രാത്രി വൈകി വീട്ടിലെത്തുമ്പോൾ ഉമ്മറത്തെ ചാരുകസേരയിൽ നിന്നും എണീറ്റു പോകുന്ന അച്ഛനെ കാണുമ്പോൾ മനസ്സ് പറയുമായിരുന്നു…..

ശൂന്യത

എഴുത്ത്:- സൽമാൻ സാലി

ചിലപ്പോൾ നമ്മുടെ കണ്ണിൻ മുന്പിലുണ്ടായിട്ടും ശ്രദ്ധിക്കാതെ പോവുകയും അത് നഷ്ടമാകുമ്പോൾ മാത്രം അതിന്റ വില മനസ്സിലാവുകയും ചെയ്യുന്ന അവസ്ഥ ജീവിതത്തിൽ മിക്കവര്ക്കും ഉണ്ടായേക്കാം..

എനിക്കും ഉണ്ടായിരുന്നു അങ്ങിനെ ഒരു സമയം..

എന്നും രാവിലെ ഓഫീസിൽ പോകാനായി ഒരുങ്ങി അടുക്കള തിണ്ണയിലിരുന്ന് അമ്മയോട് ഓഫീസിലെ കാര്യങ്ങൾ പറഞ്ഞും ഇടക്ക് തമാശ പറഞ്ഞും ചായകുടിച്ചു വീട്ടിൽ നിന്നിറങ്ങാൻ നേരം ഉമ്മറത്തെ കസേരയിൽ പത്രവായനയിൽ മുഴുകിയിരിക്കുന്ന അച്ഛനെ പലപ്പോഴും ഞാൻ കണ്ടിട്ടും കാണാതെ പോകുമായിരുന്നു….

ചിലപ്പോൾ ജോലികഴിഞ്ഞു കൂട്ടുകാരോടൊപ്പം ഇരുന്നു രാത്രി വൈകി വീട്ടിലെത്തുമ്പോൾ ഉമ്മറത്തെ ചാരുകസേരയിൽ നിന്നും എണീറ്റു പോകുന്ന അച്ഛനെ കാണുമ്പോൾ മനസ്സ് പറയുമായിരുന്നു തന്നെ കണ്ടതുകൊണ്ട് എണീറ്റു പോണതാണെന്ന്…

ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല അച്ഛൻ എന്നെ കാത്ത് ഉമ്മറത്തിരുന്നതാണെന്ന്..

അച്ഛൻ പോയതിൽ പിന്നെയാണ് ഓഫീസിൽ പോകാനിറങ്ങിയാൽ ഉമ്മറത്ത് ആദ്യമായി ശൂന്യത അനുഭവപ്പെട്ടത്…

അച്ഛാ ഞാൻ പോയിട്ട് വരാം എന്ന് ആ മുഖത്തു നോക്കി ഒരിക്കൽ പോലും പറഞ്ഞിട്ടില്ല.. ഇപ്പോൾ ബൈക്കിലിരുന്ന് കണ്ണാടിയിൽ അറിയാതെ നോക്കി പോകും… അച്ഛൻ അവിടുണ്ടെങ്കിൽ ഒന്ന് ആ കൈകളിൽ പിടിച്ചു പോയിട്ട് വരാം എന്ന് പറയാൻ…

അമ്മയോട് കുശലം പറഞ്ഞു ചിരിക്കുമ്പോൾ അത് അച്ഛൻ കേട്ട് ഉള്ളുകൊണ്ട് ചിരിച്ചിട്ടുണ്ടാവണം…

അമ്മയെയും അച്ഛന്റെയും ഒപ്പമിരുന്ന് തമാശ പറഞ്ഞു ആ മനുഷ്യൻ ഒന്ന് പൊട്ടിച്ചിരിക്കുന്നത് കാണാൻ ഞാൻ എന്തുകൊണ്ട് ശ്രമിച്ചില്ല എന്ന കുറ്റ ബോധം മനസ്സിൽ വന്നതും അച്ഛൻ നഷ്ട്ട പെട്ടപ്പോൾ മാത്രമാണ്..

രാത്രി അല്പം വൈകിയതിന് അമ്മ വഴക്കുപറഞ്ഞപ്പോൾ ഒരിക്കൽ പോലും എവിടെ പോയതാ എന്നുപോലും ചോദിക്കാതെ അതുവരെ കാത്തുനിന്ന അച്ഛൻ അകത്തേക്ക് കയറിപ്പോകുന്നത് കണ്ടില്ലെന്ന് നടിച്ച ഞാൻ ആഗ്രഹിച്ചു പോയി ആഛൻനുണ്ടായിരുന്നെങ്കിൽ എന്ന്…

മിക്കവീട്ടിലും എല്ലാം തുറന്നു പറയുന്നത് അമ്മയോടായിരിക്കും.. അച്ഛൻ എന്ന വാക്ക് പോലും കുറച്ച് ഗൗരവം ഉള്ള വാക്കായി തോന്നിയേക്കാം..

അച്ഛനുമായി മനസ്സ് കൊണ്ട് ഒന്നടുത്ത് നോക്കിയാൽ അറിയാം വെറും ഗൗരവം എന്ന പുറംചട്ടയണിഞ്ഞ മഞ്ഞുമലകളാണെന്ന്.. ഒന്നടുത്തിരുന്നു ചൂടുപറ്റിയാൽ അലിഞ്ഞു തീരും ആ ഗൗരവം എല്ലാം…

ഇന്നും പല വീട്ടിലും ഉമ്മറ കസേരയിൽ ഗൗരവം തീർത്തു സ്നേഹം കൊതിച്ചു ഇരിക്കുന്ന അച്ചന്മാർ ഉണ്ടാവും..ഒരു കെട്ടിപ്പിടുത്തം അല്ലെങ്കിൽ പോയിവരാം എന്നൊരു പറച്ചിൽ.. ഒരു ഹസ്ത ദാനം ആഗ്രഹിക്കുന്ന അച്ഛനെന്ന കഥാപാത്രം…

കൂടെ ഉണ്ടായിരിക്കെ കണ്ടിട്ടും കാണാതെ പോകരുത്… കാരണം… അവിടം ശൂന്യ മായാൽ മാത്രമാണ് അത് നമുക്ക് എത്ര വിലപെട്ടതെന്ന് മനസ്സിലാവുകാ….

വായിച്ചു കഴിഞ്ഞെങ്കിൽ മൊബൈൽ അവിടെ വെച്ചിട്ട് അച്ഛനെ പോയി ഒന്ന് കെട്ടിപിടിക്ക്.. എന്നിട്ട് ആ കവിളിൽ ഒരുമ്മ കൊടുക് കാണാം ആ കണ്ണുകളിൽ സന്തോഷം നിറയുന്നത്..

Related Posts

Leave a Reply

Your email address will not be published. Required fields are marked *