നൈറ്റ്‌ ഡ്രൈവ് ഭാഗം 17~~ എഴുത്ത്:- മഹാ ദേവൻ

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

ആ കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ ഹരി നോക്കി നിന്നു. പിന്നേ വാസുദേവനെയും സുദേവനെയും നോക്കി.

” നമുക്ക് ഒരാളെ കാണണമല്ലോ വാസുവേട്ടാ… “

ആരെന്ന് അറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു വാസുദേവന്റ മുഖത്ത്‌.

അത് കണ്ട് ഹരി ഒന്ന് പുഞ്ചിരിച്ചു.

” കാണണം വാസുവേട്ടാ എനിക്കവനെ.. എന്നെ ഇവിടെ എത്തിച്ച എന്റെ കൂട്ടുകാരനെ!! “

ആരെ എന്ന് ചോദിക്കാൻ നിന്നില്ല ആരും. സുദേവ് വേഗം ഉള്ളിലേക്ക് കയറി ഡ്രെസ് മാറി അമ്മയോട് ” ഉടനെ എത്താം ” എന്നും പറഞ്ഞ് കാറിന്റെ ചാവിയുമായി ഇറങ്ങി കാർ എടുത്ത് അവർക്കരികിൽ നിർത്തി .

ഹരി മുന്നിലും വാസുദേവൻ പിറകിലും കേറിയ ഉടനെ ആ കാർ ഗേറ്റ്‌ കടന്ന് മുന്നോട്ട് പാഞ്ഞു.

” എങ്ങോട്ടാണ് പോകേണ്ടത്? “

കാർ ഓടിക്കുന്നതിനിടയിൽ സുദേവ് ആണ് ചോദിച്ചത്.

” നേരെ കൊച്ചി. അവടെ എനിക്ക് കാണാൻ ഒരുത്തനുണ്ട്. ദേവൻ. ഞങ്ങള്ക്ക് താമസിക്കാൻ റൂം ശരിയാക്കിത്തന്നത് അവനായിരുന്നു. പക്ഷേ, അന്ന് അവിടെ കാണുമെന്ന് പറഞ്ഞ അവനെ പിന്നേ ഞാൻ കണ്ടത് ഒരിക്കൽ ജയിലിൽ വെച്ചായിരുന്നു. അന്ന് ആരുടെയൊക്കെയോ സ്പെഷ്യൽ പെർമിഷൻ വാങ്ങി കാണാൻ വന്ന അവൻ അന്ന് അവിടെ വരാൻ കഴിയാത്തത്തിൽ ഒരുപാട് സോറി പറഞ്ഞു. അന്ന് മായയ്ക്ക് അങ്ങനെ സംഭവിച്ച സമയം മുതൽ പിടിക്കപ്പെടുന്ന ദിവസം വരെ ഞാൻ ആരുടെയോ തടങ്കലിൽ ആയിരുന്നത് കൊണ്ട് ഏല്ലാം ഞൻ വിശ്വസിച്ചു. പിന്നീട് ഞാൻ അവനെ കണ്ടിട്ടും ഇല്ല. അന്ന് അവൻ പറഞ്ഞതൊന്നും ഞാൻ അത്ര കാര്യമാക്കി എടുത്തില്ലെങ്കിലും ഇപ്പോൾ എനിക്ക് ചില സംശയങ്ങൾ ഉണ്ട്…

ചിലപ്പോൾ എന്ത് തോന്നലാവാം.. അല്ലെങ്കിൽ ശരിക്കുള്ള ശത്രു കൂടെ തന്നെ ആയിരുന്നു എന്ന് സംശയിക്കേണ്ടി വരും. നോക്കാം “

ഹരി പറഞ്ഞതൊന്നും സുദേവനും വാസുദേവനും കാര്യമായി പിടികിട്ടിയില്ലെങ്കിലും അവന്റ ചിന്തകൾക്കൊപ്പം സഞ്ചരിക്കാൻ ആയിരുന്നു രണ്ട് പേരുടെയും തീരുമാനം.

ഏറെ നേരത്തെ യാത്രയ്ക്ക് ശേഷം പറവൂരിലെത്തുമ്പോൾ നേരം ഉച്ച കഴിഞ്ഞിരുന്നു. കെഎംകെ. ജഗ്ഷനിലെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം കാർ മുന്നോട്ട് എടുത്തു . പൊട്ടൻതെരുവിൽനിന്ന് കുറച്ചു മുന്നോട്ട് പോയി ഇടത്തോട്ടുള്ള കടവത്ത്‌ റോഡിലേക്ക് കയറുമ്പോൾ ഹരി കുറച്ചപ്പുറത്തെ വീട് ചൂണ്ടിക്കാട്ടി അതിന് മുന്നിൽ നിർത്താൻ ആവശ്യപ്പെട്ടു.

” ഇതാണ് അവന്റ വീട്. നിങ്ങളിവിടെ നിക്ക്. ഞാൻ പോയി വരാ “

രണ്ട് പേരോടും തലയാട്ടിക്കൊണ്ട് ഹരി ഗെറ്റ്‌ തുറന്ന് ഉള്ളിലേക്ക് കയറുമ്പോൾ സുദേവനും വാസുദേവനും പരസ്പ്പരം ഒന്ന് നോക്കി.

അല്പസമയത്തിനുള്ളിൽ ഹരി പുറത്തേക്ക് ഇറങ്ങി ഗെറ്റ്‌ അടച്ച് കാറിനരികിലേക്ക് വരുമ്പോൾ ആ മുഖം മ്ലാനമായിരുന്നു.

” അവനില്ലേ അവിടെ? “

സുദേവനാണ് ചോദിച്ചത്.

ഇല്ലേന്ന് തലയാട്ടി ഹരി.

” അവന്റ ഭാര്യയും കുട്ടിയും മാത്രേ ഉള്ളൂ.. അവൾക്ക് എന്നെ അറിയാവുന്നത് കൊണ്ട് കൂടുതലൊന്നും ചോദിച്ചില്ല . അവൻ മൂന്ന് മാസം ആയിട്ട് ബാംഗ്ലൂർ ആണെന്ന അവൾ പറഞ്ഞേ. അപ്പോ ഏകദേശം ഞാൻ അകത്തായതിന് ശേഷം പോയതാണവൻ. പിന്നേ നാട്ടിലേക്ക് വന്നിട്ടില്ല. പക്ഷേ, അടുത്ത് തന്നെ വരും എന്നാണ് അവൾ പറഞ്ഞത്.”

” അപ്പൊ ആ വഴിയും അടയുകയാണല്ലോ ഹരി. അല്ല, ഇവിടെ പറവൂർ ഉള്ള ഇയാൾ എന്തിനാണ് നിങ്ങൾക്ക് കൊച്ചിയിൽ റൂമെടുത്തു നൽകിയത്.? മാത്രമല്ല, വിവാഹം ചോറ്റനിക്കരയിലും നടത്താൻ പ്ലാൻ ചെയ്തത്.? ഇവിടെ അവന്റ സ്ഥലത്തു തന്നെ എവിടെ എങ്കിലും റൂം എടുത്ത് ഇവിടെ തന്നെ കല്യാണം നടത്താമായിരുന്നല്ലോ. പെരുവാരം കണ്ണൻകുളങ്ങര… അങ്ങനെ എത്ര എത്ര ക്ഷേത്രങ്ങൾ ഉണ്ട് ഇവിടെ. “

വാസുവേട്ടൻ തല ചൊറിഞ്ഞുകൊണ്ട് നിൽക്കുമ്പോൾ ഹരി നിഷേധാർത്ഥത്തിൽ തലയാട്ടി.

” അതൊന്നും അന്ന് ചിന്തിക്കില്ലല്ലോ. അവൻ സേഫ് ആയ ഒരിടം കണ്ടെത്തിയാൽ അതല്ലേ ഞങ്ങൾക്കും ആ സമയം ആശ്വാസം.

പിന്നേ, എത്ര വഴി അടഞ്ഞാലും കാത്തിരിക്കും വാസുവേട്ടാ.. പൂട്ടികെട്ടി പോകാനല്ല പടയിറക്കം തുടങ്ങിയത്. കൂട്ടിൽ കേറേണ്ടവൻ ആരായാലും അവനെ പൂട്ടിയിരിക്കും. അവനേതു കൊത്താഴത്തു പോയി ഒളിച്ചാലും.. “

” അതൊക്കെ പോട്ടെ.. ഇനി എന്താ പ്ലാൻ? “

സുദേവൻ അക്ഷമനായിരുന്നു. വരുമ്പോൾ പെങ്ങൾക്കെതിരെ പടയൊരു ക്കിയവനെ കാണുമെന്ന പ്രതീക്ഷയായിരുന്നു. കണ്ടാൽ കൊ ല്ലാൻ തന്നെ ആയിരുന്നു തീരുമാനവും. പക്ഷേ ഫലം നിരാശയായത് സുദേവന്റ മുഖത്തു അസ്വസ്ഥത പ്രകടമാക്കിയിരുന്നു.

തിരികെ കാർ റിവേഴ്സ് എടുത്തു മുന്നോട്ട് പോകുമ്പോൾ വാസുദേവൻ ഒരു സംശയമെന്നോണം ഹരിയെ തോണ്ടി.

” ഞാൻ ഒന്ന് ചോദിച്ചോട്ടെ ഹരി. മുന്നേ ഒരു കള്ളക്കേസിൽ കുടുക്കിയത് നിന്റ അളിയൻ ആണെന്ന് കാർത്തിക് ഒരിക്കൽ പറഞ്ഞിരുന്നു. അത് നിന്റ സ്വത്ത്‌ മോഹിച്ചാണെന്നും. അങ്ങനെ എങ്കിൽ ആ വഴിക്ക് ഒന്ന് ചിന്തിച്ചുനോക്കിയാൽ…. അന്ന് നിന്നെ പൂട്ടാൻ പറ്റാത്ത വിഷമം ഇങ്ങനെ തീർത്തതാണെങ്കിൽ!? നമ്മൾ പലരെയും സംശയത്തിന്റെ നിഴലിൽ നിർത്തുമ്പോൾ അയാളെ കുറിച്ചു ചിന്തിച്ചത് പോലും ഇല്ലല്ലോ. നിന്റ നാശം കാണാൻ കാത്തിരിക്കുന്ന ഒരാൾ അവനല്ലേ. നീയും മായയും തമ്മിലുള്ള ബന്ധം അവനു അറിയുന്നതും അല്ലെ. അങ്ങനെ നോക്കിയാൽ……

പിന്നേ, ഇപ്പോൾ എനിക്കിങ്ങനെ ഒക്കെ തോന്നാൻ ഒരു കാരണവും ഉണ്ട് ഹരി. ഞാൻ പറഞ്ഞില്ലേ അന്ന് ഞങ്ങളെ ഒരു കാർ പിന്തുടർന്ന കാര്യം.? ഒരു ചുവന്ന സ്വിഫ്റ്റ് ആയിരുന്നു അത്. സുബിൻ പറഞ്ഞ കാറും അതെ കളർ ആയിരുന്നു .

പക്ഷേ, അത്ര കാര്യമാക്കാതെ വിട്ട ഒരു കാര്യം കൂടെ ഉണ്ട് അതിൽ . സുബിന്റെയും സുദേവിന്റെയും പിറകെ പോകാനുള്ള തത്രപ്പാടിൽ ഞാൻ വിട്ട് പോയതാണ്. “

” എന്താണ് “

ഹരിയുടെയും സുദേവിന്റെയും മുഖത്ത്‌ എന്തെന്ന് അറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു..

” അത്… അന്ന് ഞാനും വരുണും പാലക്കാട്‌ നിന്ന് വരുമ്പോൾ ഞങ്ങളെ ഫോളോ ചെയ്ത ആ കാറിന്റെ നമ്പർ ഞങ്ങൾ നോട്ട് ചെയ്തിരുന്നു. അതൊരു തമിഴ്നാട് രജിസ്‌ട്രെഷൻ കാർ ആയിരുന്നു. അവിടെ നിന്ന് കാർ വേറെ ആളുകൾക്കും കൊണ്ടുവരാം. ആർക്ക് വേണേലും ഉപയോഗിക്കാം… പക്ഷേ, എന്തോ ഇപ്പോൾ ഒന്ന് കൂട്ടിവായിക്കുമ്പോൾ എനിക്ക് അങ്ങനെയും തോന്നുന്നു. നിന്റ അളിയൻ സെൽവൻ തമിഴ്ന്നാട്ടുകാരൻ കൂടെ ആകുമ്പോൾ….. “

അത് കൂടെ കേട്ടപ്പോ ഹരിക്ക് ശരിക്കും തല പെരുത്തു കേറുന്നുണ്ടായിരുന്നു.
ഒരാളെ സംശയിക്കുമ്പോൾ മറ്റൊരാൾ. അയാളെ അന്വോഷിക്കുമ്പോൾ വേറെ ഒരാൾ. ആകെ ഭ്രാന്ത് പിടിക്കുക അവസ്ഥ.

കാർ മുന്നോട്ട് എടുത്ത് കുറച്ചു ദൂരം പോയപ്പോൾ പെട്ടന്ന് ഹരികാർ സൈഡ് ഒതുക്കി നിർത്താൻ ആവശ്യപ്പെട്ടു.

