നീയും ഞാനും ~ അവസാന ഭാഗം, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ശില്പ സിദ്ധുവിനെയൊന്ന് നോക്കി.. എന്നാലും എന്നോടുകൂടി പറയാമായിരുന്നു അച്ഛനോട് ചോദിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന്..

സിദ്ധു ചിരിച്ചു.. ഞാൻ പറയുന്നതെന്തിനാ നീ ഇപ്പോൾ അറിഞ്ഞില്ലേ..

തമാശ വിട് സിദ്ധു, ഇനിയെങ്കിലും ഞാൻ ചോദിക്കുന്നതിനു കറക്റ്റായി ഉത്തരം പറ.

സിദ്ധു ശിൽപയുടെ കൈപിടിച്ച് മുറിയിലേക്ക് കൊണ്ടുവന്നു.. എന്താണെന്ന് വെച്ചാൽ ചോദിക്ക്..

ശില്പ കട്ടിലിലിരുന്നു, സിദ്ധുവിന്റെ കയ്യിൽ തലോടികൊണ്ട്.. ശരിക്കും വല്ലതും നടക്കോ..

സിദ്ധു അവളുടെ കൈതട്ടി.. മാങ്ങാത്തൊലി, എന്നെക്കൊണ്ടൊന്നും പറയിക്കണ്ട, എന്നെ നിനക്ക് വിശ്വാസമില്ലേ..

ശില്പ ചിരിച്ചു.. അതുള്ളതുകൊണ്ടല്ലേ വീണ്ടും വീണ്ടും ചോദിക്കുന്നേ..

ആണോ.. എന്നാൽ പറഞ്ഞു തരാം.. സിദ്ധു അവളുടെ മുഖത്തേക്ക് നോക്കി.. നമ്മള് ഈ സ്ഥലം പണയം വെക്കുന്നു കിട്ടാവുന്ന മാക്സിമം കാശിന്, എന്നിട്ട് നേരെ എം. ഡിയെ കാണാൻ പോവുന്നു, കഴുത്തിനു കുത്തിപിടിച്ച് ഓഫീസ് വാങ്ങുന്നു, ആ കറങ്ങുന്ന കസേരയിൽ കാലും നീട്ടി വെച്ചിരുന്ന് കറങ്ങുന്നു..

ഇത്രയും പറഞ്ഞിട്ട് സിദ്ധു ശില്പയെയൊന്ന് കൂടി നോക്കി, അവളിരുന്ന് ആലോചിക്കുന്നത് കണ്ടപ്പോൾ സിദ്ധു ആകാംക്ഷയോടെ.. ഓ അപ്പോഴേക്കും കൊട്ടാരമൊക്കെ സ്വപ്നം കാണാൻ തുടങ്ങിയോ..

ശില്പ പെട്ടെന്ന് തിരിഞ്ഞിട്ട്.. ഒലക്ക.. ഒന്നുപോടാ.. ഒരു 5 പായ കൂടി പുതിയത് വാങ്ങണമല്ലോന്ന് ആലോചിച്ചതാ..

സിദ്ധു മനസ്സിലാവാതെ.. പായ എന്തിനാ..?

പിന്നെ ബാങ്ക് ജപ്തി ചെയ്തിട്ട് പോവുമ്പോൾ റോഡ് സൈഡിൽ വെറും നിലത്തു കിടക്കാൻ പറ്റുമോ, പായ വേണ്ടേ..

സിദ്ധു എഴുന്നേറ്റു.. ഞാനേ പുറത്തെങ്ങാനും കിടന്നോളാം, നീ എന്നെ മോട്ടിവേറ്റ് ചെയ്ത് കൊന്നാലോ..

ശില്പ അവന്റെ കയ്യിൽ പിടിച്ചു പുറകിലേക്ക് വലിച്ചു.. നിൽക്ക്, ഞാനൊരു സമ്മാനം തരാം..

സിദ്ധു അവളുടെ അരികിലേക്ക് വന്നു, ശില്പ അലമാരയിൽ നിന്ന് ആഭരണങ്ങളെടുത്ത് അവനുനേരെ നീട്ടിയിട്ട്.. തൽക്കാലം ചിലവിനുള്ളത് ഇതുകൊണ്ട് ശരിയാക്കിക്കോ..

സിദ്ധു ആഭരണങ്ങളെടുത്ത് അവളുടെ നേരെ നിന്നു.. പണയം വെക്കാം, എന്നാലേ എടുത്ത് തരാൻ സാധിക്കൂ, എടുത്ത് തരുമ്പോൾ ഇതിന്റെ ഇരട്ടിയുണ്ടാവും ട്ടോ..

ഓ കോൺഫിഡൻസ് ലെ..ഒന്നും വേണ്ട.. എന്റെ കുട്ടി ഇത് കഴിഞ്ഞിട്ട് എന്നോട് വന്ന് ചോദിക്കാതിരുന്നാൽ മതി..

സിദ്ധു ചിരിച്ചു… ഇത്രയും വിശ്വാസമുണ്ടാവുമെന്ന് കരുതിയില്ല..

ഓ നിനക്കൊക്കെ അതുമതി, മിണ്ടാതെ വന്ന് കിടന്നുറങ്ങാൻ നോക്ക്..

സിദ്ധു ആഭരണങ്ങൾ എടുത്ത് വെച്ച് കിടന്നു, രാവിലെ എല്ലാവരും സിദ്ധുവിനെ നോക്കുമ്പോൾ കൂട്ടത്തിലൊരു പുഞ്ചിരിയും നൽകികൊണ്ടിരുന്നു, സിദ്ധു ശിൽപയുടെ അരികിൽ വന്നിട്ട്.. അല്ല അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ നിങ്ങൾക്കൊക്കെ എന്നോട് ഇത്രക്കും സ്നേഹമുണ്ടോ..

ശില്പ ചിരിച്ചിട്ട് സിദ്ധുവിന്റെ തോളിൽ കയ്യിട്ടു.. സ്നേഹം മാത്രമല്ല വിശ്വാസവുമുണ്ട്, ഒന്നുകൂടി നന്നായി കേട്ടോ വിശ്വാസവുമുണ്ടെന്ന്, അതുകൊണ്ട് എന്റെ പൊന്ന് ലോണിനുള്ള വഴി നോക്ക്..

സിദ്ധു പിന്നെയൊന്നും പറയാൻ നിൽക്കാതെ പുറത്തേക്കിറങ്ങി, അന്നത്തെ ദിവസം മുതൽ സിദ്ധു ലോണിനുള്ള പേപ്പറുകൾ ശരിയാക്കാൻ ഓടാൻ തുടങ്ങിയിരുന്നു, കുറേ നാളത്തെ പരിശ്രമത്തിനു ശേഷം ലോൺ പാസ്സായി, വൈകുന്നേരം തളർന്നു വന്ന് ഉമ്മറത്തിരുന്നപ്പോൾ ശില്പ ഗ്ലാസിൽ വെള്ളമെടുത്ത് അരികിലേക്ക് വന്നു, സിദ്ധു വെള്ളം കുടിച്ചിട്ട് ശില്പയെ നോക്കി.. ഞാൻ ലോൺ പാസ്സാവുന്നത് വരെ ജീവൻ നിലനിൽക്കുമെന്ന് പ്രതീക്ഷിച്ചതല്ല..

ശില്പ ചിരിച്ചു.. ഞാനെന്റെ കുട്ടികൾക്ക് അച്ഛനെ ബാക്കി വെക്കണമെന്ന് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു..

ഓ അങ്ങനെയായിരുന്നോ പ്രാർത്ഥിച്ചിരുന്നേ വെറുതെയല്ല വരുന്ന വഴിക്ക് വീഴാൻ പോയതാ..

ഇപ്പോൾ ഞാൻ പ്രാർത്ഥിച്ചതിനാണോ കുറ്റം, ശരി അതുവിട് പോയ കാര്യങ്ങളൊക്കെ ശരിയായ സ്ഥിതിക്ക് എപ്പോൾ തുടങ്ങാം നമ്മുക്ക്..

സിദ്ധു അവളെയൊന്ന് നോക്കി.. ഇനിയെന്ത് ബുദ്ധിമുട്ട് വെച്ചടി കയറ്റമല്ലേ, അങ്ങേര് രണ്ട് ദിവസം കഴിഞ്ഞാൽ ദുബായ് പോവും,ലോൺ ശരിയാവുമെന്ന് മനസ്സിലായപ്പോഴേ എന്റെ പേരിലേക്ക് മാറ്റി തന്നിട്ടുണ്ട്,കാശൊക്കെ അക്കൗണ്ടിലിട്ടാൽ മതി, നമ്മുക്ക് തിങ്കളാഴ്ച്ച മുതൽ മുതലാളിയാവാം, വലിയൊരു ഭാഗ്യമുള്ളതെന്താണെന്ന് വെച്ചാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പണിയൊക്കെ നമ്മുടെ പെടലിക്കിട്ടാണ് ആള് പോയിരിക്കുന്നേ, അതുകൊണ്ട് രക്ഷപെട്ടു കുറച്ച് കാശ് തടയും..

ശില്പ അത്ഭുതത്തോടെ… സൂപ്പർ അപ്പോൾ ബിസിനസ്സ് നഷ്ടമില്ല ലെ.

അതെന്താ നീ അങ്ങനെ ചോദിച്ചേ..

ശില്പ ചിരിച്ചിട്ട്.. അല്ല നിന്റെ കയ്യിലാണല്ലോ കിട്ടുന്നേ അതുകൊണ്ട് പറഞ്ഞതാ..

സിദ്ധു എഴുന്നേറ്റു.. ആദ്യം കുറച്ച് ലെവലാവട്ടെ എന്നിട്ട് നിന്നെ ശരിയാക്കാം.

ഓ പിന്നെ ആ സമയത്ത് എന്റെ കൈ മാങ്ങ പറിക്കാൻ പോവുമല്ലോ..

സിദ്ധു തൊഴുതു.. സമ്മതിച്ചു.. എനിക്കൊന്നും പറയാനില്ല..

എന്നാൽ നീ പോയി ഭക്ഷണം കഴിച്ചോ..

ആയിക്കോട്ടെ.. സിദ്ധു അകത്തേക്ക് പോയി..

രണ്ട് ദിവസങ്ങൾ പിന്നിട്ടു, ഓഫീസിലേക്ക് പോവാൻ നിൽക്കുമ്പോഴാണ് സുര പുറത്തിരിക്കുന്നത് കണ്ടത്, സിദ്ധു അരികിലേക്ക് വന്നിട്ട്.. ചേച്ചി പറയുന്നത് കേട്ടു അത്യാവശ്യം ഹിന്ദിയൊക്കെ അറിയാമെന്ന് സത്യമാണോ അത്‌..

സുരയൊന്ന് സിദ്ധുവിനെ നോക്കി.. ഉം.. കുറച്ച് കാലം ബോംബെയിലായിരുന്നു അവിടുന്ന് കുറച്ച് പഠിച്ചത് കയ്യിലുണ്ട്..

സിദ്ധു ചിരിച്ചു.. എന്നാൽ പോരുന്നോ… എന്റെ കൂടെ..

സുര അത്ഭുതത്തോടെ.. എങ്ങോട്ട്..?

ജോലിക്ക് അല്ലാതെന്തിന്, സൈറ്റിൽ മുഴുവൻ ഹിന്ദിക്കാരാ, അപ്പോൾ ഒരു മേസ്തിരിയെ വേണം, അളിയന്റെ കയ്യൊക്കെ റെഡിയായിട്ട് എപ്പോൾ പോവാനാ, ഞാൻ ശമ്പളമൊക്കെ തരാം..

സുര ചിരിച്ചു.. എന്തോന്ന് ശമ്പളം, നീ വിളിച്ചാൽ ഞാൻ വരാം, കുഴപ്പമില്ല ഞാനിവിടെ വെറുതെ ഇരിക്കല്ലേ..

ഉം ഗുഡ്..എന്നാൽ റെഡിയായിട്ട് വാ..

സുര അകത്തേക്ക് പോയപ്പോൾ ശില്പ അരികിലേക്ക് വേഗം വന്നിട്ട്.. അങ്ങേരെ നീ അതിന്റെ മുകളിൽ നിന്ന് തള്ളി താഴെയിട്ടേക്കരുത്..

സിദ്ധു അവളെയൊന്ന് നോക്കി.. ആ നാക്കൊന്ന് നീട്ടിക്കേ..

ശില്പ നാവ് നീട്ടി, സിദ്ധു ചിരിച്ചു.. ഭാഗ്യം കരി നാക്കല്ല..

ഒന്നുപോടാ..

സിദ്ധു സുര വരുന്നതും കാത്തുനിന്നു, പിന്നീട് ഇരുവരും കൂടി ഓഫീസിലേക്ക് പോയി, സിദ്ധു പഴയ സ്റ്റാഫുകൾക്ക് പുറമെ കുറച്ച് പുതിയ ആളുകളെയും ജോലിക്ക് നിയമിച്ചിട്ടുണ്ടായിരുന്നു, ദിവസങ്ങൾ പോയികൊണ്ടിരുന്നു, സിദ്ധു വൈകുന്നേരം വീട്ടിൽ ശിൽപയുമായി തല്ലുകൂടുന്നതിനിടയിലാണ് ഗേറ്റിന് മുന്നിലൊരു കാർ വന്ന് നിന്നത്, ശില്പ സിദ്ധുവിനെ വിട്ടിട്ട് ഉമ്മറത്തേക്ക് ചെന്നു, സിദ്ധു ജനലിലൂടെ അവളെ നോക്കിയിട്ട്.. ആരാ അത്‌..?

ശില്പ സിദ്ധുവിനെ നോക്കി.. ആരാണാവോ.. അപ്പുറത്തെ വീട്ടിലേക്ക് വന്നതാവും.. അല്ലാതെ നമ്മുടെ വീട്ടിലേക്ക് കാറിൽ വരാൻ തക്ക അതിഥികളൊന്നുമില്ലല്ലോ..

ശില്പ പറഞ്ഞു തീരുന്നതിനു മുമ്പേ കാറിൽ നിന്നൊരു പരിചയമുള്ള മുഖം പുറത്തേക്കിറങ്ങി, ശില്പ സിദ്ധുവിനെ വീണ്ടും നോക്കിയിട്ട്.. നീ പുറത്തേക്ക് വന്നേ, നിന്നെ കാണാൻ വേണ്ടിയാ വരുന്നേ..

സിദ്ധു വേഗം എഴുന്നേറ്റ് ഉമ്മറത്തേക്ക് വന്നു.. എന്നെ അന്വേഷിച്ചു ആര് വരാൻ..?

ഗേറ്റ് തുറന്ന് 4 പേര് അകത്തേക്ക് വന്നു, സിദ്ധു മുറ്റത്തേക്കിറങ്ങി, ഒരാള് വന്ന് സിദ്ധുവിനെ കെട്ടിപിടിച്ചു.. നീയെന്താ ഇങ്ങനെ അന്തംവിട്ട് നിൽക്കുന്നേ..

സിദ്ധു മുന്നിലുള്ളയാളെ നോക്കിയിട്ട് കണ്ണ് തുടച്ചു. നീ എപ്പോഴാ വന്നേ..വരുന്ന കാര്യമൊന്നും പറഞ്ഞു കേട്ടില്ല, വല്ലാത്തൊരു ഞെട്ടലായി പോയി..

നിന്നെ വിളിച്ചിട്ട് കിട്ടണ്ടേ, ഫോൺ ഫുൾ ഔട്ട്‌ ഓഫ് കവറേജ്, ഞാൻ പിന്നെ ചെറിയമ്മാവനോട് ചോദിച്ചിട്ടാ ഇങ്ങോട്ട് പോന്നത്, എനിക്ക് വഴിയാണേൽ ഓർമ്മയും വന്നില്ല..

അതു സാരമില്ല, നീ അകത്തേക്ക് വാ..

സിദ്ധു അവരെ അകത്തേക്ക് കൊണ്ടുപോയി, ശില്പയെ കണ്ടപ്പോൾ അവരൊന്ന് നിന്നു.. അല്ല ആരിത്..

ശില്പ ചിരിച്ചു.. ചേച്ചിയെ കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലായില്ല..

അയ്യോ അതു സാരമില്ല, എങ്ങനെ പോവുന്നു ഇവന്റെ കൂടെയുള്ള യുദ്ധ മൊക്കെ..

ശില്പ വീണ്ടും ചിരിച്ചു.. ഏയ്‌ കുഴപ്പമില്ല, ഇവൻ പാവമല്ലേ..

ആണോ അതൊരു പുതിയ അറിവാണല്ലോ.. ചേച്ചി അകത്തേക്ക് കയറിയിരുന്നു, കുറേ നേരത്തെ വിശേഷങ്ങൾക്ക് ശേഷം പോവാനായി പുറത്തേക്കിറങ്ങി , ചേച്ചി സിദ്ധുവിന്റെ കയ്യിൽപിടിച്ചിട്ട്.. എനിക്ക് ഭാഗം കിട്ടിയിരുന്ന സ്ഥലമൊക്കെ നിന്റെ പേരിലേക്ക് മാറ്റാമെന്ന് വിചാരിച്ചു, ഞാൻ പേപ്പറൊക്കെ ശരിയാക്കിയിട്ടുണ്ട്..

സിദ്ധു ചിരിച്ചു.. എന്തിനാ ചേച്ചി വെറുതെ, നീ ദുബായിൽ നിന്ന് കഷ്ട പ്പെട്ടുണ്ടാക്കിയത്, കുട്ടികളൊക്കെ വലുതായി വരല്ലേ അവർക്കെന്തെങ്കിലും വേണ്ടേ, എന്തിനേറെ പറയുന്നു നീ അവിടെ നിന്ന് നിർത്തി പോരുമ്പോൾ വീട് വെക്കാൻ സ്ഥലം വേണ്ടേ, തൽക്കാലം എന്റെ ചേച്ചി എനിക്കൊന്നും തരണ്ട, നീ വന്ന് കണ്ടപ്പോഴേ എന്റെ മനസ്സ് നിറഞ്ഞു.

എന്നാലും.. ചേച്ചി മനസ്സില്ലാമനസ്സോടെ നിന്നു..

സിദ്ധു ചേച്ചിയുടെ കൈപിടിച്ച് കാറിനരുകിലേക്ക് നടന്നു.. എനിക്കിപ്പോൾ അത്യാവശ്യത്തിനുള്ളതൊക്കെ ദൈവമായിട്ട് തരുന്നുണ്ട്, നീ എന്റെ കൂടെയുണ്ടല്ലോ അതുമതി.. ചേച്ചിക്ക് കയറാൻ വേണ്ടി സിദ്ധു ഡോർ തുറന്നു, സിദ്ധുവിനെയൊന്ന് നോക്കിയിട്ട് ചേച്ചി യാത്ര തുടർന്നു, ശില്പ അരികിൽ വന്നിട്ട്.. നിന്നെ എല്ലാവരേക്കാൾ ഇഷ്ടമാണ് തോന്നുന്നു..

സിദ്ധു തലയാട്ടി.. അതേ.. ഏട്ടന്മാര് രണ്ടും ഒരു ടീമായി വളർന്നപ്പോൾ ഞങ്ങൾ രണ്ടുപേരും ഓപ്പോസിറ്റ് ടീമായിരുന്നു, എനിക്കവളെയും അവൾക്കെന്നെയും പെട്ടെന്ന് മനസ്സിലാവും..

നല്ല സ്നേഹമുള്ള ചേച്ചിയല്ലേ..

സിദ്ധുവൊന്ന് ചിരിച്ചിട്ട് അകത്തേക്ക് പോയി, പിറ്റേദിവസം സൈറ്റിലെ പണി തീർന്ന ആഘോഷമായിരുന്നു, വൈകുന്നേരം പരിപാടിയുടെ ഇടയിൽ സിദ്ധു ചെക്ക് ബുക്ക്‌ തിരഞ്ഞപ്പോഴാണ് എടുക്കാൻ മറന്നു പോയത് മനസ്സിലായത്, പെട്ടെന്ന് തന്നെ ശില്പയെ ഫോണിൽ വിളിച്ചു.. നീ ഏതെങ്കിലും വണ്ടി വിളിച്ചിട്ട് വന്നാൽ മതി, ഒറ്റക്കാണെന്ന് ഓർമ്മ വേണം അതുകൊണ്ടാ പറയുന്നത്..

മനസ്സിലായി.. ഞാൻ വേഗം വരാം.. നീ ടെൻഷൻ അടിക്കേണ്ട..

ടെൻഷനല്ല ഇവിടെയുള്ളവര് അടിക്കുമോന്നാ പേടി..

അങ്ങനെയാണെങ്കിൽ കുറച്ച് കഴിഞ്ഞിട്ട് വരാം..

സിദ്ധു ചിരിച്ചു.. വേഗം വാ പ്ലീസ്..

ശില്പ പെട്ടെന്ന് റെഡിയായി പുറത്തേക്കിറങ്ങി, പാടത്തുകൂടി സ്പീഡിൽ നടന്ന് ആൽത്തറയിലെത്തിയപ്പോൾ ഞെട്ടിയിട്ട് നിന്നു, ചുറ്റിലും നോക്കിയിട്ട് കൈകൂപ്പി..
പ്ലീസ് എന്നെ ഒന്നും ചെയ്യരുത്.

മനു ചിരിച്ചു.. കരയെടി നല്ലോം കരയ്.. ദേ ഇതുനോക്ക് നിന്റെ കെട്ടിയോനെന്ന് പറയുന്ന അലവലാതി തല്ലി ഒടിച്ചതാ, ഇതിന്റെ വേദന എന്താണെന്ന് നീ അവനോടൊന്ന് പറഞ്ഞു കൊടുക്ക്..

ശില്പ പുറകിലേക്ക് തിരിഞ്ഞു ഓടാൻ തുനിഞ്ഞപ്പോൾ കൂടെയുള്ള ആളുകൾ അവളെ തടഞ്ഞു, ശില്പ വീണ്ടും കൈകൂപ്പി.. മനു ഞാൻ വേണേൽ അവന് വേണ്ടി ക്ഷമ ചോദിക്കാ, എന്നെ വെറുതെ വിട് പ്ലീസ്..

മനു അവളുടെ അരികിലേക്ക് വന്നു.. നീ എത്ര കരഞ്ഞാലും ഇവിടെ നിന്ന് ഒരുതരി ശബ്ദം പുറത്തേക്ക് പോവില്ല, എനിക്കിപ്പോൾ നിന്നോട് മോഹമല്ല പകയാണെന്ന് നിനക്കിനിയും മനസ്സിലായില്ലേ.. ശിൽപയുടെ കൈകളിൽ പിടുത്തമിട്ടു..

കുറേ നേരമായിട്ടും അവളെ കാണാതിരുന്നപ്പോൾ സിദ്ധു ഫോൺ വിളിക്കാൻ തുടങ്ങിയിരുന്നു, മനു അവളെ കീഴ്പ്പെടുത്താനൊരുങ്ങുമ്പോഴാണ് ഡോറിലൊരു കൊട്ട് കേട്ടത്, അവൻ തുറന്നിട്ട് ചിരിച്ചു.. ആ അളിയാ വാ.. ഞാൻ പേടിച്ചിട്ട് ചിലപ്പോൾ വരില്ലായിരിക്കുമെന്ന് വിചാരിച്ചു..

സുര അകത്തേക്ക് വന്നിട്ട് ചുറ്റിലും നോക്കി ശില്പയെ കണ്ടപ്പോൾ ഒന്ന് തലതാഴ്ത്തിയിട്ട് മനുവിനോട്.. കഴിഞ്ഞോ..

ഏയ്‌ അളിയൻ വരാതെ തുടങ്ങുമോ ഞാൻ..

സുര അവന്റെ കഴുത്തിനു കുത്തിപ്പിടിച്ചു.. എന്നാൽ തുടങ്ങെടാ..

മനു സുരയുടെ കയ്യിൽ കിടന്ന് പിടയാൻ തുടങ്ങി, കൂട്ടാളികൾ തടയാൻ വേണ്ടി അരികിലേക്ക് വന്നെങ്കിലും സുര അവരെയെല്ലാം ചവിട്ടി പുറത്താക്കി, മനു തളർന്നു താഴെ വീണപ്പോൾ സുര കയ്യെടുത്തിട്ട് ശില്പയെ നോക്കികൊണ്ട്.. മോള് പൊയ്ക്കോ ഇനി കുഴപ്പമൊന്നുമില്ല.

ശില്പ വേഗത്തിൽ എഴുന്നേറ്റ് പുറത്തേക്ക് നടന്നു, തിരിഞ്ഞ് സുരയെയൊന്ന് നോക്കിയിട്ട് കൈകൂപ്പി താങ്ക്സ് പറഞ്ഞു, സുര ചിരിച്ചിട്ട്.. പെങ്ങള് പൊയ്ക്കോ..

ശില്പ വേഗത്തിൽ സിദ്ധുവിനരുകിലേക്കോടി, സിദ്ധു പുറത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു, ശില്പയെ കെട്ടിപിടിച്ചിട്ട്..ചെക്ക് കിട്ടിയില്ലെങ്കിലും വേണ്ട, നിന്നെ കണ്ടാൽ മതിയെന്ന് തോന്നി പോയി..

ശില്പ അവനെയൊന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു, തിരിച്ചു വരുമ്പോൾ സുര പുറത്തിരുന്നു കയ്യിൽ എണ്ണ തേക്കുകയായിരുന്നു, സിദ്ധു അയാൾക്ക്‌ മുന്നിൽ വന്ന് കാലിൽ തൊട്ടു, സുരയൊന്ന് ചിരിച്ചിട്ട്.. വിട് വിട്..

സിദ്ധു സുരയെയൊന്ന് നോക്കി.. പ്രതീക്ഷിച്ചില്ല..

സുര ചിരിച്ചു.. പാമ്പിനാണ് പാലു കൊടുക്കുന്നതെന്ന് വിചാരിക്കു ന്നുണ്ടായിരുന്നല്ലേ മനസ്സിൽ, എനിക്ക് മനസ്സിലായി, ഞാൻ കുറ്റമൊന്നും പറയില്ല എന്റെ കയ്യിലിരിപ്പും അങ്ങനെ ആയിരുന്നല്ലോ, ഇപ്പോൾ എനിക്കും സന്തോഷം ഒരു സഹായമെങ്കിലും ചെയ്യാൻ സാധിച്ചല്ലോ നിങ്ങൾക്ക് വേണ്ടി.. സുര അകത്തേക്ക് നോക്കിയിട്ട് ചേച്ചിയെ വിളിച്ചു.ചേച്ചിയൊരു പുതിയ സാരിയുടുത്ത് പുറത്തേക്ക് വന്നു, സിദ്ധു സുരയെ നോക്കി, സുര കണ്ണ് നിറഞ്ഞിട്ട്.. ഞാൻ വാങ്ങിയതാ, കുറേ കാലമായിട്ട് എന്റെ ദ്രോഹങ്ങളൊക്കെ സഹിച്ചിട്ടും എന്നെ സ്നേഹിക്കുന്നതിന്..

സിദ്ധു സുരയുടെ തോളിലൊന്ന് തൊട്ടിട്ട് അകത്തേക്ക് നടന്നു, പിറ്റേദിവസം മുതൽ വീട് മുഴുവൻ സന്തോഷത്തിലായിരുന്നു, ശില്പ പുറത്തേക്കിറങ്ങിയപ്പോഴാണ് പുതിയ കാറ് കണ്ടത് സിദ്ധുവിനെ നോക്കിയിട്ട്..
സർപ്രൈസ് ആണോ..

കിടക്കട്ടെ നമ്മുക്കും ഒരു കാർ..

*****************

ചേച്ചിയുടെ കുഞ്ഞിന്റെ പിറന്നാൾ ദിവസം കുടുംബക്കാരെല്ലാവരും ഒത്തു കൂടിയിരുന്നു, ചേച്ചി കേക്ക് മുറിക്കാതെ നിൽക്കുന്നത് കണ്ടപ്പോൾ അമ്മ അരികിലേക്ക് വന്നിട്ട്.. സമയം ഒരുപാടായി, കുട്ടികൾക്ക് ഉറങ്ങണ്ടേ നീയാ കേക്ക് മുറിച്ചു കൊടുക്ക്..

ചേച്ചി ചിരിച്ചു.. നിൽക്കമ്മേ.. ഒരാളുകൂടി വരാനുണ്ട്..

എല്ലാവരും നോക്കി നിൽക്കേ സിദ്ധുവും ശില്പയും അകത്തേക്ക് വന്നു, ചേച്ചി അവനെ അരികിൽ വിളിച്ചിട്ട് എല്ലാവരോടുമായി പറഞ്ഞു.. ഇതെന്റെ അനിയനാണ്..

അമ്മയും അച്ഛനും അവനെയൊന്ന് നോക്കി, സിദ്ധു ഭക്ഷണമൊക്കെ കഴിഞ്ഞ് അമ്മയുടെയും അച്ഛന്റെയും അരികിൽ വന്നിട്ട് ചിരിച്ചു, ശില്പയെ അരികിലേക്ക് ചേർത്ത് നിർത്തിയിട്ട്..

ഒരു കമ്പനി തുടങ്ങിയിരുന്നു, ഇപ്പോൾ നല്ല ലാഭമുണ്ട്, ഇവളുടെ പേരിലാണ്,5 പവൻ പോലും വാങ്ങാൻ കഴിവില്ലാത്ത അമ്മയുടെ മരുമകളിന്ന് 50 പവന്റെ സ്വർണം ഇടാൻ തക്ക ഉയരത്തിൽ എത്തിയിരിക്കുന്നു, എനിക്കത് പറഞ്ഞിട്ട് പോവണമെന്ന് തോന്നി,എല്ലാവരും കളിയാക്കുന്ന പോലെ ആ മുറിയിലൊതുങ്ങി പോവാതെ എന്നെ പറക്കാൻ വിട്ടതിനു നന്ദിയുണ്ട്.. സിദ്ധു അമ്മയുടെയും അച്ഛന്റെയും കാലിൽ തൊട്ടു.. എന്നെ അനുഗ്രഹിക്കണം..

അമ്മ അവന്റെ നെറുകയിൽ തൊട്ടു. നന്നായി വരും.. അമ്മ ശില്പയെയൊന്ന് നോക്കി, അവളൊന്ന് ചിരിച്ചിട്ട് സിദ്ധുവിന്റെ കയ്യിൽപിടിച്ചു പുറത്തേക്ക് നടന്നു.. പെട്ടെന്ന് നിന്നിട്ട് സിദ്ധുവിനെ നോക്കി.. എനിക്ക് തലച്ചുറ്റുന്നു സിദ്ധു..

പറഞ്ഞു തീരുന്നതിനു മുന്നേ ശില്പ താഴെ വീണു, സിദ്ധു അവളെ താങ്ങി സോഫയിൽ കിടത്തി, അമ്മയും ചേച്ചിയും വെള്ളമെടുത്ത് അരികിൽ വന്നു, സിദ്ധു വണ്ടിയെടുത്ത് ഹോസ്പിറ്റലിലേക്ക് പാഞ്ഞു, കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു പരിശോധിച്ചിട്ട് സിദ്ധുവിന് കൈകൊടുത്തിട്ട് പോയി, അമ്മയും ചേച്ചിയും ശിൽപയുടെ കൂടെയിരിക്കുമ്പോഴാണ് സിദ്ധു പതിയെ വാതിൽ തുറന്ന് അകത്തേക്ക് തലയിട്ട് നോക്കിയത്, ശില്പ അവനെ കണ്ട് ദേഷ്യത്തിൽ..ദുഷ്ടൻ ഒന്ന് ആഘോഷിച്ചു വരുകയായിരുന്നു ഞാൻ..

സിദ്ധു ചിരിച്ചു. സോറി.. നീ റെസ്റ്റെടുക്ക് ഞാൻ ഒറ്റയ്ക്ക് ആഘോഷിച്ചോളാം..

ശില്പ അവനെ അരികിലേക്ക് വിളിച്ചു, അമ്മയും ചേച്ചിയും പുറത്തേക്കിറങ്ങി, സിദ്ധു അവളുടെ വയറിലൊന്ന് തലോടിയിട്ട്.. കുറച്ച് കഷ്ടപ്പെടേണ്ടി വരും.. ട്വിൻസ് ആവാണെങ്കിൽ നീ രക്ഷപെട്ടു..

ശില്പ സിദ്ധുവിനെയൊന്ന് നോക്കി.. 5 എണ്ണത്തിൽ നിന്ന് കുറക്കില്ലല്ലേ തെണ്ടി..

ലക്കി നമ്പറാണ്..അതാ.

ശില്പ ചിരിച്ചു.. എന്നാൽ ഇനി ഞാൻ പറയുന്നത് അനുസരിക്കോ..

പിന്നെന്താ..

ശില്പ അവന്റെ കയ്യിൽപിടിച്ചു.. നമ്മുടെ ലൈഫ് പോസിറ്റീവ് ആയില്ലേ, പ്രേഗ്നെൻസി ടെസ്റ്റും പോസിറ്റീവ് ആയില്ലേ, അതുകൊണ്ട് നമ്മുക്ക് വീട്ടിൽ പോവാം.

ഇതായിരുന്നോ.. വാ ഇനി ഇവിടെ ഇരുന്നിട്ടെന്താ നമ്മുക്ക് പോവാം..

സിദ്ധു എഴുന്നേറ്റത് കണ്ട് ശില്പ.. ഡോ എന്നെകൂടി കൊണ്ടുപോ..

സോറി മറന്നു പോയി..

ഭഗവാനെ ഇതിനെയും കൊണ്ട് ഇനിയും കുറേ കാലം ജീവിക്കണമല്ലോന്ന് ആലോചിക്കുമ്പോൾ…

അവസാനിച്ചു

കുറെയധികം ആളുകൾ എന്നോട് ചോദിക്കുന്നുണ്ട് പ്രിയം ഒന്നുകൂടി വായിക്കണമെന്നുണ്ട് അയച്ചു തരുമോയെന്ന്, ആർക്കെങ്കിലും ഇനിയും വേണമെന്ന് തോന്നിയാൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി, പ്രിയം ….എല്ലാവരോടും നന്ദി അറിയിക്കുന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *