കാലം കാത്തുവച്ചത് ~ ഭാഗം 02, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

നിമ്മീ…. നിമ്മീ നീ എന്താ പറഞ്ഞെ… പറയ് …. നീ ചുമ്മാ പറഞ്ഞതല്ലേ… പറയ്….

ഞാൻ എന്തിനാ ഗായു നിന്നോട് നുണ പറയണേ… ഞാൻ സത്യാ പറഞ്ഞത്.. ആര്യന് വേറൊരു കുട്ടിയെ ഇഷ്ടാണ്.. അവന്റെ ബന്ധുവാണ് ആ കുട്ടി.. ഫസ്റ്റ് ബികോമിലെ അപർണ..

അപർണയെ എനിക്കറിയാം… വെളുത്തുമെലിഞ്ഞു നിറയെ മുടിയും ഉണ്ടക്കണ്ണും പോരാത്തതിന് നല്ലൊരു നർത്തകിയും… നല്ല പെൺകുട്ടിയാണ്.. അവർ തമ്മിൽ സംസാരിക്കുന്നത് ഞാൻ പലതവണ കണ്ടിട്ടുണ്ട്. പക്ഷെ ഞാൻ അവനെ മാത്രം നോക്കി നിൽക്കുന്നതിനിടയിൽ മറ്റൊന്നും കണ്ടിരുന്നില്ല..

നിമ്മീ നീ പറഞ്ഞത് സത്യമാണോ….? വാക്കുകൾ പുറത്തേക്ക് വന്നില്ല..

ഗായു… നിനക്ക് വിഷമം ആവുമെന്നെനിക്കറിയാം.. പക്ഷെ നീ ഇതും മനസ്സിൽ കൊണ്ട് നടന്നാൽ കൂടുതൽ വിഷമിക്കേണ്ടിവരും. അത് നമുക്ക് വേണ്ടെടാ… വിട്ടേക്ക്… നിനക്ക് അതിലും ഒരുപാട് സുന്ദരനായ ഒരു ചൊങ്കൻ ചെക്കനെ കിട്ടും.. ന്നിട്ട് നീ ആ ചെക്കന്റെ കയ്യും പിടിച്ചു അവരുടെ മുന്നിൽ കൂടി നടക്കണം… ചിരിയോടെ അവൾ പറഞ്ഞ് നിർത്തി..

എനിക്കറിയാം എന്റെ വിഷമം കാണാതിരിക്കാനാണ് അവൾ ഇങ്ങനെയൊക്കെ പറഞ്ഞതെന്ന്… ശരിയാണ് എനിക്ക് മറ്റൊരു സുന്ദരനായ ആളെ കിട്ടുമായിരിക്കും. പക്ഷെ …… അയാൾ ആര്യൻ ആവുമോ?? ആര്യൻ ആവാൻ അവനു മാത്രമല്ലെ കഴിയൂ….. നിമ്മിയുടെ വാക്കുകൾ എന്നിൽ ഒരു ചലനവും ഉണ്ടാക്കിയില്ല… “ആര്യന് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണ് ” ആ വാക്കുകളിൽ കുരുങ്ങികിടക്കുകയാണ് ഞാൻ….

നീറുന്നുണ്ടെനിക്ക്… എന്റെ ഉള്ളിൽ എന്നോട് പോലും ചോദിക്കാതെ മുളച്ചു പൊന്തി മൊട്ടിട്ട പനിനീർ ചെടി മൂടോടെ വെട്ടിയിട്ടപ്പോൾ മുള്ളുകൊണ്ടതാവാം.. ഞാൻ നോക്കി നിന്നിരുന്ന, ആരാധിച്ചിരുന്ന, സ്നേഹിച്ചിരുന്ന ആ ഒരാൾ കഴിഞ്ഞ നിമിഷം മുതൽ എനിക്ക് അന്യനാവുകയാണ്..

ഒന്നും മിണ്ടാതെയുള്ള എന്റെ നിൽപ് കണ്ടു നിമ്മി എന്റെ കയ്യിൽ പിടിച്ചു വലിച്ചു.. ഗായു…. ടീ…. നീ ഇങ്ങു വന്നേ.. ഓരോന്ന് ആലോചിച്ചു നിന്നാൽ ശരിയാവില്ല.. വാ ക്യാന്റീനിൽ പോവാം.. അവളുടെ പുറകെ നടക്കുമ്പോഴും മനസ്സ് എങ്ങോ പോയിരിക്കുകയായിരുന്നു.

അവൾ എന്റെ മൂഡ് മാറ്റാൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.. ഒന്നും ഞാൻ കേട്ടില്ല… എങ്കിലും പതിയെ മൂളിക്കൊണ്ടിരുന്നു…

അന്ന് തിരിച്ചു വീട്ടിലേക്ക് വരുമ്പോഴും ഞാൻ എല്ലാം നഷ്ടമായവളെ പോലെ യായിരുന്നു.

അമ്മ ചോദിച്ചപ്പോൾ തലവേദനയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. അച്ഛമ്മയുടെ മുറിയിലേക്ക് പോയി ആ മടിയിൽ തലവച്ചു കിടന്നു അച്ഛമ്മയുടെ കയ്യെടുത്ത് എന്റെ തലയിലേക്ക് വച്ചു..

കഷായങ്ങളുടെയും കുഴമ്പിന്റെയും ഗന്ധം ശ്വസിച്ചു മറ്റെല്ലാം മറക്കാൻ ഞാൻ ശ്രമിച്ചു… ആ പഴയ വായാടിയാവാൻ.. എന്നാൽ കണ്ണിനുള്ളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന രൂപം ഉറക്കത്തെ കടത്തിവിട്ടില്ല… തലമുടിയിലെ ഉടക്കുകൾ കളയുന്ന അച്ഛമ്മയുടെ കൈ പതുക്കെ മാറ്റി തിരിഞ്ഞു കിടന്നു.. മടക്കുകൾവീണ വയറിലേക്ക് മുഖം അമർത്തി.. വാത്സല്യത്തോടെ എന്റെ മുടിയിൽ തഴുകി കൊണ്ടിരുന്ന അച്ഛമ്മ കണ്ണീരിന്റെ നനവ് തട്ടിയപ്പോൾ പരിഭ്രമിച്ചിരിക്കണം…

കുഞ്ഞീ…… അച്ചമ്മേടെ കുഞ്ഞിയെന്തിനാ കരയണേ…. അച്ഛൻ വഴക്ക് പറഞ്ഞോ….

ആയിരിക്കും… എന്റെ കുഞ്ഞിനോട്‌ അല്ലേലും അവനു സ്നേഹല്യാ.. നമുക്ക് അച്ഛനു ഇരുട്ടത്ത് ചോറ് കൊടുത്തു വെളിച്ചത്തിൽ കിടത്താട്ടോ…. എന്റെ മറുപടി കിട്ടാത്തത് കൊണ്ടാവണം വീണ്ടും മുടിയിലെ ഉടക്ക് കളയാൻ തുടങ്ങി അച്ഛമ്മ പറഞ്ഞു.

ഒരുപാട് കുഞ്ഞുങ്ങൾ കിടന്ന അച്ഛമ്മയുടെ ആ തൊട്ടിലിൽ മുഖം അമർത്തി കിടക്കുമ്പോൾ ആശ്വാസം തോന്നി.. വരണ്ട വിരലുകൾ കൊണ്ട് തലയോടിൽ മൃദുവായി ചൊറിഞ്ഞു കൊണ്ടിരുന്നു അച്ഛമ്മ..

ഏറെ നേരം കഴിഞ്ഞു ഞാൻ ഉറക്കത്തിലായെന്നു കരുതി എന്നെ നീക്കി കിടത്തി അരികിൽ അച്ഛമ്മ കിടന്നു. കാച്ചെണ്ണ കാറിയ മണമുള്ള അച്ഛമ്മയുടെ തലയിണയിലേക്ക് എന്റെ വിഷമങ്ങളെല്ലാം ചൊരിഞ്ഞപ്പോൾ കനം കൂടിയ കൺപോളകൾ താനെ അടഞ്ഞു.. രാവിലെ എണീറ്റപ്പോൾ കണ്ണും കവിളുമെല്ലാം വീർത്തിരുന്നു.. എങ്കിലും മനസ്സിൽ ആശ്വാസമായിരുന്നു. ചില തീരുമാനങ്ങളോടെയാണ് ഞാൻ കോളേജിലേക്ക് പോയത്…

ക്ഷീണത്തോടെയാണെങ്കിലും എന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ നിമ്മിയെക്കാൾ വലിയ സന്തോഷം മറ്റാർക്കും ഇല്ലെന്ന് തോന്നി.. എന്റെ സുഖദുഖങ്ങളിൽ അവളെക്കാൾ മറ്റൊരു കൂട്ടെനിക്കില്ല…

ആഹാ പെണ്ണിന്റെ മുഖത്ത് ചിരി വന്നല്ലോ… വാ ക്യാന്റീനിലേക്ക് പോവാം.. നിന്റെ മുഖം ഒന്ന് തെളിഞ്ഞാൽ ഞാൻ രണ്ടു പഴം പൊരി വാങ്ങി നൽകാമെന്ന് വാക്ക് കൊടുത്തിരുന്നു..

ആർക്ക്..? വേറെ ആർക്കാ… എനിക്ക് തന്നെ…. പിന്നെ ഇന്നലെ നീയൊന്നും കഴിച്ചിട്ടുണ്ടാവില്ലെന്നെനിക്കറിയാം… വാ വല്ലതും കഴിക്കാം…

ഏയ്‌ വേണ്ട നിമ്മീ…. ക്ലാസ്സ്‌ കളഞ്ഞിട്ട് പോവാൻ ഞാനില്ല…

ക്ലാസ് പോകുന്നതിൽ വിഷമം ആയതുകൊണ്ടല്ല. മറിച് അവിടെ പോയാൽ അവനെ കാണേണ്ടിവരും.. ആര്യനെ.. എന്തോ അവനെ കണ്ടാൽ ഞാൻ അടക്കി നിർത്തിയ വേദനകൾ പുറത്ത് വരുമോ എന്നൊരു ഭയം. കാണേണ്ടി വരുമെന്നറിയാം.. എങ്കിലും ഇന്നെന്തോ പറ്റുന്നില്ല…

ഗായു നീ ഇത്രേയുള്ളൂ… ഒരാളോട് ഇഷ്ടം തോന്നി… അവനാണെങ്കിൽ മറ്റൊരാളോട് പ്രണയവും.. നീ അവനോട് ഇഷ്ടം പറഞ്ഞിട്ട് അവൻ റിജെക്ട് ചെയ്തിരുന്നെങ്കിലോ നീ ഒന്ന് ആലോചിച് നോക്കിക്കേ…. ഇതിപ്പോ നിന്റെ ഉള്ളിൽ നിനക്ക് മാത്രമറിയാവുന്നൊരു കാര്യം ആണ്…. മനസ്സിനെ അങ്ങനെ പഠിപ്പിക്കണം ഗായു…. അവനോട് നീ അവന്റെ മറ്റു സുഹൃത്തുക്കളെ പോലെ തന്നെ പെരുമാറണം.. ഒന്നും കൂടുതൽ അല്ലാതെ, ഒട്ടും കുറയാതെയും…നിനക്ക് പറ്റും ഗായു… ഒന്നൂല്ലെല്ലും എന്റെ ചങ്കല്ലെടി നീ… കവിളിൽ ചുണ്ട് ചേർത്ത് അവൾ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി…

അവൾക്കൊപ്പം ക്യാന്റീനിലേക്ക് നടന്നു..പഴംപൊരിയും കാപ്പിയും വാങ്ങി കഴിക്കവേ ആര്യനും കൂട്ടുകാരും ക്യാന്റീനിലേക്ക് കയറി വന്നു.ചുണ്ടോട് ചേർത്ത കാപ്പി തുളുമ്പി.. ചൂട് കാപ്പി കയ്യിൽ വീണുപൊള്ളി..

ഹെലോ… ഇന്ന് ക്ലാസ്സിൽ കയറിയില്ലേ… ചോദ്യവുമായി ആര്യൻ ഞങ്ങളുടെ അടുത്തേക്ക് വന്നു….

ഗായുവിനു ഒരു തലവേദന… അതാ…നിമ്മി ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു..

ആണോ…. ആദ്യമായി എന്നോട് അവന്റെ ചോദ്യം..

അതെ എന്നവണ്ണം ഞാൻ തലയിളക്കി.

വയ്യെങ്കിൽ ഓഫീസിൽ പറഞ്ഞിട്ട് വീട്ടിൽ പോവാൻ നോക്ക്.. അല്ലാതെ ഇങ്ങനെ വീർത്ത മുഖവുമായി കഷ്ടപെടണ്ട…

അവന്റെ സംസാരം ഞാൻ ആദ്യമായി ശ്രദ്ധിക്കുകയാണ്… ഓരോ വാക്കുകളിലൂടെയും… അതിലൊന്നും എവിടെയും ഒന്നുമുണ്ടായിരുന്നില്ല.. ഒന്നും..

നിമ്മീ നീ ഇവളെ വീട്ടിൽ കൊണ്ടുപോക്കോ… തീരെ വയ്യെന്ന് തോന്നുന്നു.

ഏയ്‌ അത്രക്കൊന്നും ഇല്ല…. അല്ലെടീ. നിമ്മി എന്റെ മുഖം ഉയർത്തി ചോദിച്ചു..

അതെ… കഷ്ടപ്പെട്ട് വരുത്തിയ പുഞ്ചിരി അണിഞ്ഞു ഞാൻ മെല്ലെ പറഞ്ഞു..

അവന്റെ മുഖത്ത് ഒരു ആശ്വാസം പോലെ തോന്നിയോ പെട്ടെന്ന്…..
തോന്നലായിരിക്കും…. എന്റെ മാത്രം തോന്നൽ..

കുടിക്കാതെ വച്ച കാപ്പി ആറിതണുത്തുപോയി…..

നിമ്മിക്കൊപ്പം ക്യാന്റീനിൽ നിന്നിറങ്ങുമ്പോൾ എന്റെ വലതു കൈ അവളുടെ കയ്യിൽ സുരക്ഷിതമായിരുന്നു..

കണ്ണ് നിറഞ്ഞുപോയി.. ഇത്രമേൽ എന്നെ ചേർത്തുപിടിക്കാൻ ഒരാൾ ഉള്ളപ്പോൾ ഒന്നിന് വേണ്ടിയും ഞാൻ കരയരുത്.. മറ്റുള്ളവരുടെ സന്തോഷങ്ങൾക്കായി ചില മുറിവുകൾ നമുക്ക് മറച്ചുവെക്കേണ്ടി വരും.. എനിക്ക് പഴയ ഗായത്രി ആവണം… നിമ്മിയുടെ സ്വന്തം ഗായു… വായാടിയായ ഗായു.. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ പഴയ ഗായത്രിയാവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു..എങ്ങും വിടാതെ എന്റെ കയ്യും പിടിച്ചു നിമ്മി ഒപ്പമുണ്ടായിരുന്നു…

കോളേജ് മുഴുവൻ ഞങ്ങൾക്ക് വിക്രമനും വേതാളവും എന്ന പേര് വീണിട്ടും നിമ്മിക്കൊരു കൂസലും ഇല്ലായിരുന്നു..

ഞാൻ മാറുകയായിരുന്നു.. അല്ല മാറുന്നതായി അഭിനയിക്കുകയായിരുന്നു..
സ്വയം അങ്ങനെ പഠിപ്പിക്കുകയായിരുന്നു..

ദിവസങ്ങൾ ഏറെ കടന്ന് പോയി.. ഇപ്പോൾ എന്നും അവനെ കാണാറുണ്ട്… ചോദിക്കുന്നതിനു മറുപടി നൽകാറുണ്ട്. ഞാൻ മാറിയെന്നു നിമ്മി പോലും കരുതി… പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും ഒരേ ഒരു മുഖവും നോട്ടവും മാത്രം അവശേഷിച്ചു. നിമ്മി ഇല്ലാത്ത ദിവസങ്ങളിൽ ക്ലാസ്സിൽ പോലും കയറാതെ ഞങ്ങളുടെ സ്ഥിരം ഇടമായ ഊട്ടിയിലേക്ക് പോവുകയും വലിയ വള്ളികൾ തനിയെ കോർത്തുണ്ടായ ഊഞ്ഞാലിൽ ആരും കാണാതെ ആര്യൻ ഗായത്രി എന്ന് വളപ്പൊട്ടുകൊണ്ടു കോറിവെക്കുകയും, മനസ്സ് ശൂന്യമാക്കിക്കൊണ്ട് ദൂരേക്ക് നോക്കിയിരിക്കുകയും പതിവാക്കി…

അങ്ങനെ ഒരു ദിവസം… നിമ്മി ഇല്ലാത്തതുകൊണ്ട് ആദ്യ അവർ കഴിഞ്ഞപ്പോൾ ക്ലാസിനു പുറത്തേക്കിറങ്ങി… പുറത്തു നല്ല മഴ പെയ്തുകൊണ്ടിരിക്കുന്നു…. അച്ഛമ്മ പറഞ്ഞിട്ടുണ്ടല്ലോ തുലാമഴ വൈകിട്ടെ പെയ്യൂന്നു…. ഇപ്പൊ ഇതെന്തു പറ്റി മനസ്സിൽ കരുതി ഞാൻ മുന്നോട്ട് നടന്നു… തൂണുകളിലും ചുവരുകളും പൂർവ്വ വിദ്യാർത്ഥികൾ കോറി വരച്ച ചിത്രങ്ങളും, എഴുത്തുകളുമായിരുന്നു…

എന്തിനെന്റെ പ്രണയമേ നീയെന്നിൽ മഴയായ് പെയ്തിറങ്ങി മോഹങ്ങൾക്ക് ജീവൻ നൽകി.. വരണ്ടൊരു വേനലിനു എന്നെ ബലി നല്കുവാനോ…. “

മനോഹരമായൊരു കയ്യക്ഷരത്തിൽ ആരോ എഴുതിയിരിക്കുന്നു… എന്തോ ആ വരികളോട് ഒരുപാട് ഇഷ്ടം തോന്നി… വരികൾക്ക് താഴെ ചെറുതായി ശ്രീ എന്ന് എഴുതിയിരുന്നു…

ആ വരികൾക്ക് എന്റെ ഉള്ളിൽ ഞാൻ അടച്ചുവച്ച വേദനകളെ പുറത്തു കൊണ്ടുവരാനുള്ള ശക്തിയുണ്ടായിരുന്നു… മറക്കാൻ ശ്രമിക്കുന്തോറും എന്തിനാണെന്നെ ഇങ്ങനെ വേദനിപ്പിക്കുന്നതെന്ന് ഞാൻ സ്വയം ചോദിച്ചു കൊണ്ടിരുന്നു…

തൂണിൽ കൈകൊണ്ട് ചുറ്റിപിടിച്ചു മഴക്ക് കണ്ണീർ കടം നൽകി നിന്ന എന്റെ മുഖത്തേക്ക് വെള്ളത്തുള്ളികൾ പതിച്ചപ്പോഴാണ് സ്ഥലകാലബോധം വന്നത്… പരിഭ്രമത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ തൂണിനപ്പുറം മഴയിലേക്ക് നോക്കി ആര്യൻ…

എന്റെ കണ്ണീർ കണ്ടുകാണുമോ എന്ന ഭയത്താൽ ഞാൻ മുഖം പുറംകൈകൊണ്ട് അമർത്തി തുടച്ചു.. തിരികെ നടക്കാൻ തുടങ്ങിയ എന്റെ ഇടം കൈ അപ്പോഴേക്കും ആര്യന്റെ ഇടം കൈക്കുള്ളിൽ അകപ്പെട്ടിരുന്നു…

തുടരും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *