നിന്റെ ഉമ്മാക്ക്‌ എന്നെ ഇഷ്ടമല്ല.. ഉമ്മാടെ സമ്മതമില്ലാതെ നമ്മുടെ നിക്കാഹ് നടക്കില്ല.ഇപ്പോഴും എനിക്ക് അറിയില്ല അസീബ്.. നിന്നോട് അത്രക്ക്‌ ഇഷ്ടം……

ആമി

Story written by Navas Amandoor

രാത്രിയിലെ നിർത്താതെ പെയ്യുന്ന മഴയിൽ വാതിൽ പതുക്കെ തുറന്ന്, മാറ്റി ധരിക്കാനുള്ള ഒരു ജോഡി ഡ്രസ്സുമായി അവൾ പുറത്തിറങ്ങി. വീടിന്റെ പുറത്ത് കുടയില്ലാതെ മഴ കൊണ്ട് അയാൾ അവളെ കാത്തു നിന്നു.

“ഇപ്പൊത്തന്നെ വൈകി..നാട്ടിലേക്കുള്ള ആ ബസ് കിട്ടിയില്ലെങ്കിൽ പ്രശ്നമാവും.”

മഴ പെയ്യുന്നത് അറിയാത്ത പോലെ മഴയിൽ നനഞ്ഞു അവർ വേഗത്തിൽ നടന്നു. ബസ്സ് സ്റ്റാൻഡിലെത്തി. അവൾ വേഗം ടോയ്‌ലെറ്റിൽ കയറി നനഞ്ഞ ഡ്രസ്സ്‌ മാറ്റി. രണ്ട് പേരും ബസ്സിൽ കയറി ഇരുന്നു.

“ഈ യാത്ര പുതിയൊരു ജീവിതത്തിലേക്കാണ്.. നിന്റെ വീട്ടുകാരുടെ എതിർപ്പിൽ നിന്നെ വേണ്ടെന്ന് വെക്കാൻ എനിക്ക് കഴിയില്ല”

‘ഈ ജീവിതത്തിൽ ഇക്കയില്ലാതെ എനിക്കും കഴിയില്ല. “

ഷോൾഡറിൽ ചാരിയിരുന്ന അവളുടെ കൈ പിടിച്ചു ചു ണ്ടോട് ചേർത്തയാൾ ചും ബിച്ചു.

അതിന് ശേഷം ഒരുപാട് രാത്രികൾ പുലർന്നു. വർഷങ്ങൾ കഴിഞ്ഞു പോയി. എതിർപ്പുകളെ അവഗണിച്ചു ജീവിച്ച അവർക്കൊരു മകൾ ഉണ്ടായി. ആ മോൾക്ക് അവർ ആമിയെന്ന് പേര് വെച്ചു.

ആമിയും വളർന്നു. അടുത്ത ആഴ്ച അവളുടെ നിക്കാഹാണ്.

“എല്ലാരും പറയുന്ന പോലെ, പരിഹസിക്കുന്ന പോലെ നമ്മടെ മോൾ അവന്റെ കൂടെ പോകോ…? “

“ഇല്ല.. അവനെ അവൾക്ക് ഇഷ്ടമാണ്. പക്ഷെ എന്റെ ആമി ചരിത്രം ആവർത്തിക്കില്ല.ഇന്ന് അവൾ അസീബിനെ കാണും.. സംസാരിക്കും.”

ആമിയെ അറിയുന്ന ഉമ്മാക്ക് ആമിയുടെ മനസ്സ് മനസ്സിലാവും. മിഴികളിൽ നിന്നുപോലും അവളെ വായിച്ചെടുക്കാൻ കഴിയും.അസീബിനെ കാത്ത് നിൽക്കുമ്പോളും ഉമ്മയും വാപ്പയും പറഞ്ഞ കഥയിലെ ആ രാത്രിയിലെ പെരുമഴ അവളുടെ മനസ്സിലും പെയ്തുകൊണ്ടിരുന്നു.

“അസീബെ… ഉമ്മയെ പോലെ അവൾ നിന്റെ ഒപ്പം ഇറങ്ങി വരുമോ…?”

“ഇല്ല.. എനിക്ക്‌ തോന്നുന്നില്ല.. എങ്കിലും അവൾ ഇന്ന് എന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്.. പോകണം.”

കൂട്ടുകാരന്റെ അരികിൽ നിന്നും അസീബ് വണ്ടിയെടുത്ത് ഇടക്കൊക്കെ അവളെ കാണാറുള്ള അവരുടെ കാപ്പിത്തോട്ടത്തിലേക്ക്‌ ചെന്നു.

അവനെയും കാത്ത് ആമി അവിടെ ഉണ്ടായിരുന്നു.

കുറച്ചു സമയം അവർക്ക് സംസാരിക്കാൻ ഒന്നും കിട്ടാതെ നിന്നു.

“ആമി.. നീ എന്തിനാ കാണണമെന്ന് പറഞ്ഞത്…?”

“എനിക്ക് നിന്നോട് സംസാരിക്കാൻ.”

“എന്നാ പറയ്”

“എനിക്ക് നിന്റെ കൊച്ചിനെ പ്രസവിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു അസീബ്.”

വിക്കി വിക്കി സങ്കടത്തോടെ അവളുടെ മുഴുവൻ സ്വപ്നങ്ങളും ആ വാക്കുകളിൽ നിറച്ചു.

വിളഞ്ഞു നിൽക്കുന്ന കാപ്പിത്തോട്ടത്തിലൂടെ അവളുടെ ഒപ്പം നടന്നപ്പോൾ അവൾ പറഞ്ഞത് കേട്ട് അസീബിന്റെ മനസ്സിൽ നൊമ്പരമുണർന്നു.

ഒരു പെണ്ണ് ഒരാണിന്റെ മുഖത്ത് നോക്കി ഇങ്ങനെ ഒരു ആഗ്രഹം പറയുമ്പോൾ അവൾ എത്രമാത്രം അവനെ സ്‌നേഹിച്ചിട്ടുണ്ടാവും..!

“നമ്മുടെ വിധി.. ഇങ്ങനെയാകും ആമി.”

ഇത്രയും നാൾ ഒരുമിച്ച് ഉണ്ടായിട്ടും അവൾ മനസ്സിൽ ഒളിപ്പിച്ചതൊക്കെ ഇപ്പോഴാണ് ഓരോന്നായി പറയുന്നത്.

“മുൻപ് ഒന്നും നിന്നോട് പറയാൻ പറ്റിയില്ല. അർഹത ഇല്ലാത്ത ഒന്ന് തലയിൽ കയറ്റി വെച്ചൊരു ഫീൽ ആയിരുന്നു. പക്ഷെ ഇപ്പൊ അറിയുന്നു.. നഷ്ടപ്പെടുന്നത് എന്തിനെക്കാളും വിലയുള്ള ഒന്നായിരുന്നെന്ന് .”

“അർഹത ഇല്ലെന്ന് നിന്റെ ചിന്തയാണ്. എന്നെ സ്വീകരിക്കാൻ നിന്നെക്കാളും കഴിയുന്ന ഒരാൾ ജനിച്ചിട്ടില്ല.”

ഇന്നലെ രാത്രിയിൽ പെയ്ത മഞ്ഞു തുള്ളികൾ വെയിലിൽ തിളങ്ങി. ആ മഞ്ഞു തുള്ളികളിൽ ഒരു തുള്ളി അവളുടെ കണ്ണിൽ നിന്നും അടർന്നുവീണതാണ്.

അസീബ് അവളുടെ അരികിലേക്ക് കുറച്ചു കൂടെ ചേർന്ന് നടക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ആമി അവനിൽ നിന്നും അകലം തീർത്തു.

“ഉമ്മയുടെ മോളായി വളർന്ന ആമി ഉമ്മയെ പോലെയാവാതിരിക്കാൻ ഈ പ്രണയം അവസാനിപ്പിക്കുന്നു. “

ആരുമറിയാതെ ഒരു രാത്രിയിൽ പ്രണയത്തിന്റെ സന്തോഷത്തിനായി ഇറങ്ങിവന്നവളെ പലരും പരിഹസിച്ചു.വാപ്പയുടെ വീട്ടിലും നാട്ടിലും ഉമ്മയെ കുറ്റക്കാരിയെ പോലെ നോക്കി.

ആമി ജനിച്ചപ്പോൾ ഉമ്മയെ പോലെ മോളും പോകുമെന്ന് പറഞ്ഞവർ ഉമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടുമെന്ന് പരിഹസിച്ചു . അത് കൊണ്ട് മാത്രം പ്രണയങ്ങളെ പ്രണയം പറഞ്ഞവരെ പുച്ഛത്തൊടെ നോക്കി അവഗണിച്ചവളാണ് ആമി.

“ഈ മോൾ ഒരിക്കലും ഉമ്മയെ പോലെ പ്രണയത്തിന്റെ കൂടെ ഇറങ്ങിപ്പോവില്ല”

നാട്ടുകാർക്കും വീട്ടുകാർക്കും പറഞ്ഞു ചിരിച്ചു പരിഹസിക്കാൻ ആമി നിന്ന് കൊടുക്കില്ല.

അങ്ങനെയോരു ശപഥത്തോടെ ജീവിച്ചിട്ടും അസീബ് അവളുടെ ഹൃദയത്തിൽ കൂട് കൂട്ടി.

ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാവുന്ന പ്രാർത്ഥനയാണ് പ്രണയം.

“നിന്റെ ഉമ്മാക്ക്‌ എന്നെ ഇഷ്ടമല്ല.. ഉമ്മാടെ സമ്മതമില്ലാതെ നമ്മുടെ നിക്കാഹ് നടക്കില്ല.ഇപ്പോഴും എനിക്ക് അറിയില്ല അസീബ്.. നിന്നോട് അത്രക്ക്‌ ഇഷ്ടം ഉണ്ടായിട്ടും അത് പുറത്ത് കാണിക്കാൻ കഴിയാതെ വേറെ ആരോടോ വാശി തീർക്കുന്നപോലെ…”

ഒരു യാത്ര പറച്ചിൽ പോലെ ഒരുമിച്ച് കണ്ടപ്പോൾ അടച്ചിട്ട മനസ്സിന്റെ വാതിലുകൾ ഓരോന്നായി തുറക്കുകയാണ് ആമി. അവൾക്കറിയാം ഇനി ഒരിക്കലും ഇതൊന്നും അവനോട് പറയാൻ കഴിയില്ലെന്ന്.

“നിനക്കറിയോ.. അടുത്ത ആഴ്ച എന്റെ നിക്കാഹാണ്. അതിന് മുൻപ് നിന്നോട് ഒന്ന് സംസാരിക്കാൻ തോന്നി.”

“ഞാൻ അറിഞ്ഞിരുന്നു.. ഓടി വന്നത് നിന്റെ സങ്കടം കാണാനല്ല ആമി.. നിന്നെ എനിക്ക് തിരിച്ചു കിട്ടിയാലോന്ന് ആഗ്രഹിക്കുന്നു മനസ്സ് ഇപ്പോഴും.”

അവളുടെ കണ്ണുകളിൽ നിന്നും അടർന്നു വീഴുന്ന കണ്ണീർ തുള്ളികളിലുണ്ട് പ്രണയം. പ്രാണനിൽ പച്ചകുത്തിയ അവളുടെ പ്രണയത്തിന്റെ നോവ്.

“ഞാൻ എന്തിനാ ഇവിടത്തന്നെ നിന്നോട് വരാൻ പറഞ്ഞതെന്ന് അറിയോ അസീബ്…?”

“ഇല്ല…”

നിറയെ പച്ചപ്പുള്ള അകലെ മലനിരകൾ കാണാൻ കഴിയുന്ന കോടമഞ്ഞു പുതച്ച കാപ്പിത്തോട്ടത്തിന്റെ അരികിൽ മലയിൽ നിന്നും ഒലിച്ചിറങ്ങുന്ന ജീവന്റെ നീരുറവ.

“എന്റെ സ്വപ്നങ്ങളിൽ നമുക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് ഇവിടെ ഒരു വീട് വെച്ചാവണമെന്ന് ഞാൻ ആശിച്ചിരുന്നു. ഞാൻ ആദ്യമായി നിന്നെ കാണുന്നതും ഇവിടെ നിന്നാണ്.’

മറുപടിയില്ല…അസീബിന് അവളെ ഇഷ്ടമാണ്. കൈപിടിച്ചു തമാശകൾ പറഞ്ഞു നടന്നിട്ടില്ല. പാർക്കിലോ സിനിമതീയറ്ററിലോ ഒരുമിച്ച് ചേർന്ന് ഇരുന്നിട്ടില്ല. അവളുടെ ചുണ്ടിൽ ചുംബിച്ചിട്ടില്ല. രാത്രിയോ പകലോ പ്രണയവാക്കുകൾ കൊണ്ട് മതി തീരാതെ ഫോണിൽ സംസാരിച്ചിട്ടില്ല.

പക്ഷെ ഇഷ്ടമാണ്. എന്തിനെക്കാളും. പരസ്പരം അറിഞ്ഞുള്ള ഇഷ്ടം. ജീവൻ പോലും പകത്തു കൊടുക്കാനുള്ള ഇഷ്ടം.

“നിന്നോട് പറഞ്ഞില്ലേ ഞാൻ.. നമുക്ക് ദൂരെ എവിടെയെങ്കിലും പോയി ഒരുമിച്ച് ജീവിക്കാമെന്ന്.. നിനക്ക് അത് പറ്റില്ല.”

“എനിക്ക് നിന്റെ ഒപ്പം ജീവിക്കുന്നതിനെക്കാൾ സന്തോഷം ഉള്ള വേറെ ഒന്നും ഈ ഭൂമിയിൽ ഇല്ലെന്ന് അറിയില്ലേ..? എങ്കിലും അങ്ങനെ ഇറങ്ങി വരാൻ എനിക്ക്‌ കഴിയില്ല ഒരിക്കലും.”

“എന്റെ ഉമ്മയുടെ കാല് ഞാൻ പിടിച്ചു നിനക്ക് വേണ്ടി.. ഉമ്മ മാത്രം ഒന്ന് സമ്മതിച്ചു കിട്ടിയിരുന്നെങ്കിൽ നിന്റെ കണ്ണ് നിറയില്ലായിരുന്നു.. അല്ലെ ആമി…?”

“ഉം. “

ഇഷ്ടമാണെന്ന് മനസ്സുകൾ അറിഞ്ഞു വർഷങ്ങൾ ഒരുപാട് കഴിഞ്ഞാണ് ആമിയും അസീബും മനസ്സ് തുറക്കുന്നത്. രണ്ടാളും പറയാൻ കാത്തിരുന്നപോലെ ആ ഇഷ്ടം പങ്ക് വെച്ചു.

കാണുന്ന കാഴ്ചയിൽ കണ്ണുകളിൽ പ്രണയം തിളങ്ങി. പുഞ്ചിരിയിൽ സ്വപ്നങ്ങളിലെ മോഹങ്ങൾ ഒളിപ്പിച്ചു.

ഇനി യാത്ര പറയാനുള്ള സമയമാണ്. നാളെ ആമി വേറെയൊരുത്തന്റെ പെണ്ണാകും മുൻപേ മനസ്സിലുള്ളതെല്ലാം പറഞ്ഞു തീർക്കാനുള്ള ദിവസം.

അത് വരെ മുഖത്ത് നോക്കാതെ കണ്ണീർ അടക്കി സംസാരിച്ച ആമി അവന്റെ മുൻപിൽ നിന്നു. അവന്റെ മുഖത്തേക്ക്‌ നോക്കി.

ചുണ്ടുകൾ വിതുമ്പി. ഒഴുകിയൊലിക്കുന്ന കണ്ണീർ. പ്രണയം നോവായി നീറുന്ന നിമിഷത്തിൽ നെഞ്ചിനകത്തൊരു വേദനപ്പക്ഷി ശ്വാസം കിട്ടാതെ ചിറകടിച്ചു.

“നോവുകൾ സ്വീകരിക്കാൻ തയ്യാറല്ലാത്തവർക്ക്‌ പ്രണയം നിഷിദ്ധമായിരിക്കും അസീബ്.”

അതുവരെ അടക്കിപ്പിടിച്ച സങ്കടം അവന്റെ മുഖത്തേക്ക് നോക്കിയ നിമിഷം അണപ്പൊട്ടി ഒഴുകി.

ആ സങ്കടത്തിൽ അവൾ അവനെ മുറുകെ കെട്ടിപ്പിടിച്ചു അവളുടെ ശരീരത്തിലേക്ക്‌ ചേർത്തു.

അവന്റെ കവിളിൽ തുരുതുരാ ഉമ്മ വെച്ചു.

അസീബിന്റെ കണ്ണീർ അവളുടെ കവിളിലുടെ കഴുത്തിൽ വീണപ്പോൾ അവൾ പിടിഞ്ഞു.

പരിസരബോധം വന്നപോലെ പെട്ടെന്ന് അവനിൽ നിന്ന് മാറി നിന്ന് ആമി ചുറ്റും നോക്കി.

ചെടിയുടെയും മരത്തിന്റെയും മറവിൽ അവരുടെ സങ്കടം കാണാൻ ആരുമില്ല. ആകാശത്തിലെ അനന്തതയിൽ പറന്നു നീങ്ങുന്ന പക്ഷികൾ മാത്രം..

“അസീബ്.. ഞാൻ പറഞ്ഞത് സത്യമാണ്.എനിക്കുണ്ടാകുന്ന കുട്ടി നിന്റേതാവൻ ഞാൻ പ്രാർത്ഥിച്ചിരുന്നു…”

അസീബ് അവളോട് എന്താണ് പറയുകയെന്ന് ആലോചിക്കുകയാണ്. അവളെ സമാധാനിപ്പിക്കാൻ ഒരു വാക്കോ ഓരു പുഞ്ചിരിയോ അവൻ അവനിൽ തിരഞ്ഞു.

“അസീബ് ഞാൻ പോകുന്നു.. ഇനിയൊരു ജന്മം… അങ്ങനെ ഒന്നുണ്ടെങ്കിൽ എനിക്ക് നീ ഇണയാവാണേ.”

അവൾ പോയി. തിരിഞ്ഞു നോക്കാതെ നടന്നു. ആൾപൊക്കത്തിൽ വളർന്നു വലുതായ ചെടികളുടെ ഇടയിലെ ഇടവഴിയിലൂടെ പാറക്കല്ലുകൾ വെട്ടിയൊരുക്കിയ വഴിയിലൂടെ അവളുടെ യാത്ര അവനിൽ നിന്ന് അകലേക്ക്‌.

പ്രണയത്തിനപ്പുറം മറ്റെന്താണ് ഭൂമിയിൽ ഇത്രയും മനോഹരമായിട്ടുള്ളത്…? പ്രണയത്തിന്റെ സൗന്ദര്യം ഒരിക്കലും സ്വന്തമാക്കലുകളിൽ മാത്രമായി ഒതുങ്ങിപ്പോകില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *