നിങ്ങളൊരു തന്തയാണോ ? ഞാൻ ആഗ്രഹിക്കുന്നതൊന്നും എനിക്ക് മേടിച്ചു തരാൻ പറ്റുന്നില്ലെന്നു അറിയാർന്നെങ്കിൽ പിന്നെ എന്തിനാ എന്നെ ഉണ്ടാക്കിയെ……

Story written by Kannan saju

” നിങ്ങളൊരു തന്തയാണോ ???? ഞാൻ ആഗ്രഹിക്കുന്നതൊന്നും എനിക്ക് മേടിച്ചു തരാൻ പറ്റുന്നില്ലെന്നു അറിയാർന്നെങ്കിൽ പിന്നെ എന്തിനാ എന്നെ ഉണ്ടാക്കിയെ ???? മറ്റുള്ളവരുടെ മുന്നിൽ നാ ണം കെട്ടു ജീവിക്കുന്ന കാണാനോ ??? “

ഇഡലിയും സാമ്പാറും കുഴച്ചു കൊണ്ടിരുന്ന ജെയിംസിന്റെ കൈകൾ നിശ്ചലമായി… അദ്ദേഹം പ്ലേറ്റിലേക്ക് തന്നെ നോക്കി ഇരുന്നു.

” പപ്പയോടാണോ ഇങ്ങനൊക്കെ പറയുന്നേ? മിണ്ടാതിരിക്കടാ ” എന്നൊരു വാക്ക് ഭാര്യ ജെസ്സി എങ്കിലും പറയും എന്ന് അദ്ദേഹം കരുതിയിരിക്കാണം.. അതു 3കൊണ്ടാവും അറിയാതെ എങ്കിലും ഒരു നിമിഷം നോട്ടം അടുക്കള വാതിക്കലേക്കു പോയത്… എന്നാൽ ജെസ്സി അത് കേൾക്കാത്തത് പോലെ അവിടെ നിക്കുന്നുണ്ടായിരുന്നു.o

” ഈ വർഷം കൂടി അല്ലെ കോളേജ് ഉള്ളു…. ??? വീടിന്റെ വാതിക്കൽ നിന്നു നിനക്ക് ബസ് കിട്ടും… ജോലി ആയാൽ നിനക്ക് തന്നെ ഒരെണ്ണം വാങ്ങി കൂടെ??? “

” പിന്നെ നിങ്ങളെന്തിനാ അപ്പനാന്നും പറഞ്ഞു നടക്കുന്നെ ? എന്റെ ഫ്രണ്ട്സിനു എല്ലാവർക്കും ബൈക്ക് ഇണ്ട്… എനിക്ക് ആരോടും കെഞ്ചാൻ വയ്യ… അല്ലെ തന്നെ ഞാൻ എന്തേലും പറഞ്ഞാലേ നിങ്ങടേൽ ഒന്നും ഇല്ലാത്തെ ഉള്ളു… അവൾക്കൊ ??? അവൾക്കു ലാപ് വാങ്ങി കൊടുത്തില്ലേ ??? “

” അത് സഹകരണ ബാങ്കിൽ നിന്നും ഓയാൽ ലോൺ എടുത്തിട്ടാണ് “

” എന്തിനു??? ഏഹ്!!! നാളെ വല്ല വീട്ടിലേക്കും കെട്ടിച്ചു വിടാൻ ഉള്ള ഇവളെ ഒക്കെ എഞ്ചിനീയറിംഗ് പഠിപ്പിക്കണ്ട കാര്യം ഉണ്ടോ? “

ജെയിംസ് അവനെ ഒന്ന് ഇരുത്തി നോക്കി…. ” അവൾ വിദ്യാഭ്യാസ ലോണില പഠിക്കുന്നത്.. ബാക്കി ചിലവുകൾ ഞാൻ എടുക്കുന്നുള്ളു. അത് പഠിച്ചു ജോലി വാങ്ങി അവൾ തന്നെ അടച്ചോളും എന്നെനിക്കുറപ്പുണ്ട്.പിന്നെ കെട്ടിച്ചു വിടണം എന്നൊന്നും ഇല്ല.. കെട്ടുന്നവനു വേണേ ഇവട വന്നും നിക്കാം.. അതെന്തായാലും നിന്റെ അമ്മയെ പോലെ എപ്പോഴും ഭർത്താവിന്റെ മുന്നിൽ പോയി കൈ നീട്ടി നിക്കേണ്ട സാഹചര്യം ഉണ്ടാവരുത്. ഞാൻ അത്രേ ചിന്തിച്ചുള്ളു. “

” ഹും… എല്ലാത്തിനും കാണും ഓരോ മുടന്തൻ ന്യായങ്ങൾ… പറയണ കേട്ടാൽ തോന്നും നാളെ അവളുടെ കല്യാണം നടത്താൻ റെഡി ആയി നിക്കുവാന്നു… അവളെ കെട്ടിച്ചു വിടാൻ വല്ല തേങേമം ഉണ്ടോ നിങ്ങടെ കയ്യിൽ??? “

ജെയിംസ് നിശബ്ദനായി….. അവൻ ദേഷ്യത്തോടെ ബാഗും എടുത്തു പുറത്തേക്കിറങ്ങി….

അടുക്കളയിൽ പാത്രം കഴുകുന്ന ജെസ്സിയുടെ അരികിലേക്ക് കുപ്പായം മാറി ഷിർട്ടിന്റെ കൈകൾ മടക്കി കൊണ്ട് ജെയിംസ് ” നീ കഴിഞ്ഞ മാസം സാരി വാങ്ങണോന്നു പറഞ്ഞില്ലേ? ഇപ്പോഴാ കാശു തരായേ… ഇന്നാ “

പോക്കറ്റിൽ നിന്നും ക്യാഷ് എടുത്തു നീട്ടിയ അദ്ദേഹത്തെ വക വെക്കാതെ ജോലി തുടർന്ന ജെസ്സി ” എനിക്ക് വേണ്ട..! ഞാനതു വാങ്ങി “

” ഏഹ് ??? ഒരു ജോലീം കൂലീം ഇല്ലാത്ത നിനക്കെവിടുന്നാ ക്യാഷ്??? “

അവൾ മൗനം പാലിച്ചു കൊണ്ട് ജോലി തുടർന്നു… പൈസ പോക്കറ്റിൽ തിരികെ ഇട്ടു ഇടയ്ക്കിടെ അവളെ തിരിഞ്ഞു നോക്കികൊണ്ട്‌ അദ്ദേഹം മെല്ലെ നടന്നകന്നു.

” ജയിംസ് ഫയലുകൾ എല്ലാം അവിടെ എത്തിച്ചോ? ” മേലുദ്യോഗസ്ഥന്റ ചോദ്യം കേട്ടു ജെയിംസ് ഇരുന്നിടത്തു നിന്നും എണീറ്റു

” എത്തിച്ചു സർ “

” ഇന്നലത്തെ കണക്കുകൾ റഹിം തന്നോ??? “

” തന്നു… സാറിന്റെ ടേബിളിൽ വെച്ചിട്ടുണ്ട് “

” എന്നാ താൻ പോയി വീട്ടിലേക്കു കുറച്ചു മീൻ വാങ്ങി കൊടുക്കണം “

ജെയിംസ് തലയാട്ടി… അതങ്ങനാണ്… അയ്യാളുടെ കാര്യസ്ത പണിയാണ് തനിക്കു കൂടുതൽ… എന്ത് പറഞ്ഞാലും ഒന്നും മിണ്ടാതെ ചെയ്തു കൊടുക്കും.. ഇല്ലെങ്കിൽ ഉള്ള പണി കൂടി പോവും.. കുടുംബം പട്ടിണി ആവും!

മീൻ വാങ്ങി കൊടുത്തു തിരിച്ചു ബസ് കയറാൻ തുടങ്ങുമ്പോൾ പോലിസ് സ്റ്റേഷനിൽ നിന്നും കാൾ വന്നു,

” താൻ എത്രയും വേഗം സ്റ്റേഷൻ വരെ ഒന്ന് വരണം “

ആദ്യമായി പോലിസ് സ്റ്റേഷനിൽ കയറിയതിന്റെ വിറയലോടെ അയ്യാൾ si ക്കു മുന്നിൽ ഇരുന്നു അദ്ദേഹം പറയുന്നതെല്ലാം കേട്ടു

” പാർക്കിന് അരികിൽ ഉള്ള കാട്ടിൽ നിന്നുമാണ് ഞങ്ങളിവരെ പിടിച്ചത്… ഇക്കാലത്ത് പ്രായപൂർത്തി ആയവർ തമ്മിൽ പരസ്പര സമ്മതത്തോടെ ബന്ധപ്പെടുന്ന്നത് തെറ്റല്ലായിരിക്കാം… പക്ഷെ അത് പബ്ലിക് ആയി വേണോ? ഞങ്ങക്ക് പകരം വല്ല ക ള്ളും ക ഞ്ചാവും വലിച്ചു കയറ്റിയ പിള്ളേരാണ് അവിടെ വന്നിരുന്നതെങ്കിലോ? ഇവനെ അടിച്ചിട്ടിട്ടു ഇവളെ എന്തേലും ചെയ്തിരു ന്നെങ്കിലോ??? അതും അല്ലെങ്കിൽ ആരേലും മൊബൈലിൽ വീഡിയോ എടുത്തു സോഷ്യൽ മീഡിയയിലോ ഇന്റർനെറ്റിലോ അപ്ലോഡ് ചെയ്തിരുന്നെങ്കിലോ??? അല്ലെങ്കിൽ ആ വീഡിയോ കാട്ടി ഭീഷണി പെടുത്തി പീ ഡിപ്പിക്കുകയോ പണം തട്ടുകയോ ചെയ്തിരുന്നെങ്കിലോ? “

അദ്ദേഹം si ക്കു നേരെ നിറ കണ്ണുകളോടെ കൈകൾ കൂപ്പി

” താങ്കൾ വിഷമിക്കാൻ പറഞ്ഞതല്ല… ഇപ്പോഴത്തെ കുട്ടികൾ വലിയൊരു മാറ്റത്തിന്റെ പാതയിൽ ആണ്.. അവർ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് പറഞ്ഞു കൊടുക്കാൻ പോലും നമുക്കും തിരിച്ചറിയാൻ പറ്റാത്ത മാറ്റത്തിന്റെ പാതയിൽ ! നമുക്കു ചെയ്യാവുന്നത് തിരക്കുകൾക്കിടയിലും അവരെ കേൾക്കുക.. അന്നന്നത്തെ വിശേഷങ്ങൾ ചോദിച്ചറിയുക… അവര് കോളേജിൽ പോയാലോ സ്കൂളിൽ പോയാലോ നമ്മുടെ ഉത്തരവാദിത്തം കഴിഞ്ഞില്ല.. അവർ കൃത്യമായി പോകുന്നുണ്ടോ പഠിക്കുന്നുണ്ടോ ഇതൊക്കെ നമ്മൾ അന്വേഷിച്ചു കൊണ്ടേ ഇരിക്കണം… തല്ക്കാലം അവളേം കൂട്ടി പൊയ്ക്കോളൂ… ഉം “

അദ്ദേഹം അവർക്കൊപ്പം സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി… മനസ്സില്ല മനസ്സോടെ അവളുടെ മുഖത്തേക്ക് നോക്കി

” മോൾക്ക്‌ ഇങ്ങനൊരു ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ പഠിത്തം കഴിഞ്ഞു ജോലി ആവുമ്പൊ പപ്പാ നടത്തി തരില്ലായിരുന്നോ??? “

” അയ്യോ അങ്കിളേ! ഞങ്ങൾ തമ്മിൽ അതിനു പ്രേമൊന്നും ഇല്ല ! “

ആ പയ്യന്റെ വാക്കുകൾ കേട്ടു ഞെട്ടലോടെ ” പിന്നെ ??? “

അവൻ മൗനമായി

” അതെ പപ്പാ…. അവിടെ ഞങ്ങൾ ഒറ്റക്കായിരുന്നു.. ആ നിമിഷത്തെ ഒരു തോന്നലിന്…. “

അയ്യാളുടെ കയ്യിൽ നിന്നും മൊബൈൽ താഴെ വീണു… കയ്യും കാലും ഒക്കെ വിറക്കുന്ന പോലെ അയാൾക്ക്‌ തോന്നി.

രാത്രി.

മകളുടെ കാര്യം ജെയിംസ് വീട്ടിൽ പറഞ്ഞില്ല.. ഒന്നും നടന്നിട്ടില്ലാത്ത പോലെ അവൾ കൂൾ ആയി ഭക്ഷണവും കഴിച്ചു കിടന്നുറങ്ങി.

ജെയിംസ് ജെസ്സിയെ കെട്ടിപ്പിടിക്കാനായി കൈ ദേഹത്ത് വെച്ചതും ജെസ്സി അത് തട്ടി മാറ്റി….. ജെയിംസ് ഞെട്ടലോടെ അവളെ തന്നെ നോക്കി.. ജെസ്സി തിരിഞ്ഞു കിടന്നു. ജെസ്സി ആകെ മാറി പോയിരിക്കുന്നു.. ജെയിംസ് ചിന്തിച്ചു.

പെട്ടന്നാണ് മോളുടെ അലർച്ചയും പാത്രം വീഴുന്ന ശബ്ദവും കേട്ടത്… ജെയിമ്സും ജെസ്സിയും ഓടി അടുക്കള ഭാഗത്തേക്ക്‌ വന്നു.

മോളു കാത് പൊത്തി നിക്കുന്നു… ചോറും കലം നിലത്തു കിടക്കുന്നു… കു ടിച്ചു ആടി ആടി മകൻ നിക്കുന്നു

” നിങ്ങളോട് പറഞ്ഞിട്ടില്ലേ തള്ളേ ഞാൻ വരുന്നതിനു മുന്നേ കഞ്ഞിയിൽ വെള്ളം ഒഴിക്കരുതെന്നു? “

ജെസ്സി അന്തം വിട്ടു നിന്നു

” അമ്മ അല്ല ഞാനാ ഒഴിച്ചേ… വാതിൽ അടഞ്ഞു കിടക്കണ കണ്ടപ്പോ നീ അകത്തുണ്ടാവും ഉറങ്ങി കാണും എന്ന് കരുതി ” പെങ്ങൾ പറഞ്ഞു നിർത്തി

” നീ കു ടിച്ചിട്ടുണ്ടോ? “

” ഉണ്ടങ്കിൽ? “

” നിനക്ക് എവിടുന്നാടാ കു ടിക്കാൻ പൈസ കിട്ടിയേ ??? “

” ഞാൻ കട്ടു… എന്ത്യേ???? “

” ഡാ ” അലറിക്കൊണ്ട് അവന്റെ കോളറിൽ പിടിച്ച അദ്ദേഹത്തെ തള്ളി മാറ്റിയ ശേഷം മകൻ കരണത്തു ഒറ്റ അടി

എല്ലാവരും സ്തംഭിച്ചു പോയി

” പ ന്ന കി ളവാ.. കൂടുതൽ അപ്പൻ കളിക്കാൻ നിന്നാൽ ഉണ്ടല്ലോ ?? “

പറഞ്ഞു തീർന്നതും നോക്കുന്നത് വാതിൽക്കൽ നിന്നു അത് കാണുന്ന si യെയും കൂട്ടരെയും..

മകളെ കൊണ്ട് പോവാൻ വല്ലതും വന്നതാണോ എന്നാ ഭയത്തോടെ ജെയിംസ് si യെ നോക്കി.. നേരെ അകത്തേക്ക് കയറി വന്ന അയ്യാൾ മകന്റെ ഇരു കരണത്തും മാറി മാറി അടിച്ചു.. ഭയത്തോടെ ജെസ്സിക്ക് പിന്നിലേക്കു മകൾ മാറി നിന്നു.

” സർ അവനെ തല്ലല്ലേ സർ.. കു ടിച്ചു ബോധം ഇല്ലാതെ ” പറഞ്ഞു തീരും മുന്നേ si

” താൻ ഇത്ര പാവായി പോയിലോടോ??? രാവിലെ മകള് ഇപ്പൊ മകൻ…. ഇവൻ ചെയ്ത പണി എന്നാന്നു അറിയോ തനിക്കു ??? സ്വന്തം കൂട്ടുകാരന്റെ ബൈക്കു തന്നെ കട്ടോണ്ടു പോയി വി റ്റു “

ഇടിവെട്ട് ഏറ്റ പോലെ ജെയിംസ് ഞെട്ടി തരിച്ചു നിന്നു.

ജെയിംസിന് മുന്നിലൂടെ അവർ മകനെ വിലിച്ചിഴച്ചു കൊണ്ട് പോയി.

എന്നിട്ടും ഒന്നും സംഭവിക്കാത്ത പോലെ നിക്കുന്ന ജെസ്സി ജെയിംസിന് ഒരു അത്ഭുതം ആയിരുന്നു.

ജെസ്സിയും മകളും കിടന്നുറങ്ങി …… ജെയിംസ് ഉമ്മറ തിണ്ണയിൽ നിലാവും നോക്കി ഇരുന്നു.

നേരം വെളുത്തു… മകന്റെ കാര്യത്തിന് വക്കീലിനെ കാണാൻ പോവണം.. ജെസ്സിയോട് വള പണയം വെക്കാൻ ചോദിച്ചു.

” പൈസ അല്ലെ വേണ്ടേ ??? അലമാരയിൽ നിന്നും ആവശ്യത്തിന് എടുത്തോ… വള ഞാൻ തരില്ല “

ജെയിംസ് അന്തംവിട്ടു നിന്നു.. എന്തൊക്കയോ ചോദിക്കണം എന്നുണ്ടങ്കിലും ഒന്നും ചോദിക്കാൻ പറ്റാതെ അയ്യാൾ അലമാരക്കരുകിലേക്ക് നടന്നു. അലമാര തുറന്ന അയ്യാൾ മൂന്നു 2000 ത്തിന്റെ നോട്ടു കെട്ടു ഇരിക്കുന്ന കണ്ടു ഞെട്ടി.

” അമ്മയുടെ അടുത്തെങ്കിലും പപ്പ ഒന്ന് ആണത്വം കാണിക്കുന്ന നല്ലതാ “

എല്ലാം കണ്ടു കൊണ്ടിരുന്ന മോൾ പിന്നിൽ നിന്നും പറഞ്ഞത് കേട്ടു നടുക്കത്തോടെ ജെയിംസ് തിരിഞ്ഞു.

” ഈയിടയായി എല്ലാരും പോയി കഴിയുമ്പോ പപ്പേട അനിയൻ വരുന്നുണ്ട് ഇവിടെ… ഒരു ദിവസം കോളേജിൽ സ്ട്രൈക്ക് ആയോണ്ട് ഞാൻ നേരത്തെ വന്നു… ഞാനും കണ്ടു എന്നെ അവരും കണ്ടു… അതുകൊണ്ട് ഇൻമല്ലങ്കിൽ നാളെ പപ്പാ ഞാൻ വഴി ഇതറിയും എന്ന് അമ്മക്ക് ഉറപ്പായി കാണും. അതാ ഇങ്ങനെ പെരുമാറുന്നെ. ആ സാരിയും ഈ പൈസയും എല്ലാ ചോദ്യങ്ങൾക്കു ഉത്തരം ആയില്ലേ??? “

ജെയിംസിന്റെ കണ്ണുകൾ നിറഞ്ഞു…. ഓഫീസിൽ പോവാതെ അയ്യാൾ കുറെ നേരം ബസ് സ്റ്റോപ്പിൽ ഇരുന്നു.. പിന്നെ ഇറങ്ങി നടന്നു…. മേലുദ്യോഗസ്ഥന്റെ കാളുകൾ വന്നുകൊണ്ടേ ഇരുന്നു.. അദ്ദേഹം മൊബൈൽ വലിച്ചെറിഞ്ഞു… തന്റെ ബാഗും എറിഞ്ഞു… കുറെ വെയിലത്തൂടെ നടന്നു… തൊണ്ട വരണ്ടു.. അടുത്ത് കണ്ട പെട്ടിക്കടയിൽ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി… ആരോ കാലിൽ തോണ്ടുന്നു… ജെയിംസ് താഴേക്കു നോക്കി… ഒരു നായ.. അവനും ക്ഷീണിതൻ ആണ്… ജെയിംസ് ഒരു കവർ ബിസ്ക്കറ്റു വാങ്ങി പൊട്ടിച്ചു അവനു നൽകി.

ജെയിംസ് വീണ്ടും നടന്നു.. നായ അവനു പിന്നാലയും.. എത്ര ഓടിച്ചു വിട്ടിട്ടും തിരിഞ്ഞു നടക്കാൻ നായ തയ്യാർ അല്ലായിരുന്നു… അആളൊഴിഞ്ഞ പ്രദേശത്തെ നശിച്ചു കിടക്കുന്ന അമ്പലത്തിനു അരികിൽ എത്തിയപ്പോൾ ജെയിംസ് നിന്നു… അതിനുള്ളിൽ ഒതുങ്ങിയ ഒരിടത്തു അവൻ ഇരുന്നു.

ചിന്തയിൽ മരണം അലിഞ്ഞു ചേർന്നു… നാളിതുവരെ താൻ ആർക്കൊക്കെ വേണ്ടി ജീവിച്ചോ തന്റെ സന്തോഷങ്ങൾ ആർക്കൊക്കെ വേണ്ടി മാറ്റി വെച്ചോ തന്റെ മുഴുവൻ സമയവും ആരുടെയൊക്കെ ആവശ്യങ്ങൾ നിറവേറ്റാൻ താൻ പട്ടിയെ പോലെ പണി എടുത്തോ അവർക്കൊന്നും തന്നെ വേണ്ട!

” പിന്നെ എന്തിനു ഞാനിനി ജീവിക്കണം ??? ” ആ ചോദ്യം അദേഹത്തിന്റെ ഉള്ളിൽ മുഴങ്ങി കൊണ്ടേ ഇരുന്നു…. അപ്പോഴാണ് അദ്ദേഹം നായയെ ശ്രദ്ധിച്ചത്… അവൻ കുറച്ചു നേരം ചെളി പുരണ്ട വിഗ്രഹത്തിൽ നോക്കി നിന്നു.. പിന്നെ അവിടെ കണ്ട പലതും മണത്ത് നോക്കി… അവൻ അതെല്ലാം പുതിയ അനുഭവം ആയിരുന്നു എന്ന് അദ്ദേഹത്തിനു തോന്നി… കൗതുകത്തോടെ ഓരോന്നും അവൻ മണത്തറിയുന്നത് ജെയിംസ് നോക്കി ഇരുന്നു… വീട് ഓഫീസ്… ഓഫീസ് വീട്.. ഇതല്ലാതെ താൻ ഇത് വരെ വേറൊന്നും കണ്ടിട്ടില്ല.. എങ്ങും പോയിട്ടില്ല… “മരിക്കും മുന്നേ കാണാത്ത പലതും കാണണ്ടേ ജെയിംസ്??? അറിയാത്ത പലതും അറിയണ്ടേ??? ” അവന്റെ മനസ്സ് അവനോടു ചോദിച്ചു.

” ശരിയാണ് ! ഇത്രയും നാൾ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു… ആണായതു കൊണ്ട് എല്ലാ വികാരങ്ങളും ഉള്ളിലൊതുക്കി, സ്വന്തം സങ്കടം പോലും ആരെയും കാണിക്കാതെ, ഒന്ന് കെട്ടിപ്പിടിച്ചു കരയാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ച്. ഇനി എങ്കിലും എല്ലാ ഭാരവും ഇറക്കി വെക്കണം… സന്തോഷിക്കണം…. വില തരാത്തിടത്ത് ജീവിതം ഇല്ല …. എന്നെ വില ഇല്ലാത്തവർ എന്നെ അർഹിക്കുന്നില്ല “

ജെയിംസ് ബാങ്കിൽ ചെന്നു.

” ആഹാ… ഇത്രേം ദിവസം ലോൺ ലോൺ എന്നും പറഞ്ഞു ഓടി നടന്നിട്ട് ???? രാവിലെ കാണാത്തപ്പോ ഞാൻ അങ്ങോടു വിളിച്ചു നോക്കിയപ്പോ സ്വിച് ഓഫും… ഇതെന്നാ പറ്റി “

മാനേജർ ചോദിച്ചു

” ഇന്ന് ലീവായിരുന്നു… പിന്നെ സർ അതിൽ നിന്നും ഒരു 5 ലക്ഷം എന്റെ മോളുടെ അക്കൗണ്ടിൽ ഇടണം.. അത് മറ്റൊരാവശ്യത്തിന് ഉള്ളതാ. “

” അതിനെന്ന… ഇടാന്നെ “

” അപ്പൊ ബാക്കി? “

ജെയിംസ് അദ്ദേഹത്തെ നോക്കി ഒന്ന് ചിരിച്ചു….

നോർത്തിലേക്കുള്ള ട്രെയിൻ സ്റ്റേഷനിൽ നിന്നും എടുക്കാൻ തുടങ്ങി… ഒരു തോളിൽ പണവും വാങ്ങിയ ഡ്രെസ്സുകളും അടങ്ങിയ ബാഗും മറു തോളിൽ ആ നായെയും ഇരുത്തി എല്ലാ ഭാരങ്ങളും ഇറക്കി വെച്ച് ജെയിംസ് ട്രെയിൻ കയറി.

ഒരു ദിവസം ഒരായിരം ചിന്തകളിലൂടെയും മനം മാറ്റത്തിലൂടെയും ഓരോ ആണുങ്ങളും കടന്നു പോകുന്നുണ്ട് …. അത് ഒരിക്കൽ പോലും ആരാലും പരിഗണിക്കപ്പെടുന്നില്ലെന്നു മാത്രം.

എവിട പോയാലും ഒരു നാൾ ജെയിംസ് തിരിച്ചു തന്റരികിൽ വരും എന്ന ഉറച്ച വിശ്വാസം ഒരാൾക്ക് മാത്രം ഉണ്ടായിരുന്നു… മകൾക്കു… അതിനുള്ള ഉത്തരം ജെയിംസ് തീരുമാനിക്കട്ടെ.

അവസാനിച്ചു.

അഥർവ്വ് ❣️

Related Posts

Leave a Reply

Your email address will not be published. Required fields are marked *