന്റിന് പുറകിലേക്ക് വരാൻ പറഞ്ഞത്? ഇവിടെ നിന്ന് തന്നെ ഡ്രോപ്പ് ചെയ്യുന്നതിനെന്താണ് തടസ്സം?ഓഫീസിൽ നിന്നിറങ്ങുമ്പോൾ അർജുന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു.

*****************

പന്തല്ലൂർ മലയോട് ചേർന്ന ഒരൊഴിഞ്ഞ പ്രദേശത്തായിരുന്നു ആ വീട്.ഇടതൂർന്ന മരങ്ങൾ, വള്ളിപ്പടർപ്പുകൾ, അങ്ങകലെ മലമടക്കുകളിൽ രജതരേഖകൾ പോലെ കാണാവുന്ന കൊച്ചു വെള്ളച്ചാട്ടങ്ങൾ അങ്ങനെ ചുറ്റും കാണുന്ന പ്രകൃതിയുടെ അസാധാരണമായ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് അർജ്ജുൻ ആ വീട്ടിലേക്കു അയാളെ അനുഗമിച്ചു കൊണ്ട് നടന്നു.എങ്കിലും ഇത്ര ഒറ്റപ്പെട്ട പ്രദേശത്തുള്ള വീട് അർജുനെ തെല്ലൊരാശങ്കയിലാക്കാതിരുന്നില്ല. യാത്രയിലുടനീളം അയാളൊന്നും സംസാരിച്ചിരുന്നില്ല എന്നതും അല്പം വിചിത്രമായി തോന്നി . വാതിൽ തുറന്നു വീടിനകത്തേക്ക് പ്രവേശിച്ചതും വല്ലാത്തൊരു നിശ്ചലത അർജുൻനനുഭവപ്പെട്ടു.

ആ വീട്ടിൽ തങ്ങൾ രണ്ടുപേരുമല്ലാതെ മറ്റൊരാളും ഇല്ലെന്ന് അർജുന് ഉറപ്പായിരുന്നു.അകത്തുള്ള ഒരു വലിയ മുറി തള്ളിത്തുറന്നു ജീവൻ ജേകബ് അവനെ അകത്തേക്ക് ക്ഷണിച്ചു.വലതു വശത്തുള്ള ഷെൽഫിൽ ഒരുപാട് പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട്. അതിനു താഴെയുള്ള മേശയിൽ അലക്ഷ്യമായിക്കിടക്കുന്ന കുറച്ചു കടലാസുകളും ഒരു പേനയും കാണാം.

“എനിക്കൊന്ന് ടോയ്ലെറ്റിൽ പോണം “

അർജുൻ അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

“മെയിൻ ഹാളിന്റെ ഇടതു വശത്തുള്ള ഡോർ തുറന്നാൽ ടോയ്ലെറ്റിലേക്കാണ്. അപ്പോഴേക്കും ഞാൻ ഭക്ഷണം റെഡിയാക്കി വെക്കാം “

ജീവൻ ജേകബ് എഴുന്നേറ്റു ഇടനാഴിയിലൂടെ നടന്നു നീങ്ങി.മൊത്തത്തിൽ അയാളുടെ പെരുമാറ്റത്തിൽ ഒരസ്വാഭാവികത അർജുന് തോന്നാതിരുന്നില്ല. ടോയ്ലെറ്റിലേക്ക് നടക്കുമ്പോൾ അവന്റെ മനസ്സാകെ ആസ്വസ്ഥ മായിത്തുടങ്ങിയിരുന്നു.കാരണമറിയാത്ത നിഗൂഢതകൾ ആ വീടിന്റെ അകത്തളങ്ങളിൽ തളം കെട്ടിക്കിടന്നിരുന്നു. ടോയ്ലെറ്റിൽ പോയി വന്ന അർജുൻ ആ കാഴ്ച്ച കണ്ട് ഞെട്ടി.മേശയിൽ ഭക്ഷണത്തിനുള്ള വിഭവങ്ങൾ തയ്യാറായിരുന്നു. ഇത്രയും പെട്ടെന്ന് ഇതെങ്ങനെ സാധിച്ചു.ഒരുപക്ഷെ ഫ്രിഡ്ജിൽ നിന്നെടുത്ത് ചൂടാക്കി വെച്ചതാവാം.

ഭക്ഷണം കഴിക്കുമ്പോൾ ഒരക്ഷരം പോലും ജീവൻ ജേക്കബ് സംസാരിച്ചിരുന്നില്ല. ഇടം കണ്ണിട്ട് അർജുൻ ഇടയ്ക്കിടെ അയാളെ നോക്കിയിരുന്നെങ്കിലും ആ മുഖം വായിച്ചെടുക്കാനവന് കഴിഞ്ഞില്ല.ഭക്ഷണം കഴിച്ചതിന് ശേഷം ഇടതു വശത്തുള്ള ആ വലിയ മുറിയിലേക്ക് തന്നെ അവർ വീണ്ടും പ്രവേശിച്ചു. എഴുത്ത് മേശക്കരിക്കെയുള്ള കസേരയിൽ ഇരുപ്പുറപ്പിച്ച ജീവൻ ജേകബ് എതിർ വശത്തുള്ള സീറ്റിലിരുക്കാൻ അർജുനോടാംഗ്യം കാണിച്ചു.

പേനയെടുത്തു അടപ്പ് തുറന്നതിനു ശേഷം ഒരു കടലാസ് ജീവൻ ജേക്കബ് തന്റെയടുത്തേക്ക് നീക്കി വെച്ചു.

“ഈ ജോലിയെക്കുറിച്ച് അർജുന് ഒരുപാട് സംശയങ്ങളുണ്ടാവും . അല്ലേ?”

അർജുൻ അതേയെന്നയർത്ഥത്തിൽ തലയാട്ടി.

“ഓക്കേ. ഞാൻ വിശദീകരിക്കാം. അത്ര നിസ്സാരമായൊരു ജോലിയല്ലയിത്.എന്നെ ഒരു പുസ്തകമെഴുതാൻ സഹായിക്കണം.അതാണ് തന്റെ ജോലി.ഞാനൊരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്.വായനയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട വിനോദം. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളെല്ലാം എന്റെ പേർസണൽ ലൈബ്രറിയിലുണ്ട്.അവയെല്ലാം ഞാൻ വായിച്ചിട്ടുമുണ്ട്. പക്ഷെ എന്തോ അവയൊന്നും എനിക്ക് പൂർണ്ണ സംതൃപ്തി നൽകിയിട്ടില്ല.അത് കൊണ്ട് സാഹിത്യലോകത്തിലേക്ക് എന്റേതായ ഒരു സൃഷ്ടി തയ്യാറാക്കാൻ ഞാൻ തീരുമാനിച്ചു.എന്നാൽ എന്റെ ജീവിതത്തിലിതുവരെ ഞാനൊരു നുറുങ്ങു കവിത പോലും എഴുതിയിട്ടില്ല. ഇതെന്റെ ആദ്യത്തെ എഴുത്തും ആദ്യത്തെ പുസ്തക വുമാണ്. എന്നിരുന്നാലും ഈ രചന എഴുതിത്തീരുന്നതോടെ ലോകത്തിലെ ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്നായി ഇത് പരിഗണിക്കപ്പെടും. പരിഗണിക്കപ്പെടണം. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാം. എന്നാൽ വഴിയേ നിനക്കത് മനസ്സിലാവും. മനസ്സിലായേ പറ്റൂ…! ഈ പുസ്തകത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ നിനക്കഭിമാനിക്കാം. “

ജീവൻ ജേക്കബിന്റെ ശബ്ദത്തിന് അതു വരെയില്ലാത്തൊരു ഗാംഭീര്യം അർജുനനുഭവപ്പെട്ടു. എങ്കിലും ഉള്ളിലുള്ള ചെറിയ ഭയം മറച്ചു വെക്കാൻ ശ്രമിച്ചു കൊണ്ടവൻ ചോദിച്ചു.

“എങ്ങനെയാണ് ഞാൻ നിങ്ങളെ സഹായിക്കേണ്ടതെന്ന് പറഞ്ഞില്ല. ” ജീവൻ ജേകബ് തന്റെ കയിലെ പേന വിരലിലിട്ട് കറക്കി.

“എന്റെ രചനയെ ഏറ്റവും മികച്ചതാക്കാനാണ് ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എഴുതിയ ഭാഗങ്ങളെല്ലാം ഒരാൾ വായിച്ചു കേൾക്കുമ്പോഴേ ആ വരികളിൽ പൂർണ്ണമായും ഞാനുദ്ദേശിച്ച ഫീൽ വന്നിട്ടുണ്ടോയെന്നറിയാൻ പറ്റൂ. അതാണ് നീ ചെയ്യേണ്ടത് “

അത് കേട്ടപ്പോൾ അർജുനല്പം ആശ്വാസം തോന്നി. മേശ വലിപ്പിൽ നിന്ന് കുറച്ചു കടലാസുകളെടുത്ത് ക്രമത്തിൽ അടുക്കി വെച്ചതിനു ശേഷം അയാളത് അർജുന് നേരെ നീട്ടി.

“ഇതാണ് ഞാനവസാനം എഴുതി വെച്ചത്. എന്നാലിനി വൈകിക്കേണ്ട. വായിച്ചു തുടങ്ങാം “.

അർജുൻ ആ കടലാസുകഷ്ണങ്ങളിലൂടെ കണ്ണോടിച്ചു. ശബ്ദം ക്രമീകരിച്ച് അവൻ ആ ഭാഗങ്ങൾ വായിച്ചു തുടങ്ങി. വായിച്ചു തുടങ്ങിയത് മുതൽ താനിത് വരെ കണ്ടിട്ടില്ലാത്ത എന്തോ ഒരു പ്രത്യേകത ആ വരികളിലുടനീളം ഉള്ളതായി അർജുന് തോന്നി.ഓരോ വരികൾ കഴിയുമ്പോഴും ആ തോന്നൽ ഉറപ്പിലേക്ക് വഴിമാറിയിരുന്നു. ഹൃദയത്തിൽ കൊള്ളുന്ന വരികൾ. മൂർച്ചയുള്ള അക്ഷരങ്ങൾ.

ഓരോ സംഭവവും കണ്മുന്നിൽ നടക്കുന്ന പോലെ പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒരു മാസ്മരികത ആ അർജുനനുഭവപ്പെട്ടു.ശാന്തമായി തുടങ്ങിയ പുസ്തകം പിന്നീട് ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങളിലേക്ക് വഴിമാറി.ഒരു സൈക്കോ ക്രൈം ത്രില്ലെർ നോവല് പോലെയാണ് അർജുന് തോന്നിയത് . പക്ഷെ അർജുനിതു വരെ വായിച്ചത് പോലെ സാധാരണ ഒരു ക്രൈം ത്രില്ലെർ നോവലിന്റെ കൂട്ടത്തിൽ ചേർക്കാൻ പറ്റാത്ത എന്തോ ഒരു പ്രത്യേകത ആ വരികൾക്കുണ്ടായിരുന്നു.ഒരു പെൺകുട്ടിയെ അതിക്രൂ രമായ പീ ഡനങ്ങൾ ക്കിരയാക്കി വധിക്കുന്ന ഭാഗമെത്തിയപ്പോൾ അവന്റെ രണ്ടു കണ്ണുകളും നിറഞ്ഞു.ഒരു വേള അവൻ വായന പോലും നിർത്തി രണ്ടു കണ്ണുകളും തുടച്ചു. ഇരയുടെ കരച്ചിൽ അർജുന്റെ കാതുകളിൽ മുഴങ്ങി.ദേഹമാസകലം ഒരു മരവിപ്പോടെ അവൻ തരിച്ചു നിന്നു.പല കഥകളിലും പീ ഡിപ്പിക്കുന്ന രംഗങ്ങളൊരുപാട് വായിച്ചിട്ടുണ്ട്. പല സിനിമകളിലും സ്ക്രീനിൽ കണ്ടിട്ടുണ്ട്.പക്ഷെ അതൊന്നും തന്നെയിത്രയും ആസ്വസ്തമാക്കിയിട്ടില്ല.

“ബാക്കി കൂടി വായിക്കൂ “

ഇത്തവണ ജീവൻ ജേക്കബിന്റെ ശബ്ദം അല്പം ഉച്ചത്തിലായിരുന്നു. ഇത് വെറുമൊരു പുസ്തകം മാത്രമാണ്. ഇതിന് തന്നെ സ്വാധീനിക്കാൻ കഴിയില്ല. അർജുൻ മനസ്സിൽ മൊഴിഞ്ഞു.. ശേഷം ബാക്കി വായിക്കാൻ തുടങ്ങി. എന്നാൽ ആ പ്രതിജ്ഞക്കും അർജുനെ മാറ്റിയെടുക്കാൻ സാധിച്ചില്ല.പ്രണയവും, ചതിയും വഞ്ചനയും, കാ മവും,ക്രോധവും, അങ്ങേയറ്റത്തെ ക്രൂ രതകളും ,കൊ ലപാതകങ്ങളും തുടങ്ങി എല്ലാം ആ വരികളിലുണ്ടായിരുന്നു.

ഓരോ വരികളും അവന്റെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ചു . വായനയേൽപ്പിച്ച ആഘാതത്തിൽ നിന്നും മുക്തമാവാൻ അല്പം സമയമെടുത്തു. ഒന്ന് കണ്ണടച്ച് തുറന്നതിനു ശേഷം ജീവൻ ജേക്കബിന്റെ നിർവികാരമായ മുഖത്തേക്കവൻ നോക്കി.

“സർ. ഞാനെന്റെ ജീവിതത്തിലിതു വരെ ഇങ്ങനെയൊന്ന് വായിച്ചിട്ടില്ല . മുൻപ് പറഞ്ഞത് തള്ളായിട്ടാണ് ആദ്യം തോന്നിയത് .പക്ഷെ ഇപ്പൊ എനിക്കതു ബോധ്യമായി.എങ്ങനെയാണ് ഇത്തരത്തിലൊരാൾക്ക് എഴുതാൻ കഴിയുന്നത്.”

ജീവൻ അർജ്ജുനെ നോക്കി പുഞ്ചിരിച്ചു.

“അർജുൻ നിനക്കറിയാമോ ഈയെഴുത്തുകാരെല്ലാം എങ്ങനെയാണ് അവരുടെ രചനകൾ പൂർത്തിയാക്കുന്നതെന്ന്?പലരും പല രീതിയിലാണ് എഴുതുന്നത്.ചിലർ മറ്റുള്ള കൃതികൾ വായിച്ചും, കണ്ടും കേട്ടുമുള്ള അറിവുകൾ വെച്ചും ധാരാളം പൊലിപ്പിച്ചെഴുതും, എന്നാൽ മറ്റു ചിലരോ.. സ്വന്തം അനുഭവങ്ങൾ തന്നെയാവും അവർ കടലാസിലേക്ക് പകർത്തുന്നത്. പക്ഷെ അവരും രചനയുടെ പൂർണ്ണതക്ക് വേണ്ടി അവരുടെ ഭാവനയും കൂട്ടിച്ചേർക്കും. രണ്ടാമത്തെ വിഭാഗത്തിലുള്ള കൃതികളാണ് എനിക്കിഷ്ടം. പക്ഷേ അതിൽ അവർ കൃതിമം കാണിക്കുന്നത് കൃത്യമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഏകദേശം ഇത് പോലെ നൂറിൽ പരം പുസ്തകങ്ങളിൽ ഞാൻ അനുഭവവും ഭാവനയും വേർതിരിച്ചെടുത്തിട്ടുണ്ട്. പൂർണ്ണതക്ക് വേണ്ടി രചനകളിൽ ഭാവന കലർത്തുന്നത് കൃതിമത്വമാണ്. അതാ രചനയെ കൊല്ലുന്നതിനു സമമാണ്. എഴുതുന്നതെന്തോ ആവട്ടെ അതെല്ലാം നമ്മൾ നേരിട്ട് കാണുകയോ വികാരങ്ങൾ നേരിട്ടനുഭവിക്കുകയോ ചെയ്യണം. അപ്പോൾ നമുക്കത് കൃത്യമായി കലർപ്പില്ലാതെ കടലാസിലേക്ക് പകർത്താം. ഏറ്റവും മനോഹരമായ സൃഷ്ടി അത്തരത്തിലുള്ളവ മാത്രമാണ്.”

പറഞ്ഞതൊന്നും മനസ്സിലാവാതെ അർജുൻ ജീവൻ ജേക്കബിന്റെ മുഖത്തേക്ക് നോക്കി .

“അതായത് ഈ രചനയിലെ ഓരോ സീനും സാർ നേരിട്ട് കണ്ട കാര്യങ്ങളാണെന്നാണോ ?”

ജീവൻ ജേക്കബിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു .

“അതെ നേരിട്ട് കണ്ടതും അനുഭവിച്ചതും മാത്രമാണ് ഞാൻ എഴുതിയിട്ടുള്ളത് .കുട്ടിക്കാലത്തു ഒരുപാട് തിക്താനുഭവങ്ങളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. അവിടുന്നിവിടം വരെ എഴുതിയതെല്ലാം യാഥാർഥ്യങ്ങളാണ് .കലർപ്പില്ലാത്ത യാഥാർഥ്യങ്ങൾ .എന്നാലിപ്പോൾ കഥയെ വിചിത്രമായ പല വഴികളിലൂടെ കൊണ്ട് പോവേണ്ടത് രചനയുടെ പൂർണ്ണതക്ക് ആവശ്യമായി വന്നിരിക്കുകയാണ് .പക്ഷെ മറ്റുള്ളവരെപ്പോലെ കഥയിൽ ഭാവന കലർത്താൻ ഞാൻ തയ്യാറല്ല .അത് കൊണ്ട് ഈ രചനക്ക് അതാതു സമയത്തു ആവശ്യമായ സംഭവങ്ങൾ ഞാൻ തന്നെ ഉണ്ടാക്കും .അങ്ങനെ ഞാനതു അതേപടി കടലാസിൽ പകർത്തും .”

ഞെട്ടലോടെയാണ് ആ വാക്കുകൾ അർജുൻ കേട്ടത് .. ഒരു ചതിക്കുഴിയിലേക്കാണോ ഈശ്വരാ താൻ നടന്നു കയറിയത് !

അവന്റെ മുഖത്തെ ഭാവങ്ങൾ നിരീക്ഷണ വിധേയമാക്കിക്കൊണ്ട് ജീവൻ ജേക്കബ് തുടർന്നു.

“ഞാനൊരു കാ മഭ്രാന്തനല്ല .പക്ഷെ കഥക്ക് വേണ്ടി എനിക്കൊരു പെൺകുട്ടിയെ ബ ലാത്സംഗം ചെയ്യേണ്ടി വന്നു .ഞാനൊരു വാടക ഗുണ്ടയല്ല.പക്ഷെ കഥക്ക് വേണ്ടി എനിക്കൊരുപാട് പേരെ ക്രൂ രമായി മർദ്ധിക്കേണ്ടി വന്നു .ഞാനൊരു കൊ ലയാളിയല്ല .പക്ഷെ കഥക്ക് വേണ്ടി കുറച്ചു പേരെ എനിക്ക് കൊ ല്ലേണ്ടി വന്നു . എന്നിട്ടും കഥ ഇവിടെ അവസാനിക്കുന്നില്ല .എനിക്കിനിയും മുന്നോട്ട് പോവാനുണ്ട് .ഒരുപാട് …”

ആ വാക്കുകളിൽ താനിനി അനുഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചു ഏകദേശ ഊഹം കിട്ടിയ അർജുന്റെ മുഖത്താകെ ഭയം നിഴലിച്ചു .അവന്റെ കണ്ണുകളിൽ ഇരുട്ട് കയറിത്തുടങ്ങി . അതെല്ലാം ആസ്വദിച്ചു കൊണ്ട് ജീവൻ ജേക്കബ് തുടർന്നു.

“ഇപ്പോൾ നിന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ …അവിടെ നിന്നാണിനി എഴുതിത്തുടങ്ങാനുള്ളത് .ഭയം അതിന്റെ മൂർധന്യാവസ്ഥയിൽ നിന്റെ കണ്ണുകളിൽ എനിക്ക് കാണാം .എന്റെ കഥാപാത്രമാവാൻ കഴിഞ്ഞതിൽ നിനക്കഭിമാനിക്കാം .അതിനു ദൈവത്തോട് നന്ദി പറയൂ “

ഭയത്തോടെ ഇരിക്കുന്ന കസേരയിൽ ചാടിയെഴുന്നേറ്റ അർജ്ജുൻ കാല് തെറ്റി തറയിലേക്ക് വീണു .ഒരു സൈക്കോയുടെ മുന്നിലാണ് താൻ പെട്ടതെന്നറിഞ്ഞപ്പോൾ തന്നെ അവന്റെ ശരീരം തളർന്നു തുടങ്ങിയിരുന്നു .ഭയം കൊണ്ടവൻ കിടു കിടാ വിറച്ചു.ഒരിറ്റ് ദയക്ക് വേണ്ടി അർജുൻ ജീവൻ ജേക്കബിന്റെ മുഖത്തേക്ക് നോക്കി യാചിച്ചു .

“സാർ .ദയവു ചെയ്തു .എന്നെ ഉപദ്രവിക്കരുത് “

ജീവൻ ജേക്കബ് പൊട്ടിച്ചിരിച്ചു .

“ഇനി നീ പറയുന്ന ഓരോ വാക്കുകളും എന്റെ കഥയിലെ ഡയലോഗുകളാണ് . അത് കൊണ്ട് എല്ലാവരും പറയുന്ന പോലെ ലോക്കൽ സെന്റി ഡയലോഗുകൾ പറഞ്ഞു നീയെന്ന കഥാപാത്രത്തിന് നീ തന്നെ നാണക്കേടുണ്ടാക്കരുത്. അത് കൊണ്ട് ഓരോ വാക്കുകളും സൂക്ഷിച്ചുപയോഗിക്കുക .”

പേടിച്ചരണ്ട അർജുന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി .

“ഞാനെന്തു വേണമെങ്കിലും ചെയ്യാം .എന്നെ കൊല്ലരുത് സർ .പ്ലീസ് .”

മേശവലിപ്പിൽ നിന്നെടുത്ത അറ്റം വെട്ടിത്തിളങ്ങുന്ന കത്തിയുമായി ജീവൻ ജേക്കബ് അവന്റെ നേരെ നടന്നടുത്തു .

“അർജ്ജുൻ .മരണം ഈ ലോകത്തിലെ ഏറ്റവും അനിവാര്യമായ സത്യമാണ് .മറ്റെല്ലാം കളങ്കം നിറഞ്ഞ അഭിനയങ്ങളും .അത് കൊണ്ട് തയ്യാറാവുക.അനിവാര്യമായ ആ സത്യത്തിനായി “

അർജുൻ മെല്ലെ മെല്ലെ പുറകിലേക്ക് ഇഴഞ്ഞു നീങ്ങി .ഭയം മൂലം അവന്റെ കണ്ണുകളിൽ ഇരുട്ട് കയറിത്തുടങ്ങിയിരുന്നു .അവൻ ഉറക്കെ നിലവിളിച്ചു. അർജുന്റെ കരച്ചിൽ ആ വലിയ മുറിയിലെ ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു .അതെല്ലാം ആസ്വദിച്ചു കൊണ്ട് ജീവൻ ജേക്കബ് പുഞ്ചിരിയോടെ അവനടുത്തേക്ക് തന്റെ കാലുകൾ ചലിപ്പിച്ചു .

“ജീവിതത്തിൽ ഇത് വരെ നീയനുഭവിക്കാത്ത ഒരു സ്വാതന്ത്യം ഞാൻ നിനക്ക് തരാം .എത്ര ഉച്ചത്തിൽ വേണമെങ്കിലും നിനക്ക് നിലവിളിക്കാം.”

യാതൊരു ദയയും തൊട്ടുതീണ്ടാത്ത ഒരു ക്രൂരനനാണ് തന്റെ മുന്പിലുള്ളതെന്ന് അറിഞ്ഞിട്ടും അർജുൻ ജീവന് വേണ്ടി യാചിച്ചു കൊണ്ടിരുന്നു .ജീവൻ ജേക്കബ് അർജുന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു കൊണ്ട് അവന്റെ കഴുത്തിന് മേലെ ക ത്തി വെച്ചു.അവന്റെ കണ്ഠമിടറുന്നതയാൾക്ക് കാണാമായിരുന്നു .

“ഇനി കഥാപാത്രമായി നിനക്ക് ജീവിക്കാം .തലമുറ തലമുറകളിലേക്ക് നീയെന്ന കഥാപാത്രം ആസ്വാദകരുടെ മനസ്സിൽ ഒരു നൊമ്പരമായി തങ്ങി നില്കും .അവർ നിന്നെയോർത്തു കരയും .അഭിമാനിക്കൂ സുഹൃത്തേ .എന്നിട്ട് ദൈവത്തോട് നന്ദി പറയൂ .ശുഭയാത്ര .”

ജീവൻ ജേക്കബ് കത്തി കഴുത്തിന് കു ത്തിയിറക്കാൻ പാകത്തിൽ പുറകിലേക്ക് വലിച്ചു .ഒട്ടും സമയം കളയാതെ അർജുന്റെ കണ്ണുകളിലേക്ക് നോക്കി കണ്ഠനാഡിയെ ലക്ഷ്യമാക്കി ഒരൊറ്റകുത്ത്.ഞൊടിയിടയിലെ നിശ്ചലത .അതേ നിമിഷം അതിസമർത്ഥമായി ഒഴിഞ്ഞു മാറിയ അർജുൻ ഞൊടിയിട വേഗത്തിൽ കൈകൾ ചലിപ്പിച്ചു .ജീവൻ ജേക്കബിന്റെ കയ്യിലെ കത്തി ഇടതു ഭാഗത്തേക്ക് തെറിച്ചു വീണു .ഒരൊറ്റ കുതിപ്പിന് അയാളുടെ മുഖത്തേക്ക് അർജുന്റെ മുട്ടുകാലമർന്നു .അയാളുടെ വായിൽ നിന്ന് കൊഴുത്ത രക്തം പുറത്തേക്ക് വന്നു . എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നതിനു മുൻപ് തന്നെ അർജുന്റെ വലതു കാൽ കൊണ്ടുള്ള പ്രഹരം ജീവന്റെ തലയ്ക്കു പുറകിലേറ്റിരുന്നു .പെട്ടെന്ന് മനസ്സാന്നിധ്യം വീണ്ടെടുത്ത ജീവൻ മുഖത്തു പറ്റിയ രക്തം തുടച്ചെടുത്തു കൊണ്ട് എണീറ്റു.

“ആഹാ .ഗംഭീരം .കഥയിൽ പുതിയൊരു വഴിത്തിരിവ് .കൊള്ളാം. .ഞാൻ ഒരുക്കിയ കെണിയെ ഇരയാക്കി നീ എനിക്ക് വേണ്ടി കെണിയൊരുക്കിയിക്കുന്നു . അഭിനന്ദനങൾ .എന്റെ കഥയിലെ കഥാപാത്രങ്ങൾ ആരാണെന്നറിയാനുള്ള അവകാശം എനിക്കുണ്ട് .പറയൂ .ആരാണ് നീ “

അർജുൻ ചിരിച്ചു .

“എങ്ങനെയുണ്ടായിരുന്നു എന്റെ അഭിനയം ?സ്കൂളിൽ നാടകത്തിൽ അഭിനയിച്ചതിന് ഏറ്റവും മികച്ച നടനുള്ള അവാർസ് കിട്ടിയിരുന്നു .പക്ഷെ അതിനു ശേഷം ഇപ്പോഴാണ് ഒരവസരം കിട്ടിയത് .കളറായില്ലേ ?”

ജീവൻ ജേക്കബ് പുച്ഛത്തോടെ അവന്റെ മുഖത്തേക്ക് നോക്കി .

“നീയെത്ര ബുദ്ധിമാനായാലും ഇവിടുന്നു നീ രക്ഷപ്പെടാൻ പോകുന്നില്ല .”

അർജുൻന്റെ മുഖമാകെ ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു .

“2 വർഷമായി ഞാൻ നിന്നെ അന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ട് .നിന്റെ കഥക്ക് വേണ്ടി നീ ബ ലാത്സംഗം ചെയ്തു കൊന്ന മഞ്ജു എന്ന പെൺകുട്ടി .അവൾ എന്റേതായിരുന്നു .ആരുമില്ലാത്ത അനാഥരെ മാത്രം തിരഞ്ഞെടുത്തു നിന്റെ ഇരയാക്കിയപ്പോൾ അവർക്കും അന്വേഷിച്ചു വരാൻ ആരെങ്കിലുമുണ്ടാവുമെന്നു നീ കരുതിയില്ല .കാണാതാവുന്നതിനു മുൻപ് അവസാനമായി അവൾ നിന്റെ കൊച്ചിയിലെ സ്ഥാപനത്തിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നിരുന്നു .അവിടെ ഞാനന്വേഷിച്ചപ്പോൾ ഇന്റർവ്യൂയിൽ അവൾ പരാജയപ്പെട്ടു എന്നാണറിയാൻ സാധിച്ചത് .സംശയം തോന്നാത്തത് കൊണ്ട് ആ വഴിക്കു മാത്രം ഞാൻ നീങ്ങിയില്ല .അതിനു മുൻപും ശേഷവും അവൾ പോയതും ഫോൺ വിളിച്ചു ബന്ധപ്പെട്ടവരെയുമെല്ലാം വെച്ച് ഞാനന്വേഷിച്ചെങ്കിലും അവളെ കണ്ടുപിടിക്കാൻ എനിക്ക് കഴിഞ്ഞില്ല .നിന്റെ പന്ന സൈക്കോ കഥ വായിക്കുന്നത് വരെ .അതിനു വേണ്ടി തന്നെയാണ് നിന്റെ ചൂണ്ടയിൽ ഞാൻ ചാടിക്കയറിയത്. നിന്റെ കമ്പനിയിൽ ജോലിക്ക് വേണ്ടി വന്ന അനാഥരായ കുറച്ചു ചെറുപ്പക്കാർ കാണാതായതായി എന്റെ അന്വേഷണത്തിൽ മനസ്സിലായത് മുതൽ നിന്റെ ചൂണ്ട വരുന്നത് വരെ ഞാൻ ക്ഷമയോടെ കാത്തിരുന്നു .എനിക്കെല്ലാം ഉറപ്പിക്കണ മായിരുന്നു. നിന്റെ കഥക്ക് ഇങ്ങനെ ഒരു ക്ലൈമാക്സ് ലഭിച്ചതിൽ നിനക്കഭിമാനിക്കാം .ഇനിയീ കഥയുടെ ക്ലൈമാക്സ് ഞാൻ തീരുമാനിക്കും “

ജീവൻ ജേക്കബ് തല മുകളിലേക്കുയർത്തികൊണ്ട് പൊട്ടിച്ചിരിച്ചു .അയാളുടെ വാക്കുകളിൽ വർധിച്ച ആത്മവിശ്വാസം നിറഞ്ഞുനിന്നിരുന്നു .

“കഥാകൃത്ത് ഞാനാണ് .അത് കൊണ്ട് ക്ലൈമാക്സും ഞാൻ തന്നെ തീരുമാനിക്കും .ഒരു തിരിച്ചടി എപ്പോഴും ഞാൻ പ്രതീക്ഷിക്കാറുണ്ട് .ഒരു പ്ലാൻ തെറ്റുമ്പോൾ തെറ്റുന്നിടത്തു വെച്ച് തുടങ്ങുന്ന മറ്റൊരു പ്ലാൻ കൂടി ഞാനാസൂത്രണം ചെയ്യും . നീ കഴിച്ച ഭക്ഷണത്തിൽ ഞാൻ വിഷം കലർത്തി യിരുന്നു .അത് കൊണ്ട് ഏറ്റവും അനിവാര്യമായ സത്യത്തെ പുൽകാൻ തയ്യാറായിക്കൊൾക .മരണം നിന്റെ തൊട്ടടുത്തുണ്ട് . “

അത് കേട്ടതും അർജുന്റെ കണ്ണുകളിൽ ഇരുട്ട് കയറിത്തുടങ്ങി .തല കറങ്ങുന്നതു പോലെ തോന്നിയ അവൻ വെപ്രാളത്തോടെ ചുറ്റും പരതി.അർജുന്റെ കണ്ണുകളിൽ വീണു കിടക്കുന്ന കത്തി എത്തിയപ്പോഴേക്ക് .അവന്റെ കാലുകൾ തളർന്നു തുടങ്ങിയിരുന്നു . അർജുന്റെ അവസാന നിമിഷങ്ങൾ ആസ്വദിച്ചു കൊണ്ട് ജീവൻ ജേക്കബ് നിലത്തു കിടന്നിരുന്ന കത്തിയെടുത്തു . “ജീവിതത്തിൽ നിന്റെ അവസാനത്തെ പിടച്ചിൽ ആസ്വദിക്കാനുള്ള ഭാഗ്യം എനിക്കാണ് . ഈ ലോകത്തെ ഏറ്റവും മനോഹരമായ നീതി ഇതാണ്.നിനക്ക് ഭാരമായ നിന്റെ ശരീരം ഉപേക്ഷിച്ചു മടങ്ങൂ .”

കത്തിയുമായി അർജുന്റെ അടുത്തേക്ക് നീങ്ങിയ ജീവൻ ജേക്കബ് പെട്ടെന്നൊന്ന് നിന്നു .അയാളുടെ കണ്ണുകളിൽ നിന്നു കാഴ്ചകൾ പതിയെ മങ്ങിത്തുടങ്ങി .ശരീരത്തിന് ഭാരമില്ലാതാവുന്ന പോലെ തോന്നിയ ജീവൻ ജേക്കബ് മുന്നിലുള്ള അർജുന്റെ മുഖത്തേക്ക് നോക്കി .തനിക്ക് മുന്നിൽ നിൽക്കുന്ന അർജുന്റെ മുഖത്ത് തെളിയുന്നത് പുഞ്ചിരിയാണോ ? ഒന്നും വ്യക്തമായി കാണാൻ സാധിക്കുന്നില്ല .എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ കൈകാലുകൾ തളർന്നു അയാൾ അർജുന്റെ കാലുകൾക്കിടയിലേക്ക് മുഖം കുത്തി വീണു .തന്റെ കാല് കൊണ്ട് അയാളുടെ മുഖമൊന്നു അല്പം ഉയർത്തിക്കൊണ്ട് അർജുൻ പറഞ്ഞു .

“എടോ ചെ റ്റേ..നീയൊരു സൈക്കോ എഴുത്തുകാരനാണെങ്കിൽ ഞാനൊരു മജീഷ്യനാണ് .കൺകെട്ടും മായാജാല വിദ്യകളും കാണിച്ചു ആളുകളെ രസിപ്പിക്കലായിരുന്നു എന്റെ ജോലി .അത് കൊണ്ട് നമ്മുടെ ഭക്ഷണപാത്രങ്ങൾ തമ്മിൽ നിന്റെ കണ്ണിൽ പെടാതെ മാറ്റുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നിസാരമായൊരു കൺകെട്ട് വിദ്യയായിരുന്നു. .ഇതാണ് നീ പറഞ്ഞ ഏറ്റവും മനോഹരമായ നീതി .ചത്തു മലക്കെടാ ശവമേ . ചാവാൻ കിടക്കുമ്പോൾ നിനക്കിതു പോലെ വല്ല സൈക്കോ ഡയലോഗും പറയാനുണ്ടോടാ “

നിലത്തു കിടന്നു പിടയുന്ന ജീവൻ ജേക്കബിന്റെ കയ്യിൽ നീന്നും കത്തിയൂരി യെടുത്ത അർജുൻ അരിശം തീരുവോളം അയാളുടെ ശരീരത്തിലുടനീളം കു ത്തി.അയാളുടെ ശരീരത്തിൽ നിന്നും ര ക്തം ചീറ്റിതെറിച്ചു.അനക്കം നിന്നിട്ടും അരിശമടങ്ങാതെ അവൻ അയാളുടെ ശരീരമാകെ മു റിവേൽപ്പിച്ചു.

പെട്ടന്ന് ഉള്ളിൽത്തുടിച്ച ഏതോ ഒരു വികാരത്തളിച്ചയിൽ അർജുൻ അയാളുടെ ശരീരത്തിൽ നിന്നെഴുന്നേറ്റ് മുട്ടുകുത്തിയിരുന്നു. ഒരു നിമിഷം, ഒരു പെൺ കുട്ടിയുടെ ശബ്ദം കേട്ടത്പോലെ അവന് തോന്നി. മഞ്ജു. അതേ.മഞ്ജുവിന്റെ ശബ്ദം. അവൾ ചിരിക്കുകയാണ്.അർജുന്റെ ചെവിയിൽ ആ ചിരി മുഴങ്ങുന്നതിനനുസരിച്ചു അവൻ മുകളിലേക്ക് രണ്ടു കൈകളുമുയർത്തി കണ്ണടച്ചിരുന്നു ഒരു നിമിഷം പ്രാർത്ഥിച്ചു .ആ വലിയ മുറിയിൽ നിന്ന് ചുവരുകൾക്കിടയിലൂടെ ആ ശബ്ദം നേർത്തു നേർത്തു പതിയെ അന്തരീക്ഷത്തിലലിഞ്ഞില്ലാതെയായി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *