ഞാനൊരിക്കലും കരുതിയിരുന്നില്ല ഒരാളുടെ രണ്ടാം ഭാര്യയായി ജീവിക്കേണ്ടി വരുമെന്ന് .ഉണ്ണിയേട്ടന്റെ വിവാഹ ആലോചന വരുമ്പോൾ അതിൽ അമ്മയ്ക്കും……..

എന്റെ രാജകുമാരനിലേക്ക്

Story written by Ammu Santhosh

ഞാനൊരിക്കലും കരുതിയിരുന്നില്ല ഒരാളുടെ രണ്ടാം ഭാര്യയായി ജീവിക്കേണ്ടി വരുമെന്ന് .ഉണ്ണിയേട്ടന്റെ വിവാഹ ആലോചന വരുമ്പോൾ അതിൽ അമ്മയ്ക്കും അച്ഛനും ആകര്ഷിക്കപ്പെടാൻ ഒരു പാട് കാരണങ്ങൾ ഉണ്ടായിരുന്നു ,ഒറ്റ മകൻ ,സമ്പന്നൻ ,നല്ല ജോലി ,ഭാര്യ മരിച്ചുവെങ്കിലും അതിൽ കുട്ടികൾ ഇല്ല, സ്ത്രീധനം ഡിമാന്റുകൾ ഒന്നുമില്ല അങ്ങനെ നിരവധി .ഞങ്ങൾ നാല് പെൺകുട്ടികൾ ആണ് .അതും ഒരു കാരണമാകും .എനിക്ക് ഇനിയും പഠിക്കണം എന്നുണ്ടായിരുന്നു .അത് പക്ഷെ ആരും മുഖവിലയ്‌ക്കെടുത്തില്ല .ഒരു പ്രണയമില്ലാതിരുന്നത് കൊണ്ട് ആർക്കു വേണ്ടിയും കാത്തു നിൽക്കാനുമുണ്ടായിരുന്നില്ല .

വിവാഹം കഴിഞ്ഞു ചെല്ലുമ്പോൾ ഞാൻ ശരിക്കും അതിശയിച്ചു പോയി .അവരുടെ വീട്ടിലെ പട്ടിക്കൂടിനെക്കാളും കുറച്ചു കൂടെ വലിപ്പമേയുള്ളൂ എന്റെ വീടിന് . ഉണ്ണിയേട്ടന്റെ അമ്മയ്ക്ക് എന്നെ വലിയ ഇഷ്ടമാണ് .എന്നെ ഒരു കല്യാണത്തിന് കണ്ടു ഇഷ്ടമായതാണെത്രെ ‘അമ്മ .അങ്ങനെയാണ് ബ്രോക്കർ വഴി കല്യാണം ആലോചിച്ചത് ..’അമ്മ ഒരു സാധുവാണ് പക്ഷെ .ഉണ്ണിയേട്ടൻ എന്നോട് വളരെ കുറച്ചു മാത്രമേ സംസാരിക്കാറുള്ളു അളന്നു ചിട്ടപ്പെടുത്തിയ വാക്കുകൾ.

പകലൊക്കെ ഞാൻ വീടും തൊടിയുമൊക്കെ ചുറ്റി നടന്നു കാണും .വീട്ടിലെ മുറികളൊക്കെ എന്താ ഭംഗി ! അലങ്കാരപ്പണികളൊക്കെ ഗംഭീരമാണ് .തൊടിയിൽ ധാരാളം മരങ്ങളുണ്ട്.ഞാൻ അതിൽ സഹായിക്കാൻ വരുന്ന സതീശൻ ചേട്ടനെ കൊണ്ട് ഒരു ഊഞ്ഞാൽ കെട്ടിച്ചു .’അമ്മ അതൊക്കെ കണ്ടു കൗതകത്തോടെ ചിരിക്കും .പലപ്പോളും എനിക്ക് അമ്മയോട് ചോദിക്കണമെന്നുണ്ട് .ആദ്യ ഭാര്യയുടെ ഒരു ഫോട്ടോ .അവരെങ്ങനെയായിരുന്നു എന്നൊക്കെ. .ഉണ്ണിയേട്ടൻ അവരോടും ഇങ്ങനെ കൂടുതൽ സംസാരിക്കാറില്ലായിരുന്നോ എന്നൊക്കെ .എനിക്ക് മുന്നേ ആ ഹൃദയത്തിൽ സ്ഥാനം പിടിച്ചവളല്ലേ, അവരെങ്ങനെ? എന്നറിയാൻ സ്ത്രീ സഹജമായ ഒരു കൗതുകം .

” അമ്മെ ആ ചേച്ചിയുടെ പേരെന്തായിരുന്നു ?”

ഒരു ദിവസം ഞാൻ അമ്മയോട് ചോദിച്ചു

“ശ്രേയ ” ‘അമ്മ തണുത്ത സ്വരത്തിൽ പറഞ്ഞു

” എങ്ങനെയാ മരിച്ചേ?”.ഞാൻ വീണ്ടും ചോദിച്ചു .

” അതൊക്കെ ഇപ്പോൾ അറിഞ്ഞിട്ടെന്തിനാ ?”

പിന്നിൽ ഉണ്ണിയേട്ടൻ .ആ മുഖം ഇരുണ്ടിരിക്കുന്നു .ഞാൻ എന്ത് തെറ്റ് ആണ് ചെയ്തത് എന്ന് എനിക്ക് മനസിലായില്ല പക്ഷെ അതൊന്നും പറയാൻ അവർ ആഗ്രഹിക്കുന്നില്ല എന്ന് ഞാൻ മനസിലാക്കി പിന്നീട് ഞാൻ അത്തരം ചോദ്യങ്ങൾ ഒന്നും ചോദിയ്ക്കാൻ പോയില്ല

ഉണ്ണിയേട്ടൻ എന്നോട് സ്നേഹമായി സംസാരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കാറുണ്ട് .എന്തോ ഒരു അകൽച്ച ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു .മറ്റൊരു സ്ത്രീയെ വഹിച്ച മനസിന് എന്നെ പെട്ടെന്ന് സ്നേഹിക്കാ നാവില്ലയിരിക്കും എന്ന് ഞാൻ സമാധാനിക്കാൻ ശ്രമിച്ചു

പകലൊക്കെ വല്ലാതെ മടുപ്പു തോന്നിത്തുടങ്ങിയിരുന്നു .പുസ്തകങ്ങളെ നോക്കുമ്പോൾ സങ്കടം വരും .

” ഞാൻ പഠിക്കാൻ പൊക്കോട്ടെ ?”

ഒരു ദിവസം ഞാൻ മടിച്ചു മടിച്ചു ചോദിച്ചു

” ഉം ” സമ്മതിച്ചു വേഗം തന്നെ. കോളേജിൽ ചേർന്ന് പഠനം തുടങ്ങിയപ്പോൾ ഒരു ആശ്വാസം.

ഉണ്ണിയേട്ടന്റെ അരികിൽ ഇരിക്കുമ്പോളൊക്കെ

” എന്താ എന്നെ സ്നേഹിക്കാൻ സാധിക്കാത്തത്?” എന്ന ചോദ്യം പലവുരു എന്റെ ഉള്ളിൽ തികട്ടി വന്നു

ഉണ്ണിയേട്ടൻ ഉറങ്ങുമ്പോൾ ഞാനാ മുഖത്ത് നോക്കി ഉണർന്നിരിക്കും.

ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കമാണ് ആ മുഖം .നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടികൾ ഒതുക്കി ചിലപ്പോൾ മെല്ലെ ഞാൻ ഒരു ഉ മ്മ കൊടുക്കും .ഏട്ടന് ഇഷ്ടമുള്ള കറികളൊക്കെ അമ്മയിൽ നിന്ന് ചോദിച്ചു പഠിച്ചു ഞാൻ ഉണ്ടാക്കി കൊടുക്കാറുണ്ട് .

പക്ഷെ എന്നോടായിട്ടു വല്ലതും പറയുക അപൂർവമാണ്

ഉണ്ണിയേട്ടന്റെ പിറന്നാളിന് കൈയിൽ കൂട്ടി വെച്ച കാശ് കൊടുത്തു ഞാൻ ഒരു ഷർട്ട് വാങ്ങി . കടും നീല നിറത്തിലുള്ള ഷർട്ട് ഉണ്ണിയേട്ടന് നല്ല ഭംഗിയായിരിക്കും എന്ന് ഞാൻ ഓർത്തു

” എന്തിനാ ഇതൊക്കെ ” എന്ന് പറഞ്ഞു ഷർട്ട് കിടക്കയിലിട്ടു പോയപ്പോൾ സത്യത്തിൽ ഞാൻ ആദ്യമായി കരഞ്ഞു പോയി.

ഉണ്ണിയേട്ടന്റ് ഷർട്ടുകൾ എല്ലാം വളരെ വില കൂടിയവയാണ് .വെറും മുന്നൂറ്റി അമ്പതു രൂപയുടെ ഷർട്ട് എടുത്തു കൊടുത്ത ഞാൻ വിഡ്ഢിയാണല്ലോ എന്നോർത്ത് ഞാൻ പിന്നെ സമാധാനിച്ചു

അന്ന് രാത്രി വിശപ്പില്ല എന്ന് പറഞ്ഞു ഞാൻ എന്റെ പഠനമുറിയിൽതന്നെ ഇരുന്നു .സത്യതിൽ എനിക്ക് വിശക്കുന്നില്ലായിരുന്നു

” വന്നു കഴിക്കു ” ഉണ്ണിയേട്ടൻ തൊട്ടു അടുത്ത് വന്നപ്പോൾ മാത്രമേ ഞാൻ കണ്ടുള്ളു .ഞാൻ പെട്ടെന്ന് ചാടി എണീറ്റു.

