പണം കൈയിൽവരാൻ ഇനിയും കുറേ ദിവസങ്ങളെടുക്കും. അതുവരെ എങ്ങോട്ടെന്നില്ലാതെ ഒരു യാത്രപോവുക.. ബാങ്കിൽപ്പോയി മാനേജറെക്കണ്ടു…….

അയാൾക്ക് പോകാതിരിക്കാനാകുമോ?

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി

വണ്ടി ചൂളംവിളിച്ചു പാഞ്ഞുകൊണ്ടിരുന്നു. ആ ശബ്ദം കാതിൽ വന്നലച്ചപ്പോൾ സുരാജ് ഓ൪ക്കുകയായിരുന്നു. തന്റെ നാടും വീടും അച്ഛനും അമ്മയും ഭാര്യയും മക്കളുമായി കഴിഞ്ഞ ആ സന്തോഷദിനങ്ങൾ..

സന്തോഷമെന്ന് പറയാമോ എന്നറിയില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കാലം. കമ്പനിയിൽ സമരം കാരണം ജോലിപോയതോടെ വീട്ടിലും അസ്വസ്ഥത പുകയാൻ തുടങ്ങി.
അമ്മയും അച്ഛനും ഭാര്യയുമെല്ലാം പരിഭവിച്ചു തുടങ്ങി. പുറത്തിറങ്ങിയാൽ നാട്ടുകാരൊക്കെ ഓരോന്ന് ചോദിക്കുന്നത് പരിഹാസച്ചുവയോടെയാണ്. എന്തിന് കൂട്ടുകാ൪ പോലും കുറ്റപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ആഹാരത്തിനും വസ്ത്രത്തിനും വേണ്ട തുച്ഛമായ വരുമാനം താൻ പറമ്പിൽ കിളച്ചും കൃഷി ചെയ്തും ഉണ്ടാക്കുന്നുണ്ട്.

പക്ഷേ മലയാളികൾ ഒരുപാട് മാറിപ്പോയിരിക്കുന്നു. എല്ലാവരും മറ്റുള്ളവരെ കാണിക്കാൻ ജീവിക്കുന്നവരായിപ്പോയിരിക്കുന്നു. പൊങ്ങച്ചത്തിന്റെ വിവാഹം, പൊങ്ങച്ചത്തിന്റെ വീട്ടിൽ കൂടൽ, പൊങ്ങച്ചത്തിന്റെ ആ൪ഭാടങ്ങൾ, അഹങ്കാരങ്ങൾ…

മടുത്തുപോകുന്നു. താനീ നാട്ടിൽ നിൽക്കാൻപറ്റിയ ഒരാളല്ല എന്നൊരു തോന്നൽ സുരാജിന്റെ ഉള്ളിൽ കിടന്നു വീ൪പ്പുമുട്ടി.

‘നാടു മുഴുവൻ കടമാണ്. പിള്ളേരുമായി കുളത്തിൽ നീന്താൻ പോകാനും കെട്ടിമറിയാനും ള്ളക്കുഞ്ഞല്ലേ..’

അവൾ രാവിലെതന്നെ കലിപ്പിലാണ്. മക്കളാണ് ആകെയൊരാശ്വാസം. അശ്വിൻ, അമേയ… അച്ചു, അമ്മു.
മകൻ മൂന്നിലും മകൾ ഒന്നിലുമാണ്. ഏതു പ്രതിസന്ധിയിലും ന൪മ്മം കൈവിടാതെ ഉത്തരം പറയുമെങ്കിലും ഉള്ളിന്റെയുള്ളിൽ ആരും കാണാതെ താൻ കരയുകയായിരുന്നു.
പല ജോലിക്കും ശ്രമിച്ചു. ഒന്നും ക്ലച്ചു പിടിച്ചില്ല.

എവിടെപ്പോയാലും മൂന്നാം നാൾ വീട്ടുകാ൪ വാതിൽ തുറക്കുമ്പോൾ താൻ വീട്ടുമുറ്റത്തുണ്ടാവും.

മക്കളെ പിരിഞ്ഞിരിക്കാൻ വയ്യാത്തതുകൊണ്ടാണു ദൂരെ ജോലിക്ക് പോകാൻ വയ്യാത്തത് എന്ന് പറയുമ്പോൾ അവൾ കയ൪ക്കും.

ഓ, ഒരു മക്കൾ, നിങ്ങൾക്ക് മാത്രമല്ലേ മക്കളുള്ളൂ. മക്കളോട് സ്നേഹമില്ലാത്തവരല്ലേ ഗൾഫിലും മറ്റും പോയി കഷ്ടപ്പെട്ട് പണമയച്ച് കുടുംബം പോറ്റുന്നത്..

അയാൾ ദുഃഖത്തോടെ മുഖം കുനിക്കും. തന്റെ നിസ്സഹായത കാണുമ്പോൾ മക്കളുടെ മുഖവും മ്ലാനമാവും. അവരെ സന്തോഷിപ്പിക്കാൻ പുറമേ ചിരിച്ചുകൊണ്ട് കണ്ണിറുക്കുമെങ്കിലും അകമേ നീറിനീറിപ്പിടയുന്ന ഹൃദയത്തിന്റെ തള്ളൽ ഒരു ദിവസം ഒരു കടുത്ത തീരുമാനമെടുത്തു.
നാടുവിടുക.

രാവിലെ പത്രമെടുത്തു നിവ൪ത്തി. ചായ കുടിച്ചു. രണ്ട് ദിവസം മുമ്പ് ടൌണിൽ പോയപ്പോൾ വാങ്ങിയ ലോട്ടറി റിസൽട്ട് ഓടിച്ചൊന്നു നോക്കി. അടിച്ചിരിക്കുന്നു! എട്ട് കോടി രൂപ!!

എന്തുവേണ്ടൂ എന്ന് കുറച്ചുനേരം ചിന്തിച്ചു. പണം കൈയിൽവരാൻ ഇനിയും കുറേ ദിവസങ്ങളെടുക്കും. അതുവരെ എങ്ങോട്ടെന്നില്ലാതെ ഒരു യാത്രപോവുക.. ബാങ്കിൽപ്പോയി മാനേജറെക്കണ്ടു കാര്യങ്ങൾ പറഞ്ഞു. ടിക്കറ്റ് ഏൽപ്പിച്ചു. കഴിഞ്ഞമാസം ഒരു ലോണിനു അപേക്ഷിക്കാൻ വന്നപ്പോൾ തന്നെ രൂക്ഷമായി നോക്കി അതൊന്നും പാസ്സാക്കാൻ സാധ്യമല്ല എന്ന് എടുത്തടിച്ചപോലെ പറഞ്ഞ ആളാണ്. അയാൾ ഭവ്യതയോടെ പറഞ്ഞു:

ഇനിയിപ്പോൾ ലോൺ വേണമെങ്കിൽ വേഗം പാസ്സാക്കിത്തരാം..

ഒന്നും പറയാൻ തോന്നിയില്ല, നിശ്ശബ്ദമായി ശരിയെന്നു തലയാട്ടി. അവിടെ നിന്നിറങ്ങി.റെയിൽ വേസ്റ്റേഷനിൽ പോയി കുറച്ചുനേരം അവിടെ ഇരുന്നു. എന്തുവേണമെന്ന് പിന്നെയും കുറേ ആലോചിച്ചു. മുന്നിൽ വന്നുനിന്ന ഒരു വണ്ടിയിൽ യാന്ത്രികമായി കയറി. ടിക്കറ്റ് എടുക്കാൻപോലും പണമില്ല. ആഹാരം കഴിക്കാനും നിവൃത്തിയില്ല. അക്കൌണ്ടിൽ പണം വന്നതിനുശേഷം തിരിച്ചു വരണം. നന്നായി ജീവിക്കണം. കടമോ ബാധ്യതകളോ ഇല്ലാതെ..
മക്കളുടെ പേരിൽ നല്ലൊരു തുക നിക്ഷേപിക്കണം.

വീട്ടിൽനിന്നും വിളിച്ചു അന്വേഷിക്കാനിടയാക്കണ്ട, ഭാര്യക്ക് ഒരു മെസേജ് അയക്കാമെന്നു കരുതി ഫോൺ എടുത്ത് ടൈപ്പ് ചെയ്തു.

‘നിന്റെപേരിൽ അപേക്ഷിച്ച ലോൺ രണ്ടാഴ്ചക്കകം ശരിയാവുമെന്ന് ബാങ്ക്മാനേജർ പറഞ്ഞു. ഞാൻ ദൂരെ ഒരു സ്ഥലത്ത് ജോലി അന്വേഷിച്ച് പോവുകയാണ്. പണം കിട്ടിയാൽ കടമൊക്കെ വീടുക. ബാക്കി പണം കൊണ്ട് വീടിന്റെ പണി പൂ൪ത്തിയാക്കുക. ഞാനിനി ജോലി കിട്ടിയാലേ വിളിക്കൂ… മക്കളോടും പറയൂ.’

ഫോൺ ഓഫ് ചെയ്തു കീശയിലേക്കിട്ടു.

പെട്ടെന്ന് വണ്ടിയുടെ ചൂളംവിളിയിൽ സുരാജ് ഓ൪മ്മകളിൽനിന്നും ഞെട്ടിയുണ൪ന്നു. എത്താറായിരിക്കുന്നു. നീണ്ട ആറ് വർഷത്തിനുശേഷം സ്വന്തം നാട്ടിൽ വരികയാണ്. മനസ്സ് തുള്ളിച്ചാടുന്നു. മക്കളെ കാണാൻ കൊതിയായി. മകൻ ഇപ്പോൾ ഒൻപതിലാണ്, മകൾ ഏഴിലും.

വണ്ടിയിറങ്ങി വീട്ടിലേക്ക് ഒരു ഓട്ടോ പിടിച്ചു. ഡ്രൈവർ തന്നെ തിരിച്ചറിഞ്ഞു.

സുരാജേട്ടൻ നാട്ടിൽ വരാതെ കുറേയായി അല്ലേ? സുരാജ് മന്ദഹസിച്ചു.

വീടൊക്കെ അടിപൊളിയായിട്ടുണ്ട്. അവിടെ നല്ല ജോലിയാണല്ലേ? എനിക്കും കൂടി നല്ല വല്ല ജോലിയും ശരിയാക്കിത്തരാമോ?

അവിടെയും താൻ കൃഷിയാണ് ചെയ്യുന്നത് എന്ന് എങ്ങനെ പറയും.. ഗോതമ്പ് പാടത്ത് വിയ൪ത്തൊലിച്ച് പണിയെടുക്കുന്ന നിമിഷങ്ങൾ മനോമുകരത്തിൽ തെളിഞ്ഞു. സുരാജ് ഒന്നും മിണ്ടിയില്ല.

വീടെത്തി. ശരിയാണ്, വീടൊക്കെ പണിതീ൪ത്ത് മനോഹരമാക്കിയിട്ടിട്ടുണ്ട്.

അമ്മേ അച്ഛൻ വന്നു…

അമ്മു സന്തോഷത്തോടെ വിളിച്ചുപറഞ്ഞു. എല്ലാവരും സന്തോഷത്തോടെ വന്നു സുരാജിനെ പൊതിഞ്ഞു.
അച്ചു താൻ കൊണ്ടുവന്ന ബാഗൊക്കെ തുറന്നു പരിശോധിക്കുകയാണ്. അച്ഛനും അമ്മയും സന്തോഷത്തോടെ കെട്ടിപ്പിടിച്ചു കണ്ണീ൪ വാ൪ത്തു.

ഒരു നിമിഷം സുരാജ് അവിടെയുള്ള ബാബാജിയെയും മീരാമ്മയേയും ഓ൪ത്തു. ആറു വ൪ഷമായി അവരാണ് തനിക്ക് അച്ഛനും അമ്മയും. തന്നോട് എന്തൊരു സ്നേഹമാണവ൪ക്ക് .. ഇങ്ങോട്ട് പുറപ്പെടുമ്പോൾ അവരുടെ കണ്ണും ഇതുപോലെ നിറഞ്ഞൊഴുകി. തിരിച്ചുവരുമെന്ന് പറഞ്ഞാണ് പുറപ്പെട്ടത്.

ഭാര്യ ചായകുടിക്കാൻ വിളിച്ചപ്പോൾ അയാൾ ഓർമ്മകളിൽനിന്നും തിരിച്ചുവന്നു. ദിവസങ്ങൾ പെട്ടെന്ന് കടന്നുപോയി. എല്ലാവരുടെയും ദാരിദ്ര്യമൊക്കെ ഇല്ലാതായപ്പോൾ കുറച്ചു പൊങ്ങച്ചമൊക്കെ ഇവ൪ക്കും വന്നുവോ എന്ന് തോന്നിത്തുടങ്ങി സുരാജിന്..

ബാങ്കിൽ പോയി നല്ലൊരു തുക മക്കളുടെ പേരിൽ നിക്ഷേപിച്ചു. അതിന്റെ പലിശ ഭാര്യയുടെ പേരിൽ മാസം തോറും വരാവുന്ന വിധത്തിലുമാക്കി. സിനിമ കാണാനും ബീച്ചിലും മാളിലും ബന്ധുവീടുകളിലുമൊക്കെ കറങ്ങി. അയൽക്കാരും ബന്ധുക്കളും വലിയ സ്നേഹം കാണിച്ചുകൊണ്ട് സംസാരിച്ചു.

തിരിച്ചു പോകേണ്ട ദിനമടുത്തു. സുരാജിനു മനസ്സ് അസ്വസ്ഥമായിത്തുടങ്ങി. പോകണോ… മക്കളെ യോ൪ക്കുമ്പോൾ പേകാനേ തോന്നുന്നില്ല. കണ്ടു കൊതി തീ൪ന്നില്ല. അച്ഛൻ വന്നു പറഞ്ഞു:

ഇനി എല്ലാ വർഷവും നാട്ടിൽ വരണം. ലോൺ ഒക്കെ അടച്ചു തീ൪ത്തില്ലേ?

നിന്റെ സഹോദരിക്കും വീടുപണിക്കും മറ്റും നീ കുറേ സഹായിച്ചു. ഇനി നീ ഇതുപോലെ ആറുവ൪ഷമൊന്നും നാട്ടിൽ വരാതെയിരിക്കരുത്…

സുരാജ് ഒന്നും മിണ്ടിയില്ല.

പിറ്റേന്നാണ് അവിചാരിതമായി ഒരു സംഭവമുണ്ടായത്. പറമ്പിൽ പണിയെടുക്കാൻ രണ്ട് ഹിന്ദി സംസാരിക്കുന്ന തൊഴിലാളികൾ വന്നു. അവരിലൊരാൾ ബാബാജിയുടെ വീട്ടിൽ വെച്ച് തന്നെ കണ്ടിട്ടുണ്ട്. തന്നെ കണ്ടപ്പോൾ അവരുടെ വിശേഷങ്ങളൊക്കെ ആവേശത്തോടെ ചോദിച്ചു. അകത്തേക്ക് നോക്കി ആരും കാണുന്നില്ല എന്നുറപ്പുവരുത്തി ശബ്ദംകുറച്ചു അവരോട് ഉത്തരം പറഞ്ഞു.

പക്ഷേ അകത്ത് കയറിയതും അച്ചുവും അമ്മുവും പിടിച്ചു.

അച്ഛാ ആരാണ് ബാബാജി? അച്ഛനവിടെ കൃഷിയാണോ?പിന്നെ അവരു ചോദിച്ചതോ?

ആദ്യമൊക്കെ ഓരോന്നും നിഷേധിച്ചും ഒഴിഞ്ഞുമാറിയും സുരാജ് പിടിച്ചുനിന്നു. പിന്നെ പതുക്കെ പുഴക്കരയിലേക്ക് കൂട്ടിക്കൊണ്ടുപോയി മക്കളോട്‌ മാത്രമായി ആ കഥ പറഞ്ഞു.

അനിശ്ചിതത്വം തോന്നിയ ആ ദിവസം..

നാടുവിടാൻ തീരുമാനിച്ചത്, ലോട്ടറി അടിച്ചത്, വണ്ടിയിൽക്കയറി എങ്ങോട്ടെ ന്നറിയാതെ യാത്രചെയ്തത്…

ഗോതമ്പ് വിളഞ്ഞുനിൽക്കുന്ന പാടത്തിന്റെ നടുവിലൂടെ യാത്രചെയ്യുമ്പോൾ വണ്ടിയുടെ വാതിൽക്കൽ നിന്ന താൻ വീണുപോയത്… വിശപ്പും ക്ഷീണവും തള൪ത്തിയ തന്നെ അവിടെയുള്ള ഒരു മകൻ മരിച്ചുപോയ ക൪ഷകദമ്പതികൾ തങ്ങളുടെ മകനായി സ്നേഹിക്കുന്ന കഥ…

ആദ്യമൊക്കെ ഭാഷയറിയാതെ നന്നായി സംസാരിക്കാനാകാതെ നിൽക്കുമ്പോൾ വീട്ടിൽ ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് ആരുമില്ല എന്നാണ് നിരാശയോടും സങ്കടത്തോടെയും ആംഗ്യം കാണിച്ചത്. ഒരനാഥനാണ് എന്നതു കൊണ്ടായിരിക്കണം അവർ തന്നെ ഇത്ര കാര്യമായി മകനെപ്പോലെ കണ്ടത്.. ദിവസവും ബാബാജിയുടെ കൂടെ പാടത്ത് പോയി പണിയെടുക്കും. ഉച്ചക്ക് ഊണുമായി മീരാമ്മ വരും. രണ്ട് പേരുടെയും മുഖത്ത് എന്നോ മറഞ്ഞുപോയ സന്തോഷവും ഉണ൪വ്വും തിരിച്ചുവന്നു.

ലോട്ടറിത്തുക അക്കൌണ്ടിൽ വന്നു‌ എന്ന് മാനേജർ അറിയിച്ചതോടെ താനവരടെ പേരിൽ കുറച്ചു കൃഷിഭൂമി വാങ്ങി. അവിടെ ചുറ്റുമുള്ളവരുടെ മുമ്പിൽ ഇപ്പോൾ നിഷ്കളങ്കമായി തന്നെ മകനായി ലഭിച്ച സന്തോഷം പങ്കുവെക്കുന്ന ആ അച്ഛനെയും അമ്മയെയും കുറിച്ച് അത്രയേറെ അഭിമാനത്തോടെയാണ് സുരാജ് മക്കളോട് പറഞ്ഞത്.

അവരുടെ വീട്ടിൽ തനിക്ക് ലഭിക്കുന്ന സ്നേഹത്തിന്റെയും പരിഗണനയുടെയും കഥ പറഞ്ഞപ്പോൾ സുരാജിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവ൪ തന്നെ പ്രതീക്ഷിച്ച് കാത്തിരിക്കുകയാണെന്നും എന്തു ചെയ്യണ മെന്നറിയില്ലെന്നും കൂടി പറഞ്ഞപ്പോൾ മക്കളും കൂടെ കരഞ്ഞു. അയാൾ മക്കളെ മാറോട് ചേ൪ത്തു.

പിറ്റേന്ന് അയാൾക്ക് പോകേണ്ട ദിവസമായിരുന്നു. ബാങ്കിലെ സ൪ട്ടിഫിക്കറ്റും മറ്റും മക്കളെ ഏൽപ്പിച്ചു. വീട്ടിൽ ആരോടും കഥകൾ ഒന്നും പറയരുത്‌ എന്നും. കുറേ പണം ബാങ്കിലുണ്ടെന്നറിഞ്ഞാൽ എല്ലാവരും അത് ദിവസങ്ങൾക്കുള്ളിൽ തീ൪ക്കും. അതു പറ്റില്ല, ഇങ്ങനെ കുറേ നാളുകൾ കൂടി കടന്നുപോകട്ടെ, ഇടക്കിടെ വരാം എന്നു പറഞ്ഞു പുറപ്പെട്ടു.

റെയിൽവേസ്റ്റേഷനിൽ വണ്ടിവരാൻ കാത്തിരിക്കുമ്പോൾ അയാൾ കടുത്ത മനഃസ്സംഘ൪ഷത്തിലായിരുന്നു. മക്കളുടെ നിഷ്കളങ്ക മുഖം,‌ അവരോടൊത്ത് കഴിഞ്ഞ കുറേ നല്ല നിമിഷങ്ങൾ… എല്ലാം മനസ്സിലേക്കോടിയെത്തി.

വണ്ടി വന്നുനിന്നിട്ടും കാലുകൾ ഭാരമാ൪ന്നു. ബാബാജിയുടെ ബേട്ടാ എന്ന വിളി അയാളുടെ ചെവിയിൽ മുഴങ്ങി. ശുഷ്കിച്ച ആ വിരലുകൾ തന്റെ തലയിൽ തലോടിയ ആദ്യനിമിഷം ഓ൪ത്തു. വണ്ടിയിൽനിന്നും തള൪ന്നുവീണ തന്റെ വായിലേക്ക് പ്രാണജലം പക൪ന്നുതന്ന മീരാമ്മയുടെ ചിരിക്കുന്ന മുഖം…

സുരാജ് പെട്ടെന്ന് ഒരു തിരത്തള്ളലിലെന്നപോലെ വണ്ടിയിലേക്ക് ഓടിക്കയറി. വണ്ടി ഇരുട്ടിനെ കീറിമുറിച്ച് ചൂളം വിളിച്ചുകൊണ്ട് മുന്നോട്ടു കുതിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *