എന്തൊക്കെയായാലും നിങ്ങൾ ചെയ്തത് തെറ്റാണ് അവളുടെ സ്നേഹ ത്തിനാണ് നിങ്ങൾ വില പറഞ്ഞത് . കുഞ്ഞുനാൾ മുതൽ അവൾ അനുഭവിച്ചതൊക്കെ അവൾ എന്നോട് പറഞ്ഞു……..

പിരിയില്ലൊരിക്കലും

Story written by Nisha Suresh Kurup

രേഷ്മക്ക് വീട്ടിനടുത്ത് തന്നെയുള്ള ചെറിയ സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. രണ്ടാഴ്ച കഴിഞ്ഞേ ഉള്ളു അവൾ ജോലിക്ക് പോയി തുടങ്ങിയിട്ട്. അവളുടെ ഭർത്താവ് മിഥുൻ ഹാർട്ടിന്റെ വാൽവിനു അസുഖമായതിനെ തുടർന്ന് വിശ്രമത്തിലാണ്. സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും സാമ്പത്തികമില്ലാത്തത് കൊണ്ട് മരുന്നുകളുടെ സഹായത്തോടെ പിടിച്ചു നില്ക്കുന്നു.

കഴിഞ്ഞ ദിവസം ഡോക്ടറെ കാണാൻ പോയപ്പോൾ സർജറി അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ലെന്നും ഇല്ലെങ്കിൽ മിഥുന്റെ ജീവൻ തന്നെ അപകടത്തി ലാകുമെന്നും ഡോക്ടർ പറഞ്ഞു. മിഥുനെ കൂടാതെ അമ്മച്ചി കത്രീനയും കൂടിയാണ് ആ വാടക വീട്ടിൽ താമസം. മിഥുൻ ആട്ടോ ഓടിച്ചു കൊണ്ടു വരുന്ന പൈസ കൊണ്ടാണ്ആ കുടുംബം ജീവിച്ചിരുന്നത്. സന്തോഷത്തോടെ മിഥുനും അമ്മച്ചിക്കുമൊപ്പം രേഷ്മ കഴിയവെയാണ് ഇങ്ങനെ ഒരു വിധി… സൂപ്പർ മാർക്കറ്റിൽ ചെന്നു കയറിയയുടൻ അതിന്റെ ഓണറും ബില്ലിംഗ് സെക്ഷൻ കൈകാര്യം ചെയ്യുന്ന ആളുമായ മദ്ധ്യ വയസ്കൻ ശിവൻ ചോദിച്ചു

” എന്തായി ഇന്നലെ പോയിട്ട്”

“എത്രയും പെട്ടന്ന് സർജറി നടത്തണം ….അല്ലാതെ ഒന്നും ചെയ്യാനില്ല ….

രേഷ്മ വിതുമ്പാതിരിക്കാൻ പാടുപെട്ടു.

“വല്ലാത്ത കഷ്ടം തന്നല്ലോ കൊച്ചേ നിന്റെ കാര്യം ” അയാൾ സഹതപിച്ചു.

അവൾ തലകുനിച്ച് തന്റെ ജോലിയിലേക്ക് കടന്നു. അവളെ കൂടാതെ ഒരു മുതിർന്ന സ്ത്രീയും പിന്നെ ഒരു പെൺകുട്ടിയുമാണ് അവിടത്തെ വനിതാ ജീവനക്കാർ . അതിലെ മുതിർന്ന സ്ത്രീ അവളുടെ വിഷമം കണ്ട് ചോദിച്ചു . “മോളെ നിനക്ക് നിന്റെ അച്ഛനെ പോയൊന്നു കണ്ടു കൂടെ ഇങ്ങനെ ഒരവസ്ഥയിൽ സഹായിക്കാതിരിക്കുമോ “

“അതൊന്നും വേണ്ട ചേച്ചി അവരെന്നെ ഉപേക്ഷിച്ചതാ ഇതൊക്കെ അവരെ പ്പോഴേ അറിഞ്ഞിട്ടുണ്ട് പരിഹസിക്കുന്നുണ്ടാകും ” “എന്നാലും സ്വന്തം മോളല്ലേ വിഷമകാലം വരുമ്പോൾ അമ്മയ്ക്കെങ്കിലും ദയ തോന്നാതിരിക്കുമോ ” . രേഷ്മക്ക് ഒന്നും പറയാൻ തോന്നിയില്ല . കടലോളം സങ്കടം ഉള്ളിൽ തിരയടിച്ചു.
ബിസിനസ്കാരനായ പ്രതാപൻ നായരുടെയും ,വക്കീലായ സുനിതാ പിള്ളയുടെയും ഒറ്റ മകളാണ് രേഷ്മ. അച്ഛൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കുന്ന തിരക്കിലും ,അമ്മ കൂടുതൽ കൂടുതൽ പ്രശസ്തിയും പണവും നേടുന്നതിനും നെട്ടോട്ടം ഓടിയപ്പോൾ രേഷ്മയുടെ ഒറ്റപ്പെടൽ അവരറിഞ്ഞില്ല. മുന്തിയ സ്കൂളിലെ വിദ്യാഭ്യാസവും വില കൂടിയ തുണിത്തരങ്ങളും ഇഷ്ടമുള്ള വിഭവങ്ങളും രേഷ്മയുടെ മുന്നിൽ നിരന്നപ്പോൾ അച്ഛനമ്മമാരുടെ വാത്സല്യം മാത്രം അവൾക്ക് കിട്ടിയില്ല. പൈസയോട് മാത്രം ആത്മാർത്ഥത കാണിക്കുന്ന ജോലിക്കാർക്കിടയിൽ രേഷ്മ ഒരു കൂടെപ്പിറപ്പെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ ആശിച്ചു. കൂട്ടുകാരുടെ വിശേഷങ്ങൾ പറയാൻ ഓടിചെല്ലുന്ന അവൾക്ക് മുന്നിൽ ,അച്ഛനും അമ്മയും അവരുടേതായ ഫോൺകോളുകളിലോ , ലാപ്ടോപ്പിലോ മുഴുകി. പാവകുട്ടിയെ കെട്ടിപിടിച്ചു ഒറ്റക്ക് ഉറങ്ങാൻ കിടക്കുന്ന രാത്രികളിലൊക്കെ അവൾക്ക് കിട്ടാത്ത താരാട്ടും ,തലോടലും അവൾ പാവ കുട്ടിക് കൊടുത്തു. ഡൈനിംഗ് ടേബിളിൽ വേണമെങ്കിൽ കഴിക്കു എന്ന മട്ടിൽ ജോലിക്കാരി നീട്ടി കൊടുക്കന്ന ആഹാരം അവൾക്കു മടുപ്പ് തോന്നി. ഒരിക്കൽ പത്ത് വയസുകാരിയായ രേഷ്മക്കരുകിലേക്ക് പുതിയൊരു ജോലിക്കാരി വന്നു കത്രീന . ആദ്യമായി കണ്ട അന്നു തന്നെ വാതിലിന്റെ അരികിലേക്ക് മാറി നിന്ന രേഷ്മയെ കത്രീന അടുത്തേക്ക് വിളിച്ചു തലോടലോടെ ചോദിച്ചു പേരെന്താന്ന് .

രേഷ്മയെന്ന് പേരവൾ പറഞ്ഞപ്പോൾ കത്രീന നല്ല പേരാണല്ലോ എന്ന് പറഞ്ഞവയുടെ കവിളിൽ മൃദുവായി തൊട്ടു. അതിലവൾ ആദ്യമായി വാത്സല്യത്തിന്റെ മധുരമറിഞ്ഞു.

അങ്ങനെ കത്രീന വന്നതിൽ പിന്നെ അവൾക്ക് എന്തിനും ഏതിനും അവരൊപ്പമുണ്ടായി. അവൾ കത്രീനയെ അമ്മച്ചീ എന്നു വിളിച്ചു. അവരു വാരി കൊടുത്ത ഓരോ പിടി ചോറിലും സ്നേഹത്തിന്റെ രുചിയവൾ അറിഞ്ഞു. തലകെട്ടി കൊടുക്കാൻ ,തല തുവർത്തി കൊടുക്കാൻ ,സ്കൂൾ ബസിൽ വന്നിറങ്ങുമ്പോൾ ഇഷ്ടമുള്ള മധുര പല ഹാരങ്ങൾ ഉണ്ടാക്കി കാത്തിരിക്കാൻ , കഥകൾ പറഞ്ഞും ,താരാട്ട് പാടിയും ഉറക്കാൻ എല്ലാം ഒരു അമ്മച്ചിയുണ്ടെന്ന് കൂട്ടുകാരോട് പറഞ്ഞവൾ ചിരിച്ചു.

ആദ്യമായി പാവാടയിൽ ര ക്തത്തുള്ളികൾ കണ്ട ദിവസം കരഞ്ഞ് കൊണ്ട് ഓടി വന്നയവളെ ചിരിച്ച് കൊണ്ട് അടുത്തേക്ക് പിടിച്ചു മോള് വലിയ കുട്ടി ആയതല്ലേ അതിന് കരയുന്നതെന്നിനാ എല്ലാം അമ്മച്ചി പറഞ്ഞു തരാമെന്ന് പറഞ്ഞ് ഒരമ്മയായി നിന്നവർ എല്ലാം ചെയ്തു കൊടുത്തു. ഇടയ്ക്കിടക്ക് വീട്ടിൽ പോകുന്ന അവർക്ക് ഭർത്താവും ഒരു മകനുമാണുള്ളതെന്നറിയാൻ കഴിഞ്ഞു . കൂലിപ്പണി ക്കാരനായ ഭർത്താവിന്റെ വരുമാനം മാത്രം തികയാത്തതിനാലാണ് അവരും ജോലിക്ക് ഇറങ്ങിയത്.

എല്ലാ ആഴ്ചയും അമ്മച്ചി മകനെ കാണാനുള്ള ആവേശത്തോടെ പോകും. അവരുടെ മകൻ മിഥുനെ കുറിച് പറയാൻ നൂറ് നാവാണവർക്ക് . പിന്നോ ടൊരിക്കൽ കത്രീനയുടെ ഭർത്താവ് സുഖമില്ലാതെ മരിച്ചുവെന്നറിയാൻ കഴിഞ്ഞു. അമ്മച്ചിയെ കാണാൻ പോകണമെന്നുണ്ടായിരുന്നെങ്കിലും അമ്മ വിലക്കി. “അവർക്ക് കുറച്ച് കാശൊക്കെ ഡ്രൈവറിന്റെ കൈയ്യിൽ കൊടുത്ത് വിട്ടിട്ടുണ്ട്. ഇവിടുന്ന് ആരും പോകേണ്ട കാര്യമില്ല “. അവൾക്ക് എതിർത്ത് സംസാരിക്കാൻ കഴിഞ്ഞില്ല. ദിവസങ്ങൾ ഏറെ ആയിട്ടും കത്രീന പിന്നെ വരാതെ രേഷ്മ വല്ലാതെ വിഷമിച്ചു. പുതിയ ജോലിക്കാരിയെ നിയമിക്കാമെന്ന് അമ്മ അച്ഛനോട് പറയുന്നതവൾ കേട്ടു. അവളുടെ മനസ് പിടച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ കത്രീന വന്നു .കണ്ട നിമിഷം കത്രീനയും അവളും കെട്ടിപ്പിച്ചു കരഞ്ഞു. പഴയത് പോലെ ആയിരുന്നില്ല വിഷാദ ഭാവമായിരന്നു പിന്നെ കത്രീനക്ക്. അവളുടെ വീടിനടുത്തായി വാടക വീടെടുത്തെന്നും രാത്രി വീട്ടിൽ പോകണം മകൻ ഒറ്റക്കേ ഉള്ളൂവെന്നു മുള്ള അവരുടെ ആവശ്യം രേഷ്മയുടെ അമ്മ അംഗീകരിച്ചു. രാത്രി അടുത്തില്ലെങ്കിലും പകലൊക്കെ അമ്മച്ചിയുണ്ടല്ലോ എന്ന സന്തോഷം രേഷ്മയിൽ ഉണ്ടായി …

ഇടയ്ക്കിടക്ക് അവൾ അമ്മച്ചിയുടെ കൂടെ അവരുടെ വീട്ടിൽ പോകും . അവിടെ വെച്ചവൾ മിഥുനെ പരിചയപ്പെട്ടു. ആ പരിചയം അവരെ നല്ല സുഹൃത്തുക്കളാക്കി . അവൾ പത്താം ക്ലാസിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ അവളെക്കാൾ അഞ്ച് വയസിനു മൂത്ത മിഥുൻ ആട്ടോ ഓടിക്കാൻ ഇറങ്ങി. നന്നായി പഠിക്കുന്ന , ക്ലാസുകളിൽ ഒന്നാമനായിരുന്ന അവൻ കത്രീനക്ക് ശ്വാസം മുട്ടിന്റെയും മറ്റും അസുഖം കാരണം പഴയത് പോലെ ജോലിക്കൊന്നും പോകാൻ വയ്യാത്തതി നാൽപഠിത്തം നിർത്തി , അമ്മച്ചിയെ സഹായിക്കാൻ ഇറങ്ങി. കത്രീന പതിയെ രേഷ്മയുടെ വീട്ടിലെ ജോലി മതിയാക്കി. എങ്കിലും അവളു അമ്മച്ചിയെ കാണാൻ ഇടയയ്ക്കിടക്ക് പോകുമായിരുന്നു. കത്രീന പലഹാരമൊക്കെ ഉണ്ടാക്കി അടുത്ത കടയിൽ കൊടുക്കും. അതിൽ നിന്ന് അവൾക്കായി എന്നും എന്തെങ്കിലും കത്രീന കരുതിയിട്ടുണ്ടാകും. അവൾ പ്ലസ് ടു പഠിക്കുന്ന സമയത്ത് അവൾക്ക് മിഥുനോടുള്ള അടുപ്പം എങ്ങനെയോ പ്രണയത്തിലേക്ക് വഴിമാറി. അവൻ എതിർത്തു പക്ഷെ അവൾ പിന്മാറിയില്ല. ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞ് കരഞ്ഞു. മിഥുന്റെ ഉള്ളിന്റെ ഉള്ളിൽ അവളോട് ഇഷ്ടം ഉണ്ടായിരുന്നെങ്കിലും സാഹചര്യ ങ്ങളാണ് അവനെ പിന്തിരിപ്പിച്ചത് .ഒടുവിൽ അവളുടെ സ്നേഹത്തിന് മുന്നിൽ അവന് കീഴടങ്ങേണ്ടി വന്നു. അവർ അവരുടേതായ ലോകത്തിൽ പ്രണയ മഴ നനഞ്ഞു നടന്നു. ആരും അറിയാതെ ,കത്രീന അമ്മച്ചി പോലുമറിയാതെ ,അവരുടേതായ സ്വർഗത്തിൽ മതിമറന്ന് അവർ ഉല്ലസിച്ചു . ..അവൾ ക്ഷേത്രത്തിൽ പോയി വരുമ്പോൾ പുറത്ത് കാത്ത് നിന്നും , അവനോടൊപ്പം അവൾ പള്ളിയിൽ പോയും ,അവന്റെ ആട്ടോയിൽ കറങ്ങിയും അവർ ഒരുമിച്ച് സ്വപ്നങ്ങൾ നെയ്തു.

അപ്പോഴേക്കും രേഷ്മയ്ക്ക് വീട്ടുകാർ മെഡിസിന് അഡ്മിഷൻ എടുത്ത് കഴിഞ്ഞിരുന്നു. മെഡിസിൻ രണ്ടാം വർഷം പഠിച്ചു കൊണ്ടിരുന്ന സമയത്താണ് അവരുടെ പ്രണയം വീട്ടുകാർ പിടിച്ചത്. രേഷ്മയുടെ അച്ഛൻ അവളെ പൊതിരെ തല്ലി ചതച്ചു. അമ്മയും അവരുടെ വായിൽ തോന്നിയതൊക്കെ അവളെ പറയുകയും തല്ലുകയും ചെയ്തു.

അച്ഛനും അമ്മയും പരസ്പരം പഴിചാരി . “നിന്റെ വളർത്തുദോഷമെന്ന് അച്ഛൻ അമ്മയെ കുറ്റപ്പെടുത്തിയപ്പോൾ , അച്ചടക്കത്തോടെ വളർത്താൻ പറ്റാത്തത് അച്ഛന്റെ പിടിപ്പു കേടാണെന്ന് അമ്മയും വാദിച്ചു ” ..അവളെ മുറിയിൽ പൂട്ടിയിട്ടു. പാവപ്പെട്ടവൻ , അന്യ മതസ്ഥൻ എല്ലാം കൊണ്ടും അവരുടെ സ്റ്റാറ്റസിന ചേരാത്തവൻ. ഒരു വിധത്തിലും അംഗീകരിക്കാൻ പറ്റാത്ത ബന്ധം .രേഷ്മയെ തന്റെ സഹോദരിയുടെ വീട്ടിലേക്ക് നാടുകടത്താൻ അച്ഛൻ തീരുമാനിച്ചു. കത്രീനയെ അച്ഛനും അമ്മയും മാറി മാറി വഴക്കു പറഞ്ഞു. ഒന്നുമറിയാത്ത കുട്ടിയെ മയക്കി എടുത്തു .പണo മോഹിച്ചെന്ന് പറഞ്ഞ് കുറേ ശകാരിച്ചു. കത്രീന വളർത്തിയാണ് അവൾ മോശക്കാരിയായത് … ശകാരങ്ങൾ കൊണ്ട് അവരെ അവർ വേദനിപ്പിച്ചു.

കത്രീന കരഞ്ഞു കൊണ്ട് മോനെ ഉപദേശിച്ചു.” രേഷ്മയുടെ നല്ല ഭാവിയെ കരുതി അവളെ സ്നേഹിക്കുന്നു ണ്ടെങ്കിൽ നീ അവളെ മറക്കണം ” . ധർമ്മസങ്കടത്തിൽ പെട്ട് മിഥുന്റെ മനസ് ഉരുകി . അന്ന് രാത്രി വീട്ടുകാരുടെ കണ്ണു വെട്ടിച്ച് രേഷ്മ മിഥുന്റെ വീട്ടിലെത്തി. അന്നാദ്യമായി സ്നേഹം കൊണ്ട് കത്രീന അവളോട് ചൂടായി ഇറങ്ങി പോകാൻ പറഞ്ഞു. മിഥുന് എന്ത് പറയണമെന്നറിയില്ല നിസംഗനായി നിന്നു. ഓടി വന്നവൾ അവന്റെ നെഞ്ചിൽ വീണു. മിഥുന് അവളെ പുണരാ തിരിക്കാൻ കഴിഞ്ഞില്ല. കത്രീന നീറുന്ന നെഞ്ചോടെ അവളെ അവനിൽ നിന്ന് പിടിച്ചു മാറ്റി. അവൾ ഏങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു. “മിഥുൻ സ്വീകരി ച്ചില്ലെങ്കിൽ ജീവിച്ചിരിക്കില്ല. ഇനി എന്നെ ആരും കാണില്ല “.. താങ്ങാവു ന്നതിലും അപ്പുറം വേദനയിൽ മിഥുൻ പറഞ്ഞു..”ഇല്ല നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല “..അവളെ അടുത്തേക്ക് പിടിച്ച് ചും ബനങ്ങൾ കൊണ്ട് മൂടി അവന്റെ മിഴികളും നനഞ്ഞു . അമ്മച്ചിക്ക് പിന്നെ ഒന്നും പറയാൻ ഇല്ലായിരുന്നു. അടുത്ത ദിവസം തന്നെ വിവാഹം നടത്തി. രേഷ്മയുടെ അച്ഛനും അമ്മയും ബന്ധുക്കളും എല്ലാം പ്രശ്നമുണ്ടാക്കി. രണ്ട് മതങ്ങളായതിന്റെ പ്രശ്നം സമുദായവും ഏറ്റെടുത്തു . വലിയ വഴക്കും പ്രശ്നങ്ങൾക്കുമൊടുവിൽ അച്ഛനമ്മമാർ ഇങ്ങനെ ഒരു മകൾ ഇല്ലെന്ന് പറഞ്ഞ് അവളെ ഉപേക്ഷിച്ചു. സമുദായക്കാർ അവരുടെ സ്നേഹത്തിനു മുന്നിൽ ഒന്നും ചെയ്യാനില്ലാതെ തോറ്റു മടങ്ങി.

അമ്മച്ചിയും മക്കളും സന്തോഷത്തോടെ ജീവിച്ചു വരവെ വിവാഹം കഴിഞ്ഞ് മൂന്നാം മാസം തളർന്നു വീണ മിഥുനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ അറിയാൻ കഴിഞ്ഞു . ഹാർട്ടിന് അസുഖമാണ്. കത്രീനയും അവളും ഒരുപോലെ തളർന്നു. മനസിന്റെ വിഷമം മറച്ചുവെച്ച് മിഥുൻ അവരെ അശ്വസിപ്പിച്ചു. ജീവിതം താളം തെറ്റി അവൾ ജീവിക്കാൻ മറ്റു മാർഗമില്ലാതെ ജോലിക്കിറങ്ങി. സർജറി അല്ലാതെ വേറെ ഒരു മാർഗവുമില്ലന്ന് വീണ്ടും ഡോക്ടർ പറഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അവൾ പകച്ചു. കാശിന് ഒരു മാർഗവുമില്ല. മിഥുന്റെ കൂട്ടുകാരൊക്കെ അന്നന്നത്തെ ജീവിത മാർഗം നോക്കുന്നവരാണ്. മിഥുനെ നഷ്ടപ്പെടുമെന്ന ചിന്ത അവളെ ഭ്രാന്തിയാക്കി. അമ്മച്ചിയും അവളും ഒന്നും ചെയ്യാൻ പറ്റാതെ സങ്കടപ്പെട്ടു. അവശതയിലും മിഥുൻ പറഞ്ഞു.

“സാരമില്ല എനിക്ക് ഇത്രയേ ആയുസ്സുള്ളു. വിധിയെന്ന് സമാധാനിക്കാം “.

വിധിക്ക് വിട്ടുകൊടുക്കാൻ കഴിയാതെ രേഷ്മ എല്ലാവരോടും യാചിച്ചു. ആർക്കും അത്രയും വലിയ തുക കൊടുക്കാനില്ല. കടം വാങ്ങാൻ നോക്കി പകരം കൊടുക്കാൻ വസ്തുവോ , വീടോ ഇല്ല. ഒരു മാർഗവുമില്ലാതെ തളർന്ന രേഷ്മക്കരുകിലേക്ക് അച്ഛൻ വന്നു. മുഖവുരയൊന്നും കൂടാതെ അച്ഛൻ പറഞ്ഞു. “ഞാൻ സഹായിക്കാം കുറച്ച് കൂടുതൽ പൈസയും കൊടുക്കാം. പക്ഷ നീ അവനെ ഉപേക്ഷിച്ചു കൂടെ വരണം.

ഇതുവരെ ഉണ്ടായ മാനക്കേട് ഞങ്ങൾ സഹിച്ചു . എല്ലാം മറക്കാം നീ വന്നാൽ “

അവൾ പൊട്ടിത്തെറിച്ചു..”നിങ്ങൾ ഒരച്ഛനാണോ ഈ അവസ്ഥയിൽ എങ്ങനെ പറയാൻ തോന്നുന്നു “. അച്ഛൻ വീണ്ടും തുടർന്നു “വളർത്തി വലുതാക്കിയ മകൾ പോയപ്പോൾ ഞങ്ങൾക്കുണ്ടായ വേദന അതിന്റെ ഫലമാണ് മൂന്ന് മാസം പോലും തികയും മുൻപെ ദൈവം തന്നത്.

എല്ലാവരുടെ മുന്നിലും മാനക്കേടോടെ തല കുനിച്ചാണ് നമ്മൾ നടക്കുന്നത്. നീ വന്നാൽ അപ്പച്ചിയുടെ മോൻ നിന്നെ വിവാഹം കഴിക്കാൻ തയ്യാറാണ്. തുടർന്ന് പഠിക്കാം എന്ത് വേണേലും ആവാം “. ഇല്ല മിഥുനെയും അമ്മച്ചിയെയും വിട്ട് ഞാൻ വരില്ല.

“എങ്കിൽ നീ ഇവിടെ കിടന്ന് നരകിച്ചോ. എന്ത് വേണമെന്ന് വെച്ചാൽ നിനക്ക് തീരുമാനിക്കാം “.. അയാൾ ഇറങ്ങി പോയി..അന്ന് രാത്രി അസുഖം കൂടി മിഥുൻ വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. എത്രയും പെട്ടന്ന് പണം അടയ്ക്കണം അല്ലെങ്കിൽ അവർക്കൊന്നും ചെയ്യാനില്ല. നിറയുന്ന കണ്ണാൽ കത്രീന അപേക്ഷ പോലെ അവളെ നോക്കി. ഒരേയൊരു മകൻ അവനെ നഷ്ടപ്പെടുത്താൻ വയ്യാതെ ആ അമ്മ കരഞ്ഞു. മിഥുന്റെ സുഹൃത്തുക്കൾ അവളെ ഉപദേശിച്ചു. തിരിച്ചു പോകാൻ. രേഷ്മയെ കെട്ടിയത് കൊണ്ട് മാത്രമാണ്.പള്ളിക്കാരുപോലും സഹായിക്കാത്തത്. അവന്റെ ജീവൻ നിനക്കേ രക്ഷിക്കാൻ പറ്റു. കത്രീനക്ക് അരുകിൽ ഇരുന്നവൾ അവരുടെ ചുമലിൽ കൈയ് വെച്ചു..”എന്താ അമ്മച്ചി ഞാൻ ചെയ്യേണ്ടത് “.

അവരവളുടെ കൈ കവർന്ന് യാചിച്ചു. “നീയും അവനും എനിക്ക് മക്കളാണ്..രണ്ടു പേരും സുഖമായിരിക്കണം. നീ തിരികെ പോണം മോളെ “..അമ്മച്ചി പൊട്ടിക്കരഞ്ഞു. “അതെ താൻ പോണം എന്റെ മിഥുന് വേണ്ടി. ജീവനോടെ ഉണ്ടായാൽ മതി ഒരുമിച്ചല്ലെങ്കിലും ” ..ഭ്രാന്തിയെ പോലെ പുലമ്പി അവൾ അച്ഛനെ സമ്മതമാണെന്നറിയിച്ചു വിളിച്ചു..അച്ഛൻ വന്നു പൈസ അടച്ചു കാര്യങ്ങൾ എല്ലാം ശരിയാക്കി. രേഷ്മയെ സംബന്ധിച്ച് അത് വലിയ തുകയാണെങ്കിലും അച്ഛന് നിസാര തുകയായിരുന്നു. അവളുടെ കൈപിടിച്ച് മുന്നോട്ട് നടന്നു. അവൾ പിടച്ചിലോടെ അമ്മച്ചിയെ നോക്കി കാണാനുള്ള ശക്തിയില്ലാതെ അമ്മച്ചി തല കുനിച്ച് ശബ്ദമില്ലാതെ കരഞ്ഞു. ഒന്നും അറിയാതെ മിഥുൻ അപ്പോൾ അബോധാവസ്ഥയിലായിരുന്നു. വീട്ടിൽ

ചെന്ന് കയറിയ അവളെ കണ്ട് അമ്മ വിജയിയെ പോലെ ചിരിച്ചു..പിറ്റേന്ന് മിഥുന്റെ സർജറിയായിരുന്നു. അവൾക്ക് ക്ഷേത്രത്തിൽ പോയ് തൊഴണം എന്ന് അമ്മയോട് പറഞ്ഞു.

” തൊഴുന്നയൊക്കെ കൊള്ളാം. ഇനി ഒരു മടങ്ങി പോക്ക് പ്രതീക്ഷിക്കരുത്. അവന്റെ കാര്യങ്ങൾ എല്ലാം ഓക്കെയായാലുടൻ ഡിവോഴ്സിന് വേണ്ട നടപടി തുടങ്ങും. പിന്നെ എത്രയും പെട്ടന്ന് വിപിനുമായുള്ള (അപ്പച്ചിയുടെ മകൻ ) വിവാഹം അറിയാല്ലോ “.

അവൾ സമ്മതിക്കും മട്ടിൽ തലയാട്ടി.

അവളുടെ അമ്മയും ക്ഷേത്രത്തിൽ കൂടെ പോയി. അകത്ത് കയറി ദേവിയോട് മനമുരുകി കണ്ണുകൾ അടച്ചവൾ പ്രാർത്ഥിച്ചു. “അമ്മേ മിഥുനെ കാത്ത് കൊള്ളണേ …ഇനി എല്ലാം അമ്മ തന്നെ തീരുമാനിക്ക്… സങ്കടക്കടലിൽപ്പെട്ടു പോയ ഈ മകളെ രക്ഷിക്കൂ “….

ദേവിയുടെ മുഖത്തെ ചൈതന്യം അവളിൽ പ്രതീക്ഷ ഉണർത്തി. പുറത്ത് കടന്ന് കാറിനരുകിലേക്ക് നടന്നയവൾ തലചുറ്റി വീണു..അവളുടെ അമ്മയുടെ പഴയ കൂട്ടുകാരി ഗൈനക്കോളജിസ്റ്റ് അമലയുടെ അടുത്തായിരുന്ന അവളെത്തപ്പെട്ടത്. അവരിൽ നിന്ന് അറിയാൻ കഴിഞ്ഞു അവൾ രണ്ട് മാസം പ്രഗ്നന്റ് ആണ്. അറിഞ്ഞ അച്ഛനും അമ്മയും ഷോക്കായി. പിന്നെ അപ്പോൾ തന്നെ അവർ ഒരു സൊലൂഷ്യനും കണ്ടെത്തി അnബോർഷൻ .അമലയോട് അത് ചർച്ച ചെയ്തു. അമല അതിന് ഒരുക്കമായിരുന്നില്ല. പിന്നെ കൂട്ടുകാരിയുടെ അഭ്യർത്ഥനക്ക് മുന്നിൽ നിരസിക്കാൻ വയ്യാതെ രേഷ്മയോട് സംസാരിക്കട്ടെന്ന് പറഞ്ഞു.

അതെ സമയം മിഥുന്റെ കുഞ്ഞ് വയറ്റിൽ വളരുന്ന നിർവൃതിയിലായിരുന്നു രേഷ്മ. ചിരിക്കണോ കരയണോ എന്നറിയാൻ പറ്റാത്ത അവസ്ഥ..അവിടേക്ക് അമല കയറി വന്നു. അവളുടെ അടുത്തിരുന്നു. കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. എന്നാൽ അമലയുടെ മാ റിലേക്ക് വീണ് രേഷ്മ അലറിക്കരഞ്ഞു. ഇത് വരെ ഉണ്ടായ കാര്യങ്ങൾ മുഴുവൻ അമലയെ അറിയിച്ചു. അത്രയും വിശദമായി കാര്യങ്ങൾ അമല അറിഞ്ഞിരുന്നില്ല.

മകൾ ഒരുത്തനെ സ്നേഹിച്ചുവെന്നും , കൂടെ പോയെന്നും ,ഇപ്പോൾ തിരികെ വന്നവെന്നുമാണ് അമലയോട് സുനിത പറഞ്ഞിരുന്നത്. രേഷ്മയിൽ നിന്ന്കാ ര്യങ്ങൾ കേട്ട അമല അന്തം വിട്ടു. പാവം തോന്നിയ അവൾ രേഷ്മയോടും അച്ഛനമ്മമാരോടും ഒരുമിച്ചിരുത്തി സംസാരിച്ചു.

“എന്തൊക്കെയായാലും നിങ്ങൾ ചെയ്തത് തെറ്റാണ് അവളുടെ സ്നേഹ ത്തിനാണ് നിങ്ങൾ വില പറഞ്ഞത് . കുഞ്ഞുനാൾ മുതൽ അവൾ അനുഭവിച്ചതൊക്കെ അവൾ എന്നോട് പറഞ്ഞു. ഒരു 10 മിനിറ്റ് എങ്കിലും ദിവസവും നിങ്ങൾ അവൾക്ക് വേണ്ടി ചെലവഴിച്ചിരുന്നെങ്കിൽ സ്നേഹത്തിനു വേണ്ടി മറ്റൊരമ്മയെയും , മകനെയും അവൾക്ക് തേടി പോകേണ്ടി വരില്ലായിരുന്നു. ഒരാപത്ത് വന്നപ്പോൾ മകളുടെ കൂടെ നിൽക്കുന്നതിന് പകരം അവിടെയും ബിസിനസ് മെന്റാലിറ്റിയോടെ സമീപിച്ച നിങ്ങളെ എനിക്ക് വെറുപ്പാണ്.Mസ്റ്റാറ്റസും പദവിയും നോക്കുമ്പോൾ നിങ്ങൾ ഒന്നു മറന്നു .നിങ്ങളുടെ മകളുടെ മനസ്സ് .

നിങ്ങൾക്ക് വേണ്ടാത്ത അവൾ അവളുടേതായ ലോകത്ത് സന്തോഷത്തോടെ ജീവിച്ചോട്ടെ.

നിങ്ങൾ ഇനിയും ഇനിയും സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ നടക്കൂ.

ഞാൻ എന്തായാലും ഇവളുടെ കുഞ്ഞിനെ കൊ ല്ലാൻ കൂട്ടുനിൽക്കത്തില്ല .അപ്പോൾ നിങ്ങൾ വേറെ ഹോസ്പിറ്റലിൽ പോകുമായിരിക്കും പക്ഷേ മനസാക്ഷി എന്നൊന്നുണ്ട് നിങ്ങൾക്ക് അവസാന കാലത്ത് ഈ മകൾ മാത്രമേ കാണുള്ളൂ “.. അച്ഛന്റെയും അമ്മയുടെയും മുഖത്ത് നോക്കി ഇത്രയും പറഞ്ഞിട്ട് രേഷ്മയോടായി പറഞ്ഞു “നീ അവന്റെ അരുകിലേക്ക് മടങ്ങി പോകണം . ബോധം വീഴുമ്പോൾ ഇതറിഞ്ഞാൽ അവൻ ആത്മഹ ത്യ ചെയ്യില്ലെന്നാരു കണ്ടു.

നിന്റെ അച്ഛൻ മുടക്കിയ കാശ് തിരികെ കൊടുക്കാൻ വഴിയുണ്ടാക്കാം എന്നെ കൊണ്ടു ആകുന്നത് ഞാൻ സഹായിക്കാം . അന്ന് ഒരു കാലം നീ തന്നെയായിരുന്നു ഞാനും .പ്രണയിച്ച പുരുഷനെ വീട്ടുകാർക്കു വേണ്ടി നഷ്ടപ്പെട്ടവൾ .ഇന്നും ഒറ്റയ്ക്ക് ജീവിക്കുന്നവൾ .എന്റെ വിവാഹം വീട്ടുകാർ തീരുമാനിച്ചതറിഞ്ഞ് ഞങ്ങൾ ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു. അവിടെ വിധി എന്നെ തോല്പിച്ചു ഞാൻ രക്ഷപ്പെട്ടു അലക്സ് മരിച്ചു “. അറിയാതെ അമലയുടെ കണ്ണുകൾ ഈറനായി.

“നീ ജീവിയ്ക്കണം ഒറ്റക്ക് ജീവിക്കുന്ന ഞാൻ കുറേ പൈസയും കെട്ടിപ്പിടിച്ചിരുന്നിട്ടെന്തിനാ “

സ്നേഹത്തോടെ അവളുടെ മുടിയിൽ തഴുകി “ഡെലിവറിയൊക്കെ കഴിഞ്ഞ് പഠിക്കാൻ നോക്കു . ഒരു പെണ്ണിന് തന്റേടത്തോടെ നില്ക്കാൻ ജോലി ഏറ്റവും അത്യാവശ്യമാണ് “.

നന്ദിയോടെ രേഷ്മ ചിരിച്ചു . അമലയെ നോക്കി കൈകൂപ്പി. അമല പറഞ്ഞ കാര്യങ്ങളൊക്കെ സുനിതയ്ക്കു പുതിയ അറിവായിരുന്നു. സ്കൂളിൽ ഒരുമിച്ച് പഠിച്ചുവെന്നല്ലാതെ അമലയെ കുറിച്ച് ബാക്കി കാര്യങ്ങൾ ഒന്നും അറിയില്ലാ യിരുന്നു. സുനിതയിൽ കുറ്റബോധം നിറഞ്ഞു.

“മകളെ ഒരിക്കലും മനസിലാക്കാൻ ശ്രമിച്ചിട്ടില്ല. പണവും പദവിക്കും അപ്പുറം. അവൾക്കൊരു ഹൃദയമുണ്ടെന്നറിഞ്ഞില്ല. ഒന്നിനും ഒരു കുറവുമില്ലാതെ പണം ചെലവാക്കി വളർത്തി. സ്വയം സ്നേഹിക്കാൻ മറന്നു അതിനോടൊപ്പം മകളെയും .

മത്സരങ്ങൾ മാത്രമായിരുന്നു മുന്നിൽ ഒന്നാമതാകാനുള മത്സരം. മകൾ മിഥുന്റെ കൂടെ പോയെന്നറിഞ്ഞപ്പോൾ നഷ്ടപ്പെട്ട പ്രതിച്ഛായയെ കുറിച്ചായിരുന്നു പേടി .

നമ്മളെ തോൽപ്പിച്ച മകളെ എങ്ങനെ തോൽപ്പിക്കാമെന്ന ചിന്തയായിരുന്നു. അവൾക്ക് ഒരു പ്രതിസന്ധി വന്നപ്പോൾ അവളെ എങ്ങനെയും തിരിച്ചു കൊണ്ടുവന്ന് ജയിക്കണം എന്ന് വിചാരിച്ചു. മകളുടെ മനസ്സ് മനസ്സിലാക്കാൻ മറന്നു .ഞങ്ങളുടെ മകളാണ് ഞങ്ങളാണ് അവൾക്കാശ്രയം ആകേണ്ടത് ” . സുനിത പ്രതാപനെ നോക്കി അതേ ചിന്തയിൽ ആയിരുന്നു അയാളും

“അന്യമതസ്ഥൻ , വീട്ടുജോലിക്കാരിയുടെ മകൻ , ആട്ടോ ഡ്രൈവർ മകൾ ഞങ്ങളെ തോല്പിച്ചവന്റെ കൂടെ പോയപ്പോൾ സമൂഹത്തിന് മുന്നിൽ തലകുനിച്ചു. ആ അ പമാനം പകയായി .അവൾ ഗതിയില്ലാതെ നിന്നപ്പോൾ ഇന്നവൾ അവന്റെ ഭാര്യയാണെന്നു പോലും ചിന്തിക്കാതെ “….

അയാളിലും കുറ്റബോധം വന്നു. സുനിതയും പ്രതാപനും അവളെ കെട്ടിപ്പിടിച്ചു. അമലയിൽ ഒരു പുഞ്ചിരി വിരിഞ്ഞു. രേഷ്മയുടെ മനസ് അപ്പോഴും മിഥുന്റെ അരികിലായിരുന്നു. സർജറി ഭംഗിയായി നടന്നു. ബോധം വീണപ്പോൾ മിഥുൻ ആദ്യം തിരക്കിയത് രേഷ്മയെ ആയിരുന്നു.. ഒന്നും അവൻ അറിഞ്ഞില്ല .

രേഷ്മ അവനെ കയറി കണ്ടു കണ്ണുകൾ നിറഞ്ഞൊഴുകി അവരിരുവരും ഏറെ നേരം മൗനം പാലിച്ചു പിന്നെ പതിയെ അവന്റെ കരങ്ങൾ അവൾ തന്റെ വയറ്റിൽ ചേർത്തു. മിഥുന്റെ കണ്ണുകൾ വെട്ടിത്തിളങ്ങി.

അവൻ പതിയെ തല ചരിച്ചു മൃദുവായി അവളുടെ വയറ്റിൽ ചും ബിച്ചു.

പിന്നെയും ദിവസങ്ങൾ കടന്നുപോയി മിഥുനെ റൂമിലേക്ക് മാറ്റി. കത്രീന അവനോട് കാര്യങ്ങൾ എല്ലാം വിശദീകരിച്ചു. അമ്മച്ചി അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു. “ഒരു നിമിഷം എന്റെ പൊന്നു മോളെ ഇറങ്ങി പോകാൻ എനിക്കും പറയേണ്ടി വന്നു. എന്നോട് ക്ഷമിക്കു മോളെ ” … സാരമില്ല അമ്മച്ചി എനിക്കറിയാല്ലോ അവസ്ഥ ..അമ്മച്ചിയേക്കാൾ എന്നെ ആരും മനസിലാക്കി യിട്ടില്ലല്ലോ “. കണ്ടു നിന്ന അവളുടെ അച്ഛന്റെയും അമ്മയുടെയും മിഴികളും നിറഞ്ഞു .

മിഥുൻ അവളെ അരുകിൽ പിടിച്ചിരുത്തി കൈ കവർന്ന് ചോദിച്ചു. “ഇത്രയും എന്നെ സ്നേഹിക്കാൻ ഞാനെന്ത് പുണ്യമാണ് ചെയ്തത്. പകരം ഞാൻ നിനക്കുവേണ്ടി “… അവന് വാക്കുകൾ മുഴുവിക്കാനാകാതെ വിഷമിച്ചു.
“ഒന്നും വേണ്ട എന്നും ഈ നെഞ്ചിലെ സ്നേഹം മാത്രം മതി “

അവളുടെപതിഞ്ഞ ശബ്ദം അവന്റെ ഹൃദയത്തിലേക്ക് അലിഞ്ഞു ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *