വല്യമ്മച്ചിയുടെ ഈ സ്വഭാവം പകർന്ന് കിട്ടിയത് അമ്മാവനായിരുന്നു. പക്ഷെ ഫുഡിനോടല്ല മരുന്നിനോടാരുന്നു അമ്മാവന്റെ ഭ്രമം. പകർന്ന് കിട്ടിയതാന്നോ….

Story written by Adam John

വീട്ടിലിരിക്കുന്ന ഫുഡ് കളയേണ്ടല്ലോന്ന് കരുതി കഴിക്കുന്ന ശീലമുണ്ടാരുന്നു വല്യമ്മച്ചിക്ക്. ചായയൊക്കെ ഒരുമിച്ചൊരു പാത്രത്തിൽ തിളപ്പിക്കുവാരുന്നു ചെയ്യാറ്. മധുരം വേണ്ടുന്നോർക്ക് അത് ലൈറ്റ് ചായ വേണ്ടുന്നോർക്ക് അത് അങ്ങനെ വേർതിരിവൊന്നുമില്ല. കിട്ടിയത് കുടിച്ചോണം.

വേണമെന്നുണ്ടേൽ തന്നത്താനേ വെച്ചുണ്ടാക്കിക്കോണം എന്ന പതിവ് ഡയലോഗ് കേൾക്കേണ്ടി വരുമെന്നോർത്ത് ആരും മിണ്ടത്തൊന്നുമില്ല. എന്താണുള്ളതെന്ന് വെച്ചാ അതെടുത്ത് കഴിച്ചോണ്ട് പോവും.

അക്കാലത്ത് തറവാട്ടിൽ പിറന്ന സ്ത്രീകളൊക്കെ വീട്ടിലുള്ള ആണുങ്ങൾ കഴിച്ചു കഴിഞ്ഞല്ലേ വല്ലതും അകത്താക്കുള്ളൂ. ഉള്ളൂന്നല്ല അങ്ങനല്ലേ പാടുള്ളൂ.

അതോടെ വീട്ടിൽ ബാക്കി വരുന്ന ചായ ചോറ് ഇഡലി എന്ന് വേണ്ട ബേക്കറി പലഹാരങ്ങൾ വരെ വല്യമ്മച്ചിയുടെ ഇരകളായി മാറി. അവ വല്യമ്മച്ചിയോട് കൂടുതൽ അടുപ്പം സ്ഥാപിക്കുകയും കൂടി ചെയ്തതോടെ വല്യമ്മച്ചി സുമോ ഗുസ്തിക്കാരുടെ കൂട്ട് വണ്ണം വെക്കുകയും ചെയ്തൂന്ന് പ്രത്യേകം പറയേണ്ടല്ലോ.

വല്യമ്മച്ചിയുടെ ഈ സ്വഭാവം പകർന്ന് കിട്ടിയത് അമ്മാവനായിരുന്നു. പക്ഷെ ഫുഡിനോടല്ല മരുന്നിനോടാരുന്നു അമ്മാവന്റെ ഭ്രമം. പകർന്ന് കിട്ടിയതാന്നോ പ്രാർത്ഥിച്ചു മേടിച്ചതാന്നോ എന്നറിയത്തില്ല.അത് പറയാൻ കാരണമുണ്ട്.

അമ്മാവൻ കുഞ്ഞായിരിക്കുമ്പോ അസുഖത്തിനുള്ള മരുന്ന് കുടിക്കാനൊക്കെ ഭയങ്കര മടിയാരുന്നത്രെ. വല്യമ്മച്ചിക്കാന്നേൽ എന്ത് കാര്യത്തിനും നേർച്ചയിടുന്നൊരു സ്വഭാവമുണ്ട്. അതെപ്പറ്റി കൂടുതൽ പിന്നീട് പറയാ. അമ്മാവന്റെ മടി മാറുവാണേൽ അമ്മാവനേം കൊണ്ട് മലയാറ്റൂർ മല കേറിക്കോളാമെന്ന് വല്യമ്മച്ചി നേർച്ച നേർന്നാരുന്നു.

അങ്ങിനെ യാണത്രെ അമ്മാവന്റെ മരുന്നിനോടുള്ള വിരക്തി മാറിയതും ആസക്തി കൂടിയതും.

അതോടെ കുടുംബത്തിൽ ആർക്കേലും അസുഖം വരുമ്പോ വാങ്ങിച്ചോണ്ട് വരുന്ന ടാബ്‌ലെറ്റ്സ് കഫ് സിറപ്പ് തുടങ്ങി വല്യപ്പച്ചന്റെ അരിഷ്ടം വരെ അകത്താക്കി തുടങ്ങി അമ്മാവന്റെ അപ്ഡേറ്റഡ് വേർഷൻ. അത് ബാക്കി തന്നെ ആവണമെന്ന് നിർബന്ധമൊന്നുമില്ല. കണ്ണിൽ പെടുന്നതൊക്കേം എടുത്ത് കഴിക്കാ ചെയ്യാ. പനി ഗുളികയൊക്കെ കപ്പലണ്ടി പോലെ വായിലിട്ടോണ്ട് കൊറിക്കുന്നത് കാണുമ്പോ കണ്ട് നിൽക്കുന്നോർക്ക് പോലും കൊതിയാവും. സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്ന ലാഘവത്തോടെയാണത്രെ ടോണിക്കൊക്കെ കുടിക്കാറ്.

അങ്ങനെ ആർത്തി മൂത്ത് വഴിയരികിലെ മരുന്ന് കച്ചവടക്കാരന്റെ അടുത്തൂന്ന് നാട്ട് മരുന്നിന്റെ സാമ്പിൾ വാങ്ങിക്കൊണ്ട് വന്ന് കഴിച്ച കഥ മുന്നേ പറഞ്ഞിട്ടുണ്ടാരുന്നു.

പ്ലാവെന്ന് വീണ് ആശുപത്രീല് കൊണ്ടോയപ്പോ ഗ്ളൂക്കോസ് ഡ്രിപ്പിട്ടാരുന്നു. അത് തുള്ളി തുള്ളിയായി വീഴുന്ന കണ്ട് സഹിക്ക വയ്യാതെ ആന്നോ എന്തോ രണ്ട് ദിവസം കൊണ്ട് തീരേണ്ടിയിരുന്ന ഗ്ലൂക്കോസ് പുതപ്പിനടിയിലൂടെ ഒരൊറ്റ മണിക്കൂർ കൊണ്ട് അകത്താക്കിയ മനുഷ്യനാണ്.

വല്യമ്മച്ചിയെ ഡോക്ടറേ കാണിക്കാൻ കൊണ്ടൊവുമ്പോ അമ്മാവനും കൂടേ കാണും. ഡോക്ടറുടെ ടേബിളിൽ ഒത്തിരി മെഡിസിൻസിന്റെ സാമ്പിൾ കാണത്തില്ലേ. അമ്മാവനത് നോട്ടമിട്ട് കാണണം. വല്യമ്മച്ചിയേം കൊണ്ട് ഡോക്ടറുടെ അടുത്തൂന്ന് ഇറങ്ങാൻ നേരം അമ്മാവൻ ടേബിളിലെ മെഡിസിൻസ് കാണിച്ചോണ്ട് ചോദിക്കുവാ ഇതാവശ്യമില്ലേൽ ഞാനെടുത്തോട്ടെന്ന്. അതീ പിന്നേ അമ്മാവനെ ആശുപത്രി പരിസരത്തോട്ട് അടുപ്പിച്ചീല.

വല്യമ്മച്ചി സൂക്ഷിച്ചു വെച്ചിരുന്ന ഹോർലിക്സ് കുപ്പികളിൽ ഒരെണ്ണത്തിൽ വല്യപ്പച്ചൻ ഉറുമ്പ് പൊടി സൂക്ഷിച്ചു വെച്ചാരുന്നു. ഒരു ദിവസം രാത്രി പതിവ് പോലെ പലഹാരം മോഷ്ടിക്കാൻ വേണ്ടി പത്തായം തപ്പി ഇറങ്ങിയ അമ്മാവൻ പത്തായത്തിനരികിലായി സൂക്ഷിച്ചു വെച്ചിരുന്ന ഉറുമ്പ് പൊടി ഹോർലിക്സ് ആണെന്ന് കരുതി കരുതി അകത്താക്കിയതാരുന്നു. കുറച്ചു കഴിഞ് വയറ്റീ വേദന വന്ന് അമ്മാവൻ ഹൈ പിച്ചിൽ നിലവിളിക്കാൻ തുടങ്ങിയപ്പഴാണ് എല്ലാവരും കാര്യമറിയുന്നേ.

ഇതൊക്കെ കണ്ടിട്ടും ഒരു കുലുക്കവുമില്ലാതെ നിൽക്കുന്ന വല്യപ്പച്ചനോട് നിങ്ങൾക്ക് ചെറുക്കനെ ഒന്ന് ആശുപത്രീല്ക്ക് കൊണ്ടോയ്ക്കൂടെ എന്ന് വല്യമ്മച്ചി ചോദിച്ചപ്പോ വല്യപ്പച്ചൻ പറയാ.

“എന്നാത്തിനാടി. ഇതിനുള്ള മരുന്നൊക്കെ അവൻ നേരത്തെ അകത്താക്കിക്കാണുമെന്ന്.

അതോണ്ടാണോ എന്നറിയത്തില്ല വയറ് വേദന താനേ കുറയുകയും അമ്മാവൻ പഴയ കലാ പരിപാടികൾ പൂർവാധികം ശക്തിയോടെ തുടരുകയും ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *