കൊച്ചിയിലെ ഒരു പാവം പെണ്ണ് തന്ന കൊട്ടേഷൻ… അവളുടെ പേര് പറഞ്ഞാൽ ജോണിച്ചന് മനസ്സിലാവും… സോഫിയ……

മാലാഖ…

എഴുത്ത് :- ശ്രീജിത്ത് പന്തല്ലൂർ

തൻ്റെ നെഞ്ചിൽ ചേർന്നുറങ്ങുന്ന സെലീനയെ ഒന്നു കൂടെ ജോണി തന്നിലേക്ക് ചേർത്തു പിടിച്ചു…

മാലാഖയാണിവൾ, തന്നിലെ ഇല്ലായ്മകളെ അറിഞ്ഞിട്ടും ഒരു നിയോഗം പോലെ തന്നിലേക്ക് സമാധാനത്തിൻ്റേയും സ്നേഹത്തിൻ്റേയും പൂക്കൾ വർഷിച്ച മാലാഖ…

ഏകദേശം രണ്ടു മാസം മുൻപ് ഉയർന്ന ബിപി കാരണം ക്ലിനിക്കിൽ ചെന്നപ്പോൾ പരിചയപ്പെട്ടതാണ് നഴ്സ് സെലീനയെ. അടുത്തടുത്ത ദിവസങ്ങളിൽ ഒരേ രോഗത്തിനു തന്നെ ഡോക്ടറെ കാണേണ്ടി വന്നപ്പോൾ ആ പരിചയം വച്ച് സെലീന പറഞ്ഞു..

” ഇങ്ങനെ ഓരോ പ്രാവശ്യവും വന്ന് ഇഞ്ചക്ഷനും മരുന്നും വാങ്ങി കഴിച്ചതു കൊണ്ട് ഞങ്ങളുടെ ക്ലിനിക്കിനും ഫാർമസിക്കും വരുമാനമുണ്ടാകു മെന്നല്ലാതെ നിങ്ങൾക്ക് യാതൊരു ഗുണവുമില്ല. മനസ്സിലെ ടെൻഷൻ കുറയ്ക്കൂ എല്ലാം ശരിയാവും…”.

” ശരിയാ സിസ്റ്ററേ, എല്ലാം ആരോടെങ്കിലുമൊക്കെ ഒന്നു തുറന്നു പറയാൻ കഴിഞ്ഞെങ്കിലെന്ന് ഞാനും ആഗ്രഹിക്കാറുണ്ട്. ഇവിടെ ഈ അന്യനാട്ടിൽ ആരാൻ്റെ പരിഭവം കേൾക്കാൻ ആർക്കുണ്ട് നേരം…”. ജോണി ഒരു നെടുവീർപ്പോടെ പറഞ്ഞു.

” ശരി, വിരോധമില്ലെങ്കിൽ രാത്രി എട്ടുമണിക്കു ശേഷം എന്നെ വിളിക്കൂ… നിങ്ങളെ സഹായിക്കാനായില്ലെങ്കിലും സമാധാനിപ്പിക്കാൻ എനിക്കായേക്കും…”. മരുന്നു ചീട്ടിനു പിറകിൽ സ്വന്തം മൊബൈൽ നമ്പർ എഴുതിക്കൊണ്ട് സെലീന പറഞ്ഞു.

അന്നു രാത്രി കൃത്യം എട്ടു മണിക്കു തന്നെ സെലീനയുടെ ഫോൺ ബെല്ലടിച്ചു.

” സിസ്റ്ററേ, ഇത് ഞാനാണ് ജോണി… ഇന്ന് ക്ലിനിക്കിൽ വന്ന…”.

” ങാ മനസ്സിലായി, ഞാൻ ക്ലിനിക്കിൽ നിന്നും റൂമിലേക്ക് നടക്കുന്നതേയുള്ളൂ…”.

” എന്നാൽ ഞാൻ പിന്നെ വിളിക്കാം…”.

” സാരമില്ല, നിങ്ങൾ പറഞ്ഞോളൂ. ഈ പത്ത് മിനിട്ട് നടത്തം എനിക്കും ബോറടിക്കില്ലല്ലോ…”. സെലീന പറഞ്ഞു.

” ശരി സിസ്റ്ററേ, നാട്ടിൽ കൊച്ചിയിലാണെൻ്റെ വീട്… നാലഞ്ച് വർഷമായി ഷാർജയിലെത്തിയിട്ട്, നാട്ടിൽ പോയിട്ടും…”. ജോണി ഒന്നു നിർത്തി.

” എന്ത്… നാട്ടിൽ പോയിട്ട് അഞ്ചു വർഷമായെന്നോ…?”. സെലീന അതിശയത്തോടെ ചോദിച്ചു.

” അതെ കൃത്യമായി പറഞ്ഞാൽ അഞ്ചു വർഷത്തിലേറെയായി…”.

” അപ്പോൾ നിങ്ങളുടെ ഫാമിലി…?”.

” ഫാമിലിയൊക്കെ ഉണ്ടായിരുന്നു. ഇപ്പോഴില്ല…”.

” അതെന്തേ…?”.

” എനിക്കിവിടെ ജോലിയൊന്നും ശരിയായിരുന്നില്ല, അതു കൊണ്ടു തന്നെ നാട്ടിലേക്ക് കൃത്യമായി പണമയയ്ക്കാനും കഴിയാറില്ല. ഭാര്യയേയും കുറ്റം പറയാൻ കഴിയില്ല, നല്ല കുടുംബത്തിൽ ജനിച്ചവൾ പട്ടിണി കിടക്കുന്നതെങ്ങനെ… അവളെ സഹായിക്കാറുള്ള നാട്ടുകാരനോടൊപ്പം അവൾ ഒളിച്ചോടി…”. ജോണിയുടെ സ്വരം ഇടറിയത് സെലീന ശ്രദ്ധിച്ചു.

” ഒരു കാര്യത്തിൽ സന്തോഷമുണ്ട്. എൻ്റെ മക്കളെ അവൾ ഉപേക്ഷിച്ചില്ല. അവരേയും കൊണ്ടാണ് അവൾ പോയത്…”.

” എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ല… എനിക്കു മനസ്സിലാവും നിങ്ങളുടെ വിഷമം… ഒരു തരത്തിൽ പറഞ്ഞാൽ നമ്മൾ രണ്ടു പേരും ഒരേ തൂവൽപക്ഷികളാണ്. എന്നെ കറവപ്പശുവായി കാണുന്ന സ്വന്തം വീട്ടുകാരാണ് എൻ്റെ കഥയിലെ വില്ലൻമാർ… കല്യാണവും ഭർത്താവും കുഞ്ഞുങ്ങളുമൊക്കെ ഇന്നും ഒരു സ്വപ്നം മാത്രമാണെനിക്ക്…”. സെലീനയുടെയും സ്വരമിടറി…

” ഈ അന്യനാട്ടിൽ എന്നെ കേൾക്കാനും സംസാരിക്കാനും ഒരാളെ കിട്ടിയതു തന്നെ ഭാഗ്യമായി ഞാൻ കാണുന്നു…”. ജോണിയുടെ വാക്കുകൾക്ക് മറുപടിയായി സെലീന പുഞ്ചിരിച്ചത് ഫോണിലൂടെയും ജോണിക്കു മനസ്സിലായി…

അങ്ങനെ സംസാരിച്ചു തുടങ്ങിയ പരിചയമാണ് ഇപ്പോഴിതാ ഈ ഒറ്റമുറി വില്ലയിലെ ഒരു പുതപ്പിൻ കീഴിൽ ഒരുമിച്ച് ഉറങ്ങുന്നത്ര അടുപ്പത്തിലേക്കെത്തിച്ചത്… അതും എല്ലാം സെലീനയുടെ സ്വന്തം ചെലവിൽ. ഒരു രൂപ പോലും തന്നിൽ നിന്നും അവൾ പങ്കു വാങ്ങിയിട്ടില്ല.

പിറ്റേ ദിവസം അവൾ ഡ്യൂട്ടി കഴിഞ്ഞു വന്നത് ഒരു സന്തോഷ വാർത്തയുമായാണ്.

” ജോണിച്ചാ, നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരാൻ പോകുന്നു. എനിക്ക് സൗദിയിലെ അൽ ജസീറ ഹോസ്പിറ്റലിൽ നിന്നും ഓഫർ ലെറ്റർ വന്നിടുണ്ട്. ഇവിടെ ഈ ക്ലിനിക്കിൽ കിട്ടുന്നതിൻ്റെ മൂന്നിരട്ടി ശമ്പളമുണ്ട്. ജോണിച്ചനും അവിടെ വല്ല ജോലിയും കിട്ടുമോന്ന് നോക്കാം. ഇനിയിപ്പോ ഒന്നും ശരിയായില്ലെങ്കിലും എൻ്റെ വിസയിൽ നിൽക്കാമല്ലോ… ഞാൻ നോക്കിക്കോളാം…”.

അവളെ കെട്ടിപ്പിടിക്കുമ്പോൾ ജോണിയുടെ മിഴികൾ നിറഞ്ഞു.

” ഒരു ഉപകാരവുമില്ലാതെ പിന്നെയും എന്തിനാണിങ്ങനെ എന്നെ സ്നേഹിക്കുന്നത്…?”.

” ഒരു ലക്ഷ്യവുമില്ലാതെ ഈ ലോകത്ത് ഒന്നും നടക്കുന്നില്ല ജോണിച്ചാ… ഇന്നല്ലെങ്കിൽ നാളെ നമുക്കതു മനസിലാക്കാൻ കഴിയും…”. സെലീനയുടെ വാക്കുകൾ ദൈവവാക്യം പോലെയാണ് ജോണിയുടെ കാതിൽ വീണത്…

പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു.

” ജോണിച്ചാ, അടുത്ത മാസം നമുക്ക് സൗദിയിലേക്കു പറക്കാം. ജോണിച്ചൻ വേണേൽ നാട്ടിലേക്ക് ഒന്ന് പോയിട്ടു വന്നോളൂ… അഞ്ചാറ് കൊല്ലമായില്ലേ നാട്ടിൽ പോയിട്ട്…”. സെലീന പറഞ്ഞു.

” ഇല്ല സെലീനാ, ഞാൻ നാട്ടിലേക്കില്ല. നാടേ വെറുത്തു പോയെനിക്ക്… ഇനി നീയാണെന്റെ ലോകം…”. ജോണി പറഞ്ഞു.

” എന്നാലൊരു കാര്യം ചെയ്യ്. എൻ്റെ ലഗേജും കൊണ്ട് ജോണിച്ചൻ റിയാദിലേക്ക് കയറിക്കോളൂ, അവിടെ എയർപോർട്ടിൽ എൻ്റെയൊരു ഫ്രണ്ട് കാത്തു നിൽക്കുന്നുണ്ടാകും… അവിടെച്ചെന്ന് താമസസ്ഥലമൊക്കെ സെറ്റാക്കു മ്പോഴേക്കും ഞാനും കേറി വരാം. അപ്പോഴേക്കേ എൻ്റെ പേപ്പറുകളൊക്കെ ശരിയാവൂ…”. സെലീന പറഞ്ഞു.

വിസിറ്റിങ് വിസയും ടിക്കറ്റുമെല്ലാം സെലീന തന്നെയാണ് ശരിയാക്കിയത്. ഷാർജ എയർപോർട്ടിൽ വച്ച് യാത്ര പറയുമ്പോൾ നിറകണ്ണുകളോടെ സെലീന പറഞ്ഞു.

” ദേ ശ്രദ്ധിക്കണേ, വിമാനത്തിൽ കയറിക്കഴിഞ്ഞ് എന്നെ വിളിക്കണേ…”.

” വിളിക്കാം പെണ്ണേ…”. സെലീനയുടെ കവിളിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് ജോണി പുഞ്ചിരിച്ചു.

” അവിടെ റിയാദ് എയർപോർട്ടിൽ എൻ്റെ ഫ്രണ്ട് ജോണിച്ചനെ കാത്ത് നിൽക്കുന്നുണ്ടാവും. നിങ്ങൾ സുരക്ഷിതമായി അവിടെ എത്തുന്നതു വരെ എനിക്കൊരു സമാധാനവുമില്ല…”. സെലീന പറഞ്ഞു.

ജോണി പുഞ്ചിരിയോടെ യാത്ര പറഞ്ഞു. സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞ് വിമാനത്തിലെ സീറ്റിൽ ഇരുന്നു കഴിഞ്ഞാണ് സെലീനയെ വിളിച്ചത്.

” ഹലോ സെലീനാ, ഞാൻ ദേ ഫ്ലൈറ്റിൽ കയറി, സീറ്റിലിരുന്നു. ഇനിയെങ്കിലും നീ സമാധാനത്തോടെ റൂമിലേക്ക് പോയിക്കോളൂ… അവിടെ വിമാനമിറങ്ങിയിട്ട് നിൻ്റെ ഫ്രണ്ടിൻ്റെ ഫോണിൽ നിന്നും ഞാൻ വിളിക്കാം…”.

” ഓക്കെ ജോണിച്ചാ, പിന്നെ ഞാനൊരു കാര്യം പറയാൻ മറന്നു. ഹാൻഡ് ബാഗിൽ എന്റെയൊരു ഡയറി വച്ചിട്ടുണ്ട്. അതൊന്ന് വായിക്കണേ… യാത്രയ്ക്കിടയിലെ ബോറടി മാറ്റാം…”. സെലീന പറഞ്ഞു.

ഈ പെണ്ണിൻ്റെയൊരു കാര്യം. സർപ്രൈസ് തന്ന് ഞെട്ടിച്ച് കൊല്ലും… ജോണി ഹാൻ്റ് ബാഗെടുത്ത് തുറന്ന് ഡയറി പുറത്തെടുത്തു വായിച്ചു.

ജോണിച്ചാ, നേരിട്ടു പറയാനുള്ള മടി കൊണ്ടല്ല, എഴുതിത്തരുന്നത്. ഇങ്ങനെ യായാലേ ഞങ്ങളുടെ പ്ലാൻ വർക്കൗട്ടാവൂ… ജോണിച്ചാ ഇതൊരു കൊട്ടേ ഷനായിരുന്നു. കൊച്ചിയിലെ ഒരു പാവം പെണ്ണ് തന്ന കൊട്ടേഷൻ… അവളുടെ പേര് പറഞ്ഞാൽ ജോണിച്ചന് മനസ്സിലാവും… സോഫിയ… ഇടവകക്കാരുടെ മുൻപിൽ വച്ച് നിങ്ങൾ മിന്നുകെട്ടിയ അതേ സോഫിയ… നാട്ടുകാരനോടൊപ്പം ഒളിച്ചോടിപ്പോയെന്ന് നിങ്ങൾ എന്നോട് പറഞ്ഞ കള്ളക്കഥയിലെ നായിക… ഇനിയെങ്കിലും അവൾക്ക് സ്വസ്ഥമായി ജീവിക്കണം, അതിന് നിങ്ങൾ ഒരിക്കലും തിരിച്ചു വരില്ലെന്ന് ഉറപ്പിക്കണം… അതിനു വേണ്ടിയാണീ കൊട്ടേഷൻ… ഒരു ഉപകാരവുമില്ലാത്ത ഭർത്താവ് ഇല്ലാതിരിക്കുന്നതു തന്നെയാണ് നല്ലതെന്ന് അവൾ തീരുമാനിച്ചു. നിങ്ങൾ ചെയ്ത കുറ്റങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമെന്ന് കരുതുന്നു. എങ്കിലും ഒന്ന് ഉറപ്പു വരുത്തുന്നതിനായി നിങ്ങൾക്കെതിരായ കുറ്റപത്രം ഞാനെഴുതുന്നു…

വിസത്തട്ടിപ്പിൽ പെട്ട് വാഗ്ദാനം ചെയ്യപ്പെട്ട ജോലി കിട്ടാതെ കിട്ടിയ ജോലിക്ക് കയറുന്നതു വരെ നിങ്ങളുടെ ഭാഗത്ത് തെറ്റൊന്നുമില്ലായിരുന്നു… കിട്ടിയ ജോലിയുടെ കുറഞ്ഞ ശമ്പളത്തിൻ്റെ ഭൂരിഭാഗവും നിങ്ങൾ സ്വന്തം ടെൻഷൻ തീർക്കാൻ മാത്രം മാറ്റി വയ്ക്കാൻ തുടങ്ങിയപ്പോൾ മുതൽ നിങ്ങൾ തെറ്റുകാരനാവാൻ തുടങ്ങി.

ദുബായിൽ സുലഭമായ മ ദ്യവും പെ ണ്ണും ആസ്വദിച്ച് സ്വന്തം പ്രശ്നങ്ങൾ മറക്കാൻ നിങ്ങൾ തുടങ്ങിയപ്പോൾ നാട്ടിൽ കടക്കാരുടെ മുൻപിലും നിത്യവൃത്തിക്കു പോലും പിടിച്ചു നിൽക്കാൻ പാടുപെടുന്ന ഭാര്യയെയും മക്കളെയും നിങ്ങൾ മറന്നു… കൂടുതൽ ശമ്പളം കിട്ടാൻ തുടങ്ങിയപ്പോൾ പോലും അത് ഭാര്യയെ അറിയിക്കാതെ നിങ്ങൾ യഥാവിധി തുടർന്നു…

ഉത്തരവാദിത്തമില്ലായ്മ മൂലം ജോലി നഷ്ടപ്പെട്ടപ്പോൾ നിങ്ങൾ പാസ്പോർട്ട് പണയം വച്ച് ആ പണം കൊണ്ടും ധൂർത്തടിക്കാൻ തുടങ്ങി. പല കമ്പനികളിലായി താൽക്കാലിക ജോലി ചെയ്തെങ്കിലും ആ വരുമാനമൊന്നും നാട്ടിലേക്ക് അയയ്ക്കാനോ പണയം വച്ച പാസ്പോർട്ട് തിരിച്ചെടുക്കാനോ ആയിരുന്നില്ല നിങ്ങൾ ഉപയോഗിച്ചിരുന്നത്… നിങ്ങൾ അടിമപ്പെട്ടു കഴിഞ്ഞിരുന്ന മ ദ്യത്തിനും വ്യ ഭിചാരത്തിനും വേണ്ടി മാത്രം നിങ്ങളതു ചിലവഴിച്ചു… നിങ്ങൾ ഇവിടെ കാണിച്ചു കൂട്ടുന്നതൊന്നും ഭാര്യ അറിയുന്നില്ലെന്ന് തെറ്റിദ്ധരിച്ചതാണ് നിങ്ങൾക്ക് പറ്റിയ വലിയ തെറ്റ്… ഒരേയൊരു മകൻ്റെ അകാലമരണത്തിൽ നാട്ടിൽ പോകാനുള്ള അവസരം പലരും ഒരുക്കിത്തന്നിട്ടും നിങ്ങളതു നിഷേധിച്ചു എന്നറിഞ്ഞതോടെയാണ് നിങ്ങൾക്കെതിരെ കൊ ട്ടേഷൻ നല്കാൻ സോഫിയ തീരുമാനിച്ചത്…

ഞാൻ ജോലി ചെയ്യുന്ന ക്ലിനിക്കിൽ നിങ്ങൾ വരാറുണ്ടെന്നു മനസ്സിലാക്കിയാണ് ആ കൊട്ടേഷൻ എൻ്റെ കൈയിൽ വന്നത്… ( മുൻപും ചെറിയ കൊട്ടേ ഷനൊക്കെ ഞാനെടുക്കാറുണ്ട് ) ഇതു പക്ഷേ, ഒരു പെണ്ണിൻ്റെ കണ്ണീര് തോരാൻ വേണ്ടി മാത്രം ഈ വലിയ കൊ ട്ടേഷൻ ഞാനേറ്റെടുത്തു… ഞാൻ ചെയ്ത ജോലിക്കെല്ലാം കണക്ക് വച്ചുള്ള പ്രതിഫലം ഇതിനോടകം ഞാൻ കൈപ്പറ്റിക്കഴിഞ്ഞു… എങ്കിലും അവസാനമായി ഒരവസരം കൂടി നല്കാൻ ഞാനാവശ്യപ്പെട്ടപ്പോൾ സോഫിയയും അത് അംഗീകരിച്ചതായിരുന്നു… പക്ഷേ, നാട്ടിൽ പോകാനുള്ള അവസരം വീണ്ടും നിങ്ങൾ നിരാകരിച്ചു… അതോടെ നിങ്ങളുടെ ശവപ്പെട്ടിയുടെ അവസാന ആണിയും അടിക്കാൻ ഞങ്ങൾ തീരുമാനിച്ചു…

അങ്ങനെ ഇനി നിങ്ങൾ ഒരിക്കലും തിരിച്ചു വരില്ലെന്ന് ഉറപ്പാകുന്നതോടെ പുതിയൊരു ജീവിതത്തെക്കുറിച്ച് സോഫിയയ്ക്കും ആലോചിക്കാവുന്നതാണ്…

ഇനിയിപ്പോൾ ചാടിക്കേറി അടുത്ത ഫ്ലൈറ്റിൽ എന്നോട് പ്രതികാരം ചെയ്യാൻ പുറപ്പെടാമെന്ന് കരുതേണ്ട… കാരണം നിങ്ങൾക്ക് ഇനിയൊരിക്കലും അവിടെ നിന്നും രക്ഷപ്പെടാൻ കഴിയില്ല… കാരണമെന്താണെന്നു വച്ചാൽ ഞാൻ തന്നയച്ച ലഗ്ഗേജിനുള്ളിൽ നിങ്ങളറിയാതെ ഞാനൊരു പൊതി വച്ചിട്ടുണ്ട്. അതിൽ കുറച്ച് പൊടിയാണുള്ളത്. കുറച്ചേ ഉള്ളെങ്കിലും സൗദിയിലെ നിയമമനുസരിച്ച് വ ധശിക്ഷയോ കുറഞ്ഞ പക്ഷം ആജീവനാന്തം തട വുശിക്ഷയോ ലഭിക്കാൻ അതു മതിയാവും… റിയാദിലെ കസ്റ്റംസിന് വിവരം കൈമാറിക്കഴിഞ്ഞു. വിമാനത്തിന്റെ വാതിലിനു പുറത്ത് നിങ്ങളെ സ്വീകരിക്കാൻ അവർ കാത്തു നിൽക്കുന്നുണ്ടാകും…

വിഷ് യു ലാസ്റ്റ് ജേർണി ആൻ്റ് ഗുഡ് ബൈ ഫോർ എവർ…

അപ്പോഴേക്കും ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞ വിമാനത്തിനുള്ളിലെ കുളിരിലും ജോണി വിയർത്തു കുളിച്ചു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *