കുറച്ചു സമയത്തിനുശേഷം ഒരു മുറിയിൽ കാത്തിരിക്കാൻ നിർദ്ദേശം കിട്ടി. അവിടെയിരുന്നു…

എഴുത്ത്: ഭാഗ്യലക്ഷ്മി. കെ. സി

ഇന്ന് കോവിഡ് വാക്സിൻ രണ്ടാം ഡോസ് എടുക്കേണ്ട ദിവസമായിരുന്നു. മഴ നി൪ത്താതെ പെയ്യുന്നു. ആശങ്കയോടെയാണ് ഇറങ്ങിയത്.

ആദ്യത്തെ ഡോസ് എടുത്തപ്പോൾ,‌ അവ൪ മൊബൈൽ നമ്പർ എഴുതിയെടുത്തത് തെറ്റിപ്പോയെന്ന് മെസേജ് വരാഞ്ഞപ്പോഴാണ് മനസ്സിലായത്. ഇനി അടുത്ത പ്രാവശ്യം ഈ കാരണം കൊണ്ട് ബുദ്ധിമുട്ടേണ്ടിവരുമെന്ന് അന്നേ മനസ്സിലുറപ്പിച്ചിരുന്നു.

സ്കൂളിൽ ചെല്ലുമ്പോഴേ കണ്ടു, ചെറിയ തിരക്കുണ്ട്. ലോക്ക് ഡൌൺ ആയിട്ടും റോഡിൽ വാഹനങ്ങൾ ഓടുന്നുണ്ട്. രണ്ട് സ്ത്രീകൾ കൂടെയുണ്ട്. ഭ൪ത്താവ് കാറിൽത്തന്നെയിരുന്നു. എന്തുചെയ്യണം ആരോട് ചോദിക്കണം എന്നൊന്നും മനസ്സിലാവുന്നില്ല. ജീവനക്കാ൪ കുറവായതുകൊണ്ടാണോ അവിടെ ഉള്ളവരുടെ മുഖത്ത് പരിഭ്രാന്തിയും തിരക്കും.

കുറച്ചു സമയത്തിനുശേഷം ഒരു മുറിയിൽ കാത്തിരിക്കാൻ നിർദ്ദേശം കിട്ടി. അവിടെയിരുന്നു. പിന്നെയും കുറേ സമയത്തിനുശേഷം ടോക്കൺ കിട്ടി. പക്ഷേ എന്റെ മൊബൈൽ നമ്പർ ശരിയായി ആഡ് ചെയ്തില്ല എന്നത് മനസ്സിൽ കല്ലുകടിയായി കിടക്കുന്നു. ഇനി കിട്ടാതെ മടങ്ങിപ്പോകേണ്ടിവരുമോ..ഒരു‌ ചങ്കിടിപ്പിനെ അവഗണിച്ച് പുറത്ത് തോരുന്ന മഴയെ നോക്കി കുറേസമയമിരുന്നു. ആളുകളും ശബ്ദവും വന്നും പോയുമിരുന്നു.

അടുത്ത വിളിയിൽ കുറച്ചുപേർ മുറിയിൽ നിന്നും ഇറങ്ങി വാക്സിനെടുക്കുന്ന റൂമിലേക്ക് പോയതോടെ ഞാൻ തയ്യാറായി ഇരുന്നു. പറഞ്ഞുനോക്കാം. പറ്റില്ല എന്ന് പറയുമോ..പറഞ്ഞാൽ?

പിന്നെ എത്രനാൾ കാത്തിരിക്കും..ഭ൪ത്താവിന് ഇതുവരെ ആദ്യത്തെ ഡോസ് പോലും കിട്ടിയിട്ടില്ല. ഓരോന്നോ൪ത്തുകൊണ്ടിരിക്കെ ആരോ വന്ന് വിളിച്ചു.

പ്രതീക്ഷയോടെ അവിടെ പോയിനിന്നു. കൂടെവന്ന രണ്ട് സ്ത്രീകളും പെട്ടെന്ന് തന്നെ സുഖമായി വാക്സിൻ എടുക്കാൻ കയറി. എനിക്ക് മുന്നിലിരിക്കുന്ന ഉദ്യോഗസ്ഥനോട് ഞാൻ ആദ്യമേ പറഞ്ഞു:

എനിക്ക് ആദ്യത്തെ ഡോസ് എടുത്തതിന്റെ മെസേജ് വന്നിട്ടില്ല. എന്റെ നമ്പ൪ അവ൪ തെറ്റായി രേഖപ്പെടുത്തിയതായിരിക്കാം.

അവ൪ എന്റെ ആധാ൪ കാ൪ഡ് ഉപയോഗിച്ച് രജിസ്റ്റ൪ ചെയ്യാൻ നോക്കി. സാധിക്കുന്നില്ല. അയാൾ ചോദിച്ചു:

ഇലക്ഷൻ ഐ ഡി ഉണ്ടോ?

ഞാൻ എടുത്തു കൊടുത്തു. അയാൾ വീണ്ടും ശ്രമമാരംഭിച്ചു. ഈ സമയത്ത് തൊട്ടടുത്ത കസേരയിൽ വയസ്സായ ഒരു മുസ്ലിം വൃദ്ധൻ വന്നു. അയാളോട് അടുത്തുള്ള ഉദ്യോഗസ്ഥയായ സ്ത്രീ പലതും ചോദിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും കൃത്യമായി ഓ൪ത്തുപറയാൻ അയാൾ ബുദ്ധിമുട്ടുന്നുണ്ട്. ഞാൻ ചെവിയോ൪ത്തു.

കഴിഞ്ഞ പ്രാവശ്യം വാക്സിൻ എടുക്കുമ്പോൾ ഏത് നമ്പർ ആണ് ഉപയോഗിച്ചത്?

ഇതു തന്നെ.

ഇതല്ല, ഇതിൽ ലഭ്യമല്ല. വേറെ ഏതെങ്കിലും നമ്പ൪ ആയിരുന്നോ? ഓ൪മ്മയുണ്ടോ?ഏത് നമ്പർ ആ?

എന്ത്?

വിളിച്ചില്ലേ? അത്?

അത് ആശവ൪ക്ക൪..

ആശ വ൪ക്കറുടെ നമ്പ൪ ആണോ കൊടുത്തത്?

ആ,

ആ ആശവ൪ക്കറുടെ നമ്പർ അറിയാമോ?

എന്തിനാ?

കഴിഞ്ഞ പ്രാവശ്യം കൊടുത്തത് ആ നമ്പറല്ലേ?

അല്ല, അത് ഇതുതന്നെയാ..

ഇത് കിട്ടുന്നില്ലല്ലോ..വേറെ ഏതെങ്കിലും കാ൪ഡുണ്ടോ കൈയിൽ? പാൻകാ൪ഡ്? ഇലക്ഷൻ ഐഡി?

ഇല്ല

വീട്ടിൽ ഉണ്ടോ? വിളിച്ചു പറഞ്ഞാൽ ആരെങ്കിലും കൊണ്ടുവന്നുതരുമോ?

അയാൾ ദയനീയമായി അവരെ നോക്കി. ഉത്തരം പറയാൻ വാക്കുകൾക്കായി പരതി.അവരുടെ ചോദ്യവും അയാളുടെ ദയനീയമായ ഉത്തരങ്ങളും എന്നെ അനാവശ്യമായി അലോസരപ്പെടുത്തി. ഞാനയാളെ എങ്ങനെ സഹായിക്കാനാണ്..എന്റെ മനസ്സിനെ ശ്രമപ്പെട്ട് ശാസിച്ചിരുത്തി.

അത്രയും സമയമെടുത്തു എന്റെ കാര്യം ശരിയാകാൻ. എനിക്ക് വാക്സിൻ എടുക്കുന്നതിനും മുന്നേ എന്റെ മൊബൈലിൽ മെസേജ് വന്നു. ഞാൻ രണ്ടാം ഡോസ് സക്സസ്ഫുള്ളി കംപ്ലീറ്റഡ്!

എന്നോട് പോയി വാക്സിൻ എടുക്കാൻ പറഞ്ഞു. നിമിഷങ്ങൾ കൊണ്ട് അത് കഴിഞ്ഞു. ഗുളികയും വാങ്ങി ഇരുപത് മിനുറ്റ് വിശ്രമിക്കുമ്പോൾ ഞാൻ ആ വൃദ്ധനെ കണ്ണുകൾ കൊണ്ട് തിരഞ്ഞു.കിട്ടിയോ‌.. ശരിയായോ..പുറത്ത് കാത്തുനിൽക്കുന്നുണ്ടോ..ആരെങ്കിലും കൊണ്ടുക്കൊടുക്കാൻ വീട്ടിൽ ആളുകളുള്ള വ്യക്തിയാണോ..പരിഭ്രമിക്കുന്നുണ്ടാവുമോ..വെറുതേ, വെറും വെറുതെ ഞാനിങ്ങനെ ഓരോന്ന് ചിന്തിച്ചു…ആരുമില്ലാത്തവ൪ക്ക് വാക്സിൻ വെക്കണ്ടേ..മൊബൈൽ സാക്ഷരത ഇല്ലാത്തവ൪ക്ക് ഈ കാലത്ത് ജീവിക്കണ്ടേ..

വേണ്ട, ഈ ലോകത്ത് നമ്മൾ ഫിറ്റല്ല, ഒട്ടും അനുയോജ്യമല്ലാത്ത സ്ഥലത്തുനിന്നും എത്രയും പെട്ടെന്ന് ഓടിയകലുന്നതാണ് നല്ലത്..ഈ ലോകം സങ്കീ൪ണ്ണതകൾ നിറഞ്ഞു ലാളിത്യമുള്ള മനുഷ്യ൪ക്ക് അപ്രാപ്യമായിത്തുടങ്ങിയിരിക്കുന്നു..

തിരിച്ചിറങ്ങുമ്പോൾ മഴ തക൪ത്തുപെയ്യാൻ വീണ്ടും ഒരുക്കം കൂട്ടുകയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *