രാവിലെത്തന്നെ ഓഫീസിൽ ശോകമൂകയായിരിക്കുന്ന ജാൻവിയെ നോക്കി നിഖിത ചോദിച്ചു.. അല്ലെങ്കിൽ എപ്പോഴും വരുമ്പോൾ തന്നെ ഓടി നടന്ന് എല്ലാവരോടും ഗുഡ്മോർണിംഗ് പറഞ്ഞു……

Story written by Remya Satheesh

“നീയെന്താടീ അ ണ്ടി പോയ അണ്ണാനെപ്പോലെ ഇരിക്കുന്നത്…”

രാവിലെത്തന്നെ ഓഫീസിൽ ശോകമൂകയായിരിക്കുന്ന ജാൻവിയെ നോക്കി നിഖിത ചോദിച്ചു.. അല്ലെങ്കിൽ എപ്പോഴും വരുമ്പോൾ തന്നെ ഓടി നടന്ന് എല്ലാവരോടും ഗുഡ്മോർണിംഗ് പറഞ്ഞു നടക്കാറുള്ള ജാനുവിൻ്റെ ഈ ഇരിപ്പ് അവൾക്ക് അപരിചിതമായിരുന്നു..

“ഓ.. രാത്രി ഉറക്കം ഞെട്ടി പിന്നെ ഉറക്കമില്ലാതിരുന്നാൽ ഇതല്ല ഇതിനപ്പുറം ശോകമാകും മോളേ..”

“അതിനു നീയെന്താ രാത്രി കക്കാൻ പോയിരുന്നോ..?..”

“കക്കാനല്ല…നിൻ്റെ അമ്മൂമ്മേടെ…”

പറയാൻ വന്നത് ജാനു വിഴുങ്ങി. രംഗം ലഘൂകരിക്കാൻ പറഞ്ഞത് തൻ്റെ തലക്ക് തന്നെ വന്നപ്പോൾ നിക്കി പെട്ടന്ന് സൈലൻ്റായി. അതുകണ്ടപ്പോൾ പറഞ്ഞ തിത്തിരി കൂടിപ്പോയെന്ന് ജാനുവിനും തോന്നി…അവൾ പതുക്കെ എഴുന്നേറ്റ് നിക്കിയുടെ അടുത്തു ചെന്നിരുന്നു. അവളുടെ വീർത്തമുഖം ചൂണ്ടുവിരൽ കൊണ്ട് കുത്തി. തന്നോടു ചേർത്തു പിടിച്ചു. പതിയെ നിക്കിയുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു. അവൾ തിരിഞ്ഞ് ജാനുവിനു നേരെയിരുന്നു.

“ഇനി പറ എന്താ ഉണ്ടായത്.”

“ഒന്നും പറയണ്ട. നമ്മളിന്നലെ ഓഫീസിൽ നിന്നും ഇറങ്ങിയിട്ട് ഞാൻ ബസ് കാത്തു നിൽക്കുകയായിരുന്നു. അപ്പോഴാ ഒരു സ്കൂൾ കുട്ടി വന്ന് ആൻ്റീ ഫോണൊന്നു തരുവോ, ലേറ്റായി, അങ്ങോട്ട് ബസും കാണാനില്ല, അച്ഛനെ ഒന്നു വിളിച്ചു പറയാനാ എന്ന് ചോദിച്ചത്.”

“ചേതമില്ലാത്ത ഒരു ഉപകാരമല്ലേ, വിളിച്ചോട്ടെ എന്ന് ഞാനും വിചാരിച്ച് ഫോൺ കൊടുത്തു. രണ്ടു തവണ വിളിച്ചിട്ടും അയാള് ഫോണെടുത്തില്ല. അച്ഛൻ വണ്ടി ഓടിക്കുകയാവും എന്നു പറഞ്ഞ് അവൾ ഫോൺ എനിക്ക് തിരിചു തന്നു.”

“അവളുടെ അച്ഛൻ ഫോണെടുക്കാത്ത വിഷമത്തിലാണോ നിൻ്റെ ഉറക്കം പോയത്?”

നിക്കിയുടെ അല്ഥാനത്തെ കോമഡി കേട്ട് ജാനു അവളെ കൂർപ്പിച്ചു നോക്കി. അവളൊരു വളിച്ച ചിരി ചിരിച്ചു..

“ഇങ്ങനെയാണെങ്കിൽ ഞാൻ പറയില്ലാട്ടോ..”

“അയ്യോ.. അങ്ങനെ കഠിനമായ തീരുമാനങ്ങളൊന്നും ഏടുക്കല്ലേ. ഞാനിനി ഒരക്ഷരം മീണ്ടൂല.”

വായിൽ സിബ് വലിച്ചിടുന്ന എക്സ്പ്രഷനോടെ നിക്കി പറഞ്ഞു.

“മോളങ്ങനെ വഴിക്കു വാ.. അപ്പോഴേക്കും ബസ് വന്ന് ഞാനതിൽ കയറുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ ആ നമ്പറിൽ നിന്ന് എനിക്ക് കോൾ വന്നു. ഞാനെടുത്തിട്ട് മോള് നിങ്ങളെ വിളിച്ചിരുന്നു. അവിടെ ബസ് സ്റ്റാൻറ്ഇൽ ഇരിക്കുന്നുണ്ടായിരുന്നു എന്നു പറഞ്ഞു…”

“ഇനി നിനക്ക് ഉറങ്ങായിരു…..”

പെട്ടെന്നന്തോ ഓർത്ത പോലെ നിക്കി മിണ്ടാതിരുന്നു. ജാനു അവളുടെ തലക്കൊരു കൊട്ട് കൊടുത്തു.

“ബാക്കി പറ പെണ്ണേ..”

“ഞാൻ ബസിറങ്ങിയപ്പൊ ആ കുട്ടിയും അതാ ബസിറങ്ങുന്നു. അവൾക്കിനി വേറെ ഒരു ബസിനു ഉള്ളിലേക്ക് പോണമത്രേ. എന്തായാലും അവളുടെ അച്ഛൻ എന്നെ വിളിച്ചതല്ലേ. മോൾ അച്ഛനെ വിളിച്ചു പറഞ്ഞോ എന്നു പറഞ്ഞ് ഞാൻ ഫോൺ കൊടുത്തു. അവൾ ഫോൺ വിളിക്കുകയും അങ്ങേര് സംസാരിക്കുകയും ചെയ്തു. അതു കഴിഞ്ഞ് ഒരാളെ സഹായിച്ച സന്തോഷം കൊണ്ട് ഞാൻ വീട്ടിലേക്കും പോന്നു.”

സന്തോഷം കൊണ്ടാവും ലേ ഉറക്കം പോയത്..”

നിക്കിയുടെ ചോദ്യം കേട്ട് കൈയ്യിൽ തടഞ്ഞ ഫയലെടുത്ത് അവളുടെ തലക്കൊന്നു കൊടുത്തു. തല ഉഴിഞ്ഞു കൊണ്ട് അവൾ വിനീതയായി എന്നെ നോക്കി. ബാക്കി പറഞ്ഞോ എന്ന ഒരു എക്സ്പ്രഷനോടെ.

“നിനക്കറിയാലോ ഉറക്കം വന്നാൽ ഞാൻ പോത്തു പോലെ ഉറങ്ങുമെന്ന്..”

അത് അല്ലെങ്കിലും അതാണല്ലോ എന്നവൾ പിറുപിറുത്ത് ഒന്നും പറഞ്ഞില്ലെന്ന പോലെ ജാനുവിനെ നോക്കി.

“ഞാൻ ഗംഭീര ഉറക്കം. രാത്രി ഒരു മണി.. ഫോൺ അടിക്കുന്നത് കേട്ട് ഞാൻ ഞെട്ടി. ഈ അർദ്ധരാത്രി ആരാണാവോ വിളിക്കുന്നതെന്ന്. നോക്കമ്പോഴേക്കും കാൾ കട്ടായി. എടുത്തു നോക്കിയപ്പോൾ ആ കുട്ടിയുടെ അച്ഛൻ തെ ണ്ടി.. അറിയാതെ വിളിച്ചതാണോ.. വലയിട്ടു നോക്കിയതാണോ.. ആർക്കറിയാം.. എന്തായാലും എൻ്റെ ഉറക്കം ഗോപിയായി..”

ദീർഘനിശ്വാസത്തോടെ ജാനു പറഞ്ഞു നിർത്തി..

“വെറുതെയല്ല ഇന്നത്തെ കാലത്ത് ആരും ആരെയും സഹായിക്കാത്തത്. അത് എങ്ങനെയാ തിരിച്ചു കിട്ടുക എന്ന് പറയാൻ പറ്റില്ല. നീയതൊന്നും ആലോചിക്കണ്ട. ഇനി ഒരു തവണ കൂടി നിൻ്റെ ഉറക്കം കളയാൻ അങ്ങേര് നോക്കിയാൽ നമ്മൾ കാണിച്ചു കൊടുക്കും..”

“നീയിപ്പൊ ഒരു പാട് കാണിക്കും..”

“നിനക്കന്താ ഡൗട്ട് ഉണ്ടോ..?”

“അയ്യോ ,, എനിക്കൊരു ഡൗട്ടുമില്ലേ..”

“എന്നാ പോര്.. ഇന്നലത്തെ ഉറക്കക്ഷീണം പോവാൻ ഒരു ചായ കുടിക്കാം…”

Related Posts

Leave a Reply

Your email address will not be published. Required fields are marked *