ഇപ്പോ അൻപത്തഞ്ച് വയസ്സുള്ള ആപ്പക്ക് ജനിച്ചപ്പം മുതൽ എല്ലാ കാര്യങ്ങളും ഉമ്മച്ചിയാണ് ചെയ്ത് കൊടുക്കാറ്… പല്ല് തേപ്പിക്കലും കുളിപ്പിക്കലും ഷേവ് ചെയ്യലും മുടി വെട്ടലും ഭക്ഷണം വാരി കൊടുക്കലും അങ്ങനെ എല്ലാം….

ആപ്പ

Story written by Shabna shamsu

എൻ്റെ ഉപ്പയെ പ്രസവിച്ച് ഇരുപത്തിയെട്ടാമത്തെ ദിവസം ഉപ്പയുടെ ഉമ്മ മരണപ്പെട്ടു… പിന്നീട് വെല്ലിപ്പ വേറെ കല്യാണം കഴിച്ചതിലുള്ള മകനാണ് കുട്ടികള് സ്നേഹത്തോടെ ആപ്പാന്നും വലിയവര് അർമാനേന്നും വിളിക്കുന്ന അബ്ദുറഹ്മാൻ കുട്ടി.. ആപ്പാക്ക് ജന്മനാ കണ്ണ് കാണൂല…

ചെറുപ്പത്തില് റേഡിയോന്ന് കേട്ട ചില സിനിമാ പാട്ടും ഏതാനും ചില വാക്കുകളും മാത്രേ പറയാറുള്ളൂ..

കിടന്ന കിടപ്പില് വലത് കൈ മുഖത്തിന് നേരെ വെച്ച് ഇടത് കൈ കൊണ്ട് താളം പിടിച്ച് തലയാട്ടി വെണ്ണിലാ ചന്ദനക്കിണ്ണം ..പുന്നമടക്കായലിൽ വീണ്…. എന്നിങ്ങനെ ഉച്ചത്തിൽ പാടുന്ന പാട്ട് കേട്ടാണ് തറവാട് ഉണരാറ്….

ഇപ്പോ അൻപത്തഞ്ച് വയസ്സുള്ള ആപ്പക്ക് ജനിച്ചപ്പം മുതൽ എല്ലാ കാര്യങ്ങളും ഉമ്മച്ചിയാണ് ചെയ്ത് കൊടുക്കാറ്… പല്ല് തേപ്പിക്കലും കുളിപ്പിക്കലും ഷേവ് ചെയ്യലും മുടി വെട്ടലും ഭക്ഷണം വാരി കൊടുക്കലും അങ്ങനെ എല്ലാം….

ഭൂമിയിലെ ഒരു കാഴ്ചയും കാണാത്ത, ഒന്നിനെ കുറിച്ചും ചിന്തിക്കാത്ത ആപ്പയും, തൻ്റെ മരണശേഷം ആപ്പയുടെ ജീവിതത്തെ കുറിച്ചോർത്ത് ഭൂമിയിലെ ഒരു കാഴ്ചയും ആസ്വദിക്കാൻ പറ്റാത്ത ഉമ്മച്ചിയും…

ആറ് മാസം കൂടുമ്പോ ഒന്നോ രണ്ടോ തവണ ആപ്പാക്ക് ഒരു തരം ഹാലിളകും.. തൊണ്ട പൊട്ടുന്ന ഉച്ചത്തില് വ്യക്തമല്ലാത്ത എന്തൊക്കെയോ ഉറക്കെ വിളിച്ച് കൂവും…

ഉച്ചത്തില് നിലവിളിക്കും… നീളമുള്ള കൊലായില് നിരത്തി വെച്ച കസേരകള് തപ്പി പിടിച്ച് വലിച്ചെറിയും… കയ്യിൽ കിട്ടുന്നതെന്തും മുറ്റവും കഴിഞ്ഞ് തോട്ടത്തിലേക്ക് പറക്കും….രണ്ട് കൈകൊണ്ടും ആപ്പാൻ്റെ മേലൊക്കെയും മാന്തി പറിക്കും….ഒച്ച കേട്ട് ആള് കൂടും…

അന്നേരം മാത്രം കൊഴുത്തുരുണ്ട ആപ്പയെ നോക്കി മെലിഞ്ഞൊട്ടി വറ്റി വരണ്ട ഉമ്മച്ചി നിസ്സഹായയായ് നോക്കി നിൽക്കും… വാതിലിൻ്റെ മറവില് നിന്ന് നഖം കടിച്ച് തുപ്പും.. കലിയടങ്ങുമ്പോ ഒച്ചയില്ലാതെ ആപ്പ മെല്ലെ മെല്ലെ തേങ്ങും..

ചോരയൊലിക്കുന്ന മുറിവില് തൊട്ട് വേദനാന്ന് പറയും…

വെള്ളം ചൂടാക്കി കുളിപ്പിച്ച് തല തുവർത്തി കൊടുത്ത് മുറിവിലൊക്കെയും മരുന്ന് തേച്ച് കൊടുക്കുമ്പോ ഉമ്മച്ചിയുടെ മൂക്കിനും നെറ്റിക്കുമിടയിൽ വറ്റി വരണ്ട രണ്ട് കുഴികളാണെന്ന് തോന്നും…. ആ കണ്ണ് നിറച്ചൊന്ന് കരഞ്ഞിരുന്നെങ്കിലെന്ന് ചിന്തിക്കും….

ഒരു കൂട്ടം കണ്ണുള്ളവർക്കിടയിൽ കണ്ണില്ലാത്ത ആപ്പയെ സൃഷ്ടിച്ചത് കണ്ണ് തുറന്ന് ചിന്തിക്കാനായിരിക്കും… എന്തൊക്കെ സൗഭാഗ്യങ്ങളുണ്ടെന്നോർത്ത് നന്ദിയുള്ളവരാവാനായിരിക്കും…

ആപ്പാൻ്റെ റൂമിലെ ചില്ലലമാരയിലെ കണ്ണാടി നോക്കി നിറം കുറഞ്ഞ മുഖത്ത് അങ്ങിങ്ങായി പൊങ്ങി വരുന്ന കുരു നോക്കിയും വലിച്ച് നീട്ടിയിട്ടും അരക്കൊപ്പം എത്താത്ത മുടിയെ നോക്കിയും എത്ര വട്ടമാണ് ഒരു പാഠവും പഠിക്കാതെ ഞാനൊക്കെ സങ്കടപ്പെട്ടത്… ഓരോരുത്തരുടേയും അനുഭവത്തിലേക്കെത്തുമ്പോ മാത്രം ചിന്തിക്കുന്ന ദൃഷ്ടാന്തങ്ങൾ…

പാതിരാവാകുമ്പോ എല്ലാരും ഉറങ്ങി കഴിയുമ്പോ ഉമ്മച്ചിയുടെ കണ്ണുകള് നിറഞ്ഞിട്ടുണ്ടാവും… എന്തൊരു പരീക്ഷണമാണ് റബ്ബേന്നോർത്ത് കരഞ്ഞിട്ടുണ്ടാവും.. തലയണകള് അതൊക്കെയും അലിയിച്ച് കളഞ്ഞിട്ടുണ്ടാവും…

രണ്ട് വയസ്കാരനെ നോക്കുന്ന പോലെ 55 വയസ്സുള്ള ആപ്പാൻ്റെ നിഴലായി, ശ്വാസത്തിന് ചുറ്റും പരന്നൊഴുകി, എഴുപതിനോടടുത്ത് പ്രായള്ള ഉമ്മച്ചി ഒച്ചയില്ലാത്ത ശബ്ദമായി ഇന്നും തറവാട്ടിലുണ്ട്…

പണ്ട് തറവാട്ടില് കല്യാണങ്ങളൊക്കെ ഉണ്ടാവുമ്പോ എല്ലാരും ഒത്തുകൂടും…
എൻ്റെ പ്രായത്തിലുള്ള മൂന്ന് പേരും ഞാനും ഒരു റൂമിലാണ് കിടക്കാ…
ഒരു ജനലും വീട്ടിത്തടി കൊണ്ട് കടഞ്ഞെടുത്ത രണ്ട് പൊളി വാതിലും ഉള്ള ചെറിയ ഒരു റൂമാണ് ആപ്പാൻ്റെത്….

മരത്തിൻ്റെ ഒരു പടിക്കട്ടില്.. അതില് പുതപ്പ് വിരിച്ച് മേലെ ബെഡ്ഷീറ്റിട്ട് അരി നുറുക്കിൻ്റെ ഷേപ്പില് ചെണ്ടുകളുള്ള മൈസൂർ പുതപ്പ് തലവഴി മൂടി ആപ്പ ഉറങ്ങും…

കട്ടിലിൻ്റെ താഴെ പായ വിരിച്ച് മത്തി പൊരിക്കാനിട്ട പോലെ ഞങ്ങള് നാലും…

ആപ്പാൻ്റെ കട്ടിലിൻ്റെ ചോട്ടിലെ വട്ടച്ചെമ്പിലാണ് ഉമ്മച്ചി പലഹാരം ഒളിപ്പിച്ച് വെക്കാ… വെള്ള കളറില് നിറയെ എളളിട്ട തേങ്ങാ ബിസ്ക്കറ്റും ,ചിപ്സും, കട്ടെടുത്ത് മരത്തിൻ്റെ സ്റ്റെപ് കയറി മുകളിലെ ബാൽക്കണിയിലിരുന്ന് എത്രയെത്ര കഥകളാണ് പാറി പറന്നത്…

ഇപ്പോ എല്ലാരും പല വഴിക്കായി…

ഇടക്കൊക്കെ തറവാട്ടില് പോവുമ്പോ ആപ്പാൻ്റെ റൂമിലേക്കൊന്നെത്തി നോക്കും…

“ആപ്പേ”

“ന്തേത്താ “

“ഞാനാരാന്ന് മനസ്സിലായോ”

“ആ.. മൻസിലായി.. “

“ന്നാ പറയി… ആരാ…”

“ആരോ “

“ങ്ങള് ചോറ് തിന്നോ”

“ആ.. തിന്ന്”

“ന്താ ..കൂട്ടാൻ”

“ന്തോ….”

എങ്ങനെയൊക്കെ തിരിച്ചും മറിച്ചും ചോദിച്ചാലും ഈ മറുപടിയല്ലാണ്ട് വേറൊന്നും ആപ്പാനോട് കിട്ടൂല…

കുടുംബത്തിലെ മൂത്ത ആളായ എൻ്റെ ഉപ്പാനോട് എല്ലാർക്കും ബഹുമാനം കലർന്ന ഒരു പേടിയാണ്… എളിമ വാരി വിതറി സംസാരിക്കും..

ഉപ്പ അന്നേരം ഇച്ചിരി കട്ടീല് വളഞ്ഞ മീശയും, പുരികം കോട്ടി, കണ്ണ് ചെറുതായി തുറിപ്പിച്ച് ,ഗൗരവം വിടാതെ ചുണ്ടിലെവിടെയും ഒരു ചിരിക്ക് സ്കോപ്പില്ലാതെ മസില് പിടിച്ച് നിക്കും….

തറവാടിൻ്റെ പുറകിലാണ് ഞങ്ങൾടെ തോട്ടം ഉള്ളത്… മിക്കവാറും ദിവസങ്ങളിൽ കൈക്കോട്ടും കത്തിയും കൊണ്ട് തോട്ടത്തിൽ എന്തേലും പണിയെടുക്കാൻ ഉപ്പ പോവുമ്പോ ആപ്പാൻ്റെ റൂമിൻ്റെ ജനലിലൂടെ എത്തി നോക്കും…. എന്നിട്ട് വിളിക്കും….

“അർമാനേ”

“ന്തേത്താ”

“ഞ്ഞി ന്താക്കാണെടോ”

“ഞാനൊറങ്ങാ”

“ചോറ് തിന്നിനോ”

“ആ.. തിന്ന്”

“ന്താ കൂട്ടാൻ…”

”മീൻ കൂട്ടാൻ “

“ഉസാറെന്നെ..ന്നിട്ട് പള്ള നെറഞ്ഞ്ക്ക്ണോ “

“ഓ നെറഞ്ഞ്…. അർമാൻ്റെ പള്ള നെറഞ്ഞ്….”

ഈ ദുനിയാവില് ഉപ്പാൻ്റെ ചോദ്യങ്ങൾക്ക് മാത്രം നൽകാനുള്ള ഉത്തരങ്ങളും കൊണ്ട് വെളിച്ചം പരക്കാത്ത കണ്ണില് സ്നേഹം നിറച്ച് ഉറക്കെ ഉറക്കെ ആപ്പ പിന്നേം പാടും….

വെണ്ണിലാ ചന്ദനക്ക്ണ്ണം.. പുന്നമടക്കായലിൽ വീണ്….

❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *