ഒരു ചെറുപ്പക്കാരൻ അകത്തേക്ക് നോക്കി നിൽക്കുന്നുണ്ട്. കണ്ടാൽ ഒരു പത്ത് മുപ്പത്തഞ്ച് വയസ്സ് പ്രായം. നടന്ന് ക്ഷീണിച്ചാണ് വന്നതെന്ന് മുഖം കണ്ടാലറിയാം..,.

ചുമരിലെ ആ വലിയ ഫോട്ടോ…

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി

നിഷ ഒരു കൈയിൽ വിറകുകെട്ടും മറ്റേ കൈയിൽ മൂന്നുനാല് ചകിരിയുമായി അടുക്കളപ്പുറത്തേക്ക് നടക്കുകയായിരുന്നു.

ഇവിടെയാരുമില്ലേ…?

പുറത്ത് മുറ്റത്തുനിന്ന് ആരുടെയോ ശബ്ദം.

ആരാ..? എന്താവേണ്ടേ..?

നിഷ തലയെത്തിച്ച് ചോദിച്ചു.

ഒരു ചെറുപ്പക്കാരൻ അകത്തേക്ക് നോക്കി നിൽക്കുന്നുണ്ട്. കണ്ടാൽ ഒരു പത്ത് മുപ്പത്തഞ്ച് വയസ്സ് പ്രായം. നടന്ന് ക്ഷീണിച്ചാണ് വന്നതെന്ന് മുഖം കണ്ടാലറിയാം.

നിഷയെ കണ്ടപ്പോൾ അയാൾ ചോദിച്ചു:

ചുമരിലെ ആ വലിയ ഫോട്ടോ ആരുടേതാ..?

അത് ഇവിടുത്തെ മുത്തശ്ശന്റേതാ…

ഒന്ന് വിളിക്ക്വോ..?

അദ്ദേഹം മരിച്ചിട്ട് പത്ത് മുപ്പത് കൊല്ലമായല്ലോ..

വന്നയാളുടെ മുഖം വിളറുന്നത് നിഷ വ്യക്തമായി കണ്ടു.

എന്തേ..?

നിഷ മുൻവശത്തെ ഇറയത്തേക്കിറങ്ങി വന്നു.

ശങ്കരൻകുട്ടിച്ചേട്ടൻ….?

അതേ.. എന്റെ മുത്തശ്ശനാ.. അറിയോ..?

കഴിഞ്ഞ മാസം വീട്ടിൽ വന്നിരുന്നു. അച്ഛന് കൊടുക്കാൻ മുമ്പ് വാങ്ങിയ കുറച്ച് തുകയുണ്ടായിരുന്നു എന്ന് പറഞ്ഞ് ഒരു പൊതി വീട്ടിലേൽപ്പിച്ചു. ഞാനത് എന്റെ കഷ്ടകാലത്തിന് വാങ്ങുകേം ചെയ്തു.. അന്നേരം ഞാൻ ഇത്തിരി പ്രതിസന്ധി യിലായിരുന്നുതാനും…

വന്നയാൾ ഒന്ന് കിതച്ചു.

കയറിയിരിക്കൂ.. കുടിക്കാൻ എടുക്കട്ടെ…

നിഷ സമ്മതത്തിന് നിൽക്കാതെ അകത്തുപോയി അല്പം സംഭാരം എടുത്തു കൊടുത്തു. അയാളാകട്ടെ മുറ്റത്ത് നിന്നുകൊണ്ടുതന്നെ അത് വാങ്ങിക്കുടിച്ചു. ദാഹം മാറിയ ആശ്വാസത്തിൽ തലയൊന്ന് കുടഞ്ഞു. കൈയിലിരുന്ന ബാഗെടുത്ത് തുറന്ന് അതിലിരുന്ന പൊതിയെടുത്ത് നിഷയുടെ നേർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു:

ഇതിവിടെ തന്നില്ലെങ്കിൽ എനിക്ക് മനഃസ്സമാധാനത്തോടെ ഉറങ്ങാൻ കഴിയില്ല. ദിവസവും അച്ഛൻ സ്വപ്നത്തിൽ വന്ന് പറയ്യ്വാ, എന്തിനാടാ മോനേ അത് നീ വാങ്ങിയത് എന്ന്.. ആരോടൊക്കെയോ കടം വാങ്ങിയാ ഇപ്പോഴീ തുക ഒപ്പിച്ചത്..

മുത്തശ്ശൻ കഴിഞ്ഞ മാസം നിങ്ങളുടെ വീട്ടിൽ വന്നു എന്നൊക്കെ പറഞ്ഞാൽ ആരാ വിശ്വസിക്ക്വാ..?

നിഷ ചിരി കടിച്ചുപിടിച്ചു. അയാൾ ഇളിഭ്യനായി നിൽക്കുന്നതുകണ്ട് നിഷ വീണ്ടും പറഞ്ഞു:

ഞാൻ പറഞ്ഞത് വിശ്വാസായില്ലെങ്കിൽ ഈ നാട്ടിൽ ആരോട് വേണമെങ്കിലും ചോദിച്ചോളൂ…

അവൾ കപ്പ് തിരികെ വാങ്ങി അടുക്കളയിലേക്ക് നടന്നു. അയാൾ തന്റെ കൈയിലിരുന്ന പൊതിയിലേക്ക് ഒന്ന് നോക്കി. പിന്നെ ഇറയത്ത് കയറി ഉമ്മറപ്പടിയിൽ ആ പണം വെച്ചു. എന്നിട്ട് തിരിഞ്ഞുനോക്കാതെ ധൃതിയിൽ നടന്നകന്നു.

നിഷക്ക് ആധിയായി. ഇതാരാണ് തനിക്കിതുവരെ കണ്ടുപരിചയം പോലുമില്ലാത്ത ഒരു വ്യക്തി പണവുമായി വന്നത് എന്ന് ചിന്തിച്ചുകൊണ്ട് അവൾ ആ പൊതിയെടുത്ത് തുറന്നുനോക്കി.

തികച്ചും അമ്പതിനായിരം രൂപയുണ്ട്. രണ്ട് മാസത്തേക്ക് വീട്ടുസാധനങ്ങൾ വാങ്ങാം. പിന്നെ ഇലക്ട്രിക്കാപ്പീസിൽ പോയി പണമടയ്ക്കണം. മണിക്കുട്ടിക്ക് സ്കൂൾ ഫീസടക്കാറായി.. പക്ഷേ ഇതാരാണ് തന്നതെന്നറിയാതെ എങ്ങനെ എടുക്കും..

നിഷ പൊതിയും കൈയിൽപ്പിടിച്ച് വാപൊളിച്ച് നിൽക്കുമ്പോഴുണ്ട് അച്ഛൻ പിന്നാമ്പുറത്തൂടെ കള്ളനെപ്പോലെ പമ്മിപ്പമ്മി വരുന്നു.

ഇതെന്താ അച്ഛൻ ആരുടെയോ വീട്ടിൽ കയറുന്നതുപോലെ വരുന്നത്..?

നിഷ ചിരിയോടെ ചോദിച്ചു.

അവൻ പോയോ..?

അയാൾ വേവലാതിയോടെ റോഡിലേക്ക് നോക്കി മറുചോദ്യമെറിഞ്ഞു.

അച്ഛനറിയുമോ അയാളെ..?

ഞാൻ കഴിഞ്ഞ മാസം പോയത് അവന്റെ വീട്ടിലേയ്ക്കല്ലേ ..

അയാൾ ബാക്കിപറയാൻ നി൪ത്തി ചുമരിലിരുന്ന തന്റെ ഫോട്ടോ എടുത്ത് അകത്തേക്ക് കൊണ്ടുപോയി. പകരം ശങ്കരൻകുട്ടി മുത്തശ്ശന്റെ ഫോട്ടോ കൊണ്ടുവന്ന് ചുമരിൽ തൂക്കി.

അപ്പോഴാണ് നിഷ അത് ശ്രദ്ധിച്ചത്.

അച്ഛനിതെപ്പോഴാ മുത്തശ്ശന്റെ ഫോട്ടോ മാറ്റി പകരം അവിടെ അച്ഛന്റെ ഫോട്ടോ വെച്ചത്..?

അവൻ ഇങ്ങോട്ടുള്ള വഴിതിരിഞ്ഞുവരുന്നത് ഞാൻ ദൂരേനിന്നേ കണ്ടിരുന്നു. അപ്പോൾ ചെയ്തതാ… ഞാൻ അവനോട് ശങ്കരൻകുട്ടി എന്ന പേര് പറഞ്ഞാ പോന്നത്..

അതെന്തിനാ.. ഈ ആൾമാറാട്ടം..?

നിനക്കറിയാലോ.. നിന്റെ അമ്മ മരിക്കുന്നതുവരെ പറഞ്ഞുകൊണ്ടിരുന്ന ആഗ്രഹമായിരുന്നു കതിരൂറുള്ള നാരായണനെ പോയിക്കണ്ട് അവളുടെ ഓപ്പറേഷന് സഹായമായി പത്തിരുപത് വർഷം മുമ്പ് തന്ന രൂപ ഇരുപതിനായിരം തിരിച്ചുകൊടുക്കണമെന്നത്..

ഉം…

നിഷ ഒന്ന് മൂളി. അയാൾ തുടർന്നു.

തലശ്ശേരി ബസ് സ്റ്റാൻഡിൽവെച്ചാണ് ഞാൻ നാരായണനെ ആദ്യമായി കാണുന്നതുതന്നെ..

ഇതൊക്കെ ഒരുപാട് തവണ പറഞ്ഞിട്ടുള്ളതല്ലേ അച്ഛാ….അയാൾ മകളുടെ കല്യാണത്തിന് ആഭരണമെടുക്കാൻ പോകുന്നു. അച്ഛൻ അമ്മയുടെ ഓപ്പറേഷന് പണം കിട്ടാതെ എവിടെയൊക്കെയോ അലഞ്ഞ് വിഷമിച്ചുവരുന്നു. അതിനിടയിൽ എന്തോ ബസ് സമരം.. രണ്ടുപേരും പരസ്പരം പരിചയപ്പെടാനും ആവലാതി പറയാനും അവസരം വരുന്നു. അയാൾ പെട്ടെന്ന് ദയതോന്നി കൈയിലുള്ള പണത്തിൽനിന്ന് കുറച്ചെടുത്ത് അച്ഛന്റെ കൈയിൽ പിടിപ്പിക്കുന്നു…

അതേ… അതൊക്കെ ഓരോ നിമിത്തം… അങ്ങനെ രക്ഷപ്പെട്ടതാണ് നിന്റെയമ്മ. അതുകൊണ്ടാ അവൾ മരിച്ചപ്പോൾ അവളുടെ മാലവിറ്റ കാശുമായി ഞാനാ വീടുതേടി പുറപ്പെട്ടത്.

അത് തിരിച്ചുകൊടുത്തത് അവർക്ക് ഇഷ്ടമായില്ല എന്ന് തോന്നുന്നു.. ആട്ടെ, എന്തിനാണ് മുത്തശ്ശന്റെ പേര് പറഞ്ഞതും ഫോട്ടോ മാറ്റിവെച്ചതും..?

അവ൪ വലിയ അഭിമാനികളാ.. പണ്ട് കൊടുത്ത സഹായമൊന്നും ദുരഭിമാനം നിമിത്തം തിരിച്ചുവാങ്ങാൻ ഒട്ടും മനസ്സുണ്ടായിരുന്നില്ല. ഞാൻ ചെന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ അവ൪ക്കും കഥയറിയാം. അവരുടെ അച്ഛൻ മരിക്കുന്നതിനുമുമ്പ് എല്ലാം പറഞ്ഞിട്ടുണ്ട്… പക്ഷേ പണം വാങ്ങാൻ എന്തുചെയ്തിട്ടും കൂട്ടാക്കിയില്ല. അപ്പോഴാണ് ആരോ കടം കൊടുത്ത ആൾ പണം ചോദിച്ച് മുറ്റത്ത് വന്നുനിന്നത്.. അതോടെ ഗത്യന്തരമില്ലാതെ എന്റെ കൈയിൽനിന്നും വാങ്ങി അയാൾക്ക് കൊടുത്തു പറഞ്ഞുവിട്ടു. അപ്പോഴവന്റെ കണ്ണ് നിറഞ്ഞിരുന്നു…

നിഷയും കഥകേട്ട് കണ്ണ് തുടക്കുന്നുണ്ടായിരുന്നു.

ഞാൻ തിരിച്ചുപോരുമ്പാഴാണ് അവൻ വിളിച്ചുചോദിച്ചത്….ചേട്ടാ ഒന്ന് നിൽക്കണേ.. ചേട്ടന്റെ പേരെന്താണ്..? എവിടുന്നാണ്..?

എനിക്ക് തോന്നി, ഇതിനി തിരിച്ചുതരാൻ അവൻ വീണ്ടും വരരുത്.. ഈ കടപ്പാട് ഇനിയും തുടരാനിടയാകരുത്.. കവലയിൽവന്ന് ശങ്കരൻകുട്ടിച്ചേട്ടൻ എന്ന് ചോദിച്ചാൽ മരിച്ചുപോയി എന്നല്ലേ ആരും പറയൂ… അതാ മുത്തശ്ശന്റെ പേര് പറഞ്ഞത്..

നിഷയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി..അവൾ അത് തുടച്ചുകൊണ്ട് അച്ഛനെ സ്നേഹപൂർവ്വം ശാസിച്ചു:

ഈയച്ഛനെക്കൊണ്ട് തോറ്റു.. ഓരോന്ന് പറഞ്ഞുവിശ്വസിപ്പിച്ചിട്ട്.. അയാളിന്ന് പോയതും പനിച്ചുവിറച്ച് കിടപ്പായിരിക്കും.. മുത്തശ്ശൻ മരിച്ചിട്ട് പത്ത് മുപ്പത് കൊല്ലമായി എന്ന് ഞാൻ പറഞ്ഞപ്പോൾ ആ മുഖത്തെ പേടി ഒന്ന് കാണേണ്ടതായിരുന്നു..

നിഷ അച്ഛനെ നോക്കി കുസൃതിയോടെ കണ്ണുരുട്ടി പുറത്തേക്കിറങ്ങി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *