ടെലിവിഷനിൽ നിന്നുമൂർന്നിറങ്ങിയ ചിലമ്പിച്ച ശബ്ദം കെട്ടടങ്ങുന്നതിനുമുമ്പേ അച്ഛൻ ആഹ്ലാദചിത്തനായി നടന് വേണ്ടി കൈകൊട്ടുന്നുണ്ടായിരുന്നു……..

എഴുത്ത്:- ലച്ചൂട്ടി ലച്ചു

“ഏത് സമയമാണ് ഒരു പെൺകുട്ടിക്ക്അസമയം..??”

കോടതിമുറിയിലെ സലിംകുമാറിന്റെ വാക്കുകൾക്കൊപ്പം അച്ഛന്റെ കയ്യടിയുമുയർന്നു …

ടെലിവിഷനിൽ നിന്നുമൂർന്നിറങ്ങിയ ചിലമ്പിച്ച ശബ്ദം കെട്ടടങ്ങുന്നതിനുമുമ്പേ അച്ഛൻ ആഹ്ലാദചിത്തനായി നടന് വേണ്ടി കൈകൊട്ടുന്നുണ്ടായിരുന്നു …

“എന്തൊരഭിനയമാണ് …!!

നമ്മളതിൽ ലയിച്ചിരുന്നുപോകും …”

ആരോടെന്നില്ലാതെ പറയുന്നു …

“അഭിനയമല്ല അദ്ദേഹം പറയുന്ന വാക്കുകളാണ് മുഖ്യം …അല്ലേ അച്ഛാ …??”

എന്റെ ചോദ്യത്തിന് സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ തന്നെ മറുപടി കിട്ടി …

“തീർച്ചയായും ….

പെൺകുട്ടികൾ നാളെയാരുടെയെങ്കിലും ഇരയാകുമെന്നു കരുതി എന്തിനാണ് സ്വയമൊതുങ്ങികൂടുന്നത് …

അവർക്കും സ്വാതന്ത്ര്യമുണ്ട് …

ജനലഴികളിൽ നിന്ന് മാത്രമല്ല നഗരവീഥിയിൽ നിന്നും പൊഴിയുന്ന നിലാവിനെ അവർക്ക് നുകരാം …

പകലിനേക്കാൾ സുന്ദരം രാത്രിയാണെന്ന്‌ അവർക്ക് തോന്നണം ….

ഭയത്തേക്കാളുപരി കൗതുകത്തോടെ ഇരുട്ട് നിറഞ്ഞ ഈടുവഴികളിലൂടെ അവർ സഞ്ചരിക്കണം ….”

അച്ഛൻ സാഹിത്യത്തിന്റെ പാരമ്യതയിൽ എത്തുന്നുണ്ട് ….

“എനിക്കറിയില്ലായിരുന്നു അച്ഛന് ഈയൊരു ചിന്താഗതിയുമുണ്ടെന്ന്….”

ഞാൻ അത്ഭുദപ്പെട്ടു …

“അച്ഛാ …

പെൺകുട്ടികൾ ഇവയൊക്കെ മാത്രമല്ല ആഗ്രഹിക്കുന്നത് ….

ചന്ദ്രന്റെ പ്രഭയും വഴിവിളക്കുകളുടെ ഭംഗിയും ഒക്കെ ആസ്വദിക്കാൻ കൊതിക്കുന്നവർ മാത്രമല്ല …

ജീവിതത്തിന്റെ വഴിവിളക്കുകൾ അവർക്ക് സ്വയം തെളിയിക്കാൻ കഴിയണം …

അതിനു അറിവ് വേണം …!!

അടിച്ചേല്പിക്കപ്പെട്ട അറിവല്ല സ്വയം തിരഞ്ഞെടുത്ത അറിവ് …

സ്വന്തം അദ്ധ്വാനത്തിലൂടെ സ്വായത്തമാക്കിയ അറിവ് …

ഇഷ്ടമുള്ള മേഖലയിൽ സമയപരിധിയുടെ ഭീഷണിയില്ലാതെ പഠിച്ചുയരാനുള്ള തെളിഞ്ഞ വഴികളാണ് വേണ്ടത് …

സമർപ്പണ ബോധം അതിന്റേതായ തുല്യതയിൽ എത്തുന്നത് തിരഞ്ഞെടുത്ത വഴി തന്റെ മാത്രം തീരുമാനമായിരുന്നു എന്നൊരു തിരിച്ചറിവ് ഉള്ളിലുണ്ടാകുമ്പോഴാണ് …

ശരിയല്ലേ …??”

സംശയഭാവത്തിലുള്ള ആ നോട്ടം ഞാനവഗണിച്ചു ….

എന്തുപഠിക്കണമെന്നും എവിടെ പഠിക്കണമെന്നും എപ്പോൾ വരെ പഠിക്കണ മെന്നും ജന്മം നൽകിയ പെണ്കുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കരുത് ….

അവരുടെ പ്രതീക്ഷകളുടെ ചിറകുകൾ അരിയരുത് ….

ജീവിതത്തിനൊരു ലക്‌ഷ്യം തോന്നുന്നത്എപ്പോഴും ഒരേ ദിശയിൽ ആയിരിക്കും ….

ആഗ്രഹിക്കാത്ത ഓരോന്നും അടിച്ചേൽപ്പിച്ചുകൊണ്ട് കാൽച്ചുവട്ടിൽ നിന്ന് പെൺകുട്ടിയാണെന്ന ഒറ്റക്കാരണത്താൽ പോകാനനുവദിക്കാത്തത് പുറംലോകത്തിനെ പേടിയുള്ളതുകൊണ്ടാണെന്ന് വിശ്വസിക്കാം…

അതിലുമുപരി സ്വന്തം മക്കളിൽ അച്ഛനമ്മമാർക്ക് വിശ്വാസം ഉണ്ടോ ഇല്ലയോ എന്ന് എന്നെപ്പോലുള്ള പെൺകുട്ടികൾക്ക് ഒരിക്കൽ കൂടി ചിന്തിച്ചുനോക്കേണ്ടി വരും …”

“പഠിക്കാൻ ബാംഗ്ലൂർ വിടാത്തതിന്റെ അമർഷമാണ് നിന്റെ മകൾ ഈ കാണിക്കുന്നത് …..!!”

അമ്മയുടെ നേരെ തിരിയുന്നുണ്ടായിരുന്നു …

“എന്റെ സ്വപ്നം അവിടെ ഉറങ്ങിക്കിടപ്പുണ്ടാകാം …

അതിനെ തട്ടിയുണർത്താൻ എന്റെ പരിമിതികൾ സമ്മതിച്ചില്ല …പരിമിതികളല്ല…. ചില ബന്ധങ്ങൾ ….”

“നിനക്ക് ഇവിടെയെങ്ങും പഠിക്കാൻ വയ്യ ..??

ബാംഗ്ലൂർ എന്തിനാണ് പോകുന്നത്…??

അവിടെന്തൊക്കെയാണ് നടക്കുന്നത് ….

പെൺകുട്ടികളെ പറഞ്ഞു വിടാൻ പറ്റുന്ന സ്ഥലമാണോ അത് …..

“അവിടയെന്തൊക്കെയാണ് നടക്കുന്നത് അച്ഛനൊന്ന് പറഞ്ഞുതരാമോ ….??”

“സുരക്ഷ…!!

നിന്റെ സുരക്ഷയാണ് എന്റെ തലവേദന …”

“എന്നെ സംരക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിൽ നാളെ എന്റെ കുടുംബത്തിനെ ഞാനെങ്ങനെ സംരക്ഷിക്കും ….??”

മറുപടിയില്ല…

“സുരക്ഷ മാത്രമല്ല….

അവിടെ വിശ്വസിച്ചു ഏൽപ്പിക്കാൻ ഒരിടമില്ല നിന്നെ ….”

“വിശ്വാസം ആരിലാണ് വേണ്ടത് ….??

എന്നിലോ അതോ ഇതുവരെ കണ്ടിട്ടില്ലാത്ത പലരിലുമോ ….??”

“അതുമാത്രമാണോ ….!!

അസമയത് നിന്നെ പോലുള്ള കൊച്ചുപെണ്കുട്ടികൾക്കു വെളിയിലിറങ്ങി നടക്കാൻ കഴിയുമോ…..??”

” എന്താണ് ഒരു പെൺകുട്ടിക്ക് അസമയം ……??”

നിശബ്ദം ….!!

കാഴ്ചപ്പെട്ടിയിൽ അപ്പോഴും നീതിപീഠം പെൺകുട്ടികൾക്കായി പച്ചക്കൊടി വിടർത്തുന്നുണ്ടായിരുന്നു ……

Related Posts

Leave a Reply

Your email address will not be published. Required fields are marked *