മോളെ നീയെന്തിനാ ആ സ്ത്രീയോട് ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നത്. അവർ ഒരു ചീത്ത സ്ത്രീയാണ്……

സ്ത്രീ

Story written by Sumi

മോളുടെ കയ്യും പിടിച്ച് സ്കൂളിലേയ്ക്ക് നടക്കുന്നതിനിടയിലാണ് തൊട്ടടുത്ത വീട്ടിലെ ശോഭ എന്ന സ്ത്രീ എതിരെ വന്നത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞുള്ള വരവാണെന്ന് സുമേഷ് ചിന്തിച്ചു. അയാൾ നിലത്ത് മിഴികളൂന്നി നടക്കാൻ തുടങ്ങവേ അനുമോൾ കയ്യിൽ നീട്ടിയൊന്നു വലിച്ചു,

” അച്ഛാ….. ദേ നോക്ക്… അപ്പുറത്തെ വീട്ടിലെ ശോഭയാന്റി….” അതും പറഞ്ഞുകൊണ്ട് എട്ടു വയസ്സുകാരി ആ സ്ത്രീയെ നോക്കി ചിരിച്ചു. അവർ തിരിച്ചും.

അല്പം മുന്നോട്ട് നടന്നപ്പോൾ സുമേഷ് മകളെ വഴക്കുപറയുന്നത് ശോഭ കേട്ടു.

” മോളെ നീയെന്തിനാ ആ സ്ത്രീയോട് ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നത്. അവർ ഒരു ചീത്ത സ്ത്രീയാണ് “

” ചീത്ത…. സ്ത്രീ എന്നു പറഞ്ഞാൽ എന്താ അച്ഛാ….”

” അതിപ്പോൾ പറഞ്ഞാൽ മോൾക്ക് മനസ്സിലാകില്ല…. വലുതാകുമ്പോൾ മനസ്സിലാകും. ഇനി അവരോട് മിണ്ടാൻ നിൽക്കരുത് കേട്ടോ…” താക്കീതു പോലുള്ള അച്ഛന്റെ വാക്കുകൾ ആ കുട്ടിയുടെ കണ്ണുകളിൽ ഭയത്തിന്റെ വിത്തുകൾ പാകി.

മുന്നോട്ട് നടക്കാൻ തുടങ്ങിയ ശോഭയുടെ കാതുകളിൽ കൂരമ്പുപോലെയാണ് ആ വാക്കുകൾ പതിച്ചത്. എങ്കിലും ചുണ്ടിൽ ഒരു പരിഹാസച്ചിരി വിടർന്നു.

‘ പാവം കുട്ടി….. തെറ്റും ശരിയും തിരിച്ചറിയാത്ത പ്രായത്തിൽ ആര് എന്തു പറഞ്ഞാലും അവൾ വിശ്വസിക്കും…..’

നിഷ്കളങ്കമായ ആ ബാല്യത്തോട് ശോഭയ്ക്ക് സഹതാപമാണ് തോന്നിയത്. തിരിച്ചറിവ് ആകുന്ന പ്രായത്തിൽ ആ കുട്ടി എല്ലാം മനസ്സിലാക്കും. അല്ലെങ്കിൽ ഒരുപക്ഷെ നന്മയ്ക്ക് നേരെ കണ്ണടച്ചുകൊണ്ട് തെറ്റുകൾ ചികയുന്ന ചില മനുഷ്യരെപോലെ അവളുടെ ചിന്തകളും മാറുമായിരിക്കും. എന്തായാലും തനിക്കെന്താ…. എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ശോഭ വീട്ടിലേയ്ക്ക് നടന്നു.

മുറ്റത്ത് എത്തിയപ്പോഴേ കണ്ടു പടിവാതിലിൽ തന്നെയും കാത്തിരിക്കുന്ന മകനെ. സ്കൂൾ യൂണിഫോമിലാണ് ആൾ. അമ്മയെക്കണ്ടതും ആ പത്തുവയസ്സുകാരൻ അപ്പു ഓടി അടുത്തെത്തി.

” അമ്മേ…..” അവൻ ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു. മകന്റെ തല പിടിച്ചുയർത്തി നെറുകയിൽ ഒരുമ്മ കൊടുത്തു ആ അമ്മ.

” മോനുട്ടാ….. അമ്മമ്മ എഴുന്നേറ്റില്ലേ…..”

” എണീറ്റമ്മേ…… അടുക്കളയിൽ ജോലിയിലാണ്….”

” മോനുവിന്റെ ബസ് ഇതുവരെ വന്നില്ലേ….”

” ഇല്ലമ്മേ….” പറഞ്ഞു തീർന്നതും സ്കൂൾ ബസിന്റെ ഹോൺ കേട്ടു. അപ്പു ബാഗുമായി വണ്ടിക്കടുത്തെയ്ക്ക് ഓടി. അതിനിടയിൽ അമ്മയെ കൈവീശി കാണിച്ചു അവൻ. മകന് റ്റാറ്റാ കൊടുത്ത് ശോഭ വീടിനകത്തേയ്ക്ക് കയറി.

ശോഭ അടുക്കളയിലേയ്ക്ക് ഒന്ന് എത്തിനോക്കി. അമ്മ തിരക്കിട്ട് ജോലികൾ ചെയ്യുന്നു.

” അമ്മേ….. ഒരു ഗ്ലാസ്സ് കാപ്പി കിട്ടുമോ….. വല്ലാത്ത ക്ഷീണം…..”

” മേശപ്പുറത്തിരിക്കുന്ന ഫ്ലാസ്‌കിൽ ഉണ്ട് മോളെ…. എടുത്ത് കുടിക്കു.”

” ശരി അമ്മേ….”

തീന്മേശയിലെ ഫ്ലാസ്‌കിൽ നിന്നും ആവിപറക്കുന്ന കാപ്പി ഒരു ഗ്ലാസിലേയ്ക്ക് പകർന്ന് അവൾ തന്റെ റൂമിലേയ്ക്ക് കയറി.

ശോഭ സിറ്റിയിലെ ഒരു പേരുകേട്ട ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലിനോക്കുകയാണ്. രാത്രിയും പകലും മാറിമാറിയുള്ള ജോലിയിൽ മകനെ ഒന്ന് ശ്രദ്ധിക്കാൻ പോലും സമയം കിട്ടാറില്ല. അപ്പുമോന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് അവളുടെ അമ്മയാണ്. മകനെ കാണുന്നതുതന്നെ വളരെ അപൂർവ്വമായാണ്. കുഞ്ഞിനെ ഒന്ന് സ്നേഹത്തോടെ ലാളിക്കാനുള്ള സമയം പോലും അവൾക്ക് കിട്ടാറില്ല. അപ്പുമോന് അതിൽ പരാതിയും ഇല്ല. അമ്മ ചെയ്യുന്ന ജോലിയുടെ മഹത്വം ആ പത്തുവയസ്സുകാരന് അറിയാം.

കാപ്പി കുടിച്ചുകഴിഞ്ഞ് കുളിച്ച് ഫ്രഷായി അവൾ തന്റെ മുറിയിൽ കയറി വാതിൽ അടച്ചു. രാത്രിയിലത്തെ ഉറക്കം അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അവൾ ഫോണെടുത്ത് നോക്കി. കുറച്ചു മിസ്സ്ഡ് കാളുകളും വാട്സ്ആപ് മെസ്സേജുകളും കിടക്കുന്നു. ഒന്നും നോക്കാനുള്ള ശക്തിയില്ലാതെ കണ്ണുകൾ മെല്ലെ അടഞ്ഞു പോകുന്നുണ്ടായിരുന്നു. അവൾ കട്ടിലിലേയ്ക്ക് വീണു.

ഒന്ന് കണ്ണടയ്ക്കാൻ തുടങ്ങവേ സുമേഷ് പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിലേയ്ക്ക് ഓടിയെത്തി. ‘ചീത്ത സ്ത്രീയാണ് പോലും….. മറ്റാരൊക്കെ പറഞ്ഞാലും താനത് സഹിക്കും …. പക്ഷെ അയാൾ അതുപറയുമ്പോൾ ശരിക്കും കരണത്ത് ഒന്ന് കൊടുക്കുകയല്ലേ വേണ്ടത്…. ‘ ശോഭയുടെ കണ്ണുകൾ അറിയാതെ നിറയാൻ തുടങ്ങി…… ആ മനസ്സ് പത്തു പതിനൊന്ന് വർഷങ്ങൾക്ക് പിന്നിലേയ്ക്ക് സഞ്ചരിച്ചു.

നഴ്സിംഗ് കോളേജിൽ പഠിക്കുന്ന സമയം. കാണാൻ സുന്ദരിയായ തന്നോട് പ്രണയം തോന്നാത്ത ചെറുപ്പക്കാർ ആ നാട്ടിൽ ചുരുക്കമായിരുന്നു. പക്ഷെ പെണ്ണായി തുടങ്ങിയ നാൾ മുതൽ അയൽ വീട്ടിലെ സുമേഷ് എന്ന ചെറുപ്പക്കാരനോട് മാത്രം തോന്നിയ പ്രണയം. പരസ്പരം സ്നേഹിച്ച നാളുകൾ. ഒരിക്കലും കൈവിടില്ലെന്ന വിശ്വാസം. അയാൾക്ക് മുന്നിൽ വിലപ്പെട്ടതെല്ലാം നഷ്ടപ്പെടുത്തുമ്പോഴും ആ വിശ്വാസമായിരുന്നു മനസ്സ് നിറയെ. ഇഷ്ടപ്പെട്ടവനു മുന്നിൽ എല്ലാം നഷ്ടപ്പെടുത്തുമ്പോൾ തനിക്ക് ഇല്ലാതായത് ഒരു ജീവിത മായിരുന്നു. പി ഴച്ചവളെന്ന് സമൂഹം അധിക്ഷേപിച്ചു വിളിച്ചപ്പോൾ അത് കേട്ടു നിൽക്കാൻ ശക്തിയില്ലാതെ ആത്മഹ ത്യയിലൂടെ അച്ഛൻ രക്ഷപ്പെട്ടുപോയി. പിന്നെ ജീവിതത്തിൽ ആകെയുണ്ടായിരുന്ന കൂട്ട് അമ്മയായിരുന്നു. അച്ഛനില്ലാതെ ഒരു കുഞ്ഞിന് താൻ ജന്മം നൽകുമ്പോൾ ആ കുഞ്ഞിന്റെ അച്ഛൻ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലിചാർത്തുകയായിരുന്നു. ഇല്ലായ്മയുടെയും ജാതി വ്യത്യാസങ്ങളുടെയും പേരു ചൊല്ലി സുമേഷ് എന്ന മനുഷ്യൻ തന്നെ ഒഴിവാക്കിയപ്പോൾ നഷ്ടപ്പെട്ടത് തന്റെ പ്രതീക്ഷകളായിരുന്നു…….. സ്വപ്നങ്ങളായിരുന്നു….. എന്നിട്ടും….. ആരോടും ഒന്നും മിണ്ടാതെ എല്ലാം സഹിച്ചു. പി ഴച്ചുപോയതിന്റെ പേരിൽ കേട്ട അക്ഷേപങ്ങളും പരിഹാസങ്ങളും എല്ലാം കേട്ടില്ലെന്ന് നടിച്ചു.

ഒരിക്കൽ പി ഴച്ചുപോയ പെണ്ണിന്റെ വീടുതേടി വരാൻ പലരുമുണ്ടായിരുന്നു. തലയണയ്ക്കടിയിൽ ഒരു വെട്ടുകത്തിയുമായി കണ്ണുതുറന്നുറങ്ങിയ രാത്രികൾ. പുറത്തിറങ്ങി നടക്കുമ്പോൾ പലരും വളരെ മോശമായി കമന്റുകൾ പറഞ്ഞു. നിശബ്ദമായി എല്ലാം സഹിച്ചു. മൗനമായി മുന്നോട്ട് നടന്നു. കോഴ്സ് കഴിഞ്ഞ് സിറ്റിയിലെ ഹോസ്പിറ്റലിൽ പ്രാക്റ്റീസിനു കയറി. പിന്നീട്‌ അവിടെത്തന്നെ ജോലിയും കിട്ടി. പത്തു വർഷങ്ങൾക്ക് മുൻപ് തന്റെ ദേഹത്ത് തെറിച്ചു വീണ അഴുക്ക്മാത്രം എത്ര കഴുകിയിട്ടും പോകാതെ ഇന്നും പറ്റിപ്പിടിച്ചിരിക്കുന്നു. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴും ചീത്ത വർത്തമാനങ്ങളാണ് പലരും പറയുന്നതും. പക്ഷെ ഒരുപാട് ആഗ്രഹിച്ചു നേടിയ ജോലി ഒന്നിന്റെ പേരിലും വിട്ടുകളയാൻ താൻ ഒരുക്കമല്ല. ശോഭയിൽ നിന്നും ഒരു നേടുവീർപ്പുതിർന്നു. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് ഉറങ്ങാനായി പതിയെ മിഴികൾ അടച്ചു. ഉച്ചയ്ക്ക് ഊണ് കഴിക്കാനായി അമ്മ വിളിച്ചപ്പോഴാണ് അവൾ ഉണർന്നത്. വൈകുംന്നേരം അപ്പു സ്കൂൾ വിട്ട് വന്നപ്പോൾ അവനോടൊപ്പം കുറേ സമയം ചിലവഴിച്ചു. അപൂർവ്വമായി കിട്ടുന്ന അവസരങ്ങൾ ആ അമ്മ പരമാവധി പ്രയോജനപ്പെടുത്താറുണ്ടായിരുന്നു.

ദിവസങ്ങൾ മുന്നോട്ട് നീങ്ങവേ…. അയൽക്കാരന്റെ ഭാര്യ മറ്റാരുടെയോ കൂടെ ഇറങ്ങിപ്പോയെന്നൊരു വാർത്ത ശോഭയുടെ കാതുകളിലും എത്തി. ഫോൺ വഴിയ്ക്കുള്ള ഏതോ ബന്ധമായിരുന്നു എന്നും, കുഞ്ഞിനെ ഉപേക്ഷിച്ചാണ് പോയതെന്നും കേട്ടപ്പോൾ അറിയാതെ അവളുടെ മനസ്സിൽ ഒരു നൊമ്പരം തോന്നി. അച്ഛൻ എത്രയൊക്കെ വിലക്കിയിട്ടും തന്നെ കാണുമ്പോൾ ഒരു പുഞ്ചിരി സമ്മാനമായി തന്നിരുന്ന അനുമോൾ എന്ന കൊച്ചുമിടുക്കിയുടെ മുഖം ശോഭയെ വേദനിപ്പിച്ചു. എങ്കിലും അവളുടെ മനസ്സിൽ ഒരു വാചകം വീണ്ടും തെളിഞ്ഞു വന്നു…..

‘ ചീത്ത….. സ്ത്രീ….’ ഇപ്പോൾ ആരാണ് ശരിയ്ക്കും ചീത്ത സ്ത്രീ…. ഒരാണിനെ ആത്മാർത്ഥമായി സ്നേഹിച്ചതിന്റെയും വിശ്വസിച്ചത്തിന്റെയും പേരിൽ ജീവിതം നഷ്ടപ്പെട്ടുപോയ താനോ….. അതോ….. ഭർത്താവും മകളും ഉണ്ടായിട്ടും മറ്റൊരാളോടൊപ്പം ഇറങ്ങിപ്പോയ സുമേഷിന്റെ ഭാര്യയോ…… ഇനി ആ മകളോട് അയാൾ എന്തു പറയും….. ഓർത്തപ്പോൾ ശോഭയുടെ ചുണ്ടിൽ ഒരു വിജയിയുടെ ചിരിപടർന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *