എല്ലാം അറിയാവുന്നതുകൊണ്ടു തന്നെയാണ് ഞാൻ ഇങ്ങനെയൊരു തീരുമാനമെടുത്തത്…….

തിരിച്ചറിവുകൾ

Story written by Aparna Nandhini Ashokan

“അമ്മൂ.. നിനക്കറിയാവുന്നതല്ലേ മത്തി അച്ഛൻ കഴിക്കില്ലെന്ന്.ഇതിന്റെ മണം എടുത്താൽ മതീ നിന്റെ അച്ഛന് ഛർദ്ദിക്കാൻ വരുന്നെന്ന് പറഞ്ഞ് എന്നെ വഴക്കു പറയാൻ.. നീ എന്തിനാ മോളെ ഇത് വാങ്ങിച്ചേ..”

കറിവെക്കാൻ മത്തി വാങ്ങികൊണ്ടു വന്നതിലുള്ള അമ്മയുടെ നീരസം വകവെക്കാതെ അമ്മു അടുക്കളയിലേക്ക് പോയി. കത്തിയെടുത്തു കൊണ്ടുവന്ന് മത്തി വൃത്തിയാക്കാൻ ആരംഭിച്ചൂ..

“അമ്മയുടെ ഏറ്റവും ഇഷ്ടവിഭവം മത്തിക്കറിയും കപ്പയുമല്ലേ.. കഴിഞ്ഞ തവണകൂടി അമ്മാമ്മയുടെ വീട്ടിലേക്ക് പോയപ്പോ അമ്മ അതൊക്കെ ആസ്വദിച്ചു കഴിക്കുന്നത് ഞാൻ കണ്ടതാണ്..”

“വീട്ടുക്കാരുടെ ഇഷ്ടവിഭവങ്ങളൊക്കെ ഉണ്ടാക്കി കൊടുത്തിട്ട് നമുക്ക് ഇഷ്ടപ്പെട്ടതുകൂടി ഉണ്ടാക്കാനുള്ള സമയവും അധികചിലവും ഓർക്കുമ്പോൾ പതിയെ നമ്മുടെ ഇഷ്ടവിഭവങ്ങളൊക്കെ മറന്നു പോകും മോളെ.. പിന്നീട് ഭർത്താവിനും വീട്ടുക്കാർക്കും മക്കൾക്കും ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം നമ്മുടെയും ഇഷ്ടങ്ങളാവും..”

“അമ്മാമ്മയുടെ അടുത്ത് പോകുമ്പോൾ അമ്മയ്ക്ക് ഇഷ്ടപ്പെട്ടതെല്ലാം കഴിക്കാൻ പറ്റുന്നുണ്ടല്ലോ..”

“നമ്മുടെ അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന കാലത്തോളം നമുക്കിഷ്ടപ്പെട്ടതെല്ലാം നമ്മൾ മറന്നാലും അവർ മറക്കില്ലാലോ. അവിടെ പോയാൽ നിന്റെ അമ്മാമ്മ എനിക്കു വേണ്ടതെല്ലാം ഇഷ്ടത്തിനൊത്തു ഉണ്ടാക്കിതരും.. അതാണ് നമ്മുടെ വീട്ടിൽ നിൽക്കുമ്പോൾ ഇല്ലാത്തൊരു ആർത്തി അമ്മയ്ക്ക്, അമ്മയുടെ വീട്ടിലേക്കു പോകുമ്പോൾ ഉണ്ടാകണേ..”

“കഴിഞ്ഞാഴ്ച ശ്യാമേട്ടന്റെ കൂടെ അമ്മാമ്മയെ കാണാൻ പോയപ്പോൾ അമ്മ വരച്ച ചിത്രങ്ങളും കോളേജ് മാസികയിൽ അച്ചടിച്ചു വന്ന അമ്മയുടെ കവിതകളുമെല്ലാം അമ്മാമ്മ എനിക്ക് കാണിച്ചു തന്നൂ..അമ്മ ചിത്രം വരക്കുമെന്ന് ഒരിക്കൽ പോലും ഞങ്ങളോടു പറഞ്ഞിട്ടില്ലാലോ..ചിത്രങ്ങളെല്ലാം കണ്ടപ്പോൾ എനിക്ക് അതിശയമായി..”

“കുറച്ചു നാളായീട്ട് അമ്മയുടെ കാര്യത്തിലെല്ലാം അമ്മൂന് പ്രേത്യേക ശ്രദ്ധയാണല്ലോ.. എന്താ പറ്റിയെ മോളൂ..”

തന്റെ നെറുകയിൽ തലോടികൊണ്ടുള്ള അമ്മയുടെ ചോദ്യം കേട്ടപ്പോൾ അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു..

അമ്മ പറഞ്ഞതു ശരിയാണ്..വിവാഹം കഴിഞ്ഞ് ശ്യാമേട്ടന്റെ വീട്ടിലേക്ക് പോയതിൽ പിന്നെയാണ് അമ്മയുടെ വില എന്താണെന്ന് തനിക്ക് മനസിലായത്.. വീട്ടിലെ സകലപണികളും കഴിഞ്ഞ് ഓഫീസിലേക്ക് പോകുമ്പോഴേക്കും എത്ര കൃത്യതയോടെയാണ് അമ്മ എല്ലാം ചെയ്തുവെച്ചിരുന്നത്. വീട്ടുജോലിക്കാരിയെ വെക്കാൻ പോലും അച്ഛന് ഇഷ്ടമല്ലായിരുന്നൂ.. അമ്മ പാചകം ചെയ്യുന്നതേ കഴിക്കാൻ പറ്റൂള്ളൂന്നൊരു പിടിവാശി ഏതുകാലത്തും അച്ഛനുണ്ട്.

നല്ലൊരു ജോലിയും വരുമാനവും ഉണ്ടായീട്ടും സ്വന്തം ഇഷ്ടത്തിനൊത്ത് ജീവിക്കാൻ ഒരിക്കലെങ്കിലും അമ്മയ്ക്ക് അവസരം ലഭിച്ചിട്ടില്ലെന്ന് തനിക്കിപ്പോൾ തോന്നുന്നൂ. ശ്യാമേട്ടന്റെ വീട്ടിൽ സഹായത്തിന് തനിക്ക് ശ്യാമേട്ടന്റെ അമ്മയുണ്ട്. എന്നിട്ടു പോലും എല്ലാ പണികളും ചെയ്യ്ത് കൃത്യസമയത്ത് ജോലിക്കു പോകാൻ തനിക്ക് സാധിക്കാറില്ല. പല പെൺമക്കൾക്കും വിവാഹശേഷമാണ് അമ്മയുടെ യഥാർത്ഥ മൂല്യം തിരിച്ചറിയാറുള്ളൂന്ന് അമ്മൂന് തോന്നി..

***************************

“നാളെ എനിക്കൊപ്പം ഓഫീസിലേക്ക് വരുന്നതെന്തിനാ അമ്മൂ.. “

വൈകീട്ട് പണികളെല്ലാം തീർന്നപ്പോൾ അമ്മയുടെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്നൂ അമ്മൂ.. അമ്മയുടെ ചോദ്യം കേട്ട് അവൾ കണ്ണുതുറന്ന് പുഞ്ചരിച്ചൂ..

“അമ്മയ്ക്ക് റിറ്റേയ്മെന്റിന് ഇനിയെത്ര വർഷം ബാക്കിയുണ്ടാകും..??”

“ഇനിയൊരു അഞ്ചുവർഷം കൂടി കഴിയണം..അതു കഴിഞ്ഞാൽ കിട്ടുന്ന ക്യാഷിന് ടൗണിൽ ഒരു പെറ്റ്ഷോപ്പ് തുടങ്ങാമെന്നാ നിന്റെ അച്ഛൻ പറയുന്നത്. റിട്ടയേഡ് ആയാലും അമ്മയ്ക്ക് അടുത്ത ജോലി ഇപ്പോ തന്നെ നിന്റെ അച്ഛൻ പ്ലാൻ ചെയ്തു വെച്ചേക്കാ അമ്മുവേ..”

വലിയ എന്തോ തമാശ പറഞ്ഞതു പോലെ ചിരിക്കുമ്പോഴും അമ്മയുടെ കണ്ണുകൾ നിറയുന്നത് അമ്മു ശ്രദ്ധിച്ചൂ..

“ഞാൻ പറയുന്ന കാര്യങ്ങൾ അമ്മ ക്ഷമയോടെ കേൾക്കണം.നാളെ നമ്മൾ അമ്മയുടെ ഓഫീസിൽ നിന്നു വൊളന്ററി റിറ്റേയ്മെന്റിന് അപേക്ഷ കൊടുത്തിട്ട് എന്നന്നേയ്ക്കുമായി അവിടെ നിന്നു ഇറങ്ങാണ്..അമ്മയ്ക്ക് അതിന് എതിരഭിപ്രായമുണ്ടാവില്ലെന്ന് എനിക്കറിയാം. ഓരോ തവണ അമ്മാമ്മയെ കാണാൻ ചെല്ലുമ്പോഴും ജോലി നിർത്തി കുറച്ചുകാലമെങ്കിലും വിശ്രമിക്കണെന്ന തോന്നൽ കൂടിവരികയാണെന്നൂ അമ്മ പറയാറുണ്ടെന്ന് ഞാനറിഞ്ഞൂ..”

“മോളെ നീയെന്തു അബദ്ധമാണ് പറയണേ. നിന്റെ അച്ഛൻ ഇതൊക്കെ അറിഞ്ഞാല് പിന്നെന്തൊക്കെ വർത്താനം ഇതിന്റെ പേരിൽ ഉണ്ടാകുമെന്ന് നിന്നോട് പ്രത്യേകിച്ചു പറയണോ..നിനക്കറിഞ്ഞൂടെ അച്ഛന്റെ ദേഷ്യം..”

“എല്ലാം അറിയാവുന്നതുകൊണ്ടു തന്നെയാണ് ഞാൻ ഇങ്ങനെയൊരു തീരുമാനമെടുത്തത്.. അച്ഛനും ഈ വീട്ടിലുള്ളവർക്കും ഇഷ്ടമില്ലാത്തതു കാരണം അമ്മ ഉപേക്ഷിച്ചത് അമ്മയെ തന്നെയാണ്..

അച്ഛനിഷ്ടമില്ലെന്ന് പറഞ്ഞ് കടുത്തനിറങ്ങൾ അമ്മ ഉപയോഗിക്കാറില്ല. ഇളം നിറത്തിലും നരച്ചനിറങ്ങളിലുമുള്ള സാരിചുറ്റി മുടി എല്ലായിപ്പോഴും പിന്നികെട്ടിയിട്ട അമ്മയെ മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളൂ. കഴിഞ്ഞ അവധിക്ക് അമ്മ അമ്മാമ്മയ്ക്കൊപ്പം രണ്ടീസം താമസിക്കാൻ പോയിരുന്നില്ലേ.. അന്നെടുത്ത ഫോട്ടോസ് അമ്മായി കാണിക്കുമ്പോഴാണ് അമ്മായീടെ ചുരിദാർ അണിഞ്ഞ് മുടിയഴിച്ചിട്ട് വലിയപൊട്ടും തൊട്ട് കണ്ണെഴുതി മനോഹരമായി ചിരിച്ചുകൊണ്ട് അമ്മാമ്മയ്ക്കൊപ്പം നിൽക്കണ അമ്മയുടെ ഫോട്ടോ കണ്ടിട്ട് ഞാൻ അതിശയിച്ചു പോയത്.. ഇഷ്ട വസ്ത്രവും ഭക്ഷണവും എന്തിനേറെ സ്വന്തം വ്യക്ത്വിത്വം പോലും ത്യജിച്ച് ജീവിക്കേണ്ട കാര്യമെന്താണ് അമ്മയ്ക്ക്..”

“ഒട്ടുമിക്ക വീടുകളും ഇതൊക്കെ തന്നെയാണ് അവസ്ഥ.. അമ്മ മാത്രമല്ല അച്ഛനും ഇതുപോലെ പലതും നമ്മുടെ വീടിന് വേണ്ടി ത്യജിച്ചിട്ടുണ്ടാകും. കണക്കെടുക്കാൻ തുടങ്ങിയാൽ അമ്മയേക്കാൾ കൂടുതൽ കഥകൾ അച്ഛനു പറയാനുണ്ടാകും..”

“ശരിയായിരിക്കാം.. പക്ഷേ അച്ഛനെപ്പോഴെങ്കിലും അമ്മയ്ക്ക് ഇഷ്ടമുള്ളൊരു വിഭവം കഴിക്കുന്നതു ഞാൻ കണ്ടിട്ടില്ല.. കഴിച്ചില്ലെങ്കിലും അമ്മയ്ക്കു വേണ്ടി വാങ്ങി കൊണ്ടുവരുന്നതു പോലും എന്റെ ഓർമ്മയില്ലില്ല. നമ്മുടെ ഈ വീടിന് നടുമുറ്റം വേണമെന്ന് പലപ്പോഴും അമ്മ പറഞ്ഞിട്ടുണ്ട്. എന്നിട്ട് വീടു പണിതപ്പോൾ നടുമുറ്റം പരിഗണനയിൽ പോലും വന്നിട്ടില്ല.അച്ഛന് ജോലി മടുത്തപ്പോൾ അത് ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ്സ് തുടങ്ങി വിജയിപ്പിച്ചൂ. എല്ലാം അച്ഛന്റെ താൽപര്യപ്രകാരമല്ലേ ചെയ്തത്. അവിടെ അമ്മയുടെ താൽപര്യങ്ങളറിയാൻ അച്ഛൻ ശ്രമിച്ചിട്ടുണ്ടോ..”

“മോള് പറഞ്ഞതെല്ലാം ശരിയാണ്..പക്ഷേ അമ്മയോട് ജോലിക്ക് പോകാൻ പറഞ്ഞ് നിർബന്ധിക്കാനോ, അമ്മയുടെ സാലറിയൊന്നും ആവശ്യപ്പെടാനോ അത് ഉപയോഗിക്കാനോ അച്ഛൻ ശ്രമിച്ചിട്ടില്ല..”

“അതിലൊരു പ്രസക്തിയും ഇല്ലാലോ അമ്മേ.. ഏതൊക്കെ ചിട്ടിയിൽ ചേരണമെന്നും എവിടെയൊക്കെ ഇൻവെസ്റ്റ് ചെയ്യണമെന്നും ലാഭം കൂടുതലെവിടെയാണെന്നും കണ്ടെത്തി അമ്മയുടെ സാലറിതുക പലയിടത്തായി നിഷേപിക്കാൻ ആവശ്യപ്പെടുന്നത് അച്ഛനല്ലേ..?? അമ്മയുടെ ഇഷ്ടത്തിന് ആ പണം വിനിയോഗിക്കാൻ ഇതുവരെ പറ്റിയിട്ടുണ്ടോ. സ്വന്തം വരുമാനത്തിൽ കുറച്ചെങ്കിലും അമ്മാമ്മയുടെ ആവശ്യങ്ങൾക്ക് വേണ്ടി ചിലവാക്കണമെന്ന അമ്മയുടെ ആഗ്രഹം പലപ്പോഴും നടക്കാറുണ്ടോ..അവിടെയും അച്ഛന്റെയും ഈ വീടിന്റെയും ആവശ്യങ്ങൾക്കേ മുൻതൂക്കം കൊടുക്കാറുള്ളൂ അമ്മ..എന്നിട്ട് അമ്മയ്ക്കെന്താ നേട്ടമുണ്ടായത്. ഈ എനിക്ക് പോലും അമ്മയെ മനസിലാക്കാൻ മറ്റൊരു വീട്ടിലെ മരുമകളാവേണ്ടി വന്നൂ..”

“അതൊന്നും സാരമില്ല അമ്മുവേ.. ഈ കാരണങ്ങൾ കൊണ്ട് റിറ്റേയ്മെന്റിന് മുൻപേ ജോലി നിർത്തി പോരാനൊന്നും അമ്മക്ക് പറ്റില്ലാ..”

“വേണം.. നാളെ തന്നെ നമ്മൾ ഓഫീസിലേക്കു പോവാണ്. ഞാൻ ജനിക്കുന്നതിനു മുൻപേ തുടങ്ങിയ അമ്മയുടെ ജോലിതിരക്കുകളെല്ലാം നമ്മൾ അവസാനിപ്പിക്കുന്നൂ.. അടുത്താഴ്ച ഡൽഹിയിൽ വെച്ച് രേഖ മഹേശ്വറിന്റെ ഒരാഴ്ചത്തെ ചിത്രംവര വർക്ക്ഷോപ്പ് ക്ലാസ് ആരംഭിക്കുന്നുണ്ട്. അമ്മയുടെ പേര് രജിസ്ട്രേഷൻ ചെയ്തിട്ടാണ് ഞാൻ വന്നേക്കണേ..അമ്മയതിൽ പങ്കെടുത്തേ പറ്റൂ..അതിനു ശേഷം പഴയതിലും മനോഹരമായി വരച്ചുകൊണ്ട് അമ്മയുടെ ചിത്രംവരയെ നമുക്ക് വീണ്ടെടുക്കണം..”

അവർ അമ്മുവിനെ ചേർത്തുപിടിച്ച് കരഞ്ഞൂ..

“അമ്മയ്ക്ക് ഒത്തിരിയൊത്തിരി സന്തോഷമായി മോളെ.. പക്ഷേ അച്ഛനെ തനിച്ചാക്കി ഒരാഴ്ചയൊന്നും മാറി നിൽക്കാൻ പറ്റില്ല.. അതൊന്നും നടപ്പിലാവുന്ന കാര്യങ്ങളല്ല അമ്മൂ..”

“ബിസിനസ്സ് ആവശ്യങ്ങൾക്ക് അച്ഛനെത്രയോ പ്രാവശ്യം നമ്മുടെ വീട്ടിൽ നിന്നു മാറി നിന്നിട്ടുണ്ട്.. ഇതിപ്പോ ഒരാഴ്ചത്തെ കാര്യമല്ലേയുള്ളൂ.. അച്ഛന്റെ കൂടെ ഒരാഴ്ച ഞാനിവിടെയുണ്ടാകും.അമ്മ മടങ്ങി വന്നിട്ട് ഞാൻ പോകുന്നുള്ളൂ.. അച്ഛനോട് കാര്യങ്ങളല്ലാം ഞാൻ സംസാരിക്കാം.. ഇനിയെങ്കിലും എന്റെ അമ്മയുടെ ജീവിതത്തിനൊരു പൊളിച്ചെഴുത്ത് ആവശ്യമാണ്.അച്ഛന്റെയോ ഞങ്ങളുടെയോ ഇഷ്ടത്തിനൊത്തു ജീവിക്കണ അമ്മയെയല്ല അച്ഛനിഷ്ടപ്പെടേണ്ടത്..”

“ന്ന്വാലും അച്ഛനിതൊന്നും അംഗീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ലെടാ..”

“അമ്മ പോയീട്ട്, മടങ്ങി വരുമ്പോഴേക്കും അച്ഛനെ പറഞ്ഞു മനസിലാക്കേണ്ട ചുമതല ഞാനേറ്റൂ.. പിന്നെയൊരു കാര്യം കൂടി അച്ഛനോട് ഞാൻ പറയുന്നുണ്ട്, ജോലിയിൽ നിന്ന് പോരുമ്പോൾ കിട്ടുന്ന പണം ഉപയോഗിച്ച് പെറ്റ്ഷോപ്പ് തുടങ്ങാൻ അമ്മയെ നിർബന്ധിക്കരുതെന്ന്.. അമ്മയ്ക്ക് നമ്മുടെ നാട്ടിൽ തറവാടിനോടു ചേർന്നു കിടക്കണ കുളമുള്ള ആ സ്ഥലം വാങ്ങിക്കാനും അവിടത്തെ ഭൂമിയിൽ കൃഷിചെയ്യാനും താൽപര്യമുണ്ടെന്ന് അമ്മാമ്മയോട് പണ്ട് പറയാറില്ലേ.. ആ ആഗ്രഹം നടത്തിയെടുക്കാൻ പറ്റുമോയെന്ന് നമുക്കൊന്നു ശ്രമിച്ചു നോക്കാം അല്ലേ അമ്മേ..”

അമ്മു തന്റെ അമ്മയെ നോക്കി മനോഹരമായി പുഞ്ചിരിച്ചൂ..

“അമ്മയുടെ അമ്മൂ ഇത്രയ്ക്കെല്ലാം അമ്മയെ മനസിലാക്കുന്നുണ്ടോ..”

“ഒരുപാട് വൈകിയുണ്ടായ തിരിച്ചറിവുകളാണ് അമ്മേ.. ഇപ്പോഴെങ്കിലും ചിലതെല്ലാം തിരുത്താൻ ഞാൻ ശ്രമിച്ചില്ലെങ്കിൽ നാളെ എനിക്കും സ്വന്തം വ്യക്തിത്വം മറന്ന് ജീവിക്കേണ്ടി വരും..”

ഇരുവരുടെയും മിഴികൾ നിറഞ്ഞൊഴുകി…

*********************

ചില തിരിച്ചറിവുകൾ നമുക്കൊപ്പം ജീവിക്കുന്നവരുടെ ജീവിതത്തെ കൂടി കൂടുതൽ മനോഹരമാക്കും..!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *