കുട്ടികളുടെ ബഹളങ്ങളും, ഭാര്യയുടെ ശാസനകളും, പാത്രങ്ങളുടെ കലമ്പലുകളും ഇല്ലാത്ത വീടിന് എന്തെന്നില്ലാത്ത സൗഖ്യം പകരം തരാനുണ്ടെന്ന് അയാൾക്കു തോന്നി……..

അയാൾ

എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട്

മധ്യവേനലവധിയുടെ അവസാന ആഴ്ച്ചകളിലൊന്നിൽ; ഭാര്യ, കുട്ടികളേയും കൂട്ടി അവളുടെ വീട്ടിലേക്കു പോയപ്പോൾ പുഞ്ചിരിയോടെയാണ് അയാളവരെ യാത്രയാക്കിയത്.

കുട്ടികളുടെ ബഹളങ്ങളും, ഭാര്യയുടെ ശാസനകളും, പാത്രങ്ങളുടെ കലമ്പലുകളും ഇല്ലാത്ത വീടിന് എന്തെന്നില്ലാത്ത സൗഖ്യം പകരം തരാനുണ്ടെന്ന് അയാൾക്കു തോന്നി.

രണ്ടാം ശനിയാഴ്ച്ചയാതിനാൽ അയാൾക്ക്, അവധിയെടുക്കേണ്ടി വന്നില്ല. അന്തിയ്ക്ക് ചങ്ങാതിമാരെ വിളിച്ചുകൂട്ടി, വീട്ടകമൊരു ക ള്ളുസഭയാക്കി..വല്ലകാലത്തും, ഒളിച്ചും പതുങ്ങിയും അകലങ്ങളിലെ പാഴിരുട്ടിൽ വലിച്ചിരുന്ന സി ഗരറ്റ് അയാൾ ആസ്വദിച്ചു വലിച്ചു പുകയുതിർത്തു..അകമ്പടിയായി, വി.ക്സ് മിഠായി കരുതാതെ.

രാത്രി തനിയേ കിടക്കുമ്പോൾ, ഓൺലൈനിൽ പച്ചവെളിച്ചം കത്തിച്ചു കിടന്ന പഴയ കൂട്ടുകാരിയ്ക്ക് അയാളൊരു ‘ഹായ്’ അയച്ചു.

‘ഇപ്പോൾ വരാമേ’ എന്നൊരു മറുപടി പകരം വന്നു..മറുപടിയ്ക്കു കാത്തിരുന്നു, അയാൾ ഉറങ്ങിപ്പോയി.. വൈകിയുണർന്നപ്പോൾ, മറുപടി വന്നു കിടപ്പുണ്ടായിരുന്നു.

‘സോറി, ഞാനുറങ്ങിപ്പോയി; ഇന്നു, രാത്രി കാണാം’ അയാൾക്കു വല്ലാതെ തല വേദനിക്കുന്നുണ്ടായിരുന്നു. ഭക്ഷണാവശിഷ്ടങ്ങളും, ഒഴിഞ്ഞ കുപ്പിയും ഗ്ലാസ്സും ചിതറിക്കിടന്ന അകത്തളത്തിലൂടെ അയാൾ അടുക്കളയിലേക്കു നടന്നു..ഒരു, കാപ്പി കുടിയ്ക്കണം.

അന്നയാളൊരു സിനിമയ്ക്കു പോയി..ഏതോ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു..അത്താഴം, പൊതിഞ്ഞു വാങ്ങിച്ചു. രാത്രി, വീടിന്നകത്തേയ്ക്കു കയറുമ്പോൾ മുഷിഞ്ഞൊരു ഗന്ധമാണ് എതിരേറ്റത്.

തലേന്നത്തെ ക.ള്ളു ദർബാർ പുനസൃഷ്ടിക്കാനായി, ചങ്ങാതിമാർ വിളിച്ചു. അയാൾ ഒഴിഞ്ഞുമാറി. പകലിലെ ഭക്ഷണം, ആമാശയത്തിൽ അമ്ലം നിറച്ചിരിക്കുന്നു..വല്ലാതെ പുളിച്ചു തികട്ടുന്നു.

ടെലിവിഷനിലെ വാർത്തകൾ, വിരസത പകരുന്നു..തെല്ലു നേരത്തേ, ഉറങ്ങാൻ കിടന്നു. അന്നേരത്താണ്, ഭാര്യ വിളിച്ചത്..അവളോടും, കുട്ടികളോടും സംസാരിച്ചു. കുട്ടികൾ, അച്ഛന്റെ വിശേഷങ്ങൾ തിരക്കിക്കൊണ്ടിരുന്നു..ഫോൺ വച്ച്, കട്ടിലിൽ ഇരുട്ടും പുതച്ചങ്ങനേ കിടന്നു.

ഫോണിലൊരു മെസേജ് വന്നു. കൂട്ടുകാരിയാണ്. ‘കാത്തിരിക്കൂ, വരാൻ പറ്റുമോന്ന് അറിയില്ല’ അയാൾക്കു വല്ലാത്ത വിരക്തി തോന്നി..കണ്ണുമടച്ച്, ഉറക്കം കാത്തുകിടന്നു..രണ്ടാം നിലയിലെ മുറിയകങ്ങളിൽ നിന്നും, വല്ലാത്തൊരു പരപരക്കം കേട്ടു.. എലികളാകാം.

ക്ലോക്കിന്റെ സ്പന്ദനശബ്ദങ്ങൾ; അവളും, കുട്ടികളുമുള്ളപ്പോൾ ഈ ശബ്ദങ്ങളൊക്കെ എവിടെയായിരുന്നു.. അയാൾ അത്ഭുതത്തോടെ ഓർത്തു..പിന്നെ, എപ്പോഴോ ഉറങ്ങിപ്പോയി.

വൈകിയാണുണർന്നത്. മുഷിഞ്ഞ വസ്ത്രങ്ങൾ, കട്ടിൽത്തലയ്ക്കൽ ചിതറിക്കിടന്നു. പുലരികളിൽ കഴിക്കേണ്ട, തൈറോയ്ഡിനുള്ള ഗുളികയുടെ ബോട്ടിൽ ഷെൽഫിൽ വെറുതേയിരിപ്പുണ്ടായിരുന്നു. രണ്ടുദിനമായി, അവളുടെ വിരൽസ്പർശമേൽക്കാതെ.

രണ്ടു ദിനത്തെ മറവിയ്ക്കു ശേഷം, അയാളൊരു ഗുളികയെടുത്തു വിഴുങ്ങി. മൊബൈൽ സ്ക്രീനിൽ, പഴയ സഖിയുടെ ‘സോറി’ വന്നുകിടപ്പുണ്ടായിരുന്നു. ‘ഒരു കാപ്പി കിട്ടിയിരുന്നുവെങ്കിൽ’.അയാൾ വെറുതെയോർത്തു.

കട്ടിൽത്തലയ്ക്കലിരുന്നു, അയാൾ ഭാര്യയെ വിളിച്ചു..അവളുടെ ശബ്ദത്തിലും ഉറക്കച്ചടവുണ്ടായിരുന്നു.Nസ്വന്തം വീട്ടിലെ, സുഖസുഷുപ്തിയുടെ ശേഷിപ്പ്. അയാൾ അവളോടു പറഞ്ഞു.

‘ഇന്നു വൈകീട്ടു, ഞാനങ്ങോട്ടു വരണുണ്ട്, നാളെ ഉച്ചതിരിഞ്ഞ് നമുക്കിങ്ങോട്ടു പോരാം’

അയാൾ പറഞ്ഞു നിർത്തി.

‘ഏട്ടാ, ഞാനതങ്ങോട്ടു പറയാൻ വരികയായിരുന്നു..നിങ്ങളില്ലാതെ, ഒരു സുഖോല്ല്യാ;Nഎനിക്ക് മാത്രല്ലാട്ടാ, പിളേളർക്കും’

അകമ്പടിയായി അവളുടെ ചിരിയലകൾ. അയാൾ എഴുന്നേറ്റു..ഇപ്പോൾ, ആ തലവേദന അലട്ടുന്നില്ല. മനസ്സിലെ അസ്വസ്ഥതകൾ, പോയ്മറഞ്ഞിരുന്നു. അയാൾ കാത്തിരുന്നു. ജോലിയ്ക്കു ശേഷമുള്ള, വരാനിരിക്കുന്ന ഇന്നത്തെ സായന്തനത്തെ; അക്ഷമനായി…

Related Posts

Leave a Reply

Your email address will not be published. Required fields are marked *