എല്ലാ വെക്കേഷൻകാലത്തും രണ്ടുമാസം ദുബായിലേക്ക് കുട്ടികളെയും കൂട്ടി അവളെ വരുത്തിക്കുന്നത് ഫാമിലിവിസ ഉണ്ടായിട്ടും അവൾ നാട്ടിൽ നിൽക്കുന്ന……..

ഇൻട്രൂഡ൪

എഴുത്ത് :ഭാഗ്യലക്ഷ്മി. കെ. സി.

ദേ, രതീഷേട്ടാ, നമ്മുടെ വീട്ടിൽ ആരോ കയറിയിട്ടുണ്ട്.

മൊബൈലിൽ നോക്കിക്കൊണ്ട് സീമ വിളിച്ചുകൂവി അകത്തേക്കോടിവന്നു.

നാട്ടിൽ മണിമാളിക പണിഞ്ഞതിനുശേഷം സീമ ഗൾഫിലേക്ക് വരാൻ ഭയങ്കരമായി മടികാണിച്ചിരുന്നു.

നല്ല വീട് പൂട്ടിയിടാൻ വയ്യ രതീഷേട്ടാ…

അവൾ ചിണുങ്ങും.

എത്ര മോഹിച്ച് പണിതതാ..

എല്ലാ വെക്കേഷൻകാലത്തും രണ്ടുമാസം ദുബായിലേക്ക് കുട്ടികളെയും കൂട്ടി അവളെ വരുത്തിക്കുന്നത് ഫാമിലിവിസ ഉണ്ടായിട്ടും അവൾ നാട്ടിൽ നിൽക്കുന്ന തിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ്. കുട്ടികളെ കാണാതെ വയ്യ…

വർഷത്തിൽ ഒരു മാസം താനും നാട്ടിൽ പോയിനിൽക്കാറുണ്ട്. ആ ദിവസങ്ങൾ ദാ എന്ന് പറയുമ്പോഴേക്കും തീർന്നു പോകും. മടങ്ങാൻ ആകുമ്പോഴേക്കും കുട്ടികളുടെ മുഖം മങ്ങിത്തുടങ്ങും. അതുകൊണ്ടാണ് വെക്കേഷൻ സമയത്ത് തീർച്ചയായും അവരെ കൊണ്ടുവരാം എന്ന് തീരുമാനിക്കുന്നത് തന്നെ.

സീമക്കാണെങ്കിൽ ചെടികളും പച്ചക്കറികളും ഉണങ്ങിപ്പോകും എന്ന വിഷമവും, വല്ല കള്ളനും കയറിയാലോ എന്ന പേടിയുമാണ്. അതുകൊണ്ടാണ് നാലുപാടും ക്യാമറ വെച്ച് അത് അവളുടെ മൊബൈലുമായി കണക്റ്റ് ചെയ്തുകൊടുത്തത്.
എവിടെപ്പോയാലും അവൾക്ക് അത് വലിയ ഉപകാരമായി തോന്നിത്തുടങ്ങി. അതിനുശേഷം ഗൾഫിലേക്ക് വരുന്നതിന് പരാതി പറയാറില്ല.

രാവിലെ എഴുന്നേറ്റാൽ ആദ്യത്തെ പണിതന്നെ അവൾക്ക് വീട്ടിൽ വല്ല കള്ളനും കയറിയിട്ടുണ്ടോ എന്ന് നോക്കലാണ്. രാവിലെ അടുക്കളയിൽ പോയതായിരുന്നു സീമ. അപ്പോഴാണ് നാട്ടിലെ വീട്ടിൽ ആരോ കയറിയതായി അവൾക്ക് സംശയം തോന്നിയത്. അവൾ ഓടിവന്ന് രതീഷിനോട് പറഞ്ഞു: ആരോ കയറിയിട്ടുണ്ട് നമ്മുടെ വീട്ടിൽ… വേഗം തന്നെ അടുത്ത വീട്ടിൽ വിളിച്ച് വിവരം പറയണം. പോലീസ് സ്റ്റേഷനിലും വിളിക്കണം.

രതീഷ് പറഞ്ഞു:

നോക്കട്ടെ ഞാൻ, തിരക്ക് കൂട്ടാതെ..

അവൻ നോക്കുമ്പോൾ ഒരാൾ പുറത്ത് ചാരുബഞ്ചിൽ ചാരിക്കിടന്നുകൊണ്ട് ഒരു കപ്പ് ചായ ഊതിഊതിക്കുടിക്കുകയാണ്. അയാളുടെ മുഖത്ത് അല്പംപോലും പരിഭ്രമം ഇല്ല. സ്വന്തം വീട്ടിലിരുന്ന് കുടിക്കുന്നതുപോലെയാണ് ഇരിക്കുന്നത്. അത്രമേൽ ടെൻഷൻ ഫ്രീ ആയി, ശാന്തമായി ഇരിക്കുകയാണ് അയാൾ… അത് കണ്ടപ്പോൾ രതീഷിന് ശരിക്കുംപറഞ്ഞാൽ ചിരിയാണ് വന്നത്. എത്ര സുന്ദരമാണ് തന്റെ വീട്…

പുറത്തെ ഇറയത്തുള്ള ചാരുബെഞ്ചിൽ ചാരിയിരുന്ന് അതുപോലെ ചായ കുടിക്കുന്നത് തനിക്കും വലിയ ഇഷ്ടമുള്ള കാര്യമാണ്… വീട്ടിൽ പോയാലൊക്കെ ചെയ്യാറുള്ളതും ഗൾഫിൽവന്നാൽ ഏറ്റവുമധികം മിസ്സ് ചെയ്യുന്നതും രാവിലെ യുള്ള ഈ ഇരിപ്പാണ്..

പെട്ടെന്ന് രതീഷിന് ഒരു കുസൃതി തോന്നി. അയാൾ വീട്ടിലെ ലാൻഡ്ഫോണിലേക്ക് വിളിച്ചു. പുറത്തുനിന്നും ചായക്കപ്പുമായി അയാൾ അകത്തുവന്നു, ഫോൺ എടുത്തു.

ഹലോ,

ഹലോ ആരാ?

അത് ഞാൻ ചോദിക്കേണ്ടതല്ലേ? നിങ്ങളാരാ? എന്റെ വീട്ടിൽ എന്താ കാര്യം? ഞാൻ ചാരിയിരുന്നു ചായകുടിക്കുന്ന ബെഞ്ചിലിരുന്ന് നിങ്ങൾ ചായ കുടിക്കുന്നത് കണ്ടു. നിങ്ങളെങ്ങനെ അകത്തുകയറി?

അതു പിന്നെ…

അയാൾ വാക്കുകൾക്ക് പരതി.

ഞാൻ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കണോ, അതോ നിങ്ങൾ ഇറങ്ങി പ്പോകുന്നോ?

രതീഷ് ചോദിച്ചു.

അയാൾ ഫോൺ കട്ട് ചെയ്തു. അതിനുശേഷം അടുക്കളയിൽപ്പോയി ഒരു കത്തിയെടുത്തു കൊണ്ടുവന്ന്, ബെഡ്റൂമിൽ എല്ലാ അലമാരയും തുറന്ന് തിരയാൻ തുടങ്ങി. അതുകണ്ടപ്പോൾ സീമ ആകെ പരിഭ്രമിച്ചു. അവളുടെ വസ്ത്രങ്ങളൊക്കെ വലിച്ചുവാരി പുറത്തിടുന്നത് കണ്ടപ്പോൾ അവൾ ബഹളംവെച്ചു. പെട്ടെന്ന് തന്നെ മറ്റുള്ളവരെ വിളിച്ച് അറിയിക്കാൻ അവൾ നിർബന്ധിച്ചുകൊണ്ടിരുന്നു. പക്ഷേ രതീഷ് ഒന്നും ചെയ്തില്ല. കുറച്ചുനേരം ക്യാമറയിലേക്ക് രതീഷ് ശ്രദ്ധിച്ചുനോക്കിക്കൊണ്ടിരുന്നു.

വിലപ്പെട്ട യാതൊന്നും കിട്ടാത്തപ്പോൾ അയാൾ ഹാളിലെ സോഫയിൽ വന്നിരുന്നു. കയ്യിലുള്ള കത്തികൊണ്ട് നഖംവെട്ടി അകലേക്ക് നോക്കി നിരാശയോടെ അങ്ങനെയിരുന്നു. അതുകണ്ട രതീഷ് വീണ്ടും ലാന്റ്ഫോണിലേക്ക് വിളിച്ചു.

ഫ..നാറി… നീ വലിയ ഗൾഫുകാരനായിട്ട് നിന്റെ വീട്ടിൽ അഞ്ചിന്റെ പൈസ ഇല്ലല്ലോ..

അയാൾ രതീഷിനെ പരിഹസിച്ചു.

തനിക്ക് എന്തിനാടോ പണം? ആവശ്യം പറയ്.. പൂട്ടി ഇടുന്ന വീട്ടിൽ വെറുതെ ആരെങ്കിലും കാശ് വെക്കുമോ… എനിക്ക് സഹായിക്കാൻ പറ്റുമെങ്കിൽ ഞാൻ അയച്ചു തരാം. തന്റെ അഡ്രസ്സ് പറയ്..

എന്തിനാ? പോലീസുകാർക്ക് കൊടുക്കാൻ ആയിരിക്കുമല്ലേ?

അയാൾ ക്രോധത്തോടെ പിറുപിറുത്തു.

അല്ല..

രതീഷ് നയത്തോടെ പറഞ്ഞു.

അങ്ങനെയാണെങ്കിൽ ഇത്രയും സമയത്തിനുള്ളിൽ എനിക്ക് പോലീസിനെ വിളിച്ചു വരുത്താവുന്നതേയുള്ളൂ. നിങ്ങളെന്തിനാണ് ഇതിൽ കയറിയത് എന്നെനിക്കറിയില്ല.. എന്താണ് നിങ്ങളുടെ അത്യാവശ്യം? നിങ്ങൾക്ക് ഞാൻ രണ്ടു മാസത്തേക്ക് ഒരു തൊഴിൽ തരാം. അതിന് മാന്യമായ ശമ്പളവും തരാം. എന്റെ വീട് രണ്ടുമാസത്തേക്ക് സംരക്ഷിക്കുക എന്നതാണ് ഞാൻ നിങ്ങൾക്ക് തരുന്ന ജോലി.. ചെയ്യാമോ?

മറുഭാഗത്ത് പൂർണമായ നിശ്ശബ്ദത. രതീഷ് തുട൪ന്നു.

രണ്ടുമാസം നിങ്ങൾക്ക് എന്റെ ചാരുബെഞ്ചിൽ ചാരിയിരുന്ന് ചായ കുടിക്കാം. പുതിയൊരു ജോലി കണ്ടുപിടിക്കാൻ പരിശ്രമിക്കാം. അവിടെ എന്റെ ഭാര്യ നട്ടിരിക്കുന്ന ചെടികൾക്കും പച്ചക്കറികൾക്കും വെള്ളമൊഴിക്കാം. മുറികളൊക്കെ അടിക്കുകയും തുടക്കുകയും ചെയ്തു നീറ്റായിവെച്ചാൽ നല്ല ശമ്പളം ഞാൻ തരാം. സമ്മതമാണോ?

അയാൾ ഫോൺതാഴ്ത്തി വെച്ചു. അടുക്കളയിലും മറ്റും മുറികളിലും വീണ്ടും ഒന്നുകൂടി കയറിയിറങ്ങി. എടുത്തുകൊണ്ടുപോകാൻ ഫർണിച്ചറും ടിവിയും ഫ്രിഡ്ജും പാത്രങ്ങളും അല്ലാതെ മറ്റൊന്നുംതന്നെ കിട്ടില്ലെന്ന് ഉറപ്പു വരുത്തി. വീണ്ടും ക്ഷീണിച്ച് ഒരു കസേരയിൽ വന്നിരുന്നു. അയാൾ കുറച്ചുനേരം ആലോചിച്ചു. പിന്നീട് തോന്നി, രണ്ടുമാസത്തേക്ക് ഒരു ജോലിയായി. മറ്റൊരു ജോലി കണ്ടുപിടിക്കുന്നത് വരെ ഇവിടെ തുടരാം. പക്ഷേ… ആരാണെന്ന് അയൽക്കാരൊക്കെ ചോദിക്കുമ്പോൾ എന്തുപറയും.. എങ്ങനെ അകത്തുകടന്നു എന്ന് മനസ്സിലായാൽ മറ്റുള്ളവർ താനൊരു കള്ളനാണെന്ന് മനസ്സിലാക്കും.

ഒരു തീരുമാനമെടുക്കാനാകാതെ അയാൾ വലഞ്ഞു. രതീഷിന് അയാളുടെ അസ്വസ്ഥതകളിൽ നിന്നും കാര്യങ്ങൾ മനസ്സിലായി. രതീഷ് സീമയോട് പറഞ്ഞു:

നമുക്ക് ഈ ഒരു ദിവസം അയാൾക്ക് കൊടുക്കാം, അയാൾ ഒരു തീരുമാനത്തിലെത്തട്ടെ.

സീമ ഇടയ്ക്കിടെ മൊബൈലിലൂടെ വീട്ടിലെ ക്യാമറയിലൂടെ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ രതീഷിന്റെ അടുത്തുവന്ന് പറയും.

നോക്കൂ, നമ്മുടെ അടുക്കളയൊക്കെ തുടച്ചിട്ടിരിക്കുന്നു.. എന്തൊക്കെയോ കഴിക്കാൻ ഉണ്ടാക്കിയിട്ടുണ്ട്. ചെടികളൊക്കെ നനച്ചു, പച്ചക്കറികൾക്കൊക്കെ തടം എടുത്തിട്ടുണ്ട്.

ഒറ്റദിവസംകൊണ്ട് സീമക്ക് സമാധാനമായി. അയാൾ വീട് നോക്കാൻ നല്ല ഒരു കാവലാണ്. തത്കാലം അവളുടെ പേടിയൊക്കെ അടങ്ങി.

അടുത്തദിവസം മുതൽ സീമ അയാളോട് ഓരോന്ന് സംസാരിക്കാനും ഡയറക്ഷൻ കൊടുക്കാനും തുടങ്ങി. അയാൾ അക്ഷരംപ്രതി അതൊക്കെ അനുസരിച്ച തോടുകൂടി അവൾ പറഞ്ഞു:

നമുക്ക് ഇയാളെ സ്ഥിരമായി നമ്മുടെ തോട്ടക്കാരൻ ആക്കാം, പച്ചക്കറിയൊക്കെ നല്ല രീതിയിൽ സംരക്ഷിക്കുന്നുണ്ട്.

രതീഷ് പറഞ്ഞു:

രണ്ടേരണ്ടു മാസം മാത്രമേ ഞാൻ അവനെ അവിടെ നിർത്തുകയുള്ളൂ. അതു കഴിഞ്ഞാൽ ആ ചാരുബെഞ്ചും ഇറയവും എനിക്ക് വേണം. രാവിലെ എനിക്ക് അവിടെയിരുന്ന് ചായകുടിക്കാനുള്ളതാണ്. പച്ചക്കറികളും ചെടികളുമൊക്കെ ഞാൻ സംരക്ഷിച്ചുകൊള്ളാം.

രതീഷേട്ടൻ ജോലി വിട്ടിട്ട് വരികയാണോ നാട്ടിലേക്ക്?

സീമ ആകാംക്ഷയോടെ ചോദിച്ചു.

രതീഷ് പറഞ്ഞു:

യേസ്..

അതെന്തേ?

അവൾ അത്ഭുതത്തോടെ രതീഷിനെ നോക്കി.

രതീഷ് പറഞ്ഞു:

ഞാൻ അയാളെ ശ്രദ്ധിക്കുകയായിരുന്നു.. നമ്മുടെ വീട്ടിൽ എന്ത് സന്തോഷ ത്തോടെയാണ് അയാൾ ജീവിക്കുന്നത്.. നല്ലൊരു വിശാലമായ വീട് അവിടെവെച്ചിട്ട്, ഇവിടെവന്ന്, ഈ ചെറിയ മുറിയിൽ താമസിച്ച്, ബി പി കൂട്ടി, കഷ്ടപ്പെടേണ്ട എന്ത് കാര്യമാണ് നമുക്ക്… ആവശ്യത്തിന് സമ്പാദ്യവും ഭൂമിയും ഒക്കെയുണ്ട് നമുക്ക്. ഇനി ജീവിക്കാൻ എത്ര വർഷങ്ങൾ ഉണ്ട് എന്ന് നമുക്ക് വല്ല പിടിയുമുണ്ടോ? എനിക്ക് ബാക്കിയുള്ള വർഷങ്ങൾ നമ്മുടെ ആ വീട്ടിൽ സുഖസുന്ദരമായി ജീവിച്ചു തീർക്കണം.

സീമ സന്തോഷത്തോടെ പറഞ്ഞു:

ഇതു തന്നെയല്ലേ ഞാനും ഇത്രയുംകാലം പറഞ്ഞത്.. ഒന്ന് മതിയാക്കിവന്നൂടെ എന്ന്… അപ്പോൾ ഒന്നും കേട്ടില്ലല്ലോ… നന്നായി.

സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണാൻ അയൽക്കാരന്റെ ജനലിലൂടെ നോക്കണം എന്ന് പറഞ്ഞതുപോലെ, സ്വന്തം വീട്ടിലെ മനോഹരമായ ജീവിതം കാണാൻ, ക്യാമറയിലൂടെ, മറ്റൊരാൾ സ്വന്തം വീട്ടിൽ ജീവിക്കുന്നത് കാണേണ്ടിവന്ന പാഠം രതീഷിന് വലിയൊരു അനുഭവമായി. രണ്ടുമാസത്തിനുള്ളിൽ ജോലിവിട്ട് നാട്ടിൽ സെറ്റിൽ ചെയ്യാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി അയാൾ. മനസ്സുകൊണ്ട് ആ കള്ളന് രതീഷ് വലിയൊരു നന്ദിയും പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *