ഇത്താത്തക്ക് ഞാൻ മോനായിരുന്നു. ഓർമ്മയിൽ കണ്ണടച്ചാൽ കാണാൻ കഴിയുന്ന ചിത്രങ്ങളിൽ ഇത്താത്ത സ്‌നേഹമാണ് കാവലാണ്. ഉമ്മയുടെ താരാട്ടിന്റെ ഈണത്തിൽ പാടി ഉറക്കിയ…..

ഇത്താത്ത

Story written by Navas Amandoor

“എന്നും എനിക്ക് എന്റെ ഇത്താത്തയാണ് ബെസ്റ്റ്. “

ഇത്താത്തക്ക് ഞാൻ മോനായിരുന്നു. ഓർമ്മയിൽ കണ്ണടച്ചാൽ കാണാൻ കഴിയുന്ന ചിത്രങ്ങളിൽ ഇത്താത്ത സ്‌നേഹമാണ് കാവലാണ്. ഉമ്മയുടെ താരാട്ടിന്റെ ഈണത്തിൽ പാടി ഉറക്കിയ രാത്രികൾ.

എപ്പോഴും കൂടെ ഉണ്ടായിരുന്ന ഇത്താത്തയുടെ നിക്കാഹിന് ഇത്താത്തയെക്കാൾ കൂടുതൽ ഞാൻ കരഞ്ഞത് എന്നെ കൂട്ടാതെ ഇത്താത്ത പോയപ്പോളാണ്.

“വല്ല്യ കുട്ടിയായില്ലെ ഇത്താത്തടെ മോൻ.. ഇങ്ങനെ കരയാൻ പാടുണ്ടോ..? “

ഇത്താത്ത ചേർത്ത് നിർത്തി മുഖത്ത്‌ നോക്കാതെ പറഞ്ഞപ്പോൾ ഞാൻ വീണ്ടും അമ്പിളി മാമന് വേണ്ടി വാശി പിടിച്ച ഇത്താത്തയുടെ കഥ കേട്ട് ഉറങ്ങാൻ ശാഠ്യം പിടിക്കുന്ന കുട്ടിയായി.

“ഇത്താത്ത പോവല്ലേ… ഇത്താത്ത പോയാൽ പിന്നെ ഞാൻ ഒറ്റക്കാവില്ലേ.. “

ഇത്താത്ത പോയി. ഇത്താത്തക്ക് പോകാതെ പറ്റില്ലല്ലൊ. വളരാണ്ടായിരുന്നു. വളർന്നാലല്ലെ പിരിയെണ്ടി വരൂ. കൂറേ മാസങ്ങൾ എടുത്തു ആ ഒറ്റപ്പെടലിൽനിന്നും മാറാൻ.

ഇടക്കിടെ ഇത്താത്തയെ പോയി കാണുമ്പോൾ ഇത്താത്ത ചോദിക്കും.

“ആരാ ഇത്താത്തടെ മോന്റെ ബെസ്റ്റ് ഫ്രണ്ട്. “

“എന്റെ ഇത്താത്ത. “

വർഷങ്ങൾ കഴിഞ്ഞു. ഇത്താത്തക്ക് രണ്ട് കുട്ടികളായി. ഞാൻ പ്രവാസിയുടെ കുപ്പായമണിഞ്ഞു. മാറ്റങ്ങൾ വന്ന ജീവിതത്തിൽ മാറ്റമില്ലാതെ ആവർത്തിക്കുന്ന ചോദ്യവും ഉത്തരവും ഇന്നും ഇത് തന്നെയാണ്.

“ഇത്താത്ത എന്റെ ബെസ്റ്റ്.”

അളിയൻ വേറെ ഒരു പെണ്ണിനെ മനസ്സിൽ കൊണ്ട് നടന്നപ്പോൾ തകർന്നുപ്പോയ ഇത്താത്തയുടെ കരച്ചിലിനും വിഷമത്തിന്റെയും മുൻപിൽ ആണായി ഇത്താത്തയുടെ മോൻ പറന്ന് ഇറങ്ങി ഇത്താത്തയുടെ കൈ പിടിച്ചു.

“എന്റെ ഇത്താത്ത എന്തിനാ കരയുന്നത്. ഇങ്ങള്‌ ഒറ്റക്കല്ലട്ടോ. ഞാൻ ഉണ്ട്. എന്നും ഉണ്ടാകും. അളിയനെ തിരിച്ചു തന്നിട്ടേ ഞാൻ പോകു.”

എന്റെ വാക്ക് ഞാൻ പാലിച്ചു. ഇത്താത്ത വീണ്ടും സന്തോഷത്തിലേക്ക് നടന്നു.

അന്നത്തെ എന്റെ വരവ് മരിച്ചാലും മറക്കില്ലെന്ന് എത്ര വട്ടം ഇത്താത്ത പറഞ്ഞു. ഞാൻ അന്ന് വന്നില്ലായിരുന്നങ്കിൽ ഇത്താത്തയുടെ ജീവിതം ഇല്ലാതാകുമായിരുന്നു.

“മോനെ എന്റെ ജീവിതം തിരിച്ചു തന്നതിന് എന്റെ സമ്മാനമാണ് ജെസ്സി. നിനക്ക് ഇനി കൂട്ടായി അവൾ ഉണ്ടാവും. “

അവളെ കെട്ടി. എന്നും നല്ലതല്ലേ എന്റെ ഇത്താത്ത എനിക്ക് തന്നിട്ടുള്ളൂ.

“ഇന്നും ഇത്താത്ത തന്നെയാണ് എന്റെ ബെസ്റ്റ്. “

ഉറക്കം വരാതെ കിടന്ന ചിന്തകളിൽ ഇപ്പൊ ഇതൊക്കെ ഓർക്കാൻ കാരണം ജെസ്സിയാണ്. കുറച്ചു ദിവസമായി എന്നെയും ഇത്താത്തയെയും അകറ്റാൻ അവളുടെ ശ്രമം. അവൾക്കും ഇഷ്ടമായിരുന്നു ഇത്താത്തയെ. പിന്നെ എന്താ അവൾ ഇങ്ങനെ ആയത്.

“നിനക്ക് അറിയില്ലേ ജെസ്സി എന്റെ ഇത്താത്തയെക്കാൾ വലുതായിട്ട് ഈ ജീവൻ പോലും ഇല്ലെന്ന്.”

“എല്ലാം അറിയാം . ഞാനും എന്റെ മക്കളും കഴിഞ്ഞ് മതി… ഇത്താത്ത,എന്ത് പറഞ്ഞാലും ഉണ്ട് ഒരു ഇത്താത്ത . “

അവളുടെ സംസാരത്തിന്റെ രീതിയും ശൈലിയും മാറി. ഞാനൊന്നു പറഞ്ഞാൽ മതി.

“ഇത്താത്തയല്ല നീയാണ് എന്റെ ബെസ്റ്റ്. “

അങ്ങനെ ഞാൻ പറയില്ല. എനിക്ക് പറയാൻ പറ്റില്ല. എനിക്ക് എന്നും എന്റെ ഇത്താത്ത തന്നെയാ ബെസ്റ്റ്.

“സമയം എത്ര ആയിന്നു അറിയോ.. ഉറക്കമൊന്നുമില്ലേ….? “

“നീയല്ലേ എന്റെ ഉറക്കം കളഞ്ഞത്. “

ജെസ്സിയുടെ മുഖം എന്റെ നെഞ്ചിൽ വെച്ചു വിരലുകൾ എന്റെ വിരലുകളിൽ അമർത്തി പിടിച്ചു.

“ഇക്കാ തോറ്റത് ഞാനും ഇങ്ങളെ ഇത്താത്തയുമാണ്.ഇങ്ങള്‌ എന്നെ ബെസ്റ്റ് ന്ന് പറഞ്ഞാൽ ഇത്താത്ത ഒരു മോതിരം വാങ്ങി തരാന്നു പറഞ്ഞു… ഒരു കുഞ്ഞി ബെറ്റ്. എന്റെ ഇക്കാക്ക് എന്നും ഇത്താത്ത ബെസ്റ്റ് ആയിക്കോട്ടെ ട്ടോ …. നമ്മളെ ഇത്താത്തയല്ലേ. “

“രണ്ടാളും കൂടി എന്നെ… നിനക്ക് ഉള്ളത് ഇപ്പൊ തരാം.. ഇത്താത്തക്കും കൊടുക്കുന്നുണ്ട്… ദ്രോഹികൾ… മനുഷ്യന്റെ ഉറക്കം കളഞ്ഞു. “

അവളെ ഒന്നൂടെ എന്നിലേക്ക്‌ ചേർത്തു പിടിച്ചു നെറ്റിയിൽ ചുംബിച്ചു.

“ഇത്താത്ത എന്റെ ബെസ്റ്റാണങ്കിൽ നീ എന്റെ മാത്രം സ്വത്താണ് ജെസ്സി. “

ജീവിതത്തിൽ കഴിഞ്ഞു പോകുന്ന സമയങ്ങളിൽ ചില നിമിഷങ്ങൾ സ്‌നേഹം കൊണ്ട് ഓർമ്മയിൽ അടയാളപ്പെടുത്തും .

Related Posts

Leave a Reply

Your email address will not be published. Required fields are marked *