ടാ ഷാനേ, നീ എന്തിനാടാ ഭാര്യയേയും ആ പിഞ്ചു പൈതങ്ങളെയും ഇങ്ങനെ ഉപദ്രവിക്കുന്നേ…? എങ്ങനെ മനസ്സു വരുന്നെടാ നിനക്ക് ആ പാവങ്ങളെ ഇങ്ങനെ……

Story written by Shaan Kabeer

“ഒരൊറ്റ ചവിട്ടങ്ങ് തരും **** മോളേ, പെണ്ണുങ്ങള് ഫോൺ ഉപയോഗിച്ചാൽ വഴി തെറ്റി പോകും. അതോണ്ട് മോള് ഫേസ്ബുക്കും വാട്സാപ്പും ഒന്നും ഉപയോഗിക്കേണ്ട. ഇനി ഫോണ് വേണം എന്ന് പറഞ്ഞ് എന്റെ പിറകേ വന്നാൽ അടിച്ച് നിന്റെ കരണം ഞാൻ പൊളിക്കും നായേ”7

ഷാൻ കബീർ തന്റെ ഭാര്യയെ രൂക്ഷമായൊന്ന് നോക്കി വീട്ടിൽ നിന്നും ഇറങ്ങി. ഷാൻ നേരെപ്പോയത് സുധീഷേട്ടന്റെ കടയിലേക്കായിരുന്നു. ഷാനിനെ കണ്ടതും സുധീഷേട്ടൻ അവനെ ഒന്ന് ഉപദേശിച്ചു

“ടാ ഷാനേ, നീ എന്തിനാടാ ഭാര്യയേയും ആ പിഞ്ചു പൈതങ്ങളെയും ഇങ്ങനെ ഉപദ്രവിക്കുന്നേ…? എങ്ങനെ മനസ്സു വരുന്നെടാ നിനക്ക് ആ പാവങ്ങളെ ഇങ്ങനെ കരയിക്കാൻ…? നിനക്ക് ഭാര്യയോടും കുട്ടികളോടും സ്നേഹത്തോടെ ഒന്ന് സംസാരിച്ചൂടെ…? ഭാര്യയെ സ്വന്തം വീട്ടിലേക്ക് പോലും പറഞ്ഞയക്കാതെ ഇങ്ങനെ വേദനിപ്പിക്കുന്നത് എന്തിനാടാ…?”

ഷാൻ കബീർ സുധീഷേട്ടനെ നോക്കി

“ന്റെ സുധീഷേട്ടാ ഇങ്ങള് ഇങ്ങനെ ഭാര്യയുടെ മൂടും താങ്ങി നടന്നോ, പക്ഷേ ഈ ഷാൻ കബീറിനെ അതിന് കിട്ടില്ല. പെണ്ണ് എന്ന് പറഞ്ഞാൽ ആണിന്റെ കീഴിൽ അങ്ങനെ പേടിയോടെ അനുസരണയോടെ കഴിയണം. അവളെയൊക്കെ പറക്കാൻ അനുവദിച്ചാലുണ്ടല്ലോ പിന്നെ മുഖത്ത് തുണിയിട്ട് നടക്കേണ്ടി വരും. ഇപ്പൊ അതാ കാലം”

പുച്ഛത്തോടെ ഷാൻ കബീർ കടക്കാരന് നേരെ നൂറ് രൂപയുടെ നോട്ട് നീട്ടി

“ചേട്ടാ ഒരു നെറ്റ് കൂപ്പൺ”

ഷാനിന്റെ പുച്ഛം കണ്ട് സുധീഷേട്ടൻ അവനെ നോക്കി

“എന്തുപറ്റിയെടാ, ഇന്ന് ആർക്കെതിരെയാ ഫേസ്ബുക്കിൽ പ്രതികരിക്കാൻ പോകുന്നത്..? പുതിയ കഥ എഴുതി തുടങ്ങിയോ…?”

ഷാനിന്റെ മുഖത്ത് വല്ലാത്തൊരു അഭിമാനം

“നമ്മുടെ നാട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങൾ കാണുമ്പോൾ പ്രതികരിക്കാ തിരിക്കാൻ പറ്റണില്ല ചേട്ടാ. അങ്ങ് അമേരിക്കയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഒരു പാവം പെണ്ണിനെ അവളുടെ ഭർത്താവ് ഡിവോഴ്സ് ചെയ്തു. വിടോ ഞാൻ, അവനെതിരെ ഞാൻ അപ്പോൾ തന്നെ ഫേസ്ബുക്കിൽ ഒരു പോസ്റ്റങ്ങ് കാച്ചി. നൂറ്റിരണ്ട് ലൈക്കും, പതിമൂന്ന് ഷെയറും കിട്ടി അതിന്. ഇന്ന് പ്രതികരണം മാത്രമല്ല ഒരു കിടിലൻ കഥകൂടി ഞാൻ പോസ്റ്റുന്നുണ്ട്. ഭാര്യമാരെ അടിമകളാക്കി വെച്ചിരിക്കുന്ന ഒരുപറ്റം ക്രൂരന്മാരായ ഭർത്താക്കന്മാർക്കെതിരെയാണ് ഞാൻ എഴുതുന്നത്”

കടക്കാരന്‍ ഷാനിനെ ദയനീയമായി ഒന്നു നോക്കി. ഇത്രയും പറഞ്ഞ് ഷാൻ അവിടെ നിന്നും ഇറങ്ങി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ നേരം മൊബൈല്‍ ശബ്ദിച്ചു. ഉമ്മയാണ് വിളിക്കുന്നത്. പിറുപിറുത്തു കൊണ്ട് അവൻ ഫോണെടുത്തു

“മോനെ, ടാ നീ വരുമ്പോള്‍ ഉമ്മയുടെ പ്രമേഹത്തിന്റെ ഗുളിക കൊണ്ടു വരണം ട്ടോ. രണ്ടു ദിവസായില്ലേ നിന്നോട് ഞാന്‍ പറയണൂ. ഉമ്മാക്ക് വയ്യാഞ്ഞിട്ടല്ലേ, വല്ലാത്ത ക്ഷീണം തോന്നുന്നു. ഇന്ന് എന്റെ കുട്ടി മറക്കരുത് ട്ടോ”

വളരെ ദയനീയമായി ആ ഉമ്മ പറഞ്ഞു. പക്ഷെ ഇത് കേട്ടതും ഷാൻ പൊട്ടിത്തെറിച്ചു

“തള്ളേ, ഞാന്‍ പറഞ്ഞിട്ടുണ്ട് ഇമ്മാതിരി കാര്യം പറഞ്ഞ് എന്നെ വിളിക്കരുത് എന്ന്. കഥ എഴുതാനുള്ള നല്ല മൂഡിൽ നിൽക്കുമ്പോഴാ തള്ളേടെ ഒരു കോ പ്പിലെ ഗുളിക. ഒന്ന് വെച്ചിട്ട് പോയേ”

ദേഷ്യത്തോടെ ഫോണ്‍ കട്ട് ചെയ്ത് ബൈക്ക് എടുത്തോണ്ട് ഷാൻ കടൽ തീരത്ത് പോയിരുന്ന് നാട്ടിൽ നടക്കുന്ന അനീതിക്കും, ആക്രമണങ്ങള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ കഥകൾ എഴുതി ആഞ്ഞടിച്ചു. അവന്റെ കഥകൾക്ക് ലൈക്കുകൾ കൂടി, കമന്റുകള്‍ കൂടി. ആ കഥകൾ ഒരുപാട് പേര്‍ ഷെയര്‍ ചെയ്തു. ഷാനിന് ഒരുപാട് സന്തോഷമായി. തനിക്ക് വന്ന കമന്റുകള്‍ വായിച്ച് ആസ്വദിച്ചു നിൽക്കുമ്പോഴാണ് അവന്റെ മൊബൈല്‍ ശബ്ദിച്ചത്. ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ സ്ക്രീനിൽ “ബസ്റ്റാന്റ് രമണി” എന്ന് തെളിഞ്ഞു. നാണത്തോടെ ഷാൻ ഫോണെടുത്തു

“ടാ, കുട്ടാ ഇന്ന് എപ്പോഴാ വരിക..? വരുമ്പോള്‍ നീ ഇന്നലെ മേടിച്ചു തന്ന ചുരിദാർ ഒന്നു മാറ്റി തരണം. അതിന്റെ കളർ എനിക്കിഷ്ടായില്ല”

ഷാനിന്റെ മുഖത്ത് ഒരായിരം വികാരങ്ങൾ മാറിമറിഞ്ഞു

“ന്റെ മുത്തിന് ഒന്നല്ല ആയിരം തവണ ഞാൻ ചുരിദാർ മാറ്റി തരില്ലേ”

ഷാനിന്റെ അന്നത്തെ ഫേസ്ബുക്ക് സ്റ്റോറി ഇതായിരുന്നു

“എന്തും ഞാൻ സഹിക്കും പക്ഷേ, അ വിഹിതവും, പെറ്റമ്മയെ സ്നേഹിക്കാത്തതും, സ്വന്തം ഭാര്യക്ക് സ്വാതന്ത്ര്യം കൊടുക്കാതെ വീർപ്പ് മുട്ടിക്കുന്നവരേയും ഈ ഷാൻ കബീർ തന്റെ തൂലിക കൊണ്ട് എതിർക്കുക തന്നെ ചെയ്യും”

സ്റ്റോറിക്ക് താഴെ ആരാധികമാരുടെ അഭിനന്ദനങ്ങൾ നിറഞ്ഞൊഴുകി

“ഇക്കുസേ, ഇങ്ങള് വേറെ ലെവൽ ആണുട്ടോ”

“ഷാനു, യൂആർ ഗ്രേറ്റ്‌ ഹ്യൂമൻ”

“നിങ്ങളെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയിരുന്നെങ്കിൽ എന്റെ ലൈഫ് മനോഹരമായേനെ… മിസ് യൂ ഷാനിക്കാ”

“ഷാനിക്കാ, നിങ്ങളാണ് ആൺകുട്ടി… മാസ്”

കമന്റുകളൊക്കെ വായിച്ച് രസിച്ച് തന്റെ പോക്കറ്റിൽ നിന്നും ഹാ ൻസ് (ചു ണ്ടിൽ തിരുകി വെക്കുന്ന പു കയില) എടുത്ത് കയ്യിന്റെ ഉള്ളനടിയിലേക്ക് തട്ടി നന്നായി ഞെരുക്കി പതുക്കെ അത് ചുണ്ടിൽ നിക്ഷേപിച്ച് ലഹരിക്കെതിരെ ഒരു പോസ്റ്റിടാൻ ഷാൻ കബീർ ടൈപ്പിങ് ആരംഭിച്ചു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *