ബെഡ്‌റൂമിലെ വൈകൃതങ്ങൾ.. പെണ്ണെന്നാൽ തന്റെ ഉ പഭോഗ വസ്തു മാത്രം ആണെന്നുള്ള മട്ടിൽ ആയിരുന്നു മഹി അവളെ കീഴ്പ്പെടുത്തിയിരുന്നത്…….

മഴനൂൽ കനവ്

എഴുത്ത് :- ലൈന മാർട്ടിൻ

“നീയെന്തിനാ ഇവിടെ കയറി ഇരിക്കുന്നെ? പുറകിലെങ്ങാനും പോയിരിക്ക്.. അല്ലെങ്കിൽ തന്നെ നീ എന്തിന് വരണം ഇപ്പോൾ ഞങ്ങളുടെ കൂടെ”? അമ്മാവൻ പറയുന്നത് കേട്ട് വണ്ടിയിൽ നിന്നിറങ്ങി ഗൗരി പുറത്തേക്ക് നിന്നു, താൻ ഇറങ്ങി മാറിയ സീറ്റിൽ ഇരുന്നു കൊണ്ട് വലിയമ്മയുടെ മകൾ പരിഹസിച്ചു ചിരിക്കുന്നത് കണ്ടു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ടവൾ തിരികെ വീട്ടിലേക്ക് നടന്നു..

അല്ലെങ്കിലും ഇത് ആദ്യമായല്ല ഈ പരിഹാസവും, അപമാനവും, എല്ലാവർക്കും അപമാനിക്കാൻ, ശിക്ഷിക്കാൻ, കുറ്റപ്പെടുത്താൻ ദൈവം സൃഷ്ടിച്ചതാകും തന്നെ..അല്ലെങ്കിൽ തന്റെ അമ്മക്ക് ഭ്രാന്ത് വരുമോ, അച്ഛൻ ഉപേക്ഷിച്ചു പോകുമോ.. എന്നാലും എനിക്കെന്തേ ദൈവം നല്ല ബോധത്തോടെ എന്നെ സ്നേഹിക്കാൻ കഴിയുന്ന ഒരു അമ്മയെ തന്നില്ല.. എന്റെ അമ്മക്ക് അസുഖം ഇല്ലായിരുന്നു എങ്കിൽ ആരും തന്നെ അപമാനിക്കില്ലായിരുന്നു..ആ പതിമൂന്ന് വയസുകാരിയുടെ കണ്ണീരിന് ഉത്തരം പറയാൻ ആരുമില്ലാതെ പോയി..

“ഗൗരി”…. മുത്തശ്ശി വിളിക്കുന്നത്‌ കേട്ട് അവൾ ഉമ്മറത്തേക്ക് ചെന്നു.. “മോളെന്താ അകത്തേക്ക് പോയത്? വന്നു വണ്ടിയിൽ കയറ്..” അവൾ മറുപടി പറയാനാകാതെ അമ്മാവനെ നോക്കി

“അമ്മക്കിതെന്തിന്റെ കുഴപ്പമാ? അവൾ കൂടി വന്നാൽ അമലയുടെ കാര്യം ആര് നോക്കും? അവളല്ലേ അമലയുടെ മോള്, അമലയെ നോക്കാൻ അവളിവിടെ നിൽക്കട്ടെ… അമ്മ കയറ് ” നേരം പോകുന്നു..”

“അമലയെ നോക്കാൻ ഗൗരിയേക്കാൾ കടമ എനിക്കുണ്ട്.. കാരണം ഞാൻ ആണവളുടെ അമ്മ അത് കഴിഞ്ഞേ ഗൗരി അവൾക്ക് മകൾ ആകുന്നുള്ളൂ.. നിങ്ങൾ പൊയ്ക്കോ.. ഞാൻ വരുന്നില്ല സിനിമക്കൊന്നും…” മുത്തശ്ശിയുടെ വാക്കുകൾ കേട്ട് ദേഷ്യം കടിച്ചമർത്തി അമ്മാവൻ വണ്ടിയുടെ ഡോർ വലിച്ചടച്ചു

“ചെറുമകളെ കൂടെ കൂട്ടാത്ത ദേഷ്യം ആണ് അമ്മൂമ്മക്ക്,Nഅവളില്ലാതെ പറ്റില്ലല്ലോ അവർക്ക്, മക്കളായ നമുക്ക് പോലും രണ്ടാം സ്ഥാനമേയുള്ളു ഏട്ടാ…” വലിയമ്മ പുച്ഛത്തോടെ അത് പറഞ്ഞു കൊണ്ട് തന്റെ മുഖത്തേക്ക് നോക്കുന്നത് കണ്ട ഗൗരി തെറ്റ് ചെയ്തവളെ പോലെ തല കുനിഞ്ഞു നിന്നു..

വണ്ടി അകന്നു പോയ ശബ്ദം കേട്ടവൾ തല ഉയർത്തി നോക്കുമ്പോഴേക്കും രണ്ട് മെല്ലിച്ച കൈകൾ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.. പെയ്യാൻ വെമ്പി നിന്ന മേഘം പോലെ അവളുടെ കണ്ണീരിൽ ആ വൃദ്ധയുടെ മാ റിടം നനഞ്ഞു…

“കരയരുത്.. നീ.. കരയാൻ നീ നിന്നാൽ നിന്നെ കരയിക്കാൻ മാത്രേ മറ്റുള്ളവർ ശ്രമിക്കൂ.. ധൈര്യത്തോടെ നേരിടണം മോളെ ജീവിതത്തിൽ എന്തിനെയും.. നന്നായി പഠിച്ചു ഒരു ജോലി നേടണം, ആരെയും ആശ്രയിക്കാതെ… മുത്തശ്ശി പറയുന്നത് മോൾക്ക് മനസ്സിലാകുന്നുന്നുണ്ടോ?”

“മം ” അവളപ്പോൾ സ്വപ്നം കാണുകയായിരുന്നു നന്നായി പഠിച്ചു തന്റെ ഇഷ്ട ജോലി ആയ നേഴ്സ് ആകുന്നതു.. തന്റെ അമ്മയെയും അമ്മൂമ്മയെയും സംരക്ഷിക്കുന്നത്… പക്ഷെ ഗൗരിയുടെ സ്വപ്നങ്ങൾ ഒക്കെ സ്വപ്‌നങ്ങൾ ആയി തന്നെ അവശേഷിച്ചു… പത്താം ക്ലാസ്സ്‌ നല്ല മാർക്കൊടെ പാസായിട്ടും തുടർന്ന് പഠിക്കാൻ അമ്മാവൻ സമ്മതിച്ചില്ല..

“പെൺകുട്ടികൾക്ക് ഈ പഠിപ്പിന്റെ ഒക്കെ ആവശ്യമേയുള്ളു…”

അയാളുടെ വാക്കിനെ ധിക്കരിച്ചു കൊണ്ട് മുത്തശി അവളെ പ്ലസ് ടു വിന് ചേർത്തു.. അവൾ വിദ്യാഭ്യാസം നേടുക എന്നുള്ളത് അവളുടെയും മുത്തശ്ശി യുടെയും മാത്രം ആവശ്യമായിരുന്നു ആ വീട്ടിൽ.. അത് കൊണ്ട് തന്നെ അവൾക്കെതിരെ ഉള്ള അപവാദ പ്രചരണങ്ങളിലൂടെ അവളുടെ മനോവീര്യം ഇല്ലാതാക്കാൻ സ്വന്തം കുടുംബം തന്നെ തന്നെ ശ്രമിച്ചു…

പ്ലസ് ടു കഴിഞ്ഞു ഗൗരിയുടെ ആഗ്രഹം പോലെ നഴ്സിംഗ് ന് ചേർന്ന സമയത്താണ് വെള്ളിടി പോലെ മുത്തശ്ശി വീണു പോയത്… കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ വന്ന മുത്തശ്ശിയെ കണ്ണീർ സാക്ഷി ആക്കി അവസരം മുതലെടുത്തു തന്നെക്കാൾ പ്രായ വ്യത്യാസം ഒരുപാടുള്ള മഹിയുമായി അമ്മാവൻ വിവാഹം നടത്തി വിടുമ്പോ പ്രതികരിക്കാൻ പോലും കഴിയാതെ ഗൗരി തളർന്നു പോയിരുന്നു…

തനിക്കിനി മറ്റൊരു ആശ്രയം ഇല്ലെന്നുള്ള തോന്നലിൽ നിന്നാകാം ആ ജീവിതത്തെയും തന്റെ കഴുത്തിൽ താലി കെട്ടിയ ആളെയും അവൾ അംഗീകരിക്കാൻ ശ്രമിച്ചു.. പക്ഷെ എത്രയൊക്കെ അംഗീകരിക്കാൻ ശ്രമിച്ചിട്ടും ഒരു പൊരുത്തക്കേട് പോലെ മഹിയുടെ ചില ശീലങ്ങൾ.

ബെഡ്‌റൂമിലെ വൈകൃതങ്ങൾ.. പെണ്ണെന്നാൽ തന്റെ ഉ പഭോഗ വസ്തു മാത്രം ആണെന്നുള്ള മട്ടിൽ ആയിരുന്നു മഹി അവളെ കീഴ്പ്പെടുത്തിയിരുന്നത്.. അയാളുടെ ഇഷ്ടങ്ങൾ അനുസരിച്ചില്ലെങ്കിൽ ഉള്ള മാരകമായ ശാ രീരിക ഉപദ്രവം…

അതിനൊന്നും പരിഹാരം കാണാനാകാതെ ആരോടും ഒന്നും പറയാനാകാതെ ഗൗരി പുറമെ ചിരിച്ചു കൊണ്ട് ഉള്ളിൽ കരഞ്ഞു തീർത്തു.. എങ്കിലുമവൾ അവനെ സ്നേഹിക്കാൻ ശ്രമിച്ചു.. മുത്തശ്ശിയെ കാണാൻ വീട്ടിലേക്ക് ഒന്നു പോകാൻ ഉള്ള അനുവാദം ചോദിച്ചു ഗൗരി മഹിയുടെ മുൻപിൽ നിന്നു …

“നിന്റെ അമ്മാവൻ ബാധ്യത ഒഴിവാക്കിയത് പോലെ നിന്നെ എന്റെ തലയിൽ വച്ചു തന്ന ദിവസം കഴിഞ്ഞു അവിടവുമായുള്ള ബന്ധം, ഇനി അങ്ങോട്ടേക്ക് പോകാമെന്നു നീ വിചാരിക്കണ്ട,അല്ലെങ്കിലും അവിടെ ആർക്കും നീ അങ്ങോട്ട് ചെല്ലണം എന്നൊന്നുമില്ല, അടങ്ങിയൊതുങ്ങി ഇവിടെങ്ങാനും കിടക്കാൻ നോക്ക്…”

തന്റെ കാൽ ചുവട്ടിലെ വെറുമൊരു പുഴുവായി ആണ് അയാൾ തന്നെ കണ്ടിരിക്കുന്നത് എന്നറിഞ്ഞിട്ടും…ആത്മാഭിമാനം പലവട്ടം മുറിവേറ്റിട്ടും…തിരികെ കയറി ചെന്നാൽ അമ്മാവന്റെ രോഷവും മുത്തശ്ശിയുടെ കണ്ണീരും കാണേണ്ടി വരുമെന്നോർത്ത് അവൾ അവിടെ എരിഞ്ഞടങ്ങി…..

ഇതിനിടയിൽ താൻ ഒരു അമ്മയാകാൻ പോകുന്നു എന്നുള്ള അറിവ് അവളിൽ പുഞ്ചിരി വിടർത്തി.. പുതു സ്വപ്നങ്ങൾക് ചിറക് മുളച്ചു…തനിക്കായൊരാൾ വരാൻ പോകുന്നു… തന്റെ സ്വപ്നങ്ങൾക്ക് ആകാശം തേടാൻ.. തന്റെ കണ്ണീർ തുടച്ചു ചേർത്ത് പിടിക്കാൻ…. തന്റേതെന്നു അവകാശപെടാൻ ഒരാൾ വരുന്നു…അവൾ പതിയെ തന്റെ വയറിൽ തലോടി..

എന്നാൽ ആ സന്തോഷ വർത്തയറിഞ്ഞ മഹിയുടെ പ്രതികരണം അവളെ പാടെ തളർത്തി കളഞ്ഞു…

“ഇപ്പോഴേ വേണ്ടാ, ഒന്ന് പ്രസവിച്ചാൽ പിന്നെ നിന്നെ എന്തിന് കൊള്ളാം? അത് മാത്രം അല്ല കൊച്ചായി കഴിഞ്ഞാൽ നിനക്ക് എന്നെ ശ്രദ്ധിക്കാൻ നേരം ഒണ്ടാകില്ല.. അത് കൊണ്ടിപ്പോ കൊച്ചൊന്നും വേണ്ടാ.. ഇത് കളയാം ” കൊച്ചുങ്ങൾ വേണമെന്ന് പോലും ഞാൻ ചിന്തിക്കുന്നില്ല “

“പറ്റില്ല എനിക്കെന്റെ കുഞ്ഞിനെ വേണം “

അയാളുടെ വികലമായ മനസിന്റെ ചിന്തകൾ തിരിച്ചറിഞ്ഞ ഗൗരി അന്നാദ്യമായി അയാൾക്ക് നേരെ ഒച്ച ഉയർത്തി.. എന്നാൽ തനിക്ക് നേരെ ആദ്യമായ് ഉയർന്ന ഗൗരിയുടെ ശബ്ദം അയാളിൽ ആദ്യമൊരു പകപ്പ് ഉണ്ടാക്കി.. പതിയെ അയാളിലെ മൃഗം ഉണർന്നു അവൾക്കു നേരെ കുതിച്ചു,

“എന്നെ അനുസരിച്ചില്ലെങ്കിൽ ബാക്കി വച്ചേക്കില്ലാ നിന്നെ ഞാൻ” ഗൗരിയുടെ നേർക്ക്‌ ആക്രോശിച്ചു കൊണ്ട് മഹി അവളുടേ കഴുത്തിനു പിടിച്ച് ചുമരോട് ചേർത്തു നിർത്തി..

“എന്റെ കുഞ്ഞാണിത്.. ഇതിനെ കൊ ല്ലാമെന്നു വിചാരിക്കണ്ട, സമ്മതിക്കില്ല ഞാൻ..”

തുടർന്ന് അയാൾ അവളുടെ ദേഹത്ത് ഏൽപ്പിച്ച ഓരോ പ്രഹരങ്ങൾക്കും ഒപ്പം ഒരു ഭ്രാന്തിയെ പോലെ അവൾ പറഞ്ഞു കൊണ്ടേയിരുന്നു” തന്നിൽ നിന്നും അവസാന സ്പന്ദനവും മിടിച്ചു നിൽക്കുന്നതായി തോന്നിയ അവൾ പതിയെ ചുമരിലൂടെ ഊർന്നു താഴെക്കിരുന്നു…

“ഗൗരി.. മോളെ…”

മുത്തശ്ശിയുടെ വിളി കേട്ടാണ് ഗൗരി കണ്ണ് തുറന്നത്.. തറയിൽ തനിക്ക് ചുറ്റും തളം കെട്ടി കിടക്കുന്ന ചോരയിൽ ചവിട്ടി അവൾ പതിയെ എഴുന്നേറ്റു.. കഠിനമായ വേദനയിൽ വേച്ചു വീഴുമെന്ന് തോന്നിയിട്ടും അവൾ കാലുറപ്പിച്ചു നടന്നു ബാത്‌റൂമിൽ ചെന്ന് മുഖം കഴുകി വസ്ത്രം മാറി പുറത്തേക്കു നടന്നു .. റൂമിലോ, ഹാളിലോ മഹിയെ കണ്ടില്ല.. മ രിച്ചെന്നു ഉറപ്പിച്ചു ഉപേക്ഷിച്ചു പോയതാകും,

അവൾ ഗേറ്റ്നു അടുത്ത് ചെന്നു ആദ്യം വന്ന ഓട്ടോക്ക് കൈകാണിച്ചു…. വീടിന്റെ ഗേറ്റിന് മുൻപിൽ എത്തിയപ്പോഴേ ഗൗരി കണ്ടു മുറ്റത്തുള്ള ആൾക്കൂട്ടം! കൂടി നിന്നവർക്കിടയിലൂടെ വേച്ചു പോകുന്ന കാല് നിലത്തുറപ്പിച്ചു പതിയെ അവൾ അകത്തേക്ക് കയറി..

ഹാളിലെ തറയിൽ കത്തിച്ചു വയ്ച്ച നിലവിളക്കിന് മുൻപിലായ് തന്റെ ആശ്രയം ചലനമറ്റ് കിടക്കുന്നതു കണ്ടവൾ തളർന്നു താഴെക്കിരുന്നു..

ഗൗരിയെ കണ്ടു അവളുടെ അമ്മാവന്റെയും വലിയമ്മയുടെയും മുഖം ദേഷ്യം കൊണ്ട് ചുവന്നു. മരണനന്തര ചടങ്ങുകൾ കഴിഞ്ഞു എല്ലാവരും പോയി തുടങ്ങി…കണ്ണുകൾ കൊണ്ട് വല്യമ്മയെ അകത്തേക്ക് വിളിച്ചു അമ്മാവൻ പോകുന്നത് നോക്കി ഗൗരി ഇരുന്നു

“ഇവളോട് വിളിച്ചു പറയരുതെന്നു ഞാൻ പറഞ്ഞതല്ലേ”..?

അയാൾക്ക് പിറകിലായി എത്തിയ പെങ്ങളോട് കയർത്തു സംസാരിച്ചു കൊണ്ടയാൾ മുഖം അമർത്തി തുടച്ചു..

“ഞാൻ ഒന്നും വിളിച്ചു പറഞ്ഞില്ല ഏട്ടാ”…

“ഇനിയിപ്പോ അമ്മ ഈ വീടെഴുതി വച്ചേക്കുന്നത് അവളുടെ അമ്മയുടെ പേരിൽ ആണ് എന്നറിഞ്ഞിട്ടുള്ള വരവാകുമോ?” എന്ത് വന്നാലും അമലയെ ഇവൾക്ക് വിട്ട് കൊടുക്കരുത്..” ആലോചനയോടെ തല തടവി കൊണ്ടയാൾ പറഞ്ഞു,

മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അവർ പെട്ടെന്ന് മുന്നിൽ ഗൗരിയെ കണ്ടു തറഞ്ഞു നിന്നു. അമ്മാവനെയും വല്യമ്മയെയും നോക്കി പുച്ഛത്തിൽ ചിരിച്ചു കൊണ്ട് ഗൗരി മുറിക്കുള്ളിലേക്ക് കടന്നു ചെന്നു…

“ഞാൻ എന്റെ അമ്മക്ക് അവകാശപ്പെട്ട സ്വത്തിന് വേണ്ടി വന്നതാണ് എന്ന് വിചാരിച്ചാണോ നിങ്ങൾ രണ്ടാളും ഈ ഗൂഢാലോചന നടത്തുന്നത്.? എന്റെ സ്വത്തു ആയിരുന്നു ദാ അവിടെ ചലനമറ്റ് കിടന്നത്.. ..ആ ആശ്രയം തേടിയ ഞാൻ വന്നത്.. ഇനിയീ ഭൂമിയിൽ എന്നെ ചേർത്ത് പിടിക്കാൻ, കരയരുത് മോളെ എന്ന് പറയാൻ ആരുമില്ല ഒറ്റക്കാക്കി പോയി.. നിൽക്കുന്നില്ല ഞാൻ … ഇറങ്ങുവാണ്.. ആ ശ്വാസവും ഗന്ധവുമില്ലാത്ത ഈ വീട്ടിൽ ഞാൻ എന്തിന് നിൽക്കണം.. “

“പിന്നെ ഈ വീട് എന്റെ അമ്മയുടെ പേരിലാണ് എന്നറിയാൻ നിങ്ങൾക്ക് എന്റെ മുത്തശ്ശിയുടെ മരണംവരെ കാത്തിരിക്കേണ്ടി വന്നു, പക്ഷെ എനിക്കിതു അന്നേ അറിയാമായിരുന്നു.. ഇനി നിങ്ങൾക്ക് അറിയാത്ത ഒന്നു കൂടി പറഞ്ഞു തരാം..

എന്റെ അമ്മയുടെ മരണ ശേഷം എനിക്ക് മാത്രം ആണ് ഈ വീടിന് അവകാശം എന്ന് മുത്തശ്ശി അതിൽ എഴുതി ചേർത്തിട്ടുണ്ട്.. സംശയം ഉണ്ടെങ്കിൽ വക്കീലിനോട് വിളിച്ചു ചോദിക്കാം.. രേഖകളുടെ പകർപ്പ് വക്കീലിന്റെ കൈയിൽ ഉണ്ട്.. ഒർജിനൽ എന്റെ കൈയിലും,

അതായത് ഇനി എന്റെ അമ്മയുടെ ആയുസിന് വേണ്ടി പ്രാർത്ഥിക്കുകയും അവർക്ക് വേണ്ടത് ചെയ്തു കൊടുക്കുകയും ചെയ്യേണ്ടത് നിങ്ങളുടെ കടമ ആണെന്ന്.. എന്റെ അമ്മക്ക് എന്തെങ്കിലും സംഭവിക്കുന്ന നിമിഷം ഞാൻ നിങ്ങളെ ഇവിടുന്നു ആട്ടിയിറക്കും.. പലപ്പോഴും എന്നെ ആട്ടിയോടിച്ചത് പോലെ..

ഗൗരിയുടെ കണ്ണിലെ പകയുടെ കനലിൽ താൻ വെന്തെരിയുന്നുണ്ടെന്നു അയാൾക്ക് തോന്നി.. ഇറങ്ങുവാ ഞാൻ ഇപ്പോൾ.. എന്റെ ഔദാര്യത്തിൽ ആണ് നിങ്ങൾ എല്ലാവരും ഇവിടെ താമസിക്കുന്നത് എന്ന് മറക്കണ്ട “

വീട് വിട്ടിറങ്ങിയ ഗൗരി ആദ്യം പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു തന്നെ ശാരീ രികമായും മാനസികമായും ഉപദ്രവിച്ചു തന്റെ കുഞ്ഞിനെ ഇല്ലാതാക്കിയ മഹിക്കെതിരെ കൊ ലക്കുറ്റം ആരോപിച്ചു കൊണ്ട് അവൾ കേസ് കൊടുത്തു.. നടപടിയുടെ ഭാഗമായി അയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു .. പോലീസ് ലോക്കപ്പിൽ നിന്നു മാപ്പിരക്കും പോലെ ദയനീയമായി തന്നെ നോക്കിയ മഹിയെ കാണവേ അയാളുടെ കാൽചുവട്ടിൽ ഒരു പുഴുവിനെ പോലെ ഇഴഞ്ഞ നിമിഷങ്ങൾ, പ്രാണൻ ഉരുവിടും മുൻപ് അയാൾ അടിച്ചും തൊഴിച്ചും ഇല്ലാതാക്കിയ തനിക്ക് ആശ്രയം ആകേണ്ടിയിരുന്ന തന്റെ ചിറകുകൾ….. ഒക്കെ അവൾ ഓർത്തു, അയാൾക്ക് ഒരിക്കലും മാപ്പ് നൽകാൻ കഴിയില്ല എന്ന തിരിച്ചറിവിൽ പകയോടെ അവൾ മഹിയെ നോക്കി നിന്നു

ഒരു ഹോസ്പിറ്റലിലെ റിസപ്ഷനിൽ താത്കാലികമായി ജോലി ചെയ്തു കൊണ്ടവൾ തുടർന്ന് പഠിച്ചു… അവളുടെ പ്രിയപ്പെട്ട ജോലി ആയ ആതുര സേവനം എന്ന സ്വപ്നം നേടിയെടുത്തു കൊണ്ടവൾ സ്വന്തം കാലിൽ ചുവടുറപ്പിച്ചു നിന്നു…

ഓരോ ഉറക്കത്തിനും ഉണർവിനുമിടക്ക് അവൾ കേട്ടു… അവളുടെ മുത്തശ്ശിയുടെ സ്വരം.. ഓരോ ചുവടുകളും കാലുറപ്പിച്ചു വയ്ക്കാൻ അവളെ പ്രാപ്തയാക്കിയ ആ വാക്കുകൾ…..

“ധൈര്യത്തോടെ നേരിടണം മോളെ ജീവിതത്തിൽ എന്തിനെയും.. “

Related Posts

Leave a Reply

Your email address will not be published. Required fields are marked *