പക്ഷേ ഒരാളുടെ മെസേജ് മാത്രം ഊ൪മ്മിളയെ‌ അത്ഭുതപ്പെടുത്തി. എൺപത്തേഴ് അൺറീഡ് മെസേജുകൾ. എന്തായിരിക്കുമിത് എന്ന് അവൾക്ക് ആശ്ചര്യം……

ഊ൪മ്മിളയുടെ ആരാധക൪

എഴുത്ത് :-ഭാഗ്യലക്ഷ്മി. കെ. സി.

ഫേസ്ബുക്കിലെ ഒരു സുഹൃത്ത് സ്പാ മിനെക്കുറിച്ച് എഴുതിയതുകണ്ടാണ് ഊ൪മ്മിളയും മെസഞ്ചറിൽ പോയി നോക്കിയത്. എഫ്ബിയിൽ എഴുത്താരംഭിച്ച് രണ്ട് മൂന്ന് കൊല്ലമായെങ്കിലും ഇതുവരെ സ്പാം നോക്കിയിട്ടില്ലായിരുന്നു.

അവിടെ നൂറുകണക്കിന് മെസേജുകൾ കെട്ടിക്കിടക്കുന്നു. ഊ൪മ്മിള വായിക്കാനാരംഭിച്ചു. തൊണ്ണുറ് ശതമാനവും ഗുഡ്മോ൪ണിങ്,‌ ഹായ് മെസേജുകളാണ്. ബാക്കിയുള്ളവ ഊ൪മ്മിളയുടെ കഥകൾ വായിച്ചു രസിച്ചവരുടെ അഭിനന്ദനങ്ങളും. മെസഞ്ചറിൽ സാധാരണ ധാരാളം മെസേജസ് വന്നാലും അതൊന്നും ഊർമ്മിള നോക്കാൻ മെനക്കെടാറില്ല. ഇത് പക്ഷേ വായിച്ചുനോക്കി എല്ലാം ഡിലീറ്റ് ചെയ്യാൻ തീരുമാനിച്ചു.

ചില രസികന്മാ൪ ചില വേലത്തരങ്ങളൊക്കെ എഴുതിയിട്ടിട്ടുണ്ട്. അതൊക്കെ ഊർമ്മിള കണ്ടില്ലെന്ന് നടിച്ചു. ചില൪ ചേച്ചീ എന്ന് വിളിച്ചും, ചില൪ മാഡമെന്ന് വിളിച്ചും ചില൪ ടീച്ചറാണോ എന്ന് ചോദിച്ചും അടുപ്പം കാട്ടി. അപൂർവ്വം ചില൪ പരിഭവിക്കുകയും കോപാകുലമാവുകയും ചെയ്തുകണ്ടു.

ചില൪ പ്രൊഫൈൽ പിക് കണ്ടു ഇഷ്ടം പറഞ്ഞു. സ്ഥിരമായി ഐലൈന൪ ഉപയോഗിക്കണമെന്ന് ഒരാൾ ഉപദേശിച്ചു. പല മിസ്ഡ് കാളുകളും ശ്രദ്ധയിൽപ്പെട്ടു. മുടി നന്നായിട്ടുണ്ട് എന്ന് പറഞ്ഞു ചില൪.

പക്ഷേ ഒരാളുടെ മെസേജ് മാത്രം ഊ൪മ്മിളയെ‌ അത്ഭുതപ്പെടുത്തി. എൺപത്തേഴ് അൺറീഡ് മെസേജുകൾ. എന്തായിരിക്കുമിത് എന്ന് അവൾക്ക് ആശ്ചര്യം തോന്നി. മുഴുവൻ പ്ലീസ് ഹെൽപ്, ഹെൽപ് മി പ്ലീസ്, എന്നെയൊന്ന് സഹായിക്കാമോ എന്നിങ്ങനെ എഴുതിയിട്ടിരിക്കയാണ്. ഏകദേശം എട്ടൊൻപത് മാസം മുമ്പ് എഴുതിയതാണ് അതൊക്കെ. നിങ്ങൾക്കല്ലാതെ എന്നെ വേറെയാ൪ക്കും സഹായിക്കാനാവില്ല എന്നൊക്കെ എഴുതാൻമാത്രം എന്താണാവോ…

ഊർമ്മിള ആലോചിച്ചു. തനിക്കിയാളെ ഒരു തരത്തിലും സഹായിക്കാനാവില്ലല്ലോ… വരുമാനമില്ലാത്തവൾ എങ്ങനെ ദയ കാണിക്കാനാണ്. താൻ ജീവിക്കുന്നതേ മറ്റുള്ളവരെ ആശ്രയിച്ചാവുമ്പോൾ തനിക്ക് ആരെയും സഹായിക്കുവാനുള്ള കെൽപ്പില്ലല്ലോ.

അത് പറഞ്ഞാലോ… ഒട്ടുനേരം ഊർമ്മിള ചിന്താമഗ്നയായി. പിന്നീട് മറുപടി എഴുതി.

എന്ത് ഹെൽപ്പാണ് ചെയ്തു തരേണ്ടത്..? പണം തരാൻ യാതൊരു നി൪വ്വാഹവുമില്ല.

അയ്യോ ചേച്ചീ, പണം വേണ്ട..

അവന്റെ മറുപടി പെട്ടെന്ന് തന്നെ വന്നു.

എന്റെ ഫ്രന്റ് റിക്വസ്റ്റ് ഒന്നെടുത്താൽ മതി.

ഇതിനാണോ ഹെൽപ് വേണമെന്ന് പറഞ്ഞ് ഇത്രയും ‌കരഞ്ഞത്…?

ചേച്ചിയുടെ ഹെൽപ്പില്ലാതെ എനിക്ക് ചേച്ചിയുടെ ഫ്രന്റ് ആകാൻ പറ്റില്ലല്ലോ..

ഇതെന്താ പ്രൊഫൈലിൽ ഫോട്ടോ വെക്കാതെ..?

അതെന്റെ ഒരു പോളിസിയാ..

അതെന്താ..?

അടി പാ൪സലായി വാങ്ങാൻ തീരെ താത്പര്യമില്ല. ഇതാവുമ്പോ തോന്നുന്നത് എഴുതിയിടാലോ…

എനിക്കും ചില പോളിസികളുണ്ട്..

അതെന്താ ചേച്ചീ..?

ഏറെ വിളഞ്ഞ കൈയിലിരുപ്പുകാരെ അപ്പപ്പോൾ ബ്ലോക്കുക എന്നതാണ് അതിലൊന്ന്.

അയ്യോ ബ്ലോക്കല്ലേ…

എന്നൊരു മെസേജ് പറന്നുവന്നതും ഊർമ്മിള ബ്ലോക്കിയതും ഒന്നിച്ചായിരുന്നു.

നില്ല്, നില്ല് എന്നവൻ ടൈപ്പ് ചെയ്തു കാണണം. പോട്ടെ പുല്ല് എന്നവനത് ഡിലീറ്റിക്കാണും… ഉറപ്പാ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *