താൻ നിൽക്കെ അനിയത്തിയുടെ കല്യാണം നടക്കാതെ വന്നപ്പോൾ പലർക്കും താനൊരു ബാധ്യതയുമായി. സ്വന്തം അച്ഛനു പോലും…

Story written by Maaya Shenthil Kumar

എല്ലാരും ഒന്ന് പെട്ടെന്ന് ഇറങ്ങുന്നുണ്ടോ… ഇപ്പോ തന്നെ വൈകി….

ഞങ്ങളിറങ്ങി ഉണ്ണി… ഈ പിള്ളേർക്ക് എത്ര ഒരുങ്ങിയാലും മതിയാവില്ല… രാവിലെ മുതൽ കണ്ണാടിയുടെ മുന്നിലാ… അമ്മ പരിഭവിച്ചു…

ഏട്ടാ മുൻസീറ്റിൽ ഞാനാണേ… ഓടിക്കിതച്ചുകൊണ്ട് ഗായത്രി വന്നു…

ഒന്ന് പെട്ടെന്ന് ഇറങ്ങിക്കൂടെ ഗായൂ…

ഏട്ടൻ മുല്ലപ്പൂ കൊണ്ടുവരാൻ വൈകിയതുകൊണ്ടല്ലേ ഞങ്ങൾ ഇറങ്ങാൻ വൈകിയത്…

ചാരു എവിടെ അമ്മേ…

മോനെ അവൾ വരുന്നില്ലെന്നാ പറഞ്ഞത്..

അതെന്തുപറ്റി രാവിലെ ഞാൻ പൂവ് വാങ്ങാൻ പോകുന്നവരെ അവളൊന്നും പറഞ്ഞില്ലല്ലോ… ഞാനൊന്നു നോക്കിയിട്ട് വരാം

എന്റെ ഉണ്ണി.. അവൾ വരുന്നില്ലെങ്കിൽ പിന്നെന്തിനാ നിർബന്ധിക്കുന്നെ…നമുക്ക് പോയിട്ട് പെട്ടെന്നിങ്ങു പോരാം…ചേച്ചി ഇടയ്ക്ക് കയറി…അതിനെ അനുകൂലിച്ചെന്നപോലെ അമ്മയും തലയാട്ടി…

ചേച്ചിയുടെ കൈമാറ്റി അകത്തേക്ക് നടക്കുമ്പോൾ വാതിലിനു പിറകിൽ ചാരു നിൽപ്പുണ്ടായിരുന്നു…

നിനക്ക് മാത്രമെന്താ പ്രത്യേകത… കുടുംബവീട്ടിലെ കല്യാണമാ.. എവിടെ പോകാനൊരുങ്ങിയാലും നീ ഇങ്ങനെ ഒടക്കുണ്ടാകുവല്ലോ… അവളുടെ കണ്ണുകൾ നിറഞ്ഞതുകണ്ട്‌ അവനൊന്നു ശാന്തനായി..

ചാരു പെട്ടെന്ന് ഒരുങ്ങിയിട്ടു വാ… നിന്നെയും കൊണ്ടേ ഇന്ന് പോകുന്നുളളൂ

ഉണ്ണിയേട്ടാ എനിക്കെന്തോ ഒരു വയ്യായ്ക അതുകൊണ്ടാ.. അവളുടെ വാക്കുകൾ ഇടറി …

വയ്യെങ്കിൽ വരുന്ന വഴി ഡോക്ടറെ കാണാം… നമ്മുടെ കല്യാണം കഴിഞ്ഞിട്ട് മൂന്നു മാസമായി… എങ്ങോട്ട് പോകാനിറങ്ങിയാലും നിനക്കെന്തെങ്കിലും കാണും… പോയി ഒരുങ്ങേടീ…

**************************

കണ്ണാടിയിലേക്കു നോക്കുംതോറും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…

രാവിലെ കല്യാണത്തിന് പോകാൻ ഒരുങ്ങുന്നതിനിടയിൽ ആണ് അടുക്കളയിൽ നിന്ന് ചേച്ചി അമ്മയോട് പതം പറയുന്നത് കേട്ടത്…

പൈസ ഉള്ളതൊക്കെ ആണെങ്കിലും ആ പെണ്ണ് നമ്മുടെ ഉണ്ണിക്ക് വേണ്ടാരുന്നു അല്ലെ അമ്മേ… ഒരു മാതിരി കരിവിളക്കും നിലവിളക്കും പോലെയുണ്ട്… ഇതിപ്പോ നമ്മൾ നിർബന്ധിച്ചത് കൊണ്ടാണെന്നു, നാട്ടുകാരും കുടുംബക്കാരും നമ്മളെയാ കുറ്റപ്പെടുത്തുന്നത്…അവന്റെ അടുത്ത് നിർത്താൻ കൊല്ലുന്നുണ്ടോ…

മറുത്തൊന്നും പറയാതെ അമ്മയൊന്നു നീട്ടി മൂളുകമാത്രം ചെയ്തത് അവളുടെ സങ്കടം ഇരട്ടിയാക്കി…

ഉണ്ണിയേട്ടന്റെ അനിയത്തി ഗായത്രിയുടെ പരിഹാസം വന്നു കയറിയ അന്നുമുതൽ ഉണ്ട്…ഏട്ടന്റെ ഭാര്യയുടെ ഫോട്ടോ കൂട്ടുകാർക്ക് കാണിക്കാൻ പറ്റുന്നില്ലെന്നു ഇടയ്ക്കിടെ കുത്തിപ്പറയും…. അമ്മയ്ക്ക് തന്നോട് എതിർപ്പൊന്നും ഇല്ലെന്നായിരുന്നു വിചാരിച്ചത്… ഇതിപ്പോ അമ്മയും…

ഓർക്കുംതോറും അവളുടെ നെഞ്ചുപൊട്ടി…

ഇനിയിപ്പോ ഉണ്ണിയേട്ടനും ചിന്തിക്കുന്നത് അങ്ങനെ തന്നെ ആയിരിക്കുമോ….

മുറിക്കു പുറത്ത് അക്ഷമനായി ഉണ്ണിയേട്ടൻ കാത്തുനിൽക്കുന്നതുകൊണ്ട് പെട്ടെന്ന് ഒരുങ്ങി ഇറങ്ങി… അല്ലെങ്കിലും കൂടുതൽ ഒരുങ്ങിയിട്ടെന്തിനാ…

നിനക്ക് പൂ വേണ്ടേ… എന്നും ചോദിച്ചു ഉണ്ണിയേട്ടൻ എന്റെ മുടിയിലേക്കു ചൂടി തന്നു….

വേണ്ടാരുന്നു… എനിക്കിതൊന്നും ചേരില്ല… ആ മുഖത്തു നോക്കാതെ പറഞ്ഞു…

എന്റെ ചാരു നമ്മുടെ കേരളത്തിൽ മുല്ലപ്പൂ ചേരാത്ത ഒരു പെണ്ണും കാണില്ല… നീ വന്നേ…

കാറിൽ കയറുമ്പോ ചേച്ചിയുടെയും ഗായത്രിയുടെയും മുഖത്തെ ഇഷ്ടക്കേട് വായിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നു.

****************************

എന്റെ പൊന്നു ചേച്ചി ഞങ്ങളോടൊക്കെ ഒരു വാക്കു ചോദിച്ചിരുന്നേൽ ഞങ്ങൾ സമ്മതിക്കുമോ ഇങ്ങനൊരു ബന്ധത്തിന്… അതെങ്ങനാ പണം കണ്ടപ്പോ നിങ്ങളുടെയൊക്കെ കണ്ണ് മഞ്ഞളിച്ചു കാണും… എന്നാലും സ്വത്തു മാത്രം മതിയോ ജീവിക്കാൻ …മനപ്പൊരുത്തം കൂടെ വേണ്ടേ കുഞ്ഞമ്മ പരിഭവിച്ചു….

അതും കേട്ടുകൊണ്ടാണ് ചാരു വടക്കേ കോലായിലേക്കു ഇറങ്ങിയത്…

പറ്റിപോയില്ലേ ഇനി പറഞ്ഞിട്ടെന്താ… അന്ന് പെണ്ണ് കാണാൻ പോയപ്പോ ഒരു ചന്തമൊക്കെ തോന്നിയതാ… അമ്മയുടെ വാക്കുകൾ ഒരു വെള്ളിടി പോലെയാണ് അവൾക്കു തോന്നിയത്…

അവളെ കാണാതിരിക്കാൻ വേണ്ടി അവൾ അടുക്കളയിലേക്കു ഒതുങ്ങി നിന്നു…പിടിച്ചു നിർത്താൻ പറ്റാതെ ഒഴുകിവരുന്ന കണ്ണുനീർ ആരും കാണാതിരിക്കാൻ വേണ്ടി ജനലിനു അഭിമുഖമായി നിന്നു….

ആർക്കാമ്മേ പറ്റിപ്പോയത്…. ഉണ്ണിയുടെ ശബ്ദമാണ്…

അവൾ എങ്ങനെ ആയാലും കുഞ്ഞമ്മയ്ക്കെന്താ… കുഞ്ഞമ്മയുടെ മോനല്ലല്ലോ, ഞാനല്ലേ അവളെ കെട്ടിയത്… കുഞ്ഞമ്മ മോന് പെണ്ണ് നോക്കുമ്പോ ഐശ്വര്യ റായിയെ നോക്കിക്കോ…

കേട്ടത് ഇഷ്ടപ്പെട്ടില്ലെന്നു മുഖത്തു വരുത്തി ഒന്നും മിണ്ടാതെ അവര് പുറത്തേക്കു നടന്നു…

അമ്മക്കെങ്ങനെ ഇത്ര പെട്ടെന്ന് ഇങ്ങനെ മാറാൻ കഴിഞ്ഞു. ഉണ്ടായിരുന്നതെല്ലാം കുടിച്ചു നശിപ്പിച്ചു, കഴുത്തറ്റം കടം കയറി അച്ഛൻ തൂങ്ങി മരിച്ചപ്പോ… സ്ത്രീധനം മുഴുവൻ കൊടുക്കാത്തതിന്റെ പേരിൽ ചേച്ചി വീട്ടിൽ വന്നു നിന്നപ്പോ…ഗായുവിന്റെ പഠിപ്പ് ഇടയ്ക്കു വച്ചു നിർത്തേണ്ടിവരുമോ എന്ന അവസ്ഥവന്നപ്പോ…അമ്മയല്ലേ എന്നോട് കാലുപിടിച്ചു പറഞ്ഞത് പെൺ മക്കളുടെ ജീവിതം എന്റെ കയ്യിലാണെന്നു… ബ്രോക്കർ വഴി സ്വത്തും പണവുമുള്ള ചാരുവിന്റെ ആലോചന വന്നപ്പോ, സ്നേഹമുള്ള പെണ്ണാണെങ്കിൽ പിന്നെ സൗന്ദര്യത്തിനു എന്ത് സ്ഥാനമെന്ന് പറഞ്ഞത് വെറും മൂന്ന് മാസം കൊണ്ട് മറന്നുപോയോ അമ്മ ….

അമ്മയുടെയും, ചേച്ചിയുടെയും, ഗായത്രിയുടെയും തല താഴ്‌ന്നു…

എല്ലാം കേട്ടുകൊണ്ടിരുന്ന ചാരുവിന്റെ നെഞ്ചിൽ ഇടിത്തീയായിരുന്നു അവന്റെ വാക്കുകൾ… ഇഷ്ടമുണ്ടായിട്ടാവില്ല എന്ന് അറിയാരുന്നെങ്കിലും… ഉണ്ണിയുടെ വായിൽ നിന്നും അത് കേട്ടപ്പോൾ മരിച്ചുപോയാമതിയെന്നു മാത്രം അവൾ ആഗ്രഹിച്ചു…

ചേച്ചിക്ക് അവളോട്‌ ഇഷ്ടക്കേട് വല്ലതുമുണ്ടെങ്കിൽ അവള് തന്ന സ്വർണമുണ്ടല്ലോ.. ചേച്ചിക്ക് സ്ത്രീധനത്തിന്റെ ബാക്കി തന്നത് അത് അവൾക്കു തിരിച്ചു കൊടുത്തേക്കു…

ഉണ്ണി പറഞ്ഞത് കേട്ട് മൂന്നുപേരും ഒരുപോലെ ഞെട്ടി…

അതുപോലെ നിനക്ക് വല്ല എതിർപ്പുമുണ്ടെങ്കിൽ നിനക്ക് പഠിക്കാൻ വേണ്ടി പണയം വച്ചത് തിരിച്ചു കൊടുത്തേക്കു…. ഇനി അമ്മയ്ക്ക് വല്ല എതിർപ്പുമുണ്ടെങ്കിൽ ഞാൻ അവളെയും കൂട്ടി വാടകയ്‌ക്കോ മറ്റോ വീടെടുത്തു മാറാം…

പിന്നെ മൂന്നുപേരോടും വേറൊരു കാര്യം കൂടെ പറയാനുണ്ട്….നിങ്ങൾ നിര്ബന്ധിച്ചാണ് അവളെ പെണ്ണ് കാണാൻ പോയത് എന്നുള്ളത് സത്യമാ പക്ഷെ ഞാൻ അവളെ കല്യാണം കഴിച്ചത് നിങ്ങളുടെ നിർബന്ധത്തിനു വഴങ്ങിയല്ല….

മൂന്നുപേരും അവന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി…

സംശയത്തോടെ ചാരു ഒന്നുടെ ചെവിയോർത്തു…

കോളേജിൽ അവളെന്റെ ജൂനിയർ ആയിരുന്നു… അന്ന് ഒരിഷ്ടം തോന്നിയതാ… ഒരു കത്ത് കൊടുത്തു ഇഷ്ടം അവളെ അറിയിച്ചതുമാണ്… അന്നെന്തോ അവള് ഒന്നും പറഞ്ഞില്ല…കത്ത് കൊണ്ടുകൊടുത്ത കൂട്ടുകാരനോട് ഞാൻ ആരാണെന്നു പോലും അവൾ ചോദിച്ചില്ല…

പിന്നെ ജീവിതത്തിൽ പ്രാരാബ്ധം മാത്രം കൈമുതലായുള്ള എനിക്ക് എന്റെ സങ്കടങ്ങളിലേക്കു ഒരാളെ കൂടെ വലിച്ചിഴക്കാൻ തോന്നാത്തത് കൊണ്ട് അവളുടെ പിന്നാലെ നടന്നില്ല…. ഇഷ്ടം എന്റെ ഉള്ളിലൊതുക്കി..

പെണ്ണ് കാണാൻ പോയപ്പോ നിങ്ങൾ കണ്ടതൊന്നും കണ്ടല്ല ഞാൻ സമ്മതം പറഞ്ഞത്….അവൾക്ക് സ്വത്തും പണവും ഒന്നുമില്ലാരുന്നെങ്കിലും അവൾക്ക് എന്നെ ഇഷ്ടമാണെങ്കിൽ ഞങ്ങൾ ഒന്നാവുമായിരുന്നു…. കാരണം ചെറുതെങ്കിലും ഒരു ജോലി കിട്ടിയ അന്നുമുതൽ ആഗ്രഹിച്ചു നടക്കുകയായിരുന്നു അവളെ ഒന്നുടെ ഒന്ന് കാണാൻ….

അവന്റെ വാക്കുകൾ കേട്ട് ചാരുവിന്റെ കണ്ണുകൾ വിടർന്നു… അതുവരെ നെഞ്ചിൽ കയറ്റിവച്ച ഭാരം ഉരുകി പോകുന്നത് അവളറിഞ്ഞു….അവളോർത്തു…. ആദ്യമായി കോളേജിൽ വച്ചു അവൾക്കു ഒരാൾ പ്രണയലേഖനം കൊടുത്തത്…അതുവരെയുള്ള അനുഭവം വച്ച് തന്നെ പരിഹസിക്കാനാണെന്നു മാത്രമാണ് കരുതിയത്….

ആദ്യരാത്രി മുതൽ അവനോടു ചോദിക്കാൻ കൊണ്ട് നടന്ന ഒരു ചോദ്യം ഉണ്ടായിരുന്നു അവൾക്ക് ….

എന്നെ ശരിക്കും ഇഷ്ടപ്പെട്ടിട്ടാണോ ഈ കല്യാണത്തിന് സമ്മതിച്ചത് എന്ന്..

കാരണം അവളുടെ നിറത്തിന്റെ.. സൗന്ദര്യത്തിന്റെ പേരിൽ മുടങ്ങിയതായിരുന്നു പല കല്യാണാലോചനകളും.. സ്കൂൾ കാലം മുതൽ അവഗണിക്കപ്പെട്ടതും ഇതേ നിറത്തിന്റെ പേരിലാരുന്നു… തന്നെക്കാൾ നിറവും സൗന്ദര്യവുമുള്ള ഒരു അനിയത്തി ജനിച്ചപ്പോൾ അച്ഛനും അമ്മയ്ക്കും ഒഴികെ ബാക്കിയെല്ലാർക്കും താനൊരു തമാശയായിരുന്നു…

ആശുപത്രിക്കിടക്കയിൽ മാറിപോയതാണോ എന്ന അച്ഛമ്മയുടെ ചോദ്യമാണ് ആദ്യം ഹൃദയത്തെ കീറി മുറിച്ചത്… പിന്നെ അതൊരു ശീലമായി… താൻ നിൽക്കെ അനിയത്തിയുടെ കല്യാണം നടക്കാതെ വന്നപ്പോൾ പലർക്കും താനൊരു ബാധ്യതയുമായി…സ്വന്തം അച്ഛനു പോലും… അതുകൊണ്ടാണ് സ്വത്തിന്റെയും സ്വർണത്തിന്റെയും അളവിൽ തന്നെ തൂക്കി വിറ്റത്….

**************************

ചാരു.. താനിവിടെ നിൽക്കുവാന്നോ…ഞാൻ എവിടെയൊക്കെ അന്വേഷിച്ചു… വാ ഭക്ഷണം കഴിക്കണ്ടേ… എല്ലാരും ഇരുന്നു… താനിവിടെ ഒറ്റയ്ക്ക് എന്തെടുക്കുവാ… വന്നേ

അവനെ ആദ്യമായി കണ്ടെന്നപോലെ അവളുടെ ഹൃദയം തുടിച്ചു… അവൾ മനസ്സ് നിറഞ്ഞു ചിരിച്ചു…

അവൻ അവളുടെ കൈപിടിച്ച് നടന്നപ്പോൾ ഒട്ടും അപകർഷതാബോധമില്ലാതെ അവനോടു ചേർന്ന് നടന്നു…

അന്ന് രാത്രി ആദ്യമായി ഭാര്യയെന്ന മുഴുവൻ അവകാശത്തോടെ അവൾ അവന്റെ നെഞ്ചോട് ചേർന്ന് ഉറങ്ങി… ജീവിതത്തിലാദ്യമായി മധുരസ്വപ്നങ്ങൾ കണ്ടുകൊണ്ട്….

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *