ഞെട്ടലോടെ നിന്ന തന്റെ നെറ്റിയിൽ അമർത്തി ഉമ്മ വെച്ചവൻ മുറിയിൽ നിന്നും……

രണ്ടു പെൺകുട്ടികൾ…

എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് )

എന്റെ മുന്നിൽ തല കുനിച്ചിരിക്കുന്നവളെ നോക്കി ഞാൻ ആ കാപ്പിക്കപ്പ് അവളുടെ കയ്യിലേയ്‌ക്കെടുത്തു കൊടുത്തു..

അനഘ.. ഒരിക്കൽ എന്റെ ആത്മമിത്രമായിരുന്നവൾ.. പിന്നെ.. പിന്നെയെന്റെ പ്രണയമായിരുന്നവന്റെ പാതിയായവൾ…

“ഇനിയുമെനിക്ക് വയ്യ ശ്രേയ.. എനിക്കിനിയൊന്നും താങ്ങാനുള്ള ശേഷിയില്ല…”

കാപ്പിക്കപ്പ് താഴെ വെച്ച് ഇരുകൈകളാലും മുഖം പൊത്തിയവൾ പൊട്ടിക്കരഞ്ഞു.. ഏറെ നേരത്തിനു ശേഷമാണ് എഴുന്നേറ്റ് ഞാനവളുടെ ചുമലിൽ കൈ വെച്ചത്..

“കരയാതെ.. ആദ്യം നീയത് കുടിക്ക്…”

തേങ്ങലുകൾ അടങ്ങുന്നതിനിടയ്ക്കവൾ വീണ്ടും കാപ്പിക്കപ്പ് കയ്യിലെടുത്തു.. അതിൽ നിന്നപ്പോഴും നേർത്ത ചൂടുള്ള ആവി പരക്കുന്നുണ്ടായിരുന്നു..അവളത് പതിയെ കുടിച്ചിറക്കുന്നതും നോക്കി ശ്രേയ ക്ഷമയോടെ കാത്തിരുന്നു…

അനഘയുടെ ഇടതു കവിളിൽ നീലിച്ചു കിടന്ന പാടും, ചുണ്ടിന്റെ കോണിലായി ചോര കിനിഞ്ഞിറങ്ങി കനച്ചു കിടന്നിരുന്നതും ശ്രേയ കണ്ടിരുന്നു..

“അഖിൽ..?”

അവളത് കുടിച്ചു കഴിഞ്ഞതിനു ശേഷമാണ് ശ്രേയ പതിയെ ചോദിച്ചത്.. അനഘയുടെ കണ്ണുകളിൽ ഒരു മാത്ര മിന്നിതെളിഞ്ഞ ഭയം ശ്രേയ കണ്ടിരുന്നു..

“എനിക്കറിയില്ല… ഇന്ന് രാവിലെ പോവുമ്പോൾ വാതിൽ.. വാതിൽ ലോക്ക് ചെയ്തിരുന്നില്ല.. വെറുതെയൊന്നു ശ്രെമിച്ചു നോക്കിയപ്പോൾ തുറന്നു.. പുറത്തേ ക്കിറങ്ങിയപ്പോൾ നിന്നെയൊന്നു കാണാൻ തോന്നി.. ഈ ലോകത്തിപ്പോൾ നിനക്ക് മാത്രമേ എന്നെ മനസ്സിലാക്കാനാവൂ…”

അനഘ വീണ്ടും മുഖം പൊത്തികരഞ്ഞു…

“അനഘ.. റിലാക്സ്.. നീയിങ്ങനെ…”

“നിന്നോട് ഞാൻ ചെയ്തതൊക്കെ…”

അവൾ വീണ്ടും തേങ്ങി…

ഊർജ്ജസ്വലയായിരുന്ന, എപ്പോഴും ചിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന പഴയ അനഘയുടെ നിഴലു പോലും അവളിലില്ലായിരുന്നു.. ആകെ കോലം കെട്ട്, തളർന്ന മുഖവും അതിലേറെ തളർന്നുപോയ മനസ്സുമായി.. അവൾ…

നീയിപ്പോഴും അവനെ സ്നേഹിക്കുന്നുണ്ടോയെന്ന ചോദ്യം ശ്രേയയുടെ തൊണ്ടയിൽ കുടുങ്ങിക്കിടന്നു.. അനഘയുടെ ഇല്ലയെന്ന മറുപടി അഖിലിനെ അതിശയപ്പെടുത്തുമെന്നും അതിനപ്പുറം പാടേ തകർത്തു കളയുമെന്നും ശ്രേയയ്ക്ക് അറിയാമായിരുന്നു.…

അഖിൽ.. ശ്രേയയുടെ മനസ്സിൽ ഓർമ്മകൾ ചിത്രങ്ങളായി തെളിഞ്ഞു…

അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകൻ.. ബാല്യം മുതൽ അറിയാമായിരുന്നുവെങ്കിലും കൗമാരത്തിലാണ് അഖിലിന്റെ നാട്ടിലേയ്ക്ക് സ്ഥിരതാമസമാക്കുന്നത്..

ഒരു പറിച്ചു നടലിന്റെ വിഷമം അകറ്റിയത് അഖിലായിരുന്നു.. സമപ്രായക്കാർ.. എന്തിനും ഏതിനും തനിക്കവൻ കൂട്ടുണ്ടായിരുന്നു.. അഖിലിന് സ്വന്തം അനിയൻ അമലിനേക്കാൾഅടുപ്പം തന്നോടായിരുന്നു.. സഹോദരങ്ങളില്ലാതിരുന്ന തനിക്കും കൂട്ട് അവർ മാത്രമായിരുന്നു..

സ്കൂളിലും അഖിലിന്റെ കരുതൽ തനിക്കൊപ്പമുണ്ടായിരുന്നു.. പതിയെ തനിക്കും പുതിയ സുഹൃത്തുക്കളുണ്ടായി.. എന്നാലും അഖിലിനോളം അടുപ്പം ആരോടും കാണിച്ചിരുന്നില്ല.. അതവനെ ചൊടിപ്പിച്ചിരുന്നുവെന്നത് തന്നെ കാരണം.. നൃത്തം തന്റെ ജീവനായിരുന്നു.. അതുകൊണ്ട് തന്നെ സ്കൂളിൽ അത്യാവശ്യം ആരാധകരും ഉണ്ടായി..

അന്ന് രേഷ്മ ഫോൺ ചെയ്തു വിവരം പറഞ്ഞയുടനെ താൻ അഖിലിനെ കാണാനെത്തിയിരുന്നു.. അങ്കിളും ആന്റിയും ജോലിയ്ക്ക് പോയിരുന്നു.. അമൽ ടിവിയ്ക്ക് മുന്നിലും…

“അഖി.. നീയെന്തിനാ ആ രോഹിതിനെ തല്ലിച്ചതച്ചത്…?”

ഗൗരവത്തിലാണ് ചോദിച്ചത്.അഖിലിന്റെ ഭാവം മാറിയത് ഞൊടിയിടയിലായിരുന്നു..

“ഞാനവനെ തല്ലിയതിന് നിനക്കെന്താ, നിന്റെയാരാ അവൻ..?”

“അഖിൽ..”

“പറയെടി അവൻ നിന്റെയാരാ..?”

“അഖിൽ നീയെന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നെ.. ഹി ഈസ്‌ മൈ ഫ്രണ്ട്…”

അഖിലിന്റെ മുഖത്ത് പുച്ഛം നിറഞ്ഞു..

“ഫ്രണ്ട്.. അവന് നിന്നെ ഇഷ്ടാ,അതറിയോ നിനക്ക്..?”

ഒരുനിമിഷം ഞാനൊന്ന് പകച്ചു..

“അതിന്.. നീയെന്തിനാ അവനെ തല്ലിയേ.. അവൻ എന്നോടൊന്നും പറഞ്ഞിട്ട് കൂടിയില്ല..”

അവൻ ഒന്ന് രണ്ടു നിമിഷം ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി നിന്നു..

“അഖിൽ…?”

“എനിക്ക് ഇഷ്ടമല്ല.. എനിക്കിഷ്ടമല്ല നീയവനോട് മിണ്ടുന്നത്..”

ഈ തവണ തുറിച്ചു നോക്കിയത് താനായിരുന്നു.. പൊടുന്നനെയാണവൻ തന്റെ അരികിലെത്തി ഇരുചുമലിലും കൈകൾ വെച്ചത്..

“നീ.. നീയെന്റെ പെണ്ണാ.. എനിക്ക്.. എനിക്കിഷ്ടമല്ല വേറാരും നിന്നെ അങ്ങനെ നോക്കുന്നത്…”

അഖിൽ കിതയ്ക്കുന്നുണ്ടായിരുന്നു.. ഞെട്ടലോടെ നിന്ന തന്റെ നെറ്റിയിൽ അമർത്തി ഉമ്മ വെച്ചവൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയപ്പോഴും താൻ ശ്വാസം വിടാൻ പോലും മറന്നു നിൽക്കുകയായിരുന്നു…

ആദ്യമൊന്നുമത് ഉൾക്കൊള്ളാനായില്ലെങ്കിലും പിന്നീടെപ്പോഴോ താനും അവനെ സ്നേഹിച്ചു തുടങ്ങിയിരുന്നു അവനാഗ്രഹിച്ചത് പോലെ..അവിടെ തുടങ്ങുകയായിരുന്നു ആ പ്രണയകാലം…

അഖിലും ശ്രേയയും.. അധികാരത്തോടെ തന്നെയായിരുന്നു അഖിൽ ശ്രേയ തന്റേതാണെന്ന് സുഹൃത്തുക്കൾക്കിടയിൽ സ്ഥാപിച്ചെടുത്തത്..താനും അതൊക്കെ ഇഷ്ടപ്പെട്ടിരുന്നു.. കാണാനുള്ള ഭംഗി പോലെ തന്നെ പഠിത്തത്തിലും സ്പോർട്സിലുമൊക്കെ മുന്നിൽ തന്നെയായിരുന്നു അഖിൽ.. സ്കൂളിലെ ഹീറോ..

ആ തവണത്തെ കലോത്സവത്തിന് നൃത്തത്തിന് തന്റെ പേര് കൂടെ ചേർത്തിരുന്നു.. അതറിഞ്ഞപ്പോൾ ഒട്ടും താല്പര്യമില്ലാതെ ഒന്ന് മൂളിയെങ്കിലും അഖിൽ എതിർത്തൊന്നും പറഞ്ഞില്ല.. പക്ഷെ തുടർന്നുള്ള ദിവസങ്ങളിലെ അവന്റെ പെരുമാറ്റം.. അധികം സംസാരമില്ല, എന്തെങ്കിലും പറയുമ്പോഴേക്കും ചാടിക്കടിക്കാൻ വരും..

താൻ മത്സരത്തിൽ നിന്നും പിന്മാറിയെന്നറിഞ്ഞ നിമിഷം അവന്റെ കണ്ണുകൾ തിളങ്ങിയിരുന്നു.. ആ പുഞ്ചിരി തനിക്കേറെ പ്രിയ്യപ്പെട്ടതായിരുന്നു..

“എനിക്കിഷ്ടല്ല.. നീ എല്ലാരുടെയും മുന്നിലങ്ങനെ.. നിന്റെ നൃത്തം ഞാൻ മാത്രം കണ്ടാൽ പോരേ..?”

തെല്ലു കുസൃതിയോടെയുള്ള ആ നോട്ടത്തിന്റെ മുന്നിൽ ആകെ തളിർത്തു പോയിരുന്നു ഉള്ളം…ആ നിമിഷം ലോകത്തിലുള്ളതെന്തും അവന് വേണ്ടി ഉപേക്ഷിക്കാൻ താൻ തയ്യാറായിരുന്നു..

അഖിലിന് അപ്പുറത്തേയ്ക്കൊരു ലോകം തനിക്കില്ലായിരുന്നു.. അവന്റെ ഇഷ്ടങ്ങൾ പതിയെ തന്റേതാക്കാൻ ആവേശമെന്നും തനിക്കായിരുന്നു.. അഖിൽ തന്നെ ഒന്നിനും നിർബന്ധിച്ചിരുന്നില്ല, വാശി പിടിച്ചതുമില്ല.. പക്ഷെ മൗനമായിരുന്നു അവന്റെ ആയുധം.. അത് തനിക്ക് സഹിക്കാനാവില്ലെന്നു അവൻ അറിഞ്ഞിരുന്നിരിക്കണം..

നല്ല മാർക്കുണ്ടായിരുന്നിട്ടും, ഇഷ്ടമില്ലാതിരുന്നിട്ടും എഞ്ചിനീയറിങ്ങിനു ചേരാൻ കാരണം അഖിൽ തന്നെയായിരുന്നു.. അവനൊപ്പം പഠിക്കാമെന്ന ഒറ്റ കാരണം കൊണ്ടു അവന്റെ തീരുമാനങ്ങൾ താനും ഏറ്റെടുത്തു..

അങ്ങനെ കോളേജിലും ഒരുമിച്ചായിരുന്നു തങ്ങളെപ്പോഴും.. പലരും അസൂയയോടെ നോക്കുന്നത് കണ്ടപ്പോൾ താൻ അഹങ്കരിക്കുകയായിരുന്നു.. അഖിൽ.. അവന്റെ സ്നേഹം, കരുതൽ, പോസ്സസ്സീവ്നെസ്സ്,അതിലപ്പുറം മറ്റൊന്നും തന്റെ കണ്ണിൽ പെട്ടിരുന്നില്ല…

അഖിലിന് ഇഷ്ടമില്ലാത്തത് കൊണ്ടു ക്യാമ്പസ് സെലക്ഷനിലൂടെ കിട്ടിയ ജോലി വേണ്ടെന്നു വെച്ച അന്ന് രാത്രിയാണ് അമ്മ ആദ്യമായി തന്നെ വഴക്ക് പറഞ്ഞതും ഒച്ച വെച്ചതുമെല്ലാം…

അമ്മ ഒന്നേ ആവശ്യപ്പെടാറുണ്ടായിരുന്നുള്ളൂ നന്നായി പഠിച്ചൊരു ജോലി.. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുണ്ടാവണം.. അതിനേ അമ്മ വാശി പിടിച്ചുള്ളൂ.. അമ്മ ജീവിതത്തിൽ നിന്നും പഠിച്ച പാഠം…

മൂന്നാങ്ങളമാരുടെ ഒരേയൊരു പെങ്ങളായിരുന്നു അമ്മ.. സാമ്പത്തികമായി സാമാന്യം ഭേദപ്പെട്ട കുടുംബത്തിലെ മൂത്ത മകന്റെ ആലോചന.. വിദേശത്ത് നല്ല ജോലി.. രണ്ടു സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചു.. ഒരനിയനും അനിയത്തിയും അമ്മയും വീട്ടിൽ.. അച്ഛൻ നേരത്തെ മരിച്ചു പോയതാണ്..

അമ്മ നല്ല സുന്ദരിയായിരുന്നു.. അച്ഛനെക്കാളും..ആർഭാടമായി തന്നെ വിവാഹം കഴിഞ്ഞു.. നാത്തൂന്മാരുടെ സ്‌നേഹത്തിൽ പൊതിഞ്ഞ കുത്തുവാക്കുകൾ അമ്മയെ ഭയപ്പെടുത്തിയിരുന്നെങ്കിലും അച്ഛന് അമ്മയെ ജീവനായിരുന്നു.. അച്ഛൻ വിദേശത്തേയ്ക്ക് തിരിച്ചു പോവുമ്പോഴേക്കും ഞാൻ അമ്മയുടെ വയറ്റിലുണ്ടായി കഴിഞ്ഞിരുന്നു.. അച്ഛന്റെ എഴുത്തുകളും എന്നെക്കുറിച്ചുള്ള സ്വപ്‍നങ്ങളും തുണയാക്കി അമ്മ നാത്തൂൻ പോരിനെ മറികടന്നു.. ഞാനുണ്ടായി അധികം കഴിയുന്നതിനു മുൻപേ അച്ഛനെ തേടി ചില എഴുത്തുകളെത്തി തുടങ്ങി…

നാട്ടിലുള്ള സുന്ദരിയായ ഭാര്യയുടെ സ്വഭാവദൂഷ്യങ്ങളെ പറ്റി വിവരിച്ചുള്ള എഴുത്തുകൾ പതിയെ അച്ഛന്റെ മനസ്സിനെ തകർത്ത് കൊണ്ടിരുന്നു.. നാട്ടിൽ വരുമ്പോഴൊക്കെ വഴക്കും വക്കാണവും.. അമ്മയ്ക്ക് മുറ്റത്തേയ്ക്ക് പോലും ഇറങ്ങാൻ വയ്യ.. അയൽവീട്ടിലെ ആണുങ്ങളെ ചേർത്തു പോലും അച്ഛൻ വഴക്കുണ്ടാക്കും..

അതിനിടയിൽ അച്ഛന്റെ ഇളയ സഹോദരങ്ങളുടെ വിവാഹം കഴിഞ്ഞു.. അതിന്റെ കടങ്ങളൊക്കെ തീർന്നയുടനെ അച്ഛൻ വിദേശത്തെ ജോലി വേണ്ടെന്നു വെച്ച് നാട്ടിലേയ്ക്ക് തിരിച്ചു വന്നു…

അമ്മയുടെ ആങ്ങളമാരും മറ്റുള്ളവരും പലവട്ടം ഇടപെട്ടെങ്കിലും അച്ഛന്റെ സംശയരോഗം തെല്ലും കുറഞ്ഞില്ല.. അച്ഛനെ ഉപേക്ഷിക്കാൻ അമ്മയുടെ ആൾക്കാർ പറഞ്ഞിട്ടും അമ്മ കേട്ടില്ല.. അമ്മ ഒരു ടെക്സ്റ്റെയിൽസിൽ ജോലിയ്ക്ക് പോവാൻ തുടങ്ങി..

വഴക്കില്ലാത്ത ദിവസങ്ങൾ പിന്നെ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. അമ്മയ്ക്ക് പരിചയമുള്ള ഏതെങ്കിലും ആണുങ്ങളെ കണ്ടാൽ മുഖത്ത് പോലും നോക്കാൻ അമ്മയ്ക്ക് പേടിയായിരുന്നു..

പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും അച്ഛന് അമ്മയെ ഒരു പാടിഷ്ടവുമായിരുന്നു.. അതാവും ആരൊക്കെ നിർബന്ധിച്ചിട്ടും അമ്മ ഡിവോഴ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാതിരുന്നത്..

ഉച്ചത്തിലുള്ള ശബ്ദകോലാഹലങ്ങൾ കേട്ട് പലപ്പോഴും പാതിരാത്രിയിൽ ഞെട്ടിയെഴുന്നേറ്റ് പേടിച്ചു വിറച്ചിരുന്നിട്ടുണ്ട്.. ചില ദിവസങ്ങളിൽ സ്കൂൾ വിട്ട് വരുമ്പോൾ വീട്ട് മുറ്റത്തു നിന്നുള്ള ബഹളങ്ങൾ കേട്ട് ഭയത്തോടെ പിടയുന്ന നെഞ്ചുമായി ഓടിക്കിതച്ചെത്തിയിട്ടുണ്ട്.. അച്ഛനെ പിടിച്ചു മാറ്റാൻ ശ്രെമിച്ചിട്ടുണ്ട്.. ആ സമയം അച്ഛന് മറ്റൊന്നും ഓർമ്മ കാണില്ല.. സമനില തെറ്റിയ ഒരാളെപ്പോലെ..

കൂട്ടുകാരുടെ ചോദ്യങ്ങൾക്ക് മുൻപിൽ ചൂളി നിന്നിട്ടുണ്ട്. അവരുടെ അച്ഛന്മമാരുടെ സ്നേഹം കണ്ടു കൊതിയോടെ, അസൂയയോടെ നോക്കി നിന്നിട്ടുണ്ട്.. അയല്പക്കത്തെ കളികൾക്കിടയിൽ എവിടെ നിന്നെങ്കിലും ശബ്ദമുയരുമ്പോൾ ഉയരുന്ന ഹൃദയമിടിപ്പോടെ കാതോർത്തിട്ടുണ്ട്…

അത് വരെയുള്ള സമ്പാദ്യം മുഴുവനും സഹോദരങ്ങളുടെ ജീവിതത്തിനായി ചിലവഴിച്ച അച്ഛന്റെ കയ്യിൽ ബാക്കിയൊന്നും ഉണ്ടായിരുന്നില്ല..അച്ഛന്റെ സമ്പാദ്യത്താൽ ഉണ്ടാക്കിയ വീട് പോലും അവർ അച്ഛന് കൊടുത്തില്ല.. ചെറിയച്ഛൻ അച്ഛനടക്കം എല്ലാവർക്കും ഷെയർ നൽകി വീട് സ്വന്തമാക്കി..

അച്ഛൻ എല്ലാം മനസിലാക്കി വന്നപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.. ഭാര്യയുടെ സ്വഭാവദൂഷ്യങ്ങളെ പറ്റി കഥകളുണ്ടാക്കി,എഴുതി അയച്ചതും തന്റെ മനസ്സിൽ സംശയത്തിന്റെ വിഷവിത്ത് പാകിയതും സ്വന്തം സഹോദര ങ്ങളാണെന്നറിഞ്ഞിട്ടും അച്ഛനൊന്നും ചെയ്യാൻ കഴിഞ്ഞില്ല…

അവസാനം ഒരു മുഴം കയറിൽ അച്ഛൻ ജീവിതം അവസാനിപ്പിച്ചു.. സ്വന്തം സഹോദരങ്ങൾ അമ്മയെ കൈ വിട്ടില്ല.. അവർ അമ്മയ്ക്ക് നാട്ടിലൊരു വീട് വെച്ച് നൽകി.. അവരുടെ പിന്തുണയോടെ അമ്മ ഒരു തയ്യൽകടയും തുടങ്ങി…

അച്ഛൻ മരിച്ചപ്പോഴാണ് ഇടയ്ക്കെപ്പോഴൊക്കെയോ ഞാൻ പോലും അച്ഛനെ ഉപേക്ഷിക്കാൻ പറഞ്ഞിട്ടും അമ്മ അതിന് തയ്യാറാവാതിരുന്നതെന്തു കൊണ്ടാണെന്ന് ഞാൻ മനസ്സിലാക്കിയത്.. അമ്മ അച്ഛനെ ഒരിക്കലും വെറുത്തിരുന്നില്ല.. സ്നേഹിച്ചിരുന്നു. ഒരുപാട്.. പക്ഷെ അതിനിടയിൽ പെട്ട് പോയ എന്നെ മാത്രം ആരും കണ്ടിരുന്നില്ലെന്ന് മാത്രം…

രണ്ടാമത് കിട്ടിയ ജോലി വേണ്ടെന്നു വെക്കാൻ എനിക്കാവുമായിരുന്നില്ല.. കാരണം അമ്മ തന്നെയായിരുന്നു.. അതേ സമയം തന്നെ ബാംഗ്ലൂരിൽ അഖിലിനും ജോലി കിട്ടിയത് കൊണ്ടാവാം വലിയ എതിർപ്പൊന്നും അവൻ കാണിച്ചിരുന്നില്ല..

അവിടെ എനിയ്ക്ക് കിട്ടിയ രണ്ടുപേരായിരുന്നു അർജ്ജുനും, അനഘയും.. ഞങ്ങൾ ഒരേ ടീമിലായിരുന്നു .. അനഘ എന്റെ ഫ്ലാറ്റ് മേറ്റും..

അഖിൽ ഇടയ്ക്കെന്നെ കാണാനായി എത്താറുണ്ടായിരുന്നു.. എന്തോ അർജ്ജുനെ അവനത്ര ഇഷ്ടമായില്ല.. അർജ്ജുൻ തിരിച്ചും വലിയൊരു അടുപ്പം കാണിച്ചില്ല..

അനഘ.. എന്റേത് പോലെ തന്നെയുള്ള ഒരു കുടുംബത്തിലെ ഏക മകൾ.. പക്ഷെ അവളുടെ പേരന്റ്സ് തമ്മിൽ വഴക്കൊന്നും ഉണ്ടായിരുന്നില്ല.. തമ്മിൽ സംസാരിച്ചിട്ട് വേണ്ടേ വഴക്കിടാനെന്ന് അവൾ പലപ്പോഴും പറയാറുണ്ട്.. കരിയറിൽ മാത്രം ശ്രെദ്ധിക്കുന്ന അവരെന്തിന് വിവാഹം കഴിച്ചുവെന്നും…

ഞങ്ങൾ വളരെ പെട്ടെന്ന് കൂട്ടായി.. വളരെ എനെർജെറ്റിക്കായൊരു കുട്ടിയായിരുന്നു അനഘ.. മിക്കപ്പോഴും അർജ്ജുനും ഞങ്ങളുടെ ഒപ്പമുണ്ടാവും.. യാത്രകളെയും ഫോട്ടോഗ്രാഫിയെയും വായ്‌നോട്ടവും ഇഷ്ടപ്പെടുന്നൊരു ടെക്കി.. അതായിരുന്നു അർജ്ജുൻ…

അർജ്ജുൻ ഇടയ്ക്കൊക്കെ അഖിലിനെയും അവന്റെ പോസ്സസ്സീവ്നെസ്സിനെയും പറ്റി പരിഹാസച്ചുവയോടെ സംസാരിക്കുന്നത് എന്നെ ചൊടിപ്പിച്ചിരുന്നു.. പക്ഷെ അനഘയ്ക്ക് അഖിലിനോട് ആരാധനയായിരുന്നു.. അഖിലിന്റെ കരുതൽ, സ്നേഹം ഒക്കെ അവൾക്കൊരു അത്ഭുതമായിരുന്നു.. പലവട്ടം തെല്ലൊരു അസൂയയോടെ ഞങ്ങളെയും ഞങ്ങളുടെ സംസാരത്തെയും വീക്ഷിക്കുന്ന അവളെ ഞാൻ ശ്രെദ്ധിച്ചിട്ടുണ്ട്..

“നിന്റെ അഖിലിനെപ്പോലൊരാളെ കണ്ടു കിട്ടിയാൽ ഞാൻ ആ നിമിഷം കെട്ടും..”

അനഘ പറയുന്നതോർത്തു ഞാൻ..

“എടി നീയേത് ഡ്രസ്സാണിടേണ്ടതെന്ന് നീയാണ് തീരുമാനിക്കേണ്ടത്..”

അർജ്ജുന്റെ വാക്കുകൾ..ഓഫീസിലെ ഒരു പാർട്ടിയ്ക്ക് പോവാൻ റെഡിയാവുന്നതിനിടെ വീഡിയോ കാൾ ചെയ്തപ്പോൾ അഖിയുടെ മുഖഭാവം കണ്ടാണ് ഞാൻ ആ ഷോർട്ട് സ്ലീവുള്ള ടോപ്പ് മാറ്റി വേറൊന്നിട്ടത്..

“അർജ്ജുൻ പറയുന്നതൊന്നും കാര്യമാക്കേണ്ട.. അവൻ ചുമ്മാ വായിനോക്കി നടക്കാനല്ലാണ്ട് പെൺ പിള്ളേരുടെ മനസ്സിനെ പറ്റിയൊന്നും അറിയില്ല.. അഖിലിന് നിന്റെ കാര്യത്തിലെന്തൊരു കരുതലാ, നിന്റെ ചെറിയ ചെറിയ കാര്യങ്ങളിൽ പോലും അവനെന്തു ശ്രെദ്ധയാ..”

അനഘയുടെ കണ്ണുകളിലെ ആസൂയ കലർന്ന ആരാധനയും ഒന്നും പറഞ്ഞില്ലെങ്കിലും അർജ്ജുന്റെ മുഖത്തെ പുച്ഛവും ഞാൻ കണ്ടിരുന്നു..

പിറ്റേത്തെ ആഴ്ച അർജ്ജുന്റെ ബർത്ത് ഡേയ്ക്ക് ഒരു സർപ്രൈസ് കൊടുക്കാൻ ഞാനും അനഘയും പ്ലാൻ ചെയ്ത കാര്യം ഞാൻ അഖിലിനോട് പറഞ്ഞതാണ്.. എന്നിട്ടും അന്നവൻ നിർബന്ധിച്ചാണ് എന്നെ ആ മൂവിയ്ക്ക് കൂട്ടിക്കൊണ്ടുപോയത്..

അർജ്ജുൻ ഞങ്ങളെ അന്ന് വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.. അവന് മമ്മ മാത്രമേയുള്ളു.. പക്ഷെ.. അഖിലിന്റെ പിണക്കത്തിനു മുന്നിൽ ഞാൻ തോറ്റു കൊടുത്തു..

സാരമില്ല, പറഞ്ഞാൽ അർജ്ജുന് മനസ്സിലാവുമെന്ന് അനഘ പറഞ്ഞെങ്കിലും എന്തോ എനിക്കങ്ങിനെ തോന്നിയില്ല.. അവന് ഒരുപാട് കൂട്ടുകാരുണ്ടെങ്കിലും ഞങ്ങളോട് പങ്കു വെക്കുന്നത് പോലെ സന്തോഷവും സങ്കടവുമൊന്നും ആരോടും അവൻ ഷെയർ ചെയ്യാറില്ലെന്ന് അറിയാവുന്നത് കൊണ്ടാവും..

പിറ്റേന്ന് ഓഫീസിൽ വെച്ച് കണ്ടപ്പോൾ അർജ്ജുൻ ഞങ്ങളോട് വല്യ ഭാവമാറ്റമൊന്നും കാണിച്ചില്ലെങ്കിലും പിന്നീടുള്ള അവന്റെ പെരുമാറ്റത്തിൽ ഞങ്ങളോടൊരകൽച്ചയുണ്ടായിരുന്നു.. അന്നവൻ ഞങ്ങളെ ഒരുപാട് പ്രതീക്ഷിച്ചിരുന്നുവെന്നും ഞങ്ങൾക്ക് ഇഷ്ടമുള്ള വിഭവങ്ങളൊക്കെ ഉണ്ടാക്കിപ്പിച്ചിരുന്നുവെന്നും അവന്റെ മമ്മയെ ഒരിക്കൽ യാദൃശ്ചികമായി കണ്ടപ്പോൾ അറിഞ്ഞു.. എനിക്ക് കുറ്റബോധമായിരുന്നുവെങ്കിലും അനഘ അത് കാര്യമാക്കിയില്ല…

അർജുൻ പതിയെ ഞങ്ങളിൽ നിന്നും ഒരുപാട് അകന്നു.. അഖിൽ വിവാഹം ഉടനെ നടത്തണമെന്ന് പറയാൻ തുടങ്ങിയിരുന്നു.. വീട്ടിലും ആർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല..

അതിനിടെ അമ്മ,ബാംഗ്ലൂരിൽ എന്നോടൊപ്പം ഒന്ന് രണ്ടു ദിവസം നിൽക്കാനെന്ന് പറഞ്ഞു വന്നിരുന്നു.. അഖിലും അനഘയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു…സന്തോഷം നിറഞ്ഞ ദിവസങ്ങൾ..

അന്ന് അനഘ ലീവായിരുന്നു.. നേരത്തെ ഇറങ്ങാമെന്ന് കരുതിയെങ്കിലും വർക്ക് കുറച്ചു പെന്റിങ് വന്നത് കൊണ്ടു വൈകിയിരുന്നു.. ഇറങ്ങിയപ്പോൾ വണ്ടിയ്ക്കെന്തോ ഒരു പ്രശ്നം.. ഫോണിൽ അഖിലിനെ വിളിക്കാൻ തുടങ്ങുമ്പോഴാണ് വിജയ് വന്നത്.. ഞങ്ങളുടെ സഹപ്രവർത്തകൻ.. ആള് ഫാമിലിയായിട്ട് ഞങ്ങളുടെ താഴത്തെ ഫ്ലോറിലെ ഫ്ലാറ്റിലാണ്..
വിജയ് ലിഫ്റ്റ് ഓഫർ ചെയ്തപ്പോൾ ഞാൻ വേറെയൊന്നും ചിന്തിച്ചില്ല..

വിജയുടെ ബൈക്കിനു പിറകിൽ വന്നിറങ്ങുമ്പോൾ ഞങ്ങളുടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിൽക്കുന്ന അഖിലിനെ ഞാൻ കണ്ടിരുന്നു…

വിജയുടെ ഫ്ലോറിൽ ഇറങ്ങി അവന്റെ വൈഫിനോട് ഒരു ഹായ് പറഞ്ഞു ഞാൻ സ്റ്റെപ്സ് കയറുമ്പോഴാണ് ബാഗിൽ നിന്നും മൊബൈൽ എടുത്തത്.. പത്തോളം മിസ്സ്ഡ് കാൾസ്.. അഖിലിന്റെ..

ബെല്ലടിച്ചപ്പോഴേക്കും വാതിൽ തുറന്നത് അഖിലായിരുന്നു…

“എന്താ അഖിൽ എന്തേ ഇത്രയൊക്കെ തവണ വിളിച്ചത്.. ഫോൺ സൈലന്റിൽ ആയിരുന്നു..”

“ആയിരിക്കണമല്ലോ.. അവനോടൊപ്പം മുട്ടിയിരുന്നു വരുമ്പോൾ എങ്ങനെ ഓർക്കാനാ..?”

പരിഹാസമായിരുന്നു അഖിലിന്റെ വാക്കുകളിൽ..

“അഖിൽ.. നീയെന്തൊക്കെയാ പറയുന്നേ..?”

“ഞാൻ പറയുന്നതാ കൊഴപ്പം.. നിനക്ക് അഴിഞ്ഞാടി നടക്കാം..”

“അഖിൽ… അനാവശ്യം പറയരുത്..”. ആദ്യമായി എന്റെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു…

“പറഞ്ഞാൽ.. പറഞ്ഞാൽ നീയെന്ത് ചെയ്യുമെടി..”

എന്റെ അരികിലെത്തിയ അഖിലിന്റെ മുഖമാകെ മാറിയിരുന്നു..

ഇടതു കവിളിൽ അവന്റെ കൈ പതിഞ്ഞപ്പോൾ ഞാൻ വേച്ച് പോയിരുന്നു…

“അഖിൽ.. “

എല്ലാം കണ്ടു നിന്ന അമ്മയുടെ ശബ്ദമായിരുന്നത്..

“ആന്റി.. ഇവൾ.. ഇവൾ കണ്ടവന്റെ കൂടെ..”

അഖിലിനെ മുഴുവൻ പറയാൻ അമ്മ സമ്മതിച്ചില്ല.. കൈയുയർത്തി വിലക്കി..

“അഖിൽ.. മതി നിർത്ത്…”

“അതിനെങ്ങനെയാ അമ്മയെ കണ്ടല്ലേ മോളും പഠിക്കുന്നെ…”

കലിയോടെ വാതിലിനരികിലേക്ക് നടക്കുമ്പോൾ അഖിൽ പിറുപിറുത്തത് ഞാൻ മാത്രമല്ല അമ്മയും കേട്ടിരുന്നു..

അന്ന് രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ അമ്മ അരികിൽ വന്നിരുന്നത് ഞാൻ അറിഞ്ഞു…

“ശ്രേയാ.. ഇന്ന് വരെ നിന്റെ ജീവിതത്തിൽ ഒരു ജോലി വേണമെന്നല്ലാതെ ഞാൻ ഒന്നിനും നിർബന്ധിച്ചിട്ടില്ല, കാര്യങ്ങൾ തിരിച്ചറിയാനുള്ള പ്രാപ്തി നിനക്കുണ്ടെന്ന് കരുതി തന്നെയായിരുന്നു അത്.. പക്ഷെ ഇന്ന്..”

അമ്മ പാതിയിൽ നിർത്തി.. എന്റെ തലയിൽ തഴുകി കൊണ്ടാണ് പറഞ്ഞത്..

“അഖിൽ.. അവൻ.. അവന് നിന്നെ സംശയമാണോ.. മുൻപ് നിന്നോട് ഇങ്ങനെ പെരുമാറിയിട്ടുണ്ടോ..?”

“ഉം.. പക്ഷെ അടിച്ചത് ആദ്യമാണ്…”

“അമ്മയുടെയും അച്ഛന്റെയും ജീവിതം നീ കണ്ടതാണ്, അറിഞ്ഞതാണ്, അനുഭവിച്ചതാണ്.. അതുപോലൊന്നു നിനക്ക് വേണമോയെന്ന് നീ ഒന്നുകൂടെയൊന്നു ആലോചിച്ചു നോക്ക്.. നിന്റെ കുഞ്ഞുങ്ങൾക്കും…”

അമ്മ എഴുന്നേറ്റു പോയെങ്കിലും ആ വാക്കുകൾ മനസ്സിൽ കിടന്നു കറങ്ങി.. ആ വാക്കുകളിൽ നിന്നുണ്ടായ പ്രകാശത്താൽ അന്ന് വരെ കാണാതിരുന്ന, ശ്രെദ്ധിക്കാതിരുന്ന, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചിരുന്ന ചില കാഴ്ച്ചകൾ ഞാൻ കണ്ടു…

അഖിലിന്റെ അടിമയായിപ്പോയിരുന്നു ഞാൻ എപ്പോഴോ.. സ്വന്തമായി തീരുമാനങ്ങളോ അഭിപ്രായങ്ങളോ,എന്തിന് സ്വന്തം വസ്ത്രങ്ങൾ പോലും അവന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു മാത്രമായിരുന്നു…

അഖിൽ വെറും പോസ്സസ്സീവായിരുന്നില്ല, ഓവർ പോസ്സസ്സീവായിരുന്നു.. അനഘയോട് പോലും ഞാൻ കൂടുതൽ അടുപ്പം കാണിക്കുന്നതവന് ഇഷ്ടമായിരുന്നില്ല..

പ്രണയത്തിന്റെ അന്ധത തെല്ലൊന്ന് മാറിയപ്പോഴാണ് ഞാൻ ഞങ്ങളുടെ ബന്ധത്തെ വിലയിരുത്തിയത്..ആദ്യമായ്‌..

ഒരു തീരുമാനം എടുക്കുകയെന്നത് എളുപ്പമായിരുന്നില്ല.. എന്തൊരു പ്രശ്നം ഉണ്ടാക്കിയാലും ഒടുവിൽ മാപ്പപേക്ഷയുമായി എത്തുകയെന്ന അഖിലിന്റെ പതിവ് രീതിയുമായി അവൻ പിറകെ തന്നെ ഉണ്ടായിരുന്നു…കൗൺസിലിംഗിന്റെ കാര്യം സൂചിപ്പിച്ചതും അവൻ വല്ലാതെ വയലന്റായി..

അമ്മ തന്നെയാണ് ജാതകങ്ങൾ തമ്മിൽ ഒട്ടും ചേർച്ചയില്ലെന്നും വിവാഹം നടന്നാൽ എനിക്ക് വൈധവ്യ ദോഷമുണ്ടെന്നും അഖിലിന്റെ വീട്ടിൽ വിളിച്ചറിയിച്ചത്…

ഈ ബന്ധം തുടരാനാവില്ലെന്ന് അഖിലിനോട് ഞാൻ തുറന്നു പറഞ്ഞപ്പോൾ അമ്മയും എനിക്കൊപ്പ മുണ്ടായിരുന്നു..അഖിലിനു ആകെ ഭ്രാന്തു പിടിച്ചത് പോലെയായിരുന്നു.. അവൻ ഞങ്ങളെ എന്തൊക്കെയോ പറഞ്ഞു അധിക്ഷേപിച്ചു.. എന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഉറപ്പിക്കുന്ന തായിരുന്നു അവന്റെ പെരുമാറ്റം…

ജോലി സ്ഥലത്തും ഞങ്ങളുടെ ഫ്രണ്ട്സിന്റെയിടയിലുമൊക്കെ അവനെന്നെ നാണം കെടുത്തി.. എന്നെ തേപ്പ് കാരിയാക്കിയതിനു പുറമെ,അപ്പോഴേക്കും കണ്ടാൽ, ഒരു പുഞ്ചിരിയ്ക്കോ,ഒന്ന് രണ്ടു വാക്കുകൾക്കോ അപ്പുറം ഒരു ബന്ധവുമില്ലാതിരുന്ന അർജ്ജുനുമായി ചേർത്തു കഥകളുണ്ടാക്കി…

എന്നെ അമ്പരപ്പിച്ചത് അനഘയുടെ കുറ്റപ്പെടുത്തലുകളായിരുന്നു. എല്ലാം കണ്ടിട്ടും കേട്ടിട്ടും അവൾക്കെന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല…

ജോലി മതിയാക്കി പോവുകയാണെന്ന് ഒരു രാവിലെയാണ് അവളെന്നോട് പറഞ്ഞത്..

ഇടയ്ക്കിടെ അവൾക്ക് വന്നുകൊണ്ടിരുന്ന ഫോൺ കോളുകളും സംസാരങ്ങളുമെല്ലാം എന്റെ ശ്രെദ്ധയിൽ പെട്ടിരുന്നെങ്കിലും എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നത് കൊണ്ടാവാം അതിനെ പറ്റിയൊന്നും ഞാൻ കൂടുതലാലോചിക്കാതിരുന്നത്..

എന്തിനാ ജോലിയൊക്കെ ഉപേക്ഷിച്ചു പോവുന്നതെന്ന എന്റെ ചോദ്യത്തിന്, എടുത്തടിച്ചത് പോലെ,എന്റെ പേർസണൽ കാര്യങ്ങളിൽ ആരും ഇടപെടുന്നത് എനിക്കിഷ്ടമല്ലെന്നായിരുന്നു മറുപടി..

ഒന്നും പറയാതെ അനഘ കൂടെ പോയപ്പോൾ ഞാൻ ആകെ തകർന്നു പോയിരുന്നു.. അഖിലിനെ ഞാൻ അത്ര മാത്രം സ്നേഹിച്ചിരുന്നു.. സമനില തെറ്റിപോവുമോയെന്ന് കരുതിയ ആ ദിവസങ്ങളിൽ എനിക്ക് കൂട്ടായത് അർജ്ജുനായിരുന്നു.. ഒരു അഭിപ്രായവും പറഞ്ഞില്ലെങ്കിലും,പഴയ അടുപ്പം കാണിച്ചില്ലെങ്കിലും അവൻ കൂടെയുണ്ടായിരുന്നു..ഒരാത്മഹത്യാ ശ്രെമം തടഞ്ഞതും എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നതും അവനായിരുന്നു..

ആ ദിവസങ്ങളിലൊന്നിലാണ് എനിക്ക് ആ വെഡിങ് കാർഡ് കിട്ടുന്നത്..

അഖിൽ ദേവ് വെഡ്സ് അനഘ രവീന്ദ്രൻ…

വീണ്ടുമൊരു ഡിപ്രെഷനിലേക്ക് വീണുപോവാതിരിക്കാൻ അമ്മ എന്റെ കൂടെ നിന്നു.ജോലി ഉപേക്ഷിച്ചാലോയെന്ന ചിന്ത മുളയിലേ നുള്ളിക്കളഞ്ഞത് അമ്മയാണ്.. ജോലിയിൽ ശ്രെദ്ധിക്കാൻ കഴിയാതിരുന്നപ്പോൾ സഹായിച്ചത് അർജ്ജുനും..

വിവാഹത്തിന് പോവണണമെന്ന നിർബന്ധം അർജ്ജുനായിരുന്നു.. ആ കല്യാണഹാളിൽ ഇരിക്കുമ്പോൾ ഞാൻ അർജ്ജുന്റെ കയ്യിൽ ഇറുകെ പിടിച്ചിരുന്നു… എന്നെ പരിഹാസത്തോടെ നോക്കുന്നവരെയോ, അടക്കം പറയുന്നവരെയോ ഞാൻ കണ്ടിരുന്നില്ല.. മണ്ഡപത്തിൽ നിന്നിരുന്നവരിലായിരുന്നു കണ്ണുകൾ..

വിവാഹവേഷത്തിൽ സുന്ദരിയായിരുന്ന അനഘ സന്തോഷത്തിലായിരുന്നു.. ആൾക്കൂട്ടത്തിൽ ആരെയോ തിരഞ്ഞു കൊണ്ടിരുന്ന അഖിലിന്റെ കണ്ണുകൾ എന്നിലെത്തിയിരുന്നു.. ഒരു നിമിഷം അവിശ്വസനീയതയോടെ നോക്കിയ അവന്റെ മുഖത്ത് സന്തോഷം തെളിയുന്നത് ഞാൻ കണ്ടു..

അനഘയുടെ കഴുത്തിൽ താലി ചാർത്തി അവനെന്തോ പറഞ്ഞിരുന്നു.. അടുത്ത നിമിഷം രണ്ടുപേരും എന്നെ നോക്കി.. ആ നിമിഷം അർജ്ജുന്റെ കൈ എന്നിലുണ്ടായിരുന്നു..പാട് പെട്ട് വരുത്തിയ പുഞ്ചിരിയോടെ ഞാനിരുന്നു..

എത്ര പറഞ്ഞിട്ടും കേൾക്കാതെ സ്റ്റേജിൽ അവരെ വിഷ് ചെയ്യാൻ പോവണമെന്ന് പറഞ്ഞു എന്നെ പിടിച്ചു വലിച്ചാണ് അർജ്ജുൻ കൊണ്ടുപോയത്..

തൊട്ടരികെ എന്നെ കണ്ടു അനഘയുടെ മുഖം വിളറിയെങ്കിലും അടുത്ത നിമിഷം അവളിൽ തെളിഞ്ഞത് വിജയഭാവമായിരുന്നു..

പുഞ്ചിരിയോടെ തന്നെ അവരെ വിഷ് ചെയ്തു ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ അമർത്തിയ ശബ്ദത്തിൽ അഖിൽ ചോദിച്ചത് എന്നെ നോക്കിയായിരുന്നു..

“എന്നാ വിവാഹം.. അതോ എന്നെ തേച്ചത് പോലെ ഇവനെയും..?”

പ്രതീക്ഷിക്കാത്ത ചോദ്യത്തിന് പൊട്ടിച്ചിരിയോടെ,പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞത് അർജ്ജുനായിരുന്നു..

“അതിന് അഖിൽ ദേവ് അല്ലല്ലോ അർജ്ജുൻ.. പിന്നെ വിവാഹം.. അതിന് സമയമാവുമ്പോൾ തീർച്ചയായും അറിയിക്കും..”

അവരെ രണ്ടുപേരെയുമൊന്നു നോക്കി എന്നെ ചേർത്ത് പിടിച്ചാണ് അർജ്ജുൻ സ്റ്റേജിൽ നിന്ന് ഇറങ്ങിയത്..

വെറുതെയൊന്നു തിരിഞ്ഞു നോക്കിയപ്പോൾ എന്റെ നിറഞ്ഞ കണ്ണുകൾ ആ കാഴ്ച്ചയെ മറച്ചിരുന്നു…

ഞാൻ വലിച്ചെറിഞ്ഞ എന്റെ പ്രണയം.. എന്നിട്ടും….

നന്നായിരിക്കട്ടെ.. സന്തോഷമായിരിക്കട്ടെ.. പക്ഷെ.. അഖിൽ..അവന്റെ ക്യാരക്ടർ.. അനഘയുടെ സ്നേഹം അവനെ മാറ്റിയെടുക്കട്ടെ…

“ഇനി വേണമെങ്കിൽ നീയൊന്ന് കരഞ്ഞോ..”

വണ്ടി സ്റ്റാർട്ട്‌ ചെയ്തിട്ടാണ് അർജുൻ പറഞ്ഞത്.. ഒന്നും പറയാതെ ഞാനിരുന്നു…

“ശ്രേയ.. ഒരു ടോക്സിക് ആയ റിലേഷൻ ഷിപ്പിൽ നിന്നും രക്ഷപെട്ടുവെന്ന് കരുതിയാൽ മതി…”

അപ്പോഴും ഞാനൊന്നും പറഞ്ഞില്ല…

“പിന്നെ..എനിക്കിത് വരെ നിന്നോട് പ്രണയമൊന്നും തോന്നിയിട്ടില്ല, യൂ ആർ എ ഗുഡ് ഫ്രണ്ട്.. എന്ന് വെച്ച് നാളെ പ്രണയം തോന്നിക്കൂടെന്നുമില്ല.. അങ്ങനെ വന്നാൽ നിന്നോട് തന്നെയായിരിക്കും ഞാനത് ആദ്യം പറയുന്നത്…”

അർജ്ജുന്റെ വാക്കുകൾ ഞാർത്തു…

“ശ്രേയ,നിന്നോട് അഖിലിന്..അവനൊരു തരം ഭ്രാന്തായിരുന്നു.. നീ റിജക്റ്റ് ചെയ്തപ്പോൾ അത് പകയായി..”

അനഘയുടെ വാക്കുകളാണ് എന്നെ ഓർമ്മയിൽ നിന്നും ഉണർത്തിയത്.. അവളുടെ സ്വരമപ്പോൾ ശാന്തമായിരുന്നു…

“നിന്റെ കാര്യങ്ങളറിയാനായിരുന്നു അഖിൽ ആദ്യം എന്നെ വിളിച്ചിരുന്നത്.. പിന്നെ അവനെ ആശ്വസിപ്പിക്കാനായി ഞാനും.. നിന്നോടുള്ള ദേഷ്യം തീർക്കാനായിട്ടാണ് അവൻ എന്നെ പ്രൊപ്പോസ് ചെയ്തത്.. പക്ഷെ ഞാൻ.ഞാനവനെ ഒരുപാട് സ്നേഹിച്ചു പോയിരുന്നു..നിന്നെക്കാളും..”

അനഘ എന്റെ മുഖത്ത് നോക്കിയില്ല..

“നീ അർജ്ജുന് വേണ്ടിയാണു അവനെ ഒഴിവാക്കിയതെന്ന് അവൻ വിശ്വസിച്ചു.. ഞാനും..വിവാഹം കഴിഞ്ഞു,പതിയെ പതിയെ എന്റെ സ്നേഹത്തിലൂടെ നിന്നെ ഞാനും അവനിൽ നിന്നും ഒഴിവാക്കി.. സന്തോഷം തന്നെയായിരുന്നു..”

അവൾ മുഖമുയർത്തി ശ്രേയയെ നോക്കി..

“നിനക്കറിയാലോ എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ..എനിക്ക് അതു വരെ കിട്ടാതിരുന്ന സ്നേഹവും കരുതലുമൊക്കെ അവൻ തന്നു… പക്ഷെ..”

അനഘയുടെ ശബ്ദം ഇടറി..

“ആദ്യം അവനെന്നോട് ജോലി ഒഴിവാക്കാൻ പറഞ്ഞു.. അവനോടുള്ള സ്നേഹത്തിലും വലുതായി ഒന്നുമില്ലായിരുന്നെനിക്ക്.. ഞാൻ ജോലി വേണ്ടെന്നു വെച്ചു.. എല്ലാം അവന്റെ ഇഷ്ടം, തീരുമാനങ്ങൾ, എന്റെ അച്ഛനോടും അമ്മയോടും വരെ സംസാരിക്കണമെങ്കിൽ അവന്റെ പെർമിഷൻ വേണം.. സാധനങ്ങൾ കൊണ്ടു വരുന്നു ഡെലിവറി ബോയ്സിനെ വരെ ചേർത്ത് പറയും..എന്റെ ഫോൺ തല്ലി പൊട്ടിച്ചു.. എതിർത്തു തുടങ്ങിയപ്പോൾ.. വേദനിപ്പിക്കും ഭ്രാന്തനെപ്പോലെ..”

അനഘ വായ പൊത്തിക്കരഞ്ഞു..

“പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ അവിടെ തടവിലായിരുന്നു.. എത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കിയാലും അവസാനം അവനെന്റെ കാല് പിടിച്ചു കരയും .. ഇനി ആവർത്തിക്കില്ലെന്ന് പറയും.. പക്ഷെ..”

ശ്രേയ ഒന്നും പറഞ്ഞില്ല.. ഏറെ നേരത്തെ മൗനത്തിനൊടുവിൽ അനഘ ചോദിച്ചു..

“അർജ്ജുൻ…?”

“ഞാൻ വിളിച്ചിട്ടുണ്ട്.. ഇപ്പോൾ വരും..”

അനഘ ഒന്നും പറഞ്ഞില്ല..

“അനഘ.. അർജ്ജുനും ഞാനും നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു.. രണ്ടു മൂന്ന് മാസങ്ങൾക്ക്‌ മുൻപ് വരെ.. സഹതാപമല്ലെന്ന് ഉറപ്പായതിൽ പിന്നെ അവനെന്നെ പ്രൊപ്പോസ് ചെയ്തു..ഒരാഴ്ച മുൻപ് ഞാനും സമ്മതം അറിയിച്ചു..അഖിൽ എന്റെ മനസ്സിലെവിടെയും ഇല്ലെന്ന് ഉറപ്പ് വന്നതിൽ പിന്നെ…”

അനഘ മുഖമുയർത്തിയില്ല..

“അനഘ.. അഖിലിനെ..ഞാനവനെ ഒരുപാട് സ്നേഹിച്ചിരുന്നു..ഒരു കൗൺസിലിംഗിന് അവൻ തയ്യാറായിരുന്നെങ്കിൽ ഞാനവനോടൊപ്പം നിന്നേനെ…പക്ഷെ അവൻ..”

അവളൊന്ന് നിർത്തി തുടർന്നു..

“എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതം മുന്നിലില്ലായിരുന്നെങ്കിൽ ഞാൻ മറ്റൊന്നും ചിന്തിക്കുമായിരുന്നില്ല.. പക്ഷെ ഞാൻ അനുഭവിച്ചത് എന്റെ കുഞ്ഞുങ്ങൾ കൂടെ.. അതെനിക്ക് ചിന്തിക്കാൻ പോലുമാവുമായിരുന്നില്ല…”

ഏറെ താമസിയാതെ അർജ്ജുൻ എത്തി.. അവന് ഏറെ ദേഷ്യം അനഘയോടായിരുന്നു..ആദ്യം വലിയ അടുപ്പമൊന്നും കാണിച്ചില്ലെങ്കിലും അനഘയുടെ കണ്ണുനീർ അർജ്ജുനിൽ അലിവുണർത്തി.. അനഘയുടെ വീട്ടുകാരെ കണ്ടു സംസാരിച്ചതും അവരോടൊപ്പം അവളെ അയച്ചതും ഞങ്ങളായിരുന്നു.. അവളുടെ വിഷമം കണ്ടാണ് അഖിലിന്റെ പാരന്റ്സിനോടും മറ്റും സംസാരിച്ചു ഏറെ പണിപ്പെട്ട് അവനെ കൗൺസിലിംഗിന് സമ്മതിപ്പിച്ചത്.. അനഘയെ നഷ്ടമാവുമെന്ന തോന്നലാവാം അവനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്..

കൗൺസിലിംഗ് നടന്നു കൊണ്ടിരിക്കുന്നു.. അനഘ കാത്തിരിക്കുന്നു.. അവൾ ജോലിയ്ക്ക് ജോയിൻ ചെയ്തിട്ടുമുണ്ട്..

ഇന്ന് ഞങ്ങളുടെ ആനിവേഴ്സറിയാണ്.. ഞാൻ നേരത്തേ എത്തിയിരിന്നു.. കോളിങ്ങ് ബെൽ അടിച്ചപ്പോൾ ചിരിയോടെ ഞാൻ വാതിൽ തുറന്നു.. എന്നെ കണ്ടതും അർജ്ജുൻ മിഴിച്ചു നോക്കി..ഞാനൊന്ന് ചിരിച്ചു കാട്ടി..എന്റെ പുതിയ മൂക്കുത്തി. അർജ്ജുന് ഒട്ടും ഇഷ്ടമല്ലാത്തത്..

“ഇഷ്ടായില്ല അല്ലേ..?”

ആദ്യം മുഖം വീർപ്പിച്ചെങ്കിലും അർജ്ജുൻ എന്നെ ചേർത്ത് പിടിച്ചു..

“സത്യം പറഞ്ഞാൽ എനിക്കിഷ്ടായില്ല. പക്ഷെ നിനക്കിത് ഒത്തിരി ഇഷ്ടമാണല്ലോ.. സോ ഞാനും ഇഷ്ടപ്പെട്ടു.. കഷ്ട്ടപ്പെട്ടാണെങ്കിലും..”

അർജ്ജുൻ കണ്ണിറുക്കിയപ്പോൾ ഞാനും പറഞ്ഞു..

“ഞാനാ പിങ്ക് ഷർട്ട് ഇഷ്ടപ്പെടുന്നത് പോലെ അല്ലേ..”

അർജ്ജുൻ ചിരിച്ചു..

അർജ്ജുന് ഏറെ ഇഷ്ടമുള്ള, അമ്മ ഗിഫ്റ്റ് നൽകിയ, എനിക്കൊട്ടും ഇഷ്ടമല്ലാത്ത ആ പിങ്ക് ഷർട്ട്..

Related Posts

Leave a Reply

Your email address will not be published. Required fields are marked *