Story written by Sowmya Sahadevan
പ്രസാദും ഞാനും ചെറുപ്പം തൊട്ടേ കൂട്ടുകാരായിരുന്നു. അവനും ഞാനും എല്ലാത്തിനും ഒന്നിച്ചായിരുന്നു. രണ്ടാഴ്ചയായിട്ടു എനിക്ക് കോയമ്പത്തൂർ ആയിരുന്നു പണി. അവൻ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞിരുന്നു. കൂലി വാങ്ങിക്കൊണ്ടു നാട്ടിലേക്കു പോന്നാൽ പിന്നെ തിരിച്ചു വരില്ലെന്നു അറിയാവുന്നത് കൊണ്ട് കോൺട്രാക്ടർ വിട്ടില്ല .
തലേ ദിവസത്തെ മ ദ്യത്തിന്റെ ഹാങ്ങ് ഓവർ മാറാൻ വീണ്ടും രണ്ടെണ്ണം അടിച്ചു കൊണ്ട് ഞാൻ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. അച്ഛൻ ആണു പോവാൻ നിർബന്ധിച്ചു കൊണ്ടിരുന്നത്.
അവൻ കിടക്കുന്ന വാർഡിന് അരികിലേക്ക് അടുക്കും തോറും നെഞ്ചോന്നു പിടയുന്നു. ഇതിനു ഉള്ളിലേക്കാണോ, കൂടെ വന്നവനെ കൈയിൽ പിടിച്ചു ചോദിച്ചു. അതേ നീ വാ, അവൻ വിളിച്ചു. നില്ക്കു ഞാൻ വീണ്ടും പുറത്ത് പോയി ഒരു സി ഗററ്റ് എടുത്ത് വേഗത്തിൽ പുക എടുത്തു. രണ്ടു മൂന്ന് പുക എടുത്ത ശേഷം ഞാൻ ആ സി ഗരറ്റ്കുറ്റി ചവിട്ടി കിടത്തി.
പ്രസാദ് ബെഡിൽ ഒരു മുഷിഞ്ഞ തുണി കഷ്ണം പോലെ കിടക്കുന്നു.അവന്റെ ഭാര്യ മഞ്ജു നനഞ്ഞിട്ട് വിരിച്ചിടാത്ത തുണി പോലെ, കണ്ണീരും ചോ രയും വാർന്നു, കുഞ്ഞിനേയും ഒക്കിൽ വച്ചുകൊണ്ട് നിൽക്കുന്നു. എന്നെ കണ്ടപ്പോൾ അവന്റെ അമ്മാ കെട്ടിപിടിച്ചു. കരയാൻ അവർക്കും കണ്ണു നീര് ഇല്ലായിരുന്നു.
ബെഡിനരുകിലെ അനക്കം കേട്ടിട്ടായിരുന്നു പ്രസാദ് കണ്ണു തുറന്നത്. ക്ഷീണിച്ചു തളർന്ന കണ്ണുകൾ അവൻ ആദ്യം ചിരിക്കാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ നിറഞ്ഞ കൊണ്ടേയിരുന്നു. ഇരിക്കാനായി കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു. അവൻ വീണ്ടും എന്തോ പറയാൻ തുടങ്ങിയിരുന്നു. തൊണ്ടയിലെ ഓപ്പറേഷൻ ചെയ്ത ഹോളിൽ വച്ചിരുന്ന സ്റ്റീൽ പ്ലേറ്റിൽ കാറ്റു തട്ടി കൊണ്ട്. വർത്താനമെല്ലാം മുറിഞ്ഞു മുറിഞ്ഞു പോയി.
ഒരു ഞെരക്കത്തോടെ കാലിൽ കൈ കൊണ്ട് തൊട്ടുകൊണ്ട് അവൻ ഭാര്യയെ വിളിച്ചു. അവൾ യൂറിൻ ബാഗ് ലെ യൂറിൻ ഒരു കുപ്പിയിലാക്കി കൊണ്ട് കളയാനായി പോയി. കുഞ്ഞു കരഞ്ഞപ്പോൾ അമ്മ അവനെയും കൊണ്ട് പുറത്തുപോയി. അവൻ എന്റെ കൈകൾ പിടിച്ചു പറഞ്ഞു രതീഷേ, വേദനിക്കുന്നു ഡാ!! കണ്ണുകൾ നിറഞ്ഞ തുളുമ്പാതെ ഞാൻ അവന്റെ കയ്യിൽ മുറുകെ പിടിച്ചു.
കൈ മണത്തുകൊണ്ട് അവൻ പറഞ്ഞു, സിസ്സർ ഫിൽറ്റർ ആണല്ലേ ഡാ.എനിക്ക് ഒരെണ്ണം തരൂ. കൈകൾ കൊണ്ടും വായുകലർന്ന വാക്കുകളിലൂടെയും അവൻ കെഞ്ചി. പോക്കറ്റിൽ നിന്നും അവൻ തന്നെ ഒന്നെടുത്തു. മൂക്കിനോട് ചേർത്തു പിടിച്ചു അതിന്റെ മണം പുകയില്ലാതെ ആസ്വദിക്കാൻ ശ്രമിച്ചു.നെഞ്ഞെല്ലാം പതഞ്ഞു കൊണ്ടു കണ്ണു നിറഞ്ഞു അവന്റ അവൻ ആ സി ഗററ്റ് ഒടിച്ചു കളഞ്ഞു. പെട്ടന്നൊരു ചുമ വന്നു അവനു, മഞ്ജു എന്നെ എണീപ്പിച്ചു എന്നിട്ടവന്റ അരികിൽ ഇരുന്നു.
ഞാൻ പുറത്തേക്കു നടന്നു അപ്പോളും അവന്റെ ചുമ അവിടെ നിറഞ്ഞു നിന്നു. ഒരു സി ഗററ്റ് എടുത്തു കൈയിൽ പിടിച്ചപ്പോളാണ് പുറത്തു മഴ ചാറിയത്. സിഗ രറ്റ് കൂട് ഞാൻ മഴയിലേക്കേറിഞ്ഞു.
ഒന്നും കഴിക്കാതെയാണ് കിടന്നത്. മ ദ്യമില്ലാതെ ഉറങ്ങാൻ കഴിയില്ലെന്ന റിഞ്ഞിട്ടും കുടിച്ചില്ല. ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞുകൊണ്ട് കിടന്നു. അച്ഛൻ ഒരു ഗ്ലാസ് കട്ട ചായ കൊണ്ടു തന്നിട്ട് പറഞ്ഞു ഇതു കുടിക്കൂ എന്നിട്ടു കിടക്കു! അച്ഛൻ വെറുതെ എന്റെ നെറ്റിയിലൊന്നു തലോടി. അച്ഛന്റെ കൈകളിലെല്ലാം ചുളിവ് വീണിരിക്കുന്നു.
പിറ്റേന്ന് മുതൽ ഞാൻ നാട്ടിൽ തന്നെ പണിക്കു പോയി. പണി വിട്ടു ഞാൻ ഹോസ്പിറ്റലിലേക്ക് ചെല്ലും . പ്രസാദ് ഉറങ്ങുകയായിരിക്കും . ഒരു ഓറഞ്ച് എടുത്ത് തൊലി കളഞ്ഞു ഞാൻ അവന്റ ചുണ്ടിൽ നീര് ആക്കി കൊടുക്കും. മധുരവും പുളിപ്പും ചേർന്ന ആ നിമിഷത്തിൽ ഞങ്ങൾ ഒന്നിച്ചു ചിരിക്കാൻ തുടങ്ങും. വൈകി വരുന്ന എന്നെയും കാത്തു അച്ഛൻ ഇരിക്കുന്നുണ്ടാവും ഒരു ഗ്ലാസ് കട്ടൻ ചായയുമായി. ചായയുടെ മധുരത്തിനൊപ്പം വീട്ടിലൊരു പുഞ്ചിരിയും ഞാൻ തെളിയിച്ചു തുടങ്ങിയിരുന്നു, എന്റെയുള്ളിലെ ഇരുട്ടിനെ മുഴുവൻ അകറ്റികൊണ്ട് അത് മെല്ലെ ക ത്തി തുടങ്ങുന്നു പ്രകാശത്തിലേക്ക്……