വിദ്യാഭാസം പൂർത്തിയാകാൻ ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കേ വന്നൊരു വിവാഹാലോചനയുടെ പേരിൽ അളന്നു തൂക്കി കൊടുത്ത പണ്ടവും പണത്തിനും……

Story written by Sabitha Aavani

ആശുപത്രിയുടെ നീളൻ വരാന്തയിൽ ഒച്ചയടക്കി അവർ പരസ്പരം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. ” ആൺകുഞ്ഞ് തന്നെ ആവും. എനിക്ക് ഉറപ്പാ.” കൂട്ടത്തിലെ മുതിർന്ന സ്ത്രീ അടക്കം പറഞ്ഞു. “അതിപ്പോ ആണായാലും പെണ്ണായാലും ഒരുപോലെ അല്ലെ ? കുഴപ്പമൊന്നുമില്ലാതെ അവൾ പ്രസവിക്കട്ടെ അതിനായി പ്രാർത്ഥിക്കൂ.” കൂട്ടത്തിലെ മറ്റൊരു സ്ത്രീയുടെ വാക്കുകൾ അത്ര രസിക്കാതെ അവർ അടുത്ത മറുപടി പറഞ്ഞു.” എന്റെ വീട്ടിൽ ആദ്യമുണ്ടാകേണ്ടത് ആൺകുട്ടിയാണ്. ഞാൻ പെറ്റതും അങ്ങനെ തന്നെ അതിൽ മാറ്റം വേണ്ട.”

” മായയുടെ വീട്ടുകാര് വരണേ… മായ പ്രസവിച്ചു പെൺകുട്ടി.”

വെള്ളത്തുണിയിൽ പൊതിഞ്ഞ് കൈയ്യിലേക്കെത്തിയ കുഞ്ഞിന്റെ മുഖമൊന്നു നേരെ കാണും മുൻപ് തന്നെ അവരുടെ മുഖം കാർമേഘം മൂടും പോലെ മൂടി കഴിഞ്ഞിരുന്നു.

അരുതാത്തതെന്തോ സംഭവിച്ചിരിയ്ക്കുന്നുഅതെ ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു!

*****************

അക്ഷരം പഠിച്ചിരിക്കുമ്പോൾ അച്ഛന്റെ കൂട്ടുകാര് വീട്ടിലേക്ക് കയറി വരുന്നു. പല നിറത്തിൽ പൊതിഞ്ഞ മിഠായി പൊതികള്‍ നീട്ടി പലരും അവളെ കോരിയെടുത്ത് ചും ബിച്ചു. കൂട്ടത്തിലൊരുവൻ തൊട്ടപ്പോൾ അവൾ കുതറി മാറി. ” എന്റെ മോളെ മാമന് അത്രയും ഇഷ്ടംകൊണ്ടല്ലേ?” ബലമായി അവളെ ചേർത്തുപിടിച്ചു അവളെ തലോടുമ്പോൾ ആ എട്ടുവയസ്സുകാരിയുടെ ഹൃദയവും ശരീരവും ആകെ പൊള്ളിപ്പോയിരുന്നു.

*****************

ഉടുത്തിരുന്ന പാവാടയുടെ പിൻഭാഗത്ത് ചുവന്ന പൊട്ടുകൾ പോലെ ചോ രത്തുള്ളികൾ പറ്റിപ്പിടിച്ചിരുന്നു. അതുവരെ ഉണ്ടാകാത്ത താരത്തിലൊരു വയറുവേദനയും അസ്വസ്ഥതയും കൊണ്ടവൾ പുളഞ്ഞു. അടുക്കളപ്പുറത്തുന്നു അമ്മ ഓടി വന്നു ദേഹമാകെ പരിശോധന നടത്തി. അവൾക് നോവുമ്പോൾ അമ്മ അവളെ കെട്ടിപിടിച്ച് ഉമ്മ വെച്ചു. എനിക്ക് വേദനിച്ചപ്പോൾ അമ്മ എന്താ ഇങ്ങനെയെന്ന് അവൾ ചിന്തിച്ചിരുന്നിരിക്കും. അകത്തളം അവൾക്കായി ഒരുങ്ങിയതും ശരീരം ഒരു പെണ്ണായി പാകപ്പെട്ടതും അവൾ വഴിയേ അറിഞ്ഞിരുന്നിരിക്കും.

**************

കണ്ണാടിനോക്കി ശരീരം മാറുന്നത് അറിഞ്ഞ് അതിനെ തന്റെ കുഞ്ഞുടുപ്പുകളിൽ ഒളിപ്പിക്കാൻ ശ്രമിക്കവേ കണ്ണുകൾ നിറഞ്ഞു തൂകി നിന്ന കുഞ്ഞു പെണ്ണ്. നിങ്ങളിൽ എത്ര പേരുടെ കൈകളും കണ്ണുകളും അവളെ ചൂഷണം ചെയ്തിട്ടുണ്ട്?

****************

കൗമാരത്തിൽ മൊട്ടിട്ട ആദ്യ പ്രണയത്തെ കിനാവുകണ്ട് നടന്നൊരു പെൺകുട്ടി. തൊടിയിലെ മാവുകൾക്കിടയിൽ ആദ്യമായി പരസപരം സംസാരിക്കാൻ വഴിയൊരുക്കുമ്പോൾ അവന്റെ നോട്ടവും കൈകളും നീണ്ടത് പുഷ്ടിപ്പെട്ട തന്റെ ശരീരത്തിലേക്കെന്നു അറിഞ്ഞുകൊണ്ട് മനസ്സിലെ ഇഷ്ടത്തെ കുഴിച്ചുമൂടി ഇറങ്ങിപ്പോരേണ്ടി വന്നവൾ. പ്രണയത്തിനു ചിലപ്പോഴൊക്കെ അങ്ങനെയൊരു മുഖം കൂടിയുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നിരിക്കും.

***************

വിദ്യാഭാസം പൂർത്തിയാകാൻ ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കേ വന്നൊരു വിവാഹാലോചനയുടെ പേരിൽ അളന്നു തൂക്കി കൊടുത്ത പണ്ടവും പണത്തിനും ദിവസങ്ങളുടെ ആയുസ്സ് ഉണ്ടായിരുന്നോന്ന് തന്നെ ഓർമ്മയില്ലാത്തോരു വിവാഹത്തിന്റെ ഓർമ്മയ്ക്ക്. പ്രണയവും സ്വപ്നവും അഗ്നിസാക്ഷിയായി നിറവേറുമ്പോൾ വധുവിൽ നിന്നും ഭാര്യയിലേക്ക് എത്ര പെട്ടന്നാണ് അവളൊരു പകർന്നാട്ടം നടത്തിയത്? ജീവിതം ഒരു യാത്ര പോലെ തോന്നിയിരുന്നിരിക്കും.

***************

അമ്മയാകാൻ പാകപ്പെടുമ്പോൾ കുട്ടിക്കാലത്ത് വയറ്റത്ത് തലയിണ വെച്ച് കളിച്ചോരു ബാല്യത്തെ ഓർമ്മവന്നിട്ടുണ്ടാവും. ഉള്ളിലൊരു കുഞ്ഞു ജീവന്റെ തുടിപ്പ് ആദ്യമറിയുമ്പോൾ അത്ഭുതങ്ങളിൽ ഒന്ന്ത ന്റെ ഉദരത്തിലെന്നു വിശ്വസിക്കാനാവാതെ എത്ര തവണ അവളുടെ കണ്ണുനിറഞ്ഞ്ട്ടുണ്ടാവും?

***************

ഭാര്യ ,അമ്മ ,മകള്‍ ,മരുമകള്‍ എത്രയെത്ര ചുമതലകളും കടമകളും ആണ് അവൾക്കു ചുറ്റും. പുഞ്ചിരിയ്ക്കാൻ തന്നെ മറന്നു പോകുന്നവരെ… ഉറക്കെ ഉറക്കെ ചിരിയ്ക്കാനും ഉച്ചത്തിൽ സംസാരിക്കാനും അപ്പോഴേക്കും അവളും പാകപ്പെട്ടിട്ടുണ്ടാവും. വീടിന്റെ ഊർജ്ജമായി അവൾ മാറിയിരിക്കും.

***************

ആ ർത്തവവിരാമത്തിന്റെ പകുതിയിൽ അധികവും പേടിയാണ് അവൾക്ക്. തന്നിലെ സ്ത്രീത്വം അവിടെ അവസാനിച്ചെക്കുമെന്ന ഭയം… ആധി … ജീവിതപങ്കാളിയ്ക്ക് തന്നോട് ഇനി ഇഷ്ടം കുറയുമോ? എന്റെ ശരീരം വീണ്ടും തടിയ്ക്കുന്നു.എനിക്ക് രൂപമാറ്റമുണ്ടാകുന്നു. അനാവശ്യ ചിന്തകളിൽ മനസമാധാനം താഴെ വീണുടഞ്ഞു പോകുന്നു. അപ്പോഴും ചേര്‍ത്തുപിടിക്കുന്ന ഹൃദയമെന്നോണം ജീവിതപങ്കാളിയ്ക്ക് മാത്രം ആശ്വാസം പകരാന്‍ കഴിയുന്നൊരു.പെണ്ണായി അവള് മാറിയിരുന്നു.

****************

ആരോഗ്യം വില്ലനായി തുടങ്ങുമ്പോൾ തന്നെ ആധിയാവും വീണു പോകുമോന്നു ഭയം. താന്‍ പോയാൽ മറ്റുള്ളവരുടെ കാര്യങ്ങൾ ഒക്കെ ഇനി എങ്ങനെ ആവുമെന്ന അങ്കലാപ്പ്. മരുന്നിന്റെയും കാച്ചിയ എണ്ണയുടെയും തൈലത്തിന്റെയും ഗന്ധം പേറുന്ന വാർദ്ധക്യം.

*******************

പാത്രങ്ങളുടെ കലപില കൂട്ടലുകൾ ഇല്ലാതെ നെടുവീര്‍പ്പുകളില്ലാതെ ഒന്നിനെ പറ്റിയും വ്യാകുലപ്പെടണ്ടാത്ത ലോകത്തെയ്ക്ക് അവൾ യാത്രയാകുന്നു.

ഒരു സ്ത്രീജന്മം ഇവിടെ പൂർണ്ണമാവുന്നു.

പെണ്ണിടങ്ങള്‍ക്ക് പറയാന്‍ ഇനിയും ഒരുപാട് ഉണ്ട്… നിങ്ങളൊരു പെണ്ണായി പിറന്നെങ്കിൽ ഇതില്‍ പറഞ്ഞ ഏതെങ്കിലും ഒരു അവസ്ഥയിൽ കൂടെയെങ്കിലും നിങ്ങൾ തീർച്ചയായും കടന്നു പോയിട്ടുണ്ടാവും.പെണ്ണായി ജനിച്ചതിൽ ഏറെ അഭിമാനിക്കുന്ന എന്റെ പ്രിയപ്പെട്ട എല്ലാ പെണ്ണുങ്ങള്‍ക്കും വനിതാ ദിനാശംസകള്‍.

Related Posts

Leave a Reply

Your email address will not be published. Required fields are marked *