” വിശക്കുന്നില്ല വേണ്ട ” ഞാൻ മെല്ലെ പറഞ്ഞു

” അതെന്താ വിശക്കാതെ?”

” അറീല “

” അനു” ഉണ്ണിയേട്ടൻ ആദ്യമായാണ് എന്റെ പേര് വിളിക്കുന്നത് .എന്റെ കണ്ണ് നിറഞ്ഞൊഴുകി .

” ഇങ്ങോട്ടു നോക്ക് ” ഏട്ടൻ എന്റെ മുഖം പിടിച്ചുയർത്തി .

” എന്റെ ഷർട്ട് “. ഏട്ടനപ്പോൾ എന്റെ ഷർട്ട് ആണ് ധരിച്ചിരുന്നത്

” ഇതല്ലേ വിശപ്പില്ലായ്മയുടെ കാരണം ?” ഞാൻ കുറുമ്പൊടെ മുഖം വെട്ടിച്ചു

“വിലകുറഞ്ഞതായതു കൊണ്ടല്ലേ ഇടാഞ്ഞത്?”

” എന്നിട്ടിപ്പോൾ ഇട്ടതോ?”ആ മുഖത്ത് മന്ദസ്മിതം

” സഹതാപം തോന്നിയിട്ടാകും “ഞാൻ വിതുമ്പി പറഞ്ഞു

” എന്തിനു ?എനിക്കാരും മുതിർന്നതിൽ പിന്നെ ഇത്തരം സമ്മാനങ്ങൾ ഒന്നും തന്നിട്ടില്ല “

” വൈഫും ?” ഞാൻ എടുത്തു ചോദിച്ചു

” ആരും …നീ അന്ന് ചോദിച്ചില്ലേ ഭാര്യ എങ്ങനെയാണ് മരിച്ചത് എന്ന് .മരിച്ചതല്ല വിവാഹത്തിന്റെ പിറ്റേന്ന് അവൾ സ്നേഹിച്ചവന്റെ കൂടെപോകുകയായിരുന്നു ഞാൻ തന്നെയാണ് കൊണ്ട് വിട്ടത്”എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഭാര്യയുടെ മരണം തന്നെയായിരുന്നു അത് .പിന്നെ ഞങ്ങൾ ആ നഗരത്തിൽ താമസിച്ചില്ല ഇങ്ങോട്ടേയ്ക്കു പോരുന്നു ” ..ഉണ്ണിയേട്ടന്റ് ശബ്ദം ഏതോ ഗുഹയിൽ നിന്ന് വരും പോലെ മുഴക്കമുള്ളതായി

” സത്യത്തിൽ എനിക്ക് പെണ്ണിനെ പേടിയാണ് അനു.അതാണ് നിന്നോടും ഞാൻ ഇങ്ങനെ …”

ഞാൻ അലിവോടെ ആ മുഖത്ത് നോക്കി നിഷ്കളങ്കമായ ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു

” എനിക്ക് നിന്നെ വലിയ ഇഷ്ടം ആണ്അനു… ..നിനക്കെന്നെ സ്നേഹിക്കാൻ കഴിയുമോ …?”

ആ ചോദ്യം കടന്നു പോയത് എന്റെ ഹൃദയത്തിലൂടെ മാത്രമല്ല എന്റെ ആത്മാവിലൂടെ… എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. “എന്റെ ജീവനാണ് ഇത് “എന്ന് ഉറക്കെ പറയണം എന്നുണ്ട്. ശബ്ദം അടഞ്ഞു പോയിരിക്കുന്നു

ഞാൻ ആ നെഞ്ചോടു ചേർന്ന് നിന്നു ആ നെഞ്ചിലേക്ക് മുഖം അമർത്തി വെച്ചു. ഹൃദയ മിടിപ്പ് കേൾക്കാം. എന്റെ രണ്ടു കൈകൾ കൊണ്ട് ഞാൻ ആ ഉടലിനെ ചുറ്റിപ്പിടിച്ചു കണ്ണടച്ച് അനങ്ങാതെ നിന്നു. ലോകം ഒറ്റയാളിലേക്കു ഒതുങ്ങി.

എന്റെ രാജകുമാരനിലേക്ക്…

പാവമാണ് ഉണ്ണിയേട്ടൻ

എന്റെ പാവം ഉണ്ണിയേട്ടൻ

എന്തിഷ്ടമാണെന്നോ എനിക്ക് ?

Related Posts

Leave a Reply

Your email address will not be published. Required fields are marked *