നീയിങ്ങനെ പെട്ടെന്ന് രണ്ട് ദിവസത്തേന് പോകുവാന്നൊക്കെ പറഞ്ഞാൽ ഞാനെന്ത് ചെയ്യൂടീ… സാജനത് വീണ്ടും ഉൾക്കൊള്ളാനാകുന്നില്ല…….

Story written by Shincy Steny Varanath

എടിയേ… നീ പിള്ളേരുടെ ഫീസടച്ചില്ലേ… ആണ്ടേ സ്കൂളിന്ന് മെസേജ് വന്നിട്ടുണ്ട്…

ഇല്ല…

അതെന്നാടി, സാധാരണ നീയാണല്ലോ അടയ്ക്കുന്നത്…

ഞാനാണോ അടയ്ക്കുന്നത്? അതെങ്ങനെ ശരിയാകും…എനിക്ക് കിട്ടുന്ന ശബളം ബ്യൂട്ടീ പാർലറിൽ പോകാനും നെയിൽ പോളീഷ് വാങ്ങാനൊക്കെയല്ലേ തികയൂ… പിന്നെ മാസം മാസം ചുരിദാർ… ചെരുപ്പ്… പിന്നൊന്നും ബാക്കി യില്ലെന്നെ…

ങ്ങേ…. ഇതെവിടെയോ കേട്ടപോലൊരോർമ്മ… അതന്നെ എവിടെയോ കേട്ടിട്ടുണ്ടല്ലോ… സാജൻ ഓർമ്മകളെ ഒന്ന് പിന്നോട്ടോടിച്ചു.

കൂടുതൽ ചിന്തിക്കണ്ട, കഴിഞ്ഞ ആഴ്ച അമ്മാവനും അമ്മായിം വന്നപ്പോൾ നിങ്ങളെന്തൊക്കെയാ പറഞ്ഞത്? അവൾക്ക് കാര്യമായ ശബളമൊന്നുമില്ല… പ്രൈവറ്റ് സ്കൂളല്ലെ… കിട്ടുന്നതൊന്നും ഞാൻ ചോദിക്കാറേയില്ല… അവൾക്ക് ഒന്ന്ബ്യൂട്ടി പാർലറിലും പോയി, നെയിൽ പോളീഷും, മുഖത്തിടാനുള്ള എന്തൊക്കെയോ ക്രീമുകളൊക്കെ വാങ്ങിക്കഴിയുമ്പോൾ തന്നെ അത് തീരും. മിക്കവാറും എൻ്റെ കൈയൂന്നുടെ വാങ്ങും… ഓർമ്മയുണ്ടോ മുതലാളിക്ക്… വിനീത സംഗതി ഒന്ന് ഓർമ്മിപ്പിച്ച് കൊടുത്തു.

എടി… അത്, അമ്മാവൻ മോളുടെ കല്യാണം വിളിക്കാൻ വന്നതല്ലേ… നമ്മള് രണ്ടും ജോലിക്കാരാകുമ്പോൾ എന്തെങ്കിലും കനത്തിൽ കിട്ടുന്ന് പ്രതീക്ഷിക്കൂലെ… പ്രതീക്ഷ വേണ്ടാന്ന് ഞാനൊന്ന് സൂചിപ്പിച്ചതല്ലേ… എനിക്ക് കുറയ്ക്കാൻ പറ്റില്ലല്ലോ… ഒരു ഗവൺമെൻ്റ് ജോലിക്കാരന് എത്ര കിട്ടുന്ന് ഈ നാട്ടിലെ പ ട്ടിക്കും പൂച്ചയ്ക്കും വരെയറിയാം… സർക്കാർ ജോലിക്കാരോട് അത്ര മതിപ്പാണല്ലോ നാട്ടുകാർക്ക്… എന്നാലുമെൻ്റെ പോന്നേ… നീയത് കേട്ടായിരുന്നോ…

നല്ല വെടിപ്പായിട്ട് കേട്ടു… പോരാത്തതിന് നിങ്ങടെ അമ്മായി അടുക്കളേൽ വന്ന് ഒരുപദേശവും… നിനക്ക് ജോലിക്ക് പോയാൽ ടൂട്ടസ് വാങ്ങാനുള്ള കാശേ കിട്ടൂന്ന് അവൻ പറഞ്ഞു. കണ്ട ബൂട്ടി പാർലറിലെല്ലാം കേറിനടക്കാതെ ചെറുതാണെലും കൂട്ടി വെച്ച് ഇച്ചിരി പൊന്നൊക്കെ ഉണ്ടാക്ക്… ഒരു പെൺകൊച്ച് വളർന്ന് വരുവല്ലേ… അവനും അതൊരു സഹായമാകൂല്ലേ… എനിക്കത് കേട്ടിട്ട് ചൊറിഞ്ഞ് വന്നതാ, അവസാനം, ‘ഒന്നും ചെയ്തില്ലേലും നിക്കാവശ്യത്തിന് സൗന്ദര്യ മൊക്കെയുണ്ടല്ലോ ‘ന്നുള്ള ഡയലോഗില് ഞാനൊന്ന് ക്ഷമിച്ചു.

ഭാഗ്യം… അതിന് നീ കുട്ടികളുടെ ഫീസടയ്ക്കാതിരുന്നതെന്തിനാ…

ഏതായാലും പ ഴി കേട്ടു, ഈയാഴ്ച ബ്യൂട്ടി പാർലറിലൊന്ന് പോണം. 2 വർഷം മുൻപ് ആങ്ങളേടെ കല്യാണത്തിനൊന്ന് ഫേഷ്യല് ചെയ്തതാ. പിന്നെ കുറച്ച് അത്യാവശ്യ സാധനങ്ങളൊക്കെ വാങ്ങണം… പിന്നെ ഫീസടച്ചാൽ ശരിയാകില്ല… എനിക്കും കാശിനാവശ്യമുണ്ട്… കുറച്ച് മിച്ചം പിടിക്കണം…

അതെന്തിനാടി… ഞാൻ സേവ് ചെയ്യുന്നുണ്ടല്ലോ… സാജന് കുറച്ച് ദേഷ്യം വന്നു.

അത് പോരല്ലോ… അത് നിങ്ങടെയല്ലേ… ഞാൻ കേട്ടല്ലോ അമ്മാവനോട് പറയുന്നത്, കാറ് ഞാൻ വാങ്ങീതാണ്… വീടും ഞാൻ പണിതതാണ് എന്നൊക്കെ…

അല്ലേ?

അതേ… അതെങ്ങനെയാ പറ്റീത്? വീട്ടിലെ ചിലവും പിള്ളേരുടെ ഫീസുമൊക്കെ എൻ്റെ ശമ്പളത്തിന്ന് പോയപ്പോൾ കാറും വീടും നിങ്ങടെത്… തിന്നതും കുടിച്ചതുമൊന്നും കാണാനില്ലല്ലോ… ലോക്കറിലുണ്ടായിരുന്ന എൻ്റെ സ്വർണ്ണോം ഇതിനിടെ ആവിയായിപ്പോയി…

എൻ്റെ പെണ്ണേ… നീയിങ്ങനെ എല്ലാത്തിനും കണക്ക് വെക്കരുത്… ഞാൻ ഇത്തവണ ഫീസടച്ചോളാം, നിൻ്റെ ആഗ്രഹം നടക്കട്ടെ…

ഇത്തവണയല്ല, ഇനി എല്ലാത്തവണയും അടച്ചോളു… വീടും കാറും മാത്രമല്ല, മക്കളും നിങ്ങളുടേതാണ്… പിന്നെ വേറൊര് വിശേഷമുണ്ട്, അടുത്തയാഴ്ച രണ്ട് ദിവസം അവധിയില്ലേ, ഞങ്ങള് കുറച്ച് ലേഡി ടീച്ചേർസെല്ലാം കൂടി ഒന്ന് പുറത്ത് പോകാൻ പ്ലാൻ ചെയ്തിട്ടുണ്ട്. വ്യാഴവും വെള്ളിയും അവധിയും ശനിയാഴ്ചയും കൂടിയാകുമ്പോൾ അത്യാവശ്യം ഞങ്ങൾക്കൊന്നു അടിച്ച് പൊളിക്കാൻ സമയം കിട്ടും…

നീയെന്താടി പറയുന്നത്? സാജൻ്റെ ശബ്ദത്തിൽ ചെറിയൊരു ഞെട്ടൽ പ്രകടമായി. എങ്ങനെ പോകും? മക്കളെ എന്ത് ചെയ്യും? കൂടെ കൊണ്ടു പോകുവോ? ഒറ്റ ശ്വാസത്തിൽ എല്ലാ ചോദ്യവും പുറത്തെത്തി.

നിർത്തി നിർത്തി ചോദിക്കൂ ഭർത്താവേ… ഞാൻ എന്തിനാ മക്കളെ കൊണ്ടു പോകുന്നേ… എല്ലാ വർഷവും നിങ്ങള് സ്റ്റാഫ് ടൂറ് പോകുമ്പോഴും ഫ്രണ്ട്സിൻ്റെ കൂടെ ഇടയ്ക്കിടെ ചുറ്റാൻ പോകുമ്പോഴും മക്കളെ കൊണ്ടു പോകാറില്ലല്ലോ… ഈ ആശങ്കകളൊന്നും കാണാറുമില്ല. പിന്നെന്താ ഞാൻ പോകുമ്പോഴൊരു പ്രത്യേകത… മക്കൾക്ക് എന്തേലും വച്ച് വിളമ്പി കൊടുത്താ മതീന്നെ… പിന്നെ തുണിയലക്കണം… വീട് വൃത്തിയാക്കണം… അങ്ങനെ ചെറിയ ചെറിയ പണികളേയുള്ളെന്നേ… 3 ദിവസത്തെക്കാര്യമല്ലേയുള്ളു… വളരെ ലളിതമായി വിനീത പറഞ്ഞ് നിർത്തി.

സ്കൂളിലും കുറച്ച് പേരുണ്ട്, സ്റ്റാഫ് ടൂറ് വരുമ്പോൾ പെണ്ണുങ്ങള് വരുന്നില്ലല്ലോല്ലേ, കുട്ടികളുള്ളതല്ലേ… എന്ന് ഒറ്റ ചോദ്യത്തിൽ ആ വഴി അടയ്ക്കും. അവർക്കും കുട്ടികളുണ്ട്, പക്ഷെ അതവരെ ബാധിക്കില്ലല്ലോ… ഭാര്യയുടെ ഉത്തര വാദിത്വമാണല്ലോ…

എങ്ങനെ പോകും? എവിടെയാ പോകുന്നത്? സാജന് സംശയം തീരുന്നില്ല.

പോകാനുള്ള സ്ഥലം സ്നേഹ ടീച്ചറ് കണ്ടു പിടിക്കും. നാളെ പറയും. പിന്നെ സീന ടീച്ചറും, ലയ ടീച്ചറും നന്നായി ഡ്രൈവ് ചെയ്യും. എന്നെ പോലെയല്ല അവർ, ലൈസൻസ് ഉപയോഗിക്കുന്നുണ്ട്. തട്ടും മുട്ടും എന്ന് പേടിപ്പിച്ച് വണ്ടിയേലൊന്ന് തൊടാൻ പോലും സമ്മതിക്കാത്ത നിങ്ങളെപ്പോലെയല്ല അവരുടെ കെട്ടിയോൻമാര്. ഓടിച്ച് തന്നെ പഠിക്കണം എന്ന് പറഞ്ഞ് ഡ്രൈവ് ചെയ്യാൻ സമ്മതിച്ചത് കൊണ്ട് അവര് എത്ര ദൂരം വേണമെങ്കിലും ഡ്രൈവ് ചെയ്യും.

എന്നാൽ, നീ അവരോട് പറ, ഫാമിലിയായിട്ട് പോകാന്ന്… പിള്ളേരും കുറേയായല്ലോ പുറത്ത് പോയിട്ട്… സാജൻ ആവശ്യം മുന്നോട്ട് വെച്ചു.

ഞാനും അത് ചിന്തിച്ചായിരുന്നു. അപ്പഴാ നിങ്ങള് പറയാറുള്ളത് ഓർത്തത്, പിള്ളേരും കുടുംബവു മൊക്കെയായിപ്പോയാല് ഒന്നുമങ്ങട് ആസ്വദിക്കാൻ പറ്റില്ലന്ന്… അത് കൊണ്ട് ആ പ്ലാൻ അപ്പഴേ വേണ്ടന്ന് വെച്ചു …

നീയിങ്ങനെ പെട്ടെന്ന് രണ്ട് ദിവസത്തേന് പോകുവാന്നൊക്കെ പറഞ്ഞാൽ ഞാനെന്ത് ചെയ്യൂടീ… സാജനത് വീണ്ടും ഉൾക്കൊള്ളാനാകുന്നില്ല.

നാളയല്ലന്നേ… അടുത്ത ആഴ്ചയാണ്. കഴിഞ്ഞ തവണ നിങ്ങള് കൂട്ടുകാരുടെ കൂടെ മൂന്നാറിന് പോയപ്പോൾ, ‘നാളെ ഞങ്ങള് സുഹൃത്തുക്കളെല്ലാ കൂടെ ട്രിപ്പ് പോകുവാന്ന്’ തലേന്ന് പറഞ്ഞ പോലെ ഞാൻ പറയില്ല. പിന്നെ, ഞാൻ പോയിക്കഴിയുമ്പോൾ, ഹോട്ടലിലെ ഭക്ഷണം വാങ്ങിക്കൊടുത്ത് പിള്ളേരുടെ വയറ് ചീ ത്തയാക്കരുത് കേട്ടോ… വിനീത ചെറുചിരിയോടെ പറഞ്ഞ് നിർത്തി.

നീ പ്രതികാരം ചെയ്യുവാല്ലേ… സാജൻ്റ വിഷമം വാക്കുകളിൽ നിഴലിച്ചു.

അയ്യേ… ഇതിനൊക്കെ പ്രതികാരം എന്ന് പറയാൻ കൊള്ളാവോ… ഒരു നല്ല കാര്യമല്ലേ… കാണാത്ത നാടും, ഈ പ്രകൃതി ഭംഗിയുമൊക്കെ ഞാനും ആസ്വദിക്കുന്നത് നല്ല കാര്യമായി പ്രോത്സാഹിപ്പിക്കുവല്ലേ നിങ്ങളേപ്പോലെ മോഡേൺ ചിന്താഗതിയുള്ള ഭർത്താക്കൻമാർ ചേയ്യേണ്ടത്… ഇതൊരുമാതിരി പിന്തിരിപ്പൻ മൂരാച്ചിമാരെ പ്പോലെയാകരുത്… ഇതൊക്കെ ഉൾക്കൊള്ളാനുള്ള വലുപ്പം എൻ്റെ ഇച്ചായൻ്റെ മനസ്സിനുണ്ടെന്നാ ടീച്ചർമാരോടെല്ലാം പറഞ്ഞേക്കുന്നത്… ഞാൻ പറഞ്ഞതെല്ലാം ശരിയല്ലേ ഇച്ചായ… വിനീത ,അവസാന ആണിയും മർമ്മത്തിലടിച്ച് കേറ്റി.

ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നും, പലപ്പോഴും താൻ തന്നെ പറഞ്ഞ ഡയലോഗുകളാണ് അവളുപയോഗിക്കുന്നതെന്നും മനസ്സിലാക്കി, മനസ്സില്ലാ മനസ്സോടെ തലയാട്ടി, സാജൻ യാത്രയ്ക്കുള്ള സമ്മതമറിയിച്ചു.

എന്നാൽ, നീ പോയി വായോ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *