പ്രിയം ~ ഭാഗം 03 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

വൈകുന്നേരം ഹോസ്പിറ്റലിൽ …..

ഉണ്ണി രണ്ടാം നിലയിലേക്ക് സ്റ്റെയർ ഓടികയറി , നടന്ന് നേഴ്സിംഗ് സ്റ്റേഷനിലെത്തി , ചിത്ര പുറത്ത് നിൽക്കുന്നുണ്ടായിരുന്നു…

ഇന്ന് നേരത്തെയാണല്ലൊ….. അഞ്ച് മണിക്കു മുന്നേ വന്നോ…?

ചിത്രേച്ചി ഏടത്തിയമ്മ എവിടെ …?

ഗായത്രി ഡോക്ടറുടെ കൂടെ വാർഡിലുണ്ട് , ഇപ്പോൾ വരും….

അപ്പോൾ പ്രിയയെവിടെ….?

ചിത്ര ചിരിക്കാൻ തുടങ്ങി…ഇതായിരുന്നു ശരിക്കും ആദ്യം ചോദിക്കേണ്ടിയിരുന്നത്…. മാറി പോയതാണോ….?

അതുകൊണ്ടല്ല…… ആദ്യം തന്നെ അവളുടെ പേരു പറയുന്നത് എങ്ങാനും കേട്ടാൽ അവള് അതിന്റെ ഗമ കാണിക്കുo…. അതു വേണ്ടാന്ന് വെച്ചിട്ടാ …

ഉം..ഉം… നടക്കട്ടെ … നടക്കട്ടെ ….അവള് ദാ ആ കാണുന്ന 206 നമ്പർ മുറിയിലുണ്ട്….

പേഷ്യന്റിന്റെ അടുത്താണോ …?

അതു കുഴപ്പമൊന്നുമില്ല…… വയസ്സായ ഒരു ആളാ ….. കൂട്ടിന് ആരുമില്ല…. മക്കളൊക്കെ ഇടയിലെ വരാറുള്ളൂ… ഇവൾ ഇടക്കിടക്ക് അവിടെ പോകും…. അങ്ങനെ പോയിരിക്കുന്നതാ….നീ പോയി നോക്കിക്കോ…

എന്നാൽ ശരി…. ഞാൻ പോയി അവളെയൊന്ന് വെറുപ്പിച്ചിട്ട് വരാം….

ഉണ്ണി നടന്ന് മുറിയുടെ മുന്നിലെത്തി …. ചാരിയ വാതിൽ പതുക്കെ തുറന്നു….. പ്രിയ തിരിഞ്ഞു നിന്ന് എന്തോ നോക്കി കൊണ്ടിരിക്കുകയായിരുന്നു….

വീട്ടിൽ പോകണ്ടേ …..?

അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു….ഹോ ….നീയായിരുന്നോ …..ഞാൻ മുത്തശ്ശന്റെ വീട്ടിലുള്ള ആരെങ്കിലുമായിരിക്കുമെന്ന് വിചാരിച്ചു…… അല്ല ഇന്നെന്താ ഇത്ര നേരത്തെ …. കയ്യിലെ വാച്ച് ഓടുന്നില്ലെ….

ഉണ്ണി അകത്തേക്ക് കയറി നിന്നു….വാച്ചിനേക്കാൾ സ്പീഡിൽ എന്റെ മനസ്സ് ഓടുന്നുണ്ട്….. അതുകൊണ്ട് ഞാൻ നിന്റെയടുത്തേക്ക് നേരത്തെ പോന്നു.. എന്തേ …

പ്രിയ തലയിൽ കൈ വെച്ചു…സത്യായിട്ടും എനിക്കിത് കേട്ടിട്ട് ദേഷ്യം വരുന്നുണ്ട്….ഇനി വല്ലതും പറഞ്ഞാ സിറിഞ്ചെടുത്ത് കുത്തും ഞാൻ …..

ഉണ്ണി ചിരിച്ചു….കട്ടിലിൽ കിടന്നിരുന്ന മുത്തശ്ശൻ പ്രിയയെ നോക്കി….

ഇതാരാ മോളെ ….?

ഇതോ …. ഇത്…..പ്രിയ മറുപടി പറയുന്നതിന് മുമ്പേ ഉണ്ണി ഇടയിൽ കയറി…..

ഭർത്താവാണ് മുത്തശ്ശാ…..

മുത്തശ്ശനൊന്ന് തല തിരിച്ച് ഉണ്ണിയെ നോക്കി….

ആണോ ….. മോള് കല്ല്യാണം കഴിഞ്ഞതിനെ പറ്റിയൊന്നും ഇതുവരെ പറഞ്ഞിട്ടില്ലല്ലോ….

അതെന്താ പ്രിയേ പറയാതിരുന്നേ….?ഉണ്ണി പ്രിയയെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു….

പ്രിയ ശബ്ദം താഴ്ത്തി കൊണ്ട് …..ദുഷ്ടൻ …. നിനക്കിട്ട് ഞാൻ വെച്ചിട്ടുണ്ട്….

മുത്തശ്ശൻ വീണ്ടും പ്രിയയോട് ചോദിക്കാൻ തുടങ്ങി..കല്ല്യാണം കഴിഞ്ഞിട്ട് കുറേയായോ മോളെ …?

ഇല്ല മുത്തശ്ശാ ഇപ്പോൾ കഴിഞ്ഞതേയുള്ളൂ….പ്രിയ ഉണ്ണിയുടെ നേരെ തിരിഞ്ഞു…..ഭർത്താവ് ചേട്ടാ നമ്മക്ക് പുറത്തോട്ട് നിന്നാലോ….

പിന്നെന്താ …ഉണ്ണി മുറിയിൽ നിന്ന് പുറത്തോട്ടിറങ്ങി….

പ്രിയ മുത്തശ്ശനോട് …..എന്റെ ഡ്യൂട്ടി സമയം കഴിയാറായി നാളെ കാണാം മുത്തശ്ശാ…

ശരി മോളെ …പ്രിയ വാതിൽ ചാരി പുറത്തേക്കിറങ്ങി…ഉണ്ണിയെ നോക്കി പല്ലുകടിച്ചു കൊണ്ട് വയറ്റിലേക്ക് ഒരിടി കൊടുത്തു…

ആ… അതു ശരിക്കും വേദനിച്ചൂട്ടോ….ഉണ്ണി വയറിനെ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു….

വേദനിക്കാൻ വേണ്ടി തന്നെയാ ഇടിച്ചത്…. കെട്ടിയോനല്ലെ സഹിച്ചോട്ടോ …..

പ്രിയ നടക്കാൻ തുടങ്ങി……

ഇങ്ങനെ ഉപദ്രവിക്കാൻ തുടങ്ങിയാൽ ഞാനെങ്ങനെ പ്രേമിക്കും……

ആരു പറഞ്ഞു എന്റെ പിന്നാലെ നടക്കാൻ …. പോരാത്തതിന് കിട്ടിയ ഗ്യാപിലെന്റെ ഭർത്താവാണെന്നും പറഞ്ഞില്ലെ …..അത് വേറെ ആരെങ്കിലും കേട്ടിരുന്നെങ്കിലോ…. എന്റെ കല്ല്യാണാലോചനകൾ മുടങ്ങില്ലെ….

പിന്നെ ഇംഗ്ലണ്ടിൽ നിന്ന് രാജകുമാരൻ വരാ പറഞ്ഞിട്ടുണ്ടല്ലൊ കെട്ടാൻ …. ആരു വന്നാലും ഞാൻ വിട്ടു കൊടുത്തിട്ടു വേണ്ടേ…..

നടന്ന് നടന്ന് നേഴ്സിംഗ് സ്റ്റേഷനടുത്തെത്തി….അവളകത്തു കയറി…. കുറച്ചു കഴിഞ്ഞ് ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി….ഉണ്ണി വയറിൽ പിടിച്ചു നിൽക്കുന്നത് കണ്ട് പ്രിയ വാതിൽ തുറന്ന് അവനടുത്തേക്ക് വന്നു…. അവനെയൊന്ന് നോക്കി…..

ശരിക്കും വേദനിക്കുണ്ടോ ….?

ഉണ്ണി വേദന കടിച്ചമർത്തുന്നതു പോലെ കാണിച്ചു…അല്ലെങ്കിലെ വയറു വേദനയാ ….. അതിന്റെ കൂടെ നീ ഇടിക്കും കൂടി ചെയ്തപ്പോൾ എനിക്ക് നിൽക്കാനേ പറ്റുന്നില്ല…..

ഞാൻ വെറുതെ തമാശക്ക് ഇടിച്ചതാ … അറിയാതെ കുറച്ച് സ്പീഡ് കൂടിപോയി…

ഉണ്ണി മുന്നിലേക്ക് നോക്കിയപ്പോൾ ഗായത്രി നടന്നു വരുന്നത് കണ്ടു….

അങ്ങോട്ട് നോക്ക് ഏടത്തിയമ്മ വരുന്നുണ്ട് ….ഞാൻ പറഞ്ഞോളാം….

എന്തിന്……പ്രിയ ടെൻഷനാവാൻ തുടങ്ങി….

വേണ്ടാന്നുണ്ടെങ്കിൽ എനിക്കൊരു കണ്ടീഷനുണ്ട്……

എന്ത് കണ്ടീഷൻ …..?

ഞാനിന്ന് രാത്രി ഫോൺ വിളിക്കും ….. എടുത്തിട്ട് എനിക്ക് മതിയാവുന്നത് വരെ സംസാരിക്കാൻ കൂടണം…..

അതൊന്നും നടക്കില്ല…..അതിലും നല്ലത് നീ പറഞ്ഞു കൊടുക്കുന്നതാ…..പ്രിയ കുറച്ച് ഗൗരവത്തോടെ പറഞ്ഞു..

ഓഹോ അങ്ങനെയാണോ …..ഞാൻ വെറുതെ പറഞ്ഞു കൊടുക്കില്ല…. എനിക്ക് രാവിലെ തൊട്ട് വയറു വേദനയുള്ളത് ഏടത്തിയമ്മക്ക് അറിയുന്ന കാര്യമാ …. നീ ഇടിച്ചപ്പോൾ അത് ഇരട്ടി വേദനയായെന്നും ഇരിക്കാനും നിൽക്കാനും പറ്റുന്നില്ല എന്നെയിവിടെ അഡ്മിറ്റ് ചെയ്യാൻ പറയണമെന്നും കൂട്ടി പറയും….. കാശു കിട്ടുന്ന കാര്യമായതോണ്ട് ഡോക്ടറും സമ്മതിക്കും….പിന്നെ ഗായത്രി ചേച്ചിക്ക് നിന്നോട് ദേഷ്യമാവും…. ഹോ .. അതൊന്നും എനിക്ക് ആലോചിക്കാൻ കൂടി വയ്യ…..

പ്രിയ വരാന്തയിലെ കസേരയിലിരുന്നു…ഉണ്ണി തൊട്ടടുത്തിരുന്നു….

ദുഷ്ടൻ …..എന്തിനാ എന്നെ ഇട്ടിങ്ങനെ മുട്ടിക്കുന്നേ…..

ഉണ്ണി മുന്നിലേക്ക് നോക്കി…

നോക്ക് അടുത്തെത്താറായി…. തീരുമാനം പറ …..

പ്രിയ ഉണ്ണിയെയൊന്ന് നോക്കി….

രാത്രി ഫോണടിക്കുന്നത് കേട്ടാൽ വീട്ടിൽ ചീത്ത പറയും…. അതുകൊണ്ടല്ലെ വേണ്ടാ പറയുന്നേ….

ഞാൻ ഫസ്റ്റ് മെസ്സേജ് അയക്കാം ….എന്നിട്ട് നീ സൈലന്റ് ആക്കിക്കോ…. അത് കഴിഞ്ഞിട്ട് വിളിച്ചോളാം…..

നിനക്ക് നിർബന്ധമാണോ …..പ്രിയ ഉണ്ണിയുടെ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു….

നിനക്കിഷ്ടമുണ്ടെങ്കിൽ മതി….

അപ്പോഴേക്കും ഗായത്രി അടുത്തെത്തി…

ഉണ്ണി നീയെത്തിയിട്ട് കുറേ നേരമായോ …?

ആ ….. കുറച്ചു നേരമായി…. ഇവളുള്ളത് കൊണ്ട് സമയം പോയതറിഞ്ഞില്ല….

ഗായത്രി പ്രിയയെ നോക്കി….

ഇവളെന്താ ഇങ്ങനെയിരിക്കുന്നേ…..

പ്രിയ തല നിവർത്തി …

ഒന്നുമില്ല ചേച്ചി ….. ഞങ്ങളോരോ വീട്ടുവിശേഷങ്ങളൊക്കെ പറഞ്ഞ് ഇരിക്കായിരുന്നു…

ഗായത്രി അത്ഭുതത്തോടെ …….ഓ….. വിശേഷങ്ങളൊക്കെ പറയാൻ തുടങ്ങിയോ …..

പിന്നല്ലാതെ …..ഉണ്ണി ചിരിച്ചു..

നടക്കട്ടെ ….. നടക്കട്ടെ …..ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം…..

ഉണ്ണി പ്രിയയുടെ കൈകളിൽ തൊട്ടു….

വീട്ടിൽ പോകുന്നില്ലെ…..

അവൾ എഴുന്നേറ്റ് മുറിയിലേക്ക് പോയി…കുറച്ചു കഴിഞ്ഞപ്പോൾ ഗായത്രി പുറത്തേക്ക് വന്നു….

ഉണ്ണി പോവാം …..

ഏടത്തിയമ്മ ഒരു മിനിറ്റ് …. അവൾക്ക് റ്റാറ്റ കൊടുത്തിട്ട് പോവാം …

പ്രിയ വാതിൽ തുറന്ന് പുറത്തേക്ക് വന്നു…ഗായത്രിയെ നോക്കി…. ഉണ്ണിയെ നോക്കിയപ്പോൾ എഴുന്നേൽക്കാൻ പറ്റാത്തതു പോലെ കാണിച്ചു….

ഉണ്ണി പോവാ…..ഗായത്രി വീണ്ടും വിളിച്ചു….

പ്രിയ ഉണ്ണിയുടെ അരികിലേക്ക് ചേർന്ന് നിന്നു..

സമ്മതമാണെടാ ദ്രോഹീ…. ഇരുന്ന് ലാലേട്ടന് പഠിക്കാതെ എഴുന്നേറ്റ് വാ….

ഉണ്ണി ചിരിച്ചു കൊണ്ട് എഴുന്നേറ്റു… സ്റ്റെയർ ഇറങ്ങി പുറത്തെത്തി…ബൈക്കെടുത്ത് ഗായത്രിയുടെ അടുത്തേക്ക് ചെന്നു…

ഏടത്തിയമ്മ നമ്മുക്ക് കാറ് വേടിച്ചാ മതിയായിരുന്നു.. എന്നാ ഇവളെ കൂടി വീട്ടിൽ കൊണ്ടാക്കി കൊടുക്കായിരുന്നു ലേ…

പ്രിയ കൈകൂപ്പി തൊഴുതു…

ചെയ്ത ഉപകാരത്തിന് തന്നെ നന്ദി…. ഞാൻ ബസ്സിന് തന്നെ പൊയ്ക്കോളാ….. വല്ലാതെ ബുദ്ധിമുട്ടണ്ട …..

പ്രിയ ഗായത്രിയോട് പറഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടന്നു…

അവളുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ടല്ലെ ഏടത്തിയമ്മ….

ഗായത്രി പുറകിലേക്ക് കയറി….

ഹും ….നിന്റെയടുത്ത് നിന്ന് ഈ രസം കേൾക്കാൻ തുടങ്ങിയിട്ട് തന്നെ എത്ര മാസമായെന്ന് വല്ല പിടുത്തവുമുണ്ടോ …

ഉണ്ണി ചിരിച്ചിട്ട് വണ്ടിയെടുത്ത് വീട്ടിലേക്ക് പുറപ്പെട്ടു….. വീട്ടിലെത്തി….. ഗായത്രി ഡ്രസ്സ് മാറി അടുക്കളയിലേക്ക് ചെന്നു….രാത്രിയിൽ ഭക്ഷണമെല്ലാം കഴിഞ്ഞ് ഉണ്ണി ഫോണിൽ നോക്കി കൊണ്ടിരിക്കുകയായിരുന്നു…. ഗായത്രി മുറിയിലേക്ക് കടന്നുവന്നു….

എന്തുപറ്റി ഏടത്തിയമ്മ കിടന്നുറങ്ങിയില്ലെ….?

ഇപ്പോൾ കിടന്നാൽ ഉറക്കം വരില്ല…. ശരി എന്നാ നിന്റെയടുത്ത് വന്നിരിക്കാലോ വിചാരിച്ചു…..

എന്നാ ഇരിക്ക്…..

ഗായത്രി ബെഡ്ഡിലിരുന്നു….

നീയെന്താ നോക്കുന്നേ….? ഉണ്ണി ഫോണിൽ നോക്കുന്നത് കണ്ടിട്ട് ഗായത്രി ചോദിച്ചു.. .

ഏയ് …. ഒന്നുമില്ല…. വെറുതെ കുറച്ച് കഴിഞ്ഞിട്ട് പ്രിയയെ വിളിച്ചു നോക്കണം… അപ്പോൾ അതിനു സമയമായോന്ന് മെസ്സേജ് അയച്ചു നോക്കിയതാ …..

ഗായത്രിയൊന്ന് ചിരിച്ചു…എന്നിട്ടവളെന്ത് പറഞ്ഞു..?

അവള് പണിയൊക്കെ ഒരുങ്ങിയിട്ട് മെസ്സേജയക്കാം അപ്പോൾ വിളിച്ചാൽ മതിയെന്ന് …..

ഈ നേരമായിട്ടും പണിയൊന്നും കഴിഞ്ഞില്ലെ …..പാവം …. അമ്മയില്ലാത്ത കുട്ടിയായതു കൊണ്ട് ഒറ്റക്ക് തന്നെ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കണം അതിന്…..

ഗായത്രി ഉണ്ണിയുടെ അരികിലേക്ക് ചേർന്നിരുന്നു….

നീ അമ്മയോട് വല്ലതും പറഞ്ഞിരുന്നോ …?

ആ …..അത് ഞാൻ ഏടത്തിയമ്മയോട് പറയാൻ വിട്ടു പോയി…… ഞാനിന്ന് മനശാന്തിയിൽ പോയിരുന്നു….. ഏട്ടനോട് അമ്മ വഴി പറയാൻ സാധിച്ചാലോ വിചാരിച്ച് ചോദിച്ച് നോക്കിയതാ …..അത് വേണ്ടിയിരുന്നില്ലാന്ന് പിന്നെയാ മനസ്സിലായത് ……

ഗായത്രിയൊന്ന് ദീർഘനിശ്വാസമെടുത്തു ..

നീയത് പറഞ്ഞതിനുള്ളത് എനിക്ക് അടുക്കളയിൽ നിന്ന് വേണ്ടോളം കിട്ടി…..

എന്തു പറഞ്ഞു…? ഉണ്ണി ഫോൺ താഴെ വെച്ച് ഗായത്രിയെ നോക്കി….

ഇതൊക്കെ അന്യപുരുഷന്മാരോട് പറയേണ്ട കാര്യമാണോ ….. നാണമുണ്ടെങ്കിൽ ഭർത്താവിന്റെ അനിയനോട് ഈ വക കാര്യങ്ങളാക്കെ സംസാരിക്കുന്നൊക്കെ ചോദിച്ചു….

ഏടത്തിയമ്മ എന്തു പറഞ്ഞു…?

ഭർത്താവിനേക്കാൾ വിശ്വാസം ഭർത്താവിന്റെ അനിയനോട് എനിക്കുണ്ടെന്ന് പറഞ്ഞപ്പോൾ പിന്നെ എന്നോട് മിണ്ടിയില്ല…..

ഉം….നന്നായി …… അമ്മയുടെ പെന്നോമനയെ കളിയാക്കിയിട്ടാണ് ഇവിടെ വന്നിരിക്കുന്നതല്ലെ ……

പിന്നെ ഞാനെന്താ ചെയ്യാ ….. അമ്മ പറഞ്ഞ് പറഞ്ഞ് ഞാനൊരു മോശം പെൺകുട്ടിയാണെന്നാ പറഞ്ഞു തീർക്കുന്നത്…. അത് കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല. . . .

അയ്യോ ഞാൻ ഏടത്തിയമ്മയെ കുറ്റം പറഞ്ഞതല്ല …… അമ്മയോട് തർക്കിക്കാൻ പോവുന്നത് ഒഴിവാക്കുന്നതാ നല്ലതെന്ന് പറഞ്ഞ് വരികയായിരുന്നു… ഒന്നാമത് ഏട്ടൻ പറഞ്ഞത് അമ്മയും , അമ്മ പറഞ്ഞത് ഏട്ടനും കേൾക്കുന്ന കാലത്തോളം അവരോട് മുട്ടാൻ നിൽക്കുന്നത് മണ്ടത്തരമാവത്തേയുള്ളൂ….

ഗായത്രി ഉണ്ണിയുടെ കയ്യിൽ പിടിച്ചു…

അതൊന്നുമല്ല പ്രശ്നം….

പിന്നെ ….?ഉണ്ണി ആകാംക്ഷയോടെ ചോദിച്ചു…

ഇത്രയും നേരമായിട്ടും ഏട്ടൻ വിളിച്ചിട്ടില്ല….

തുടരും…

©️Abhijith’s Pen™️

Related Posts

Leave a Reply

Your email address will not be published. Required fields are marked *