ഔസേപ്പിൻ്റെ പ്രലോഭനത്തിലാദ്യം പൂമാരൻ വീണില്ല. അയാൾ വീണ്ടും വല നെയ്തു ചിലന്തിയെ പോലെ കാത്തിരുന്നു. ഒരു ഇരയായി ഒടുവിൽ പൂമാരൻ……

പൂമാരൻ്റെ പാപ്പാത്തി.

Story written by Jayachandran NT

വർഷങ്ങൾക്ക് മുൻപ് ഒരേദിവസം നടന്ന രണ്ടു മരണങ്ങൾക്ക് പുറകിലുള്ള അന്വേഷണമായിരുന്നു. ഈ കഥ. അക്കാലങ്ങളിലെ അന്വേഷണങ്ങളിൽ രണ്ടും ആത്മഹത്യയെന്ന് സ്ഥാപിച്ചെങ്കിലും അതിലൊന്ന് കൊലപാതകമായിരുന്നു.

ജാതിവെറി, പ്രണയത്തിൻ്റെ നിറത്തിന് മരണം എന്നർത്ഥം നൽകിയപ്പോൾ തമിഴ്നാട്ടിലെ കാവൽത്തുറ എന്ന ഗ്രാമത്തിൽ നിന്നും നാടുവിട്ടവരായിരുന്നു. പൂമാരനും, പാപ്പാത്തിയും.

കേരളത്തിലെ അകത്തുകാവെന്ന കൊച്ചുഗ്രാമത്തിൽ അവരെത്തി. പൂമാരൻ ആരോഗ്യവാനായിരുന്നു. അകത്തുകാവിലെ എല്ലാ ജോലികൾക്കും പൂമാരനുണ്ടാകും. അവർക്ക് താമസിക്കാനൊരു സൗകര്യം നൽകിയത് പള്ളിയിലെ ഔസേപ്പച്ചനായിരുന്നു.

”ചിറക്കരികിലെ പുറമ്പോക്കിലെ പുരയിടത്തിലൊരു കൂര കെട്ടിക്കോടാ നീ ” ഔസേപ്പച്ചൻ പൂമാരനോട് പറഞ്ഞു. ഔസേപ്പച്ചൻ്റെ വീട്ടിന് മുന്നിലൊരു പട്ടിക്കൂട് കെട്ടുകയായിരുന്നു. പൂമാരൻ. പാപ്പാത്തിയായിരുന്നു. അവൻ്റെ സഹായി. സുന്ദരിയായ പാപ്പാത്തിയുടെ ദേഹത്തിലൂടെ ഔസേപ്പിൻ്റെ കണ്ണുകൾ സഞ്ചരിക്കുന്നുണ്ടായിരുന്നു.

ഇവിടെ കുശിനിപ്പുരയിലേക്കൊരു സഹായിയെ വേണം നീ ഇവളെ അയക്കോടാ പൂമാരാ ‘.ഔസേപ്പ് ചോദിച്ചു.

”ഞാനിവിളെ ജോലിക്കൊന്നും വിടുന്നില്ലച്ചോ” പൂമാരൻ പറഞ്ഞു..പാപ്പാത്തി പൂമാരൻ്റെ കൈയ്യിലന്നേരം നുള്ളി. അവൻ്റെ കഷ്ടപ്പാടുകൾക്ക് അവൾക്കും ഒരു സഹായമാകണം എന്നുണ്ടായിരുന്നു. പൂമാരൻ സമ്മതിച്ചു.

അവൾ കുശിനിപ്പുരയിലും, ഔസേപ്പിന് സഹായത്തിനുമായി പോയിത്തുടങ്ങി. ഔസേപ്പച്ചൻ്റെ മുറി വൃത്തിയാക്കാൻ ചെല്ലുമ്പോഴും, കുശിനിപ്പുരയിലെ വിശേഷങ്ങൾ അറിയാൻ ഔസേപ്പച്ചൻ വരുമ്പോഴുമൊക്കെ ആ കണ്ണുകൾ തന്നെ അളക്കുന്നതവൾ അറിയുന്നില്ലായിരുന്നു.

”പൂമാരാ നിനക്ക് ഗൾഫില് പോണോ

എനിക്കവിടെ പരിചയക്കാരുണ്ട് നിനക്കവിടെ ചെന്നാൽ നല്ല ജോലി കിട്ടും.കുറെ പൈസ സമ്പാദിക്കാം. നല്ലൊരു കൂര കെട്ടി നിൻ്റെ പാപ്പാത്തിയെ നോക്കാം.’

ഔസേപ്പിൻ്റെ പ്രലോഭനത്തിലാദ്യം പൂമാരൻ വീണില്ല. അയാൾ വീണ്ടും വല നെയ്തു ചിലന്തിയെ പോലെ കാത്തിരുന്നു. ഒരു ഇരയായി ഒടുവിൽ പൂമാരൻ ആ വലയിൽ കുടുങ്ങി. അവൻ വിദേശത്തേക്ക് പോയി.

പൂമാരൻ അയക്കുന്ന കത്തുകൾ ഔസേപ്പച്ചൻ്റെ മേൽവിലാസത്തിലായിരുന്നു വരുമായിരുന്നത്. പാപ്പാത്തി മറുപടികൾ എഴുതി ഔസേപ്പച്ചന് നൽകും..നാട്ടിൽ നിന്ന് ഗൾഫിൽ പോകുന്നവരുടെ കൈയ്യിലത് കൊടുത്തു വിടും. അല്ലെങ്കിൽ സ്റ്റാമ്പൊട്ടിച്ച് പട്ടണത്തിൽ പോകുന്നവരുടെ കൈവശം കൊടുത്തു പട്ടണത്തിലെ പോസ്റ്റു പെട്ടിയിലിടും

കുശിനിപ്പുരയിലെ ജോലി പാപ്പാത്തി വേണ്ടെന്ന് വച്ചതു മുതൽ അവൾക്ക് പൂമാരൻ്റെ കത്തുകൾ കിട്ടാതായി. പാപ്പാത്തി എന്നും ഔസേപ്പച്ചൻ്റെ മുറിക്ക് പുറത്ത് കാത്തുനിൽക്കും. അതിനകത്തേക്ക് അവളിപ്പോൾ കയറാറില്ല. ഉണർന്നെഴുന്നേറ്റു വരുന്ന ഔസേപ്പ് കാണുന്നത് പാപ്പാത്തിയെയാണ്

”ഇവിടെ കത്തൊന്നും വന്നില്ല. നീയിനി ഇങ്ങനെ വരണമെന്നില്ല.” അയാൾ നീരസത്തോടെ പറഞ്ഞു

ദിവസങ്ങളോളം ഇതു തുടർന്നു. പാപ്പാത്തി എന്നും കത്തുകൾ എഴുതി നാട്ടിൽ നിന്ന് യാത്ര പോകുന്നവർക്ക് നൽകി തുടങ്ങി. പട്ടണത്തിലെ പെട്ടിയിലിടാൻ. പിന്നെ പിന്നെയത് മേൽവിലാസമില്ലാത്ത കത്തുകളായി മാറി തുടങ്ങി.

ഒരുദിവസം, കത്ത് വന്നിട്ടുണ്ടെന്ന് ഔസേപ്പച്ചൻ പാപ്പാത്തിയെ അറിയിച്ചു.
അവൾ കൊതിയോടെ ഓടിയെത്തി.

‘പൂമാരൻ ഒരപകടത്തിൽ മരിച്ചു’ എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. മാസങ്ങൾ കഴിഞ്ഞു. ഒരു ദിവസം, പൂമാരൻ്റെ ശവം നാട്ടിൽ കൊണ്ടുവന്നു. തിളങ്ങുന്ന വലിയൊരു അലുമിനിയം പെട്ടിക്കുള്ളിലായിരുന്നത്. പെട്ടിയിൽ കെട്ടിപ്പിടിച്ച് കരഞ്ഞു പപ്പാത്തിയുടെ ബോധം മറഞ്ഞു. അവളതു തുറന്നു കാണാതെയായിരുന്നു, പെട്ടി ചുടുകാട്ടിലേക്ക് കൊണ്ടുപോയത്. ഔസേപ്പച്ചനായിരുന്നു അങ്ങനെ ഒരു തീരുമാനം പറഞ്ഞത്.

”ശവം ചീഞ്ഞിട്ടുണ്ടാകും. തുറന്നാൽ ഇവിടപ്പടി നാറ്റമാകും. ചുടുകാട്ടി കൊണ്ടുപോയി തുറന്നാ മതി.” ചുടുകാട്ടിൽ വച്ചു ആ പെട്ടി തുറന്നു. ശരീരം, ആളിനെ തിരിച്ചറിയാൻ പറ്റാത്ത വിധമായിരുന്നു. മാം സം അഴുകിയ നാറ്റം ഒന്നുമില്ലായിരുന്നെങ്കിലും പെട്ടി തുറന്നപ്പോൾ കൂടി നിന്നവർ മൂക്കുപൊത്തി. സ്പിരിറ്റിൻ്റെയും, കെമിക്കലിൻ്റെയും ഗന്ധം കാറ്റിൽ പടർന്നിരുന്നു. ശവം കത്തിത്തുടങ്ങിയപ്പോൾ തന്നെ ആ അലുമിനിയം പെട്ടി ചുടുകാടിൻ്റെ അടുത്തു താമസിക്കുന്നവർ കൊണ്ടുപോയി.

പാപ്പാത്തി ഇതൊന്നുമറിഞ്ഞില്ല. അവൾ ബോധമില്ലാതെ രണ്ടുദിവസം കിടന്നു. മൂന്നാം ദിവസം ചിരിച്ചു കൊണ്ട് പാപ്പാത്തി ഉണർന്നു. അവളുടെ ഓർമ്മ നഷ്ടപ്പെട്ടിരുന്നു. നാട്ടുകാർക്കെല്ലാം പൂമാരൻ മരിച്ചെന്ന് അറിയാമെങ്കിലും പാപ്പാത്തിക്കു മാത്രം അതോർമ്മയിലില്ല. അവൾ പൂമാരനെയും കാത്തിരിപ്പായി.

‘ആ ഗ്രാമത്തിൽ യാത്രക്കിറങ്ങുന്നവരുടെ വീട്ടിൽ പാപ്പാത്തി ഒരു കത്തു മായെത്തും.

”ആർക്കാ കത്ത് പാപ്പാത്തിയേ?” വീട്ടുകാർ ചോദിക്കും. ‘പൂമാരനാ’ അതു പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങും..വീട്ടുകാർ സഹതാപത്തോടെ അവളെ നോക്കും. പാപ്പാത്തി വികൃതമായി ചുണ്ടുകൾ കോട്ടി ചിരിച്ചുകാട്ടും. തലയും മാന്തിപ്പറിച്ചവൾ വീണ്ടും നടക്കും. ഇവൾക്ക് പിരാന്തായെന്ന് നാട്ടുകാർ പറഞ്ഞു തുടങ്ങി. അതിനോടൊപ്പം അവർക്ക് കൂട്ടിച്ചേർക്കാനായി മറ്റൊരു വാചകം കൂടെ ഉണ്ടായിരുന്നു.

”ഓളൊരു സുന്ദരിയായിരുന്നു. നല്ല വിദ്യാഭ്യാസം ഉള്ളോളാ! എന്തു ചെയ്യാനാ തലക്ക് സ്ഥിരംല്ല്യാണ്ടായിപ്പോയി.” വർഷങ്ങൾ കഴിഞ്ഞു. പാപ്പാത്തി കിട്ടുന്ന കടലാസുകളിലെല്ലാം വഴിയോരങ്ങളിലിരുന്ന് കുത്തി കുറിച്ചുകൊണ്ടിരുന്നു. തലമുടികൾ നരകയറി അവൾ വൃദ്ധയായി. മരണമാണ് ഒരുദിവസം അവളുടെ കാത്തിരിപ്പവസാനിപ്പിച്ചത്.

പാപ്പാത്തിയുടെ മരണം കഷ്ടമായിരുന്നു. ചിറയിൽ വെള്ളം കയറിക്കിടന്നപ്പോൾ അവൾ കുളിക്കാനിറങ്ങി. കാലുകൾ ചെളിയിൽ പുതഞ്ഞ് പോയി. മഴ പെയ്തു കൊണ്ടിരുന്നു. ചിറയിൽ വെള്ളം ഉയർന്നു. പിറ്റേന്നായിരുന്നു ആളുകളതു കണ്ടത്. ചിറയിലെ വെള്ളത്തിനു മുകളിലേക്ക് ആർക്കോ വേണ്ടി ഉയർന്നു നിന്ന ജീവനില്ലാത്ത രണ്ടു ശോഷിച്ച കൈകൾ.

അടുത്ത മഴക്കാലത്തായിരുന്നു ചിറയിൽ വീണ്ടും വെള്ളം കയറിയത്. രാത്രിയിലും തോരാത്ത മഴയായിരുന്നു. കവലയിലെ അവസാന ബസിൽ വന്നിറങ്ങിയ ഒരാൾ ചിറക്കരികിലേക്ക് നടന്നു. അന്നുരാത്രി ചിറക്കക്കരെ പാപ്പാത്തിയുടെ പൊളിഞ്ഞ ഓലപ്പുരയുടെ വരാന്തയിലൊരു ചിമ്മിനി എരിഞ്ഞു. ആ വെട്ടം കണ്ടാണ് ഔസേപ്പച്ചൻ അവിടേക്ക് നടന്നത്. ചിമ്മിനി വെട്ടത്തിനരികിൽ നിഴലായി ഒരു രൂപം. തല കുമ്പിട്ടിരിക്കുകയാണ്. നിലത്തിട്ട കടലാസുകളിൽ എന്തൊക്കൊയോ കുത്തിക്കുറിക്കുന്നു. ഔസേപ്പച്ചൻ അതിനരികിലെത്തി. ആ രൂപം എഴുന്നേറ്റു.
പൂമാരൻ! ഔസേപ്പച്ചൻ്റെ വിളറിയ ചുണ്ടുകൾ വിറച്ചു. താടിയും, മുടിയും കാടുപോലെ വളർന്നതിനുള്ളിൽ വികൃതമായൊരു മുഖം. കറപിടിച്ച പല്ലുകൾ കാട്ടി അയാൾ ചിരിച്ചു. ചിമ്മിനി വെട്ടം തൻ്റെ മുഖത്തിന് നേരെ പാഞ്ഞു വരുന്നത് ഔസേപ്പച്ചൻ കണ്ടു. എടുത്തടിച്ചതു പോലെ അയാൾ നിലത്തു വീണു.

എന്താണ് സംഭവിച്ചതെന്ന് ഔസേപ്പിന് മനസ്സിലായപ്പോൾ നിലത്തു മലർന്നു വീണ അയാളുടെ നെഞ്ചിനു മുകളിൽ പൂമാരൻ ഇരിക്കുകയായിരുന്നു. ”ഔസേപ്പേ എൻ്റെ പാപ്പാത്തി എങ്ങനെയാ മരിച്ചത്.?” ഒരു മുരൾച്ച പോലെയായിരുന്നു പൂമാരൻ ഒച്ച. ആകാശത്ത് മേഘങ്ങൾ മഴക്കുള്ള വട്ടം കൂട്ടിത്തുടങ്ങി. ചില നക്ഷത്രങ്ങൾ അവയ്ക്കിടയിലൂടെ ഈ കാഴ്ച കാണാൻ തല നീട്ടി.

”എനിക്കറിയില്ല. പൂമാരാ സത്യായിട്ടും എനിക്കറിയില്ല. അവൾക്ക് ഭ്രാന്തായിരുന്നു. ചെളിയിൽ പുതഞ്ഞ് ചത്തുപോയതാണ്.” ഔസേപ്പിൻ്റെ കണ്ണുകൾ പേടിച്ചരണ്ടിരുന്നു.

”ഔസേപ്പേ നീ എന്നെ നാടുകടത്തിയതും, നിൻ്റെ സ്വാധീനത്തിൽ എന്നെ മരുഭൂമിയിലെ ജയിലിൽ കിടത്തിയതും ഞാൻ ക്ഷമിക്കും. പക്ഷേ നിൻ്റെയീ കണ്ണുകൾ എൻ്റെ പാപ്പാത്തിയുടെ നേരെ മറ്റൊരു ദൃഷ്ടിയിൽ നോക്കിയത് ഞാൻ പൊറുക്കില്ല.”

”ഇല്ല പൂമാരാ എനിക്കവളോടൊരു ആഗ്രഹം തോന്നിയത് സത്യമാണ്. അതിനാണ് നിന്നെ മാറ്റി നിർത്തിയതും. അവൾ ഒരിക്കലും സമ്മതിക്കാത്തത് കൊണ്ടാണ് നീ ചത്തെന്ന് കഥകളുണ്ടാക്കിയതും മറ്റൊരു ശവം ഇവിടെ എത്തിച്ച് കത്തിച്ചതും. പിന്നെ അവൾക്ക് ഭ്രാന്തായി പോയി. പൂമാരാ ഞാനവളെ തൊട്ടിട്ടില്ല. സത്യം. എന്നെ ഒന്നും ചെയ്യരുതേ”

ഔസേപ്പിൻ്റെ നെഞ്ചിലിരുന്ന് പൂമാരൻ മാനത്തേക്ക് നോക്കി പൊട്ടിച്ചിരിച്ചു. മഴ പെയ്തു തുടങ്ങിയിരുന്നു.

”നീയിത് കണ്ടോ ഔസേപ്പേ ഈ ചുറ്റിനും നിരനിരയായി കിടക്കുന്നത് ” കൂരയ്ക്കുള്ളിൽ നിറയെ കടലാസ്സുകൾ ചിതറി കിടക്കുന്നുണ്ടായിരുന്നു.. ”ഇതെല്ലാം അവൾ എനിക്കായെഴുതി വച്ചതായിരുന്നു. അതിവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

നീ പറഞ്ഞില്ലേ അവൾക്ക് ഭ്രാന്തായിപ്പോയെന്ന്അ വൾ ഭ്രാന്ത് അഭിനയിക്കുക യായിരുന്നെടാ നിന്നെപ്പോലെ ഉള്ള കഴുകൻമാരുടെ കണ്ണിൽ നിന്ന് രക്ഷപ്പെടാൻ. എല്ലാം അവൾ എഴുതി വച്ചിട്ടുണ്ട്. നീയവളെ തൊട്ടിട്ടില്ല. അതെനിക്കറിയാം. പക്ഷേ നിൻ്റെ ആ മനസ്സ്, നിൻ്റെയീ രണ്ടു കണ്ണുകൾ!” പൂമാരൻ രണ്ടുവിരലുകൾ ഔസേപ്പിൻ്റെ കണ്ണുകളിലേക്ക് കു ത്തിയിറക്കി. വേദന കൊണ്ട് തുറന്ന ഔസേപ്പിൻ്റെ വായിലേക്ക് കടലാസ്സുകൾ കുത്തിനിറച്ചു. ശ്വാസംമുട്ടി ഔസേപ്പ് അവശനായിരുന്നു.

അയാളെയും തോളിൽ ചുമന്ന് പൂമാരൻ പള്ളിമണിക്കരികിലേക്ക് നടന്നു. മണിയിലെ കയറിൽ ഒരാൾ പൊക്കത്തിനും മുകളിലായൊരു കുരുക്കിട്ടു. ജീവനോടെ തന്നെ ഔസേപ്പിനെ ഉയർത്തിയതിൽ തൂ ക്കി. കയറിൽ തൂങ്ങിയ പക്ഷിയുടെ അവസാന പിടച്ചിൽ പോലെ ഔസേപ്പിൻ്റെ ശരീരം ഒന്നു വിറച്ചു. പിന്നെ നിശ്ച്ചലമായി. വീശി വന്ന കാറ്റിൽ ഔസേപ്പിൻ്റെ ശരീരം ഊഞ്ഞാലു പോലെ പൂമാരനാട്ടി വിട്ടു. പതിയെ ഉയർന്ന മണിശബ്ദം, കാറ്റിൻ്റെ വേഗത കൂടിയപ്പോൾ പിന്നെ ഉച്ചത്തിലായി. നേരം പുലർന്നു തുടങ്ങിയിരുന്നു. അകത്തു കാവ് ഗ്രാമക്കാർ അസ്സമയത്തുള്ള കൂട്ടമണിയുടെ ശബ്ദം കേട്ടുണർന്നു. പൂമാരൻ മാറോടടുക്കിപ്പിടിച്ച കടലാസ്സുകളുമായി ചിറയിലേക്കിറങ്ങി. വെള്ളത്തി നടിയിൽ നിന്നും ശോഷിച്ച രണ്ടു കൈകൾ അയാളെ പുണരാനായി ഉയർന്നു വന്നു. അതിനുള്ളിലേക്ക് കടന്നു പതിയെ പതിയെ അയാൾ ചിറയുടെ ആഴങ്ങളിലേക്കാണ്ടുപോയി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *