നിത്യയെ എന്നും കാണുന്ന സ്ഥലമെത്തുമ്പോൾ മിഥുൻ നടത്തം പതുക്കെയാക്കും. രണ്ട് മിനുറ്റ് വൈകിയാൽ ബസ് മിസ്സാവും എന്നറിയാഞ്ഞിട്ടല്ല……

ഞായറാഴ്ചകളിലെ പ്രഭാതങ്ങൾ

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി

അമ്പലത്തിൽ പോയിമടങ്ങുമ്പോഴാണ് നിത്യ അവനെ എന്നും കാണാറുള്ളത്. ഈ ഞായറാഴ്ചകളിൽ പാന്റും ഷ൪ട്ടുമിട്ട് ബേഗുമെടുത്ത് ഇയാളതിരാവിലെ എവിടെപ്പോകുന്നു എന്ന് സംശയിക്കാറുണ്ട് നിത്യ.

നിത്യയെ എന്നും കാണുന്ന സ്ഥലമെത്തുമ്പോൾ മിഥുൻ നടത്തം പതുക്കെയാക്കും. രണ്ട് മിനുറ്റ് വൈകിയാൽ ബസ് മിസ്സാവും എന്നറിയാഞ്ഞിട്ടല്ല, പക്ഷേ അവളെ കാണാതെ പോകാൻ മനസ്സ് വരില്ല. അഞ്ചാറ് വ൪ഷമായിട്ടുള്ള ശീലമാണ്. ചില ദിവസങ്ങളിൽ അവളെ കാണാൻ പറ്റാറില്ല. ആ ദിവസം അവൾ അമ്പലത്തിൽ വന്നിട്ടുണ്ടാവില്ല എന്ന് സമാധാനിക്കാൻ ശ്രമിക്കും. പക്ഷേ അന്ന് എന്തോ ഒരു നഷ്ടബോധം തന്നെ ചൂഴ്ന്നുനിൽക്കും.

നിത്യ കൈയിൽ പ്രസാദവും പിടിച്ച് ഈറൻമുടിത്തുമ്പിൽ തുളസിക്കതിരും ചൂടി നടന്നുവരുന്നത് കാണാൻതന്നെ എന്തൊരു ചേലാണ്. അവൾ കടന്നുപോയാലും റോഡിൽ ആരുമില്ലെന്നുറപ്പുവരുത്തി താൻ തിരിഞ്ഞുനോക്കും. ആദ്യമൊക്കെ കാണുന്ന നാളിൽ പാവാടയും ബ്ലൌസുമായിരുന്നു അവളുടെ വേഷം. മിഡിയും ഇട്ട് കണ്ടതായി നേരിയൊരോ൪മ്മയുണ്ട്.

പിന്നെയത് ചൂരിദാറായി, ദാവണിയായി, ഇപ്പോൾ ദേ സാരിയായിരിക്കുന്നു. വർഷങ്ങൾ എത്രവേഗമാണ് ഓടിമറയുന്നത്. ആരോ റോഡിൽനിന്നും അവളെ വിളിക്കുന്നതുകേട്ടതുകൊണ്ട് പേര് നിത്യ എന്നാണെന്നറിയാം. മറ്റൊന്നും ഇതുവരെ ചോദിച്ചിട്ടില്ല. എന്താണ് പഠിക്കുന്നതെന്നോ, ഏത് കോളേജിലാണെന്നോ ഒന്നും..

മിഥുൻ, ഇന്നും ക്ലാസ്സുണ്ടല്ലേ?

ആരോ ചോദിക്കുന്നതുകേട്ട് നിത്യ തലയുയ൪ത്തിനോക്കി. ഇത്രയും തിരക്കിട്ട് ഇയാൾ എവിടെ പോവുകയാണ് എന്ന് ചോദിക്കാൻ തോന്നാറുണ്ട് പലപ്പോഴും. ജോലിക്കാണോ, അതോ പഠിക്കാനാണോ..

ആ‌ ചുറുചുറുക്കോടെയുള്ള തിരക്കിട്ടനടത്തം കാണുമ്പോൾ ഒന്നും ചോദിക്കില്ല. തന്റെനേരെയൊരു നോട്ടമുണ്ട് എപ്പോഴും. പക്ഷേ വർഷങ്ങളായി കണ്ടിട്ടും പരിചയം ഭാവിക്കുകയോ ചിരിക്കുകയോ ചെയ്യില്ല.

എവിടെയാണ് വീട് എന്നൊരു ചോദ്യം നിത്യയുടെ ഉള്ളിൽ ഇടയ്ക്ക് പൊങ്ങിവരും. പക്ഷേ ഗൌരവത്തിൽ നടന്നകലുന്ന അവനെ കാണുമ്പോൾ അവളും മൌനംപൂണ്ടു നടന്നുപോകും. മറ്റൊരവസരത്തിലും മിഥുനെ അവൾ കണ്ടിട്ടില്ല. നാട്ടിൽ എവിടെയും ഒരു കല്യാണത്തിനോ, ഉത്സവത്തിനോ ഒന്നും. കൂട്ടുകാരികളോട് ചോദിക്കാതെ വീട്ടിൽ പറയാതെ ആ ഇഷ്ടം അവൾ മൂകമായി കൊണ്ടുനടന്നു.

ഒരുദിവസം വഴിയരികിൽ നിന്ന് നിത്യ തന്റെ വീട്ടിലേക്ക് നോക്കുന്നതുകണ്ടാണ് മിഥുൻ തൊടിയിൽനിന്നും കിളച്ചുകൊണ്ടിരുന്ന മൺവെട്ടി അവിടെവെച്ച് കയറിവന്നത്. അവൻ ഒതുക്കുകല്ലുകളിലൊന്നിൽ ഇരുന്നു. തലയിൽ കെട്ടിയ തോ൪ത്തഴിച്ച് മുഖത്തെ വിയ൪പ്പ് തുടച്ചുശേഷം തോളത്തിട്ടു.

എന്താ നോക്കുന്നത്?

നിത്യ കൌതുകത്തോടെ വിശ്വാസം വരാത്തമട്ടിൽ നീൾമിഴികളോടെ തന്റെ പഴയവീട് നോക്കുന്നതുകണ്ട് മിഥുൻ പറഞ്ഞു:

എന്നും ജോലിക്ക് പോകുന്നൊരാളിന്റെ വീട് ഇതുതന്നെയാണോ എന്ന സംശയമായിരിക്കും അല്ലേ?

ഞായറാഴ്ചകൾപോലും മുടക്കമില്ലാതെ ജോലി ചെയ്തിട്ടും നീയീ വീട് പുതുക്കിപ്പണിയാത്തതെന്താ എന്ന് നാട്ടുകാർ ചോദിക്കാറുണ്ട്..

നിത്യയുടെ മുഖഭാവം അത് ശരിവെച്ചു എന്ന് തോന്നിയതിനാൽ അവൻ പിന്നെയും പറഞ്ഞു:

പക്ഷേ നിത്യാ, എനിക്ക് ഈ വീട് പൊളിച്ചുകളയാൻ മനസ്സുവരുന്നില്ല. എന്റെ അച്ഛനും അച്ഛമ്മയും അച്ഛാച്ഛനുമെല്ലാം കഴിഞ്ഞ വീടാണിത്. അവരുടെ ഓർമ്മകൾ എനിക്ക് എന്നും ഇങ്ങനെ നിലനി൪ത്തണം. ആ കോലായിൽ അവരിപ്പോഴും ഇരിക്കുന്നതായി ഞാനിടയ്ക്ക് സങ്കൽപ്പിക്കാറുണ്ട്. ഈ മാവിൻകൊമ്പിൽ അച്ഛനിട്ടുതന്ന ഊഞ്ഞാലിൽ ഞാനും അനിയത്തിയും എത്രനാൾ ആടിയിട്ടുണ്ടെന്നോ..

ദേ, അവിടെ ഒരൊഴിഞ്ഞ കോണിലായി വേറെതന്നെ ഒരു വീടെടുക്കും ഞാൻ. ഇപ്പോഴല്ല, കുറച്ചുനാൾ കഴിഞ്ഞ്, നല്ല ജോലിയൊക്കെ കിട്ടിയിട്ട്…

ഇപ്പോൾ ചെയ്യുന്ന ജോലിയോ?

അവളുടെ മധുരസ്വരം ആദ്യമായി കേട്ടതും അവൻ മന്ദഹസിച്ചുകൊണ്ട് പറഞ്ഞു:

ഇപ്പോൾ ഒരു പ്രൈവറ്റ് ഫേമിലാണ് ജോലി. ഞായറാഴ്ചകളിൽ ഞാൻ പോകുന്നത് പാവംകുട്ടികൾക്ക് ഫ്രീയായി കോച്ചിങ് കൊടുക്കാനാണ്. എത്രയോപേ൪ എന്നെപ്പോലെ പി എസ് സി റാങ്ക് ലിസ്റ്റിൽ കയറിക്കൂടിയിട്ടുണ്ട്. കിട്ടും,‌ കിട്ടാതിരിക്കില്ല…

അതും പറഞ്ഞ് ഒരുനിമിഷം നി൪ന്നിമേഷനായി ഇരിക്കുന്ന മിഥുനെ അലിവോടെ നോക്കി നിത്യ.

ഇതെന്താ കൈയിൽ? ഇൻവിറ്റേഷനാണോ? എന്നെ കല്യാണം വിളിക്കാൻ വന്നതാണോ? ഇയാളുടെ കല്യാണമായോ?

ഒറ്റശ്വാസത്തിൽ അവൻ എന്തൊക്കെയോ ചോദിച്ചു.

അവൾ പറഞ്ഞു:

അല്ല, ഇത് എന്റെ കൂടെ പഠിച്ച കുട്ടി ഇപ്പോൾ റോഡിൽവെച്ച് കണ്ടപ്പോൾ തന്നതാണ്. അവരെല്ലാം കൂടി അമ്മയുടെ വീട്ടിൽ പോകുന്നവഴിയാണ്.

ശരി, നിത്യയുടെ കല്യാണമുണ്ടെങ്കിൽ എന്നെക്കൂടി വിളിക്കണേ.. ആരാണാ ഭാഗ്യവാൻ എന്ന് എനിക്കും കൂടി കാണാമല്ലോ..

അവന്റെ കുസൃതി കേട്ടപ്പോൾ അവൾ പിണക്കം നടിച്ച് തിരിഞ്ഞുനടന്നു. ആ ഭാഗ്യം ഇയാൾക്കങ്ങ് സ്വന്തമാക്കിയാലെന്താ എന്ന് ചോദിക്കാൻ അവൾക്കൊട്ട് ധൈര്യം വന്നതുമില്ല..

പിന്നെയും ഞായറാഴ്ചകളിലെ പ്രഭാതങ്ങൾ പുലരാൻ അവൾ കൊതിയോടെ കാത്തിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *