ആശുപത്രിയുടെ നീളൻ വരാന്തയിലെ ചാരുബെഞ്ചിൽ ഇരിക്കുമ്പോൾ സ്മിതയുടെ നെഞ്ചിൽ ഓർമ്മകളുടെ കുത്തൊഴുക്കായിരുന്നു, കണ്ണുകളിൽ………..

അമ്മായിയമ്മ

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി

ആശുപത്രിയുടെ നീളൻ വരാന്തയിലെ ചാരുബെഞ്ചിൽ ഇരിക്കുമ്പോൾ സ്മിതയുടെ നെഞ്ചിൽ ഓർമ്മകളുടെ കുത്തൊഴുക്കായിരുന്നു, കണ്ണുകളിൽ നീ൪മണികളുടെ പെയ്ത്തും.

നീയാ ബക്കറ്റ് അവിടെവെച്ചേ സ്മിതാ..

നിനക്ക് പഠിക്കാൻ ഒന്നുമില്ലേ..

നിനക്ക് ഇഷ്ടമുള്ള കപ്പയും മീനും റെഡിയായിട്ടുണ്ട്, വാ കഴിക്കാൻ…

സ്മിതയുടെ മനസ്സിൽ ഗൌരിയമ്മയുടെ ഒരോ വാക്കുകളും തിരയടിച്ചെത്തിക്കൊണ്ടിരുന്നു.

കിണറിൽ നിന്നും വെള്ളമെടുത്തുകൊണ്ടിരുന്ന അമ്മ തലകറങ്ങി പൊത്തോ എന്ന് വീഴുന്നതുകണ്ട് ഓടിയെത്തിയതാണ് താൻ. മൂക്കിൽ നിന്നും രക്തം വരുന്നതുകണ്ടു. അബോധാവസ്ഥയിലായ അമ്മയെ എങ്ങനെയാണ് ആശുപത്രിയിലെത്തിച്ചത് എന്ന് തനിക്ക്തന്നെ അറിയില്ല. ഗിരീഷേട്ടനെ വിളിച്ചു വിവരം പറഞ്ഞു.

തന്റെ വെപ്രാളവും പരവേശവും ഒക്കെ കണ്ട് സിസ്റ്റർ കാര്യങ്ങൾ അന്വേഷിച്ചു. അവർ ചോദിച്ചു:

ഓ, അമ്മായിഅമ്മയാണോ?

പിന്നെന്തിനാണ് ഇത്ര വെപ്രാളം എന്നായിരിക്കാം ആ ചോദ്യത്തിന്റെ അർത്ഥം. പക്ഷേ തനിക്കവ൪ തന്റെ അമ്മ തന്നെയായിരുന്നു. ജനിച്ചപ്പോൾത്തന്നെ അമ്മയെ നഷ്ടപ്പെട്ട തനിക്ക് മാതൃസ്നേഹം എന്താണെന്ന് മനസ്സിലായത് ഗൗരിയമ്മയിലൂടെയായിരുന്നു

ഗിരീഷേട്ടന്റെ കൈയും പിടിച്ച് ആ വീട്ടിലേക്ക് നടന്നുകയറുമ്പോൾ മുറ്റം അടിച്ചുകൊണ്ട് നിൽക്കുകയായിരുന്നു ഗിരീഷേട്ടന്റെ അമ്മ. പെട്ടെന്ന് തന്നെ കണ്ടതും ആ മുഖത്ത് ഗൗരവം നിറയുന്നതും, മകന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കുന്നതും, കണ്ടപ്പോൾ ഉള്ള ധൈര്യമെല്ലാം ചോർന്നുപോയി.

ഗിരീഷേട്ടൻ കൂസലൊന്നുമില്ലാതെ തന്നെയും കൂട്ടി അകത്തേക്ക് പോയി. പടികയറി ഒന്നുകൂടി താൻ അമ്മയുടെ മുഖത്തേക്ക് തിരിഞ്ഞുനോക്കി. അമ്മയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടെന്ന് തനിക്ക് സംശയം തോന്നി. എങ്കിലും വേറെ നിവൃത്തിയില്ലാത്തതിനാൽ ഗിരീഷേട്ടന്റെ പുറകെ മുറിയിലേക്ക് കയറിച്ചെന്നു. കുറച്ചുനേരത്തേക്ക് ആരും അകത്തേക്ക് വന്നില്ല. ഹൃദയം പെരുമ്പറ മുഴക്കുകയാണ്..

വീട്ടിൽ രണ്ടാനമ്മയുടെയും മക്കളുടെയും ഭരണമാണ്. അവിടെനിന്ന് എവിടേക്കെങ്കിലും ഓടിപ്പോകണമെന്ന ചിന്ത കടുത്തുതുടങ്ങിയപ്പോഴാണ് ഗിരീഷേട്ടനോട് കാര്യങ്ങളൊക്കെ പറഞ്ഞത്.

എന്റെ വീട്ടിലേക്ക് വരാൻ ധൈര്യമുണ്ടോ?

വേറെ നിവൃത്തി ഒന്നുമില്ല… അത്രമേൽ ഗതികേട് ആയിരുന്നു. അച്ഛന് ഒരു കത്തെഴുതിവെച്ച് വീട്ടിൽ നിന്നും ഇറങ്ങി. രജിസ്റ്റർ ഓഫീസിൽച്ചെന്ന് ഒപ്പിടുമ്പോൾ ചെന്നുകയറാനുള്ള വീട്ടിലെ അവസ്ഥയെക്കുറിച്ച് വലിയ പിടിപാടൊന്നു മില്ലായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടാണ് ഗിരീഷേട്ടന്റേതും എന്നുമാത്രം അറിയാം.

പച്ചക്കറിക്കടയിൽ വെച്ച് കണ്ടുമുട്ടിയതാണ് ഗിരീഷേട്ടനെ. എന്തോ ഓർത്തുനിന്ന് കണ്ണുതുടച്ച തന്നെനോക്കി ഗിരീഷേട്ടൻ ചോദിച്ചു:

എന്താ, വീട്ടിൽ വല്ല പ്രശ്നവും ഉണ്ടോ?

അങ്ങനെയായിരുന്നു ഗിരീഷേട്ടനുമായുള്ള പരിചയത്തിന്റെ തുടക്കം.

ധൈര്യമെല്ലാം ചോ൪ന്നുതുടങ്ങിയിരുന്ന തന്നെ ഗിരീഷേട്ടൻ ആശ്വസിപ്പിച്ചുകൊണ്ട് നിന്നപ്പോഴാണ് പെട്ടെന്ന് അമ്മ മുറിയിലേക്ക് കടന്നുവന്നത്. കയ്യിൽ നിറയെ അമ്മ സൂക്ഷിച്ചുവെച്ച കുറച്ച് ആഭരണങ്ങൾ… വളയും മാലയും കമ്മലും… ഇതൊക്കെ അണിഞ്ഞ് നല്ല സാരി ഉടുത്ത് കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ കുറച്ചുനേരത്തേക്ക് ഒന്നും പറയാൻ സാധിച്ചില്ല…കണ്ണുകൾ നിറഞ്ഞൊഴുകി. അപ്പോൾ ഗിരീഷേട്ടൻ പറഞ്ഞു:

അമ്മ പറയുന്നതൊക്കെ അതേപടി അനുസരിച്ചേക്കൂ.

എന്നിട്ട് ഗിരീഷേട്ടൻ അമ്മയോട് അല്പം തമാശയോടെ കയർത്തു:

അത് ശരി, എനിക്ക് ഈയ്യിടെ പൈസക്ക് ആവശ്യം വന്ന് ചോദിച്ചപ്പോൾ ഒരു രൂപപോലും തരാൻ ഇല്ല എന്നല്ലേ പറഞ്ഞത്… ഇതൊക്കെ എപ്പോഴാണ് ഉണ്ടാക്കി സൂക്ഷിച്ചുവെച്ചത്?

അമ്മ പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. കരളിൽ ഒരു കുളി൪മ പെയ്തിറങ്ങിയതോടെ ഒരുങ്ങി അല്പം നാണത്തോടെ അമ്മയുടെ മുന്നിൽ ചെന്നുനിന്നു.

ഞൊടിയിടയിൽ അമ്മ ചോറും കറികളും തയ്യാറാക്കി. ഒരു കൊച്ചു സദ്യ. കല്യാണത്തിന്റെ എല്ലാ ചടങ്ങുകളും ആ വീട്ടിൽവെച്ച് ചെയ്തു. തൊട്ടടുത്തുള്ള കുട്ടികളെയൊക്കെ വിളിച്ച് പായസം വിതരണം ചെയ്തു. അന്നുമുതൽ അവർ തനിക്ക് അമ്മയാണ് അമ്മായിഅമ്മ അല്ല…

തന്റെ പഠിത്തം മുടങ്ങാതെ തുടരാൻ നിർബന്ധിച്ചതും അമ്മയാണ്. ബേക്കറിയി ലേക്ക് പലഹാരങ്ങൾ ഉണ്ടാക്കിവിറ്റ് സമ്പാദിക്കുന്നതിൽനിന്ന് തനിക്ക് വേണ്ടെതൊക്കെ വാങ്ങിത്തരാനും ഫീസടക്കാനുള്ള കാശ് തരാനും അമ്മ ശ്രദ്ധിച്ചിരുന്നു.

ഗൌരിയമ്മയുടെ കൂടെയുള്ള ആൾ..?

സിസ്റ്ററുടെ ചോദ്യം കേട്ട് സ്മിത ഓർമ്മകളിൽ നിന്ന് ഞെട്ടിയുണർന്നു.

അമ്മായിയമ്മ കണ്ണ് തുറന്നിട്ടുണ്ട് കേട്ടോ. കരച്ചിൽ നിർത്തിക്കോളൂ..

അവ൪ പറഞ്ഞത് കേട്ടപ്പോഴാണ് സ്മിതയുടെ നെഞ്ചിൽ ആശ്വാസത്തിന്റെ കുളിർകാറ്റ് വീശിയത്. ഈ ഗിരീഷേട്ടൻ ഒന്ന് വേഗം വന്നിരുന്നെങ്കിൽ… സ്മിത പുറത്തേക്കുള്ള വഴിയിൽ മിഴിയും നട്ടിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *