നൈറ്റ്‌ ഡ്രൈവ് ഭാഗം 10 ~~ എഴുത്ത്:- മഹാ ദേവൻ

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്‌ളീനിംഗിന് ആള് വരുമെന്ന് പറഞ്ഞതുകൊണ്ട് അവൾ വാതിൽ ചാരി തിരികെ ബെഡിനരികിലേക്ക് നടന്നു. പിന്നേ പതിയെ ജ്യുസ് എടുത്ത് കുടിച്ചു. തിരികെ ഗ്ലാസ് വെച്ച് കുറച്ചു നേരം അതെ ഇരിപ്പ് ഇരുന്നു. പെട്ടന്നെന്തോ തലയ്ക്ക് ഒരു ഭാരം അനുഭവപ്പെടുന്നത്പ്പോലെ തോന്നി മായയ്ക്ക്. കണ്ണുകൾ താനേ അടയുന്നു. അവൾ പതിയെ തലയിൽ കൈ വെച്ചു, കണ്ണുകൾ വലിച്ചു തുറന്നു. പിന്നേ ബോധം നഷ്ട്ടപ്പെട്ടു ബെഡിലേക്ക് മറിഞ്ഞു.

**************

മായപറയുന്നത് ചങ്കിടിപ്പോടെ ആണ് വാസുദേവൻ കേട്ടത്. എന്തോ തൊണ്ടയിൽ വന്ന് കുടുങ്ങിയപ്പോലെ അയാൾ ഒന്നും മിണ്ടാൻ കഴിയാതെ അനക്കമറ്റ് ഇരിക്കുമ്പോൾ അവൾ മിഴികളൊപ്പിക്കൊണ്ട് തുടർന്നു, ” പിന്നേ എനിക്ക് ബോധം വരുമ്പോൾ ഞാൻ…. അവരെന്നെ…. “

കൂടുതൽ പറയാൻ കഴിയാതെ അവൾ മുഖം പൊതി ഇരുന്നു. അപ്പോഴത്തെ അവളുടെ മാനസികാവസ്ഥ അറിയാവുന്ന അയാൾക്ക് അവളെ ഒന്ന് ചേർത്ത് പിടിക്കണമെന്നും സ്വന്തം മോളെ പോലെ ആശ്വസിപ്പിക്കണമെന്നുമുണ്ട്.. പക്ഷെ…

ഒന്നും മിണ്ടാൻ കഴിയാതെ അയാൾ കുറെ നേരം ദൂരേക്ക് നോക്കി ഇരുന്നു. ഡ്രൈവിംഗിനിടയിൽ പലപ്പോഴും അയാളിലെ ഭാവമാറ്റങ്ങൾ ശ്രദ്ധിക്കുന്നു ണ്ടായിരുന്നു വരുൺ. അതിശയവും നിരാശയും ദേഷ്യവും ഞെട്ടലുമെല്ലാം വാസുദേവന്റെ മുഖത്തു മിന്നിമായുന്നത് വരുൺ ആകാംഷയോടെ ആണ് കണ്ടത്.

“എന്ത് പറ്റി.. എന്താനവൾ പറയുന്നത്..”

വരുണിന്റ ചോദ്യത്തിനാദ്യം ഒന്നുമില്ലെന്നയാൽ ചുമലനക്കി. അപ്പോഴെല്ലാം അയാളുടെ മനസ്സ് കുറെ സംശയങ്ങളുടെ കലവറയായി മാറിയിരുന്നു.

” ആരായിരിക്കും മായയെ അന്ന്.. ഹരിയാണോ ആ റൂം ബോയ് ആണോ അന്ന് മായയെ ചതിച്ചത്. അതോ ഇനി മാറ്റാർക്കെങ്കിലും വേണ്ടി ആ റൂംബോയ് സഹായി ആയതാണോ. അതുമല്ലെങ്കിൽ വേറെ ആർക്കെങ്കിലും ഇതിനു പിന്നിൽ പങ്കുണ്ടാകുമോ……. “

നൂറായിരം സംശയങ്ങൾ നൂലിഴ കീറാതെ അയാൾക്ക് മുന്നിൽ നിറഞ്ഞാടുമ്പോൾ വാസുദേവൻ പലവട്ടം കണ്ണുകൾ അടച്ചുതുറന്നു. അയാൾ പതിയെ തിരിഞ്ഞുനോക്കുമ്പോൾ മായ അതെ ഇരിപ്പ് ആയിരുന്നു.

” അന്ന് ഹരി ചതിച്ചതാണെങ്കിലോ “

അയാളുടെ ചോദ്യം കേട്ട് ഞെട്ടലോടെ അവൾ മുഖം ഉയർത്തി. പിന്നേ നിഷേധാർത്ഥത്തിൽ തലയാട്ടി.

” ഇല്ല. ഹരി അങ്ങനെ ചെയ്യില്ല.. ഹരിയെ ആരോ ഇതിൽ പെടുത്തിയതാണ്. അതാരാണെന്ന് അറിയണം.. അവന്റെ മരണമാണ് എനിക്ക് കാണേണ്ടത്. “

അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ അഗ്നി ചിതറി. മുന്നിൽ ഇരിക്കുന്നതൊരു രക്ഷസ്സ് ആണെന്ന് തോന്നി വാസുദേവന്.

പിന്നേ അയാൾ ഒന്നും ചോദിക്കാൻ നിൽക്കാതെ മുന്നോട്ട് നോക്കി ഇരുന്നു.

ആ സമയത്തിനുള്ളിൽ കാർ തൃശ്ശൂർ എത്തിയിരുന്നു. തിരികെ കടവന്ത്ര എത്താൻ നേരം ഒത്തിരി വൈകും എന്നത് കൊണ്ട് തന്നെ എവിടെയും നിർത്താതെ ഉള്ള യാത്രയായിരുന്നു.

” നമുക്ക് ഓരോ ചായ കുടിച്ചാലോ “

വരുണിന്റ ചോദ്യം കേട്ട് അയാൾ ഒന്ന് മൂളി. വരുൺ കേട്ട മാത്രയിൽ തന്നെ അടുത്ത് കണ്ട ചെറിയ ഒരു ഹോട്ടലിന് മുന്നിലേക്ക് കാർ ഒതുക്കി നിർത്തി.
രണ്ട് പേരും ഇറങ്ങി ചായയും ലഘുഭക്ഷണവും കഴിച്ചിറങ്ങുന്നതിനിടയിൽ മായ പറഞ്ഞതെല്ലാം അയാൾ വരുണിനോടു പറഞ്ഞിരുന്നു. വല്ലാത്തൊരു മരവിപ്പ് ആയിരുന്നു വരുണിലും. ഇനി ആരെ സംശയിക്കണം എന്നറിയാത്ത അവസ്ഥ. സംശയിക്കാൻ തുടങ്ങിയാൽ അതിൽ പലരുമുണ്ട്. അതിൽ ആരായിരിക്കും അവളെ….

ചായ കുടി കഴിഞ്ഞു രണ്ട് പേരും കാറിൽ കയറി മുന്നോട്ട് പോകുമ്പോൾ വാസുദേവന്റ മനസ്സിൽ തോന്നിയ ഒരു സംശയം അയാൾ പിന്നിൽ ഇരിക്കുന്ന മായയോട് തുറന്ന് ചോദിച്ചു.

” മോൾക്ക് വിഷമം ആവില്ലെങ്കിൽ ഞാൻ ഒന്ന് ചോദിച്ചോട്ടെ.. മോൾടെ ചേട്ടൻ ആളെങ്ങനെയാ.. മോളോട് നല്ല സ്നേഹമാണോ? “

അവൾ ഒന്ന് ദീർഘനിശ്വാസമെടുത്തുകൊണ്ട് അയാളെ നോക്കി.

” ചേട്ടന് എന്നോട് നല്ല സ്നേഹം ആയിരുന്നു ഹരിയുമായുള്ള ബന്ധം അറിയുന്നത് വരെ. അത് അറിഞ്ഞതിൽ പിന്നേ എന്നോട് ഒരു അകൽച്ച കാണിച്ചു തുടങ്ങി. അതും സ്നേഹം കൊണ്ടായിരിക്കും. അല്ലേലും സ്വന്തം ചേട്ടനല്ലാഞ്ഞിട്ട് കൂടെ എന്നെ അത്രയേറെ സ്നേഹിച്ച ആൾക്ക് എന്റെ അങ്ങനെ ഒരു തീരുമാനം അംഗീകരിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല. “

അവൾ പറഞ്ഞ് നിർത്തുമ്പോൾ അയാൾ ശ്രദ്ധിച്ചത് മറ്റൊന്നായിരുന്നു.

” അപ്പൊ അദ്ദേഹം മോൾടെ സ്വന്തം ഏട്ടൻ അല്ലെ?!!”

വാസുദേവന്റെ ചോദ്യം കേട്ട് അല്ലെന്നവൾ തലയാട്ടി.

” അമ്മ ഒന്നാണെങ്കിലും ഞങ്ങടെ അച്ഛൻ രണ്ടാണ്. ഏട്ടന്റ അച്ഛന്റെ മരണശേഷം അമ്മയുടെ രണ്ടാംവിവാഹത്തിൽ ഉണ്ടായ മോളാണ് ഞാൻ. പക്ഷെ, ഒരിക്കലും ഒരു വേർതിരിവ് ഏട്ടൻ എന്നോട് കാണിച്ചിട്ടില്ല. ഓർമ്മ വെച്ച കാലം മുതൽ എന്നെ കൈപിടിച്ച് നടത്തിയത് ഏട്ടൻ ആണ്. അമ്മയ്ക്കും അച്ഛനും അത് വലിയ സന്തോഷം നൽകിയിരുന്നു. ഞാൻ ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ ആയിരുന്നു എന്റെ അച്ഛന്റെ മരണം. ഒരു ആക്സിഡന്റെ. അതിന് ശേഷം ഒരു അച്ഛന്റെ കുറവ് അറിയിക്കാതെ ആണ് ഏട്ടൻ കൊണ്ട് നടന്നത്…

അവളത് പറയുമ്പോൾ വാസുദേവന്റ ചിന്ത വേറെ വഴിക്ക് ആയിരുന്നു. ” എന്ത് കൊണ്ട് ഈ നിമിഷം മുതൽ അയാളെയും സംശയിച്ചുകൂടാ.. ചിലപ്പോൾ സ്നേഹമുള്ള ഒരു ചേട്ടൻ ആവാം..അല്ലെങ്കിൽ സ്നേഹിച്ചുകൊണ്ട് ചതിച്ച ഒരു അസുരനും… “

” “മോൾടെ അച്ഛൻ എങ്ങനെ മരിച്ചെന്നാണ് പറഞ്ഞത്.?”

” ഒരു ആക്‌സിഡന്റെ ആയിരുന്നു. ചേട്ടനും അച്ഛനും കൂടെ കോഴിക്കോട് പോകുന്ന വഴി ചായ കുടിക്കാൻ കാർ നിർത്തിയപ്പോൾ എതിരെ വന്ന ഒരു ലോറി നിയന്ത്രണം തെറ്റി കാറിൽ ഇടിച്ചുകേറുകയായിരുന്നു. ആ സമയം അച്ഛൻ മാത്രമായിരുന്നു കാറിൽ. ചേട്ടൻ അടുത്തുള്ള കോഫീഹൗസിൽ നിന്ന് ചായ വാങ്ങാൻ കേറിയത് കൊണ്ട് തലനാരിഴയ്ക്ക് ആണ് രക്ഷപ്പെട്ടത്. അല്ലെങ്കിൽ അന്ന് അച്ഛന്റെ കൂടെ ചേട്ടനും… “

അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. പക്ഷെ വാസുദേവന്റ മനസ്സ് പല ചിന്തകളാൽ വെറുപിടിച്ചിരിക്കുകയായിരുന്നു.

” അച്ഛൻ മരിക്കുന്നത് ആക്സിഡന്റിൽ, അവിടെ അവൻ അത്ഭുതകരമായി രക്ഷപ്പെടുന്നു. ഇപ്പോൾ ആ അച്ഛന്റെ മകളും പോയി. സ്നേഹനിധിയായ മകനും ചേട്ടനുമായി കളം നിറഞാടി ഒടുക്കം എല്ലാ സ്വത്തിന്റെയും ഒറ്റ അവകാശി ആയി മാറിയ സഹോദരൻ. കഥയുടെ പോക്ക് നിഗൂഢതകൾ നിറഞ്ഞതാണല്ലോ. അച്ഛന്റെ മരണത്തിനു പിന്നിൽ അവന്റ കൈകൾ ഉണ്ടെങ്കിൽ മായയുടെ മരണം വരെയുള്ള ഓരോ നിമിഷങ്ങളിലും അവന്റ വിരലുകൾ ഉണ്ടാകും. എല്ലാം ഒരു സംശയങ്ങൾ മാത്രം ആണെങ്കിലും എവിടെയൊക്കെയോ ചില പൊരുത്ത ക്കേടുകൾ “

അവളുടെ നാശത്തിലേക്ക് വഴി വെച്ച, സംശയത്തിന്റ നിഴലിൽ നിൽക്കുന്ന മുഖങ്ങൾക്കിടയിലേക്ക് അയാൾ ഒരു മുഖം കൂടെ ആ നിമിഷം മുതൽ ചേർത്ത് വെച്ചു.

സുദേവ് സത്യ…

കാറിനുള്ളിൽ നടക്കുന്നത് ഒന്നും മനസ്സിലാക്കാതെ ഇരിക്കുകയായിരുന്നു വരുൺ. ഇടയ്ക്ക് അയാൾ പിന്നിലേക്ക് നോക്കി എന്തൊക്കെയോ ചോദിക്കുന്നു. ചില സമയങ്ങളിൽ തലയാട്ടുന്നു. ചിന്തിക്കുന്നു. ആകെ ഒരു ഭ്രാന്തമായ അവസ്ഥ ആയിരുന്നു കാറിനുള്ളിൽ. ബാക്ക്സീറ്റിൽ അവൾ ഉണ്ടെന്ന് പറയുന്നതല്ലാതെ ഉണ്ടോ ഇല്ലയോ എന്ന് നിശ്ചയമില്ലാതെ ശരിക്കും ഭ്രാന്ത് പിടിച്ചത് വരുണിന് ആയിരുന്നു. ശരിക്കും ങ്ങനെ ഒകെ ഉണ്ടാകുമോ എന്ന് ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ. ഒരു ആത്മാവ് ഇങ്ങനെ ഒക്കെ തേടി വരുമോ. അതോ എല്ലാം ഇയാൾക്ക് തോന്നുന്നതാണോ. ഒന്നും തുറന്ന് ചോദിക്കാനും പറ്റാത്ത അവസ്ഥ ആയത് കൊണ്ട് ഒന്നിലും ശ്രദ്ധിക്കാതെ വരുൺ മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്തു.

തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള ഹൈവെയിൽ കയറിയ നിമിഷത്തിൽ ആയിരുന്നു ഗ്ലാസ്സിലൂടെ വരുൺ അത് ശ്രദ്ധിച്ചത്. അകലം പാലിച്ചുകൊണ്ട് ഒരു വാഹനം തങ്ങളെ ഫോള്ളോ ചെയ്യുന്നത്.

ആദ്യമൊന്നും അത് കാര്യമാക്കിയില്ലെങ്കിലും മുന്നിൽ പോകാൻ വണ്ടി ഒതുക്കി ഓടിച്ചിട്ടും മുന്നിൽ കേറാതെ പിറകെ അകലമിട്ട് വരുന്ന ആ വാഹനത്തിന്റ ലക്ഷ്യം ഈ കാർ ആണെന്ന് തോന്നി വരുണിന്.

” ഒരു വാഹനം നമ്മളെ പിന്തുടരുന്നപ്പോലെ “

അവൻ വാസുദേവനെ നോക്കി പറയുമ്പോൾ ആണ് ആയാളും അത് ശ്രദ്ധിച്ചത്. ഒരു ചുവന്ന സ്വിഫ്റ്റ്… ആ നിമിഷം അയാൾ ഒരു കാര്യം ഉറപ്പിച്ചിരുന്നു. മായയെ മരണം വരെ എത്തിച്ചത് ഹരി അല്ല. അത് ആരാണോ അവർ അനങ്ങി തുടങ്ങിയിരിക്കുന്നു. ഒരു ചെറിയ അനക്കം പോലും ആസ്വസ്ഥമാക്കുന്ന ആരോ ഒരാൾ. അത് ചിലപ്പോൾ സുദേവ് ആകാം, അല്ലെങ്കിൽ ഹരിയുടെ നാശം കാത്തിരിക്കുന്ന സെൽവൻ, അതുമല്ലെങ്കിൽ ആ റൂംബോയ്, അല്ലെങ്കിൽ ഹരിയെ സഹായിക്കാൻവന്ന ദേവൻ… ആരായാലും ഇനി മുതൽ മരണംപോലെ പിറകിൽ അവരും ഉണ്ടാകും.

അയാൾ ഓരോന്ന് ചിന്തിക്കുന്നതിനിടയിൽ പെട്ടന്ന് ആ സ്വിഫ്റ്റ് അവരെ ഓവർട്ടേക്ക് ചെയ്ത് മുന്നിലേക്ക് കയറി സഞ്ചരിച്ചുതുടങ്ങി

തുടരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *