ഫെബിയുടെ ചോദ്യത്തിന് പറയാൻ എനിക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ തന്നെ ഇനി എന്ത് പറയാനാണ്…….

എഴുത്ത്:-ഹക്കീം മൊറയൂർ

നിനക്കെന്നെ അത്രക്ക് ഇഷ്ടമായിരുന്നെങ്കിൽ അന്നെന്തു കൊണ്ട് എന്നോടത് പറഞ്ഞില്ല?.

ഫെബിയുടെ ചോദ്യത്തിന് പറയാൻ എനിക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ തന്നെ ഇനി എന്ത് പറയാനാണ്.

അവൾക്ക് മൂന്ന് മക്കളായി. എനിക്ക് രണ്ടും. അവളുടെ ഭർത്താവ് സ്നേഹ സമ്പന്നനാണ്. എന്റെ ഭാര്യയും അതേ. ഫെബി എന്റെ ബന്ധത്തിലുള്ള കുട്ടിയാണ്. കുഞ്ഞ് നാള് മുതലേ ഞാൻ കണ്ടു വളർന്നവൾ.

‘അതിന് നിനക്കിഷ്ടമാണോ എന്നെനിക്ക് അറിയണ്ടേ ‘.

എന്റെ ചോദ്യത്തിന് കണ്ണീരിനിടയിലൂടെ അവൾ പുഞ്ചിരിച്ചു.

‘നിന്നോട് മാത്രമല്ലേ ഞാൻ സംസാരിക്കാറുള്ളൂ?’.

അവൾ വീണ്ടും പതിഞ്ഞ സ്വരത്തിൽ പറയാൻ തുടങ്ങി.

‘ എനിക്കെന്ത് കിട്ടിയാലും നിനക്കല്ലേ ഞാൻ പാതി തരാറ് ‘.

അവളുടെ സ്വരം ഇടറാൻ തുടങ്ങിയിരുന്നു.

‘ഷാനിത്തയുടെ കല്യാണ തലേന്ന് നിനക്ക് മാത്രമല്ലേ ഞാൻ മൈലാഞ്ചിയിട്ട് തന്നുള്ളൂ ‘.

മന്ദഹാസത്തോടെ അവൾ വീണ്ടും പറയാൻ തുടങ്ങി.

‘നീ എന്റെ കവിളിൽ നുള്ളി ചുവപ്പിച്ചത് ഓർമയില്ലേ?’.

നാണത്തോടെ എന്നെ നോക്കി കൊണ്ട് അവൾ ചോദിച്ചപ്പോൾ എന്റെ ഓർമ്മകൾ പിറകിലേക്ക് പോയി.

ചെറുപ്പത്തിൽ ഒന്ന് തൊട്ടാൽ ചുവക്കുന്ന മുഖമായിരുന്നു ഫെബിക്ക്. ഞങ്ങൾ ആൺകുട്ടികൾക്ക് അത് കാണാൻ വേണ്ടി മാത്രം അവളുടെ മുഖത്ത് പിച്ചും. ഞാനല്ലാതെ ആര് അവളുടെ ദേഹത്തു തൊട്ടാലും അവൾ നീട്ടി വളർത്തിയ നഖം കൊണ്ട് ദേഹം മാന്തി പൊളിക്കും.

‘നിന്നോട് അത്രയും ഇഷ്ടമുള്ളത് കൊണ്ടല്ലേ ഞാൻ അന്ന് ഒന്നും മിണ്ടാതെ നിന്നത്?’.

‘അതൊന്നു പറഞ്ഞൂടായിരുന്നോ ‘.

എന്റെ സ്വരവും അറിയാതെ ആർദ്രമായി.

‘അതൊക്കെ മനസ്സിലാക്കണ്ടേ?’.

കുറ്റബോധത്തോടെ അവൾ എന്നെ നോക്കി.

‘പെൺകുട്ടികൾ അങ്ങനെ എല്ലാം തുറന്നു പറയില്ല. അതൊക്കെ മനസ്സിലാക്കും എന്ന് ഞാൻ കരുതി ‘.

അവളുടെ സ്വരത്തിൽ നഷ്ടബോധത്തിന്റെ നേരിയ പരിഭവം ഞാൻ അറിഞ്ഞു.

‘നിന്നോട് 1 4 3 എന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ?’.

അവളുടെ കവിൾ പിച്ചാതെ തന്നെ ചുവക്കാൻ തുടങ്ങിയിരുന്നു.

‘ഓർമയുണ്ട് ‘.

ദൂരേക്ക് മിഴികൾ പായിച്ചു കൊണ്ട് അവൾ പറഞ്ഞു.

‘പക്ഷെ അതിന്റെ അർത്ഥം ഐ ലവ് യു എന്നാണെന്നു ഏറെ കാലം കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത് ‘.

വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടു പോയ ഒരു കുട്ടിയുടെ സ്വരമായിരുന്നു അവൾക്കപ്പോൾ.

‘സൗദിയിൽ വെച്ചു ഒരു പാട് തവണ ഞാൻ നിന്റെ വീട്ടിലേക്ക് വിളിച്ചു. നിന്റെ സ്വര മൊന്നു കേൾക്കാൻ ‘.

എന്റെ വാക്കുകളിലും അറിയാതെ നഷ്ട ബോധം തുളുമ്പി നിന്നു.

‘ഓരോ തവണ വിളിക്കുമ്പോഴും എടുക്കുന്നത് നീയായിരിക്കണെ എന്ന് ഞാൻ പ്രാർത്ഥിക്കും. പക്ഷെ..’.

എന്റെ വാക്കുകൾ മുറിഞ്ഞു പോയത് കണ്ടു അവൾ എന്നെ നോക്കി.

‘എന്നോടാരും പറഞ്ഞില്ല ‘.

‘ആരും?’.

‘ഇല്ല ‘.

വാക്കുകൾ നഷ്ടപ്പെട്ടു ഞങ്ങൾ രണ്ടു പേരും മുഖത്തോട് മുഖം നോക്കി നിന്നു.

‘എന്റെ കല്യാണം നിശ്ചയിക്കുന്ന ദിവസം വരെ നീ എന്നെ തേടി വരുമെന്ന് ഞാൻ കരുതി ‘.

മുഖത്ത് നിന്നും നോട്ടം മാറ്റി വിറയാർന്ന സ്വരത്തിൽ അവൾ പറയാൻ തുടങ്ങി.

‘എന്റെ ഇക്കയുടെ മഹർ കഴുത്തിൽ കയറിയ നിമിഷം മുതൽ ഞാൻ നിന്നെ മറക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു’.

‘എന്നിട്ട്?’.

എന്റെ സ്വരത്തിലും അറിയാതെ വിറയൽ നിറഞ്ഞു.

‘ജീവനുള്ള കാലത്തോളം നിന്നെ മറക്കാൻ എനിക്ക് കഴിയില്ല. ‘

നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു കൊണ്ട് അവൾ മോളുടെ അടുത്തേക്ക് നടന്നു പോയി.

അവളുടെ ഭർത്താവിന്റെ കൂടെ നടന്നു പോകുമ്പോൾ എന്നെ തിരിഞ്ഞു നോക്കുമെന്ന് ഞാൻ വെറുതെ കരുതി.

പക്ഷെ….

അവൾ പോയപ്പോൾ എന്തിനെന്നറിയാതെ എന്റെ ഹൃദയവും വേദനിക്കാൻ തുടങ്ങി.

നഷ്ട പ്രണയത്തിന്റെ വേദന….

സഫലമാകാത്ത പ്രണയം എന്നും മനസ്സിനൊരു വിങ്ങലാണ്. മരണം വരെ ഓർമയിൽ അനുവാദമില്ലാതെ കടന്നു വന്നു വേദനിപ്പിക്കുന്ന ഒരു വല്ലാത്ത വിങ്ങൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *