പലവട്ടം ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞു.. നിന്റെയാ സ്വഭാവം മാറ്റണമെന്ന്….

Story written by Nisha L

“എന്തായിരുന്നു നിനക്ക് ആ അരുണിനോട് ഇത്ര സംസാരിക്കാൻ… “???

“പ്രേത്യേകിച്ചു ഒന്നുമില്ല സായ്… സാധാരണ ഉള്ള സംസാരം തന്നെ… “!!

“എന്നിട്ടാണോ നീ ചിരിച്ചു…. കൊഞ്ചി കുഴഞ്ഞത്.. “!!

“അവനോട് ചിരിച്ചു സംസാരിച്ചത് കൊണ്ട് എന്താ സായ്.. അവനും നീയും ഞാനുമൊക്കെ ഒരേ ക്ലാസ്സിൽ പഠിക്കുന്നവരല്ലേ.. “??

“അവനും ഞാനും ഒരു പോലെയാണോ നിനക്ക്.. “??

“അല്ല… അവൻ എന്റെ ഫ്രണ്ടാണ്.. ക്ലാസ്സ്‌മേറ്റ് ആണ്.. നീ… നീയെന്റെ പ്രണയമാണ്.. “!!

“അതേ… നീ എന്റേതാണ്.. എന്റേത് മാത്രമാണ്… !!! നീ മറ്റാരോടും സംസാരിക്കുന്നത് പോയിട്ട് ആരെയും ഒന്ന് നോക്കുന്നത് പോലും എനിക്ക് ഇഷ്ടമല്ല നീത… നീ എന്റേതാണ്.. “!!

“അതേ സായ്.. ഞാൻ നിന്റേത് മാത്രമാണ്.. !! പക്ഷേ… !!

“എന്താ.. എന്താ ഒരു പക്ഷേ.. “??

“നിന്റെയി പൊസ്സസ്സീവെൻസ് അത് അത്ര നല്ലതല്ല സായ്… പലവട്ടം ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞു.. നിന്റെയാ സ്വഭാവം മാറ്റണമെന്ന്.. എനിക്ക് നിന്റെയി പെരുമാറ്റം തീരെ സഹിക്കാൻ പറ്റുന്നില്ല.. അതുകൊണ്ടാ പറയുന്നത്… ഒന്ന് മനസിലാക്കു സായ്.. പ്ലീസ്.. “!!

“എന്റെ ലോകം തന്നെ നീയാണ് നീത.. “!!

“അല്ല സായ്… അങ്ങനെ ആണെന്ന് എനിക്ക് തോന്നുന്നില്ല. നിനക്ക് എല്ലാവരോടും ചിരിക്കാം,, സംസാരിക്കാം,, സന്തോഷിക്കാം,, ആഘോഷിക്കാം.. ഒക്കെ ചെയ്യാം.. എല്ലാത്തിനും സ്വാതന്ത്ര്യമുണ്ട്.. പക്ഷേ ഞാൻ.. എനിക്കിതൊന്നും പാടില്ല.. അതെന്തു ന്യായമാണ് സായ്.. നിന്റെ മേൽ ഞാനൊരു നിയന്ത്രണവും വച്ചിട്ടില്ല… വയ്ക്കാൻ നീ സമ്മതിച്ചിട്ടുമില്ല.. പക്ഷേ എന്റെ മേൽ എന്തിനും ഏതിനും നിയന്ത്രണം.. ഇത് ഇതെന്തു തരം സ്നേഹമാണ് സായ്..?? നിനക്കൊരു ന്യായം… എനിക്ക് മറ്റൊരു ന്യായം.. ഇത് ശരിയാണെന്നു നിനക്ക് തോന്നുന്നുണ്ടോ സായ്..??? “

“നീത.. എനിക്ക് നിന്നോടുള്ള സ്നേഹം കൊണ്ടാണ്.. നിന്നോടെനിക്ക് ഒടുങ്ങാത്ത സ്നേഹമാണ്… ഭ്രാന്തമായ സ്നേഹമാണ്… നീയെന്നാൽ എനിക്ക് ഭ്രാന്താണ്.. “!!

“ഹ്മ്മ്.. സ്നേഹം… ഭ്രാന്തമായ സ്നേഹം പോലും.. അങ്ങനെയൊരു സ്നേഹമുണ്ടോ..??? ഭ്രാന്തമായ സ്നേഹം.. !!ഇല്ല സായ് അത് സ്നേഹമല്ല ഭ്രാന്താണ്.. വെറും ഭ്രാന്ത്…!! “സ്നേഹം” എന്ന മനോഹരമായ വാക്കിനെ കൂട്ടു പിടിച്ചു ഏതോ ഭാവനാ സമ്പന്നൻ എഴുതി വെച്ച വെറും പൊള്ളയായ ഒരു വാക്ക്… !!

അവളുടെ മുഖത്തു ഒരു ശാന്തമായ ഭാവം നിറഞ്ഞു.

“സ്നേഹത്തിന് എപ്പോഴും ഒരു നനുത്ത ഭാവമാണ്.. ചേർത്തു പിടിക്കലിന്റെ,, വിട്ടുകൊടുക്കലിന്റെ,, സംരക്ഷണത്തിന്റെ ഒക്കെ ഭാവമുള്ള ശാന്തമായ സുന്ദരമായ ഒരു വാക്ക്.. “!!!

“നീതാ… നീ.. ഇല്ലാതെ എനിക്ക് പറ്റില്ല.. അതുകൊണ്ടാ ഞാൻ ഇങ്ങനെ… “!!

“എനിക്കിപ്പോൾ സംശയമുണ്ട് സായ്… നിനക്ക് എന്നോടുള്ളത് സ്നേഹം തന്നെ ആണോ അതോ… “സംശയം ആണോ എന്ന്… നിനക്കെന്നെ സംശയമാണ് സായ് അതാണ് നീ എന്നെ ഇങ്ങനെ… നിന്നിൽ മാത്രമായി കെട്ടിയിടാൻ നോക്കുന്നത്.. “!!

“നിർത്തടി… പറഞ്ഞു പറഞ്ഞു നീ വല്ലാതങ്ങ് കേറിയാലുണ്ടല്ലോ… “!!

ഞെട്ടലോടെ അവൾ എന്റെ ഭാവമാറ്റം നോക്കി നിന്നു..

കുറച്ചു നേരം മൂകമായി നിന്ന അവൾ മുഖമുയർത്താതെ പതിയെ പറഞ്ഞു.

“ബ്രേക്ക്‌ അപ്പ്‌.. “!!

“ങേ.. എന്താ..എന്താ നീ പറഞ്ഞത്.. . “??

“നമുക്ക് പിരിയാം സായ്… “!!

നീതാ.. !!

“എനിക്ക് വയ്യ സായ്… നിന്റെയി ഭ്രാന്തമായ സ്നേഹം താങ്ങാൻ എനിക്ക് വയ്യാ.. എന്റെ മനസിന്‌ ബലമില്ല സായ് നിന്റെയി സ്നേഹം താങ്ങാൻ… ഞാൻ വല്ലാതെ തളർന്നു പോകുന്നു… മനസിന്റെ തളർച്ച ശരീരത്തെയും ബാധിക്കുന്നു…. എനിക്ക് വയ്യാ… എനിക്ക് വയ്യാ സായ്… പ്ലീസ്.. !!ഇനിയെങ്കിലും നീയെന്നെ ഒന്ന് മനസിലാക്കു.. നമ്മുടെ റിലേഷൻ തുടങ്ങിയ നാൾ മുതൽ ഇതു തന്നെ എത്ര വട്ടം ഞാൻ പറയുന്നു… ഒരിക്കൽ പോലും നീ എന്റെ ഭാഗത്തു നിന്ന് ചിന്തിക്കാത്തതെന്താ സായ്..?? ഞാനുമൊരു മനുഷ്യ ജീവിയല്ലേ…?? പ്ലീസ്… !!!

ഈ ബന്ധം ഇത്രയും നാൾ കൊണ്ടു പോയത് എന്റെ കൂടി തെറ്റാണ്.. പക്ഷേ… ഇതിൽ കൂടുതൽ എനിക്ക് വയ്യാ… “!!

ഞാൻ ദേഷ്യത്തോടെ,, വൈരാഗ്യത്തോടെ,, നിരാശയോടെ,, സങ്കടത്തോടെ പിന്നെയും എന്തൊക്കെയോ വികാരത്തോടെ അവളെ ഉറ്റു നോക്കി..

” നിനക്ക് അറിയുന്നതല്ലേ സായ്.. എന്റെ അമ്മക്ക് ഞാൻ മാത്രമേയുള്ളു… ജീവിതത്തിൽ സന്തോഷം അറിഞ്ഞിട്ടില്ലാത്തവളാ എന്റെ അമ്മ.. മുഴുക്കുടിയനായ അച്ഛന്റെ ഉപദ്രവം സഹിച്ചു എനിക്ക് വേണ്ടി മാത്രം ജീവിച്ച എന്റെ അമ്മയെ എനിക്ക് സംരക്ഷിക്കണം… ഇന്നിപ്പോൾ എന്റെ അച്ഛൻ ജീവനോടെയില്ല. ഇനിയെങ്കിലും സന്തോഷത്തോടെ അമ്മയെ വയ്ക്കണം… എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്.. പഠിക്കണം,, ജോലി നേടണം,, അമ്മയ്ക്ക് സന്തോഷവും സമാധാനവും കൊടുക്കണം… “

“മ്മ്.. പിരിയാം… ” പറയുമ്പോൾ ഒച്ച ഇടറാതെയിരിക്കാൻ ഞാൻ ശ്രദ്ധിച്ചു.

വർഷങ്ങൾക്കിപ്പുറം….

കടൽക്കരയിൽ അമ്മയോടൊത്തു സന്തോഷത്തോടെ ഇരിക്കുന്ന അവളെ ഞാൻ നോക്കി നിന്നു.. അസ്തമയ സൂര്യനെ ചൂണ്ടി അമ്മയോട് എന്തോ പറഞ്ഞ് അവൾ നിറഞ്ഞു ചിരിക്കുന്നു… അമ്മയും കൂടെ ചിരിക്കുന്നു..

ഇതുവരെ അവൾ വിവാഹം കഴിച്ചിട്ടില്ല.. അവളുടെ ആഗ്രഹം പോലെ അമ്മയോടൊത്തു സന്തോഷത്തോടെ,, സമാധാനത്തോടെ ഇരിക്കുന്നു. ആ കാഴ്ച എന്റെ കണ്ണിനെയും മനസിനെയും ഒരുപോലെ കുളിർപ്പിച്ചു..

പിരിഞ്ഞു പോയ അന്ന് അവളെ കൊല്ലാനുള്ള ദേഷ്യം തോന്നിയിരുന്നു. പെട്ടെന്നുള്ള ദേഷ്യത്തിൽ “പിരിയാം” എന്ന് പറഞ്ഞെങ്കിലും എനിക്കത് ജീവൻ പോകുന്ന പോലുള്ള വേദനയായിരുന്നു. അതിന്റെ കൂടെ കൂട്ടുകാരുടെ കളിയാക്കലുകളും പ്രകോപനവും ഒക്കെ കൂടി അവളെയും കൊന്ന്,, എനിക്കും മരിക്കാൻ തോന്നിയിരുന്നു.

പക്ഷേ…

അപ്പോഴൊക്കെ കണ്ണുകൾ നിറച്ചു “എന്റെ അമ്മയ്ക്ക് ഞാൻ മാത്രമേയുള്ളു സായ്.. “!!എന്നു പറയുന്ന അവളുടെ മുഖം മനസ്സിൽ മായാതെ കൂടുതൽ തെളിഞ്ഞു വന്നു..

അപ്പോൾ ഞാൻ എന്റെ അമ്മയെ ഓർത്തു.. എന്റെ അച്ഛൻ ഒരിക്കൽ പോലും അമ്മയെ കരയിച്ചിട്ടില്ല .. ഞാൻ അവിവേകം എന്തെങ്കിലും ചെയ്താൽ… ഞാൻ കാരണം എന്റെ അമ്മയുടെയും കണ്ണുകൾ നിറയുമല്ലോ എന്നോർത്തപ്പോൾ… !!

“നിനക്ക് സംശയരോഗമാണോ..” എന്ന അവളുടെ ചോദ്യമായിരുന്നു അന്ന് എന്നെ വല്ലാതെ തളർത്തിയത്… ഒരിക്കലും അവളെ സംശയം ആയിരുന്നില്ല… വിട്ടു പോകുമോ എന്ന ഭയമായിരുന്നു….

പിന്നീട് ശാന്തമായ മനസോടെ ചിന്തിച്ചു തുടങ്ങിയപ്പോൾ പതിയെ പതിയെ ഞാൻ എന്റെ തെറ്റുകൾ തിരിച്ചറിഞ്ഞു.. അന്ന് പ്രായത്തിന്റെ ചാപല്യവും,, കൂട്ടുകാരുടെ മുന്നിൽ ആളാകാനുള്ള എന്തൊക്കെയോ വിഡ്ഢിത്തരങ്ങൾ കൂടി ഉണ്ടായിരുന്നു…

ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട് കൂട്ടിലകപ്പെട്ട കിളിയുടെ അവസ്ഥയിലായിരുന്നു ഞാൻ അവളെ വച്ചിരുന്നതെന്ന്… !!

ഇപ്പോഴും അവളോട്‌ ഇഷ്ടം തന്നെയാണ്… ഒന്ന് കൂടി അവളെ പ്രൊപ്പോസ് ചെയ്യണമെന്നുണ്ട്… പക്ഷേ വേണ്ട.. ഒരിക്കൽ മുറിഞ്ഞു പോയ ബന്ധമല്ലേ.. വീണ്ടും കൂട്ടി യോചിപ്പിച്ചാൽ പഴയ ആ ശോഭ കിട്ടില്ല.. അവൾ അവളുടെ ജീവിതം ജീവിക്കട്ടെ.. ഞാൻ എന്റെയും…!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *