പെയ്തു തോർന്നു പോയ മഴയുടെ അവസാനത്തെ തുള്ളികൾ പുല്ലു മേഞ്ഞ പുരയുടെ…….

Story written by Deva Shiju

“ഡേവിസേ മുത്തേ.. ഒരു കട്ടൻ കാപ്പി എടുക്കട്ടേ?”

തൊട്ടു പിന്നിലെ ജനലരുകിൽ നിന്ന് അപ്രതീക്ഷിതമായി വന്ന ചോദ്യം കേട്ട് വെളുപ്പാൻ കാലത്ത് ന്യൂസ്‌ പേപ്പറിൽ തലയും പൂഴ്ത്തി വരാന്തയിലെ ചാരു കസേരയിൽ അലസനായി കിടന്നിരുന്ന ഡേവിസ് ഒന്നു തകിടം മറിഞ്ഞ് പത്തു നാൽപതു കൊല്ലം പിന്നോട്ടു പോയി.

കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് വെളുപ്പാൻ കാലം. വീടിന്റെ ഉമ്മറത്തു മൺ തറയിൽ അത്ര ഉറപ്പില്ലാതെ കിടന്ന, അനങ്ങുമ്പോൾ കരയാൻ തുടങ്ങുന്ന തടിബഞ്ചിൽ ഒരു കാല് ചന്തിക്കടിയിലേക്കു തിരുകിക്കയറ്റി മറ്റേക്കാല് താഴേക്ക് തൂക്കിയിട്ട് ആട്ടിക്കൊണ്ട് തലേന്നു രാത്രി തകർത്തു പെയ്ത മഴ മറന്നു വച്ചുപോയ തണുപ്പ് അയാൾ മെല്ലെ ആസ്വദിക്കുകയായിരുന്നു.

പെയ്തു തോർന്നു പോയ മഴയുടെ അവസാനത്തെ തുള്ളികൾ പുല്ലു മേഞ്ഞ പുരയുടെ മേൽക്കൂരയിൽ തങ്ങിനിന്ന് കൃത്യമായ ഇടവേളകളിൽ ഇറവാലത്തു കൂടി താഴേക്കു പതിക്കുന്നു.

മുമ്പു പെയ്ത തുള്ളികൾ മണ്ണിൽ തീർത്ത ചെറിയ കുഴിയിലേക്കു തന്നെ ഒരേ ഇടവേളകളിൽ പതിക്കുന്ന വെള്ളത്തുള്ളികൾ കണ്ടപ്പോൾ ഡേവിസിന് തലേന്നു രാത്രിയിലെ മധുരനിമിഷങ്ങൾ ഓർമ്മ വന്നു.

അകം പുറം മാറിപ്പോയതറിയാതെ രാവിലെ വലിച്ചു കേറ്റിയിട്ട സാന്റോ ബനിയന്റെ കയ്യില്ലാത്ത ഭാഗത്തു കൂടി അരിച്ചു കയറിയ ഒരു കുളിര് നെഞ്ചിലെ രോമങ്ങളെ എഴുന്നേൽപ്പിച്ചു നിർത്താൻ തുടങ്ങുമ്പോഴാണ് ചെവിയുടെ പിന്നിൽ ഇളം ചൂടുള്ള ശ്വാസം തട്ടിയത്. ഒപ്പം പതിഞ്ഞ ശബ്ദത്തിൽ ഒരു ചോദ്യവും.

“ഡേവിസേ മുത്തേ.. ഒരു കട്ടൻ കാപ്പി എടുക്കട്ടേ?”

അവൾ എഴുന്നേറ്റു വന്നതും കുളിക്കാൻ പോയതും അറിഞ്ഞിരുന്നേയില്ല. മറുപടി പറയാനല്ല തോന്നിയത്, വലിച്ച് മടിയിലേക്കു ചേർത്തിരുത്തി കുളികഴിഞ്ഞ് പുത്തൻ പച്ചപ്പട്ടത്തോർത്തു കൊണ്ട് പിന്നിലേക്ക് ഒതുക്കിക്കെട്ടിയ മുടിയിൽ നിന്ന് അനുസരണയില്ലാതെ താഴെക്കൂർന്നുവീണ് ഇടതു ചെവിയിലെ ജിമിക്കിക്കമ്മലിൽ താളം തുള്ളുന്ന ചുരുണ്ട മുടിയിഴകളെ പിന്നിലേക്ക് ഒതുക്കി വച്ച് ആ കഴുത്തിന്റെ പിന്നിൽ ഒരു ചുംബനം കൊടുക്കാനായിരുന്നു

അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ട് സംയമനം പാലിക്കുമ്പോൾ തന്റെ കണ്ണിലെ കുസൃതി കണ്ടു പിടിച്ചിട്ടെന്നോണം ഒരു കള്ളച്ചിരിയും ചിരിച്ച് അവൾ അകത്തേക്കു പോയി.

അന്ന് വിറകെരിയുന്ന അടുപ്പിന് മുകളിൽ ചെറിയ അലുമിനിയക്കലത്തിൽ അവളുണ്ടാക്കിയ കട്ടൻകാപ്പിയുടെ അതേ സുഗന്ധം ഇപ്പോൾ വീണ്ടും ഡേവിസിന്റെ മൂക്കിനുള്ളിലേക്ക് ഇരച്ചു കയറി.

“എന്നാലുമെന്റെ ഡേവിച്ചാ ആരൊക്കെ സമ്മതിച്ചാലും നെങ്ങള് സമ്മതിക്കൂന്ന് ഞാൻ വെചാരിച്ചില്ല കേട്ടോ…”

രണ്ടു കയ്യിലും ചില്ലു ഗ്ലാസുകളിൽ ആവി പറക്കുന്ന കട്ടൻ കാപ്പിയുമായി വരാന്തയിലേക്ക് വരുന്നതിനിടെ കുഞ്ഞമ്മ പറഞ്ഞു.

“അതെന്നതാടീ കുഞ്ഞമ്മോ അങ്ങനൊരു വർത്താനം…? അവൻ എന്റെ മാത്രം മോനല്ലല്ലോ നെന്റേം കൂടിയല്ലിയോ…?”

“ആന്നേ… എന്നാലും വയസ്സനാം കാലത്ത് തന്തേം തള്ളേം ഒറ്റക്കാക്കി അവൻ അച്ചിയേം കൊച്ചിനേം വാരിക്കെട്ടി കാനഡയ്ക്ക് പോണത് ശരിയാണോ കുഞ്ഞമ്മേന്ന് എടവകപ്പള്ളീലെ വല്യച്ചൻ ചോദിച്ചപ്പോ എന്റെ ചങ്കൊന്നു പെടഞ്ഞതാ കേട്ടോ… പിന്നേം നെങ്ങള് മല പോലെ നിക്കണ കണ്ടപ്പോ എന്റെ വായീന്ന് ഒച്ച പൊങ്ങിയില്ല.”

“ഓ അതിലിപ്പോ എന്നാ ഇരിക്കുന്നെടീ.. അവരുടെ ജീവിതമല്ലിയോ…? അതുങ്ങടെ ഒരാഗ്രഹത്തിന് എതിരു നിന്നോണ്ട് അവന്റെ മനസ്സു നോവിക്കാൻ പറ്റ്വോ നമ്മക്ക്..?”

“ആ പെണ്ണിന്റെ നിർബന്ധവാ… അല്ലെങ്കിൽ അപ്പനൊണ്ടാക്കിയ പറമ്പീന്നൊള്ള ആദായോം എന്റെ ശമ്പളോം ഒണ്ടെങ്കിൽ നമുക്ക് സുഖമായി ജീവിച്ചു പോകാമെടീയെന്ന് അവൻ എപ്പോഴും പറയുന്നത് കേക്കണതാ…” കുഞ്ഞമ്മ നെടുവീർപ്പിട്ടു.

“അതു നമ്മടെ സ്വാർത്ഥതയല്ലെടീ… അത്രേം കാശു മൊടക്കി കഷ്ടപ്പെട്ട് അവള് പഠിച്ച പഠിപ്പൊക്കെ എന്തിനാ…? ഈ അടുക്കളേൽ നിന്റൊപ്പം വെച്ചൊണ്ടാക്കി ജീവിക്കാനാണേൽ അവനു വേണ്ടി പെണ്ണന്വേഷിച്ച കാലത്ത് വിദ്യാഭ്യാസമൊള്ള മരുമോള് വേണമെന്ന് നമ്മള് നിർബന്ധം പിടിക്കാൻ പാടില്ലായിരുന്നു.”

“എന്താ ഡേവിച്ചോ… പെമ്പിളേം കെട്ട്യോനും കൂടെ പിള്ളേരു പോയെന്റെ സങ്കടത്തിലിരിക്കുവാന്നോ…?”

മണൽ വിരിച്ച മുറ്റത്തിനു തൊട്ടു താഴെ നിന്ന് അയൽക്കാരൻ സുരേന്ദ്രന്റെ അഞ്ചാറു നരച്ച രോമങ്ങൾ മാത്രമുള്ള കഷണ്ടിത്തല പൊങ്ങി വന്നു.

“അല്ലെടാ സുരേ… ഞങ്ങള് ഈ വയസ്സാംകാലത്ത് ഒരു മധുവിധു ആഘോഷിക്കുന്ന കാര്യം ആലോചിക്കുവാ..” ഡേവിസ് ഉറക്കെച്ചിരിച്ചു.

“ആവാല്ലോ… ആവാല്ലോ… പ്രായം ഇച്ചിരി കടന്നിട്ടൊണ്ടന്നെയൊള്ളൂ കുഞ്ഞമ്മ ഇപ്പോഴും എടുപ്പിലും മുഴുപ്പിലും പഴയ മൊതലു തന്നാ…..” സുരേന്ദ്രൻ കുഞ്ഞമ്മയെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.

“അല്ലേലും കന്നന്തരം പറയാൻ ഇന്നാട്ടില് നെന്നെക്കഴിഞ്ഞിട്ടേ ആളൊള്ളൂ സുരേ….” കുഞ്ഞമ്മക്ക് അതങ്ങോട്ട് ഇഷ്ടപ്പെട്ടില്ല.

“ശരിയാ കുഞ്ഞമ്മേ…. എന്റെയീ നാക്കിന്റെ ചൊറിച്ചില് മാറണേൽ എന്നെ കുഴീലോട്ട് എടുക്കേണ്ടി വരും..” തോളത്തു കിടന്ന ചുവന്ന കളറുള്ള തോർത്ത് തറയിലേക്കിട്ടിട്ട് സുരേന്ദ്രൻ വരാന്തയിലേക്കിരുന്നു.

“ഹാ… നീയെന്നാ പണിയാ ഇക്കാണിക്കണത് സുരേ അങ്ങോട്ട് കേറിയിരിക്ക്…” ഡേവിസ് അടുത്തു കിടന്ന കസേര നീക്കിയിട്ടു.

“ഒരു കണക്കിന് നമ്മളിങ്ങനെ വയസ്സും പ്രായോമൊക്കെ ആയിക്കഴിയുമ്പോ മക്കളു അകലേക്ക്‌ പോണതുതന്നാ നല്ലത്……” ഡേവിസ് പറഞ്ഞതു ശ്രദ്ധിക്കാതെ സുര അകലേക്ക്‌ നോക്കിക്കൊണ്ട് പറഞ്ഞു. അയാളുടെ സ്വന്തം ജീവിതം കൺമുന്നിൽ കാണുമ്പോലെ കയ്പ് നിറഞ്ഞ ഒരു ചിരി കണ്ണിന്റെ ഒരു കോണിൽ മാത്രം തങ്ങി നിന്നു.

“എന്നാലും ആ ചെറുക്കൻ കൊച്ചു പോകാൻ നേരം നിന്റെ ചങ്കത്ത്‌ അള്ളിപ്പിടിച്ചു കെടന്നിട്ടു കാറിയ കാറിച്ച… എന്റേം നാരായണീടേം കണ്ണു നെറഞ്ഞു പോയടോ… അതാ ഞങ്ങള് പെട്ടന്നങ്ങു പോയത്…”

ഡേവിസിന്റെ ചുക്കിച്ചുളിഞ്ഞ വിരലുകൾ നെഞ്ചത്തെ നരച്ച രോമങ്ങൾക്കിടയിലൂടെ അയാളറിയാതെ പരതി നടന്നു.

മകന്റെ മകനാണ് ജോക്കുട്ടൻ. ചെറുപ്പം മുതലേ അവന് ഡേവിസിന്റെ ചങ്കത്തു കയറി ആ ചൂടും പറ്റി കിടക്കാൻ വല്ല്യ ഇഷ്ടമായിരുന്നു. രാത്രി കിടന്നുറങ്ങാതെ വലിയ കരച്ചിലും ഒച്ചപ്പാടുമൊക്കെ നടത്തുന്ന ദിവസങ്ങളിൽ പോലും ഡേവിസിന്റെ ചങ്കത്തു കയറിക്കിടന്നാൽ ചെറിയൊരു ചിരിയും ചിരിച്ച് സുഖമായി ഉറങ്ങും ചെക്കൻ.

കഴിഞ്ഞ കൊല്ലം മൂന്നു മൂന്നര വയസ്സു പ്രായമുള്ളപ്പോളാണ് പള്ളിയോടു ചേർന്ന് മഠത്തിലെ കന്യാസ്ത്രീകൾ നടത്തുന്ന നഴ്സറി ക്ലാസ്സിൽ ജോക്കുട്ടൻ പോകാൻ തുടങ്ങിയത്.

ഒരു ദിവസം സിസ്റ്റർ ക്ലാസ്സിൽ കുട്ടികളോട് ഒരു ചോദ്യം ചോദിച്ചു. അവർക്ക് പോകാൻ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏതാണ് എന്ന്.

കുട്ടികൾ മിക്കവാറും പാർക്ക്, അമ്മവീട് അങ്ങനെ ഓരോ ഉത്തരങ്ങൾ പറഞ്ഞപ്പോൾ ജോക്കുട്ടനു മാത്രം ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ…. “ന്റെ വെല്ല്യപ്പത്തന്തെ പൂതത്തങ്ക്.. “

അവന്റെ അമ്മയുടെ സഹായത്തോടെ ‘എന്റെ വല്യപ്പച്ചന്റെ പൂടച്ചങ്ക് ‘ എന്ന അവന്റെ ഇഷ്ടസ്ഥലം മനസ്സിലാക്കിക്കഴിഞ്ഞ് മഠത്തിലെ കന്യസ്ത്രീകൾ ഡേവിസിനെ എപ്പോക്കണ്ടാലും അയാളുടെ നെഞ്ചിലെ നരച്ച രോമങ്ങൾ നോക്കി ചിരിക്കുമായിരുന്നു.

ഇന്നലെ വെളുപ്പാൻ കാലത്ത് പോകാനുള്ള കാർ വന്ന് മകനും മകളും പോകാൻ തയ്യാറായി ഇറങ്ങിക്കഴിഞ്ഞിട്ടും ഡേവിസിന്റെ നെഞ്ചിൽ ഒട്ടിക്കിടന്ന ജോക്കുട്ടൻ പോകാൻ കൂട്ടാക്കിയില്ല. അവസാനം മകൻ ബലമായി എടുത്തുകൊണ്ടു പോകുമ്പോൾ ഉച്ചത്തിലുള്ള കരച്ചിലിനൊപ്പം കുഞ്ഞുകയ്യിൽ ഡേവിസിന്റെ നെഞ്ചത്തെ ഒരു പിടുത്തം നരച്ച രോമങ്ങളുമുണ്ടായിരുന്നു.

“ജോക്കുട്ടനെ കാണാതിരിക്കാൻ നെങ്ങക്ക് കഴിയുമെന്നു തോന്നണൊണ്ടോ ഡേവിസേ….?” സുരേന്ദ്രൻ ഒതുക്കുകല്ലുകൾ ഇറങ്ങി താഴേക്കു നടന്നു മറയുന്നതു നോക്കിക്കൊണ്ട് കുഞ്ഞമ്മ ചോദിച്ചു.

“പണ്ട് കല്യാണം കഴിഞ്ഞ് നെന്നെ കൂട്ടിക്കൊണ്ടു പോരാൻ നേരം നെന്റപ്പന്റെ നെഞ്ചത്ത് വീണു കെടന്ന് നീ കരഞ്ഞോണ്ടു ചോയിച്ചതോർമ്മയൊണ്ടോ കുഞ്ഞമ്മേ…. അപ്പാ, അപ്പനെ പിരിഞ്ഞിരിക്കാൻ ഈ മോക്കു കഴിയൂന്ന് അപ്പൻ വിചാരിക്കണൊണ്ടോന്ന്…. എന്നിട്ടെന്തായി…? ചെറുക്കനെ വയറ്റിലൊള്ളപ്പോ ‘കന്നിപ്രസവമല്ലേ മോളെ വീട്ടിൽ വന്നു നിക്ക് ‘ എന്നു നിന്റമ്മ പറഞ്ഞിട്ടും ‘ഇല്ലമ്മേ ഡേവിസിനെ ഇട്ടിട്ട് ഞാനെങ്ങും വരണില്ല ‘ എന്നു പറഞ്ഞില്ലേ നീയ്യ് …?”

“നല്ല പുകിലായി…. അന്ന് എന്നാ ഒക്കെ പറഞ്ഞിട്ടും എന്നെ കൊണ്ടാക്കിയില്ലേ എന്റെ വീട്ടില്…?”

“അതിനിപ്പോ എന്നാ… ഞാൻ കാണാൻ വരുന്നില്ലാരുന്നോ ഇടയ്ക്കിടെ…?”

“ഉവ്വുവ്വേ… പെറ്റു കെടക്കുന്ന പെണ്ണിന്റെ മുറീല് തൊണ്ണൂറ് കഴിയാതെ കെട്ട്യോനെ കെടത്താൻ പറ്റത്തില്ലെന്ന് അമ്മ പറഞ്ഞെന്റെ പേരില് കൊതിയും തുള്ളി പോന്നില്ലേ…?” കുഞ്ഞമ്മ ചിരിച്ചു കൊണ്ട് എഴുന്നേറ്റു.

“ഇനിയിപ്പോ ചെറുക്കന്റെ ഇഷ്ടത്തിനൊള്ള പലഹാരമൊന്നും വേണ്ടല്ലോ… ഞാൻ എന്തെങ്കിലും കാപ്പിക്ക് ഉണ്ടാക്കട്ടെ…” അകത്തേക്ക് നടന്നു കൊണ്ട് കുഞ്ഞമ്മ പറഞ്ഞു.

അവന്റെ ഇഷ്ടങ്ങൾക്ക് ഒരിക്കലും എതിരു നിൽക്കേണ്ടി വന്നിട്ടില്ല. വിദേശത്ത് ജോലിക്കു പോകുന്ന കാര്യത്തെപ്പറ്റി മകനും മരുമകളും തമ്മിൽ നടക്കുന്ന ചെറിയ ചെറിയ വാഗ്വാദങ്ങൾ പലവട്ടം ചെവിയിൽ വീണിരുന്നു. എന്തുകൊണ്ടോ പോകുന്ന കാര്യം നേരിട്ടു തന്നോടു പറയാനുള്ള ധൈര്യം രണ്ടാൾക്കുമുണ്ടായില്ല.

ഒരു ദിവസം അത്താഴത്തിന് ഒരുമിച്ചിരിക്കുമ്പോൾ താൻ തന്നെ ചോദിച്ചു.

“ഒരുപാട് കാശൊക്കെ ആകുവോടാവേ മൂന്നുപേരും കൂടെ കാനഡക്ക് പോകാൻ…?”

“അയ്യോ അപ്പാ അതിപ്പോ….?”

“വേണമെങ്കീ നമ്മടെ ആ റോഡരുകു തീർത്ത് അര ഏക്കറങ്ങു വിൽക്കടാ ഉവ്വേ അല്ലാതെ അപ്പന്റെ കയ്യിൽ നീക്കിയിരുപ്പൊന്നുമില്ല….”

അവൻ ഒന്നും മിണ്ടിയില്ല. പിറ്റേന്ന് അത്താഴം കഴിഞ്ഞ് ഉമ്മറത്തു ചാരു കസേരയിൽ ജോക്കുട്ടനെ ചങ്കിൽ കയറ്റിക്കിടത്തി താലോലിക്കുമ്പോൾ മകൻ അടുത്തു വന്നിരുന്നു.

“ഞാൻ ഇവനെ അപ്പന്റെ ചങ്കത്തൂന്ന് പറിച്ചോണ്ട് പോണൂന്ന് വീട്ടുകാരെല്ലാം കുറ്റപ്പെടുത്തുന്നു. അപ്പനും അങ്ങനെ തോന്നണൊണ്ടോ?”

“നിന്റെ പേരപ്പൻ ഇല്ലിയോടാ… എന്റെ മൂത്ത ചേട്ടൻ, അവന്റെ മക്കളെല്ലാം വിദേശത്തല്ലിയോ അവൻ ഇടയ്ക്ക് പറഞ്ഞതോർക്കുന്നു. ആരെങ്കിലും വരാനുണ്ടെന്ന കാത്തിരിപ്പിനോളം ജീവിക്കാൻ കൊതിപ്പിക്കുന്ന തൊന്നുമില്ലെന്ന്… ഇനിയിപ്പോ എനിക്കും കുഞ്ഞമ്മക്കും ജീവിതത്തോട് കൊതി തോന്നാൻ തുടങ്ങുവാരിക്കും അല്ലിയോടാവേ…”

വളരെ നാളുകൾക്കു ശേഷം മകന്റെ കൈകൾ തന്റെ പരുപരുത്ത വിരലുകൾ കൊണ്ട് തലോടുമ്പോൾ ഡേവിസിന്റെ ശരീരം മുഴുവൻ ഒരു വിറയൽ ഉണ്ടായിരുന്നു.

അയാൾ പതിയെ പത്രം മടക്കിയെടുത്തു കൊണ്ട് എഴുന്നേറ്റു. അകത്തേക്കു നടന്ന് അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന ഭാര്യയെ നോക്കിക്കൊണ്ട് വാതിലിന്റെ കട്ടിളപ്പടിയിൽ കയ്യെത്തിച്ചു പിടിച്ചു കൊണ്ട് അൽപനേരം നിന്നു.

“കുഞ്ഞമ്മോ…. നീയിതെന്നാ ഒണ്ടാക്കുവാ…?”

കുഞ്ഞമ്മ ഞെട്ടിപ്പിടഞ്ഞു പോയി.

പ്രസവത്തിനു സ്വന്തം വീട്ടിലേക്ക് പോയ ശേഷം നാലു മാസങ്ങൾ കഴിഞ്ഞ് തിരിച്ചു വന്ന ദിവസം. വന്ന പാടേ അമ്മയും അപ്പനും കൂടെ വന്നവരും മോനെക്കാണാനും ലാളിക്കാനും തിരക്കു കൂട്ടുമ്പോഴും കുഞ്ഞമ്മയുടെ കണ്ണുകൾ ഡേവിസിനു വേണ്ടി തിരയുകയായിരുന്നു.

വീടിനുള്ളിലെങ്ങും കാണാതെ വന്നപ്പോൾ ഉള്ളിൽ നിന്ന് എന്തോ ഒന്ന് വിങ്ങൽ പോലെ നെഞ്ചിൽ വന്നു തടഞ്ഞു.

കണ്ണുകൾ നിറഞ്ഞേക്കുമോയെന്നു ഭയപ്പെട്ട് അടുക്കളയിൽ കയറി അടുപ്പിൽ തീ ഊതിക്കത്തിക്കാൻ ശ്രമിക്കുമ്പോൾ കേട്ടു ആ ശബ്ദം.

“കുഞ്ഞമ്മോ…. നീയിതെന്നാ ഒണ്ടാക്കുവാ…?”

തിരിഞ്ഞു നോക്കുമ്പോൾ പിൻവശത്തെ മുറ്റത്തു നിന്ന് അടുക്കള ഇറമ്പിന്റെ വാരിക്കഴുക്കോലിൽ വലതു കൈ എത്തിച്ചു പിടിച്ച് അകത്തേക്ക് എത്തി നോക്കി നിൽക്കുന്നു ഡേവിസ്.

ഒരു കൈലി മുണ്ടാണ് വേഷം. തൊടിയിൽ വാഴയ്ക്കോ തെങ്ങിനോ മറ്റോ തടം കൂട്ടിയിട്ടുള്ള വരവാണ്. കൂന്താലിത്തൂമ്പ ഇടതു തോളിൽ വിശ്രമിക്കുന്നു. ദേഹം മുഴുവൻ കറുത്ത മൺ തരികളും അവയെ നനയിച്ചു കൊണ്ടൊഴുകുന്ന വിയർപ്പു ചാലുകളും.

നിന്നിടത്തു നിന്ന് ഒരു കുതിപ്പു കുതിക്കാനും വിയർപ്പ് ചാലിട്ടൊഴുകുന്ന ആ ശരീരം ഇറുകേപ്പുണർന്ന് ആ കവിളിൽ മുഖം ചേർക്കാനും മനസ്സു കൊതിച്ചതാണ്. അമ്മയുമച്ഛനുമടക്കം വീട്ടിലുള്ളവരുടെ സാമീപ്യം കൊണ്ട് അന്നാ ആഗ്രഹം മനസ്സിൽ തന്നെ ഒതുക്കി.

പക്ഷേ ഇന്ന് ആർക്കും വേണ്ടി കാത്തു നിൽക്കാൻ കുഞ്ഞമ്മയുടെ മനസ്സ് ഒരുക്കമല്ലായിരുന്നു.

മുറുകെപ്പുണർന്ന് നെഞ്ചിലെ നരച്ച രോമങ്ങൾക്കിടയിലൂടെ മുഖം ചേർത്ത് ഉരസുമ്പോൾ ഡേവിസിന്റെ വിരലുകൾ അവരുടെ ഇനിയും പൊഴിഞ്ഞു തീരാൻ ബാക്കിയുള്ള മുടിയിഴകൾക്കിടയിലൂടെ എന്തിനോ വേണ്ടി പരതി.

“ജോക്കുട്ടനു മുൻപേ ഈ നെഞ്ചിന്റെ അവകാശി ഞാനല്ലേ…?”

“മക്കൾ ദൂരെമായിരുന്നില്ലാ എങ്കിൽ സുന്ദരമായ ഒരുപാട് ഓർമ്മകൾ എവിടെ യൊക്കെയോ എന്നെന്നേക്കുമായി മറന്നു വച്ചേനെ നമ്മൾ….”

“അവർ ദൂരമായതു നന്നായി എന്നാണോ…?”

“ഹേയ്…. നമുക്ക് ജീവിതത്തോട് കൊതി തോന്നാൻ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിന്റെ മധുരം തന്നിട്ടല്ലേ അവർ പോയത്…”

അയാൾ അവരെ അല്പം കൂടി തന്നിലേക്ക് ചേർത്തു നിർത്തുമ്പോൾ കുഞ്ഞമ്മ ഡേവിസിന്റെ കാതിൽ ചോദിച്ചു.

“മധുവിധുവിന് അങ്ങനെ പ്രത്യകിച്ചു പ്രായമൊന്നുമില്ലെന്ന് സുര പറഞ്ഞത് നേരാണല്ലേ….?”

“എന്തു പ്രായം…..ശരീരമല്ലല്ലോ തളർച്ചയില്ലാത്ത മനസ്സുകളല്ലേ മധുവിധു ആസ്വദിക്കുന്നത്…”

ഡേവിസ് ചിരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *