കുട്ടികൾ എല്ലാ ആഹാരത്തിന്റെയും രുചി അറിഞ്ഞിരിക്കണം ദേവേട്ടാ…

ഓറഞ്ച് പലഹാരം

Story written by Nisha L

“പപ്പാ എനിക്കൊരു ബർഗർ വേണം… “!!

‘എനിക്കും വേണം പപ്പാ.. “!!

കുട്ടികൾ രണ്ടു പേരും നിർബന്ധം പിടിച്ചു ദേവനോട് പറഞ്ഞു.

“വേണ്ട മക്കളെ.. അതൊക്കെ കഴിച്ചാൽ വയറു കേടാകും… “!!

“വേണം പപ്പാ പ്ലീസ്… “!!

ദേവൻ രശ്മിയെ നോക്കി.

അവൾ അനുകൂല ഭാവത്തിൽ തലയാട്ടി..

“വാങ്ങി കൊടുക്ക്‌ ദേവേട്ടാ.. എന്നും ചോറും ചപ്പാത്തിയുമൊക്കെയല്ലേ കഴിക്കുന്നത്. വല്ലപ്പോഴും ഒന്ന് കഴിച്ചെന്നു കരുതി വയറു കേടാകില്ല… “!!

“ആഹാ.. അതുശരി.. അപ്പോൾ നീയും കുട്ടികൾക്ക് സപ്പോർട്ട് ചെയ്യുകയാണല്ലേ.. “!!

ദേവൻ ചോദിച്ചു.

“അവർക്ക് നമ്മളല്ലാതെ വേറെ ആര് വാങ്ങി കൊടുക്കാനാ ദേവേട്ടാ.. “!!

ഒന്ന് നിർത്തി രശ്മി തുടർന്നു.

“ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് എന്റെ രണ്ടു കൂട്ടുകാരികൾ ലെയ്സിനെ കുറിച്ച് സംസാരിച്ചു. ഒരാൾക്ക് മഞ്ഞ ലെയ്സ് ഇഷ്ടം മറ്റെയാൾക്ക് പച്ച ലെയ്സും. രണ്ടു പേർക്കും ചുവന്ന ലെയ്സ് ഇഷ്ടമല്ല.. ആ സമയം ഞാൻ “ഈ ലെയ്സ് എന്ന് പറയുന്നത് എന്താ…” എന്ന് ആലോചിച്ചു നിൽക്കുവാ… ഞാൻ ആദ്യമായിട്ടാണ് അങ്ങനെ യൊരു പേര് കേൾക്കുന്നത് തന്നെ.. അപ്പോഴാണ് അവർ എന്നോട് ചോദിക്കുന്നത്… “നിനക്ക് ഏതാ ഇഷ്ടം ന്ന്.. “!!

ലെയ്സ് എന്താന്ന് പോലും അറിയാത്ത ഞാൻ അവരെ മിഴിച്ചു നോക്കി നിന്നിട്ട് പറഞ്ഞു “എനിക്ക് എല്ലാം ഇഷ്ടമാണെന്ന്.. “!!

അന്ന് വൈകിട്ട് വീട്ടിൽ എത്തിയിട്ട് ഞാൻ ഡിക്ഷണറി എടുത്തു നോക്കി ലെയ്സ് എന്താ ന്ന്… “!!

ഒരു ചെറു പുഞ്ചിരിയോടെ രശ്മി പറഞ്ഞു. ദേവൻ സൗമ്യമായി അവളെ നോക്കിയിരുന്നു. ദേവന് അവളെ കേൾക്കാൻ ഇഷ്ടമാണ്… മിക്കവാറും കാര്യങ്ങൾ സംസാരിക്കുമ്പോൾ അവൾക്ക് അതിനെ പറ്റി സ്വന്തം അനുഭവത്തിലുള്ള എന്തെങ്കിലും ഒരു കഥ പറയാൻ ഉണ്ടാകും.

“എന്നാൽ പിന്നെ മൂന്നു ബർഗർ വാങ്ങാം.. ഒന്ന് നിനക്ക് കൂടി… “!!

“അപ്പോൾ ദേവേട്ടന് വേണ്ടേ.. “??

“എനിക്കിതൊന്നും വയറ്റിൽ പിടിക്കില്ലെന്ന് നിനക്ക് അറിയില്ലേ പെണ്ണെ… “!!

ദേവൻ നാടൻ ഭക്ഷണത്തിന്റെ ആരാധകനാണ്. കഴിവതും അയാൾ അങ്ങനെയുള്ള ആഹാരം മാത്രമേ കഴിക്കാറുള്ളു.. എന്നാൽ രശ്മിയ്ക്കും കുട്ടികൾക്കും ഇഷ്ടമുള്ളത് വാങ്ങി കൊടുക്കാൻ മടിയുമില്ല.

ദേവൻ മൂന്നു ബർഗറും,, കുട്ടികൾക്ക് ജ്യൂസും,, രണ്ടു കോഫീയും ഓർഡർ ചെയ്തു.

“കുട്ടികൾ എല്ലാ ആഹാരത്തിന്റെയും രുചി അറിഞ്ഞിരിക്കണം ദേവേട്ടാ… മറ്റു കുട്ടികൾ വെറൈറ്റി ഫുഡിനെ കുറിച്ച് പറയുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ ഇതൊക്കെ എന്താന്ന് അറിയാതെ വായും പൊളിച്ചിരിക്കേണ്ടി വരരുത്… പണ്ട് ഞാനിരുന്നത് പോലെ.. !!അതെന്റെയൊരു ആഗ്രഹമാ ദേവേട്ടാ.. “!!

“ആയിക്കോട്ടെ… അവർക്ക് വേണ്ടതൊക്കെ നമുക്ക് വാങ്ങി കൊടുക്കാം.. “!!

അപ്പോഴേക്കും ഓർഡർ ചെയ്ത വിഭവങ്ങൾ എത്തി..

കുട്ടികൾ ആഹ്ലാദത്തോടെ കഴിക്കാൻ തുടങ്ങി.

രശ്മി ബർഗർ എടുത്തു ഒന്ന് കടിച്ചു.. അത്രക്ക് മെച്ചപ്പെട്ട രുചിയായിട്ടൊന്നും അവൾക്കു തോന്നിയില്ല..

കുട്ടികൾക്ക് ഇതിന്റെ പേര് അറിയുന്നത് ഭാഗ്യം… ഇല്ലെങ്കിൽ ഇവർ ഇതിന് എന്ത് പേര് ചൊല്ലി വേണമെന്ന് ആവശ്യപ്പെട്ടേനെ..??

രണ്ടു ബണ്ണിനുള്ളിൽ എന്തൊക്കെയോ കുത്തി നിറച്ച പലഹാരം വേണമെന്നോ..??

ആവോ… അറിയില്ല… !!

അപ്പോഴാണ് രശ്മിയുടെ ഓർമ്മ തന്റെ സ്കൂൾ കാലഘട്ടത്തിലേക്ക് ഊളിയിട്ടത്.

സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചക്ക് ഉണ്ടുകഴിഞ്ഞു കൈയും പാത്രവും കഴുകാൻ പൈപ്പിൻ ചുവട്ടിൽ വലിയ തിക്കും തിരക്കും ബഹളവുമാണ്. ആ ബഹളത്തിൽ ഉന്തി തള്ളി കയറാൻ മിടുക്കില്ലാത്തത് കൊണ്ട് താൻ സ്കൂളിനടുത്തു വീടുള്ള ഒരു കൂട്ടുകാരിയുടെ കൂടെ ചോറ്റു പാത്രവുമെടുത്തു പോകും. അവളുടെ വീട്ടിലിരുന്നു ചോറുണ്ടതിനു ശേഷം കിണറ്റിൽ നിന്ന് വെള്ളം കോരി കൈയും പാത്രവും കഴുകി,, വാട്ടർ ബോട്ടിലിൽ വെള്ളവും നിറച്ചു തിരികെ പോരും.

അങ്ങനെ ഒരു ദിവസം അവളുടെ വീട്ടിലെത്തി വരാന്തയിൽ ഇരുന്നു ചോറുണ്ടപ്പോൾ അവളുടെ അമ്മ എന്തോ ഒരു പലഹാരം അവൾക്കെടുത്തു കൊടുത്തു.. !! വീട്ടിൽ ആരോ വിരുന്നുകാർ വന്നു അവർ കൊണ്ടു വന്നതാണെന്നു പറഞ്ഞു കൊണ്ട്.. !!

അവൾ അതെടുത്തു വായിൽ വയ്ക്കുന്നത് കണ്ടു താനന്ന് കൊതിയോടെ നോക്കിയിരുന്നു… എന്തോ ഓറഞ്ച് കളറിലുള്ള ഒരു പലഹാരം… !! അവളതിന്റെ അവസാന പീസും വായിലേക്കിട്ടപ്പോൾ വല്ലാത്ത സങ്കടം വന്നു… !!

നിനക്ക് വേണോന്ന് ഒന്ന് ചോദിച്ചു കൂടിയില്ല.. എന്താണ് അതിന്റെ രുചി..?മധുരമോ എരിവോ പുളിയോ… എന്തായിരുന്നു…??

ആവോ അറിയില്ല.. !!

എന്തായിരുന്നു ആ പലഹാരത്തിന്റെ പേര്..?? അതും അറിയില്ല… ഓറഞ്ച് നിറത്തിലുള്ള പലഹാരം… !!! താൻ അന്ന് സ്വയം ഇട്ട പേരാണ് അത്… ഇന്നും ആ പേരിൽ തന്നെ അറിയപ്പെടുന്ന തന്റെ മാത്രം മനസ്സിൽ പതിഞ്ഞു കിടക്കുന്ന ഏതോ ഒരു പലഹാരം… !!

“അല്ല… എന്റെ പ്രിയതമ വീണ്ടും എങ്ങോട്ടോ പോയ ലക്ഷണമുണ്ടല്ലോ..”!!

ദേവന്റെ ചോദ്യമാണ് അവളെ ചിന്തയിൽ നിന്നുണർത്തിയത്.

“ഹ്മ്മ്.. ചെറുതായിട്ട് എന്റെ സ്കൂൾ വരെ ഒന്ന് പോയി.. “!!

“നീയത് കഴിച്ചില്ലല്ലോ… കുട്ടികൾ കഴിച്ചു കഴിഞ്ഞു… “!!

“ഓ ഇതിന് ഞാൻ വിചാരിച്ചത് പോലെ രുചിയൊന്നുമില്ല ദേവേട്ടാ… “!!

പറഞ്ഞു കൊണ്ട് രശ്മി ബർഗർ രണ്ടായി മുറിച്ച് കുട്ടികൾക്ക് കൊടുത്തു..

“ദേവേട്ടൻ പറയുന്നത് ശരിയാ… നമ്മുടെ വീട്ടിലുണ്ടാക്കുന്ന ആഹാരത്തിന്റെ രുചിയൊന്നും മറ്റൊന്നിനും കിട്ടില്ല അല്ലെ ദേവേട്ടാ… “!!??

രശ്മി പറയുന്നത് കേട്ട് എന്തൊക്കെയോ മനസിലായത് പോലെ ദേവൻ ചിരിയോടെ തലയാട്ടി. ബാക്കിയൊക്കെ രാത്രിയിലെ കഥ പറച്ചിലിൽ കിട്ടുമെന്ന് അയാൾക്കറിയാം.

എന്നാൽ അപ്പോഴും രശ്മിയുടെ മനസ്സിൽ ആ ഓറഞ്ച് പലഹാരമായിരുന്നു… !!

അത്രത്തോളം തന്നെ കൊതിപ്പിച്ച മറ്റൊന്നും ഈ ജീവിതത്തിലില്ല എന്ന് ചെറിയൊരു വ്യഥയോടെ അവളോർത്തു… !!

Related Posts

Leave a Reply

Your email address will not be published. Required fields are marked *