” നിങ്ങള് വിട്ടോ.. ഞാൻ നേരെ നാട്ടിൽ പോവാണ്. വെറുതെ ഇങ്ങനെ ഓടുന്നതിൽ അർത്ഥം ഇല്ലല്ലോ. ദേവൻ നാട്ടിൽ വരട്ടെ. അത് വരെ വെയിറ്റ് ചെയ്യാം നമുക്ക്. എനിക്ക് തോന്നുന്നത് അവനിതിൽ നേരിട്ട് പങ്ക് ഉണ്ടാവില്ലെങ്കിലും ഒരു കൈ സഹായം അവൻ ആർക്കോ വേണ്ടി ചെയ്തിട്ടുണ്ട്. അത് അവന്റ നാവിൻതുമ്പിൽ നിന്ന് തന്നെ എനിക്കറിയണം. അതുവരെ നമുക്ക് ഒന്ന് ഒതുങ്ങി നിൽക്കാം.mഞാനും ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ന്നാട്ടിൽ പോയിട്ടില്ലല്ലോ.. ഒന്ന് പോയേച്ചും വരാം. “

ഹരി അത് പറയുമ്പോൾ വാസുദേവൻ പുഞ്ചിരിച്ചു.

“ഞാനും അത് പറയാൻ തുടങ്ങുകയായിരുന്നു ഹരി. ഇങ്ങനെ എവിടേം തൊടാതെ ഓടുന്നതിൽ ഒരു അർത്ഥവും ഇല്ല. ദേവനെന്നു പറയുന്നവൻ വന്നാൽ ന്തെങ്കിലും ക്ലൂ കിട്ടാതിരിക്കില്ല. നോകാം.. അതുവരെ വെയിറ്റ് ചെയ്യാം നമുക്ക്.”

അവർ പറയുന്നതിനോട് അത്ര യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും സുദേവനും പാതി മനസ്സോടെ സമ്മതം മൂളി.

“എന്നാ പിന്നേ നീ ഇവിടെ നിന്നും ബസ്സിന്‌ പോകേണ്ട ഹരി. ത്രിശൂർ വരെ സുദേവനുണ്ടല്ലോ. എനിക്കിവിടെ അടുത്തല്ലേ. ഞാൻ പൊക്കോളാം. നിങ്ങള് വിട്ടോ.. “

അയാൾ ചിരിച്ചുകൊണ്ട് കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.

“എന്നാ നിങ്ങള് വിട്ടോ… ദേവനെ കാണാൻ വരുമ്പോൾ വിളിക്കാൻ മറക്കണ്ട… മായ ന്റെ മോളാ ഇപ്പോൾ.. അവളെ അങ്ങനെ ഇല്ലാതാക്കിയവനെ കാണാൻ പറ്റിയില്ലേൽ പിന്നേ ഞാൻ എന്തിന്….”

വികാരഭരിതമായിരുന്നു അയാളുടെ വാക്കുകൾ. മകളെ നഷ്ട്ടപ്പെട്ട ഒരച്ഛന്റെ വേദനപോലും ഉണ്ടായിരുന്നു ആ വാക്കുകളിൽ.

“വിളിക്കാം വാസുവേട്ട “

ഹരി തലയാട്ടിക്കൊണ്ട് തിരികെ കാറിൽ കയറുമ്പോൾ സുദേവനും വാസുദേവന് നേരെ കൈ കാണിച്ചുകൊണ്ട് വണ്ടി റിവേഴ്സ് എടുത്തു. പിന്നേ ത്രിശൂർ ഭാഗത്തേക്ക് തിരിഞ്ഞു മുന്നിട്ട് എടുത്ത് ദൂരേക്ക് പോകുമ്പോൾ അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു വാസുദേവൻ.

അവർ കണ്മുന്നിൽ നിന്ന് മറഞ്ഞ നിമിഷം അയാൾക്കൊന്ന് തിരിയാൻ കഴിയുംമുന്നേ ഒരു കാർ അയാളെ ഇടിച്ചു തെറിപ്പിച്ചുകൊണ്ട് മുന്നോട്ട് പോയി. റോഡിലേക്ക് തെറിച്ചുവീണ വാസുദേവൻ ഒന്ന് അനങ്ങാൻപോലും കഴിയാതെ പിടയ്ക്കുമ്പോൾ അയാളുടെ കണ്മുന്നിൽ ആ കാർ ഉണ്ടായിരുന്നു.

തമിഴ്നാട് രജിസ്ട്രെഷനിൽ ഉള്ള ചുവന്ന സ്വിഫ്റ്റ് കാർ.

തുടരും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *