കുടുംബ ത്തിലെ ഏക ആൺ തരി ആയത് കൊണ്ട് തനിക്ക് ഇഷ്ടം പോലെ ബാധ്യത ഉണ്ടായിരുന്നു. മൂത്ത രണ്ട് പെങ്ങന്മാരുടെ……

പ്രവാസം

ഹക്കീം മൊറയൂർ

‘നമ്മുടെ കല്യാണം കഴിഞ്ഞിട്ട് എത്ര വർഷമായി എന്നോർമ്മയുണ്ടോ?’.

സുഹറയുടെ ചോദ്യം മനസ്സിൽ മുഴങ്ങാൻ തുടങ്ങിയപ്പോഴാണ് മജീദും അക്കാര്യം ഓർത്തത്.

‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ‘.

കടയിൽ പുതിയതായി വന്ന പയ്യൻ സമീർ തമാശ രൂപേനെ പറഞ്ഞത് മജീദ് ഓർത്തു. കല്യാണം കഴിഞ്ഞു ഏഴാം നാൾ ഗൾഫിലേക്ക് കയറി വന്നതാണ് സമീർ . ഭാര്യക്ക് വിളിച്ചു കഴിഞ്ഞു കണ്ണ് നിറഞ്ഞത് തുടച്ചു കൊണ്ട് പറഞ്ഞതാണ് അവൻ.

1985 ഫെബ്രുവരി 18 നാണ് സുഹറയെ താൻ കല്യാണം കഴിച്ചത്. മാർച്ച്‌ ഒന്നിന് തന്നെ കയറി പോരേണ്ടിയും വന്നു. സുഹറക്ക് അന്ന് മധുര പതിനേഴാണ് പ്രായം. തനിക്ക് 25 ഉം.

ആ ഒരു ഓർമ ഉള്ളത് കൊണ്ട് തന്നെ അവന്റെ മനസ്സിന്റെ പ്രയാസം തനിക്ക് മനസ്സിലാവും. പാവം. അവനറിയില്ലല്ലോ ഇനി അങ്ങോട്ട് മരണം വരെ വേർപാടിന്റെ വേദന സഹിക്കാനാണല്ലോ പ്രവാസികളുടെയും അവന്റെ ഭാര്യമാരുടെയും വിധി.

കുടുംബ ത്തിലെ ഏക ആൺ തരി ആയത് കൊണ്ട് തനിക്ക് ഇഷ്ടം പോലെ ബാധ്യത ഉണ്ടായിരുന്നു. മൂത്ത രണ്ട് പെങ്ങന്മാരുടെ കല്യാണം കഴിഞ്ഞത് മുതൽ വീടിന്റെ ആധാരം വരെ ബാങ്കു കാരുടെ കയ്യിലായിരുന്നു.

സുഹറയുടെ മുഴുവൻ സ്വർണ്ണവും വിറ്റ് തുലച്ചാണ് ബാങ്കിൽ നിന്നും ആധാരം തിരിച്ചെടുത്തത്. അവിടം മുതൽ താനെന്ന മനുഷ്യന്റെ അസ്ഥിത്വം ഇല്ലാതെയാവുകയായിരുന്നു.

കല്യാണം കഴിഞ്ഞ ഉടനെ തന്നെ ഉംറ വിസയിൽ സൗദിയിലേക്ക് കയറി. മൂന്നര വർഷമാണ് അവിടെ രാപകൽ കഷ്ടപ്പെട്ടത്. എല്ലാം കുടുംബത്തിന് വേണ്ടിയായിരുന്നു.

ഇടക്കിടെ വരുന്ന സുഹറയുടെ കണ്ണീരിൽ ചാലിച്ച കത്തുകൾ മാത്രമായിരുന്നു ഏക ആശ്വാസം. അന്നൊരിക്കൽ നാട്ടുകാരന്റെ കൈവശം അവൾ കൊടുത്തയച്ച ഓഡിയോ കാസറ്റ് കേട്ട് എത്രയോ രാവുകൾ ഉറങ്ങാതെ കിടന്നിട്ടുണ്ട്.

ജമീലിന്റെ കത്ത് പാട്ടുകളിലെ പൊള്ളിക്കുന്ന വരികൾ ഓർത്തു എത്രയോ തവണ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നിരിക്കുന്നു.

മൂന്നര വർഷത്തിന് ശേഷം ഇനി ഒരിക്കലും ഗൾഫിലേക്കില്ല എന്നുറപ്പിച്ചാണ് നാട്ടിലേക്ക് വിമാനം കയറിയത്.

എന്ത് ചെയ്യാം.

ആറു മാസമേ ആ ഉറപ്പിനു ഉറപ്പുണ്ടായിരുന്നുള്ളൂ. സുഹറയുടെ കു ളി തെറ്റി യതിന്റെ മൂന്നാം നാള് പൊട്ടി ക്കരയുന്ന സുഹറയുടെ വിരലുകൾ പിടിച്ചു മാറ്റി നടന്നകലുമ്പോൾ കെട്ട് പ്രായം കഴിഞ്ഞിട്ടും സൗന്ദര്യം ഉണ്ടായിട്ടും പറഞ്ഞ പൊന്നും പണ്ടവും കൊടുക്കാനില്ലാഞ്ഞിട്ട് വീട്ടിൽ ഇരുന്നു പോയ പെങ്ങന്മാരെ മാത്രമാണ് താൻ ഓർത്തത്.

വീണ്ടുമൊരു മൂന്ന് കൊല്ലം.

നാട്ടിലേക്ക് വരുമ്പോൾ പെങ്ങന്മാരെയെല്ലാം കല്യാണം കഴിഞ്ഞിരുന്നു. എന്നാലും കുറെ കടം ബാക്കിയായിരുന്നു.

തന്റെ മോള് സൈനബിനു അന്ന് രണ്ടെ മുക്കാൽ വയസ്സ് മാത്രമായിരുന്നു പ്രായം. ആദ്യമായി അവളെ നേരിട്ടു കണ്ട നിമിഷം കെട്ടിപ്പിടിച്ചു മാറോട് ചേർത്തു പൊട്ടി കരഞ്ഞത് ഇന്നും ഓർമയിലുണ്ട്. അന്ന് വാതിലിനു പിറകിൽ ചാരി സുഹറ തന്നെ നോക്കി നിന്നതും മറക്കാൻ കഴിയില്ല.

സന്തോഷത്തിന്റെ ആറു മാസങ്ങൾ. മൂക്കറ്റം കയറിയ കടം തീർക്കാൻ വീണ്ടും മരുഭൂമിയിലേക്ക്. രണ്ട് മൂന്ന് കൊല്ലം പണിയെടുത്തു കടങ്ങൾ വീട്ടി തിരിച്ചു വന്നാൽ കൂലി പണി എടുത്തെങ്കിലും ഒരുമിച്ചു ജീവിക്കാം എന്ന് വാക്ക് കൊടുത്തു പോരുമ്പോൾ നിശബ്ദം സൈന ബിനെ നെഞ്ചോട് ചേർത്തു കണ്ണീർ വാർത്തു നോക്കി നിന്നതാണ് സുഹറ.

കടം വീടിയപ്പോൾ വീട് പണിയായി. പെങ്ങന്മാരുടെ വീട് പണിയായി. അപ്പോൾ സ്വന്തം വീട് പണി പതിയെയായി.

കാലം കടന്നു പോകെ രണ്ടു വർഷം കഴിഞ്ഞാൽ നാലോ അഞ്ചോ മാസം ലീവിന് വരുന്ന ഒരു വിരുന്നുകാരനായി മാറി. കുടുംബത്തിൽ എന്തൊരു പരിപാടി ഉണ്ടെങ്കിലും അതിന് വേണ്ടി മജീദിനെ വിളിക്കുന്ന ര ക്ത ബന്ധങ്ങൾ മനസ്സിന് വേദനയായി.

നാലാമത്തെ പ്രസവത്തോടെ സുഹറയും ഒരു രോഗിയായി. നാലു പെണ്മക്കളുടെ പഠിപ്പും കല്യാണവും പിന്നെ അവരുടെ വീട് വെപ്പും വീട് കൂടലും. എല്ലാറ്റിനും കറിക്ക് ഉപ്പെന്ന പോലെ തന്റെ വിയർപ്പിന്റെ വിലയുണ്ടായിരുന്നു.

മറ്റുള്ളവരെല്ലാം കുടുംബത്തോടെ ജീവിക്കുമ്പോൾ താനും സുഹറയും മാത്രം രണ്ട് വർഷം കൂടുമ്പോൾ മാത്രം കാണുന്ന ഇണക്കുരുവികളായി മാറി.

പ്രവാസ ജീവിതത്തിനു ഇപ്പോൾ 36 വയസ്സായിരിക്കുന്നു. ഈ 36 കൊല്ലത്തിനിടെ ആറോ ഏഴോ കൊല്ലം മാത്രമാണ് താനും സുഹറയും ഒരുമിച്ചു സ്നേഹം പങ്കിട്ടത്.

ചോരയും നീരുമുള്ള യുവത്വം മുഴുവൻ വിരഹ തീയിൽ വെന്തുരുകാനായിരുന്നു തങ്ങളുടെ വിധി. ഇപ്പോൾ 61 വയസ്സ് കഴിഞ്ഞിരിക്കുന്നു. പ്രവാസം സമ്മാനിച്ച അസുഖങ്ങൾ മാത്രമാണ് ഇന്നു കൂട്ടിന്. ഷുഗർ, പ്രെഷർ, കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, ഗ്യാസ് തുടങ്ങി ഇല്ലാത്ത അസുഖങ്ങൾ ഒന്നുമില്ല.

ഇന്നാണ് നിഫു മോളേ പിറന്നാൾ. ഇങ്ങള് ഉച്ചക്ക് എന്തായാലും വീഡിയോ കാളിൽ വിളിക്കണം. കേക്ക് കട്ട് ചെയ്യുന്നത് കാണാലോ.

സുഹറ ഇപ്പോൾ ഒന്നാം തരം ഗൾഫുകാരന്റെ ഭാര്യ ആയിരിക്കുന്നു. മക്കളോ ടൊപ്പം അവളും ആഡംബര ജീവിതത്തിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.

മെഡിക്കൽ ലീവ് എടുത്താണ് മജീദ് അന്ന് റൂമിൽ ഇരുന്നത്. ഉച്ചക്ക് വീഡിയോ കാളിൽ മക്കളും മരുമക്കളും ആട് മന്തിയും ബ്രോസ്റ്റും കാട പൊരിച്ചതും ചെമ്മീൻ വറുത്തതുമൊക്കെ പാതി കഴിച്ചു മേശപ്പുറത്തേക്കിട്ട കാഴ്ച കണ്ടു മജീദ് കുബൂസ് തൈരിൽ മുക്കി സാവധാനം വിശപ്പ് തീർത്തു.

ഇന്നു തനിക്കും വേണമെങ്കിൽ അത് പോലെ കഴിക്കാനുള്ള പണം ഉണ്ട്. പക്ഷെ ശരീരം സമ്മതിക്കുന്നില്ല.

എന്തായാലും പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിച്ചാണ് മജീദ് അന്നുറങ്ങാൻ കിടന്നത്. സമീർ ഭാര്യയോട് സംസാരിക്കുന്നത് അന്നും മജീദ് കേട്ടു.

‘രണ്ടെ രണ്ടു കൊല്ലം മുത്തേ. കടങ്ങളൊക്കെ തീർത്തു മനസമാധാനത്തോടെ നാട്ടിൽ എന്തേലും പണി ചെയ്തു ജീവിക്കാം പൊന്നേ’.

അപ്പുറത്ത് നിന്നും കണ്ണീരിൽ കുതിർന്ന ഒരു മൂളൽ മൂളിയിട്ടുണ്ടാവണം എന്ന് മജീദ് ഓർത്തു.

നാട്ടിലേക്ക് പോവുന്നതും ഓർത്തു മജീദ് അന്ന് സുഖമായി ഉറങ്ങി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *