നീയിങ്ങനെ കുട്ടികളെപ്പോലെ ഒച്ചവെച്ച് സംസാരിക്കല്ലേ. എന്റെ സാഹചര്യം നീ എന്താ മനസ്സിലാക്കാത്തെ. നിനക്ക് എന്നേക്കാൾ നല്ലൊരു കുട്ടിയെ കിട്ടും…….

Story written by Shaan Kabeer

“പോടീ, തേച്ചിട്ട് പൊക്കൊ. കുട്ടിക്കാലം മുതൽ പരസ്പരം ജീവനുതുല്യം സ്നേഹിച്ചത് ഇങ്ങനെ ഇട്ടേച്ച് പോവാനായിരുന്നു അല്ലെ”

“നീയിങ്ങനെ കുട്ടികളെപ്പോലെ ഒച്ചവെച്ച് സംസാരിക്കല്ലേ. എന്റെ സാഹചര്യം നീ എന്താ മനസ്സിലാക്കാത്തെ. നിനക്ക് എന്നേക്കാൾ നല്ലൊരു കുട്ടിയെ കിട്ടും. പടച്ചോനെ ഓർത്ത് നീ പ്രശ്നമൊന്നും ഉണ്ടാക്കരുത്”

ഷാൻ ഷാഹിനയെ തറപ്പിച്ചൊന്നു നോക്കി

“കുട്ടികൾ തന്നെ ആയിരുന്നാൽ മതിയായിരുന്നു. വലുതാവുമ്പോഴല്ലേ എല്ലാവരും സ്വന്തം കാര്യം നോക്കി പോവാ. ഈ ഓട്ടകാലണക്ക് ചെറുപ്പത്തിൽ വല്യ വിലയുണ്ടായിരുന്നു. വലുതായപ്പോൾ വട്ടപൂജ്യമായി. നീ പേടിക്കേണ്ട, ഒരു പ്രശ്നക്കാരനായി ഞാൻ നിന്റെ ജീവിതത്തിൽ വരില്ല. അല്ലേലും നിന്നെ ഞാൻ സ്നേഹിച്ചത് പ്രശ്നം ഉണ്ടാക്കാനല്ലല്ലോ. ദാ ഇവിടെ അവസാനിപ്പിക്കുന്നു എല്ലാം”

പരാജയം എന്ന ആത്മ സുഹൃത്ത് കൂടെയുള്ളത് കൊണ്ടുതന്നെ അവൻ എന്ത് ചെയ്താലും അത് ആത്മസുഹൃത്തിന് സമര്‍പ്പിക്കുമായിരുന്നു. ഇല്ലെങ്കില്‍ സുഹൃത്ത് അത് പിടിച്ചു വാങ്ങുമായിരുന്നു. അങ്ങനെ പരാജയം ജീവിതത്തില്‍ ഒരു തുടർക്കഥ ആയപ്പോള്‍ ഷാൻ കബീർ വീട്ടുകാരുടെ മുന്നില്‍ ഒരു ചോദ്യചിഹ്നമായി മാറി. ഇനിയെന്ത് എന്ന അവരുടെ ചോദ്യത്തിന് മുന്നില്‍ പല കള്ളങ്ങളും പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചങ്കിലും അതിന് കൂടുതല്‍ ആയുസ് ഉണ്ടായിരുന്നില്ല. വീട്ടിലെ കസേരയില്‍ ഏത് സമയവും ചിന്തയില്‍ മുഴുകിയിരിക്കുന്ന ഷാനിനെ കുറിച്ചോർത്ത് വീട്ടുകാര്‍ ആശങ്കയിലായി. ചിലര്‍ പറഞ്ഞു അവനൊരു ഭാഗ്യമില്ലാത്തവനാണെന്ന്. ചിലര്‍ പറഞ്ഞു വിഡ്ഢിയാണന്ന്. മറ്റു ചിലര്‍ പറഞ്ഞു മടിയനാണന്ന്. പുച്ഛം, ദേഷ്യം, സഹതാപം, വാത്സല്യം എന്നീ പല വികാരങ്ങളും പലരും അവനോട് കാണിക്കാതെ കാണിച്ചു. ഇതിന്റെ ഇടക്ക് ജീവനുതുല്യം സ്നേഹിച്ച പെണ്ണുംകൂടെ ചതിച്ചപ്പോൾ അവന് സഹിക്കാനായില്ല. വീട്ടുകാരോട് ഒരു മുട്ടന്‍ നുണയും പറഞ്ഞ് ഷാൻ വീടുവിട്ടിറങ്ങി.

ഒരു ജോലി ശരിയായിട്ടുണ്ട് എന്നും പറഞ്ഞ് ഷാൻ ചെന്നൈയിലേക്ക് യാത്ര തിരിച്ചു. വീട്ടുകാര്‍ക്ക് സന്തോഷമായി. അവരുടെ ആ സന്തോഷം കാണാന്‍ വേണ്ടിയായിരുന്നു ഷാൻ അങ്ങനെയൊരു കള്ളം പറഞ്ഞതും. കയ്യില്‍ ഉമ്മ മടക്കി കൊടുത്ത രണ്ടായിരം രൂപ മാത്രം. ചെന്നൈയിൽ എത്തി ഒരുപാട് അലഞ്ഞു. ഒരു ലക്ഷ്യമില്ലായ്മ അവന്റെ യാത്രയില്‍ മുഴച്ചു നിന്നു. കുറച്ചു ദിവസം ഒരുവിധത്തിൽ തള്ളി നീക്കി. കൈയിലെ കാശും തീർന്നു. ഇനി ആകെയുള്ളത് നൂറ് രൂപാ മാത്രം. അവന് ജീവിതത്തോട് ഒരുതരം വെറുപ്പായി. നാട്ടിലേക്ക് മടങ്ങി പോകുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ആത്മഹ ത്യയെ കുറിച്ച് പോലും ചിന്തിച്ചു. അവൻ അപ്പോള്‍ നിന്നിരുന്നത് ഒരു റെയില്‍വേ സ്റ്റേഷനില്‍ ആയിരുന്നു. ട്രെയിന്‍ വരുമ്പോള്‍ ട്രാക്കിലേക്ക് ചാടി ആത്മഹ ത്യ ചെയ്താലോ എന്ന് ആദ്യം ആലോചിച്ചു. പക്ഷെ മനസ്സിലെ ഭയം ഷാനെ ആ ചിന്തയില്‍ നിന്നും പിൻമാറ്റി.

വേദനയില്ലാതെ എങ്ങനെ മരിക്കാം എന്ന് ആലോചിച്ച് നില്‍ക്കുമ്പോഴാണ് അവന്റെ കാതില്‍ കുഞ്ഞു സ്വരത്തില്‍ ഒരു ഗാനം മുഴങ്ങിയത്. ഗാനവുമായി ഒരു ബന്ധവും ഇല്ലാത്ത താളവും അതിന്റെ കൂടെ കാതിൽ തുളഞ്ഞു കയറി. ഒരു ആറ് വയസ്സിനോടടുത്ത് പ്രായമുള്ള പെണ്‍കുട്ടിയാണ് പാട്ട് പാടുന്നത്. പെണ്‍കുട്ടി യേക്കാൾ പ്രായം കുറവുള്ള പയ്യനാണ് താളമിടുന്നത്. അവര്‍ ഷാനിന്റെ അടുത്ത് വന്ന് കൈനീട്ടി. മരിക്കാൻ പോകുന്ന തനിക്ക് ഇനി എന്തിനാ നൂറു രൂപ. അവൻ ആ നോട്ട് കുട്ടികളുടെ നേരെ നീട്ടാൻ തുടങ്ങിയപ്പോള്‍ ഒരു സംശയം, ഈ നൂറു രൂപ അവരുടെ കൈയില്‍ കൊടുത്താല്‍ അത് അവര്‍ക്ക് തന്നെ കിട്ടുമോ അതോ ഭിക്ഷാടന മാഫിയയുടെ കൈയില്‍ പോയി ചേരുമോ…? ഈ ഒരു സംശയം കൊണ്ട് ഷാൻ കാശ് അവര്‍ക്ക് കൊടുത്തില്ല. പകരം റെയില്‍വേ കാന്റിനിൽ നിന്നും ചൂടുള്ള രണ്ട് മസാല ദോശ വാങ്ങിച്ചു കൊടുത്തു കുട്ടികൾക്ക്.

മസാല ദോശ കഴിക്കുമ്പോൾ കുട്ടികളുടെ മുഖത്ത് കണ്ട സന്തോഷം, അവരുടെ നിഷ്കളങ്കമായ പുഞ്ചിരി ഷാനിന്റെ ജീവിതത്തിലെ പുതിയൊരു അനുഭവ മായിരുന്നു. കുട്ടികൾ മസാല ദോശയുടെ പകുതി കഴിച്ച് ബാക്കി ഒരു പേപ്പറില്‍ പൊതിഞ്ഞു. അവരുടെ വിശപ്പ് പൂര്‍ണമായും ശമിച്ചിട്ടില്ലാ എന്ന് ഷാനിന് മനസ്സിലായി. എന്നിട്ടും എന്തിനാണ് അത് മുഴുവന്‍ കഴിക്കാതെ ബാക്കി പൊതിഞ്ഞു കൊണ്ടു പോകുന്നത് എന്ന് ഷാൻ കുട്ടികളോട് തിരക്കി. അത് രാത്രിയില്‍ കഴിക്കാനാണെന്നും പറഞ്ഞ് മസാല ദോശ കയ്യിലും പിടിച്ച് പുഞ്ചിരിച്ച മുഖത്തോടെ ഷാനിനോട് നന്ദിയും പറഞ്ഞ് കുട്ടികൾ നടന്നു നീങ്ങി.

ഷാൻ അവരെ തന്നെ നോക്കി നിന്നു. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ അവര്‍ രണ്ടു പേരും ഷാനിനെ തിരിഞ്ഞു നോക്കി. പെണ്‍കുട്ടി‍ അവനെ നോക്കി നന്ദിയോടെ പുഞ്ചിരിച്ചു. പയ്യൻ നോക്കി കണ്ണിറുക്കി. അവർ മൂന്നു പേരുടേയും മുഖത്ത് പുഞ്ചിരി നിറഞ്ഞു നിന്നു. പക്ഷേ ആ പുഞ്ചിരിക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല. പെട്ടന്നായിരുന്നു ആ പിഞ്ചു പൈതങ്ങളുടെ മുഖത്ത് ചെകുത്താനിൽ ചെന്നായക്കുണ്ടായ മനുഷ്യരൂപമുള്ള ഒരാളുടെ ഉരുക്കു പോലുള്ള കൈകള്‍ ശക്തമായി പതിച്ചത്. ആ കുട്ടികളെ അയാള്‍ തലങ്ങും വിലങ്ങും മർദ്ദിച്ചു. അവര്‍ തേങ്ങി കരഞ്ഞു. കുട്ടികളുടെ കൈയില്‍ നിന്നും അവര്‍ ആശയോടെ പൊതിഞ്ഞു കൊണ്ട് പോയ മസാല ദോശ അയാള്‍ ബലമായി പിടിച്ചു വാങ്ങി റെയില്‍വേ ട്രാക്കിലേക്കെറിഞ്ഞു. ആ ട്രാക്കിലൂടെ കടന്നു പോയ ട്രെയിന്‍ പൊതിക്കു മുകളിലൂടെ വേഗത്തിൽ കടന്നുപോയി. നിറകണ്ണുകളോടെ കുട്ടികള്‍ അത് നോക്കി നിന്നു. അയാള്‍ അവരെ ബലമായി വലിച്ചിഴച്ചു കൊണ്ടു പോയി.

ഭിക്ഷാടന മാഫിയയുടെ ഒരു കണ്ണിയായിരുന്നു അയാള്‍. ഇതെല്ലാം കണ്ട് നിസ്സഹായനായി നോക്കി നില്‍ക്കാനെ ഷാനിന് സാധിച്ചൊള്ളൂ. അപ്പോഴാണ് ഷാനിന്റെ മനസാക്ഷി അവനോട് സംസാരിക്കുന്നത്

“ഒന്നും പ്രതീക്ഷിക്കാതെ വലിയ വലിയ സ്വപ്നങ്ങള്‍ ഒന്നും കാണാന്‍ അറിയാത്ത, മറ്റുള്ളവര്‍ക്ക് കൂത്തടിക്കാനും ജീവിതം ആഘോഷമാക്കാനും വേണ്ടി കളിച്ചു നടക്കേണ്ട പ്രായത്തില്‍ കയ്യില്‍ പിച്ചചട്ടിയുമായി റോഡിലൂടെയും റെയില്‍വേ സ്റ്റേഷനുകളിലും പിച്ച തെ ണ്ടി ജീവിക്കാൻ വിധിക്കപ്പെട്ട ഇതുപോലുള്ള പതിനായിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങൾ ജീവിക്കുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ നീ എന്തിന് പേടിക്കണം ഷാനേ…? ആ കുട്ടികള്‍ ജീവിക്കുന്നത് തന്നെ എപ്പോഴെങ്കിലും അവരുടെ ജീവിതത്തില്‍ ദൈവം ഒരു അത്ഭുതം കാണിക്കും എന്ന പ്രതീക്ഷ കൊണ്ടാണ്. നിനക്ക് ജോലിയില്ലെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. പരിശ്രമിച്ചാൽ കിട്ടാത്തതായി ഒന്നുമില്ല. ഒരുപെണ്ണ് നിന്നെ വേണ്ടാ എന്ന് പറഞ്ഞ് പോയിട്ടുണ്ടെങ്കിൽ പത്ത് പെണ്ണ് നിന്നെ മോഹിക്കണം. ജീവിതം ഒരേപോലെ ജീവിച്ച് തീർക്കാനുള്ളതല്ല, കാലത്തിനനുസരിച്ച് ജീവിതവും അപ്‍ഡേറ്റ് ചെയ്യണം. പോടാ, പോയി ജീവിച്ച് കാണിച്ചുകൊടുക്ക്”

പ്രതീക്ഷയോടെ ഷാൻ അടുത്ത ട്രെയിനിൽ നാട്ടിലേക്ക് കള്ളവണ്ടി കയറി. ദൈവം തന്റെ ജീവിതത്തിലും എന്തെങ്കിലും അത്ഭുതം കാണിക്കും എന്ന പ്രതീക്ഷയോടെ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *