കർത്താവേ അങ്ങേര് ദേ പിന്നേം പാത്രം പൊട്ടിച്ചു..അല്ല തെറ്റ് എന്റേത് കൂടിയാ. തിന്നാനല്ലാതെ അടുക്കളയിൽ കയറി വരാത്ത അങ്ങേരോട് ഒരു കട്ടനിട്ട് തരോന്ന്……

ച്ലും ക്ലിം…

Story written by Sindhu Manoj

കർത്താവേ അങ്ങേര് ദേ പിന്നേം പാത്രം പൊട്ടിച്ചു..അല്ല തെറ്റ് എന്റേത് കൂടിയാ. തിന്നാനല്ലാതെ അടുക്കളയിൽ കയറി വരാത്ത അങ്ങേരോട് ഒരു കട്ടനിട്ട് തരോന്ന് ചോദിക്കേണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ.

അങ്ങേര് ഉറങ്ങുമ്പോഴോ, പത്രം വായിക്കുമ്പോഴോ, ടീവി യിൽ ന്യൂസ്‌ കാണുമ്പോഴോ എന്റെ കയ്യീന്നെങ്ങാനും ഒരു സ്പൂണ് താഴെ വീഴുന്ന ഒച്ച കേട്ടാൽ, നാഗവല്ലി കയറിക്കൂടിയ മാതിരി ഒരു വരവുണ്ട്. ചത്തു പോയ അപ്പനപ്പൂൻമാര് വരെ ചെവി പൊത്തി കുടുംബക്കല്ലറയിൽ നിന്നിറങ്ങിയോടും. അമ്മാതിരി തെറിവിളിയായിരിക്കും.

ഇതിപ്പോ അവനൊന്റെ കയ്യീന്ന് വീണു പൊട്ടുന്ന കൊണ്ട് ഒരു പ്രശ്നോമില്ല.

ആ.. എന്തോ ആകട്ടെ. അങ്ങേരുടെ കാശു മുടക്കി മേടിച്ച പാത്രങ്ങൾ, അങ്ങേര് പൊട്ടിക്കട്ടെ. നമുക്കെന്ത് ചേതം.

ആത്മഗതത്തിലൂടെ ഒരു ലോഡ് പുച്ഛം വാരി വിതറി ഇടത്തൂന്ന് വലത്തോട്ടൊന്നു തിരിഞ്ഞു കിടന്നതും, അങ്ങേരുണ്ട് വാതിൽക്കൽ.

എന്ത്യേ.. യുദ്ധമൊക്കെ കഴിഞ്ഞു ക്ഷീണിച്ചോ. കട്ടനൊരെണ്ണം ഞാനിട്ട് തരണോ അതോ പാലൊരു ഗ്ലാസ്‌ ഹോർലിക്സ് ചേർത്ത്, ക്ഷീണം മാറാൻ

നീ ദേ ഒരുമാതിരി ചൊറിയുന്ന വർത്താനം പറയല്ലേ. അല്ലേൽ തന്നെ ആകെ ഭ്രാന്ത്‌ പിടിച്ചു നിക്കാ മനുഷ്യൻ.

ഓഹോ… തലവേദനയെടുത്തു പണ്ടാരമടങ്ങി കിടക്കുന്ന ഭാര്യക്ക് ഒരു ഗ്ലാസ്‌ കട്ടൻചായയിടാൻ അടുക്കളയിൽ കയറിയപ്പോഴേക്കും നിങ്ങക്ക് ഭ്രാന്ത്‌ പിടിച്ചെങ്കിൽ നേരം വെളുക്കമ്പം തൊട്ട് അവിടെ കിടന്നു മേടുന്ന എനിക്കൊക്കെ ഷോക്കടിപ്പിക്കേണ്ടി വരൂലോ.

നിനക്ക് അല്ലേലും ഒരു ഷോക്കിന്റെ കുറവുണ്ട്. തല്ക്കാലം അതവിടെ നിക്കട്ടെ. പഞ്ചസാര എവിടെയാന്ന് പറഞ്ഞെങ്കിൽ ചായയിൽ ഇത്തിരി മധുരമിട്ട് ഇങ്ങു കൊണ്ട് വരാമായിരുന്നു. ഞാൻ നോക്കി നോക്കി മടുത്തു.

ഹോ.. പഞ്ചാര അന്വേഷിച്ച കോലാഹലമായിരുന്നോ ഈ കേട്ടത്. എന്റെ പാത്രങ്ങൾ എത്രയെണ്ണം പൊട്ടിച്ചെന്നു ദൈവത്തിനറിയാം.

ഞാനില്ലാത്തപ്പോ എന്തെങ്കിലും ഉണ്ടാക്കി കഴിക്കാൻ തോന്നിയാൽ അടുക്കളയിൽ കയറി ഓരോന്നും അന്വേഷിച്ചു നടന്ന് കഷ്ടപ്പെടേണ്ടല്ലോ എന്ന് കരുതിയാ എല്ലാ ടിന്നിലും ഓരോന്നിന്റെയും പേരെഴുതി ലേബലൊട്ടിച്ചു വെച്ചത്. എന്നിട്ടിപ്പോ പഞ്ചാര എവിടെയെന്ന് ചോദിച്ചു വന്നേക്കുന്നു. കർത്താവേ എന്റെ വിധി ഇനിയാർക്കും വെക്കല്ലേ.

പറച്ചിലിനൊപ്പം,തലയിൽ രണ്ടടി കൂടി കൊടുക്കാൻ തോന്നിയെങ്കിലും വേണ്ടന്ന് വെച്ചു. ഒന്നാമത്തെ വയ്യാത്ത തലയാ.

നീ ഇനിയുമെന്റെ ക്ഷമ പരീക്ഷിക്കരുത്. അതെവിടെയാന്ന് വെച്ചാ പറഞ്ഞു തുലക്ക്. എനിക്കു വയ്യ ഇനിയും നോക്കി നടന്നു ഭ്രാന്ത്‌ പിടിക്കാൻ.

ഹെന്റെ മനുഷ്യാ, നിങ്ങളാ അലമാരയുടെ ഏറ്റവും അടിയിലുള്ള തട്ടിൽ ഉപ്പ് എന്നെഴുതിയ ബൂസ്റ്റിന്റെ കുപ്പി കണ്ടില്ലേ ഇതുവരെ. അതിലുണ്ട് പഞ്ചാര.

ഇത്രേം കിറു കൃത്യമായി പറഞ്ഞു കൊടുത്തിട്ടും അങ്ങേരെന്നെ വിളിച്ച ചീ ത്ത… അതും ഈ തലവേദനയെടുത്തു കിടക്കുന്ന നേരത്ത്

നാഗവല്ലിയെക്കാൾ കൂടിയ ഏതോ ഐറ്റം ബാധിച്ച അങ്ങേര് പിന്നെ ഏത് വഴിക്ക് പോയോ ആവോ.. കട്ടനിനി ഞാൻ തന്നെ വെക്കേണ്ടി വരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *