പക്ഷെ ശരിക്കും കണ്ണു നിറഞ്ഞത് അവളുടെ മറുപടി വായിച്ചപ്പോളാണ്….

അക്ഷരത്തെറ്റ്

Story written by Adarsh Mohanan

ഞാൻ പ്ലസ്ടുവിൽ പഠിക്കുന്ന സമയം എട്ടരയുടെ ബസ്സിനു പോകേണ്ട ഞാൻ 8 മണിക്ക് തന്നെ ബസ് സ്റ്റോപ്പിൽ വന്നു നിൽക്കും. അത് എന്തിനാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ ല്ലേ ( വായ് നോട്ടം അയിനാണ് )

ഏതെങ്കിലും ഒരുത്തി തലേലു വന്നു കേറണേ എന്നു പ്രാർത്ഥിച്ചാണ് സ്കൂളിൽ പോകാറുള്ളത്. പതിവു തെറ്റിക്കാതെ ഞാനും ചങ്കും ബസ് സ്റ്റോപ്പിൽ സൊറ പറഞ്ഞു നിൽക്കുകയായിരുന്നു, ചങ്കിനെപ്പറ്റി പറയാണെങ്കിൽ ചിരിച്ച് ചാകും ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിലെ ഉച്ചക്കഞ്ഞിക്ക് ഉപ്പു പോരാന്നു പറഞ്ഞ് പഠിപ്പു നിർത്തിയവനാ അവൻ

ഞങ്ങളിങ്ങനെ ഓരോ കിളികളുടെയും എണ്ണം പിടിച്ചങ്ങ് നിൽക്കുമ്പോഴാണ് മാതാ ബസ്സ് മുൻപിൽ വന്നു നിൽക്കുന്നത്. മാതയ്ക്ക് പിറകേ വരുന്ന വണ്ടിയിലാണ് ഞാൻ പോകാറുള്ളത് . ആ ബസ്സിനുള്ളിലിരുന്ന് തട്ടമിട്ട ഒരു മൊഞ്ചത്തിക്കുട്ടി എന്നെത്തന്നെ നോക്കുന്ന പോലെയെനിക്ക് തോന്നി, എന്റെ സാറേ മനസ്സിൽ ഒരായിരം ലഡ്ഡു ഒരുമിച്ച് പൊട്ടിയ പ്രതീതിയായിരുന്നു എനിക്ക്

പിന്നീട് ഞാനെന്റെ യാത്ര മാതയിലാക്കി, അവളുടെ തൊട്ടു പുറകിലത്തെ സീറ്റിൽ ഫുൾച്ചാർജ്ജ് കൊടുത്ത് ചെന്നിരിക്കും. ഞാനെന്തൊക്കെ കോപ്രായങ്ങൾ കാണിച്ചിട്ടും അവൾ ഒരു പ്രാവശ്യം പോലും എന്നെതിരിഞ്ഞു നോക്കിയില്ല, വളരെ വൈകിയാണ് ഞാനാ സത്യം മനസ്സിലാക്കിയത് അവൾ എന്നെയല്ല ചങ്കിനേയാണ് നോക്കുന്നുണ്ടായിരുന്നത് എന്ന്. കാരണം ഒരു ദിവസം ബസ്സിൽ വച്ച് ആ കാഴ്ച കണ്ടപ്പോൾ ഞാനാകെ നിരാശനായി, ബസ്സിലിരുന്നു കൊണ്ട് അവൾ എന്റെ ചങ്കിനെ ഇമവെട്ടാതെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ഒപ്പം അവൻ അവളേയും

അന്നവനോട് തോന്നിയ ദേഷ്യത്തിന് കയ്യും കണക്കുമില്ലാർന്നു. അന്നിറങ്ങാറുള്ള സിനിമകളിലെ നായകൻമാർ സ്കൂളിന്റെ പടി ചവിട്ടാത്ത നായക കഥാപാത്രങ്ങളായി ആയിരുന്നു കൂടുതലും അരങ്ങു വാണിരുന്നത് അതുകൊണ്ടുതന്നെ ആ സമയത്ത് അവൾക്കവനോട് അങ്ങനെ തോന്നിയതിൽ എനിക്ക് അതിശയമൊന്നും തോന്നിയില്ല. പോരാത്തതിന് അവൻ എന്നേക്കാൾ് പൊടിക്ക് ( വളരെ ചെറുതായിട്ട് ) ഗ്ലാമർ കൂടുതൽ ഉണ്ടായിരുന്നു എന്നത് സത്യം തന്നെയാണ്

അല്ലെങ്കിലും ഈ പഠിക്കാൻ പോകാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന മരങ്ങൻമാരെ ചില പെൺപിള്ളേർക്ക് ഭയങ്കര ഇഷ്ടാ, അവസാനം ഞാനവരുടെ പ്രണയത്തിനു കൂട്ടുനിന്ന ഹംസമായ് മാറി, പരസ്പരം പറയാനുള്ളത് കൈമാറാനുള്ള ഒരു മാധ്യമം മാത്രമായി,

ഒരു ദിവസം അവളും ചങ്കും കൂടി സ്കൂളിന്റെ ഉമ്മറത്ത് സംസാരിച്ച് നിൽക്കുന്നത് അവളുടെ ഉപ്പ കണ്ടു, അങ്ങേരു നേരെ വന്ന് ദേഷ്യത്തോടെ അവളെയും പൊക്കിയെടുത്തു കൊണ്ടുപോയി, പിന്നീടൊരിക്കലും മാതാ ബസ്സിൽ ഞാനവളെ കണ്ടിട്ടില്ല , അവളുടെ ഉപ്പ തന്നെ എന്നും സ്കൂളിൽ കൊണ്ടുപോകാറാ പതിവ്

അങ്ങനെയിരിക്കെ ബസ്റ്റോപ്പിൽ നിന്നു ഞാനും ചങ്കും സംസാരിച്ചു നിൽക്കുകയായിരുന്നു അപ്പോളാണ് ഓൾടെ ഉപ്പയും തിടമാടൻമാരായ ഇക്കാക്കമാരും ഞങ്ങളുടെ നേർക്ക് നടന്നു വരുന്നത് ശ്രദ്ധിച്ചത്, അടുത്തേക്കവർ നടന്നടുക്കുമ്പോൾ ഹൃദയത്തിന്റെ താളം കൂടിക്കൂടി വന്നു , ഒരു അഡാറ് പണി പാളിപ്പാളി വരുന്നുണ്ടെന്ന അശിരീതി എങ്ങുനിന്നോ മുഴങ്ങിക്കേട്ടു. പക്ഷെ വന്നപാടെ ഉപ്പ അവനെ വെറുതേയൊന്നു ഉപദേശിക്ക മാത്രമേ ചെയ്തുള്ളോ

“ഫ്രണ്ട്ഷിപ്പ് ഒക്കെ കൊള്ളാം പക്ഷെ നാലാള് കാണലെ റോഡിൽ ഇങ്ങനെ സംസാരിച്ച നിന്നാൽ നാട്ടുകാരെന്താ വിചാരിക്കാ മോനേ ” ന്ന്

അവർ വരുന്നത് കണ്ടപ്പോൾ അടിച്ച് അണപ്പല്ല് തെറിപ്പിക്കാനാണെന്നാണ് ഞാനും കരുതിയത്, തല്ലു കിട്ടാതെ രക്ഷപ്പെട്ടതിന്റെ നെടുവീർപ്പ് വീണത് അവരു പോയപ്പോഴാണ്

ഇത്രയൊക്കെയായിട്ടും അവനുമതിയായില്ലാർന്നു, അവനവളെ നേരിട്ട് കണ്ടൊന്ന് സംസാരിക്കണമത്രേ, ഞാനവനെ ശക്തമായി എതിർത്തു, തല്ലു കിട്ടാതെ രക്ഷപ്പെട്ടത് തന്നെ ഭാഗ്യമാന്നെന്നു പറഞ്ഞു. എങ്കിലും അവന്റെ മനസ്സിൽ എങ്ങനെയെങ്കിലും അവളൊട് സംസാരിക്കണമെന്നായിരുന്നു

അങ്ങനെ പോംവഴി ആലോചിച്ചിരിക്കുന്ന സമയത്ത് എന്റെ മനസ്സിൽ ഒരു ഐഡിയ തോന്നി, കത്തെഴുതിക്കൊടുക്കാം ഞാൻ പറഞ്ഞു . അന്ന് ഞാനത് പറഞ്ഞതിൽ ഇന്നെനിക്ക് കുറ്റബോധമുണ്ട്, അത് നിങ്ങൾക്ക് വഴിയേ മനസ്സിലായിക്കോളും

അവൾക്കു വേണ്ടി ഒരു ലെറ്റർ എഴുതിത്തരാൻപ്പറഞ്ഞ് അവൻ എന്റെ പിറകേ കുറേ നടന്നു അപ്പോഴെല്ലാം ഞാൻ ബലം പിടിച്ചു നടന്നു രാമേട്ടന്റെ കടയിൽ നിന്നും ബിരിയാണി വാങ്ങിത്തന്നാൽ എഴുതിത്തരാമെന്നു പറഞ്ഞു ഡിമാന്റിട്ടു,

അങ്ങനെ പറഞ്ഞെങ്കിലും പിറ്റേ ദിവസം അവൾക്കു കൊടുക്കുവാനായി ഒരു കിടുക്കാച്ചി ലെറ്റർ തയ്യാറാക്കി അവനെക്കാണാനായി ഞാൻ പോയി, അപ്പോഴേക്കുമവൻ അവളുടെ അനിയന്റെ കയ്യിൽ അവനെഴുതിയ കത്ത് കൊടുത്തയച്ചിരുന്നു

പിറ്റേ ദിവസം അവളുടെ റീപ്ലേ കിട്ടുവാനായി ഞാനും ചങ്കും അമ്പലത്തിന്റെ ആൽത്തറയിൽ അവളുടെ അനിയനേയും കാത്തിരുന്നു, അര മണിക്കൂറിന്റെ കാത്തിരിപ്പിനൊടുവിൽ അവൻ മറുപടിയുമായി വന്നു

” എയ് ഇതു ഞാൻ കൊടുത്ത കത്താണല്ലോ” ചങ്ക് പറഞ്ഞു

” മറുപടി അപ്പുറത്തുണ്ട്ന്ന് പറയാൻ പറഞ്ഞു ഇത്താത്ത “

അതും പറഞ്ഞവൻ അവിടെ നിന്നും ഓടി മറഞ്ഞു

ഞാൻ ചിന്തിച്ചു ഇവൾ ഇത്രക്ക് പിശുക്കിയാണോ വേറൊരു പേജിലെഴുതിയാലെന്താ? ഹൊ ഇവന്റെ ഭാവി എന്തായാലും തീരുമാനമായി

എന്തായാലും ആ കത്ത് വായിക്കാൻ അവനേക്കാൾ തിടുക്കം എനിക്കായിരുന്നു, ഞാനാ കത്ത് അവന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു. ആദ്യം അവനെഴുതിയ പുറം വായിച്ചപ്പോൾ ഞെട്ടിത്തരിച്ചു പോയി

” എറ്റെ കളരേ ,

നിയിലത് ജിവിടം ഓക്കാനം വയ, നിനെ ഓരിക്കാലും ഞൻ മാറാകില

നായിന്റ എല്ലമാണ് എല്ലo, ഓരുമിച് ജാവികൻ പത്തിലേ നാമുക് ഓരുമിച് മാരികാം കളരേ .”

അതു വായിച്ചിട്ട് ഞാനവനെ കണ്ണുരുട്ടിയൊന്നു നോക്കി പക്ഷെ ശരിക്കും കണ്ണു നിറഞ്ഞത് അവളുടെ മറുപടി വായിച്ചപ്പോളാണ്

“സ്വാന്തം ചോട്ടായി (സ്വന്തം ചേട്ടായി അയിനാണ് )

ചോട്ടനെ ഏനിക് ഭയകര ജഷ്ട്ടമാണ് ഓരുമിച് ജീവികാൻ പത്തിലേൽ ഓരുമിച് ചാണകം (ചാകണം ദതാണ്) ചോട്ടാ, അലെകില് ചോട്ടനെന്തിന് ചാണകം ജാനല്ലെ ചാണകം, അലെകില് നാമുക് ഓളിചോതാം. നാലെ ജാൻ ബസ്സ് സ്തോപ്പ്ല് കത്തിക്കും ചോട്ടൻ വാരണം “

എന്താ പറയേണ്ടത് എന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല ഞാനവന് എഴുതിയതെന്താന്ന് ഉറക്കേവായിച്ചു കേൾപ്പിച്ചു, അവൻ എന്നേനോക്കി പല്ലിളിച്ച് കാണിച്ചപ്പോൾ ഞാനവനോടായ് പറഞ്ഞു

” നീയും കണക്കാ അവളും കണക്കാ, അവളെ പഠിക്കാൻ വിട്ട അവൾടെ തന്തയും കണക്കാ”

ഇപ്പോൾ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുമുണ്ട് അവന് , ഭാര്യ കഥാനായികയല്ല ട്ടോ, സംഭവം ചാടിച്ചു കൊണ്ടുവന്നതു തന്നെയാണ്

ഇന്നും ഈ കഥ പറഞ്ഞവനെ കളിയാക്കാറുണ്ട്,

എന്ത് എന്റെ വിവാഹം കഴിഞ്ഞോ എന്നോ?

ഏയ് ഇല്ല , ഒരു ടമാറ് തേപ്പു കിട്ടിയതിൽപ്പിന്നെ നമ്മളിപ്പോഴും പൂരപ്പറമ്പില് വായും നോക്കി നടക്കുന്നു ഇപ്പോഴും

Related Posts

Leave a Reply

Your email address will not be published. Required fields are marked *